ഇസ്‌ലാമിനെതിരെ കടന്നാക്രമണങ്ങളുടെ കാലം
വെര്‍ച്വല്‍ ലോകത്തെ ഒരു ചാറ്റുമുറിയിലെ സംഭാഷണത്തിനിടയില്‍ മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വ പദവിയെ നിഷേധിക്കുന്ന ഒരു സ്‌നേഹിതന്‍ പറഞ്ഞു: 'ഖുര്‍ആന്‍ പ്രവാചകന്റെ നിര്‍മിതിയാണെന്നതിനു ശക്തമായ തെളിവുണ്ട്. ഖുര്‍ആനില്‍ ധാരാളം അക്ഷരത്തെറ്റുകളുണ്ട്. ചേര്‍ച്ചയില്ലാത്ത, പരസ്പര വിരുദ്ധമായ സുക്തങ്ങളുമുണ്ട്.' തന്റെ വീക്ഷണത്തെ പിന്തുണക്കുന്ന ഏതാനും ഉദാഹരണങ്ങളും അയാള്‍ ചൂണ്ടിക്കാട്ടി. (واليل(والليل) رحمت (رحمة )، النبين ( النبيين
(ഖുര്‍ആനില്‍ കാണുന്ന എഴുത്ത് തെറ്റാണെന്നും ബ്രാക്കറ്റിലുള്ളതാണ് ശരിയെന്നും).
ഇസ്‌ലാമിന്റെ മൂലപ്രമാണമായ വിശുദ്ധ ഗ്രന്ഥത്തെ തകര്‍ത്തെറിയാന്‍ പറ്റിയ കാരണങ്ങള്‍ കണ്ടെത്തിയ ഉന്മാദാവസ്ഥയിലായിരുന്നു അയാള്‍.
ഖുര്‍ആനിനെക്കുറിച്ച് പ്രാഥമിക വിവരങ്ങള്‍ പോലുമില്ലാത്ത ആ സുഹൃത്ത് ഏറെ പരിഹാസ്യനാവുകയാണുണ്ടായത്. യഥാര്‍ഥത്തില്‍ ആധുനിക കൈയെഴുത്തു നിയമങ്ങള്‍ രൂപംകൊള്ളുന്നതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പാണ് ഉസ്മാനീ മാതൃക(റസ്മു ഉസ്മാനി)യില്‍ ഖുര്‍ആന്‍ എഴുതപ്പെട്ടത്. അന്ന് അക്ഷരങ്ങള്‍ക്ക് ഇന്നു കാണുന്ന കുത്തും ആകൃതിയുമുണ്ടായിരുന്നില്ല. അമവീ കാലഘട്ടത്തിലാണ് അനറബികള്‍ക്ക് വായിക്കാനുള്ള സൗകര്യത്തിന് അക്ഷരങ്ങള്‍ക്ക് കുത്തും സ്വരചിഹ്നങ്ങളും ഉപയോഗിച്ചു തുടങ്ങിയത്. കുത്തും വരയുമിടുന്ന ഈ പരിഷ്‌കരണത്തിന്റെ പേര് പോലും 'ഇഅ്ജാം' എന്നായിരുന്നു. അതായത് ഈ പരിഷ്‌കരണം അറബി മാതൃഭാഷയല്ലാത്തവര്‍ക്ക് - അല്‍ അആജിം - വേണ്ടിയാണെന്നര്‍ഥം. മാതൃഭാഷയായ അറബി സംസാരിച്ചിരുന്നവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
റസ്മ് ഉസ്മാനിയുടെ സവിശേഷതകളെക്കുറിച്ച് ധാരാളം ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.അബൂ അംറ് അദ്ദാനിയുടെ അല്‍മുഖ്‌നിഅ്, അബൂദാവൂദ് സുലൈമാന്‍ നജാഹിന്റെ കിതാബുത്തന്‍സീല്‍ തുടങ്ങിയവ ഏറെ പ്രസിദ്ധമാണ്.
ഖുര്‍ആനില്‍ 'എഴുത്തു പിശകുകള്‍' മാത്രമല്ല ചില ഖുര്‍ആനിക സൂക്തങ്ങളില്‍ 'വ്യാകരണ പിശകുകളു'മുണ്ടെന്ന വാദം ഉന്നയിക്കപ്പെടുന്നുണ്ട്. ഖുര്‍ആന്‍ അവതരണത്തിനു ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് നിലവിലുള്ള അറബി ഭാഷാ വ്യാകരണ നിയമങ്ങള്‍ രൂപംകൊള്ളുന്നത് തന്നെ. അറബ് സമൂഹത്തില്‍ നിലവിലുണ്ടായിരുന്ന ഭാഷാ ശൈലികളാണ് അതിന്റെ അടിസ്ഥാനം. മിക്ക ഖുര്‍ആന്‍ സൂക്തങ്ങളും അവയോട് യോജിപ്പുള്ളതുമാണ്. അല്ലാത്തവ ചില പ്രാദേശിക ശൈലികളുടെ തുടര്‍ച്ചയുമാണ്. ഈ ഭാഷാ പ്രതിഭാസത്തെക്കുറിച്ചും ധാരാളം കൃതികള്‍ എഴുതപ്പെട്ടിട്ടുണ്ട്. അല്‍ഫറാഇന്റെ മആനിയും ഇബ്‌നു ജിന്നിയുടെ മുഹ്തസിബും സീബവൈഹിയുടെ ഗ്രന്ഥങ്ങളും അക്കൂട്ടത്തില്‍ പെടും.
ഖുര്‍ആനിലെ 'എഴുത്തു - വ്യാകരണ അബദ്ധങ്ങള്‍' പ്രശ്‌നവല്‍ക്കരിച്ചവര്‍ തന്നെയാണ് അതിന്റെ ഉള്ളടക്കത്തെയും ചോദ്യം ചെയ്യുന്നത്. ഇസ്‌ലാം, പ്രവാചകന്‍, ഇസ്‌ലാമിക ചരിത്രം തുടങ്ങി എല്ലാ വിഷയങ്ങളെയും കുത്സിത മനസ്സോടെ സമീപിക്കുകയും മുന്‍ധാരണകള്‍ക്കനുസരിച്ച് ദുര്‍വ്യാഖ്യാനം ചമയ്ക്കുകയും ചെയ്യുന്നു. ഇതേ ബുദ്ധികേന്ദ്രങ്ങള്‍ തന്നെയാണ് ഇസ്‌ലാം വാളുകൊണ്ടാണ് പ്രചരിച്ചതെന്ന ആരോപണത്തിന്റെയും അണിയറയിലുള്ളത്. പിന്നീട് ഓറിയന്റലിസ്റ്റുകള്‍ അതേറ്റെടുക്കുകയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ചില ഇസ്‌ലാമിക സംഘങ്ങള്‍ തന്നെയാണ് ഇതിനൊക്കെ പലപ്പോഴും കാരണമായി വര്‍ത്തിച്ചതും. അവര്‍ 'ഭൗതിക സൈനിക വിജയ'ത്തെയും 'ആദര്‍ശ-ആധ്യാത്മിക വിജയ'ത്തെയും കൂട്ടിക്കലര്‍ത്തി പ്രയോഗിക്കുകയായിരുന്നു.
അറേബ്യന്‍ ഉപദ്വീപില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പുതിയ ശക്തിയെ തകര്‍ക്കാന്‍ പരമ്പരാഗത ശക്തികള്‍ മുന്നോട്ട് വരിക സ്വാഭാവികമാണ്. പേര്‍ഷ്യക്കാര്‍ നബിയെ തടവിലാക്കാനും റോമക്കാര്‍ മദീനാ പട്ടണം ആക്രമിക്കാനും ശ്രമങ്ങള്‍ നടത്തിയതായി ചരിത്ര രേഖകളില്‍ കാണാം. ഈ പശ്ചാത്തലത്തില്‍ അവരെ ചെറുക്കാന്‍ സായുധ നീക്കം അനിവാര്യമായി വരുന്നു. അതാണ് സൈനിക വിജയത്തിനു കളമൊരുക്കിയത്. 'ആദര്‍ശ വിജയം' നേടാന്‍ ഇസ്‌ലാം സൈനിക ബലത്തെ ഒരു മാര്‍ഗമായി സ്വീകരിച്ചിട്ടില്ല. മുസ്‌ലിംകള്‍ ജയിച്ചടക്കിയ പ്രദേശങ്ങളിലെ അമുസ്‌ലിംകള്‍ക്ക് എല്ലാവിധ വിശ്വാസ- അനുഷ്ഠാന സ്വാതന്ത്ര്യങ്ങളും വകവെച്ചു കൊടുക്കുകയായിരുന്നു. മുസ്‌ലിംകള്‍ സകാത്തായി നല്‍കുന്ന സംഖ്യയേക്കാള്‍ തുഛമായ ഒരു സംഖ്യ രാഷ്ട്രത്തിന് നികുതിയായി നല്‍കിയാല്‍ മാത്രം മതിയായിരുന്നു അവര്‍ക്ക്.
ഹിജ്‌റ ഒന്നാം നൂറ്റാണ്ടിലാണ് മുസ്‌ലിംകള്‍ ഈജിപ്തില്‍ 'സൈനിക വിജയം' നേടുന്നത്. വളര്‍ന്നു വരുന്ന ഇസ്‌ലാമിക ശക്തിയെ ഉന്മൂലനം ചെയ്യാനായി റോമാ - പേര്‍ഷ്യന്‍ സാമ്രാജ്യത്വങ്ങള്‍ പടയോട്ടം നടത്തിയതിന്റെ ഫലവുമായിരുന്നു ആ സൈനിക വിജയം. ശേഷം നാലാം നൂറ്റാണ്ടില്‍ മാത്രമാണ് ഈജിപ്തില്‍ ഇസ്‌ലാം 'ആദര്‍ശപരമായ വിജയം' കൈവരിക്കുന്നത്. സ്വാഭാവികമായും വിശ്വാസപരവും ആധ്യാത്മികവും സാംസ്‌കാരികവുമായ സ്വാധീനം കൈവന്നതിന് ശേഷമാണ് അത് സാധ്യമായത്. 'ദീനില്‍ ബലാല്‍ക്കാരമില്ല' എന്ന ഖുര്‍ആനിക നിര്‍ദേശം സാക്ഷാത്കൃതമായ ചരിത്ര സന്ദര്‍ഭം.
ഇസ്‌ലാമിന്റെ പ്രതിയോഗികള്‍ ഉന്നയിക്കുന്ന മറ്റൊരു വാദമാണ് - ഇസ്‌ലാം പുതുതായൊന്നും സമര്‍പ്പിക്കുന്നില്ല, ദൈവിക മതങ്ങളായ ജൂത-ക്രൈസ്തവതയുടെ ആശയങ്ങള്‍ കടമെടുത്തിരിക്കുകയാണ് മുഹമ്മദ് (സ), അദ്ദേഹം മറ്റു പ്രവാചകന്മാരെപ്പോലെ ഒരു പ്രവാചകനല്ല! ഇവിടെ താത്ത്വികമായ ഒരു തകരാറുണ്ട്. മൂസായുടെയും മുഹമ്മദിന്റെയും അധ്യാപനങ്ങളില്‍ സാമ്യതയും സാദൃശ്യവുമുണ്ടാവാനുള്ള കാരണം അവ രണ്ടും ഒരേ പ്രഭവസ്ഥാനത്തു നിന്നാണ് എന്നതാണ്. മൂസ ദൈവദൂതനും മുഹമ്മദ് പ്രവാചകത്വവാദിയുമാണെന്ന ഓറിയന്റലിസ്റ്റുകളുടെ വിതണ്ഡവാദം വസ്തുതയെക്കാള്‍ അവരുടെ വംശീയ വിവേചനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
'ഉത്തമ സ്വഭാവങ്ങളുടെ പൂര്‍ത്തീകരണത്തിനാണ് ഞാന്‍ നിയുക്തനായിരിക്കുന്നത്' എന്ന പ്രവാചക വചനം മുന്‍ പ്രവാചകന്മാരുടെ സന്ദേശങ്ങളെ സത്യപ്പെടുത്തുകയാണ് തന്റെ ദൗത്യമെന്ന് സുതരാം വ്യക്തമാക്കുന്നു. 'ഞാന്‍ മുന്‍ ദൗത്യങ്ങളെ അസാധുവാക്കുന്നവനല്ല, പൂര്‍ത്തീകരിക്കുന്നവനാണ്' എന്ന് യേശുവും പറഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക വീക്ഷണത്തില്‍ പ്രവാചകന്മാരെല്ലാം പ്രവാചകത്വ പരമ്പരയിലെ വ്യത്യസ്ത കണ്ണികളാണ്. എല്ലാവരുടെയും മൗലികാധ്യാപനങ്ങള്‍ സത്യവിശ്വാസവും സല്‍ക്കര്‍മവുമായിരുന്നു.
ഓറിയന്റലിസ്റ്റ് പഠനങ്ങളാല്‍ സ്വാധീനിക്കപ്പെട്ട കവി മഅ്‌റൂഫ് അര്‍റസ്വാഫി തന്റെ മനഃശാസ്ത്ര വിശകലനമനുസരിച്ച്, മുഹമ്മദ് (സ) ഒരിക്കലും കളവ് പറയില്ലെന്ന് കണ്ടെത്തിയിട്ടും പ്രവാചകന്‍ തന്നെ സ്ഥിരീകരിച്ച പ്രവാചകത്വത്തെ അദ്ദേഹം തള്ളിപ്പറയുന്നുണ്ട്. മുഹമ്മദ് കളവ് പറയില്ല, മുഹമ്മദ് ദൈവദൂതനല്ല എന്ന വാദത്തെ സംയോജിപ്പിക്കാനുള്ള ശ്രമത്തില്‍ ചില 'പ്രേതാത്മാക്കളു'ടെ സ്വാധീനത്തിലാണ് അദ്ദേഹം പലതും സംസാരിച്ചിരുന്നതെന്നാണ് റസ്വാഫി പറയുന്നത്. ദിവ്യബോധനത്തിലും മലക്ക് ജിബ്‌രീലിലും വിശ്വസിക്കാന്‍ താല്‍പര്യപ്പെടുന്ന ഈമാനിക ദര്‍ശനത്തെ അംഗീകരിക്കുകയായിരുന്നു ഏറെ യുക്തിസഹമായിട്ടുള്ളത്. ചിലര്‍ ദൈവനിഷേധികളായിട്ടും 'ക്ഷുദ്രാത്മാക്കളി'ല്‍ നിന്ന് രക്ഷതേടാന്‍ വീടിനു മുന്നില്‍ ഏലസ്സുകള്‍ കെട്ടിത്തൂക്കാറുണ്ട്. ഇങ്ങനെ 'അദൃശ്യവിശ്വാസ'ത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ച് 'അതിഭൗതികവാദ'ത്തിന്റെ മായാ വലയത്തില്‍ കുടുങ്ങിപ്പോയ ഒട്ടേറെ പേരുണ്ട്.
മുസ്‌ലിം വിശ്വാസത്തെ എന്നല്ല ദൈവ വിശ്വാസത്തെത്തന്നെ നിരാകരിക്കുന്ന ഒരു ചോദ്യം പലരും ഉന്നയിക്കാറുണ്ട്. ദൈവമുണ്ടെങ്കില്‍ എന്ത് കൊണ്ട് അക്രമികളെയും അക്രമത്തെയും തടയാനായി ഇടപെടുന്നില്ല? മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ ദൈവം അവന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കി എന്ന അടിസ്ഥാന മത വിശ്വാസത്തെ കണ്ടില്ലെന്ന് നടിക്കുന്നവരില്‍ നിന്നാണ് ഈ ചോദ്യമുയരുക. ഏത് മാര്‍ഗം തെരഞ്ഞെടുക്കുന്നുവോ അതിനനുസരിച്ചാണ് അവന്റെ രക്ഷാശിക്ഷകള്‍ നിര്‍ണയിക്കപ്പെടുക. മനുഷ്യന്‍ ഇത്തരം അതിക്രമങ്ങള്‍ നടത്തുമ്പോള്‍ ദൈവം ഇടപെട്ടു എന്നു കരുതുക. അപ്പോഴത് തന്റെ പ്രവൃത്തികള്‍ ഏതെന്ന് തെരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തെ നിരാകരിക്കുകയല്ലേ ചെയ്യുക? ബലാല്‍ക്കാരത്തിനു വിധേയമായി മനുഷ്യന്‍ ചെയ്യുകയും ചെയ്യാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ പേരില്‍ അവന്‍ രക്ഷാശിക്ഷകള്‍ക്ക് വിധേയനാവുന്നതില്‍ ഒരര്‍ഥവുമില്ല. അതിക്രമികളുടെ അത്യാചാരത്തിന്റെ ഉത്തരവാദിത്തം ദൈവത്തിന്റെ ചുമലില്‍ കെട്ടിവെക്കുന്നത് യുക്തിസഹവുമല്ല. 'അല്ലാഹു നീതിയാണ് ആജ്ഞാപിക്കുന്നത്' എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുമുണ്ടല്ലോ.
ഈ വിഷയകമായി മധ്യ നൂറ്റാണ്ടുകളില്‍ യൂറോപ്പില്‍ പരസ്പര വിരുദ്ധമായ രണ്ട് ചിന്താധാരകള്‍ നിലനിന്നിരുന്നു. ദൈവമാണ് പ്രപഞ്ചത്തെ സംവിധാനിച്ചതെങ്കിലും, പ്രപഞ്ചത്തിന്റെ പ്രവര്‍ത്തനം അതിനെത്തന്നെ ഏല്‍പിക്കുകയായിരുന്നു. ഇതാണ് ഒരു വീക്ഷണം. ദൈവം ലോകം സൃഷ്ടിക്കുകയും സ്വാഭീഷ്ട പ്രകാരം അതിനെ സ്വയം നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു എന്നതാണ് രണ്ടാമത്തേത്. സ്പാനിഷ് ഇസ്‌ലാമിക ചിന്തകനും ദാര്‍ശനികനുമായ ഇബ്‌നു റുശ്ദിന്റെ വീക്ഷണത്തെ യൂറോപ്പ് പരിചയപ്പെടുന്നത് ഈ ഘട്ടത്തിലാണ്. വിധാതാവായ അല്ലാഹു തന്നെയാണ് സ്വയം ചലിക്കാനുള്ള പ്രകൃതി നിയമങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്നായിരുന്നു ഇബ്‌നു റുശ്ദിന്റെ നിരീക്ഷണം. തെരഞ്ഞെടുക്കാനും തിരസ്‌കരിക്കാനുമുള്ള അവകാശമില്ലാത്തിടത്ത് ഇസ്‌ലാമിലെ രക്ഷാ - ശിക്ഷാ സങ്കല്‍പം ബാധകമല്ല. മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് നന്മയും തിന്മയും സ്വയം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കിക്കൊണ്ടാണ്. അവന്റെ പ്രവര്‍ത്തനങ്ങളെ നിയന്തിക്കാനാണ് ശരീഅത്തു നിയമങ്ങള്‍ പ്രദാനം ചെയ്തതും.
മറ്റൊരു വിധം പറഞ്ഞാല്‍, സത്യാന്വേഷണ ചോദനയാല്‍ പ്രേരിതമായൊന്നുമല്ല ഇസ്‌ലാമിനെതിരെ പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. രാഷ്ട്രീയ, മത, വ്യക്തിഗത സ്വാര്‍ഥ താല്‍പര്യങ്ങള്‍ ഒക്കെ അവക്ക് പിന്നിലുണ്ട്. ചുവന്ന തുണി കണ്ടാല്‍ മതി പോരുകാളയെപ്പോലെ അവര്‍ മുക്രയിട്ട് വരും. കാള ഉയര്‍ത്തിയ പൊടിപടലമടങ്ങുമ്പോള്‍ കാളപ്പോരുകാരന്‍ പുഞ്ചിരിച്ച് വിജയശ്രീലാളിതനായി നില്‍ക്കുന്നുണ്ടാവും.
(അറബി 21- മൊഴിമാറ്റം:
എം.ബി അബ്ദുര്‍റശീദ്, അന്തമാന്‍)
Comments