ഇസ്രയേലിന്റെ തിരോധാനം, ശിറീന്‍ അബൂ ആഖ്‌ലയുടെ വധം
യൂറോപ്യന്‍ കൊളോണിയല്‍ ശക്തികള്‍ക്കിടയിലും ഫലസ്ത്വീന്‍ അധിനിവേശപ്പെടുത്തിയ വെള്ള വംശക്കാരായ യൂറോപ്യന്‍ ജൂതന്മാര്‍ക്കിടയിലും അടുത്ത കാലത്തായി ഒരു ഭീതി പടരുന്നത് നാം കാണുന്നു. ഇസ്രയേലിന്റെ ഭാവി എന്താണ്, അത് ഇല്ലാതായിപ്പോകുമോ എന്നതാണ് ആ ഭീതി. ഇതിന് പല കാരണങ്ങളുണ്ട്. ഫലസ്ത്വീനിലും ലബനാനിലുമൊക്കെയുള്ള സായുധവും അല്ലാത്തതുമായ അതിശക്തമായ ചെറുത്തുനില്‍പ്പുകള്‍, മുമ്പത്തെപ്പോലെ പാശ്ചാത്യ രാഷ്ട്രങ്ങളില്‍നിന്ന് വേണ്ടത്ര പിന്തുണയും സഹകരണവും ലഭിക്കാതിരിക്കുന്നത്, ഇസ്രയേല്‍ വര്‍ണവെറിയന്‍/ അപാര്‍ത്തീഡ് രാഷ്ട്രമാണെന്ന് മനുഷ്യാവകാശ സംഘടനകളുടെ ഏകോപിച്ചുള്ള തുറന്നുപറച്ചില്‍, സമാന്തരമായി വികസിച്ചുവന്ന സോഷ്യല്‍ മീഡിയയില്‍ ഇസ്രയേലിന്റെ അതിക്രമങ്ങള്‍ പച്ചയായി തുറന്നുകാട്ടാന്‍ വിപുലമായ അവസരങ്ങള്‍ കൈവന്നത്... ഇതൊക്കെ ഏറിയോ കുറഞ്ഞോ അളവില്‍ ഈ ഭീതിക്ക് നിമിത്തമായിട്ടുണ്ടാവാം.
ഇസ്രയേലിന്റെ നിലനില്‍പിനെക്കുറിച്ച ഭീതി പടരുന്ന പശ്ചാത്തലത്തില്‍ വേണം രണ്ടാഴ്ച മുമ്പ് ബ്രിട്ടീഷ് രാജ്ഞി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ കാണാന്‍. ഒന്നാം ലോകയുദ്ധാനന്തരം ഇസ്രയേലിന്റെ നിര്‍മാണത്തില്‍ ഒന്നാം എഞ്ചിനീയറായി പ്രവര്‍ത്തിച്ചുപോരുന്ന ബ്രിട്ടന്റെ ഔദ്യോഗിക നിലപാടായി അതിനെ കാണണം. രാജ്ഞിയുടെ നാവിലൂടെ അത് പുറത്ത് വന്നു എന്നേയുള്ളൂ. ഇസ്രയേലിനെ ബഹിഷ്‌കരിക്കുന്ന സകല നീക്കങ്ങളില്‍നിന്നും പൊതു സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും അതിന് വേണ്ടി നിയമനിര്‍മാണം നടത്തുകയാണെന്നുമായിരുന്നു പ്രസ്താവന. ഫലസ്ത്വീനികളോട് ഏറ്റവും കൂടുതല്‍ വിദ്വേഷം പുലര്‍ത്തിക്കാണാറുള്ള ജര്‍മനി (ആ പട്ടത്തിന് വേണ്ടി വേറെ യൂറോപ്യന്‍ രാജ്യങ്ങളും മത്സരിക്കുന്നുണ്ടെങ്കിലും) അതിന്റെ ഔദ്യോഗിക വാര്‍ത്താ വിതരണ മാധ്യമമായ Deucsche Welleയില്‍നിന്ന് ഇസ്രയേല്‍ വിമര്‍ശകരായ അറബ് വംശജരെ പുറത്താക്കാന്‍ ശ്രമം തുടങ്ങിയതും ഇതേ സമയത്തുതന്നെ. ഫലസ്ത്വീന്‍ 'നഖബ'യോടനുബന്ധിച്ച് ഐക്യദാര്‍ഢ്യ പ്രകടനം നടത്തുന്നതും ജര്‍മനി നിരോധിച്ചിരിക്കുകയാണ്. ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ തുറന്നു കാണിക്കുന്ന റാലികളൊന്നും അനുവദിക്കുകയില്ലെന്ന് ഫ്രാന്‍സും ഉത്തരവിറക്കിയിട്ടുണ്ട്.
ഇങ്ങനെ ജര്‍മനിയിലും ഫ്രാന്‍സിലും ബ്രിട്ടനിലും യൂറോപ്യന്‍ യൂനിയനിലുമുള്ള കൊളോണിയല്‍ പ്രേതബാധ ഒഴിഞ്ഞുപോകാത്ത ഭരണകര്‍ത്താക്കളും സാക്ഷാല്‍ സയണിസ്റ്റ് അധിനിവേശകരും ചേര്‍ന്ന്, ഇസ്രയേലിനെ വിമര്‍ശിക്കുന്നത് തന്നെ കുറ്റകൃത്യമായി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. തങ്ങളുടെ നാട്ടില്‍ 'ലിബറല്‍ ഡമോക്രസി'യാണ് എന്ന് ആണയിടുന്ന ഇവര്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ കുഴിച്ചുമൂടുകയാണ് ചെയ്യുന്നത്. 'അന്താരാഷ്ട്ര ഹോളോകാസ്റ്റ് അനുസ്മരണ സഖ്യം' എന്നൊരു കൂട്ടായ്മയുണ്ട്. 2016-ല്‍ സ്ഥാപിതമായത്. 34 യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അതില്‍ അംഗങ്ങളാണ്. അംഗത്വം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ അന്താരാഷ്ട്ര ഔദ്യോഗിക സംഘടന, ഇസ്രയേലിനെ ലക്ഷ്യം വെക്കുന്നതും അതിന്റെ വര്‍ണ വിവേചന നയങ്ങളെ വിമര്‍ശിക്കുന്നതുമായ പരാമര്‍ശങ്ങളൊക്കെ 'സെമിറ്റിക് വിരുദ്ധത'യില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്.
വെള്ളക്കാരായ യൂറോപ്യന്മാര്‍ക്ക് മാത്രമല്ല, അധിനിവേശകരായി ഫലസ്ത്വീനിലെത്തിയ യൂറോപ്യന്മാര്‍ക്കും ഇസ്രയേല്‍ ഇല്ലാതായിപ്പോകുമോ എന്ന ഭയമുണ്ട്. മുന്‍ ഇസ്രയേല്‍ സൈനിക മേധാവിയും പ്രധാനമന്ത്രിയുമായ ഏഹൂദ് ബറാക് (ഇദ്ദേഹത്തിന്റെ കുടുംബത്തിന്റെ യൂറോപ്യന്‍ പേര് 'ബ്രോഗ്' എന്നാണ്. ലിത്വാനിയന്‍ അധിനിവേശ കുടുംബത്തില്‍ നിന്നുള്ളയാള്‍) ഈയിടെ ഇസ്രയേല്‍ രാഷ്ട്രം എണ്‍പത് വയസ്സ് തികക്കില്ല എന്ന് ആശങ്കപ്പെട്ടിരുന്നല്ലോ. മറ്റൊരു മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബിന്‍യാമിന്‍ നെതന്യാഹു (ഇദ്ദേഹത്തിന്റെ യൂറോപ്യന്‍ കുടുംബപ്പേര് മെലിക്കോവസ്‌കി. പോളണ്ടില്‍ നിന്നുള്ള അധിനിവേശ കുടുംബത്തില്‍ പെട്ടയാള്‍) അഞ്ച് വര്‍ഷം മുമ്പ് ഇസ്രയേല്‍ രാഷ്ട്രം നൂറ് വര്‍ഷം തികക്കില്ല എന്നാണ് ആശങ്കപ്പെട്ടത്. ചരിത്രത്തില്‍ ഇസ്രയേല്‍ ഭരണകൂടങ്ങള്‍ ഇല്ലാതായിപ്പോയതിന്റെ കണക്ക് വെച്ചാണ് ബറാകിന്റെയും നെതന്യാഹുവിന്റെയും പ്രവചനങ്ങള്‍. പൗരാണിക കാലങ്ങളില്‍ ഫലസ്ത്വീനില്‍ നിലവിലുണ്ടായിരുന്ന ഈ ഭരണകൂടങ്ങളൊന്നും എട്ട് പതിറ്റാണ്ടിലധികം നിലനിന്നിട്ടില്ല എന്ന ചരിത്ര വസ്തുതയാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.
ചരിത്രമാണ് നമ്മുടെ സാക്ഷ്യമെങ്കില്‍, ഇനി ബാക്കിയുള്ള ആറു വര്‍ഷത്തേക്ക് അല്ലെങ്കില്‍ 26 വര്‍ഷത്തേക്ക് ഇസ്രയേലിന്റെ നിലപാട് ഭൂതകാലത്ത് നിന്ന് ഒട്ടും ഭിന്നമായിരിക്കില്ല. ഈ വര്‍ഷങ്ങളിലും ഫലസ്ത്വീനികളെ ആട്ടിയോടിക്കുന്നതും അവരുടെ ഭൂമി പിടിച്ചെടുക്കുന്നതും അവര്‍ തുടരും. സകല ചെറുത്തുനില്‍പുകളെയും അവര്‍ അടിച്ചമര്‍ത്തും. വിമര്‍ശിക്കുന്നവരെ സെമിറ്റിക് വിരുദ്ധരായി മുദ്ര കുത്തും. ഹോളോകാസ്റ്റ് ഖഡ്ഗം വീശി സകല അതിക്രമങ്ങള്‍ക്കും ന്യായങ്ങള്‍ ചമയ്ക്കും. ലബനാനിലും സിറിയയിലും മാത്രമല്ല, കുറച്ച് വിദൂരത്തുള്ള ഇറാഖിലേക്ക് വരെ കടന്നുകയറും. സകല ക്രിമിനലിസവും 'സ്വയം രക്ഷ'യുടെ പേരില്‍! ഈ അതിക്രമങ്ങള്‍ക്കിടയിലും ഫലസ്ത്വീന്‍ ചെറുത്തു നില്‍പ് ശക്തമായി തുടരുന്നുണ്ടാവും. ഇവിടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇസ്രയേല്‍ തകരുന്നുണ്ടെങ്കില്‍ അത് ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്ന നിലക്കായിരിക്കില്ല. അത് ചെയ്തു കൂട്ടുന്ന അതിക്രമങ്ങളും നടപ്പാക്കുന്ന സെറ്റ്‌ലര്‍ കൊളോണിയലിസവും തന്നെയാവും അതിന്റെ അന്തകനാവുക.
ബറാകിന്റെയും നെതന്യാഹുവിന്റെയും 'പ്രവചനങ്ങള്‍'ക്ക് പിന്നിലുള്ള ദുഷ്ടലാക്കും കാണാതെ പോകരുത്. ഫലസ്ത്വീന്‍ മണ്ണില്‍ അനധികൃതമായി കുടിയേറിയ ജൂത കുടുംബങ്ങളെ ഇളക്കിവിടാനുള്ള തന്ത്രം കൂടിയാണിത്. ഇങ്ങനെ പേടിപ്പിച്ച് നിര്‍ത്തിയാല്‍ ഈ അനധികൃത കുടിയേറ്റക്കാര്‍ എപ്പോഴും സയണിസ്റ്റ് രാഷ്ട്രത്തിന്റെ ഒപ്പം നില്‍ക്കുമല്ലോ. യൂറോപ്യന്‍ വെള്ളക്കാരില്‍നിന്ന് കൂടുതല്‍ സൈനിക-സാമ്പത്തിക സഹായങ്ങള്‍ ലഭിക്കാനും 'സെമിറ്റിക് വിരുദ്ധത' അവരുടെ രാഷ്ട്രീയ നയത്തിന്റെ ഭാഗമാക്കിക്കാനും ഇതുവഴി സാധിക്കും.
ഇത്തരം കുത്സിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉള്ളതോടൊപ്പം തന്നെ, ഇസ്രയേല്‍ നടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങള്‍ വളരെ കൃത്യമായി ലോക ശ്രദ്ധയില്‍ കൊണ്ടുവരുന്ന നീക്കങ്ങള്‍ തീര്‍ച്ചയായും അവരെ നന്നായി ഭയപ്പെടുത്തുക തന്നെ ചെയ്യുന്നുണ്ട്. അല്‍ജസീറയുടെ മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടറായ ശിറീന്‍ അബൂ ആഖ്‌ലയെ വെടിവെച്ചു കൊന്നത് (വധശിക്ഷ നടപ്പാക്കിയത് എന്നാണ് കൂടുതല്‍ കൃത്യമായ പ്രയോഗം) അതിന് തെളിവാണ്. ജനീന്‍ അഭയാര്‍ഥി ക്യാമ്പിന് സമീപമുള്ള ഇസ്രയേലിന്റെ കൈയേറ്റ നീക്കങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടക്കാണ് ധീരയായ ഈ പത്രപ്രവര്‍ത്തകക്ക് നേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ക്കുന്നത്. 2002-ല്‍ എഡ്വേഡ് സൈദിന്റെ വീട്ടില്‍ വെച്ച് ഇവരെ നേരിട്ട് കാണാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഫലസ്ത്വീന്‍ മണ്ണിലെ ഏറ്റവും മികച്ച റിപ്പോര്‍ട്ടര്‍ എന്നുതന്നെ അവരെ വിശേഷിപ്പിക്കണം.
ഈ അരുംകൊലയോട് യൂറോ-അമേരിക്കന്‍ കൊളോണിയല്‍ തമ്പ്രാക്കന്മാര്‍ പ്രതികരിച്ചത് നാം കണ്ടതാണ്. പതിവ് പോലെ ഇസ്രയേലിന് സംരക്ഷണ കവചം തീര്‍ക്കുകയായിരുന്നു ഇവര്‍. അമേരിക്ക സംഭവത്തില്‍ 'ദുഃഖ'മെങ്കിലും പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂനിയന്റെ ഭാഗത്ത് നിന്ന് അതുമുണ്ടായില്ല. ഇസ്രയേലി കൊലപാതകികളെക്കുറിച്ച് ഒരക്ഷരം മിണ്ടുകയില്ലെന്ന് അവര്‍ നേരത്തേ നിശ്ചയിച്ചുറപ്പിച്ചിരുന്നു. ശിറീന്‍ അബൂ ആഖ്‌ല അമേരിക്കന്‍ പൗരയാണെന്നതൊന്നും അമേരിക്കന്‍ ഭരണകൂടത്തെ അസ്വസ്ഥപ്പെടുത്തില്ല. കഴിഞ്ഞ ജനുവരിയില്‍ ഫലസ്ത്വീന്‍ വംശജനും വൃദ്ധനുമായ ഒരു അമേരിക്കന്‍ പൗരനെ അധിനിവേശ സൈന്യം ഫലസ്ത്വീനില്‍ വെച്ച് അടിച്ചുകൊന്നിരുന്നു. അമേരിക്ക മിണ്ടിയില്ല. അതേ മൗനം തന്നെയാണ് ശിറീന്റെ കൊലപാതകത്തിലും നാം കാണുന്നത്.
യുക്രെയ്‌നില്‍ നടക്കുന്ന അതിക്രമങ്ങളോടും ഫലസ്ത്വീനില്‍ നടക്കുന്ന അതിക്രമങ്ങളോടും യൂറോ-അമേരിക്കന്‍ നിലപാടുകളില്‍ കാണുന്ന തികഞ്ഞ കാപട്യവും ഇരട്ടത്താപ്പും മാത്രമല്ല ഇവിടെ വിഷയം. ഭാവിയിലും ഈ ജൂത സെറ്റ്‌ലര്‍ കോളനിയെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഇത് ഫലസ്ത്വീന്‍ പ്രതിരോധത്തെയും പോരാട്ടങ്ങളെയും പല നിലയില്‍ അപകടപ്പെടുത്തും. യഥാര്‍ഥത്തിലുള്ളതും ഭാവനയിലുള്ളതുമായ അപകടങ്ങളും ഭീഷണികളും ഇടകലര്‍ന്നിരിക്കുന്ന ഈയൊരു ചുറ്റുപാടില്‍ ഉറപ്പിച്ച് പറയാന്‍ പറ്റുന്ന കാര്യം, ജൂത കുടിയേറ്റ അധിനിവേശത്തോടൊപ്പമായിരിക്കും എല്ലായ്‌പോഴും പാശ്ചാത്യ രാഷ്ട്രങ്ങള്‍ എന്നതാണ്.
ഫലസ്ത്വീന്‍ ദുരന്ത(നഖ്ബ)ത്തിന്റെ ഈ 74-ാം വാര്‍ഷികത്തില്‍, അടുത്ത ഭാവിയില്‍ ഇസ്രയേല്‍ അപ്രത്യക്ഷമായേക്കുമെന്ന പ്രവചനത്തില്‍ ഒരുപക്ഷേ അത്ര കണ്ട് അതിശയോക്തി ഉണ്ടാവണമെന്നില്ല. അങ്ങനെയൊരു വിധി വന്നുഭവിക്കാതിരിക്കാനുള്ള യൂറോ-അമേരിക്കന്‍ വൃഥാ ശ്രമങ്ങള്‍ തുടരുമെന്ന കാര്യത്തില്‍ ഒട്ടും അതിശയോക്തി ഇല്ലതാനും.
(ജോര്‍ദാനില്‍ ജനിച്ച ലേഖകന്‍ ഇപ്പോള്‍ അമേരിക്കയിലെ കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം പ്രഫസറാണ്. ഫലസ്ത്വീന്‍ പോലുള്ള പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുന്നു)
Comments