രാഷ്ട്രീയ അതിജീവനത്തിനുള്ള ഇസ്‌ലാമിക വായനകള്‍
ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ ഘട്ടത്തിലാണുള്ളതെന്ന ജെനസൈഡ് വാച്ച് സ്ഥാപകന്‍ ഗ്രിഗറി സ്റ്റാന്‍ടന്റെ വെളിപ്പെടുത്തല്‍ പല വിധത്തില്‍ വായിക്കപ്പെടുന്ന സന്ദര്‍ഭമാണിത്. ഇത്തരമൊരു സാമൂഹിക സന്ദര്‍ഭത്തെ എങ്ങനെ അഭിമുഖീകരിക്കണം എന്ന ആലോചനകള്‍ മുസ്‌ലിം സമുദായത്തിനകത്തും പുറത്തും നടന്നുകൊണ്ടിരിക്കുന്നു. വംശീയ ഉന്മൂലനശ്രമങ്ങളെ മറികടന്ന് അഭിമാനത്തോടെയും അന്തസ്സോടെയും ഈ രാജ്യത്ത് തുടര്‍ന്നും ജീവിക്കാന്‍ തീരുമാനിച്ച മുസ്‌ലിം സമൂഹത്തിന് അതിജീവന പോരാട്ടങ്ങള്‍ക്കായുള്ള രീതിശാസ്ത്രം വികസിപ്പിച്ചെടുക്കേണ്ടിവരും. മുന്നിലുള്ള വഴികളെക്കുറിച്ച് ഇസ്‌ലാമിക പ്രമാണങ്ങളും ചരിത്ര അനുഭവങ്ങളും മുന്‍നിര്‍ത്തിയുള്ള വായനകളാണ് ഇതിലേക്കുള്ള പ്രവേശിക. അതിജീവനം, പ്രതിരോധം, പോരാട്ടം എന്നിവ ഒരൊറ്റ രീതിയിലല്ല പല കാലങ്ങളില്‍ ഇസ്‌ലാമികസമൂഹം നടത്തിയിട്ടുള്ളത്. വിവിധ സന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത രൂപത്തില്‍ അവ വിജയകരമായി വികസിപ്പിച്ചാണ് ഇസ്‌ലാമിക സമൂഹം പ്രതിസന്ധികളെ മറികടന്നത്. ഒരൊറ്റ മാതൃകയിലോ ഏതെങ്കിലും സമൂഹത്തിന്റെ ഒരു ചരിത്ര സന്ദര്‍ഭത്തില്‍ ഊന്നിയോ വികസിപ്പിക്കേണ്ട ഒന്നല്ല ഇന്ത്യയില്‍ രൂപം കൊള്ളേണ്ട അതിജീവന അജണ്ടകളെന്ന് ചുരുക്കം.
ഇങ്ങനെ പല രീതിയിലുള്ള അതിജീവന മാതൃകകളെ പരിചയപ്പെടുത്തുന്നതിനൊപ്പം ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭരണകൂടവുമായുള്ള ഇടപെടലുകള്‍ എങ്ങനെയായിരിക്കണം, അവക്ക് പിന്‍ബലമേകുന്ന പ്രാമാണിക പാഠങ്ങള്‍ എന്തെല്ലാം തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യാനുള്ള പഠനശ്രമങ്ങളാണ് 'രാഷ്ട്രീയ അതിജീവനം: ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യം' എന്ന എസ്.ഐ.ഒ അല്‍ജാമിഅ പ്രസിദ്ധീകരിച്ച പുസ്തകം.
സായുധപോരാട്ടം അടക്കമുള്ള പ്രതിരോധ രീതികളോടുള്ള വിവിധ മദ്ഹബുകളുടെ സമീപനങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറകള്‍, ക്വയറ്റിസത്തോടുള്ള ഇസ്‌ലാമിക നിലപാട് എന്നിവയും പഠനാര്‍ഹമായ എഴുത്തുകളിലൂടെ പുസ്തകം ചര്‍ച്ചക്ക് വെക്കുന്നു. ദേശരാഷ്ട്രങ്ങള്‍ യാഥാര്‍ഥ്യമായ ശേഷം വിവിധ രാജ്യങ്ങളില്‍ വികസിപ്പിച്ച ഇസ്ലാമിക രാഷ്ട്രീയ പരീക്ഷണങ്ങളും അവയുടെ ചരിത്രവും വര്‍ത്തമാനവും സാന്ദര്‍ഭികമായി പുസ്തകം രേഖപ്പെടുത്തുന്നുണ്ട്. തുനീഷ്യ, ലിബിയ, ഫലസ്ത്വീന്‍ എന്നിവിടങ്ങളിലെ രാഷ്ട്രീയ പരീക്ഷണങ്ങളും ജമാഅത്തെ ഇസ്‌ലാമിയും അല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂനും വികസിപ്പിച്ച രാഷ്ട്രീയ മാതൃകകളും മുസ്‌ലിം സ്‌പെയ്‌നിന്റെ ചരിത്രഘട്ടങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് വിശദമായി അടയാളപ്പെടുത്തുന്നു. പോരാട്ടത്തിന്റെ തസവ്വുഫീ മാതൃകകള്‍ സവിസ്തരം രേഖപ്പെടുത്തുന്നൂവെന്നത് സവിശേഷം എടുത്ത് പറയേണ്ടതാണ്.
ഇന്ത്യന്‍ സാഹചര്യത്തെ അഭിമുഖീകരിക്കുന്നതിനുള്ള രീതിശാസ്ത്രം വികസിപ്പിക്കാന്‍ സഹായിക്കും വിധം തയാറാക്കിയ ഗ്രന്ഥമെന്ന നിലയില്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അധിനിവേശവിരുദ്ധ ചരിത്രത്തെയും അവക്ക് പിന്നിലെ ദീനി പ്രചോദനങ്ങളെയും പുസ്തകം വായനക്ക് വിധേയമാക്കുന്നുണ്ട്. 1921-ലെ മലബാര്‍ പോരാട്ടം, 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം, തഹ്‌രീകെ മുജാഹിദ്, ഫറാഇളി മൂവ്‌മെന്റ്, ദയൂബന്ദ് പ്രസ്ഥാനം, ജംഇയ്യത്തുല്‍ ഉലമ എന്നിവയും വിശകലനം ചെയ്യപ്പെടുന്നു. പൗരത്വ പ്രതിരോധകാലത്തെ ഇന്ത്യന്‍ മുസ്‌ലിം ചെറുത്ത് നില്‍പ്പ് വിശകലനവും തുടര്‍ന്നു വരുന്നു.
ഇസ്‌ലാമിക രാഷ്ട്രീയ ഇടപെടലുകളും അതിജീവന സമരങ്ങളുമായി ബന്ധപ്പെട്ട് വിവിധ സന്ദര്‍ഭങ്ങളില്‍ രചിക്കപ്പെട്ട ചില പ്രധാന ഗവേഷണ ഗ്രന്ഥങ്ങളെയാണ് പുസ്തകത്തിന്റെ രണ്ടാം ഭാഗത്ത് പരിചയപ്പെടുത്തുന്നത്. സുന്നി രാഷ്ട്രീയ പാരമ്പര്യത്തിലെ ആധികാരിക ഗ്രന്ഥമായ ഇമാം അബുല്‍ ഹസന്‍ മാവര്‍ദിയുടെ 'അല്‍ അഹ്കാമുസ്സുല്‍ത്താനിയ്യ വല്‍ വിലായത്തുദ്ദീനിയ്യ', അറബ് വസന്ത പശ്ചാത്തലത്തില്‍ മൊറോക്കന്‍ മഖാസിദീ പണ്ഡിതനായ ശൈഖ് അഹ്മദ് റൈസൂനിയുടെ 'ഫിഖ്ഹിസ്സൗറ: മുറാജആത്തുന്‍ ഫില്‍ ഫിഖ്ഹുസ്സിയാസിയ്യില്‍ ഇസ്‌ലാമി', മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വിയുടെ 'അല്‍ അസിമ്മ അദ്ദസ്തൂരിയ്യ ഫില്‍ ഹളാറത്തില്‍ ഇസ്‌ലാമിയ്യ: മിനല്‍ ഫിത്‌നത്തില്‍ കുബ്‌റാ ഇലാ റബീഇല്‍ അറബി', ഡോ. ഒവാമിര്‍ അന്‍ജൂമിന്റെ Politics, Law and Community in Islamic Thought: The Taymiyyan Moment, ഖാലിദ് അബൂ ഫദ്‌ലിന്റെ Rebellion and Violence in Islamic Law എന്നീ പുസ്തകങ്ങളാണ് വായനക്ക് വിധേയമാക്കുന്നത്.
അല്‍ജാമിഅ അധ്യാപകരും മറ്റ് സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളുമായ വ്യക്തികളുടെ മേല്‍നോട്ടത്തില്‍ പൂര്‍ണമായും ശാന്തപുരം അല്‍ജാമിഅ വിദ്യാര്‍ഥികള്‍ തയാറാക്കിയ പഠനങ്ങളാണ് ഈ റഫറന്‍സ് കൃതിയിലുള്ളത്.
പ്രസാധനം: കാമ്പസ് അലൈവ് പബ്ലിക്കേഷന്‍
പേജ്: 350 വില: 250
Comments