വാക്കുകളുടെ വിനിയോഗം വിശ്വാസത്തിന്റെ ഭാഗമാണ്
പ്രതിവിചാരം
പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായ ദ്രോണാചാര്യര്‍ മഹാഭാരത യുദ്ധത്തില്‍ കൗരവ പക്ഷത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ പുത്രനാണ് അശ്വത്ഥാമാവ്. ദ്രോണരെ വകവരുത്താന്‍ ശ്രീകൃഷ്ണന്‍ പാണ്ഡവ പടത്തലവനായ യുധിഷ്ഠിരനു പറഞ്ഞു കൊടുക്കുന്ന ഉപായം മകന്‍ അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു ദ്രോണരുടെ മനോവീര്യം തകര്‍ക്കുക എന്നതായിരുന്നു. 'യുധിഷ്ഠിരാ, ജീവരക്ഷക്കായി പറയുന്ന അസത്യം ജീവഹാനിപ്രദമാകുന്ന സത്യത്തേക്കാള്‍ ശ്രേഷ്ഠമാണ്. സത്യത്തേക്കാള്‍ നന്മ വരുത്തുന്ന അസത്യങ്ങളുണ്ട്. ജീവനെ രക്ഷിക്കാനായി കള്ളം പറയുന്നതില്‍ പാപമില്ല രാജാവേ' എന്നായിരുന്നു കൃഷ്‌ണോപദേശം. എന്തായാലും ചതിയില്‍ വഞ്ചന പാടില്ലല്ലോ. സത്യം മാത്രം പറയുന്ന ധര്‍മപുത്രനായ യുധിഷ്ഠിരന്‍ ഒരു ആനയ്ക്ക് അശ്വത്ഥാമാവ് എന്ന് പേരിട്ട് അതിനെ കൊന്ന് അശ്വത്ഥാമാവ് കൊല്ലപ്പെട്ടു എന്ന് വിളിച്ചു പറഞ്ഞു. അത് കേട്ട് തളര്‍ന്ന് നിരായുധനായ ദ്രോണാചാര്യരെ സ്വന്തം ശിഷ്യന്മാരായ പാണ്ഡവപ്പട വധിക്കുകയായിരുന്നു എന്നാണ് ഐതിഹ്യം. 'വ്യാജം ഉദ്ദേശിച്ച് സത്യം പറയുക' എന്ന ഒരു പ്രയോഗം ഇസ്ലാമിക ചരിത്രത്തിലും കാണാം. സ്വിഫീന്‍ യുദ്ധവേളയില്‍ പരാജയ മുഖത്ത് നിന്ന് രക്ഷപ്പെടാന്‍ മറുപക്ഷത്ത് നിന്ന് ഒരു ഖുര്‍ആന്‍ സൂക്തം ഉദ്ധരിക്കപ്പെട്ടപ്പോള്‍ ഇമാം അലി (റ) അതിനെ വിശേഷിപ്പിച്ചത് 'കലിമത്തു ഹഖിന്‍ യുറാദു ബിഹല്‍ ബാത്വില്‍' (വ്യാജം ഉദ്ദേശിച്ചുള്ള സത്യവാക്ക്) എന്നാണ്.
ചതി 'ധര്‍മ'മാകുന്ന രണാങ്കണങ്ങളില്‍ വാക്കുകള്‍ വിഷം പുരട്ടിയ അസ്ത്രങ്ങളാകുന്ന അവസ്ഥകള്‍ ചരിത്രത്തിലും ഐതിഹ്യങ്ങളിലും ഇതുപോലെ നിരവധിയുണ്ട്. എന്നാല്‍ സ്ഥാനത്തും അസ്ഥാനത്തും കാടിളക്കി കൊമ്പു കുലുക്കി ചിന്നം വിളിച്ചു വരുന്ന വാക്കുകള്‍ ഈ സത്യാനന്തര കാലത്ത് വരുത്തി വെക്കുന്ന വിപത്തുകള്‍ മഹാഭാരത കാലത്തുള്ളതിനേക്കാള്‍ അതിഭീകരമാണ് എന്ന് പറയാതെ വയ്യ. ചാണക്യന്റെ അര്‍ഥശാസ്ത്രത്തില്‍ വാക്പാരുഷ്യം എന്ന ഒരധ്യായമുണ്ട്. അതില്‍ മൂന്ന് തരം പരുഷവാക്കുകളെ ഉപന്യസിക്കുന്നുണ്ട്. ഉപവാദം (ആളുകളെ പറ്റിയുള്ള നിന്ദാപരമായ പരാമര്‍ശം), കുത്സനം (കുപ്രചാരണം), അഭിഭത്സനം (ഭീഷണി) എന്നിവയാണവ. ചന്ദ്രഗുപ്തമൗര്യന്‍ രാജ്യഭരണം നടത്തിയിരുന്നത് 'അര്‍ഥശാസ്ത്ര' വിധികള്‍ അനുസരിച്ചായിരുന്നുവത്രെ. ചാണക്യന് കൗടില്യന്‍ എന്നും പേരുണ്ട്. രാഷ്ട്രതന്ത്രത്തില്‍ സ്വന്തം അജണ്ടകള്‍ നടപ്പാക്കാന്‍ ഏത് ഉപായവും സ്വീകരിക്കാം എന്ന നിലപാടുകാരനായതിനാല്‍ കൗടില്യന്‍ എന്ന പേരുണ്ടായി എന്നാണ് ഒരു വിശ്വാസം. കുടിലതയില്‍ നിന്നാണ് കൗടില്യന്‍ ഉണ്ടായതെന്ന് ദോഷൈകദൃക്കുകള്‍!
എന്തായായും അര്‍ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ട വാക്പാരുഷ്യത്തിലെ മൂന്ന് ഇനങ്ങളും പ്രഖ്യാപിത ശത്രുക്കള്‍ക്കെതിരെ പ്രയോഗിക്കാന്‍ കച്ച മുറുക്കി ഇറങ്ങിയ അഭിനവ രാഷ്ട്രീയ ചാണക്യന്മാര്‍ നാട് ഭരിക്കുന്ന 'കലി'കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വാക്പാരുഷ്യത്തിന്റെ കുടില തന്ത്രങ്ങള്‍ പ്രകോപനത്തിന്റെ പ്രകമ്പനം സൃഷ്ടിച്ചു കൊണ്ട് 'മോഡി'ഫൈഡ് മഹാഭാരതത്തില്‍ നിരന്തരം ഉല്‍പാദിപ്പിക്കപ്പെടുന്നു. തന്റെ ആശ്രമത്തിലെ ദര്‍ഭപ്പുല്ലു കാലില്‍ തറച്ച് വേദനിച്ച ചന്ദ്രഗുപ്തനോട്, ഇനി അത് ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ ദര്‍ഭപ്പുല്ലുകളും പറിച്ചുമാറ്റാന്‍ ഉപദേശിച്ച, ക്രിസ്തുവിനു മൂന്നു നൂറ്റാണ്ട് മുമ്പ് ജീവിച്ച കൗടില്യന്റെ അര്‍ഥശാസ്ത്ര വിധികളെ വെല്ലുന്ന കുടിലതന്ത്രങ്ങള്‍ ചിന്തന്‍ ബൈഠക്കുകളിലൂടെ രൂപപ്പെടുകയും ഓരോന്നോരോന്നായി നടപ്പാക്കുകയും അതിനവര്‍ പുഴു മുതല്‍ പൂഞ്ഞാര്‍ വരെയുള്ള സകല ഉഡായിപ്പുകളെയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ ഇരകളുടെ സംരക്ഷകരും പരിരക്ഷകരും ആകേണ്ടുന്നവര്‍ പക്വവും വിവേകപൂര്‍വവുമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് പകരം അസൂക്ഷ്മവും നിരര്‍ഥകവുമായ വാചാടോപങ്ങള്‍ നടത്തി വേട്ടക്കാര്‍ക്ക് ഊര്‍ജം പകരുകയാണ് ചെയ്യുന്നത് എന്നതാണ് ഏറെ സങ്കടകരം.
പതമുള്ളേടത്ത് പാതാളം പണിയാന്‍ വേതാളങ്ങള്‍ തക്കം നോക്കി നില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലിം സമുദായത്തിലെ പ്രബല മത സംഘടനകളുടെ തലപ്പത്തുള്ളവര്‍ അലസമായി വമിപ്പിക്കുന്ന വാക്കുകള്‍ വേട്ടക്കാര്‍ക്ക് ചൂണ്ടയിലിട്ട് കൊടുക്കുന്ന ഇരകളായി മാറുന്നത് നിസ്സഹായരായി കേട്ട് നില്‍ക്കാന്‍ മാത്രമേ സ്വന്തം അണികള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്ക് പോലും സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അരപ്പാണ്ഡിത്യവും ആവശ്യത്തിലധികം വാക്ചാതുരിയുമുണ്ടെങ്കില്‍ മോബ് മൊബിലൈസേഷന് ഏറെ സാധ്യതയുള്ള മതവേദികളില്‍ വായിലെ നാവ് ജീവനോപാധിയായവരുടെ അനവസരത്തിലുള്ള വാക്കുകളും, അനാവശ്യവും അപ്രസക്തവുമായ പ്രസ്താവനകളും എതിരാളികള്‍ ആഘോഷമാക്കുന്നു. പിന്നീടത് തല്ലിക്കെടുത്താന്‍ പറ്റാത്ത കാട്ടുതീയായി സാമൂഹിക മാധ്യമങ്ങളിലൂടെ സമൂഹം മുഴുവന്‍ ആളിപ്പടരുന്നു.
ഫാഷിസം തലക്ക് മുകളില്‍ പത്തി വിടര്‍ത്തി ആടുമ്പോഴും 'വഹാബിസമാണ് മാനവരാശിക്ക് ഭീഷണി' എന്ന് ഈണത്തില്‍ നീട്ടിവലിക്കുന്ന പണ്ഡിതമ്മന്യനും 'നബി തിരുമേനി ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ പോപുലര്‍ ഫ്രണ്ട് നേതാക്കളെ തല്ലുമായിരുന്നു' എന്ന് അണികളെ ആവേശഭരിതരാക്കുന്ന 'ധീര മുജാഹിദും' അത്ര ചെറിയ മീനുകളല്ല. കൃത്യമായ ടൈമിംഗില്‍ ഗ്രൗണ്ടില്‍ ഇറങ്ങിക്കളിക്കാന്‍ നല്ല മെയ് വഴക്കമുള്ള ഇക്കൂട്ടര്‍ക്ക് ദീപസ്തംഭം തന്നെയാണ് മഹാശ്ചര്യം. ആഗോള തീവ്രവാദത്തിന്റെ ഉറവിടങ്ങള്‍ സലഫീ - മൗദൂദി ചിന്താധാരകളാണ് എന്ന് സംഘ് പരിവാര്‍ പ്രചണ്ഡമായ പ്രചാരണം നടത്തി വരുന്ന സമയത്ത് തന്നെയാണ് അല്‍ ഖാസിമിയുടെ വെളിച്ചപ്പെടല്‍ ഉണ്ടാകുന്നത്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ നൂറാം ജന്മദിനാഘോഷവും ഹിന്ദു രാഷ്ട്ര പ്രഖ്യാപനവും സ്വപ്‌നം കാണുന്ന ആര്‍.എസ്.എസാകട്ടെ മുജാഹിദിന്റെ 'ഇനിയുള്ള രണ്ടു വര്‍ഷ' ജിഹാദ് പ്രഖ്യാപനത്തെ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. കേരള സലഫീ ഗ്രൂപ്പുകളിലെ 'വിവേക' (Wisdom)പര്‍വത്തെ പ്രതിനിധാനം ചെയ്യുന്ന ആള്‍ കൂടിയാണ് ഇദ്ദേഹം എന്നത് മറ്റൊരു വിരോധാഭാസം. ഇസ്‌ലാമോഫോബിയ വളര്‍ത്താനുള്ള സംഘ് പരിവാര്‍ ശ്രമങ്ങളെ സര്‍ഗാത്മകമായി ചെറുക്കാനും, സമരം നയിക്കാനും അതിന്റെ പേരില്‍ പീഡനങ്ങള്‍ ഏറ്റുവാങ്ങാനും മുഖ്യധാരാ മതസംഘടനകളില്‍ നിന്നും ഇടത് വലത്- ലിബറല്‍ ഇടങ്ങളില്‍ നിന്നും ഒരു പോലെ 'പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍' എന്ന് പഴി കേള്‍ക്കേണ്ടി വരുന്ന ഒരു ചെറു സംഘം ഉണ്ടെന്നും, ആയതിനാല്‍ ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതാണ് തല്‍ക്കാലം 'ഗുണം ചെയ്യുക' എന്നും നല്ല ബോധ്യമുള്ളത് കൊണ്ടാണ് ഇക്കൂട്ടര്‍ സെയ്ഫ് സോണില്‍ ഇരുന്ന് ഇമ്മാതിരി ഡയലോഗുകള്‍ അടിക്കുന്നത്.
എല്ലാ കാലത്തും ഏറെ ഉത്തരവാദിത്തം ആവശ്യപ്പെടുന്ന ഒരു കാര്യമാണ് വാക്കുകളുടെ വിനിയോഗം. വാക്കുകളുടെ ആഭിജാത്യം കാത്തുസൂക്ഷിക്കല്‍ പവിത്രമായ ഒരു കടമയാണ്. കേവലം അക്ഷരങ്ങളല്ല വാക്കുകള്‍. അഗ്‌നിയാണ്; ചിന്തയുടെ താക്കോലാണ്. മൊഴിയുന്നതിനു മുമ്പ് രണ്ട് വട്ടമെങ്കിലും ആലോചിക്കുകയും ആലോചനയിലുള്ളത് മുഴുവന്‍ മൊഴിയാതിരിക്കുകയും ചെയ്യുക എന്നതാണ് ഓരോ വാക്കും നമ്മോട് പറയുന്നത്. അല്ലാത്ത പക്ഷം വാക്കുകളിലൂടെ പടരുന്ന അഗ്‌നിസ്ഫുലിംഗങ്ങള്‍ അത് പുറത്ത് വരുന്ന വക്ത്രത്തെയല്ല, സമൂഹ ഗാത്രത്തെയാകമാനമായിരിക്കും കരിച്ചു കളയുക. ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം വിശ്വാസത്തിന്റെ ഭാഗമാണ് വാക്കുകളുടെ വിനിയോഗം. 'അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വാസമുള്ളവന്‍ നല്ലതു പറയട്ടെ; അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ' എന്നാണ് തിരുവചനം.
വായില്‍ നിന്ന് വരുന്ന വാക്കുകളില്‍ വിവേകത്തിന്റെ അംശലേശം പോലുമില്ലെങ്കില്‍ മൗനം തന്നെയാണ് ഏറ്റവും നല്ല വാക്ക് എന്നര്‍ഥം. ഇരകള്‍ക്ക് നേരെ വരുന്ന വാക്ശരങ്ങളെ തത്തുല്യമോ അതിനേക്കാള്‍ മാരകമോ ആയ പ്രതിശരങ്ങള്‍ കൊണ്ട് പ്രതിരോധിക്കുമ്പോള്‍ വേട്ടക്കാരുടെ തന്ത്രങ്ങളാണ് ലക്ഷ്യം കാണുന്നത്. ''നന്മയും തിന്മയും തുല്യമാവുകയില്ല. തീയതിനെ ഏറ്റവും വലിയ നന്മ കൊണ്ട് തടയുക. അപ്പോള്‍ നിന്നോട് ശത്രുതയില്‍ കഴിയുന്നവര്‍ ആത്മ മിത്രത്തെ പോലെയായിത്തീരും. സഹനമവലംബിക്കുന്നവര്‍ക്കല്ലാതെ ഈ നിലവാരത്തിലെത്താന്‍ കഴിയില്ല. മഹാ ഭാഗ്യവാന്മാര്‍ക്കല്ലാതെ ഈ പദവി ലഭ്യമല്ല'' (വിശുദ്ധ ഖുര്‍ആന്‍ 41: 34, 35).
Comments