Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

ഫ്രൈഡേ ക്ലബ്ബും  എറണാകുളത്തെ മുസ്‌ലിം  ഉണര്‍വുകളും

കെ.കെ അബൂബക്കര്‍ / സദ്‌റുദ്ദീന്‍ വാഴക്കാട്

ഭാഗം മൂന്ന്

ഇ.കെ അബ്ദുല്‍ ഖാദിര്‍ സാഹിബും ജസ്റ്റിസ് പി.കെ ഷംസുദ്ദീനും ഞാനും അക്കാലത്ത് വൈകുന്നേരങ്ങളില്‍ സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്നു. ഒരു ദിവസം അസ്വ്ര്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിവരുന്ന സമയത്ത് ഇ.കെ ഒരഭിപ്രായം പറഞ്ഞു; 'ഞാന്‍ കോട്ടയത്ത് ഉണ്ടായിരുന്നപ്പോള്‍ അവിടെ ഒരു ക്ലബില്‍ പ്രവര്‍ത്തിച്ചിരുന്നു, തേഴ്‌സ്‌ഡേ ക്ലബ്! ക്രിസ്ത്യാനികളുടേതായായിരുന്നു ആ ക്ലബ്ബ്. മറ്റു മതക്കാര്‍ക്കും അതില്‍ ചേരാമായിരുന്നു. അത്തരമൊരു ക്ലബ് നമുക്ക് എറണാകുളത്തും തുടങ്ങിയാലോ? അഭിപ്രായം ആകര്‍ഷകമായി തോന്നിയ ഞങ്ങള്‍ നേരെ ഇ.കെയുടെ വീട്ടിലേക്ക് പോയി. അവിടെയിരുന്ന് ചര്‍ച്ച ചെയ്ത് ക്ലബ്ബ് തുടങ്ങാന്‍ തീരുമാനിച്ചു.  ഞങ്ങളുടെ ചുറ്റുവട്ടത്തുണ്ടായിരുന്ന കുറച്ചു അഡ്വക്കറ്റുമാരും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെടെ പതിനാറോളം പേരെ ഉള്‍പ്പെടുത്തി ക്ലബ് തുടങ്ങി. വെള്ളിയാഴ്ചയിലാണ് ഒത്തുചേരല്‍ എന്നതുകൊണ്ട്, ഫ്രൈഡേ ക്ലബ്ബ് എന്നാണ് പേരിട്ടത്. പുതുമയുള്ള സംരംഭമായിരുന്നു അത്. പില്‍ക്കാലത്ത് കേരളത്തിന്റെ പല ഭാഗങ്ങളിലും മുസ്‌ലിം പ്രമുഖരുടെ സംഗമ വേദിയായി ഇത്തരം ക്ലബ്ബുകള്‍ ഉയര്‍ന്നു വന്നെങ്കിലും, ഫ്രൈഡേ ക്ലബ് എന്ന ആശയം ഉടലെടുക്കുന്നത് എറണാകുളത്താണ്. 1965-'66 കാലത്താണിത്. ഇതിന്റെ സ്ഥാപകന്‍ ഇ.കെയാണെന്നു പറയാം. പക്ഷേ, നേതൃത്വത്തില്‍ വരാനോ, പേരെടുക്കാനോ അദ്ദേഹം ഒരിക്കലും താല്‍പര്യപ്പെട്ടിരുന്നില്ല. 

ഫ്രൈഡേ ക്ലബ്ബിന്റെ ലക്ഷ്യവും 
പ്രവര്‍ത്തനങ്ങളും
ഞങ്ങളുടെ ആദ്യ യോഗത്തിനു ശേഷം ഔദ്യോഗിക യോഗം ചേര്‍ന്ന്, ജസ്റ്റിസ് പി.കെ ശംസുദ്ദീനെ പ്രസിഡന്റും, ഡോ. എ.എന്‍.പി ഉമ്മര്‍കുട്ടിയെ ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. ഞാനും പ്രഫ. സി.എ അബ്ദുസ്സലാമും ജോയിന്‍ സെക്രട്ടറിമാരായിരുന്നു. തലശ്ശേരിക്കാരനായ എ.എന്‍.പി അന്ന് ഓഷ്യാനോഗ്രഫിയില്‍ ജോലി ചെയ്യുകയാണ്. അഡ്വ. കെ.കെ അബ്ദുര്‍റഹ്മാന്‍, അഡ്വ. പി മുഹമ്മദ്, അക്ബര്‍ ബാദുഷ, അഡ്വ.പി.കെ മൂസ, എഞ്ചിനീയര്‍ എസ്.ബി അബ്ദുല്‍ കരീം, അഡ്വ. എം.വി ഇബ്‌റാഹീം കുട്ടി തുടങ്ങി കുറേ പേര്‍ ആദ്യഘട്ടത്തില്‍ തന്നെ ക്ലബ്ബില്‍  ഉണ്ടായിരുന്നു. കോട്ടയത്തെ തേഴ്‌സേഡേ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ ഇ.കെ വിശദീകരിച്ചതനുസരിച്ച്, ഞങ്ങള്‍ ഫ്രൈഡേ ക്ലബ്ബിന്റെ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്തു. ക്ലബ്ബ് രൂപീകരിച്ചതിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് പല ഭാഗത്തുനിന്നും വന്ന് എറണാകുളത്ത് ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്ന വിദ്യാ സമ്പന്നരും പ്രഫഷണലുകളുമായ മുസ്‌ലിം സഹോദരങ്ങള്‍ക്ക് പരസ്പരം പരിചയപ്പെടാന്‍ അവസരമുണ്ടാവുക എന്നതായിരുന്നു. അത്യാഹിതമോ, അത്യാവശ്യമോ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കാന്‍ ഈ കൂട്ടായ്മക്ക് സാധിക്കണം എന്നതായിരുന്നു മറ്റൊരു ഉദ്ദേശ്യം. ഈ രണ്ട് ലക്ഷ്യങ്ങളും സാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രൈഡേ ക്ലബ്ബ് രൂപം നല്‍കി. 
അംഗങ്ങള്‍ക്ക് ഇംഗ്ലീഷ് ഭാഷയില്‍ കഴിവ് വര്‍ധിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ, ചില പരിപാടികള്‍ ഇംഗ്ലീഷില്‍ തന്നെ സംഘടിപ്പിക്കുകയുണ്ടായി. ക്ലബ് തുടങ്ങി എന്നല്ലാതെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വന്തമായി സ്ഥലമൊന്നുമില്ലായിരുന്നു. അതുകൊണ്ട് എറണാകുളം ബ്രോഡ്‌വേയിലെ മുനവ്വിറുല്‍ ഇസ്‌ലാം സഭയിലും വൈ.എം.എം.എ  ലൈബ്രറിയിലുമൊക്കെയാണ് ആദ്യഘട്ടത്തില്‍ വെള്ളിയാഴ്ചകളില്‍ ഞങ്ങള്‍ ഒത്തുകൂടുക. ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച അനൗപചാരിക ചര്‍ച്ചകള്‍, വിഷയങ്ങളില്‍ വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, ഡിന്നര്‍ പാര്‍ട്ടികള്‍ തുടങ്ങിയവയാണ് പ്രധാനമായും നടന്നിരുന്നത്. അന്ന് മാസത്തിലൊരിക്കല്‍ ഞങ്ങള്‍ എല്ലാവരും ഏതെങ്കിലും ഹോട്ടലില്‍ ഡിന്നറിന് കൂടുമായിരുന്നു. നമ്മള്‍ തന്നെ പണം പങ്കിട്ടെടുത്ത് കൂടുന്നതാണ്. ഫ്രൈഡേ ക്ലബിന്റെ ഫണ്ട് ഇതിന് ഉപയോഗിച്ചിരുന്നില്ല. ഈ ഒത്തുചേരല്‍ അംഗങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധം വളര്‍ന്നു വരാനും സഹായകമായി. 
രണ്ട് രൂപയാണ് അന്ന് അംഗത്വ ചാര്‍ജ്. അന്നത്തെ മൂല്യം അത്രയേറെ വലുതാണല്ലോ. ഞാനും ഇ.കെയും കൂടെയാണ് അംഗങ്ങളുടെ കൈയില്‍ നിന്നും വരിസംഖ്യ പിരിച്ചിരുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് അഡ്വ. അബുല്‍ ഹസന്‍, അഡ്വ. ടി.പി.എം ഇബ്‌റാഹീം ഖാന്‍ എന്നിവര്‍ ക്ലബ്ബിന്റെ ഭാഗമായത്. കൂടാതെ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ടുമെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഹമീദ് സാഹിബും വന്നു. ഇവരൊക്കെ അംഗങ്ങളായതോടെ സാമ്പത്തിക സഹായങ്ങളും വര്‍ധിച്ചു തുടങ്ങി. അങ്ങനെ ഫ്രൈഡേ ക്ലബ്ബിന് ഒരു സ്ഥലം വാങ്ങിക്കാന്‍ തീരുമാനിച്ചു. എറണാകുളം ടൗണ്‍ ഹാളിനടുത്ത് ഞങ്ങള്‍ക്ക്  പതിമൂന്ന് സെന്റ് സ്ഥലം ലഭിച്ചു.  ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായിരുന്ന അബ്ദുല്‍ ഹമീദ് സാഹിബും, കോര്‍പ്പറേഷന്‍ അംഗമായിരുന്ന ബീരാന്‍ കുഞ്ഞു സാഹിബും മറ്റും ഇതിന് തന്ന പിന്തുണ വളരെ വലുതായിരുന്നു.
ഭൂമി വാങ്ങിയെങ്കിലും മൂന്നോ, നാലോ കൊല്ലം അതങ്ങനെത്തന്നെ കിടന്നു. കെട്ടിടം പണിയാന്‍ ഒരു നിവൃത്തിയുമില്ലായിരുന്നു. എം.ഇ.എസ് വളര്‍ന്നു തുടങ്ങിയ കാലമാണത്. എം.ഇ.എസിന്റെ കൈയില്‍ പണമുണ്ട്, ഞങ്ങളെല്ലാവരും എം.ഇ.എസ് പ്രവര്‍ത്തകരുമാണ്. അങ്ങനെ ഞങ്ങള്‍ ഒരു ധാരണയിലെത്തി. ഫ്രൈഡേ ക്ലബ്ബിന്റെ സ്ഥലത്ത് എം.ഇ.എസിന്റെ ഫണ്ട് കൊണ്ട് കെട്ടിടം നിര്‍മിക്കുക, അതില്‍ ഫ്രൈഡേ ക്ലബിനും പ്രവര്‍ത്തിക്കാനുള്ള സൗകര്യം നല്‍കുക. ക്ലബ്ബില്‍ ഏതാണ്ടെല്ലാവരും എം.ഇ.എസ് പ്രവര്‍ത്തകരായിരുന്നതുകൊണ്ടാണ് അത്തരത്തിലൊരു നീക്കം നടത്തിയത്.  എറണാകുളം ടൗണ്‍ ഹാളിനടുത്തുള്ള എം.ഇ.എസ് സെന്റര്‍ സ്ഥാപിതമാകുന്നത് ഇങ്ങനെയാണ്. പിന്നീട്, കലൂര്‍ ജഡ്ജ് അവന്യൂവില്‍ പത്ത് സെന്റ് സ്ഥലം എം.ഇ.എസ് ഫ്രൈഡേ ക്ലബ്ബിന് കൈമാറുകയായിരുന്നു. അതോടെ മുമ്പ് കെട്ടിടം നിര്‍മിച്ച സ്ഥലം എം.ഇ.എസിന് സ്വന്തമായി. ഫ്രൈഡേ ക്ലബ്ബ് ഇപ്പോഴുള്ള കെട്ടിടം നിര്‍മിക്കുകയും ചെയ്തു.
എറണാകുളത്തെ മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കും അഭ്യസ്ഥവിദ്യര്‍ക്കുമിടയില്‍ ഇസ്‌ലാമികമായ ഉണര്‍വും പഠന താല്‍പര്യവും ജനിപ്പിക്കുന്നതില്‍ ഫ്രൈഡേ ക്ലബ് വഹിച്ച പങ്ക് ചെറുതല്ല. ഇസ്‌ലാമികമായ വലിയ അറിവൊന്നും ഇല്ലാതെ ടൗണില്‍ വന്നെത്തിയവരിലും വൈജ്ഞാനിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ക്ലബ്ബിന്റെ പരിപാടികള്‍ വഴിതുറന്നിട്ടുണ്ട്. വൈജ്ഞാനിക ചര്‍ച്ചകള്‍, ലൈബ്രറി, റീഡിംഗ് റൂം, പഠന ക്ലാസുകള്‍ തുടങ്ങിയവ ഇതിന് പ്രയോജനപ്പെട്ടു. ഇന്ന് വായന കുറഞ്ഞെങ്കിലും, ഒരു കാലത്ത് ധാരാളമാളുകള്‍ അവലംബിച്ചിരുന്ന, എറണാകുളത്ത് അറിയപ്പെട്ട സംവിധാനമായിരുന്നു  ഫ്രൈഡെ ക്ലബ്ബിന്റെ ലൈബ്രറിയും റീഡിങ്ങ് റൂമും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ അടുത്തറിയാന്‍ ക്ലബ്ബ് അംഗങ്ങള്‍ക്കും സഹകാരികള്‍ക്കും അവസരമുണ്ടായി. മുന്‍ ഇന്ത്യന്‍ പ്രസിഡന്റ് ഡോ. ഫക്‌റുദ്ദീന്‍ അലി അഹ്മദ് ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ഫ്രൈഡേ ക്ലബ്ബില്‍ പരിപാടികള്‍ക്ക് എത്തുകയുണ്ടായി. 
ഫ്രൈഡേ ക്ലബ്ബ്, എം.ഇ.എസ്, നേവി, വിവിധ ഗവണ്‍മെന്റ് ബോഡികള്‍ മുതലായവ വഴി എനിക്ക് നിരവധി പ്രമുഖ വ്യക്തിത്വങ്ങളുമായി പരിചയപ്പെടാനും ആ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാനും സാധിച്ചത് സാന്ദര്‍ഭികമായി ഓര്‍ക്കുന്നു. വ്യക്തി ബന്ധങ്ങളും കുടുംബ ബന്ധങ്ങളും നിലനിര്‍ത്തുക എന്നത് വലിയൊരു കാര്യമാണ്. 
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളായിരുന്നു ഫ്രൈഡെ ക്ലബ്ബിന്റെ മറ്റൊരു ആകര്‍ഷണീയത. ചെറുകിട കച്ചവടങ്ങള്‍ക്ക് പലിശരഹിത വായ്പ, നിര്‍ധന രോഗികള്‍ക്ക് മരുന്ന് വാങ്ങാന്‍ സഹായം, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയൊക്കെ ക്ലബ്ബ് നല്‍കി വന്നിട്ടുണ്ട്. 1992-ല്‍ കേരളത്തിലെ ഫ്രൈഡേ ക്ലബുകളുടെ ഒരു സംഗമം എറണാകുളത്ത് സംഘടിപ്പിച്ചിരുന്നു. 2016-ലാണ് ക്ലബ്ബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷിച്ചത്. ഏതെങ്കിലുമൊരു സംഘടനയുടെ പിന്‍ബലമോ, പക്ഷമോ ഇല്ലാതെ, എല്ലാ വിഭാഗത്തിലും പെട്ടവരെ ഒരുമിച്ച് അണിനിരത്തിക്കൊണ്ടാണ് ഇതെല്ലാം സാധിച്ചത്. ഇ. കെയുടെ മൂത്ത മകന്‍ എ.എം അര്‍ഷാദ് ഫ്രൈഡേ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ളതും മറ്റൊരു മകന്‍ എ.എം അശ്‌റഫ് ക്ലബ്ബുമായി നന്നായി സഹകരിക്കുന്നതും സന്തോഷം നല്‍കുന്നു.

എറണാകുളത്തെ 
മുസ്‌ലിം ഉണര്‍വുകള്‍
കാലത്തിനുമപ്പുറം സഞ്ചരിക്കുന്ന, പുതിയ ആശയങ്ങള്‍ സമര്‍പ്പിച്ചു കൊണ്ടുള്ള, ചിന്താനിഷ്ഠമായ ചുവടുവെപ്പുകള്‍ കേരളീയ മുസ്‌ലിം നവോത്ഥാനത്തിന് എറണാകുളത്തെ മുസ്‌ലിം പ്രമുഖര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഇസ്‌ലാമിക് സെമിനാര്‍, ഫ്രൈഡേ ക്ലബ്ബ്, കേരള മുസ്‌ലിം എജ്യുക്കേഷന്‍ അസോസിയേഷന്‍ (കെ.എം.ഇ.എ), എം.ഇ.എസ് തുടങ്ങിയവയിലെല്ലാം എറണാകുളത്തിന്റെ മുസ്‌ലിം ബൗദ്ധിക സംഭാവനകള്‍ കാണാം. മത സംഘടനകളുടെ പതിവ് പ്രവര്‍ത്തനങ്ങള്‍ക്കും അപ്പുറത്ത്, സവിശേഷമായ ഇടപെടലുകള്‍ നടത്തുന്നതായിരുന്നു ഇതെല്ലാം. മാത്രമല്ല, ഏതെങ്കിലും മതസംഘടനയുടെ ഭാഗമാകാതെ, മത പണ്ഡിത രീതികളില്ലാതെ, എറണാകുളം ഉള്‍പ്പെടെ പല പ്രദേശങ്ങളിലും, ദീനീ സ്‌നേഹികളായ പ്രമുഖ വ്യക്തിത്വങ്ങള്‍ ഇസ്‌ലാമിക ഉണര്‍വുകള്‍ക്ക് വേണ്ടി ഭാവനാസമ്പന്നമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവയെല്ലാം ചേര്‍ന്നുകൊണ്ടാണ് കേരള മുസ്‌ലിം നവോത്ഥാനം വികാസം പ്രാപിച്ചിട്ടുള്ളത്. പക്ഷെ, കേരള മുസ്‌ലിം നവോത്ഥാന ചരിത്രം രേഖപ്പെടുത്തുമ്പോള്‍, ഈ പ്രധാന വശം വിസ്മരിക്കപ്പെട്ടുവെന്നാണ് തോന്നുന്നത്.
മാലിക് ദീനാറും സംഘവും കപ്പലിറങ്ങിയ കൊടുങ്ങല്ലൂരിനോട് അടുത്ത് കിടക്കുന്ന, പുരാതന നാട്ടുരാജ്യങ്ങളില്‍ ഒരുമിച്ച് നിന്ന കൊച്ചിയിലും എറണാകുളത്തും ഇസ്‌ലാമിന്റെ സന്ദേശം നേരത്തെ തന്നെ എത്തിയിരുന്നു. പരമ്പരാഗതമായി ധാരാളം മുസ്‌ലിംകള്‍ ഇവിടെ താമസിച്ച് വന്നിരുന്നു. അവര്‍ക്കിടയിലേക്കാണ് കൊടുങ്ങല്ലൂരില്‍ നിന്ന് ഞങ്ങളൊക്കെ വന്നത്. ഇടപ്പള്ളി, തോട്ടത്തുംപടി, പൊന്നുരുന്തി, കലൂര്‍, പുല്ലേപ്പടി, കോമ്പാറ തുടങ്ങിയവയായിരുന്നു എറണാകുളം ടൗണിനകത്തെ മുസ്‌ലിം അധിവാസ കേന്ദ്രങ്ങള്‍. ഇവിടെയൊക്കെ പണ്ടുകാലത്തേ പളളികള്‍ ഉണ്ടായിരുന്നു. ഈ പള്ളികള്‍ മുസ്‌ലിം പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ്. എ.എസ് ബാവ സാഹിബിന്റെ കുടുംബം മേല്‍നോട്ടം വഹിച്ച മുനവ്വിറുല്‍ ഇസ്‌ലാം സ്‌കൂള്‍, ഹാജി ഈസാ സേട്ട് കുടുംബത്തിന്റെ നേതൃത്വത്തിലുള്ള ദാറുല്‍ ഉലൂം സ്‌കൂള്‍ എന്നിവയായിരുന്നു പ്രധാന സ്ഥാപനങ്ങള്‍. 1960-കള്‍ക്ക് ശേഷമാണ് മത സംഘടനകള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നത്. പരമ്പരാഗത രീതികളില്‍ ജീവിച്ചവരായിരുന്നു ഇവിടത്തെ പാരമ്പര്യ മുസ്‌ലിംകള്‍. ഇടപ്പള്ളിയില്‍ ദര്‍സ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പ്രാദേശിക മുസ്‌ലിംകളെ സ്വാധീനിച്ചിട്ടില്ല എന്നാണ് തോന്നുന്നത്.
മുസ്‌ലിം സമുദായത്തിനകത്തെ ബഹുസ്വരതയെ ഉള്‍ക്കൊള്ളാനായി എന്നതാണ് എറണാകുളത്തെ മുസ്‌ലിം സംരംഭങ്ങളുടെ സവിശേഷത. വ്യത്യസ്ത ആശയധാരകളിലുള്ളവര്‍ ഒരേ കുടക്കീഴില്‍ അണിനിരക്കുന്ന, ഒരേ സ്ഥാപന സംരംഭത്തിന് നേതൃത്വം നല്‍കുന്ന അപൂര്‍വത എറണാകുളത്തിന്റെ ചരിത്രത്തിലുണ്ട്. ഇന്നും അത്തരം സംവിധാനങ്ങള്‍ ഇവിടെ കാണാം. എറണാകുളം മുസ്‌ലിം അസോസിയേഷന്‍, ഫോറം ഫോര്‍ ഫെയ്ത് ആന്റ് ഫ്രറ്റേണിറ്റി  ഉള്‍പ്പെടെ പല സംരംഭങ്ങളും എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിച്ച വേദികളാണ്. പണ്ഡിത വിഭാഗത്തിന്റെ ഇടപെടലുകള്‍ക്കും അതീതരായി നില്‍ക്കുന്ന ഔന്നത്യമുള്ള മുസ്‌ലിം പ്രമുഖരുടെ നിലപാടുകളാണ് ഇതിന് പ്രധാന കാരണം. മത പണ്ഡിതര്‍ക്ക് ഇവിടെ നിഷേധാത്മകമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ല. കക്ഷിത്വങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കാനുള്ള  ജാഗ്രത എറണാകുളത്തിന്റെ മുസ്‌ലിം മനസ്സ് എന്നും സൂക്ഷിച്ചിട്ടുണ്ട് എന്നതാണ് അനുഭവം. പല ഭാഗങ്ങളില്‍ നിന്ന് വന്നവരായതുകൊണ്ട്, പ്രാദേശികവും സംഘടനാപരവുമൊക്കെയായ ബാഗേജുകളുടെ ഭാരം ഇവിടെ ഉണ്ടായിരുന്നില്ല. സ്വാഭാവികമായും, തുറന്ന മനസ്സ് വലിയ അനുഗ്രഹമായി മാറി. ജീവിതത്തില്‍, പ്രത്യേകിച്ച്  ജോലിയിലുള്ള വളര്‍ച്ചയുടെ ഭാഗമായാണ് പലരും എറണാകുളത്ത് എത്തുക. പുരോഗതി ആഗ്രഹിക്കുന്ന, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗമായിരുന്നു എന്നും എറണാകുളത്ത് രൂപപ്പെട്ടുകൊണ്ടിരുന്ന മുസ്‌ലിം സമൂഹം. ഇത് വലിയൊരു നേട്ടമായിരുന്നു. 
വടക്കുനിന്ന് ജോലിയാവശ്യാര്‍ഥം വന്ന മത പണ്ഡിതന്‍മാര്‍ക്ക്, എറണാകുളത്തെയോ, തെക്കന്‍ കേരളത്തിലെയോ മുസ്‌ലിം സമുദായത്തിനുമേല്‍  ആധിപത്യം ചെലുത്താനായിരുന്നില്ല. അതുകൊണ്ട്, തങ്ങളുടെ ജോലിക്കപ്പുറം, വലിയ സ്വാധീനമുണ്ടാക്കാന്‍ മത പണ്ഡിതര്‍ക്ക് സാധിച്ചിട്ടില്ല. വിദ്യാസമ്പന്നരും ഉയര്‍ന്ന ഉദ്യേഗസ്ഥരും പുരോഗമന കാഴ്ച്ചപ്പാടുകള്‍ ഉള്ളവരുമായ ആളുകളാണ് ഇവിടത്തെ മുസ്‌ലിം സമൂഹത്തെ നയിച്ചിരുന്നത്. സനാഉല്ലാ മക്തി തങ്ങളുടെയും ശൈഖ് മാഹീന്‍ ഹമദാനി തങ്ങളുടെയും മറ്റും പ്രവര്‍ത്തനങ്ങളും ഇതിന് അരങ്ങൊരുക്കിയിട്ടുണ്ടാകണം. ഇബ്‌റാഹീം സുലൈമാന്‍ സേട്ട് എം.പി, സാലെ മുഹമ്മദ് ഇബ്‌റാഹീം സേട്ട് (കെ.എന്‍.എം), ഇ.കെ മുഹമ്മദ് (എം.ഇ.എസ്) തുടങ്ങിയ മുസ്‌ലിം നേതാക്കള്‍ നിരവധി ഇസ്‌ലാമിക സംരംഭങ്ങള്‍ക്ക് എറണാകുളത്ത് നേതൃത്വം നല്‍കിയിട്ടുണ്ട്. ഈ ഘടകങ്ങളെല്ലാം എറണാകുളം മേഖലയില്‍ കക്ഷിത്വത്തിന്റെ സാധ്യതകള്‍ വലിയ തോതില്‍ കുറച്ചു കൊണ്ടുവന്നു. കെ.ടി അബ്ദുര്‍റഹീം സാഹിബ് മാത്രമായിരുന്നു വ്യത്യസ്തമായൊരു പണ്ഡിതാനുഭവം. ഇവിടുത്തുകാരെപ്പോലെ ഉയര്‍ന്നു ചിന്തിക്കാന്‍ കഴിഞ്ഞ വ്യക്തിത്വമായിരുന്നു അദ്ദേഹം. ഒരു ചുവട് മുന്നില്‍ നിന്ന് സംസാരിക്കാന്‍, നാളേക്ക് വേണ്ടത് അവതരിപ്പിക്കാന്‍ അദ്ദേഹത്തിലെ പണ്ഡിതന് സാധിക്കുകയുണ്ടായി. മദീനാ മസ്ജിദിലെ അദ്ദേഹത്തിന്റെ ഖുത്വ്ബകള്‍ കേള്‍ക്കാന്‍ ഹൈക്കോടതി ജഡ്ജ്മാര്‍ ഉള്‍പ്പെടെ, പല ഭാഗത്തു നിന്നും പലരും വരുമായിരുന്നു. സംഘടനാപരമായി മിമ്പര്‍ ഉപയോഗിച്ചില്ല എന്നത് കെ.ടിയുടെ വലിയ പ്രത്യേകതയായിരുന്നു.

ഇ.കെ എന്ന മാതൃകാ വ്യക്തിത്വം
ഇ.കെ അബ്ദുല്‍ ഖാദിര്‍ സാഹിബിനെക്കുറിച്ച് പറയാതെ ഈ വര്‍ത്തമാനം പൂര്‍ണമാകില്ല. എറണാകുളത്തെ മുസ്‌ലിം ഉണര്‍വുകളില്‍ ഒരു ഘട്ടത്തില്‍ കാര്യമായ പങ്കുവഹിച്ച, നിരവധി മാതൃകാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമായിരുന്നു ഇ.കെ. കോട്ടയം ജില്ലയിലെ, കുമ്മനം താഴത്തങ്ങാടി സ്വദേശിയാണ് അദ്ദേഹം. 'ഇല്ലിമുട്ടില്‍ കൊച്ചുമക്കാര്‍' എന്നതിന്റെ ചുരുക്കമാണ് ഇ.കെ. അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ വാപ്പയുടെ പേരാണ് കൊച്ചുമക്കാര്‍. പുരാതനമായ പള്ളിയാണ് താഴത്തങ്ങാടി ജുമുഅ മസ്ജിദ്. കല്യാണത്തിന്റെ ക്ഷണക്കത്ത് കിട്ടിയാല്‍, ആളുകള്‍ വന്ന് വിളിക്കുന്നതിന് തുല്യമാണെന്നും അത് ഔദ്യോഗിക ക്ഷണമായി സ്വീകരിക്കണമെന്നും ഇ.കെ പ്രസിഡന്റായിരിക്കെ തീരുമാനമെടുത്ത മഹല്ലായിരുന്നു ഇത്.
തേവര കോളേജില്‍, ബി.എസ്.സി പഠനത്തിന് വേണ്ടിയാണ് ഇ.കെ എറണാകുളത്ത് വരുന്നത്. 1946-'48 കാലത്ത് സി.എം എസ് കോളേജിലായിരുന്നു ഇന്റര്‍മീഡിയറ്റ് പഠനം. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. ഇ.സി സുദര്‍ശന്‍ ഉള്‍പ്പെടെ പ്രമുഖര്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. ഉന്നത വിദ്യാഭ്യാസ ആവശ്യാര്‍ഥം എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ എത്തിയ ഇ. കെ പിന്നീട് ഇവിടെത്തന്നെ തുടരുകയായിരുന്നു. ബി.എസ്.സിക്ക് ശേഷം ഏതാണ്ട് ഒന്നര വര്‍ഷം, മദ്രാസില്‍ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്‌സ് സര്‍വീസില്‍ (ഐ.എ.എ.എസ്) അദ്ദേഹം ജോലി ചെയ്തിരുന്നു. പിന്നീട് ഇത് ഉപേക്ഷിച്ച് സഹോദരന്‍ ഇ.കെ മുഹമ്മദിന്റെ റോസ് വുഡ് എക്‌സ്‌പോര്‍ട്ട് ബിസിനസ്സില്‍ ചേരുകയാണുണ്ടായത്. ചെന്നൈ മലബാര്‍ മുസ്‌ലിം അസോസിയേഷന്‍ ഷാദി മഹലിലെ (എം.എം.എ) താമസത്തിനിടയിലെ സൗഹൃദമാണ് ജസ്റ്റിസ് പി.കെ ശംസുദ്ദീന്‍, ജസ്റ്റിസ് കെ.ടി തോമസ്  എന്നിവരുമായുള്ള അദ്ദേഹത്തിന്റെ ബന്ധം പില്‍ക്കാലത്ത് ദൃഢമാക്കിയത്. അബ്ദുല്‍ ഖാദിര്‍ സാഹിബിന്റെ ജ്യേഷ്ഠന്‍, എം.ഇ.എസ് പ്രസിഡന്റായിരുന്ന ഇ.കെ മുഹമ്മദ് റോസ് വുഡ് എക്‌സപോര്‍ട്ടറായിരുന്നു. 1977-ല്‍ ജനതാ ഗവണ്‍മെന്റ് തടിയുടെ കയറ്റുമതി നിരോധിക്കുന്നതു വരെ അതായിരുന്നു ബിസിനസ്. ഔപചാരിക വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും, കിതാബുകള്‍ ഓതിയിരുന്ന, തറാവീഹിന് ഇമാമത്ത് നിന്നിരുന്ന വ്യാപാര പ്രമുഖനായിരുന്നു മുഹമ്മദ് സാഹിബ്. അദ്ദേഹത്തിന്റേത് മറ്റൊരു ചരിത്രമാണ്. ഇ.കെ അബ്ദുല്‍ ഖാദിര്‍ സാഹിബിനെ പഠിപ്പിച്ച് വളര്‍ത്തിയതും അദ്ദേഹമാണ്. മാതൃകാ മഹല്ല് സംവിധാനത്തെക്കുറിച്ച് അക്കാലത്ത് തന്നെ പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് മുഹമ്മദ് സാഹിബ്.
1964-65 കാലത്താണ് ഇ.കെ കുടുംബമേതം ഇവിടെ താമസമാക്കുന്നത്. തോട്ടത്തുംപടി പള്ളിയില്‍ സംഘടിത ഫിത്വ്ര്‍ സകാത്ത്, സംഘടിത ഉളുഹിയത്ത്, സാമൂഹിക ഇഫ്ത്വാര്‍ തുടങ്ങിയവ ആരംഭിക്കുന്നതിന് ഇ.കെയും പി.കെ ശംസുദ്ദീനുമായിരുന്നു മുന്നില്‍ നിന്നത്. പണ്ഡിതരും സമസ്തയുടെ നേതാക്കളുമായിരുന്ന കട്ടുപ്പാറ അബൂബക്കര്‍ മുസ്‌ലിയാര്‍, എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ഈ സന്ദര്‍ഭത്തില്‍ ഇവിടെ ഖത്വീബുമാരായിരുന്നു. ഈ പണ്ഡിതന്മാര്‍ അന്ന് പള്ളി മിമ്പറില്‍നിന്നുതന്നെ ജുമുഅ ഖുത്വ്ബ മലയാളത്തില്‍ നിര്‍വഹിച്ചിരുന്നത് ഇന്ന് അത്ഭുതമായി തോന്നാം. ഇ.കെ മദ്‌റസ മാനേജറായിരിക്കെ വിദ്യാര്‍ഥികള്‍ക്കായി, 'സാഹിത്യ സമാജം' കൊണ്ടുവന്നു. എല്ലാവരെയും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുപോകാന്‍ ഇ.കെക്ക് നല്ല മിടുക്കുണ്ടായിരുന്നു. 1960-കളുടെ അവസാനവും 1970-കളുടെ തുടക്കവും നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്ന കാലമാണ്. 
കോട്ടയത്തുണ്ടായിരിക്കെ ഇ.കെ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു. ഡി.സി.സി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചപ്പോള്‍, മദ്യം വാങ്ങിക്കൊടുത്ത് വോട്ടുറപ്പിക്കാത്തതിനാല്‍ തോറ്റുപോയ അനുഭവം ഇ.കെ അനുസ്മരിക്കാറുണ്ടായിരുന്നു. മുന്‍ സ്പീക്കര്‍ എ.സി ജോസും കെ. ടി തോമസും ഇ.കെയുമായി അടുത്ത ബന്ധമുള്ളവരായിരുന്നു. ജമാഅത്തുമായി ബന്ധപ്പെട്ട കേസിലെ വിധിയെക്കുറിച്ച്, 'ഇ.കെ ഏതു ഭാഗത്താണോ ഉള്ളത്, അവിടെ ശരിയുണ്ടാകുമെന്ന്' കെ.ടി തോമസ് പറഞ്ഞത് വെറും വാക്കായിരുന്നില്ല! ഇ.കെയുടെ ക്രെഡിബിലിറ്റി വളരെ വലുതായിരുന്നു. എ.സി ജോസും കെ.ടി തോമസും പല വിഷയങ്ങളിലും ഇ.കെയുടെ ഉപദേശങ്ങള്‍ തേടിയിരുന്നു. 
ഔപചാരിക ദീനീ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ല ഇ.കെ. പക്ഷേ, നന്നായി വായിച്ചു പഠിക്കുമായിരുന്നു. നല്ല വായനക്കാരനായിരുന്ന ഇ.കെ, ഏതാണ്ടെല്ലാ ഖുര്‍ആന്‍ വിവര്‍ത്തനങ്ങളും വായിച്ചിട്ടുണ്ട്. പണ്ഡിതന്‍മാരായ കെ. മൊയ്തു മൗലവി, കെ.എന്‍ അബ്ദുല്ല മൗലവി എന്നിവരുമൊക്കെയായി നല്ല ബന്ധമുണ്ടായിരുന്നു. 1960-കളില്‍ മൊയ്തു മൗലവി കോട്ടയത്ത് വരുമ്പോള്‍ ഇ.കെ കാണാറുണ്ടായിരുന്നുവത്രെ.! സി.എന്‍ അഹ്മദ് മൗലവിയുടെ പുസ്തകങ്ങളൊക്കെ ഇ.കെയുടെ വീട്ടീല്‍ ഉണ്ടായിരുന്നു. സി. എന്നുമായും അദ്ദേഹത്തിന് ഊഷ്മള ബന്ധമുണ്ടായിരുന്നു. പി.വി കുഞ്ഞുമൊയ്തീന്‍ മൗലവി ഖത്വീബ് ആയിരുന്നപ്പോള്‍ പുല്ലേപ്പടിയിലെ ഇസ്‌ലാമിക് സ്റ്റഡി സര്‍ക്കിളിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇ. കെ, എക്കാലത്തും പുരോഗമന കാഴ്ച്ചപ്പാട് തന്നെയാണ് പുലര്‍ത്തിയിരുന്നത്. ആശയങ്ങള്‍ നന്നായി അവതരിപ്പിച്ച് സംസാരിക്കാന്‍ ഇ.കെക്ക് കഴിയുമായിരുന്നു. എന്നെ ഒരുപാട് പ്രചോദിപ്പിക്കുകയും പിന്തുണക്കുകയും ചെയ്ത വ്യക്തിത്വമാണ് അദ്ദേഹം. എം. ബാവ മുപ്പനെയും മറ്റു പലരേയും ദീനിയായി പ്രചോദിപ്പിച്ചിട്ടുണ്ട്. ഖത്വീബ് ട്രെയ്‌നിങ്ങ് കോഴ്‌സ്, ദഅ്‌വ കോളേജ് എന്നിവയുടെയൊക്കെ പിന്നിലും ഇ.കെയുടെ ചിന്തകളും പിന്തുണകളുമുണ്ടായിട്ടുണ്ട് എന്നത് പലര്‍ക്കുമറിയില്ല!
എറണാകുളം മുസ്‌ലിം അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ ഇ.കെ മുന്നില്‍ നിന്നു. നിരവധി ഖുര്‍ആന്‍ പഠന ക്ലാസുകള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുകയുണ്ടായി. ഇന്ന് വ്യാപകമായ വെക്കേഷന്‍ ക്ലാസുകള്‍ കേരളീയ മുസ്‌ലിംകള്‍ക്ക് സംഭാവന ചെയ്തതും ഇ.കെയാണ്. സ്‌കൂള്‍ അവധിക്കാലത്ത് സ്വന്തം മക്കള്‍ക്കും പരിചിത വൃത്തത്തിലെ കുട്ടികള്‍ക്കും വീട്ടില്‍ ദീനീ വിഷയങ്ങളില്‍ ഒരു മാസം നീളുന്ന റ്റിയൂഷന്‍ ഏര്‍പ്പെടുത്തിയായിരുന്നു ഇതിന്റെ തുടക്കം. എന്റെ മക്കളും ഈ ക്ലാസുകളില്‍ പങ്കെടുക്കുകയുണ്ടായി. പിന്നീട് പുല്ലേപ്പടി ദാറുല്‍ ഉലൂം സ്‌കൂളില്‍ നൂറോളം കുട്ടികള്‍ക്കായി  എം. സലാഹുദ്ദീന്‍ മദനിയുടെ നേതൃത്വത്തില്‍ വെക്കേഷന്‍ മദ്‌റസ ആരംഭിച്ചു. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്, ആദ്യമായി വെക്കേഷന്‍ ക്യാമ്പ് ആരംഭിക്കുന്നത് ചാലക്കല്‍ ആണെന്നാണ് ഓര്‍മ. സ്ത്രീകള്‍ക്കു വേണ്ടി ഖുര്‍ആന്‍ പഠനക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും എടവണ്ണ ജമീല ടീച്ചര്‍ ഉള്‍പ്പെടെയുള്ളവരെ റമദാനില്‍ ഇവിടെ കൊണ്ടുവരികയും ചെയ്തിരുന്നു അദ്ദേഹം. സംഘടിത ഉളുഹിയത്ത്, സംഘടിത ഫിത്വ്ര്‍ സകാത്ത്, സംഘടിത ഇഫ്ത്വാര്‍, ഹാജിമാര്‍ക്ക് യാത്രയയപ്പ് ആരംഭിച്ചത് ഇതിലൊക്കെ ഇ.കെയുടെ നേതൃത്വമുണ്ടായിരുന്നു. ഇത്തരം വിഷയങ്ങളിലെല്ലാം ആശയപരമായ മുന്‍കൈ ഇ.കെയുടേതായിരുന്നു. യുവാക്കളുമായി ഇടപഴകാന്‍ ഇ.കെക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എം.ഇ.എസിന്റെ ആദ്യത്തെ കോര്‍ ഗ്രൂപ്പില്‍ പെട്ടയാളാണ് ഇ.കെ. ഇതിനൊക്കെ ശേഷമാണ് ഞാന്‍ എം.ഇ.എസില്‍ വരുന്നത്. ഡോ.പി.കെ അബ്ദുല്‍ ഗഫൂറും ഇ.കെയും വിവാഹം കഴിച്ചിരിക്കുന്നത് കസിന്‍സിനെയാണ്. പക്ഷേ, നേതൃത്വത്തില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. ഇ.കെ മുഹമ്മദ് സാഹിബ് എം.ഇ.എസ് പ്രസിഡന്റായിരുന്നപ്പോള്‍, സംസ്ഥാന സെക്രട്ടറിയായി നിയമിതനായ അബ്ദുല്‍ ഖാദിര്‍ സാഹിബ് ആ സ്ഥാനം രാജിവെക്കുകയായിരുന്നു. സഹോദരങ്ങള്‍ ഒരുമിച്ച് നേതൃത്വത്തില്‍ വേണ്ട എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എങ്കിലും എം.ഇ.എസിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി, ഓര്‍ഫനേജ് കമ്മിറ്റി,  സ്‌കോളര്‍ഷിപ്പ് കമ്മിറ്റി, എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് കമ്മിറ്റി, കള്‍ച്ചറല്‍ അഫേഴ്‌സ് തുടങ്ങിയവയുടെയൊക്കെ നേത്യത്വത്തിലുണ്ടായിരുന്നു അദ്ദേഹം. എം.ഇ.എസ് സ്ഥാപനങ്ങളില്‍ ദീനിയായ അന്തരീക്ഷം വേണമെന്ന ആഗ്രഹം അതിയായി ഉണ്ടായിരുന്നു ഇ.കെക്ക്. കുറ്റിപ്പുറം, മാറമ്പള്ളി എം.ഇ.എസ് കോളേജ് കാമ്പസുകളില്‍  പള്ളി പണിയുന്നതില്‍ അദ്ദേഹത്തിന്റെ സ്വാധീനം വലുതായിരുന്നു. എനിക്ക്, വ്യക്തിപരമായി ഏറെ അടുപ്പവും കുടുംബ ബന്ധവുമുണ്ടായിരുന്ന ഇ.കെയുടെ വിയോഗം (2012 ഫെബ്രുവരി) വലിയ വിടവാണ് ജീവിതത്തില്‍ സൃഷ്ടിച്ചത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌