Prabodhanm Weekly

Pages

Search

2022 മെയ് 27

3253

1443 ശവ്വാല്‍ 26

അതിജീവനത്തെക്കുറിച്ച ആലോചനകള്‍

ടി.കെ.എം ഇഖ്ബാല്‍

ഇന്ത്യന്‍ മുസ്‌ലിംകള്‍ നേരിടുന്ന ഉന്മൂലന ഭീഷണിയെക്കുറിച്ചും മുസ്‌ലിം അതിജീവനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകളാണെങ്ങും. ഈ ചര്‍ച്ചകളും ആകുലതകളും ഏറിയോ കുറഞ്ഞോ അളവില്‍ ഇന്ത്യാ വിഭജനകാലം മുതല്‍ ഉണ്ടായിരുന്നു. ഇന്ത്യയിലെ വര്‍ഗീയ കലാപങ്ങളുടെ ചരിത്രത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. അലീഗഢ്, മീററ്റ്, നെല്ലി, ഭീവണ്ടി, അഹ്മദാബാദ്, മുറാദാബാദ്, ഭഗല്‍പൂര്‍ .....സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഓരോ വര്‍ഗീയ കലാപത്തിന്റെയും പാറ്റേണ്‍ ഏറക്കുറെ ഒന്നു തന്നെയായിരുന്നു. നിയമപാലകര്‍ നോക്കുകുത്തികളായി നില്‍ക്കെ മുസ്‌ലിംകളുടെ ജീവനും സ്വത്തും കവര്‍ന്നെടുക്കുക; അവരെ സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുക.
ബാബരി മസ്ജിദ് ധ്വംസനത്തില്‍ കലാശിച്ച സംഭവ വികാസങ്ങളോടെ സംഘ്ഫാഷിസം കൂടുതല്‍ രൗദ്രഭാവം പൂണ്ടു. 2002 ലെ ഗുജറാത്തില്‍ എത്തിയപ്പോഴേക്കും മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ കൃത്യമായും വംശഹത്യയുടെ രൂപം പ്രാപിക്കുന്നത് കാണാനായി. പൗരത്വ പ്രക്ഷോഭത്തോടുള്ള പ്രതികാരമെന്നോണം ദല്‍ഹിയില്‍ അതാവര്‍ത്തിച്ചു. ഉത്തരേന്ത്യന്‍ തെരുവുകളില്‍ ഇപ്പോള്‍ വീണ്ടും അതാവര്‍ത്തിക്കുന്നു; അധികാരത്തിലിരിക്കുന്നവരുടെ മൗനാനുവാദത്തോടെ. ഹിജാബ്, ഹലാല്‍ ഭക്ഷണം, ബാങ്ക് വിളി തുടങ്ങിയ മുസ്‌ലിം മത, സാംസ്‌കാരിക ചിഹ്നങ്ങളെ ഒന്നൊന്നായി നിരോധിക്കാനുള്ള ആസൂത്രിത ശ്രമങ്ങളും നടന്നു വരുന്നു. സംഘ് പരിവാര്‍ ഒരു ഭരണകൂട ശക്തിയായി മാറിയിരിക്കുന്നുവെന്നതും, അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് മുസ്‌ലിം ഉന്മൂലന അജണ്ട പടിപടിയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്നതുമാണ് മുമ്പും ഇപ്പോഴും തമ്മിലുള്ള കാര്യമായ അന്തരം.
ആര്‍ക്കും കൃത്യമായ പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനില്ലാത്ത വിധം സങ്കീര്‍ണമാണ് സാഹചര്യം. ഭീതിദമായ മൗനവും നിഷ്‌ക്രിയത്വവും രാഷ്ട്രീയ പാര്‍ട്ടികളെ പിടികൂടുമ്പോള്‍, സഹോദര സമുദായങ്ങളില്‍ നിന്ന് എതിര്‍പ്പിന്റെ ദുര്‍ബലമായ സ്വരങ്ങള്‍ പോലും ഉയരാതിരിക്കുമ്പോള്‍, നിയമവും നീതിപീഠവും ഇരകളെ കൈയൊഴിയുന്നുവെന്ന തോന്നല്‍ ശക്തിപ്പെടുമ്പോള്‍, മുഖ്യധാരാ മീഡിയ വെറുപ്പ് മാത്രം ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്‌ലിംകള്‍ എന്ത് ചെയ്യണം എന്ന അസ്വാസ്ഥ്യകരമായ ചോദ്യം വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നു.
മുസ്‌ലിം നേതൃത്വത്തിന്റെ നിസ്സഹായതയും നിര്‍ജീവതയും ഭീരുത്വമായി വ്യാഖ്യാനിക്കപ്പെടുന്നു. നിയമപാലകര്‍ നിസ്സംഗത പാലിക്കുമ്പോള്‍, സംഘ് പരിവാറിന്റെ സംഘടിതമായ ആക്രമണങ്ങളെ ചെറുക്കാന്‍ സമുദായം സ്വയം ശക്തിയാര്‍ജിക്കണം എന്ന വാദം ശക്തിയായി ഉയര്‍ന്നു വരുന്നു. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാന്‍ വേണ്ടിയുള്ള രാഷ്ട്രീയ കൊലകളും അതിനോടുള്ള പ്രതികരണമായി വരുന്ന പ്രതികാരകൊലകളും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്നു.

പൊതുബോധ നിര്‍മിതി

2011-ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ പതിനേഴ് കോടിയിലധികം വരും; മൊത്തം ജനസംഖ്യയുടെ പതിനാല് ശതമാനത്തിന് മുകളില്‍. ഇപ്പോള്‍ അത് ഇരുപത് കോടിയിലേറെ വരും എന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം സമൂഹങ്ങളില്‍ ഒന്ന്. ഇന്ത്യന്‍ സമൂഹത്തിന്റെ അവിഭാജ്യ ഘടകമായ, ഈ രാജ്യത്തിന്റെ നിര്‍മിതിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഇത്രയും വലിയ ഒരു ജനസഞ്ചയത്തെ ശാരീരികമായി ഉന്മൂലനം ചെയ്യുക എന്നത് ഏറക്കുറെ അസാധ്യമാണെന്ന് പറയേണ്ടി വരും.
ജനാധിപത്യ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കൊണ്ട് മുസ്‌ലിംകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി എടുത്ത് കളഞ്ഞ് അവരെ രണ്ടാം കിട പൗരന്‍മാരാക്കി മാറ്റാനാണ് സംഘ് പരിവാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ നേടിയെടുക്കുന്ന ജനപിന്തുണ ഇത്തരം നടപടികള്‍ക്കുള്ള സാധൂകരണമായി വ്യാഖ്യാനിക്കപ്പെടുന്നു. മീഡിയയെയും ഭരണകൂട സംവിധാനങ്ങളെയും ഉപയോഗിച്ചു കൊണ്ട് നിരന്തരമായ നുണപ്രചാരണങ്ങളിലൂടെ രാജ്യത്ത് മുസ്‌ലിം വിരുദ്ധ പൊതുബോധം സൃഷ്ടിച്ചെടുക്കുകയും അതിലൂടെ വംശീയ ഉന്മൂലനത്തിന് അനുകൂലമായി മണ്ണ് പാകപ്പെടുത്തുകയുമാണ്. മുസ്‌ലിംകളെ കൊല്ലാനും നശിപ്പിക്കാനുമുള്ള പരസ്യാഹ്വാനങ്ങള്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു നിയമ നടപടിയും ക്ഷണിച്ചു വരുത്തുന്നില്ല. ബാഹ്യസമ്മര്‍ദങ്ങളുടെ ഫലമായി വല്ലപ്പോഴും നിയമ നടപടികള്‍ക്ക് വിധേയമാവുന്നവരെ നിയമം നടപ്പിലാക്കേണ്ടവര്‍ തന്നെ രക്ഷിച്ചെടുക്കുന്നു. മറുവശത്ത്, പ്രതിഷേധിക്കുന്നവരെ നിയമം നിരന്തരം വേട്ടയാടുന്നു. ഭരണകൂടത്തിന്റെ ബോധപൂര്‍വമായ മൗനം ഉന്മൂലന നീക്കങ്ങള്‍ക്കുള്ള അംഗീകാരമായി മാറുന്നു.
ഇത്തരം ഒരു സാഹചര്യത്തില്‍ നിരന്തരമായ അപരവല്‍ക്കരണം നേരിടുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തിന് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വാസം നഷ്ടപ്പെടുക എന്നത് സ്വാഭാവികമായി സംഭവിക്കാവുന്ന കാര്യമാണ്. തീര്‍ത്തും അങ്ങനെ സംഭവിച്ചു കഴിഞ്ഞു എന്ന് പറയാന്‍ കഴിയില്ല. ഒരു പക്ഷെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കും അവരുടെ നേതൃത്വത്തിനും സംഭവിച്ച വലിയ തെറ്റ് ഇന്ത്യന്‍ മതേതരത്വത്തിന്റെ സഹജദൗര്‍ബല്യങ്ങള്‍ തിരിച്ചറിയാന്‍ വളരെ വൈകിപ്പോയി എന്നതാണ്. ഇന്ത്യന്‍ ഭരണഘടനയും ജനാധിപത്യ സംവിധാനവും നല്‍കിയ സുരക്ഷാ കവചത്തിനടിയില്‍ ഏത് നിമിഷവും ഫണം വിടര്‍ത്താന്‍ പാകത്തില്‍ ഒളിഞ്ഞു കിടന്ന വംശീയ ദേശീയതയുടെ ഭീഷണി മുന്‍കൂട്ടി കണ്ടറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ഹിന്ദുത്വ വംശീയത ആക്രമണോത്സുകമായി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഇത് വരെ തങ്ങള്‍ വിശ്വാസമര്‍പ്പിച്ച പാര്‍ട്ടികളും നേതാക്കളും അത്ഭുതകരമാം വിധം മൗനികളാവുന്നത് കണ്ട് അവര്‍ അമ്പരക്കുന്നു. മുസ്‌ലിംകളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് പോലും ന്യൂനപക്ഷ പ്രീണനമാവുമെന്നും ഭൂരിപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാന്‍ അത് കാരണമാക്കുമെന്നുമുള്ള തീര്‍പ്പില്‍ മതേതര കക്ഷികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കുന്നു. ഇത്തരം മുന്‍വിധികളെ ഭേദിക്കാന്‍ കെല്‍പുള്ള നേതാക്കളുടെ എണ്ണം ചുരുങ്ങിച്ചുരുങ്ങി വരുന്നു. മറ്റുള്ളവരില്‍ അമിതമായ വിശ്വാസമര്‍പ്പിച്ചത് കാരണം, രാഷ്ട്രീയമായും സാമൂഹികമായും സ്വയം ശാക്തീകരിക്കാന്‍ ഭരണഘടനയും ജനാധിപത്യവും നല്‍കിയ അവസരങ്ങള്‍ പോലും വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയതിന്റെ ദുരന്തഫലം പല രീതിയില്‍ മുസ്‌ലിം സമൂഹം അനുഭവിച്ചുകൊണ്ടിരിക്കുന്നു.

ഹിന്ദുത്വ എന്ന ഐഡിയോളജി

സംഘ് പരിവാറിന്റെ മുസ്‌ലിം വിരുദ്ധത അധികാരത്തിലെത്താനും അധികാരം നിലനിര്‍ത്താനുമുള്ള ഉപകരണം മാത്രമല്ല. അതവരുടെ ഐഡിയോളജിയില്‍ ഊട്ടപ്പെട്ടതാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും അപര സ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് സംഘ് പരിവാര്‍ അതിന്റെ ഹിന്ദുത്വ ഐഡിയോളജി വികസിപ്പിച്ചെടുത്തത്. അതിന് ഇന്ത്യയിലെ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ദീര്‍ഘചരിത്രവുമായി ബന്ധപ്പെട്ട കാരണങ്ങളുമുണ്ട്. ചരിത്രത്തോടുള്ള പ്രതികാരം എന്ന് പറയാം. ഇന്ത്യയുടെ ആര്യന്‍ / ബ്രാഹ്മണ പാരമ്പര്യത്തെ മഹത്വവല്‍ക്കരിച്ചു കൊണ്ട്, ഇന്ത്യയിലെ വിവിധ ജാതികളെയും ഉപജാതികളെയും ഗോത്ര സമൂഹങ്ങളെയും ആ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവരാക്കി മാറ്റാനും അവരെ മുഴുവന്‍ ഹിന്ദു എന്ന നിര്‍വചനത്തിന് കീഴില്‍ കൊണ്ട് വന്ന് അതിലൂടെ ഹിന്ദു ഐക്യം സാധിച്ചെടുക്കാനും വേണ്ടിയാണ് വി.ഡി.സവര്‍ക്കര്‍ ഹിന്ദുത്വ എന്ന ആശയത്തെ ആദ്യമായി മുന്നോട്ട് വെച്ചത്. ഹിന്ദുയിസം എന്ന വാക്കിന് പകരമായാണ് സവര്‍ക്കര്‍ ഹിന്ദുത്വ കണ്ടു പിടിച്ചത്. ഹിന്ദു എന്ന ഗുണത്തെയും സ്വത്വത്തെയുമാണ് (Hinduness) അത് സൂചിപ്പിക്കുന്നതെന്ന് Hindutwa- Who is a Hindu എന്ന പുസ്തകത്തില്‍ സവര്‍ക്കര്‍ എഴുതുന്നു. ഭാരതത്തെ പിതൃഭൂമിയായും പുണ്യഭൂമിയായും കാണുന്നവനാണ് സവര്‍ക്കറുടെ നിര്‍വചനത്തിലെ ഹിന്ദു. ഹിന്ദു എന്ന വാക്ക് വേദകാലത്തോളം പഴക്കമുള്ളതാണെന്ന് ഗ്രന്ഥകാരന്‍ കണ്ടുപിടിക്കുന്നു. ദേശവും ദേശീയതയും ദേശത്തോടുള്ള കൂറുമാണ് ഹിന്ദുവിനെ നിര്‍ണയിക്കുന്നത് എന്നര്‍ഥം. ഇന്ത്യയെ അതിന്റെ എല്ലാ വൈദിക പാരമ്പര്യത്തോടുമൊപ്പം പുണ്യഭൂമിയായി കാണുകയും പൂജിക്കുകയും ചെയ്യാത്തവരൊക്കെ ദേശം എന്ന നിര്‍വചനത്തിന് പുറത്താണ്. ആര്‍.എസ്.എസ് ആചാര്യനായ ഗോള്‍വാള്‍ക്കര്‍ ഈ ആശയത്തെ കൂടുതല്‍ വ്യക്തമായും ആക്രമണോത്സുകമായും അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെയും (മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍) വിപ്ലവ പ്രവര്‍ത്തകരെയും (കമ്യൂണിസ്റ്റുകള്‍) ഇന്ത്യ നേരിടുന്ന 'ആഭ്യന്തര ഭീഷണികളായി' പ്രഖ്യാപിച്ചു (Bunch of Thoughts). ഹിന്ദുസ്ഥാനത്തിലെ വിദേശ വംശങ്ങള്‍ (മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍) സ്വന്തമായ അസ്തിത്വം കൈയൊഴിഞ്ഞു കൊണ്ട് ഹിന്ദു വംശത്തില്‍ ലയിച്ചു ചേരുകയോ അല്ലെങ്കില്‍ പൗരത്വാവകാശങ്ങള്‍ പോലും ഇല്ലാതെ ഹിന്ദു രാഷ്ട്രത്തിന് വിധേയരായി ജീവിക്കുകയോ വേണമെന്ന് എഴുതി (We or Our Nationhood Defined, 1939).
ധാരാളം ഉദ്ധരിക്കപ്പെടാറുള്ള ഈ പരാമര്‍ശങ്ങള്‍ വീണ്ടും ഉദ്ധരിച്ചത് ഇപ്പോള്‍ നടക്കുന്നതൊന്നും യാദൃഛികമല്ല എന്ന് സൂചിപ്പിക്കാന്‍ വേണ്ടിയാണ്. സവര്‍ക്കറെയോ ഗോള്‍വാള്‍ക്കറെയോ ആര്‍.എസ്.എസ് കൈയൊഴിഞ്ഞുവെന്നതിന് യാതൊരു തെളിവുമില്ല. മറിച്ചുള്ള തെളിവുകള്‍ ധാരാളം ഉണ്ട്താനും. സംഘ് പരിവാറും അവര്‍ നയിക്കുന്ന ഭരണകൂടവും അതിനെ പിന്തുണക്കുന്ന മീഡിയയും മുസ്‌ലിംകളുമായി ബന്ധപ്പെട്ട എന്ത് വിഷയം വരുമ്പോഴും 'ദേശവിരുദ്ധര്‍' എന്ന വാക്ക് നിരന്തരം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് കൃത്യമായ അജണ്ടയോട് കൂടി തന്നെയാണ്.
ന്യൂനപക്ഷ വര്‍ഗീയത x ഭൂരിപക്ഷ വര്‍ഗീയത എന്ന ഇടത് ബൈനറിയില്‍ ഒതുക്കി നിര്‍ത്താന്‍ പറ്റുന്ന പ്രതിഭാസമല്ല സംഘ് പരിവാര്‍ എന്നാണ് പറഞ്ഞതിന്റെ ചുരുക്കം. വര്‍ഗീയത, ദേശവിരുദ്ധത, തീവ്രവാദം, ഭീകരവാദം തുടങ്ങിയ വാക്കുകള്‍ മുസ്‌ലിം കൂട്ടായ്മകളെയും സംരംഭങ്ങളെയും, ഭരണകൂട ഭീകരതക്കെതിരായ മുസ്‌ലിം പ്രതിഷേധങ്ങളെയും പൈശാചികവല്‍ക്കരിക്കാന്‍ വേണ്ടി സംഘ് പരിവാര്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമോഫോബുകള്‍ നിരന്തരം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതാണ്. കേവല വര്‍ഗീയതയല്ല, വംശീയ ദേശീയതയും ഫാഷിസവുമാണ് ഹിന്ദുത്വ ഐഡിയോളജിയുടെ മുഖമുദ്ര. ഇസ്‌ലാം / മുസ്‌ലിം എന്ന അപരത്തിന്റെ ഇന്ത്യന്‍ സമൂഹവുമായുള്ള ചരിത്രപരമായ ഇടപെടലിനെ റദ്ദ് ചെയ്യുകയും മുസ്‌ലിംകളുടെ അസ്തിത്വത്തെയും വ്യക്തിത്വത്തെയും ഇല്ലാതാക്കുകയും ചെയ്യുക എന്നത് അതിന്റെ വംശീയ അജണ്ടയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്.

ലളിതമായ ഉത്തരങ്ങളില്ല

സംഘ് ഫാഷിസത്തിന്റെ മുസ്‌ലിം ഉന്മൂലന അജണ്ടയെ എങ്ങനെ നേരിടണം എന്ന ചോദ്യത്തിന് ലളിതമായ മറുപടികളില്ല. ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന സായുധ ആക്രമണങ്ങള്‍ ഈ അജണ്ടയുടെ ഒരു ഭാഗം മാത്രമാണ്. ജീവനും സ്വത്തും ആക്രമിക്കപ്പെടുമ്പോള്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെയും നിയമത്തിന്റെയും ഭാഗമാണ്. ഭരണകൂടവും നിയമപാലകരും അക്രമികളുടെ പക്ഷം ചേരുമ്പോള്‍ ഇത്തരം ന്യായമായ പ്രതിരോധ ശ്രമങ്ങള്‍ പോലും ക്രൂരമായി അടിച്ചമര്‍ത്തപ്പെടും. ചെറുത്തു നില്‍ക്കുന്നവരെ കുറ്റവാളികളാക്കി മാറ്റി ഭീകരനിയമങ്ങള്‍ അടിച്ചേല്‍പിച്ച് ആജീവനാന്തം തടവിലിടും. അതാണ് ഇപ്പോള്‍ പലേടത്തും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശവിരുദ്ധര്‍ എന്ന് മുദ്രയടിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഏത് തരം പ്രതിഷേധങ്ങളെയും ദേശത്തിനെതിരായ യുദ്ധമായി ചിത്രീകരിച്ച് അടിച്ചമര്‍ത്താന്‍ മോഡേണ്‍ സ്റ്റേറ്റിന് വളരെ എളുപ്പമാണ്. ചെറുത്തുനില്‍പ് സായുധമാവുമ്പോള്‍ അടിച്ചമര്‍ത്തലിന് നിയമസാധുത ലഭിക്കുകയും അത് കൂടുതല്‍ ഹിംസാത്മകമായിത്തീരുകയും ചെയ്യും. ജനാധിപത്യത്തിന്റെ നാട്യങ്ങള്‍ പോലുമില്ലാതെ ഉന്മൂലന അജണ്ട ശക്തിയുപയോഗിച്ച് നടപ്പില്‍ വരുത്താന്‍ ഇത് സ്റ്റേറ്റിന് അവസരമൊരുക്കും.
ആക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ പൊതു സമൂഹത്തെയും നിയമ സംവിധാനത്തെയും ഇടപെടീച്ചു കൊണ്ടുള്ള ജനാധിപത്യപരമായ പ്രതിരോധ രീതികള്‍ മുസ്‌ലിം സമൂഹങ്ങള്‍ പ്രാദേശികാടിസ്ഥാനത്തില്‍ ആവിഷ്‌കരിക്കേണ്ടി വരും. അതിലുപരി സംഘ് പരിവാര്‍ ഭീഷണിയെ സമഗ്രതലത്തില്‍ മനസ്സിലാക്കിക്കൊണ്ടുള്ള ജനകീയമായ പ്രവര്‍ത്തന രീതികളാണ് അനിവാര്യമായിരിക്കുന്നത്.
കൊലയും കൊള്ളയും രക്തച്ചൊരിച്ചിലും സമൂഹത്തിലെ ഒരു വിഭാഗത്തെ മാത്രം ദോഷകരമായി ബാധിക്കുന്നതല്ല. ജനങ്ങള്‍ പൊതുവെ സമാധാന ജീവിതം ആഗ്രഹിക്കുന്നവരാണ്. വംശീയ വിരോധം മാസ് ഹിസ്റ്റീരിയ ആയി മാറുമ്പോഴാണ് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ സംഭവിക്കുന്നത്. പ്രകോപനങ്ങളും അതിലൂടെ കലാപവും സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ യഥാസമയം തിരിച്ചറിയാനും ജനങ്ങളുടെ പിന്തുണയോടെ പരാജയപ്പെടുത്താനും ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. സംഘര്‍ഷങ്ങളുണ്ടാവുമ്പോള്‍ സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുകയും വര്‍ഗീയ ധ്രുവീകരണം എളുപ്പമായിത്തീരുകയും ചെയ്യും. ഇതാണ് ഫാഷിസ്റ്റുകള്‍ക്ക് വേണ്ടതും. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിവിധ മതക്കാരായ അയല്‍വാസികള്‍ക്കിടയില്‍ പോലും പരസ്പര വിശ്വാസം നഷ്ടപ്പെടുകയും മനുഷ്യര്‍ പരസ്പരം ശത്രുക്കളായി കാണാന്‍ തുടങ്ങുകയും ചെയ്യും. സൗഹൃദം വിദ്വേഷത്തിനും വെറുപ്പിനും വഴിമാറും. വംശീയതയും വര്‍ഗീയതയും ആള്‍ക്കൂട്ട ഭ്രാന്തായി മാറുമ്പോള്‍ എന്ത് കടുംകൈ ചെയ്യാനും മനുഷ്യര്‍ തയ്യാറാവും. ഉയര്‍ന്ന മാനുഷികതയും നീതിബോധവും കൈമുതലായി ഉള്ളവര്‍ക്കേ ഈ മാനസികാവസ്ഥയെ അതിജീവിക്കാന്‍ കഴിയൂ. അത്തരം ഒരു തലത്തിലേക്ക് സ്വയം ഉയരുകയെന്നതും മറ്റുള്ളവരെ അതിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുകയെന്നതും ഏത് പ്രതിസന്ധിഘട്ടത്തിലും മുസ്‌ലിംകള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ലക്ഷ്യമാണ്. ''വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരും നീതിക്ക് സാക്ഷികളും ആയിത്തീരുക. ഒരു ജനതയോടുള്ള വിരോധം നീതിയില്‍ നിന്ന് വ്യതിചലിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പുലര്‍ത്തുക. അതാണ് തഖ്‌വയോട് ഏറ്റവും അടുത്തിരിക്കുന്നത്. അല്ലാഹുവെ സൂക്ഷിക്കുക. അവന്‍ നിങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാണ്'' (ഖുര്‍ആന്‍: 5:8). കടുത്ത തിന്മയുമായും അനീതിയുമായും ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ മുസ്‌ലിംകള്‍ പാലിക്കേണ്ട ഉയര്‍ന്ന ധാര്‍മിക നിലവാരത്തെക്കുറിച്ചാണ് ഈ ഖുര്‍ആന്‍ സൂക്തം പറയുന്നത്. ആക്രമിക്കാന്‍ വരുന്നവരോട് സാരോപദേശം നടത്തണം എന്നല്ല ഇതിന്റെ അര്‍ഥം. ധീരവും നീതിപൂര്‍വകവുമായ നിലപാടുകളിലൂടെയും ഇടപെടലുകളിലൂടെയും സമൂഹത്തിന്റെ മനസ്സ് തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെടുക്കാന്‍ മുസ്‌ലിംകള്‍ക്ക് കഴിയണം എന്നാണ്.

വെറുപ്പിനെ എങ്ങനെ 
അതിജീവിക്കാം?

ഇന്ത്യന്‍ ജനത മുഴുവന്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു എന്ന തീര്‍പ്പില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ മുസ്‌ലിംകള്‍ക്ക് ഇവിടെ കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. മൊത്തം സമൂഹത്തെയും ശത്രുക്കളായി പ്രഖ്യാപിക്കാതിരിക്കുക എന്നതും, മനുഷ്യ നന്‍മയില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്നതുമാണ് അതിജീവനത്തിന്റെ വഴികളിലൊന്ന്. മുസ്‌ലിംകള്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വെട്ടിമാറ്റാന്‍ കഴിയാത്ത ഭാഗമാണെന്നും, ഇന്ത്യയുടെ സൃഷ്ടിയില്‍ മുസ്‌ലിംകളുടെ പങ്ക് നിര്‍ണായകമായിരുന്നു എന്നും അവര്‍ തന്നെ മറന്നു പോവരുത്. ഇന്ത്യയില്‍ ജീവിക്കുന്ന ഇരുപത് കോടി മുസ്‌ലിംകള്‍ പുറത്ത് നിന്ന് വന്നവരല്ല, ഇസ്‌ലാം കൊണ്ട് വന്ന മനുഷ്യ സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഇന്ത്യന്‍ ജനതയെ സ്വാധീനിച്ചതിന്റെ ഫലമായി ഇന്ത്യയില്‍ തന്നെ ഉണ്ടായി വന്നവരാണ്. ഇന്ത്യന്‍ ജനതയുടെ ബഹുത്വവും വൈവിധ്യവും ബഹുസ്വരതയും മുസ്‌ലിംകള്‍ക്ക് അനുകൂലമായി മാറാവുന്ന നിരവധി സാമൂഹിക ഘടകങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതാണെന്ന് തിരിച്ചറിയണം. ആ ഘടകങ്ങളെ കണ്ടെത്തുകയും ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള സോഷ്യല്‍ എന്‍ജിനീയറിംഗ് ആണ് നടക്കേണ്ടത്.
മുസ്‌ലിംകളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ഭീഷണി എന്നും, അവരെ ഇല്ലാതാക്കലാണ് അടിയന്തരമായ ആവശ്യം എന്നുമുള്ള വംശവെറിയുടെ പൊതുബോധം സൃഷ്ടിച്ചെടുക്കാനാണ് സംഘ് പരിവാര്‍ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അധികാരം കൈയടക്കാനും ഭരണകൂടങ്ങള്‍ക്ക് ജനങ്ങളുടെ പൊള്ളുന്ന പ്രശ്‌നങ്ങള്‍ മറച്ചു പിടിച്ച് വര്‍ഗീയ ധ്രുവീകരണം വളര്‍ത്തി ഭരണത്തുടര്‍ച്ച ഉറപ്പു വരുത്താനുമുള്ള ആയുധം കൂടിയാണിത്. ഇതിലവര്‍ക്ക് കോര്‍പറേറ്റ് മീഡിയയുടെ കലവറയില്ലാത്ത പിന്തുണയുണ്ട്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരായ നിരന്തരമായ ഹേറ്റ് കാമ്പയിന്‍ ആണ് അവരുടെ മുഖ്യായുധം. മുസ്‌ലിം വിരുദ്ധ കലാപങ്ങളില്‍ സംഘ് പരിവാറിന്റെ ചാവേറുകളാവുന്നത് സമൂഹത്തിന്റെ മേലേക്കിടയിലുള്ള ആളുകളല്ല, വംശീയ വിരോധം തലയില്‍ അടിച്ചു കയറ്റപ്പെട്ട സാധാരണക്കാരില്‍ സാധാരണക്കാരാണ്. ജനങ്ങളുമായുള്ള വിപുലമായ ഇടപെടലുകളിലൂടെയും സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ആശയ വിനിമയ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയും വിദ്വേഷ പ്രചാരണങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനും മനസ്സുകളിലെ വിഷം ഇറക്കാനും മുസ്‌ലിംകള്‍ക്ക് കഴിയേണ്ടതാണ്. അതിനുതകുന്ന ഭാഷയും ശൈലിയും സമീപന രീതികളും വികസിപ്പിച്ചെടുക്കണം. ഇസ്‌ലാം എന്താണെന്നും മുസ്‌ലിംകള്‍ ആരാണെന്നും വാക്കിലൂടെയും കര്‍മമാതൃകകളിലൂടെയും ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കണം. ഇസ്‌ലാമോഫോബിയ വിവിധ മാനങ്ങളുള്ള ഒരു പ്രതിഭാസമാണ്. അതിനെ ആശയപരമായും രാഷ്ട്രീയമായും ചെറുക്കണം. ഇസ്‌ലാമിനെ ശരിയായി പ്രതിനിധീകരിക്കുക എന്നതും ഇതിന്റെ വളരെ പ്രധാനപ്പെട്ട ഒരു വശമാണ്. 'ജനങ്ങള്‍ക്ക് വേണ്ടി ഉയിര്‍പ്പിക്കപ്പെട്ട, നന്‍മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്ന ഉത്തമ സമുദായം' എന്ന ഖുര്‍ആന്റെ വിശേഷണം മുസ്‌ലിംകള്‍ ശിരസാവഹിക്കണം. ജനങ്ങളില്‍ നിന്ന് മാറിനിന്ന് ഏതോ സാങ്കല്‍പിക, സൈദ്ധാന്തിക തലത്തില്‍ ഇസ്‌ലാമിനെ പ്രബോധനം ചെയ്യുന്ന ഒരു വിഭാഗമായി മാറുക എന്നല്ല ഈ ഖുര്‍ആന്‍ വചനത്തിന്റെ താല്‍പര്യം. ജനങ്ങളുടെ കൂടെ ജീവിച്ച്, സമൂഹത്തിലെ തിന്‍മകളോട് കലഹിച്ച് സത്യത്തിന്റെയും നന്‍മയുടെയും നീതിയുടെയും മനുഷ്യവിമോചനത്തിന്റെയും, ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മനുഷ്യ സാഹോദര്യത്തിന്റെയും ജീവിക്കുന്ന മാതൃകകളായി മാറുക എന്നതാണ്. ഇതിന് പറയുന്ന പേരാണ് ശഹാദത്തുല്‍ ഹഖ് അഥവാ സത്യത്തിന് സാക്ഷികളാവുക എന്നത്.

പ്രവാചക മാതൃകകള്‍

ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രവാചകന്മാരുടെ പ്രബോധന ചരിത്രത്തില്‍ നിന്ന് നിരവധി മാതൃകകള്‍ സമര്‍പ്പിക്കപ്പെടാറുണ്ട്. മൂസാ നബിയുടെയും ബനൂ ഇസ്രായീല്‍ സമൂഹത്തിന്റെയും ചരിത്രവും മുഹമ്മദ് നബി(സ)യുടെ മക്കാ ജീവിതവും മദീനാ ജീവിതവുമൊക്കെ ചര്‍ച്ചയാവാറുണ്ട്. ഏത് മുസ്‌ലിം സമൂഹവും മാതൃകകള്‍ സ്വീകരിക്കേണ്ടത് ഖുര്‍ആനില്‍ നിന്നും പ്രവാചകന്‍മാരുടെ ജീവിതത്തില്‍ നിന്നുമാണ് എന്ന കാര്യത്തില്‍ മുസ്‌ലിംകള്‍ക്ക് തര്‍ക്കമുണ്ടാവാനിടയില്ല. അതേ സമയം ജീവിക്കുന്ന സമൂഹത്തിലെയും ദേശത്തിലെയും സാമൂഹിക, രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിച്ച് ചരിത്രത്തെയും പ്രമാണങ്ങളെയും വായിച്ചെങ്കിലേ പ്രായോഗികമായ പരിഹാര മാര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞ് വരികയുള്ളൂ. പ്രവാചക ചരിത്രങ്ങളില്‍ നിന്നുള്ള മാതൃകകള്‍ ഇന്ത്യയുടെയെന്നല്ല ഏതൊരു ആധുനിക ദേശരാഷ്ട്രത്തിന്റെയും വ്യത്യസ്തവും സവിശേഷവുമായ സാഹചര്യങ്ങളിലേക്ക് അതേപടി പകര്‍ത്താന്‍ കഴിയുകയില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത് പോലെ തന്നെ മനസ്സിലാക്കേണ്ട കാര്യമാണ്, ഖുര്‍ആനും പ്രവാചകചരിത്രങ്ങളും നല്‍കുന്ന അതിജീവന പാഠങ്ങളുടെ പിന്‍ബലമില്ലാതെ, രാഷ്ട്രീയമോ സാമൂഹികശാസ്ത്രപരമോ ആയ വിശകലനങ്ങളിലൂടെ മാത്രം ഇന്ത്യയിലെ മുസ്‌ലിം പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ കഴിയില്ല എന്നതും.
പ്രവാചകന്മാരുടെ ചരിത്രത്തില്‍ മാത്രമല്ല പില്‍ക്കാല ഇസ്‌ലാമിക ചരിത്രത്തിലും, ഉന്മൂലന ഭീഷണിയെ അഭിമുഖീകരിച്ച എല്ലാ സമൂഹങ്ങളുടെ ചരിത്രത്തിലും അതിജീവനത്തെക്കുറിച്ച് ആലോചിക്കുന്ന മുസ്‌ലിം സമൂഹങ്ങള്‍ക്ക് പാഠങ്ങളുണ്ട്. വംശീയവാദിയായ ഫറോവയുടെ ഏകാധിപത്യ വാഴ്ചയെ മൂസാ നബിയുടെ നേതൃത്വത്തില്‍ ക്ഷമയോടും സ്ഥൈര്യത്തോടും കൂടി നേരിട്ട ബനൂ ഇസ്രായീല്‍ എന്ന മര്‍ദ്ദിത സമൂഹം അല്ലാഹുവിന്റെ പ്രത്യേകമായ സഹായത്തിന് അര്‍ഹമായതിനെക്കുറിച്ച ഖുര്‍ആന്റെ വിവരണങ്ങളില്‍ നിന്ന് ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് പ്രത്യാശാജനകമായ നിരവധി പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. തൗഹീദിന്റെ പാതയില്‍ നിന്ന് വ്യതിചലിച്ച് പിന്നീടവര്‍ വിഗ്രഹ പൂജയോട് ആസക്തിയുള്ളവരും അലസരും ഭീരുക്കളും ഭൗതികപ്രമത്തരുമായി മാറിയപ്പോള്‍ അല്ലാഹു അവരെ നിന്ദ്യരാക്കി മാറ്റിയതിന്റെ പാഠങ്ങളും ഖുര്‍ആനിലുണ്ട്. ദൃഢമായ ഈമാനിനോടൊപ്പം കൃത്യമായ രാഷ്ട്രീയ തന്ത്രജ്ഞതയിലൂടെയും സോഷ്യല്‍ എന്‍ജിനീയറിംഗിലൂടെയും പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അതിജയിക്കാം എന്നതിന്റെ മികച്ച മാതൃകകള്‍ നബി(സ)യുടെ ജീവിതത്തില്‍ കണ്ടെത്താന്‍ കഴിയും. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഒരു വീട്ടുവീഴ്ചയുമില്ലാതെ ഉറച്ചു നില്‍ക്കെത്തന്നെ, അറേബ്യന്‍ ഗോത്രീയ ജീവിതത്തിലെ എല്ലാ അനുകൂല ഘടകങ്ങളെയും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നിലനില്‍പിനും വളര്‍ച്ചക്കും വേണ്ടി അസാധാരണമായ ഉള്‍ക്കാഴ്ചയോടെ പ്രവാചകന്‍ ഉപയോഗപ്പെടുത്തി. മക്കാ ജീവിതത്തിലും മദീനാ ജീവിതത്തിലും ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ കഴിയും. ഖുറൈശികളില്‍ നിന്ന് മുസ്‌ലിംകള്‍ നിരന്തരമായ മര്‍ദനപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍, പ്രവാചകന്‍ അവര്‍ക്ക് പ്രതീക്ഷയും ആത്മവിശ്വാസവും പകര്‍ന്ന് നല്‍കിയതോടൊപ്പം മറുവശത്ത് അതിജീവനത്തിന്റെ വഴികള്‍ അന്വേഷിക്കുകയായിരുന്നു. ത്വാഇഫിലേക്ക് പലായനം ചെയ്തതും നജ്ജാശിയുടെ അടുത്തേക്ക് മുസ്‌ലിം പ്രതിനിധി സംഘത്തെ പറഞ്ഞയച്ചതും മക്കയില്‍ ജീവിക്കാനുള്ള എല്ലാ വഴികളും കൊട്ടിയടഞ്ഞപ്പോള്‍ യസ്‌രിബിലക്ക് ഹിജ്‌റ പോയതും ഇതിന് വേണ്ടിയായിരുന്നു. ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിന്റെ ഫലമായി ഉണ്ടായതാണ് ഹിജ്‌റ. മദീനയില്‍ ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കപ്പെട്ടതും ജൂത ഗോത്രങ്ങളുമായി സമാധാനക്കരാറില്‍ ഒപ്പുവെച്ചതും വിദൂര ദിക്കുകളില്‍ പോലുമുള്ള അറേബ്യന്‍ ഗോത്രങ്ങളുമായി സഖ്യം സ്ഥാപിച്ചതുമൊക്കെ പ്രവാചകന്റെ കൃത്യമായ പൊളിറ്റിക്കല്‍ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. സ്വന്തം വിവാഹങ്ങളെപ്പോലും അറബ്‌ഗോത്രങ്ങളുമായി സൗഹൃദ ബന്ധം സ്ഥാപിക്കാനുള്ള രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ ഭാഗമാക്കി മാറ്റിയ പ്രവാചകനെയാണ് മദീനാ ജീവിതത്തില്‍ കാണാന്‍ കഴിയുക.
അനാഥരോടും അഗതികളോടും അടിമകളോടും അരികുവല്‍ക്കരിക്കപ്പെട്ടവരോടും സഹാനുഭൂതി വളര്‍ത്തുന്നതും അവര്‍ക്ക് താങ്ങും തണലുമായി വര്‍ത്തിക്കാന്‍ മുസ്‌ലിംകളോട് ശക്തമായ ഭാഷയില്‍ ആഹ്വാനം ചെയ്യുന്നതുമായ ഖുര്‍ആന്‍ സൂക്തങ്ങള്‍ അധികവും അവതീര്‍ണമായത് മുസ്‌ലിംകള്‍ മര്‍ദനപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മക്കാ കാലഘട്ടത്തിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ശത്രുക്കളാല്‍ വേട്ടയാടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പോലും മര്‍ദിതര്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണ്ടി നിലകൊള്ളാന്‍ ബാധ്യസ്ഥരായ വിമോചക സമൂഹമാണ് മുസ്‌ലിംകള്‍ എന്നാണ് ഇതിന്റെ അര്‍ഥം. ഇരകള്‍ എന്ന അപകര്‍ഷബോധം പേറി ജീവിക്കേണ്ടവരല്ല മുസ്‌ലിംകള്‍. ഇരകളാക്കപ്പെടുക എന്നത് മുസ്‌ലിംകളുടെ സ്ഥായിയായ അവസ്ഥയല്ലെന്നും, സത്യത്തിന്റേയും നീതിയുടെയും സാക്ഷികളായി മനുഷ്യസമൂഹത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ അവര്‍ കടന്നു പോകേണ്ടി വരുന്ന അവസ്ഥകളില്‍ ഒന്ന് മാത്രമാണെന്നും അവര്‍ സ്വയം തിരിച്ചറിയേണ്ടതുണ്ട്. 
(തുടരും)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-41 / ഹാമീം അസ്സജദ - ഫുസ്സ്വിലത് -13-16
ടി.കെ ഉബൈദ്‌

ഹദീസ്‌

സത്കര്‍മങ്ങളുടെ സ്വീകാര്യത
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌