ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന വിധി
വിദ്യാര്‍ഥികളുടെ യൂനിഫോം ഏകീകരിക്കുന്നതിന്റെ ഭാഗമായി, കര്‍ണാടക ഗവണ്‍മെന്റ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തിയ നടപടിയെ ശരിവെച്ചിരിക്കുകയാണ് അവിടത്തെ ഹൈക്കോടതി. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹരജികളില്‍ സുപ്രീം കോടതി വാദം കേള്‍ക്കാനിരിക്കുന്നതേയുള്ളൂ. ശരിവെച്ച ഹൈക്കോടതി നടപടിയെ സുപ്രീം കോടതി തിരുത്തും എന്ന പ്രതീക്ഷയാണ് പൊതുവെ മുസ്‌ലിം സമുദായത്തിനുള്ളത്. ഹിജാബ് ധരിക്കുന്നത് 'അനിവാര്യവും അവിഭാജ്യവുമായ മതചര്യ' അല്ല എന്ന ഹൈക്കോടതിയുടെ തീര്‍പ്പ് മുസ്‌ലിം പണ്ഡിതന്മാരെയും കൂട്ടായ്മകളെയും ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. കാരണം, അവര്‍ക്കിടയില്‍ പലതരം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും, ഹിജാബ് വേണമെങ്കില്‍ ധരിച്ചാല്‍ മതി, അത് ഇസ്‌ലാമികമായ അനിവാര്യതയല്ല എന്ന് മുസ്‌ലിം മുഖ്യധാരയിലെ ഏതെങ്കിലും സംഘടനയോ പണ്ഡിതനോ ഇത് വരെ അഭിപ്രായപ്പെട്ടിട്ടില്ല. അംഗീകൃത മദ്ഹബുകള്‍ക്കും മറിച്ചൊരു അഭിപ്രായമില്ല. ചിലരുടെ ഒറ്റപ്പെട്ട അഭിപ്രായങ്ങള്‍ എടുത്തുദ്ധരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഹിജാബ് ആചരണം നിര്‍ബന്ധമല്ല എന്നതിന് ഇസ്‌ലാമിന്റെ പ്രമാണ പാഠങ്ങളില്‍ തന്നെ തെളിവുണ്ട് എന്ന വിധിന്യായത്തിലെ പരാമര്‍ശത്തിനാകട്ടെ ഉപോദ്ബലകമായ തെളിവുകള്‍ ഉദ്ധരിക്കുന്നുമില്ല. ജഡ്ജിമാര്‍ മതവിഷയങ്ങളിലും നിയമങ്ങളിലും ആഴത്തില്‍ അറിവുള്ളവരാകണമെന്നില്ല. അപ്പോള്‍ അംഗീകൃത പണ്ഡിതവേദികളോട് അഭിപ്രായം ചോദിച്ച ശേഷം ഒരു തീരുമാനത്തിലെത്തുകയാവും ഉചിതം. മതവിഷയങ്ങളില്‍ അങ്ങനെയാണ് വിധി പ്രസ്താവങ്ങള്‍ ഉണ്ടാകാറുള്ളതും. പക്ഷേ ഇവിടെ അതൊന്നും പാലിക്കപ്പെട്ടിട്ടില്ല എന്നത് വ്യക്തമാണ്. സുപ്രീം കോടതി തിരുത്തിയില്ലെങ്കില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിധി തെറ്റായ കീഴ്‌വഴക്കമാണ് ഉണ്ടാക്കുക. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും.
ഇത് ഹിജാബ് ധരിക്കുന്നതിനെതിരെയുള്ള പൊതു കോടതി വിധിയാണെന്ന മട്ടിലാണ് ചില മീഡിയാ പ്രചാരണങ്ങള്‍. ഇതൊരു പൊതു വിധിയേ അല്ല. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രം ബാധകമായ ഒന്നാണ്. ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ മീഡിയ അതിനെ ഉപയോഗിക്കുകയാണ്. അഞ്ച് നിയമസഭകളിലേക്ക് ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരില്‍ ധ്രുവീകരണമുണ്ടാക്കാനും ചില കക്ഷികള്‍ അതിനെ ദുരുപയോഗം ചെയ്തിട്ടുണ്ട്. നിലനില്‍ക്കുന്ന രാഷ്ട്രീയ പശ്ചാത്തലം മുന്നില്‍ വെച്ചല്ലാതെ വിധിയെ വിശകലനം ചെയ്യാന്‍ കഴിയില്ലെന്നര്‍ഥം. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടിയത് പോലെ, കര്‍ണാടക ഹൈക്കോടതി വിഷയത്തെ യൂനിഫോമിന്റെ ലെന്‍സിലൂടെ മാത്രം നോക്കിക്കാണുകയാണ് ചെയ്തത്. സംസാരം, വസ്ത്രധാരണം, മനസ്സാക്ഷി എന്നിവയുമായി ബന്ധപ്പെടുത്തി ഭരണഘടന നല്‍കുന്ന മൗലികാവകാശമായി വേണമായിരുന്നു ഇതിനെ കാണേണ്ടിയിരുന്നത്. മതസ്വാതന്ത്ര്യവും മനസ്സാക്ഷിയനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും രണ്ടും രണ്ടാണെന്ന മട്ടിലാണ് പലപ്പോഴും വിധിന്യായങ്ങളുണ്ടാവുന്നത്. ഒരാളുടെ മതബോധ്യങ്ങള്‍ 'മനസ്സാക്ഷി'യുടെ നിര്‍വചന പരിധിയില്‍നിന്ന് എങ്ങനെയാണ് പുറത്തായിപ്പോവുന്നത്? ഈ വേര്‍പ്പെടുത്തല്‍ തുടരുന്നേടത്തോളം കാലം ഹിജാബിന് മാത്രമല്ല മറ്റു വേഷവിധാനങ്ങള്‍ക്കും ഈ പ്രതിസന്ധി നേരിടേണ്ടി വരും. ഇത് രാജ്യത്തിന്റെ ബഹുസ്വരതക്ക് മേല്‍ ഒറ്റസംസ്‌കാരം (ങീിീരൗഹൗേൃല) അടിച്ചേല്‍പിക്കുകയാണ്. വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഇത്തരം എതിര്‍ നീക്കങ്ങളെല്ലാം ഏറ്റവും പ്രതികൂലമായി ബാധിക്കുക മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെയാവും. അപ്പോള്‍ വിദ്യാഭ്യാസാവകാശ നിഷേധം എന്ന തലത്തിലും പ്രശ്‌നത്തെ കാണണം.
കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച ഒരു മുസ്‌ലിം വിദ്യാര്‍ഥിനി പറഞ്ഞത്, ഭരണഘടന ഉറപ്പ് നല്‍കുന്ന 'പ്രകടിപ്പിക്കാനുള്ള' (ഋഃുൃലശൈീി) സ്വാതന്ത്ര്യത്തിന്റെ 19(1)(മ) പരിധിയിലാണ് ഇത് വരിക എന്നാണ്. മറ്റൊരു വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹരജിയില്‍ ഭരണഘടന ഖണ്ഡിക 25-ന്റെ ലംഘനമാണ് ഹൈക്കോടതി വിധി എന്ന് പറഞ്ഞിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഈ തലങ്ങളെല്ലാം അവഗണിച്ച് അനിവാര്യ മതചര്യയാണോ എന്നു മാത്രം നോക്കിയതാണ് വിധിയുടെ ഏറ്റവും വലിയ പോരായ്മ.
Comments