Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

മര്‍മപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാവാത്ത ചിന്തന്‍ ശിബിരം

 

കോണ്‍ഗ്രസ് എന്ന  ദേശീയ പാര്‍ട്ടി രാജസ്ഥാനിലെ ഉദയംപൂരില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ നവ സങ്കല്‍പ് ചിന്തന്‍ ശിബിരം സമാപിച്ചപ്പോള്‍ ഉത്തരങ്ങളേക്കാള്‍ ബാക്കിയയായത് ചോദ്യങ്ങള്‍. സമീപകാലത്ത് നടന്ന ഒട്ടുമുക്കാല്‍ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടുന്നു, ശക്തികേന്ദ്രങ്ങള്‍ എന്ന് കരുതപ്പെട്ടിരുന്ന സംസ്ഥാനങ്ങള്‍ വരെ കൈവിട്ടുപോകുന്നു, ബി.ജെ.പിക്കെതിരെ കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ പോലും അത് മുതലെടുക്കാന്‍ കഴിയുന്നില്ല, കൈവിട്ടുപോയ സംസ്ഥാനങ്ങള്‍ തിരിച്ചുപിടിക്കാനുള്ള സാധ്യത അനുനിമിഷം മങ്ങിവരുന്നു, പോരാത്തതിന് വോട്ടു വിഹിതത്തില്‍ ആശങ്ക ജനിപ്പിക്കുംവിധം ഇടിവ് സംഭവിക്കുന്നു. ഇങ്ങനെ പാര്‍ട്ടിയുടെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലേക്ക് രാഷ്ട്രീയ സാഹചര്യം മാറിയത് കൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ ഉദയംപൂരില്‍ ഒത്തുചേരേണ്ടിവന്നത്. പാര്‍ട്ടിക്കേല്‍ക്കുന്ന തിരിച്ചടി മാത്രമായിരുന്നില്ല ചര്‍ച്ചാ വിഷയം. ഭരണഘടനക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണം, മത-ഭാഷാ വൈവിധ്യങ്ങളുടെ സംരക്ഷണം, അപായകരമാംവിധം ശക്തിപ്പെടുന്ന വര്‍ഗീയ ധ്രുവീകരണം, കേന്ദ്ര സംസ്ഥാന ബന്ധങ്ങളിലുണ്ടായ തകിടം മറിച്ചിലുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള കൈയേറ്റം, ദേശീയ സുരക്ഷയും നയപരിപാടികളും, പ്രാദേശിക പാര്‍ട്ടികളുമായുള്ള സഖ്യം, ജമ്മു-കശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങള്‍ തുടങ്ങി അടിയന്തര പ്രാധാന്യമുള്ള ഒട്ടേറെ രാഷ്ട്രീയ പ്രമേയങ്ങളും ചര്‍ച്ചക്ക് വന്നിരുന്നു. ഇത് കോണ്‍ഗ്രസ്സിന്റെ ചരിത്രത്തില്‍ വഴിത്തിരിവാകും എന്ന് പ്രതീക്ഷിച്ചവര്‍ ഏറെ. വാര്‍ത്താ മാധ്യമങ്ങളില്‍ സാമാന്യം നല്ല കവറേജും ലഭിച്ചു. പക്ഷേ  സമ്മേളനം കഴിഞ്ഞ് പിരിയുമ്പോള്‍ എന്ത് നേടി എന്ന ചോദ്യത്തിന്, കാര്യമായൊന്നും നേടിയില്ല എന്ന ഉത്തരമേ അതില്‍ ആവേശപൂര്‍വം പങ്കെടുത്തവര്‍ക്ക് പോലും പറയാനുണ്ടാവുകയുള്ളൂ.
സമീപകാല തെരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പിയോടും പ്രാദേശിക പാര്‍ട്ടികളോടും ഒരുപോലെ പരാജയപ്പെടുന്നു എന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുഴക്കുന്ന പ്രശ്‌നം. അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുമായി ചില്ലറ ധാരണകളെങ്കിലും ഉണ്ടാക്കിയാലേ പിടിച്ചുനില്‍ക്കാനാവൂ. പ്രതിപക്ഷത്തെ നയിക്കേണ്ടത് കോണ്‍ഗ്രസ്സാണ് എന്ന സമവായം മറ്റു പ്രതിപക്ഷ കക്ഷികളില്‍ ഉണ്ടായെങ്കിലേ അങ്ങനെയൊരു സാധ്യതയുള്ളൂ. അതിന് എന്ത് സ്ട്രാറ്റജി സ്വീകരിക്കണം എന്ന ചര്‍ച്ച എവിടെയുമെത്തിയില്ല. തൃണമൂല്‍ (ബംഗാള്‍), ആം ആദ്മി (ദല്‍ഹി, പഞ്ചാബ്), ടി.ആര്‍.എസ് (തെലുങ്കാന) തുടങ്ങി വിജയ സാധ്യതയുള്ള കക്ഷികളുമായി സഖ്യമേ വേണ്ട എന്ന് ആദ്യമേ അങ്ങ് തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ ശിവസേനയുമായും കേരളത്തില്‍ മുസ്‌ലിം ലീഗുമായും തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും കോണ്‍ഗ്രസിന് നേരത്തേ സഖ്യമുണ്ട്. അത് തുടരുമെന്നല്ലാതെ ഈ ചിന്തന്‍ ശിബിരം കൊണ്ട് ഒരു പുതിയ ചുവടും മുന്നോട്ടു വെക്കാനായിട്ടില്ല. നേതൃത്വത്തില്‍ യുവ പ്രാതിനിധ്യം വര്‍ധിപ്പിക്കും എന്നതാണ് എടുത്ത് പറയേണ്ട ഒരു തീരുമാനം. 50 വയസ്സിന് താഴെയുള്ളവര്‍ക്ക് 50 ശതമാനം സംവരണം നല്‍കുമെന്നാണ് പറയുന്നത്. ഒ.ബി.സി, ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംഘടനയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്ന വാഗ്ദാനവുമുണ്ട്. ഒരു കുടുംബത്തില്‍നിന്ന് ഒറ്റ ടിക്കറ്റ് എന്ന നിലപാട് സ്വാഗതാര്‍ഹമാണെങ്കിലും ഇതൊന്നും നെഹ്‌റു കുടുംബത്തിന് ബാധകമല്ല എന്നു വരുന്നത് അതിന്റെ സ്പിരിറ്റ് വല്ലാതെ ചോര്‍ത്തിക്കളയുന്നുണ്ട്.
കോണ്‍ഗ്രസ്സിന്റെ സംഘടനാ സംവിധാനത്തിലെ പിഴവുകളും ദൗര്‍ബല്യങ്ങളുമാണ് തിരിച്ചടിക്ക് ഒരു കാരണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ആ നിലക്കുള്ള ചര്‍ച്ചകളാണ് കൂടുതല്‍ നടന്നതും. പക്ഷേ ഏറ്റവും സുപ്രധാനമായ ചോദ്യം അതല്ല; അത്യാപല്‍ക്കരമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ഹിന്ദുത്വ ഫാഷിസത്തെ എങ്ങനെ നേരിടും എന്നതാണ്. ഇക്കാര്യത്തില്‍ കൃത്യത വരുത്താനോ ആര്‍ജവമുള്ള നിലപാടെടുക്കാനോ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഈ ചിന്തന്‍ ശിബിരവും ഈ ചോദ്യത്തെ അഭിമുഖീകരിക്കുകയുണ്ടായില്ല. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് നേരിടുക എന്നതായിരുന്നു കോണ്‍ഗ്രസ് പൊതുവെ സ്വീകരിച്ച് വരുന്ന രീതി. അത് ആത്മഹത്യാപരമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകളൊക്കെയും തെളിയിച്ചു കഴിഞ്ഞതാണ്. വിമതരായി മുദ്രകുത്തപ്പെട്ട ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയ 'ജി-23' നേതാക്കള്‍ മൃദു ഹിന്ദുത്വ നിലപാട് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സ്തുതിപാഠക സംഘം അവരെ അടിച്ചിരുത്തുകയായിരുന്നു. ചര്‍ച്ച ചെയ്യേണ്ട മര്‍മ പ്രധാനമായ വിഷയങ്ങളൊന്നും ശിബിരം ചര്‍ച്ച ചെയ്തില്ല എന്നു പറയുന്നത് അതുകൊണ്ടാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌