'നോഡീ, നോഡീ പൂജ നോഡീ'
വയസ്സ് 89 അടുത്തു. ദുന്‍യാവ് പോ പോ എന്ന് പറയുകയും ഖബ്ര്‍ വാ വാ എന്ന് വിളിക്കുകയും ചെയ്യുകയാണ്. ഈ സന്ദര്‍ഭത്തില്‍ മനസ്സിന് തണുപ്പേകും വിധം മന്ദമാരുതനായി എത്തിക്കൊണ്ടിരിക്കുന്ന മധുരസ്മരണകള്‍ ആണ് ആശ്വാസം. ഇതിനു ഞാന്‍ കടപ്പെട്ടിരിക്കുന്നത് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) പ്രസിദ്ധീകരിച്ച ഖുതുബാത്ത്, ഇസ്‌ലാമും ജാഹിലിയ്യത്തും, ഇസ്‌ലാം മതം, രൂപവും യാഥാര്‍ഥ്യവും, നിര്‍മാണവും സംഹാരവും തുടങ്ങിയ പുസ്തകങ്ങളോടും 1959 മുതല്‍ക്കുള്ള പ്രബോധനം വായനയോടുമാണ്. അല്ലാഹുവിന് സ്തുതി.
1959 വരെ ജീവിതം പല വഴികളിലൂടെയും കടന്നുപോയപ്പോള്‍ നമസ്‌കരിക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു. 1954-ല്‍ ഞാന്‍ പഠിച്ചിരുന്നത് ബാംഗ്ലൂരില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള 1400 ഏക്കര്‍ വിസ്തീര്‍ണമുള്ള മദ്രാസ് മൃഗസംരക്ഷണ വകുപ്പിന്റെ അധീനതയിലുള്ള ഹുസൂര്‍ ലൈവ്‌സ്റ്റോക്ക് ഫാമില്‍ ആയിരുന്നു. അതിനു സമീപത്ത് മുസ്‌ലിം വീടുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും, താമസിച്ചിരുന്ന ഹോസ്റ്റല്‍ ഗേറ്റിനു സമീപം റോഡ് വക്കില്‍ ഒരു മുസ്‌ലിം പള്ളി ഉണ്ടായിരുന്നു.
ഈ ഫാം സ്ഥാപിച്ചിരുന്നത് ടിപ്പുസുല്‍ത്താന്റെ കുതിരപ്പടയാളികള്‍ക്ക് വേണ്ടിയായിരുന്നു. കുതിരകളെ ഇവിടെയാണ് പരിപാലിച്ചിരുന്നത്. പിന്നീടത് ബ്രിട്ടീഷ് അധീനതയിലായി. തുടര്‍ന്ന് മദ്രാസ് സ്റ്റേറ്റ് മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ മൃഗസംരക്ഷണ ഫാമും മൃഗസംരക്ഷണ പഠനകേന്ദ്രവുമായി മാറി. വെള്ളിയാഴ്ചകളില്‍ സമീപ ഗ്രാമങ്ങളില്‍ നിന്ന് മുസ്‌ലിംകള്‍ കുതിരപ്പുറത്തും കാളവണ്ടിയിലും സഞ്ചരിച്ച് ജുമുഅ നമസ്‌കാരത്തിനായി ആ പള്ളിയില്‍ വരുമായിരുന്നു. എന്നെ വല്ലാതെ ആകര്‍ഷിച്ച കാഴ്ച. ആ പള്ളിയിലെ ബാങ്കുവിളി ഞാന്‍ താമസിച്ചിരുന്ന മുറിയില്‍ കേള്‍ക്കും. എന്നിട്ടും ഒരു വര്‍ഷത്തിനിടയില്‍ ആ പള്ളിയില്‍ കയറുകയോ ഒരു നേരം പോലും നമസ്‌കരിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് മദ്രാസ് വെറ്റിനറി കോളേജില്‍ പഠിച്ചിരുന്നപ്പോഴും 1959 വരെ മംഗലാപുരം, കാസര്‍കോട്, കൂത്തുപറമ്പ്, മാനന്തവാടി എന്നിവിടങ്ങളില്‍ മൃഗസംരക്ഷണ വകുപ്പില്‍ ജോലി ചെയ്തിരുന്നപ്പോഴും ഇതുതന്നെയായിരുന്നു എന്റെ സ്ഥിതി.
മംഗലാപുരത്ത് ജോലി ചെയ്തിരുന്നപ്പോള്‍ സിനിമാക്കമ്പം കാരണം ഒരു ഇംഗ്ലീഷ് ചിത്രം കണ്ടതിനുശേഷം പുറത്തുവന്നു വീണ്ടും ടിക്കറ്റ് എടുത്ത് സെക്കന്‍ഷോ കണ്ട അനുഭവവുമുണ്ട്.
കോഴിക്കൂട്ടിലെ നമസ്‌കാരവും
കുടഗര്‍ കണ്ടുനിന്ന പൂജയും
സര്‍ക്കാര്‍ ജോലി രാജി വെച്ചതിനു ശേഷം മരക്കച്ചവടവുമായി ബന്ധപ്പെട്ട് 1965-ല്‍ കണ്ണൂര്‍ ജില്ലയുടെയും കുടഗിലെയും അതിര്‍ത്തിയിലുള്ള ഒരു പ്രൈവറ്റ് ഫോറസ്റ്റില്‍ പോകേണ്ടിവന്നു. കൂടെ ആ കാടുമായി പരിചയമുണ്ടായിരുന്ന ഒരു മധ്യവയസ്‌കനും ഉണ്ടായിരുന്നു. മലബാറിലെ പ്രൈവറ്റ് ഫോറസ്റ്റുകള്‍ സര്‍ക്കാര്‍ ദേശവല്‍ക്കരിച്ചത് 1967-ലാണ്. ദേശവല്‍ക്കരണത്തിനു മുമ്പ് ധാരാളം വനപ്രദേശങ്ങള്‍ ജന്മിമാരുടെയും ദേവസ്വം ഊരാളന്മാരുടെയും അധീനതയിലായിരുന്നു. വനത്തിലെ കുറച്ചു മരങ്ങള്‍ ഞങ്ങള്‍ പരിശോധിച്ചു. അപ്പോഴേക്കും ഇരുട്ടു കനത്തു. തിരിച്ചു പോരാന്‍ സാധിക്കാത്ത വിധം വഴിയറിയാതെ തപ്പി നടക്കുന്നതിനിടയില്‍ കാട്ടാനകളുടെ പിണ്ടം കാലില്‍ തട്ടി. അപ്പോഴുണ്ടായിരുന്ന ഒരേ ഒരു അഭയം പ്രപഞ്ചനാഥനോടുള്ള പ്രാര്‍ഥന മാത്രമായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അല്‍പമകലെ ടോര്‍ച്ച് വെളിച്ചം കണ്ടു. ഞങ്ങള്‍ അവര്‍ കേള്‍ക്കത്തക്ക വിധം ഉച്ചത്തില്‍ കൂവി. ഫോറസ്റ്റ് ഗാര്‍ഡ്മാരായിരുന്നു. അവര്‍ ഞങ്ങളുടെ സമീപത്തെത്തി. ഞങ്ങള്‍ വനത്തില്‍ വരാനുള്ള കാരണം ആധികാരിക കടലാസ് കാണിച്ചതോടെ അവര്‍ക്ക് ബോധ്യമായി. രാത്രി ഞങ്ങള്‍ക്ക് അഭയം നല്‍കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നില്ല. അവര്‍ ഒറ്റമുറിയുള്ള കുടഗ് വനത്തിലെ ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു താമസിച്ചിരുന്നത്. അവര്‍ ഞങ്ങളെയും കൂട്ടി വനത്തിലൂടെ കുറെ നടന്നതിനു ശേഷം ഒരു വീട്ടിലെത്തി. ആ വീട്ടില്‍ വനിതകളും കുട്ടികളും താമസിക്കുന്നുണ്ടായിരുന്നു. വീട്ടില്‍ സൗകര്യമില്ലെന്ന് അവര്‍ ഞങ്ങളെ അറിയിച്ചു. കുറച്ചു നാളായി ഒഴിഞ്ഞുകിടക്കുന്ന ഒരു കോഴിക്കൂട് ഉണ്ട്, വേണമെങ്കില്‍ രാത്രി അവിടെ കഴിയാം എന്നും പറഞ്ഞു. അത് വലിയ ആശ്വാസമായി.
അവര്‍ തന്ന വിളക്കിന്റെ വെളിച്ചത്തില്‍ കോഴിക്കൂടിന്റെ അകം ഞങ്ങള്‍ കണ്ടു. അവിടവിടെയായി കുറച്ച് ഉണങ്ങിയ കോഴിക്കാഷ്ഠം ഉണ്ട്. ഞങ്ങള്‍ രണ്ടുപേരും അത് വൃത്തിയാക്കി. ഞങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന, തോര്‍ത്ത് വിരിച്ച് അടുത്തുണ്ടായിരുന്ന ഉറവ് വെള്ളത്തില്‍ നിന്ന് ശുദ്ധിവരുത്തി മഗ്‌രിബ് നമസ്‌കരിക്കാന്‍ തുടങ്ങി. കോഴിക്കൂട്ടില്‍ ഞങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കാനായി ഒരു കുടഗ് വനിത പുറത്തെത്തി. ഞങ്ങള്‍ രണ്ടുപേരും നമസ്‌കരിക്കുന്നത് കണ്ടു കുടഗ് വനിത വിളിച്ചുപറഞ്ഞു: 'നോഡീ നോഡീ പൂജ നോഡീ ഇല്ലിമ്പത്തി' (പൂജ കാണാന്‍ ഇങ്ങോട്ട് വരൂ).
നമസ്‌കരിച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കണ്ടത് അവിടെ ഉള്ളവരെല്ലാം ഭക്തിയോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നതാണ്. കിടക്കാന്‍ ഞങ്ങള്‍ക്ക് അവര്‍ പായയും കഴിക്കാന്‍ പാലും പഴവും തന്നു. രാവിലെ അവര്‍ തന്ന പ്രാതല്‍ കഴിച്ചതിനുശേഷം അവിടെനിന്നും ഒരു കുടഗനോടൊപ്പം രണ്ടു കിലോമീറ്റര്‍ അകലെ ഉണ്ടായിരുന്ന നാലു കടകള്‍ മാത്രമുള്ള ബുണ്ണാത്തി എന്ന അങ്ങാടിയിലെത്തി. അവിടെ നിന്ന് ഹുതുക്കേരിയിലേക്കുള്ള റോഡ് ഉണ്ടായിരുന്നു. ഹുതുക്കേരി - വീരാജ്‌പേട്ട വാഹനത്തില്‍ തലശ്ശേരിയില്‍ എത്താന്‍ ഹുതുക്കേരിയിലേക്ക് ആറു കിലോമീറ്റര്‍ നടന്നു. വഴിക്ക് മലയാളി നടത്തിയിരുന്ന ഒരു ചായക്കട കണ്ടപ്പോള്‍ അവിടെ കയറി. ചായ കുടിക്കുന്നതിനിടയില്‍ ഞങ്ങള്‍ എവിടെ നിന്നാണ് വരുന്നതെന്നും, രാത്രി എവിടെയാണ് കഴിഞ്ഞതെന്നും ചോദിച്ചു.
കുടഗന്റെ വീട്ടില്‍ ആണെന്ന് പറഞ്ഞപ്പോള്‍ കടക്കാരന്‍ ആശ്ചര്യത്തോടെ പറഞ്ഞു: മൂന്നു ദിവസം മുമ്പാണ് അവിടെ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ മുസ്‌ലിംകള്‍ പശുവിനെ അറുത്തതുകാരണം കുടഗര്‍ ഒരു മുസ്‌ലിമിനെ കൊന്നത്. ഹുതുക്കേരിയിലേക്കുള്ള നടത്തത്തിനിടയില്‍ ഞാനോര്‍ത്തു: കുടഗര്‍ക്ക് പശുവിനെ അറുത്ത മുസ്‌ലിംകള്‍ ശത്രുക്കള്‍, നമസ്‌കരിക്കുന്ന മുസ്‌ലിംകള്‍ അവര്‍ക്ക് ആദരണീയര്‍!
1970-കളില്‍ കച്ചവടങ്ങള്‍ പരാജയപ്പെട്ടതോടെ ജോലിക്ക് എത്തിച്ചേര്‍ന്നത് വയനാട്ടിലെ ഏലക്കായ എസ്റ്റേറ്റില്‍ ആയിരുന്നു. എന്റെ പ്രധാന ജോലി ജോലിക്കാര്‍ തോട്ടത്തില്‍ നിന്നു പറിച്ചു കൊണ്ടുവരുന്ന ഏലക്കായ സ്റ്റോക്ക് ഹൗസില്‍ ഉണക്കലും ഉണങ്ങിയതിന് ശേഷം തരം തിരിക്കലും അത് പരിശോധിക്കലുമായിരുന്നു. തരംതിരിച്ച് ഏലക്കായ വിപണിയിലെത്തിച്ച കണക്കും പണവും എത്തിച്ചു കൊടുക്കേണ്ട ചുമതലയും എനിക്കായിരുന്നു. ഇന്ത്യയില്‍ ഏലക്കായുടെ പ്രധാന വിപണി ഇടുക്കി ജില്ലയിലെ വണ്ടിപ്പേട്ടിലെയും ഹാസന്‍ ജില്ലയിലെ ശെക്ലാസ്പൂരിലെയും കുടഗിലെ മടിക്കേരിയിലെയും ഏലക്കായ ലേല വില്‍പന കേന്ദ്രങ്ങളായിരുന്നു.
വ്യത്യസ്ത വലുപ്പമുള്ള പച്ചനിറമുള്ള കൂടുതല്‍ സുഗന്ധമുള്ള ഏലക്കായയുമായി വയനാട്ടില്‍ നിന്നും എത്തിച്ചേരുന്ന ആള്‍ എന്ന നിലയില്‍ വടക്കേ ഇന്ത്യയില്‍ നിന്ന് എത്തിയിരുന്ന ഏല വ്യാപാരികള്‍ എന്നെ വിളിച്ചിരുന്നത് 'വയനാട് വാല' എന്നായിരുന്നു. ഒരു ദിവസം ഉച്ചഭക്ഷണത്തിനായി ലേലം നിര്‍ത്തിയപ്പോള്‍ മടിക്കേരിയിലെ ലേല സ്ഥാപനത്തിന്റെ എം.ഡി എന്നെ ഭക്ഷണത്തിനായി ക്ഷണിച്ചു. അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങളെത്തിയത് കുടഗില്‍ പ്രസിദ്ധമായ മടിക്കേരിയിലെ ഈസ്റ്റണ്‍ ഹോട്ടലില്‍. സിനിമ നിര്‍മാതാക്കളും മറ്റു വി.ഐ.പികളും എത്തിയിരുന്ന ഹോട്ടല്‍. ഞങ്ങള്‍ രണ്ടുപേരും ഡൈനിംഗ് ടേബിളിനു സമീപം ഇരുന്നപ്പോള്‍ സപ്ലയര്‍ രണ്ടു ഗ്ലാസും രണ്ട് സോഡാ കുപ്പിയും കൊണ്ടുവെച്ചു. എം.ഡി അയാളോട് എന്തോ പറഞ്ഞപ്പോള്‍ പിന്നെ കൊണ്ട് വെച്ചത് പച്ചനിറമുള്ള രണ്ട് കുപ്പികളായിരുന്നു. അത് കണ്ടപ്പോള്‍ എന്റെ മനസ്സിലേക്ക് ഉടനടി ആ പ്രവാചക വചനം കയറി വന്നു - 'മദ്യം വിളമ്പുന്നിടത്ത് നിന്ന് അകലുക.' ഞാന്‍ പെട്ടെന്ന് എഴുന്നേറ്റ് അല്‍പമകലെ ഒഴിഞ്ഞ ഒരു കസേരയില്‍ പോയിരുന്നു. അത് കണ്ട് അയാള്‍ ചോദിച്ചു: വാട്ട് ഹാപ്പന്റ്, കുട്ടൂ? ഞാന്‍ പറഞ്ഞു: സോറി!
അതുകേട്ട് അയാള്‍ വീണ്ടും പറഞ്ഞു: ഓര്‍ഡര്‍ മട്ടന്‍ ആന്റ് വാട്ട് യു ലൈക്!
മദ്യം വിളമ്പുന്ന ഹോട്ടലില്‍ ഹലാല്‍ മാംസം ലഭിക്കില്ലെന്ന് അറിഞ്ഞിരുന്നതിനാല്‍ എനിക്കു പറയേണ്ടിവന്നു: അയാം വെജിറ്റേറിയന്‍!
വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു കാറില്‍ മടങ്ങുന്നതിനിടയില്‍ ബാംഗ്ലൂര്‍ സ്വദേശിയായിരുന്ന എംഡി ചോദിച്ചു: 'വീടുകള്‍ സന്ദര്‍ശിച്ച് ലിറ്ററേച്ചര്‍ വിതരണം ചെയ്യുന്ന ഒരു കൂട്ടര്‍ ഉണ്ടല്ലോ. അവരില്‍ പെട്ട ആളാണോ നിങ്ങള്‍?'
അടുത്ത ആഴ്ച ഏലക്കായ ലേലത്തില്‍ പങ്കെടുത്തതിനുശേഷം ഉച്ചഭക്ഷണത്തിനായി പുറത്തുവന്നപ്പോള്‍ ഏലത്തോട്ടം ഉടമയായ ഒരു ബ്രാഹ്മണന്‍ എന്നെ സമീപിച്ചു പറഞ്ഞു; ടുഡേ ലഞ്ച് വിത്ത് മി! ഞാന്‍ വിസമ്മതം പ്രകടിപ്പിച്ചപ്പോള്‍ അയാള്‍ പറഞ്ഞു: ഡോണ്ട് വറി അയാം പ്യൂര്‍ വെജിറ്റേറിയന്‍!
കഴിഞ്ഞ ആഴ്ചത്തെ അനുഭവം എം.ഡി അയാളോട് പറഞ്ഞിട്ടുണ്ടായിരിക്കാം.
കാറില്‍ അയാളുടെ വീട്ടിലെത്തി അല്‍പനേരം സ്വീകരണമുറിയില്‍ ഇരുന്നപ്പോള്‍ എന്റെ കൈയില്‍ ഒരു ബാത്ത്ടവല്‍ തന്നു കൊണ്ട് പറഞ്ഞു: you can clean your body.
അടുത്തുണ്ടായിരുന്ന ബാത്ത്‌റൂമില്‍ പോയി മുഖവും കൈയും വൃത്തിയാക്കി തീന്‍മേശയില്‍ അയാളോടൊപ്പമിരുന്നു ഭക്ഷണം കഴിച്ചു. അന്നു വൈകുന്നേരം മടിക്കേരി ടൗണില്‍ വെച്ച് പരിചയമുണ്ടായിരുന്ന ഒരു മുസ്‌ലിം, ബ്രാഹ്മണനോടൊപ്പം കാറില്‍ എവിടെയാണ് പോയത് എന്ന് ചോദിച്ചു.
വീട്ടില്‍ അയാളോടൊപ്പം ഊണ് കഴിക്കാന്‍ പോയതാണെന്ന് പറഞ്ഞപ്പോള്‍ അത് വിശ്വസിക്കാനാവാതെ അയാള്‍ പറഞ്ഞു: അന്യമതസ്ഥരെ അയാള്‍ വീട്ടില്‍ കയറ്റാറില്ല!
Comments