Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

നിലപാടില്ലായ്മ നിലപാടാകുമ്പോള്‍ സംഭവിക്കുന്നത്

അബ്ദുല്ലത്വീഫ് കൊടുവള്ളി

ഇസ്‌ലാമിക വീക്ഷണ പ്രകാരം, ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹം സത്യവിശ്വാസമാണ്; അഥവാ സന്മാര്‍ഗ പ്രാപ്തിയാണ്. ''നിര്‍ജീവാവസ്ഥയിലായിരിക്കെ നാം ജീവന്‍ നല്‍കുകയും, നാം ഒരു (സത്യ)പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നവന്റെ അവസ്ഥ, പുറത്തു കടക്കാനാവാത്ത വിധം അന്ധകാരങ്ങളില്‍ അകപ്പെട്ട അവസ്ഥയില്‍ കഴിയുന്നവന്റേതു പോലെയാണോ?'' (അല്‍ അന്‍ആം 122). സൂക്തത്തിലെ 'നിര്‍ജീവാവസ്ഥ' എന്നതിന്റെ വിവക്ഷ സത്യനിഷേധാവസ്ഥയാണ്. 'ജീവന്‍', 'പ്രകാശം' എന്നാല്‍ സത്യവിശ്വാസം സ്വീകരിച്ച് ജീവത്താവുക, സത്യവിശ്വാസമാകുന്ന വെളിച്ചത്തില്‍ പ്രശോഭിതനാവുക എന്നൊക്കെയാണ് വിവക്ഷ.

ഒന്നാം ഘട്ടം: സത്യവിശ്വാസ പ്രാപ്തി
സത്യവിശ്വാസത്തിന്റെ ഒന്നാം ഘട്ടം അതിന്റെ ലഭ്യതയാണെന്ന് മേല്‍ സൂക്തം സൂചിപ്പിക്കുന്നു. സത്യവിശ്വാസം ഒരേസമയം അല്ലാഹുവില്‍നിന്ന് ലഭിക്കേണ്ടതും മനുഷ്യന്‍ ഉത്സാഹിച്ച് നേടേണ്ടതുമാണ്. ''അവര്‍ ഇസ്‌ലാം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്തു പറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി നിങ്ങള്‍ എടുത്തുപറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു...'' (അല്‍ഹുജുറാത്ത് 17).

രണ്ടാം ഘട്ടം: ഇസ്തിഖാമത്ത്
അടുത്ത ഘട്ടം ഇസ്തിഖാമത്താണ്. സത്യവിശ്വാസാധിഷ്ഠിതമായ ജീവിതം മറുപക്ഷങ്ങളിലേക്ക് മാറാതെയും ഊനം തട്ടാതെയും ആര്‍ജവത്തോടെ നയിക്കുക എന്നര്‍ഥം. ''ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണെന്ന് പറയുകയും പിന്നീട് നേരാംവണ്ണം നിലകൊള്ളുകയും ചെയ്തിട്ടുള്ളവര്‍...'' (ഫുസ്സ്വിലത്ത് 30). 'നീ അല്ലാഹുവില്‍ വിശ്വസിച്ചു എന്ന് പ്രഖ്യാപിക്കുക. എന്നിട്ട് അതനുസരിച്ച് നീ നിലകൊള്ളുക' (മുസ്‌ലിം) എന്ന് നബി(സ)യെ ഉപദേശിച്ചതില്‍നിന്ന് സത്യവിശ്വാസത്തിന്റെ രണ്ടാം ദശയാണ് ഇസ്തിഖാമത്ത് എന്ന് മനസ്സിലാക്കാം.

മൂന്നാം ഘട്ടം: സത്യവിശ്വാസത്തിന്റെ വര്‍ധനവ്
അല്ലാഹുവില്‍നിന്ന് അവനാല്‍ ലഭ്യമായ സത്യവിശ്വാസം ഊനം തട്ടാതെ നിലനിന്നാല്‍ പോരാ, അത് വര്‍ധിച്ചുകൊണ്ടിരിക്കണം. വര്‍ധനവിനു നിദാനമായ വ്യത്യസ്ത മാര്‍ഗങ്ങളെയും ഉപാധികളെയും കുറിച്ച് ഖുര്‍ആനും ഹദീസും ധാരാളമായി പരാമര്‍ശിക്കുന്നുണ്ട്.
''അല്ലാഹുവിന്റെ സൂക്തങ്ങള്‍ വായിച്ചു കേള്‍പ്പിക്കപ്പെട്ടാല്‍ വിശ്വാസം വര്‍ധിക്കുന്നവര്‍...'' (അല്‍ അന്‍ഫാല്‍ 2). ''(ഖുര്‍ആനിലെ) ഏതെങ്കിലും ഒരു അധ്യായം അവതരിപ്പിക്കപ്പെട്ടാല്‍ അവരില്‍ ചിലര്‍ പറയും: നിങ്ങളില്‍ ആര്‍ക്കാണ് ഇത് വിശ്വാസം വര്‍ധിപ്പിച്ചുതന്നത്? എന്നാല്‍ സത്യവിശ്വാസികള്‍ക്കാകട്ടെ, അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകതന്നെയാണ് ചെയ്തത്. അവര്‍ (അതില്‍) സന്തോഷം കൊള്ളുകയും ചെയ്യുന്നു'' (അത്തൗബ 124). ഖുര്‍ആന്‍ മാത്രമല്ല, ശത്രുക്കളും പ്രതിസന്ധികളുമെല്ലാം വിശ്വാസ വര്‍ധനക്ക് സഹായകമാവണം. ''ആ ജനങ്ങള്‍ (ശത്രുക്കള്‍) നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു, അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അതവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്'' (ആലുഇംറാന്‍ 173). ''തീര്‍ച്ചയായും അവര്‍ തങ്ങളുടെ നാഥനില്‍ വിശ്വസിച്ച ഏതാനും യുവാക്കളായിരുന്നു. നാം അവര്‍ക്ക് സന്മാര്‍ഗം വര്‍ധിപ്പിച്ചു നല്‍കി'' (അല്‍കഹ്ഫ് 13). ''സന്മാര്‍ഗ പ്രാപ്തര്‍ക്ക് അല്ലാഹു സന്മാര്‍ഗം വര്‍ധിപ്പിച്ചു കൊടുത്തുകൊണ്ടിരിക്കും'' (മര്‍യം 76). ശത്രുക്കളില്‍നിന്നുള്ള ഭീഷണിയും അല്ലാഹുവില്‍നിന്നുള്ള ശാന്തിയും ഒരുപോലെ ഈമാന്‍ വര്‍ധിക്കാന്‍ കാരണമാകും.

നാലാം ഘട്ടം: സത്യവിശ്വാസത്തോടെയുള്ള മരണം
ജനന വേളയില്‍ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വിശുദ്ധ വചനം കേട്ടുതുടങ്ങിയ ജീവിതം അതേ വാക്യത്തിലൂന്നി മുന്നോട്ടു പോയി അങ്ങനെത്തന്നെ മരിക്കാന്‍ അവസരമുണ്ടാവുക എന്നത് അതീവ പ്രധാനമാണ്. ഇതാണ് നാലാം ഘട്ടം. ഈ അര്‍ഥത്തിലാണ് വിശുദ്ധ വാക്യത്തെക്കുറിച്ച് 'അവ്വലു കലിമ, വ ആഖിറു കലിമ' എന്ന് പറയുന്നത്. ''ആരുടെയെങ്കിലും അന്തിമ വാക്ക് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നായാല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതായിരിക്കും'' (അബൂദാവൂദ്, ഹാകിം).
മുകളില്‍ പറഞ്ഞ നാലു ഘട്ടങ്ങളും വിജയകരമായി ലക്ഷ്യത്തിലെത്തിക്കാന്‍ അലസവും അഴകൊഴമ്പനുമായ നിലപാടുകൊണ്ടാവില്ല. ആജീവനാന്ത അതിജാഗ്രത തന്നെ വേണം.

സത്യവിശ്വാസം വരികയും പോവുകയും ചെയ്യുന്ന കാലം
ജാഗ്രത നഷ്ടപ്പെടുമ്പോള്‍ സത്യവിശ്വാസം വരികയും പോവുകയും ചെയ്യുന്ന അനിശ്ചിത പ്രതിഭാസമായി മാറുമെന്ന് നബി (സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ''ഇരുണ്ട രാത്രിയുടെ ഖണ്ഡങ്ങള്‍ പോലുള്ള പരീക്ഷണങ്ങളെ നിങ്ങള്‍ കര്‍മങ്ങളാല്‍ മറികടക്കുക. രാവിലെ സത്യവിശ്വാസിയായിരുന്ന ആള്‍ വൈകുന്നേരം സത്യനിഷേധിയും, വൈകുന്നേരം സത്യവിശ്വാസിയായിരുന്ന ആള്‍ രാവിലെ സത്യനിഷേധിയുമാവുന്ന അവസ്ഥ സംജാതമാവും. ഭൗതികമായ താല്‍പര്യത്തിനു വേണ്ടി അയാള്‍ തന്റെ ദീനിനെ വില്‍ക്കും'' (മുസ്‌ലിം). അല്ലാഹുവിന്റെ താല്‍പര്യങ്ങള്‍ക്കു പകരം ഭൗതിക താല്‍പര്യങ്ങള്‍ മാനദണ്ഡമാകുമ്പോള്‍ ആദര്‍ശത്തിനു ശോഷണം സംഭവിക്കുമെന്നാണ് ഈ നബിവചനത്തില്‍ പറയുന്നത്.
ഏകദൈവവിശ്വാസിയാണെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ ബഹുദൈവ വിശ്വാസപരമായ നിലപാടുകള്‍ സ്വീകരിക്കുകയും ആരാധനാനുഷ്ഠാനങ്ങള്‍ നടത്തുകയും അത്തരം സംവിധാനങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ ഈയിടെയായി വര്‍ധിച്ചുവരുന്നുണ്ട്. ഖബ്‌റാരാധനകളുള്‍പ്പെടെയുള്ള ബഹുദൈവ വിശ്വാസാചാരങ്ങള്‍ക്കൊപ്പം വിഗ്രഹപൂജയോ അതിനു സമാനമോ ആയ ഇതര മതാനുഷ്ഠാനങ്ങളും നിസ്സങ്കോചം ചെയ്യുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്നേടത്തോളം ഈ പ്രവണത ശക്തിപ്പെട്ടിരിക്കുന്നു. യഥാര്‍ഥ സന്മാര്‍ഗം പ്രാപ്തമാവണമെങ്കില്‍ വിശ്വാസത്തില്‍ ഒരു തരത്തിലുള്ള ബഹുദൈവ വിശ്വാസത്തിന്റെ അംശലേശം പോലും ഉണ്ടാവരുതെന്ന് അല്ലാഹു തീര്‍ത്തു പറഞ്ഞതാണ്. ''വിശ്വസിക്കുകയും, തങ്ങളുടെ വിശ്വാസത്തില്‍ അക്രമം (ശിര്‍ക്ക്) കൂട്ടിക്കലര്‍ത്താതിരിക്കുകയും ചെയ്തവരാരോ അവര്‍ക്കാണ് നിര്‍ഭയത്വമുള്ളത്, അവര്‍ തന്നെയാണ് നേര്‍മാര്‍ഗം പ്രാപിച്ചവര്‍'' (അല്‍അന്‍ആം 82). അതേസമയം അല്ലാഹുവില്‍ പങ്കുചേര്‍ത്തവര്‍ യഥാര്‍ഥ സമാധാനം നഷ്ടപ്പെട്ട് ആകാശത്തിന്റെ നെറുകയില്‍ നിന്ന് വീണ് അഗാധക്കയങ്ങളില്‍ പതിക്കുന്നവനെപ്പോലെയാണെന്ന് ഖുര്‍ആന്‍ ചിത്രീകരിച്ചിട്ടുണ്ട്. ''അല്ലാഹുവിനോട് വല്ലവനും പങ്കുചേര്‍ക്കുന്നപക്ഷം അവന്‍ ആകാശത്തുനിന്ന് വീണതുപോലെയാകുന്നു. അങ്ങനെ പക്ഷികള്‍ അവനെ റാഞ്ചിക്കൊണ്ടുപോകുന്നു. അല്ലെങ്കില്‍ കാറ്റ് അവനെ വിദൂര സ്ഥലത്തേക്ക് കൊണ്ടുപോയി തള്ളുന്നു'' (അല്‍ഹജ്ജ് 31). കൃത്യമായ ഏകദൈവവിശ്വാസം എന്ന നിലപാട് നഷ്ടപ്പെടുമ്പോള്‍ മനുഷ്യന്‍ ചെന്നു വീഴുന്ന അരക്ഷിതത്വത്തെയാണ് ഈ സൂക്തം വാചാലമായി ആവിഷ്‌കരിക്കുന്നത്.
ബഹുദൈവവിശ്വാസം കടന്നുവരിക പരോക്ഷമായായിരിക്കും. ''ഈ സമുദായത്തില്‍ ബഹുദൈവവിശ്വാസം കടന്നുവരിക ഉറുമ്പരിക്കും പ്രകാരമായിരിക്കും.'' സ്വഹാബികള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ എങ്ങനെയാണ് അതില്‍ നിന്ന് രക്ഷപ്പെടുക?'' ''നിങ്ങള്‍, അല്ലാഹുവേ, 'ഞാന്‍ അറിഞ്ഞുകൊണ്ട് നിന്നില്‍ പങ്കുചേര്‍ക്കുന്നതില്‍നിന്ന് നിന്നോട് അഭയം തേടുന്നു. ഞാന്‍ അറിയാതെ പങ്കുചേര്‍ത്തുപോവുന്നതിന്റെ പേരില്‍ നിന്നോട് ഞാന്‍ പാപമോചനം തേടുന്നു' എന്നു പറയുക'' (അഹ്മദ്).

ബഹുദൈവ വിശ്വാസിയാണ്; ഏകദൈവവിശ്വാസിയായി ഭവിക്കുന്നു
ബഹുദൈവവിശ്വാസികള്‍ എല്ലാ കാലത്തും തങ്ങള്‍ ഏകദൈവ വിശ്വാസികളാണെന്ന് വാദിച്ചവരായിരുന്നു. മക്കയിലെ ബഹുദൈവ വിശ്വാസികള്‍ ഹജ്ജ് വേളയില്‍ ചൊല്ലിയിരുന്ന തല്‍ബിയത്തില്‍, 'നിനക്ക് പങ്കുകാരില്ല, നിന്റെ പങ്കുകാരനല്ലാതെ, അവന്‍ ഉടമപ്പെടുത്തിയതൊക്കെയും നിന്റേതാണല്ലോ' എന്ന് എത്ര ഭംഗിയായാണ് ശിര്‍ക്കിനെ ന്യായീകരിച്ചിരുന്നത്. ''അവരില്‍ അധികവും ബഹു ദൈവ വിശ്വാസികളായിക്കൊണ്ടല്ലാതെ അല്ലാഹുവില്‍ വിശ്വസിക്കുന്നില്ല'' (യൂസുഫ് 106) എന്ന സൂക്തം ശിര്‍ക്ക് ലോക സാധാരണമായ യാഥാര്‍ഥ്യമാണെന്ന് അടിവരയിടുന്നു. തൗഹീദിന്റെ ലംഘനമാവുന്ന ഏതു ചെറിയ കാര്യവും ഇസ്‌ലാം ഗുരുതരമായാണ് വിലയിരുത്തുന്നത്. ഇസ്‌ലാമിന്റെ വലയത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ എന്തു ചെയ്താലും അതില്‍നിന്ന് പുറത്തു പോവില്ല എന്ന് ചിലരെങ്കിലും ധരിച്ചുവശായിരിക്കുന്നു.
ബഹുദൈവ വിശ്വാസത്തിന്റെ അപകടം മനസ്സിലാക്കാന്‍ താഴെ നബി വചനം എത്രയും ധാരാളമാണ്. ''ഒരു ഈച്ച കാരണം ഒരാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു, ഒരു ഈച്ച കാരണം മറ്റൊരാള്‍ നരകത്തിലും പ്രവേശിച്ചു.'' സ്വഹാബികള്‍: ''അല്ലാഹുവിന്റെ ദൂതരേ, അതെങ്ങനെയാണ്?'' നബി (സ): ''രണ്ടു പേര്‍ ഒരു നാട്ടിലെ ഒരു വിഗ്രഹത്തിന്റെ അടുത്തുകൂടി നടന്നു പോവുകയായിരുന്നു. അതിന്റെ അടുത്തു കൂടി കടന്നുപോകുന്നവര്‍ വിഗ്രഹത്തിന് വല്ലതും ബലിയര്‍പ്പിക്കണം. വിഗ്രഹാരാധകരായ നാട്ടുകാര്‍ അവരിലൊരാളോട് പറഞ്ഞു: 'ബലിയര്‍പ്പിക്കൂ.' അയാള്‍: 'ബലിയര്‍പ്പിക്കാന്‍ എന്റെ കൈവശം ഒന്നും ഇല്ല.' അവര്‍: 'എങ്കില്‍ ഒരു ഈച്ചയെയെങ്കിലും ബലിയര്‍പ്പിക്കുക.' അങ്ങനെ അയാള്‍ ഒരു ഈച്ചയെ ബലിയര്‍പ്പിച്ചു. അവര്‍ അയാളെ പോകാന്‍ അനുവദിച്ചു. ബലികാരണം അയാള്‍ നരകത്തില്‍ പ്രവേശിച്ചു. രണ്ടാമത്തെ ആളോട് അവര്‍ പറഞ്ഞു: 'ബലിയര്‍പ്പിക്കൂ.' അയാള്‍: 'ഞാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് ബലിയര്‍പ്പിക്കാറില്ല.' അവര്‍ അയാളെ കഴുത്തുവെട്ടി കൊന്നു. അതുവഴി അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു'' (അഹ്മദ്).
'ബഹുദൈവത്വാംശമുള്ള ഏകദൈവ വിശ്വാസം' എന്ന വിരോധാഭാസത്തിലേക്ക് മനുഷ്യര്‍ എത്തിപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. ഭൗതിക താല്‍പര്യങ്ങള്‍, ഗൗരവബോധമില്ലായ്മ, ജാഗ്രതക്കുറവ്, തൗഹീദും ശിര്‍ക്കും വേര്‍തിരിച്ചറിയായ്ക, അറിവില്ലായ്മ, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍, തന്റേടക്കുറവ്, സാമുദായിക സൗഹാര്‍ദം വളര്‍ത്താനുള്ള കുറുക്കുവഴി കണ്ടെത്താനുള്ള മുന്‍ പിന്‍ ചിന്തയില്ലാത്ത എടുത്തു ചാട്ടം മുതലായ പലതുമാവാം.
മദ്‌റസാ പഠനകാലത്ത് വളരെ പ്രാഥമികമായ ചില അഖീദ പഠനങ്ങള്‍ മാത്രമേ പഠിതാക്കള്‍ക്ക് ലഭിക്കുന്നുള്ളൂ. ഏത് കോഴ്‌സിനും പഠിക്കുന്ന ആണ്‍-പെണ്‍ പഠിതാക്കള്‍ക്ക്, കാര്യങ്ങള്‍ ചിന്തിച്ച് പഠിക്കാന്‍ കഴിയുന്ന അവരുടെ പ്രായം പരിഗണിച്ച് ഇരുപത് വയസ്സു വരെയെങ്കിലും ആദര്‍ശ (അഖീദ) പഠനത്തിന് പ്രത്യേക സിലബസും സംവിധാനവും ഒരുക്കേണ്ടതുണ്ട്. ഖുര്‍ആനിക വീക്ഷണത്തില്‍ തൗഹീദ് പഠനമാണ് സകല വിജ്ഞാനീയങ്ങളുടെയും കേന്ദ്ര ബിന്ദു. എല്ലാ അറിവുകളും അതില്‍നിന്നായിരിക്കണം ആരംഭിക്കുന്നത്. ''.... അതുകൊണ്ട് അല്ലാഹു അല്ലാതെ ദൈവമില്ലെന്ന് നീ അറിയണം'' (മുഹമ്മദ് 19). ഇമാം അബൂ ഹനീഫയുടെ 'അല്‍ ഫിഖ്ഹുല്‍ അക്ബര്‍' എന്ന കൃതി കര്‍മശാസ്ത്ര കൃതിയാണെന്ന് പേരുകൊണ്ട് തോന്നുമെങ്കിലും, ആദര്‍ശജ്ഞാനമാണ് ഏറ്റവും വലിയ ജ്ഞാനം എന്ന ഊന്നലാണ് മേല്‍ ശീര്‍ഷകം നല്‍കുന്നത്. പ്രപഞ്ച സ്രഷ്ടാവ് അല്ലാഹു ആണെന്ന് മനസ്സിലാക്കലോ അംഗീകരിക്കലോ അല്ല, ആ ഗ്രാഹ്യത്തിന്റെയും അംഗീകരണത്തിന്റെയും തേട്ടമനുസരിച്ച് അതിന്റെ എല്ലാ താല്‍പര്യങ്ങളും അല്ലാഹുവിനു മാത്രം വകവെച്ചു കൊടുക്കുക എന്ന നിലവാരത്തിലേക്ക് സര്‍വാത്മനാ വിധേയമാകുമ്പോഴേ ഒരു വ്യക്തിയുടെ ഇസ്‌ലാം സാക്ഷാത്കൃതമാവൂ എന്ന് സമുദായത്തിലെ ഓരോരുത്തര്‍ക്കും ബോധ്യം വരണം. അതുണ്ടായില്ലെങ്കില്‍ ഒരു കാല്‍ ശിര്‍ക്കിലും മറുകാല്‍ തൗഹീദിലും നിലയുറപ്പിച്ച് ചിലരെങ്കിലും യാത്ര ചെയ്യുന്നത് കാണേണ്ടിവരും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌