Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

ഹിജാബ് നിര്‍ബന്ധമായും അനുധാവനം ചെയ്യേണ്ട മതശാസന

ഇല്‍യാസ് മൗലവി 

മുസ്‌ലിം സ്ത്രീകള്‍ അന്യ പുരുഷന്മാരുടെ മുന്നില്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്നതോ, അതു രണ്ടും ഒഴിച്ചുള്ള ഭാഗങ്ങള്‍ ഔറത്താണെന്നതോ മുസ്‌ലിം സമുദായത്തിനിടയില്‍ യാതൊരുവിധ തര്‍ക്കവും ഇല്ലാത്തതും സര്‍വാംഗീകൃതവുമായ കാര്യമാണ്. സ്വാഭാവികമായും മുഖമക്കനയും (ശിരോവസ്ത്രം) അതില്‍ പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
ഉത്തരേന്ത്യയിലെ പ്രബല വിഭാഗങ്ങളായ ദയൂബന്ദി, ബറേല്‍വി, അഹ്‌ലെ ഹദീസ് വിഭാഗങ്ങള്‍ക്കോ, നമ്മുടെ കേരളത്തിലെ സമസ്ത, തബ്‌ലീഗ്, സലഫീ - മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്കോ ഈ വിഷയത്തില്‍ അഥവാ മുഖമക്കനയുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമില്ല. പിന്നെ ഏത് മാനദണ്ഡം വെച്ചാണ് കര്‍ണാടക ഹൈക്കോടതി ഹിജാബ് ഇസ്‌ലാമിലെ നിര്‍ബന്ധാനുഷ്ഠാനങ്ങളില്‍ പെടുന്നില്ല എന്ന് വിധി പ്രസ്താവിച്ചത്?
ഒരു കാര്യം മതത്തില്‍ പെട്ടതാണോ, മത ദൃഷ്ട്യാ നിര്‍ബന്ധമാണോ, നിഷിദ്ധമാണോ എന്നൊക്കെ പറയേണ്ടത് ആരാണ്? ദീനീ പ്രമാണങ്ങളെ വ്യാഖ്യാനിക്കേണ്ടത് ആരാണ്?
ഇക്കണക്കിന് മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും സ്വത്ത് വസ്വിയത്ത് ചെയ്യല്‍ മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമാണ് എന്നും, മറ്റു ജീവികളെപ്പോലെ അറുത്താല്‍ മാത്രമേ മത്സ്യത്തെയും ഭക്ഷിക്കാന്‍ പാടുള്ളൂ, മത്സ്യമാര്‍ക്കറ്റില്‍ കാണുന്നവ അറുക്കാത്തതിനാല്‍ അത് ഭക്ഷിക്കല്‍ മുസ്‌ലിംകള്‍ക്ക് ഹറാമാണ് എന്നും സാക്ഷാല്‍ ഖുര്‍ആന്‍ തന്നെ നിവര്‍ത്തിവെച്ച് കോടതി വിധി പ്രസ്താവിച്ചാല്‍ അതിശയപ്പെടാനില്ല. ചുരുക്കത്തില്‍ മുസ്ലിം സ്ത്രീയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കോടതി നടത്തിയ വിധി പ്രസ്താവത്തിന് ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ല എന്ന കാര്യത്തില്‍ സംശയമില്ല.
സ്ത്രീയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നതും അവള്‍ക്ക്  സുരക്ഷിതത്വവും കുലീനതയും പകര്‍ന്നു നല്‍കുന്നതുമായ വസ്ത്രധാരണ രീതിയാണ് ഇസ്ലാം അനുശാസിക്കുന്നത്. ഒരു പ്രത്യേക ഡ്രസ് കോഡ് നിശ്ചയിക്കാതെ, വസ്ത്രധാരണത്തില്‍ ഉന്നതമായൊരു സംസ്‌കാരം പഠിപ്പിക്കുകയാണ് ചെയ്തത്. നിര്‍ബന്ധമായും മറയ്‌ക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയെന്നും അത് മറയ്‌ക്കേണ്ട രീതി എങ്ങനെയെന്നും വസ്ത്രത്തിന്റെ സ്വഭാവം എന്താണെന്നും ഇസ്ലാം പഠിപ്പിച്ചു. എന്നാല്‍, ഒരേയൊരു വസ്ത്രമേ സ്ത്രീകള്‍ ധരിക്കാവൂ, അതു മാത്രമേ ഇസ്ലാമിക വസ്ത്രമാകൂ എന്നൊന്നും ഇസ്ലാം അനുശാസിച്ചിട്ടില്ല.
സ്ത്രീ സമൂഹം നേരിടുന്ന ദുരിതങ്ങള്‍ ഇന്ന് പുതുമയുള്ള വിഷയമേ അല്ല. സ്ത്രീ അനുഭവിക്കുന്നത് ഏത് വിധത്തിലുള്ള പ്രശ്നമാണെങ്കിലും അതെല്ലാം ശരീര ചൂഷണവുമായി ഏതെങ്കിലും അര്‍ഥത്തില്‍ ബന്ധപ്പെട്ടുകിടക്കുന്നതാണ്. നിയമങ്ങളും നിര്‍ദേശങ്ങളും ഇല്ലാഞ്ഞിട്ടല്ല സ്ത്രീകള്‍ക്ക് നേരെ കൈയേറ്റങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത്. അവയെ നിഷ്ഫലമാക്കുന്ന തരത്തില്‍ വാര്‍ത്താ മാധ്യമങ്ങള്‍ സാമ്പത്തിക ലാഭം മുന്നില്‍ കണ്ട് നല്‍കുന്ന പരസ്യങ്ങള്‍, അശ്ലീല സിനിമകള്‍, മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഒരു ഭാഗത്ത്. ഭരണകൂടവും നിയമപാലകരും  കാണിക്കുന്ന നിസ്സംഗത മറുഭാഗത്ത്. നല്ലവനായ ചെറുപ്പക്കാരന്റെ നിശ്ചയ ദാര്‍ഢ്യവും സദാചാര ബോധവും മുങ്ങിപ്പോകാന്‍ മാത്രം ശക്തമാണ് ഇന്നത്തെ അന്തരീക്ഷം. അതിനാല്‍ പൈശാചിക ചിന്തകള്‍ തികട്ടിവരുമ്പോള്‍ അതിന്റെ പ്രത്യാഘാതത്തെ സംബന്ധിച്ചും അനന്തര ഫലത്തെ സംബന്ധിച്ചുമുള്ള ബോധം നഷ്ടപ്പെട്ടു പോവുകയും മനുഷ്യന്‍ മൃഗമായിത്തീരുകയും ചെയ്യുന്നു. സമൂഹവും അവരെ തെറ്റായ ദിശയിലൂടെ നയിക്കുന്ന നേതാക്കളും കുറ്റവാളികളെ സൃഷ്ടിക്കുന്ന സാഹചര്യവുമാണ് ഇതില്‍ പ്രതികള്‍.
ധാര്‍മിക സദാചാര രംഗം വഷളായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പോലും നല്ല നിലയില്‍ വസ്ത്രം ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളോട് മാന്യമായ സമീപനം സ്വീകരിക്കുന്നതാണ് സമൂഹത്തിന്റെ പൊതു പ്രവണത. മാന്യമായ വസ്ത്രം ധരിച്ച സ്ത്രീകളനുഭവിക്കുന്ന സുരക്ഷിതത്വം മറ്റു സ്ത്രീകള്‍ക്ക്  താരതമ്യേന കുറവായിരിക്കുമെന്നാണ് മനസ്സിലാവുന്നത്. ശരീര ഭാഗങ്ങള്‍ പുറത്ത് കാണിച്ച് പുരുഷന്മാരുടെ ശ്രദ്ധയാകര്‍ഷിക്കുംവിധം വസ്ത്രം ധരിക്കുകയും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ച് പുറത്തിറങ്ങുകയും ചെയ്യുന്ന അത്തരം സ്ത്രീകള്‍ക്ക് സുരക്ഷിതത്വബോധം കുറഞ്ഞ തോതിലേ അനുഭവപ്പെടൂ. കാമവെറിയന്മാരുടെയും പൂവാലന്മാരുടെയും മാത്രമല്ല, വെറുതെ ജോളിയടിച്ച് നടക്കുന്നവരുടെ പോലും തുറിച്ച് നോട്ടവും പരിഹാസം കലര്‍ന്ന വര്‍ത്തമാനങ്ങളും അവര്‍ നേരിടേണ്ടിവരുന്നു. സദാചാര ബോധമുള്ള സമൂഹത്തില്‍  ഇതിന് കുറവുണ്ടാകാമെങ്കിലും സദാചാര രംഗം വഷളായ സമൂഹത്തില്‍ സ്ത്രീകള്‍ ഇതിന്റെ പ്രയാസം ശരിക്കും അനുഭവിക്കും. അതിനവര്‍ ഒടുക്കേണ്ടിവരുന്ന വില എത്രയാണെന്ന് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നവരോട് വിശദീകരിക്കേണ്ടതില്ല.
ഇത്തരം ചുറ്റുപാടുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട അമുസ്ലിം സ്ത്രീകള്‍ വരെ ഇസ്ലാമിക വസ്ത്ര ധാരണ രീതിയുടെ മെച്ചത്തെ സംബന്ധിച്ചും സ്ത്രീക്ക് അത് നല്‍കുന്ന സുരക്ഷിതത്വത്തെ കുറിച്ചും തുറന്ന് എഴുതിയിട്ടുണ്ട്. മനുഷ്യരുടെ നന്മയും ക്ഷേമവും മുന്‍നിര്‍ത്തി  നല്‍കിയ നിയമശാസന ഇവിടെ എന്തുമാത്രം പ്രസക്തമാണ്! അല്ലാഹു പറയുന്നു: ''നബിയേ, സ്വപത്നിമാരോടും പുത്രിമാരോടും വിശ്വാസികളിലെ സ്ത്രീകളോടും പറയുക. അവര്‍ തങ്ങളുടെ മുഖപടങ്ങള്‍ താഴ്ത്തിയിടട്ടെ. അവര്‍ തിരിച്ചറിയപ്പെടുന്നതിനും ശല്യം ചെയ്യപ്പെടാതിരിക്കുന്നതിനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ അഹ്സാബ് 59).
മുസ്ലിം സ്ത്രീയെ സംബന്ധിച്ചേടത്തോളം അന്യപുരുഷന്മാരുടെ മുന്നില്‍ മുഖവും മുന്‍കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ നിര്‍ബന്ധമായും മറച്ചിരിക്കണമെന്നതും, അതുരണ്ടും ഒഴിച്ചുള്ള ഭാഗങ്ങള്‍ ഔറത്താണെന്നതും മുസ്‌ലിംസമുദായത്തില്‍ സര്‍വാംഗീകൃതമായ കാര്യമാണ്. മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പൊതുവെ ഉപയോഗിക്കപ്പെടുന്ന വാക്കുകളാണ് ജില്‍ബാബ്, ഖിമാര്‍, നിഖാബ്, ഹിജാബ്, പര്‍ദ, ബുര്‍ഖ തുടങ്ങിയവ. ഇതില്‍ ജില്‍ബാബ്, ഖിമാര്‍ എന്നീ വാക്കുകള്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു തന്നെയാണ് ഖുര്‍ആനില്‍ വന്നിട്ടുള്ളത്. എന്നാല്‍ ഹിജാബ് അങ്ങനെയല്ല. നിഖാബ് എന്ന പദം അതേരൂപത്തില്‍ ഹദീസുകളില്‍ വന്നിട്ടില്ലെങ്കിലും അതിന്റെ ധാതുവില്‍നിന്ന് നിഷ്പന്നമായ വാക്കുകള്‍ വന്നിട്ടുണ്ട്. ബുര്‍ഖുഅ് എന്ന പദത്തിന്റെ പ്രാദേശിക ഭാഷാഭേദമാണ് ബുര്‍ഖ. പര്‍ദ എന്ന പദമാകട്ടെ അറബിയേ അല്ല.
ലോക മുസ്ലിംകളില്‍ ഭൂരിഭാഗവും പിന്‍പറ്റുന്ന നാലു മദ്ഹബുകളുടെയും, മദ്ഹബിനു പുറത്തുള്ള പണ്ഡിതന്മാരുടെയും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയുമൊന്നും ഇടയില്‍ ഈ വിഷയകമായി യാതൊരു ഭിന്നതയും ഇല്ല.
ആദ്യമായി അല്ലാഹു എന്തു പറയുന്നു എന്നു കാണുക: 
''നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീര സൗന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷ പരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്'' (അന്നൂര്‍: 31).1
ഇവിടെ സത്യവിശ്വാസിനികളോട് അവര്‍ തങ്ങളുടെ 'ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം' എന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. കല്‍പനയുടെ സ്വരം നിര്‍ബന്ധത്തെ കുറിക്കുന്നു.  ശിരോവസ്ത്രമാണ് ഖിമാര്‍  എന്നതുകൊണ്ടുള്ള വിവക്ഷ.

എന്താണ് ഖിമാര്‍?

ഏറ്റവും പൗരാണികവും ആധികാരികവുമായ ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ പെട്ട ഇമാം ഇബ്‌നുജരീര്‍ അത്ത്വബരി പറയുന്നത് കാണുക.
''അവര്‍ തങ്ങളുടെ തട്ടം അവരുടെ മാറിലൂടെ താഴ്ത്തിയിടട്ടെ. അങ്ങനെ അതുകൊണ്ടവര്‍ തങ്ങളുടെ മുടിയും പിരടിയും കാതിലകളുമെല്ലാം മറയ്ക്കുകയും ചെയ്യട്ടെ'' (തഫ്‌സീറുത്ത്വബരി).2
ഖിമാര്‍ (الْخِمَارُ)  കൊണ്ടുള്ള വിവക്ഷ എന്താണെന്ന് ഇമാം ഖുര്‍ത്വുബി പറയുന്നത് കാണുക:

''خُمُرُ എന്നതിന്റെ ബഹുവചനമാണ്  خِمَار. സ്ത്രീ തന്റെ തലമറയ്ക്കുന്ന വസ്ത്രമാണത്'' (തഫ്‌സീര്‍ഖുര്‍ത്വുബി).3
ഇമാം നവവി പറയുന്നു: ''സ്ത്രീകളുടെ തലയിലിടുന്ന തട്ടമാണത്'' (ശര്‍ഹുമുസ്‌ലിം: 3802).4
അറബി ഭാഷയിലെ ഏറ്റവും പൗരാണികവും ആധികാരികവുമായ നിഘണ്ടുക്കള്‍ മുതല്‍ ആധുനികകാലത്തെ ഏറ്റവും ആധികാരിക അറബിഭാഷാ നിഘണ്ടുക്കള്‍ വരെ ഇതേപോലെതന്നെയാണ് അതിനെ വിശദീകരിച്ചിട്ടുള്ളത്. ഉദാഹരണത്തിന്, ലിസാനുല്‍ അറബ് എന്ന പൗരാണിക നിഘണ്ടുവില്‍ പറയുന്നത് കാണുക:

الْخِمَارُ مَا تَغَطَّى بِهِ المَرْأَةُ رأَسَهَا..... وَفِي حَدِيثِ أُمِّ سَلْمَةَ أَنَّهُ كَانَ يَمْسَحُ عَلَى الخُفِّ وَالْخِمَارِ أَرَادَتْ بِالْخِمَارِ العَمَامَةَ. لِأَنَّ الرَّجُلَ يُغَطِّي بِهَا رَأْسَهُ كَمَا أَنَّ المَرْأَةَ تُغَطِّيَهِ بِخِمَارِهَا-لِسَانُ العَرَبِ

ആധുനിക കാലത്തെ ലോക അറബിഭാഷാ അക്കാദമി ഔദ്യോഗികമായി പ്രസിദ്ധീകരിച്ച അല്‍മുഅ്ജമുല്‍വസീത്വില്‍ പറയുന്നതു കാണുക:

وَفِيَّ "المعجم الوَسِيطُ" - تَأْلِيفُ لِجَنَّةٍ مِنْ العُلَماءِ تَحْتَ إِشْرَافِ "مَجْمَعِ اللُّغَةِ العَرَبِيَّةِ" - مَا نَصُّهُ:. "الخِمَارُ: كُلُّ مَا سَتَرَ، وَمِنهُ خِمَارُ المَرْأَةِ، وَهُوَ ثَوْبٌ تُغَطِّي بِهِ رَأْسَهَا،  وَمِنْهُ العَمَامَةُ، لَأنّ الرَّجُلَ يُغَطِّي بِهَا رَأْسَهُ، وَيُدِيرُهَا تَحْتَ الحَنَكِ".
എല്ലാ മറയ്ക്കുന്നതിനും ഖിമാര്‍ എന്നു പറയും, അതില്‍പെട്ടതാണ് സ്ത്രീയുടെ ഖിമാര്‍ എന്നു പറയുന്നത്. അതായത് അവള്‍ അതുകൊണ്ട് അവളുടെ തലമൂടുന്നു (അല്‍മുഅ്ജമുല്‍ വസീത്വ്).
ഇതില്‍ നിന്ന് 'ഖിമാര്‍' എന്നു പറഞ്ഞാല്‍ ശിരോവസ്ത്രമാണ് ഉദ്ദേശ്യമെന്നു വ്യക്തമായി. തട്ടം, മക്കന, സ്‌കാര്‍ഫ് തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
'ജുയൂബ്', ജയ്ബിന്റെ ബഹുവചനമാണ്. മാറിടം കുപ്പായക്കീശ, കക്ഷം, കോളര്‍, കുപ്പായത്തിന്റെ മാറിലുണ്ടാക്കുന്ന വിടവ് എന്നിവക്കെല്ലാം ഈ വാക്ക് ഉപയോഗിക്കുന്നു.
ജാഹിലിയ്യാ കാലത്ത് സ്ത്രീകള്‍ ഒരുതരം വസ്ത്രം കൊണ്ട് തലമറയ്ക്കുകയും അതിന്റെ ബാക്കി ഭാഗം പിറകിലേക്കുതന്നെ മടക്കിയിടുകയുമാണ് ചെയ്തിരുന്നത്. മുന്നിലാകട്ടെ, നെഞ്ചിന്റെ മേല്‍ഭാഗം തുറന്നു കിടന്നിരുന്നു. തന്മൂലം കഴുത്തും നെഞ്ചിന്റെ മുകള്‍ഭാഗവും നല്ലവണ്ണം വെളിപ്പെടുമായിരുന്നു. അതിനാല്‍ ശിരോവസ്ത്രം ധരിക്കണം എന്ന് പറയുകയല്ല, പ്രത്യുത  وَلْيَضْرِبْنَ അവര്‍ താഴ്ത്തിയിടട്ടെ, ചേര്‍ത്തിടട്ടെ എന്ന പ്രയോഗത്തിലൂടെ അത് താഴ്ത്തിയിട്ട് മാറിടം മറയ്ക്കണം എന്ന് കല്‍പ്പിക്കുകയാണ് അല്ലാഹു ചെയ്തത്. ഇവിടെ ശിരോവസ്ത്രം അണിയണം എന്നു പ്രത്യേകം പറയേണ്ടതില്ലാത്ത വിധം ജാഹിലിയ്യാ കാലം മുതലേ സ്ത്രീകള്‍ സര്‍വസാധാരണമായി അത് ധരിച്ചിരുന്നു എന്ന് വ്യക്തം.
ഇവിടെ ഉദ്ദേശ്യം മാറിടവും കുപ്പായത്തിന്റെ മാറിലുണ്ടാക്കുന്ന വിടവുമാണ്. കഴുത്തിലും മാറിലും ആഭരണങ്ങളണിഞ്ഞ് കുപ്പായമാറ് തുറന്നിട്ട് പ്രദര്‍ശിപ്പിക്കുന്ന സമ്പ്രദായം പണ്ടുണ്ടായിരുന്നു. ഇക്കാലത്തും അതുണ്ട്. ബ്ലൗസിന്റെയും മറ്റും കഴുത്ത് ഇറക്കി വെട്ടി ധരിക്കുകയാണ് മാറു പ്രദര്‍ശിപ്പിക്കാന്‍ ഇന്ന് സ്വീകരിക്കുന്ന രീതി. അത് നാഗരികതയുടെ അനിവാര്യതയായി കരുതപ്പെടുന്നു. ഉത്തരീയം താഴ്ത്തിയിട്ട് മാറും അതിലെ മുഴപ്പുകളും അലങ്കാരങ്ങളും അന്യര്‍ക്കു മുന്നില്‍ മറയ്ക്കണമെന്നാണ് അനുശാസിക്കുന്നത്.
ഈ സൂക്തം അവതരിച്ചശേഷം മുസ്ലിം സ്ത്രീകള്‍ ഈ ആജ്ഞ സ്വജീവിതത്തില്‍ നടപ്പാക്കി. ചുരുട്ടി കഴുത്തിലിടുകയായിരുന്നില്ല; പുതച്ച് തലയും അരയും മാറും നല്ലവണ്ണം മറയ്ക്കുകയായിരുന്നു. ഖുര്‍ആനിന്റെ ഈ ശാസന ശ്രവിച്ച മാത്രയില്‍ തന്നെ സത്യവിശ്വാസിനികളായ സ്ത്രീകള്‍ അത് പ്രാവര്‍ത്തികമാക്കിയതിനെ അഭിനന്ദിച്ചുകൊണ്ട് ആഇശ(റ) പറയുന്നു: ''സൂറതുന്നൂര്‍ അവതരിച്ചപ്പോള്‍ നബി(സ)യില്‍ നിന്ന് കേട്ട് ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങിച്ചെന്ന് തങ്ങളുടെ ഭാര്യമാരെയും പെണ്‍കുട്ടികളെയും സഹോദരിമാരെയും പ്രസ്തുത സൂക്തങ്ങള്‍ കേള്‍പ്പിച്ചു.   وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنّ എന്ന ആയത്തു കേട്ട് സ്വസ്ഥാനത്ത് അടങ്ങിയിരുന്ന ഒരു വനിതയും അന്‍സ്വാറുകളില്‍ ഉണ്ടായിരുന്നില്ല. എല്ലാവരും എഴുന്നേറ്റ്, ചിലര്‍ തങ്ങളുടെ അരയിലെ വസ്ത്രങ്ങളും ചിലര്‍ തട്ടങ്ങളുമെടുത്ത് മക്കനയായി ഉപയോഗിച്ചു. പിറ്റെ ദിവസം സ്വുബ്ഹ് നമസ്‌കാരത്തിന് മസ്ജിദുന്നബവിയിലെത്തിയ സ്ത്രീകളെല്ലാം മേല്‍പുടവകള്‍ ഉപയോഗിച്ചിരുന്നു.''5
ഇവ്വിഷയകമായി വന്ന മറ്റൊരു നിവേദനത്തില്‍ ആഇശ(റ)യില്‍ നിന്ന് ഈ വിവരണം കൂടിയുണ്ട്: 'സ്ത്രീകള്‍ നേരിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും അവകൊണ്ട് ഉത്തരീയങ്ങളുണ്ടാക്കുകയും ചെയ്തു.' (അബൂദാവൂദ്)

എങ്ങനെയാണത് ധരിക്കേണ്ടത്?

وَقَالَ الْحَافِظُ ابْنُ حَجَرٍ: وَصِفَة ذَلِكَ أَنْ تَضَع الْخِمَار عَلَى رَأْسهَا وَتَرْمِيه مِنْ الْجَانِب الْأَيْمَن عَلَى الْعَاتِق الْأَيْسَر وَهُوَ التَّقَنُّع، قَالَ الْفَرَّاء: كَانُوا فِي الْجَاهِلِيَّة تُسْدِل الْمَرْأَة خِمَارهَا مِنْ وَرَائِهَا وَتَكْشِف مَا قُدَّامهَا، فَأُمِرْنَ بِالِاسْتِتَارِ، وَالْخِمَار لِلْمَرْأَةِ كَالْعِمَامَةِ لِلرَّجُلِ.-فَتْحُ الْبَارِي: بَابُ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ
 

കേവലം ശിരസ്സില്‍ മാത്രം തട്ടമിട്ടാല്‍ പോരാ, മറിച്ച് കഴുത്ത്, തോള്‍, മുടി എന്നിവയും കാണപ്പെടാതിരിക്കാനായി മാറിടത്തില്‍ കൂടി തലമക്കന തൂക്കിയിടണം......'ഭംഗിയില്‍ നിന്ന് പ്രത്യക്ഷമാകുന്ന ഭാഗം'  {مَا ظَهَرَ مِنْهَا}  വെളിവാക്കുന്നതിനു വിരോധമില്ലെന്നു ആയത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തില്‍ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും, ആയത്തില്‍ നിന്നു പ്രത്യക്ഷത്തില്‍ മനസ്സിലാകുന്നതും, പ്രസ്തുത വ്യാഖ്യാനങ്ങളുടെ ആകെ സാരം മുന്നില്‍ വെച്ചു നോക്കുമ്പോള്‍ വ്യക്തമാകുന്നതും, സാധാരണ നിലക്ക് മറയ്ക്കാന്‍ പ്രയാസപ്പെടുന്ന ഭാഗങ്ങളാണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് എന്നാണ്. നടക്കുമ്പോഴും, ജോലികള്‍ എടുക്കുമ്പോഴുമെല്ലാം മുന്‍കൈകളും മുഖവും മറയ്ക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇതുകൊണ്ടാണ് മിക്ക പണ്ഡിതന്മാരും ഇവിടെ 'കൈപടങ്ങളും മുഖവും ഒഴികെ' എന്ന് വ്യാഖ്യാനം നല്‍കുന്നത്.
തര്‍ജുമാനുല്‍ ഖുര്‍ആന്‍ (ഖുര്‍ആന്റെ ദ്വിഭാഷി) എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രവാചക ശിഷ്യന്‍  ഇബ്‌നു അബ്ബാസ് പറയുന്നു: 'അവളുടെ മുഖവും മുന്‍കൈയും മോതിരവും ഒഴികെ.' പ്രമുഖ സ്വഹാബിവര്യന്‍ ഇബ്‌നു ഉമര്‍, താബിഈ പണ്ഡിതന്മാരായ അത്വാഅ്, ഇക്‌രിമ, സഈദുബ്‌നു ജുബൈര്‍, അബുശ്ശഅ്‌സാഅ്, ളഹ്ഹാക്, ഇബ്‌റാഹീമുന്നഖഈ തുടങ്ങിയവരില്‍ നിന്നും ഇതുപോലെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.  ഇബ്‌നുകസീര്‍ തുടരുന്നു: ഇബ്‌നു അബ്ബാസും അദ്ദേഹത്തെ പിന്‍പറ്റിയവരും 'അവളില്‍നിന്ന് വെളിവായതൊഴികെ' എന്നതുകൊണ്ട് മുഖവും മുന്‍കൈയുമാണ് എന്നാണ് വിവക്ഷിച്ചിട്ടുള്ളത്. ഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുക്കലും ഇതുതന്നെയാണ് ആ പ്രയോഗത്തിന്റെ ഉദ്ദേശ്യം (ഇബ്‌നുകസീര്‍).6
തുടര്‍ന്ന് ഈ വീക്ഷണത്തിന് ഉപോത്ബലകമാക്കാവുന്ന ഒരു ഹദീസും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്:  ഇതാണ് ആ ഹദീസ്:
ആഇശ (റ) പറയുന്നു: അബൂബക്റിന്റെ മകള്‍ അസ്മാ  നേരിയ വസ്ത്രവുമിട്ടുകൊണ്ട് നബി(സ)യുടെ അടുത്ത് വന്നു. അപ്പോള്‍ തിരുമേനി തിരിഞ്ഞു നിന്നു കളഞ്ഞു. എന്നിട്ട് മുഖവും മുന്‍കൈയും ചൂണ്ടിക്കൊണ്ട് പറഞ്ഞു: അസ്മാ, പെണ്ണ് പ്രായപൂര്‍ത്തിയെത്തിക്കഴിഞ്ഞാല്‍ പിന്നെ ഇതും ഇതുമല്ലാതെ പുറത്തു കാണാന്‍ പാടില്ല' (അബൂദാവൂദ്: 4104). അല്‍ബാനി ഇത് സ്വഹീഹാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് (സ്വഹീഹ് അബീദാവൂദ്: 2/460).
ഇമാം ത്വബരിയും ഇതേ വീക്ഷണം തന്നെ പ്രകടിപ്പിച്ചതായി കാണാം. ഇവ്വിഷയകമായി എല്ലാ അഭിപ്രായങ്ങളും ഉദ്ധരിച്ച ശേഷം അദ്ദേഹം പറഞ്ഞു: ''മുഖവും മുന്‍കൈയു
മാണ് ഇതുകൊണ്ട് ഉദ്ദേശ്യം എന്ന അഭിപ്രായപ്പെട്ടവരുടെ വീക്ഷണമാണ് ഇവ്വിഷയകമായി ഏറ്റവും ശരി'' (തഫ്‌സീര്‍ത്വബരി).

എന്താണ് ജില്‍ബാബ്?


''അല്ലയോ പ്രവാചകാ, സ്വപത്നിമാരോടും പെണ്‍മക്കളോടും വിശ്വാസികളിലെ വനിതകളോടും അവരുടെ മേലാട (ജില്‍ബാബു)കളില്‍ നിന്ന് താഴ്ത്തിയിടാന്‍ പറയുക.''
'ജില്‍ബാബ്'  (جِلْبَاب) എന്ന പദത്തിന്റെ ബഹുവചനമാണ് 'ജലാബീബ്'  (جَلَابِيب). മേലാട എന്നു ഇതിനു അര്‍ഥം പറയാം. പ്രധാന തഫ്‌സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ഥങ്ങളില്‍ ചില്ലറ പ്രയോഗ വ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിച്ചു വരുന്നുണ്ട്. 'മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നത്, പുതപ്പ്, മുഖംമൂടുന്നത് (ആളെ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി തലയും മുഖവുംമൂടുക), ശരീരം മുഴുവന്‍ മറയ്ക്കുന്നത്, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍ നിന്നു അടി വരെ മറയ്ക്കുന്നതു, വിശാലമായ വസ്ത്രം' എന്നൊക്കെയാണ് അവര്‍ നല്‍കിയ അര്‍ഥങ്ങള്‍. 'മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം' എന്നൊക്കെ മലയാളത്തില്‍ ചുരുക്കിപ്പറയാം.7
يُدْنِينَ عَلَيْهِنَّ مِنْ جَلاَبِيبِهِنَّ   എന്നാണ് മൂലവാക്യം. വലിയ മൂടുപടത്തിനാണ് അറബിയില്‍ 'ജില്‍ബാബ്' എന്ന് പറയുക. അടുപ്പിക്കുക, പൊതിയുക എന്നിങ്ങനെയാണ് 'യുദ്‌നീന' എന്നതില്‍ നിന്നുള്ള 'ഇദ്നാഇ'ന്റെ മൂലാര്‍ഥം. അതായത്, മൂടുപടത്തിന്റെ ഒരു ഭാഗം എന്നാണ് പറയുന്നത്. പൊതിയുകയാണെങ്കില്‍ മുഴുവന്‍ മൂടുപടം കൊണ്ടും പൊതിയരുത്. അതിന്റെ ഒരു ഭാഗം കൊണ്ട് മാത്രം മതി. അതുകൊണ്ട് സൂക്തത്തിന്റെ ആശയം സ്പഷ്ടമാകുന്നു. അതായത്, സ്ത്രീകള്‍ തങ്ങളുടെ ഉത്തരീയം നന്നായി ധരിച്ച അതിന്റെ ഒരു ഭാഗം അല്ലെങ്കില്‍ ഒരു തുമ്പ് മുകളില്‍ നിന്ന് താഴോട്ട് താഴ്ത്തിയിടണം. ഇതിനെയാണ് സാധാരണ ഭാഷയില്‍ മൂടുപടമിടുക എന്നു പറയുന്നത്. പ്രവാചകത്വത്തിന്റെ സമീപകാലക്കാരായ വ്യാഖ്യാതാക്കള്‍ നല്‍കിയിട്ടുള്ളത് ഇതേ അര്‍ഥമാണ്.
'അവരുടെ മേലാട താഴ്ത്തിയിടണം'  (يُدْنِينَ عَلَيْهِنَّ) എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും തലയും കഴുത്തും മുഖവും അടക്കം 'ജില്‍ബാബ്' കൊണ്ട് മൂടി മറയ്‌ക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍ നിന്ന് വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ാം വചനത്തില്‍ നിന്നും, അതിന്റെ വ്യാഖ്യാനത്തില്‍ നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറയ്ക്കല്‍ നിര്‍ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കൈയും മുഖവും നിര്‍ബന്ധത്തില്‍ നിന്ന് ഒഴിവാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണ നിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, പുറത്തു പോകുമ്പോള്‍ മുഖവും മറയ്‌ക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്റെ താല്‍പര്യമെന്നും അഭിപ്രായപ്പെട്ട സ്വഹാബികളും താബിഉകളുമുണ്ട്.

മദ്ഹബുകള്‍ എന്ത് പറയുന്നു?
ഇനി ഇന്ന് ലോക മുസ്ലിംകള്‍ ഭൂരിഭാഗവും പിന്‍പറ്റുന്ന നാല് മദ്ഹബുകളും മദ്ഹബിനു പുറത്തുള്ള പണ്ഡിതന്മാരും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുമൊക്കെ ഈ വിഷയകമായി എന്തു പറയുന്നു എന്ന് നോക്കാം.
ഹനഫീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തബ്‌യീനുല്‍ ഹഖാഇഖില്‍ പറയുന്നു: ''സ്വതന്ത്രയായ സ്ത്രീകളുടെ മുഖവും മുന്‍കൈയും കാല്‍പാദങ്ങളുമൊഴിച്ചുള്ള ശരീര ഭാഗങ്ങള്‍ ഔറത്താവുന്നു. 'വലാ യുബ്ദീന സീനത്തഹുന്ന....' എന്ന അല്ലാഹുവിന്റെ വചനമാണതിനുള്ള തെളിവ്. അലങ്കാരം പ്രകടമാവുന്ന ഇടമാണ് 'വെളിവാക്കരുത്' എന്നതു കൊണ്ടുദ്ദേശ്യം. അവളില്‍ നിന്ന് പ്രകടമാവുന്നതാണ് മുഖവും മുന്‍കൈയും. അതാണ് ഇബ്‌നു അബ്ബാസിന്റെ അഭിപ്രായം.''
ഇസ്‌ലാമിന്റെ വിധിവിലക്കുകള്‍ വിശദീകരിച്ച പൗരാണികരും ആധുനികരുമായ ഇമാമുമാരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായൈക്യം ഈ വിഷയത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. മാലികീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ മിനഹുല്‍ ജലീലില്‍ പറയുന്നു:
''മുസ്‌ലിമായ അന്യ പുരുഷന്മാരുടെ മുന്നില്‍ ഒരു സ്വതന്ത്രയായ സ്ത്രീയുടെ ഔറത്ത് മുഖവും മുന്‍കൈയും ഒഴിച്ചുള്ള മുഴുവന്‍ ശരീരവുമാകുന്നു; ഉള്ളും പുറവുമെല്ലാം. എന്നാല്‍ മുഖവും മുന്‍കൈയും ഔറത്തല്ല. അതുകൊണ്ടു തന്നെ അത് അന്യപുരുഷന് മുന്നില്‍ വെളിവാക്കാം, കുഴപ്പം ഉണ്ടാവുമെന്ന ഭയമില്ലെങ്കില്‍ അവന് അവളെ നോക്കുകയും ചെയ്യാം'' (മിനഹുല്‍ജലീല്‍, ഔറത്ത് മറയ്ക്കുക എന്ന അധ്യായം).8
ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശര്‍ഹുല്‍ മുഹദ്ദബില്‍ ഇമാം നവവി പറയുന്നു: ''എന്നാല്‍ സ്വതന്ത്രയായ സ്ത്രീയുടെ മുഖവും മുന്‍കൈയും ഒഴിച്ചുള്ള മുഴുവന്‍ ശരീരവും ഔറത്താകുന്നു എന്ന അല്ലാഹുവിന്റെ വചനമാണ് അതിന്റെ തെളിവ്. അത് മുഖവും മുന്‍കൈയുമാണെന്ന് ഇബ്‌നു അബ്ബാസ് വിശദീകരിച്ചിരിക്കുന്നു'' (ശര്‍ഹുല്‍മുഹദ്ദബ്, ഔറത്ത് മറയ്ക്കുക എന്ന അധ്യായം).9
ഹമ്പലീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ അല്‍ഉദ്ദ ഫീ ശര്‍ഹില്‍ ഉംദയില്‍ പറയുന്നു: ''സ്വതന്ത്രയായ സ്ത്രീ മുഴുവന്‍ ഔറത്താകുന്നു; മുഖവും മുന്‍കൈയും  ഒഴികെ. 'വലാ യുബ്ദീന...' എന്ന അല്ലാഹുവിന്റെ വചനമാണ് അതിന്റെ തെളിവ്. മുഖവും മുന്‍കൈയുമാണെന്ന് ഇബ്‌നു അബ്ബാസ് വിശദീകരിച്ചിരിക്കുന്നു'' (അല്‍ഉദ്ദഫീ ശര്‍ഹില്‍ ഉംദ, നമസ്‌കാരത്തിന്റെ ശര്‍ത്വുകള്‍ എന്ന അധ്യായം).11
ളാഹിരീ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ അല്‍ മുഹല്ലയില്‍ ഇമാം ഇബ്‌നു ഹസ്മ് പറയുന്നു: ''മക്കന മാറിലേക്ക് താഴ്ത്തിയിടാന്‍ അല്ലാഹു സ്ത്രീകളോട് ആജ്ഞാപിച്ചിരിക്കുന്നു. പിരടിയും മാറിടവും ഉള്‍പ്പെടെ ഔറത്ത് മറയ്ക്കണമെന്നതിനുള്ള വ്യക്തമായ രേഖയാണിത്. അതുപോലെ മുഖം വെളിവാക്കല്‍ അനുവദനീയമാണെന്നതിനുള്ള വ്യക്തമായ തെളിവും അതിലുണ്ട്. അതല്ലാതിരിക്കാന്‍ ഒരു നിര്‍വാഹവുമില്ല. ഇതാ, ഇബ്‌നു അബ്ബാസ്, നബി(സ)യുടെ സന്നിധിയില്‍ അവരുടെ കൈകള്‍ കാണുന്നു. അതില്‍നിന്ന് തന്നെ സ്ത്രീയുടെ കൈയും മുഖവും ഔറത്തല്ല എന്ന വീക്ഷണം ശരിയാണെന്ന് വന്നു. എന്നാല്‍ അതു രണ്ടുമല്ലാത്തത് മറയ്ക്കല്‍ അവള്‍ക്ക് നിര്‍ബന്ധമാണെന്നും'' (അല്‍മുഹല്ലാ, നിര്‍ബന്ധമായും മറയ്‌ക്കേണ്ട ഔറത്ത് വിശദീകരിക്കുന്ന അധ്യായം).12
മുസ്‌ലിം സ്ത്രീയെ സംബന്ധിച്ചേടത്തോളം അവളുടെ മുഖവും മുന്‍കൈയും ഒഴിച്ചുള്ള മുഴുവന്‍ ശരീര ഭാഗങ്ങളും ഔറത്താണെന്നും അത് അന്യ പുരുഷന്മാരുടെ മുന്നില്‍ വെളിവാക്കാന്‍ പാടില്ല എന്നതും മുസ്‌ലിം ലോകത്തിന്റെ ഏകകണ്ഠമായ അഭിപ്രായമാണെന്ന് ഈ വിവരണത്തില്‍ നിന്ന് വ്യക്തമാണ്. ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റ് പറയുന്നു: ''സ്വതന്ത്രയായ സ്ത്രീ മൊത്തം ഔറത്താകുന്നു; അവളുടെ മുഖവും മുന്‍കൈയുംഒഴികെ എന്നത് പണ്ഡിതന്മാര്‍ക്കിടയില്‍ ഏകോപനമുള്ള കാര്യമാണ്'' (അത്തംഹീദ്: 27798).13
മുഖവും കൂടി മറയ്ക്കല്‍ നിര്‍ബന്ധമാണോ എന്ന കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ. വസ്തുത ഇതായിരിക്കേ, കര്‍ണാടകാ ഹൈക്കോടതിയുടെ വിധി എല്ലാ അര്‍ഥത്തിലും അബദ്ധമാണ് എന്ന കാര്യത്തില്‍ സംശയമില്ല.  

കുറിപ്പുകള്‍


1. وَقُلْ لِلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلا يُبْدِينَ زِينَتَهُنَّ إِلا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ وَلا يُبْدِينَ زِينَتَهُنَّ إِلا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الإرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَى عَوْرَاتِ النِّسَاءِ
2.  قَالَالْإِمَامُ اِبْن جَرِير الطَّبَرِيّ: وَقَوْلُهُ : {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} يَقُولُ تَعَالَى ذِكْرُهُ : وَلَيُلْقِينَ خُمُرَهُنَّ، وَهِيَ جَمْعُ خِمَارٍ، عَلَى جُيُوبِهِنَّ، لِيَسْتُرْنَ بِذَلِكَ شُعُورَهُنَّ وَأَعْنَاقَهُنَّ وَقُرْطَهُنَّ.-تَفْسِيرُ الطَّبَرِيّ:النُّورُ: 31

3. قَالَ الْإِمَامُ الْقُرْطُبِيُّ: الْخُمُرُ: جَمْعُ الْخِمَارِ، وَهُوَ مَا تُغَطِّي بِهِ رَأْسَهَا.-تَفْسِيرُ الْقُرْطُبِيِّ: النُّورُ: 31

4. وَقَالَ الإِمَامُ النَّوَوِيُّ: جَمْع خِمَارٍ، وَهُوَ مَا يُوضَع عَلَى رَأْس الْمَرْأَة.-شَرْحُ مُسْلِمٍ: 3852

5. قَالَتْ عَائِشَةُ، رَضِيَ اللَّهُ عَنْهَا: إِنَّ لِنِسَاءِ قُرَيْشٍ لَفَضْلًا وَإِنِّي -وَاللَّهِ -وَمَا رَأَيْتُ أفضلَ مِنْ نِسَاءِ الْأَنْصَارِ أَشَدَّ تَصْدِيقًا بِكِتَابِ اللَّهِ، وَلَا إِيمَانًا بِالتَّنْزِيلِ. لَقَدْ أُنْزِلَتْ سُورَةُ النُّورِ: {وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ} ، انْقَلَبَ إِلَيْهِنَّ رِجَالُهُنَّ يَتْلُونَ عَلَيْهِنَّ مَا أَنْزَلَ اللَّهُ إِلَيْهِمْ فِيهَا، وَيَتْلُو الرَّجُلُ عَلَى امْرَأَتِهِ وَابْنَتِهِ وَأُخْتِهِ، وَعَلَى كُلِّ ذِي قَرَابَةٍ، فَمَا مِنْهُنَّ امْرَأَةٌ إِلَّا قَامَتْ إِلَى مِرْطها المُرَحَّل فَاعْتَجَرَتْ بِهِ، تَصْدِيقًا وَإِيمَانًا بِمَا أَنْزَلَ اللَّهُ مِنْ كِتَابِهِ، فأصبحْنَ وَرَاءَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَالصُّبْحَ مُعْتَجَرَاتٍ، كأن على رؤوسهن الغربان.-تَفْسِيرُ ابْنُ كَثِيرٍ

6.وَقَالَ الإِمَامُ ابْنُ كَثِيرٍ: عَنِ ابْنِ عَبَّاسٍ: {وَلا يُبْدِينَ زِينَتَهُنَّ إِلا مَا ظَهَرَ مِنْهَا} قَالَ: وَجْهُهَا وَكَفَّيْهَا وَالْخَاتَمُ. ورُوي عَنِ ابْنِ عُمَرَ، وَعَطَاءٍ، وَعِكْرِمَةَ، وَسَعِيدِ بْنِ جُبَيْرٍ، وَأَبِي الشَّعْثَاءِ، وَالضَّحَّاكِ، وَإِبْرَاهِيمَ النَّخَعي، وَغَيْرِهِمْ -نحوُ ذَلِكَ.....وَيُحْتَمَلُ أَنَّ ابْنَ عَبَّاسٍ وَمَنْ تَابَعَهُ أَرَادُوا تَفْسِيرَ مَا ظَهَرَ مِنْهَا بِالْوَجْهِ وَالْكَفَّيْنِ، وَهَذَا هُوَ الْمَشْهُورُ عِنْدَ الْجُمْهُورِ.-تَفْسِيرُ ابْنُ كَثِيرٍ

7. قَالَ الْإِمَامُ الْقُرْطُبِيُّ: الْجَلَابِيبُ جَمْعُ جِلْبَابٍ، وَهُوَ ثَوْبٌ أَكْبَرُ مِنَ الْخِمَارِ. وَرُوِيَ عَنِ ابْنِ عَبَّاسٍ وَابْنِ مَسْعُودٍ أَنَّهُ الرِّدَاءُ. وَقَدْ قِيلَ: إِنَّهُ الْقِنَاعُ. وَالصَّحِيحُ أَنَّهُ الثَّوْبُ الَّذِي يَسْتُرُ جَمِيعَ الْبَدَنِ. وَفِي صَحِيحِ مُسْلِمٍ عَنْ أُمِّ عَطِيَّةَ: قُلْتُ: يَا رَسُولَ اللَّهِ إِحْدَانَا لَا يَكُونُ لَهَا جِلْبَابٌ؟ قَالَ: (لِتُلْبِسْهَا أُخْتُهَا مِنْ جِلْبَابِهَا).-تَفْسِيرُ الْقُرْطُبِيِّ: تَفْسِيرُ سُورَةِ الْأَحْزَابُ: 59.
وَقَالَ الإِمَامُالنَّوَوِيُّ: قَالَ النَّضْر بْن شُمَيْلٍ هُوَ ثَوْب أَقْصَر وَأَعْرَض مِنْ الْخِمَار وَهِيَ الْمِقْنَعَة تُغَطِّي بِهِ الْمَرْأَة رَأْسهَا وَقِيلَ : هُوَ ثَوْب وَاسِع دُون الرِّدَاء تُغَطِّي بِهِ صَدْرهَا ، وَظَهْرهَا ، وَقِيلَ : هُوَ كَالْمَلَاءَةِ وَالْمِلْحَفَة ، وَقِيلَ : هُوَ الْإِزَار ، وَقِيلَ : الْخِمَار .-شَرْحُ مُسْلِمٍ: 1475

قَالَ الشَّيْخُ ابْنُ عَاشُورٌ: والجَلابِيبُ: جَمْعُ جِلْبابٍ وهو ثَوْبٌ أصْغَرُ مِنَ الرِّداءِ وأكْبَرُ مِنَ الخِمارِ والقِناعِ، تَضَعُهُ المَرْأةُ عَلى رَأْسِها فَيَتَدَلّى جانِباهُ عَلى عِذارَيْها ويَنْسَدِلُ سائِرُهُ عَلى كَتِفَيْها وظَهْرِها، تَلْبَسُهُ عِنْدَ الخُرُوجِ والسَّفَرِ.-التَّحْرِيرُ وَالتَّنْوِيرُ

8.قَالَ الْإِمَامُ بَهَاءُ الدِّينِ الْمَقْدِسِيِّ: وَالْحُرَّةُ كُلُّهَا عَوْرَةٌ إلَّا وَجْهَهَا وَكَفَّيْهَا لِقَوْلِهِ سُبْحَانَهُ: {وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا} قَالَ ابْنُ عَبَّاسٍ: وَجْهَهَا وَكَفَّيْهَا، وَلِأَنَّهُ يَحْرُمُ سَتْرُ الْوَجْهِ فِي الْإِحْرَامِ وَسَتْرُ الْكَفَّيْنِ بِالْقَفَّازَيْنِ، وَلَوْ كَانَا عَوْرَةً لَمْ يَجُزْ كَشْفُهُمَا.- الْعُدَّةُ شَرْحُ الْعُمْدَةِ: بَابُ شُرُوطِ الصَّلَاةِ

9.وَقَالَ الشَّيْخُ مُحَمَّدُ بْنُ أَحْمَدَ الْمَعْرُوف بِعَلِيش: وَهِيَ (أَيْ: الْعَوْرَةُ) مِنْ حُرَّةٍ مَعَ رَجُلٍ  أَجْنَبِيٍّ مُسْلِمٍ جَمِيعُ جَسَدِهَا غَيْرُ الْوَجْهِ وَالْكَفَّيْنِ ظَهْرًا وَبَطْنًا فَالْوَجْهُ وَالْكَفَّانِ لَيْسَا عَوْرَةً فَيَجُوزُ لَهَا كَشْفُهُمَا لِلْأَجْنَبِيِّ وَلَهُ نَظَرُهُا إنْ لَمْ تُخْشَ الْفِتْنَةُ.-مِنَحُ الْجَلِيل شَرْحُ مُخْتَصَرِ خَلِيلٍ: فَصْلٌ فِي سَتْرِ الْعَوْرَةِ

10.قَالَ الْإِمَامُ النَّوَوِيُّ: وَأَمَّا الْحُرَّةُ فَجَمِيعُ بَدَنِهَا عَوْرَةٌ إلَّا الْوَجْهَ وَالْكَفَّيْنِ لِقَوْلِه تَعَالَي {وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا} قَالَ ابْنُ عَبَّاسٍ: وَجْهَهَا وَكَفَّيْهَا. .- شَرْحِ الْمُهَذَّبِ: بَابِ سَتْرِ الْعَوْرَةِ

11.قَالَ الْإِمَامُ بَهَاءُ الدِّينِ الْمَقْدِسِيِّ: وَالْحُرَّةُ كُلُّهَا عَوْرَةٌ إلَّا وَجْهَهَا وَكَفَّيْهَا لِقَوْلِهِ سُبْحَانَهُ: {وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا} قَالَ ابْنُ عَبَّاسٍ: وَجْهَهَا وَكَفَّيْهَا، وَلِأَنَّهُ يَحْرُمُ سَتْرُ الْوَجْهِ فِي الْإِحْرَامِ وَسَتْرُ الْكَفَّيْنِ بِالْقَفَّازَيْنِ، وَلَوْ كَانَا عَوْرَةً لَمْ يَجُزْ كَشْفُهُمَا.- الْعُدَّةُ شَرْحُ الْعُمْدَةِ: بَابُ شُرُوطِ الصَّلَاةِ

12. قَالَ الْإِمَامُ ابْنُ حَزْمٍ:فَأَمَرَهُنَّ اللَّهُ تَعَالَى بِالضَّرْبِ بِالْخِمَارِ عَلَى الْجُيُوبِ، وَهَذَا نَصٌّ عَلَى سَتْرِ الْعَوْرَةِ، وَالْعُنُقِ، وَالصَّدْرِ. وَفِيهِ نَصٌّ عَلَى إبَاحَةِ كَشْفِ الْوَجْهِ؛ لا يُمْكِنُ غَيْرُ ذَلِكَ أَصْلاً...... فَهَذَا ابْنُ عَبَّاسٍ بِحَضْرَةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى أَيْدِيَهُنَّ؛ فَصَحَّ أَنَّ الْيَدَ مِنْ الْمَرْأَةِ، وَالْوَجْهَ: لَيْسَا عَوْرَةً، وَمَا عَدَاهُمَا؛ فَفَرْضٌ عَلَيْهَا سَتْرُهُ...-الْمُحَلَّى: مَسْأَلَةٌ الْعَوْرَةُ الْمُفْتَرَضُ: 349

13. وَقَالَ الْإِمَامُ ابْنُ عَبْدِ الْبَرِّ: لِأَنَّ الْحُرَّةَ عَوْرَةٌ مُجْتَمَعٌ عَلَى ذَلِكَ مِنْهَا إِلَّا وَجْهَهَا وَكَفَّيْهَا.-الِاسْتِذْكَار: 27798، وَالتَّمْهِيدُ: 8/255

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌