ഇനി എപ്പോഴാണ് നമ്മള്‍ വീട്ടിലേക്ക് പോവുക?
എന്താണീ ജീവിതമെന്ന് മാറിനിന്ന് നോക്കിയിട്ടുണ്ടോ..? എങ്ങോട്ടേക്കാണീ ആളുകള്‍ പാഞ്ഞു നടക്കുന്നതെന്ന് കൗതുകം തോന്നിയിട്ടുണ്ടോ... ഒന്നിനും സമയമില്ലാത്ത വിധം ആളുകള്‍ ഇങ്ങനെ തിരക്കില്‍ പുതഞ്ഞോടുന്നതെന്ത് കണ്ടിട്ടാണെന്ന് ആലോചന പോയിട്ടുണ്ടോ... ഓടിയോടി ഒടുക്കം എന്താണ് നമുക്കവശേഷിക്കുന്നതെന്ന് ചിന്തിച്ചാല്‍ ജീവിതത്തെ നമുക്ക് ശരിയാംവണ്ണം കൃത്യപ്പെടുത്താന്‍ പറ്റുമായിരിക്കും. വ്യത്യസ്തമായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ഈ ഭൂമി വരണ്ടു പോകാതെ കാക്കുന്നതെന്ന് തോന്നാറുണ്ട്. അവരുടെ ചിന്തകളിലെ പുതുമകളാണ് ജീവിതം വളരെ എളുപ്പമാണെന്ന് ബോധ്യപ്പെടുത്തുന്നത്. ജോന്‍ ജെന്തായിയുടെ ഗോയിംഗ് ഹോം എന്ന പുസ്തകം വ്യത്യസ്ത ബോധ്യങ്ങളുടെ സംഗ്രഹമാണ്. ഒരു മനുഷ്യന്‍ തന്റെ ആയുസ്സ് മുഴുവന്‍ ചെലവഴിക്കുന്നത് വീടുണ്ടാക്കാനാണെന്ന് പറയുന്നുണ്ട് ജോന്‍. 'എനിക്കൊരു സുഹൃത്തുണ്ട്, മുപ്പത് വര്‍ഷത്തെ അവന്റെ അധ്വാനമാണ് അവന്റെ വീട്. എന്നിട്ടും കടം ബാക്കി. ഞാന്‍ എന്റെ വീട് മണ്ണ് കൊണ്ട് മൂന്ന് മാസമെടുത്ത് ഉണ്ടാക്കിയതാണ്. അവനേക്കാള്‍ എനിക്ക് ലാഭം 29 വര്‍ഷവും ഒമ്പത് മാസവും!'
ജീവിതാനുഭവങ്ങളിലൂടെയാണ് ജോന്‍ തന്റെ ചിന്തകള്‍ രൂപപ്പെടുത്തുന്നത്. തായ്‌ലന്റിലെ ദരിദ്ര ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അധികം ചിന്തിക്കരുതെന്ന് പഠിപ്പിക്കുന്ന സമൂഹത്തിലാണ് വളര്‍ന്നത്. കേള്‍ക്കുക, അതുപോലെ ചെയ്യുക. അപ്പോള്‍ എല്ലാം ശരിയാകും. എന്താണോ രക്ഷിതാക്കളും അധ്യാപകരും പറയുന്നത് അത് വിശ്വസിക്കുക. വിശദീകരണം ചോദിക്കണ്ട, വിശ്വസിച്ചാല്‍ മതി. ടീച്ചര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും ഉത്തരം തരാന്‍ കഴിയാത്ത കാര്യങ്ങളെ കുറിച്ച് വലിയ കൗതുകം ഒന്നും വേണ്ട. അങ്ങനെ ചെയ്താല്‍ മുതിര്‍ന്നവരെ ആദരിക്കാത്ത അഹങ്കാരിയെന്ന് മുദ്ര വീഴും.
പതിയെ നിശ്ശബ്ദനായി, ആരോടും ഒന്നും ചോദിക്കാതായി. അങ്ങനെ അനുസരണയുള്ളവനായി, എല്ലാവരും തന്നെ നല്ല കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങി- ജോന്‍ പറയുന്നു.
എട്ടും ഒമ്പതും വയസ്സുള്ളപ്പോള്‍ പക്ഷികളെയും മീനുകളെയും തവളകളെയും പിടിക്കാന്‍ തുടങ്ങി. അങ്ങനെ കുടുംബത്തിന് അത്താണിയായി. കുട്ടിയായിരുന്നിട്ടും കുടുംബത്തെ മൊത്തം നോക്കാന്‍ കഴിയുമെന്ന് നല്ല ആത്മവിശ്വാസമായിരുന്നു അവന്. പ്രൈമറി സ്‌കൂള്‍ കഴിഞ്ഞപ്പോഴാണ് ജോനിന് നിരാശ ബാധിക്കുന്നത്. എല്ലാവരും സിറ്റിയിലെ സ്‌കൂളില്‍ പോയി. കാശില്ലാത്തതിനാല്‍ ജോനിന് പോകാന്‍ പറ്റിയില്ല. അഛന്‍ മരണപ്പെട്ടിരുന്നു. നല്ല ജോലി കിട്ടണമെങ്കില്‍ പുറത്തു പോയി പഠിക്കണം എന്ന് അധ്യാപകര്‍ പറഞ്ഞു.
തവളകളുടെയും മീനിന്റെയുമെല്ലാം ശീലങ്ങള്‍ ജോനിന് അറിയാമായിരുന്നു. കുറേയെണ്ണത്തെ അവന്‍ പിടിക്കും. അക്കാര്യത്തില്‍ എല്ലാവരേക്കാളും മുന്നിലായിരുന്നതിനാല്‍ താന്‍ മിടുക്കനാണെന്ന് കരുതിയിരുന്നു ജോന്‍. കാട്ടു പച്ചക്കറികളും കൂണൂകളും മുളകളുമെല്ലാം ശേഖരിക്കുന്നതിലും മറ്റാരേക്കാളും മുന്നിലായിരുന്നു അവന്‍. എല്ലാറ്റിന്റെയും കൃത്യമായ സ്ഥലവും സമയവും അവനറിയാമായിരുന്നു. ഈ അറിവാണവനെ അഭിമാനിയാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസം നിന്നതോടെ അവന്‍ പിറകിലായി. കൃഷി, ദരിദ്രരുടെ ജോലിയാണെന്ന് അവന് തോന്നി. ലോകത്തെ എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്ന കൃഷി എങ്ങനെ ചെറിയ തൊഴിലായി എന്ന് അവന് മനസ്സിലായില്ല. രാജാക്കന്മാരെയും ബില്യനയറുകളെയുമെല്ലാം തീറ്റിപ്പോറ്റുന്നത് അവരാണ്. ഭക്ഷണമില്ലെങ്കില്‍ പിന്നെ ഒന്നുമില്ല. കമ്പ്യൂട്ടറും മൊബൈലും വിഴുങ്ങി ജീവിക്കാനൊക്കുമോ..?
നാട്ടില്‍ ടി.വി വന്നപ്പോഴാണ് തങ്ങളെല്ലാം ദരിദ്രരാണെന്ന് ജോനിന് തോന്നുന്നത്; ടി.വിയിലെ പളപളപ്പുള്ള ജീവിതം പോലെ ആകണമെന്ന് ഗ്രാമീണര്‍ക്ക് കൊതി തോന്നുന്നത്. അങ്ങനെയാണ് പണമുണ്ടാക്കാന്‍ ജോനും കൂട്ടുകാരും ബാങ്കോക്കില്‍ പോകുന്നത്. കഠിനമായിരുന്നു ജോലി. സന്തോഷം കെട്ട് ജീവിച്ചു. പഠിപ്പുള്ളവര്‍ക്കേ ജീവിതവിജയം ഉണ്ടാകൂ എന്ന് കരുതി പിന്നീട് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ചു. പഠനം വളരെ ബോറിംഗ് ആയി അവന് തോന്നി. നിഷേധാത്മക വിദ്യാഭ്യാസമാണ് എല്ലായിടത്തും ലഭിക്കുന്നത്. പ്രൊഡക്റ്റീവ് നോളജ് ആയിരുന്നില്ല. എഞ്ചിനീയര്‍മാരും ആര്‍കിടെക്റ്റുകളും വര്‍ധിക്കുമ്പോള്‍ അത്രയും കുന്നുകള്‍ ഇല്ലാതാകുന്നു. കൂടുതല്‍ ഇടങ്ങള്‍ കോണ്‍ക്രീറ്റുകളാകുന്നു. എല്ലായിടത്തും എങ്ങനെ വിഷമയമാക്കാം എന്നാണ് നമ്മള്‍ പഠിക്കുന്നതെന്ന് ജോന്‍ ചിന്തിച്ചു.
ഒരുപാട് പഠിച്ചിട്ടും എങ്ങനെയാണ് തൊഴിലില്ലായ്മ ഉണ്ടാകുന്നതെന്ന് ജോനിന് മനസ്സിലായില്ല. ഒരു അറിവും ഇല്ലാത്തവര്‍ എളുപ്പത്തില്‍ ജോലി കണ്ടെത്തുന്നു. സ്‌കൂളില്‍ പഠിച്ചതും പോരാഞ്ഞ് പിന്നെ ട്യൂഷനും സ്‌പെഷ്യല്‍ ക്ലാസും കഴിഞ്ഞ് ഗ്രാജ്യേറ്റ് ആയവര്‍ അടിമയെ പോലെ പണിയെടുക്കുന്നു. വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയാന്‍, അസുഖം വന്നാല്‍ എല്ലാം ലീവിന് വേണ്ടി കേഴുന്നു. എല്ലാ തിരക്കും കഴിഞ്ഞ് എന്നാണ് നമ്മളിനി വീട്ടിലേക്ക് മടങ്ങുക എന്നാണ് ജോന്‍ ചോദിക്കുന്നത്.
Comments