ഇന്ത്യന്‍ നീതിന്യായ വ്യവഹാരങ്ങളിലെ ഇസ്‌ലാമും മുസ്‌ലിംകളും
ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ പലപ്പോഴും മതേതരത്വത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നാണ് ആരംഭിക്കുക. 1976-ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണഘടനയുടെ ആമുഖത്തില്‍ മതേതരം (Secular) എന്ന വാക്ക് കൂട്ടിച്ചേര്‍ത്തത്. എങ്കിലും അത് ഭരണഘടനയുടെ അടിസ്ഥാനമൂല്യം തന്നെയായിരുന്നു എന്ന് 1994-ലെ എസ്.ആര്‍ ബൊമ്മയ് കേസില്‍(1) സുപ്രീംകോടതി നിരീക്ഷിക്കുന്നുണ്ട്. മതനിരാസത്തിന്റെ പാശ്ചാത്യ മതേതര കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായി മത സഹിഷ്ണുതയാണ് ഇന്ത്യന്‍ മതേതരത്വം മുന്നോട്ട് വെക്കുന്നത്. എല്ലാ മതങ്ങളോടും മത വിഭാഗങ്ങളോടും നിഷ്പക്ഷത കൈക്കൊള്ളുക എന്നതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ കാതല്‍.
ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 മുതല്‍ 28 വരെയാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്. ആര്‍ട്ടിക്കിള്‍ 25 വിശ്വസിക്കാനും വിശ്വാസം ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നു. അത് ചുരുക്കി ഇങ്ങനെ വായിക്കാം: ''ക്രമസമാധാനം, സാന്മാര്‍ഗികത, പൊതു ആരോഗ്യം എന്നിവക്കും മറ്റു മൗലികാവകാശങ്ങള്‍ക്കും വിധേയമായിക്കൊണ്ട് ഏവര്‍ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കുന്നതിനും അത് ആചരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും അവകാശം ഉണ്ടായിരിക്കുന്നതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന ഒരു മൗലികാവകാശവും പരിപൂര്‍ണമല്ല; അവക്ക് ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണഘടന തന്നെ നിയന്ത്രണങ്ങള്‍ ചെലുത്തുന്നുണ്ട്.'' എന്നാല്‍ മതസ്വാതന്ത്ര്യത്തെ സംബന്ധിച്ചേടത്തോളം പൊതുവായ ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെ അത് മറ്റു മൗലികാവകാശങ്ങള്‍ക്ക് വിധേയപ്പെടുന്നുവെങ്കില്‍ മാത്രമേ അനുവദിക്കപ്പെടുന്നുള്ളൂ. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു അധിക നിയന്ത്രണം എന്നതിന് ഭരണഘടനാ നിര്‍മാണ സഭാ ചര്‍ച്ചകളില്‍ കൃത്യമായ ഉത്തരം ലഭ്യമല്ല. ഇക്കാരണം കൊണ്ടുതന്നെ മതസ്വാതന്ത്ര്യവും മറ്റേതെങ്കിലും മൗലികാവകാശവും തമ്മിലുള്ള ഏറ്റുമുട്ടല്‍ കോടതികളുടെ മുന്നിലെത്തുമ്പോള്‍ സ്വാഭാവികമായും മുന്‍ഗണന ലഭിക്കുക മറ്റുള്ള അവകാശങ്ങള്‍ക്കാണ്.
അവിഭാജ്യ മതചര്യാപരിശോധന
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളില്‍ കോടതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് തര്‍ക്കത്തിലുള്ള ആചാരം ബന്ധപ്പെട്ട മതത്തിലെ 'അവിഭാജ്യ മതചര്യ' (Essential Religious Practice) ആണോ എന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ്. മൂന്ന് സുപ്രധാന കേസുകളിലൂടെ സുപ്രീംകോടതിയാണ് ഈ പരിശോധന (Test) രൂപപ്പെടുത്തിയത്. ശിരൂര്‍ മുട്ട് കേസ്(2), ശ്രീ വെങ്കട് രാമന്‍ ദേവരു കേസ്(3), അജ്മീര്‍ ദര്‍ഗ കമ്മിറ്റി കേസ്(4) എന്നിവയാണ് ഈ കേസുകള്‍. അവിഭാജ്യ മതചര്യാ തത്ത്വമനുസരിച്ച് ഒരു മതാചാരം ആചരിക്കപ്പെടുന്നില്ലെങ്കില്‍ അത് ആ മതത്തിന്റെ അടിസ്ഥാനമൂല്യങ്ങളെയും അതുവഴി മതത്തിന്റെ നിലനില്‍പ്പിനെ തന്നെയും ബാധിക്കും എന്ന് മത പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിക്ക് ബോധ്യപ്പെടുന്ന പക്ഷം മാത്രമേ പ്രസ്തുത ആചരണത്തിന് ഭരണഘടനയുടെ സംരക്ഷണം ലഭിക്കുകയുള്ളൂ. 1954,1959,1964 വര്‍ഷങ്ങളിലാണ് മേല്‍സൂചിപ്പിച്ച കേസുകള്‍ സുപ്രീംകോടതിയുടെ മുന്നിലെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ രാജ്യത്തെ ഉന്നതാധികാര കോടതികള്‍ക്ക് മുന്നിലെത്തി. പലപ്പോഴും അവിഭാജ്യ മതചര്യ എന്തെന്ന് തീരുമാനിക്കപ്പെട്ടതില്‍ പരസ്പരവിരുദ്ധമായ വിധികള്‍ പുറത്തുവന്നു. 2016-ല്‍ ആള്‍ ഇന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റിലെ ഹിജാബ് വിലക്കിയ സി.ബി.എസ്.ഇ നടപടിയെ ചോദ്യം ചെയ്ത അംന ബിന്‍ത് ബഷീര്‍ കേസില്‍(5) ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ മതചര്യ ആണെന്ന് കേരള ഹൈക്കോടതി വിധിച്ചപ്പോള്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത കേസില്‍(6) ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ മതചര്യയല്ല എന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ചതും (22/03/2022) ഈ വൈരുധ്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
1956-ല്‍ ബിഹാറിലെ The Bihar (Preservation and Improvement of Animals) Act,1956 പ്രകാരമുള്ള കന്നുകാലി വധത്തിന് വിലക്കേര്‍പ്പെടുത്തുകയുണ്ടായി. ഇത് ഇസ്ലാംമത വിശ്വാസത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് കാണിച്ച് ഈ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസില്‍(7) കോടതി നിരീക്ഷിച്ചത്, ബക്രീദിന് കന്നുകാലികളെ ബലി നല്‍കല്‍ ഇസ്ലാമില്‍ ഖുര്‍ആനോ ഹദീസോ പ്രകാരം അനിവാര്യമായ ഒന്നല്ല എന്നായിരുന്നു. 1956-ല്‍ തന്നെ ബാങ്ക് വിളിക്കുന്നത് അവിഭാജ്യ മതചര്യ ആണോ(8) എന്ന ചോദ്യവും കോടതിയുടെ മുന്നിലെത്തി (കല്‍ക്കട്ട ഹൈക്കോടതി). ലൗഡ് സ്പീക്കറിലൂടെ ബാങ്ക് മുഴക്കുന്നത് മതപരമായ അനിവാര്യതയല്ല എന്ന് വിധി പ്രസ്താവിച്ചതിനൊപ്പം 'പ്രാര്‍ഥന സ്രഷ്ടാവുമായുള്ള നിശ്ശബ്ദമായ ആശയവിനിമയമാണെന്നും അതിന് 'പ്രക്ഷുബ്ധ'മായ ഒരു നാന്ദിയുടെയോ 'ശബ്ദായമാന'മായ അകമ്പടിയുടെയോ ആവശ്യമില്ല' എന്നു കൂടി കോടതി പറഞ്ഞുവെച്ചു. മത വിശ്വാസത്തിനാണോ അതല്ല മതാചാരങ്ങള്‍ക്കാണോ ഭരണഘടനയുടെ സംരക്ഷണമുള്ളത് എന്ന ചോദ്യം പല സന്ദര്‍ഭങ്ങളിലും കോടതി തന്നെ ഉയര്‍ത്തിയിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളുമാണ് ഇതുമായി ബന്ധപ്പെട്ട് കോടതികള്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ പലപ്പോഴും മതങ്ങളുടെ സാമൂഹിക കര്‍തൃത്വത്തെ നിരാകരിക്കുന്ന, മതത്തെ വ്യക്തിയും ദൈവവും തമ്മിലുള്ള സ്വകാര്യ ഇടപാടായി ചുരുക്കുന്ന നിലപാടാണ് കോടതികള്‍ സ്വീകരിച്ചുവന്നിട്ടുള്ളത്. അത് കോടതിയുടെ മാത്രം പ്രശ്‌നമായി മനസ്സിലാക്കാന്‍ കഴിയില്ല. പൊതുവില്‍ സമൂഹത്തില്‍ വേരോട്ടമുള്ള ലിബറല്‍ യുക്തിയില്‍നിന്ന് രൂപപ്പെടുന്നതാണ് അത്. എന്നാല്‍ വിവിധ മതങ്ങളിലെ അനാചാരങ്ങളെ തടയുന്ന ഫലപ്രദമായ ഇടപെടലുകള്‍ നടത്താനും കോടതികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
രാജ്യത്ത് ഇസ്ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ 1985-ലെ ശാബാനു ബീഗം കേസും(9) 2017-ലെ ഷയറ ബാനു കേസും(10) പരാമര്‍ശിക്കാതെ ഈ ചര്‍ച്ച പൂര്‍ണമാകില്ല. വിവാഹമോചിതയായ സ്ത്രീക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് പുനര്‍വിവാഹിതയാകും വരെ ക്രിമിനല്‍ നടപടി നിയമം വകുപ്പ് 125 (Section 125, Code of Criminal Procedure) പ്രകാരം ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് വിധിച്ചിട്ടുണ്ട് ശാബാനു ബീഗം കേസില്‍. ഇസ്ലാമിക ശരീഅത്തിന്റെ ചൈതന്യത്തിന് നിരക്കാത്ത ഈ വിധി രാജ്യത്തെ മുസ്ലിം സമൂഹത്തിനിടയില്‍ വ്യാപകമായ അസ്വസ്ഥതയുണ്ടാക്കി. ഇന്ത്യയിലെ ശരീഅത്ത് വിവാദത്തിന്റെ തുടക്കം ഇവിടെയായിരുന്നു. മുസ്ലിം സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങളും ചര്‍ച്ചകളും കാമ്പയിനുകളും രൂപപ്പെട്ടു. ഒരു കേന്ദ്രീകൃത മുസ്ലിം വ്യക്തിനിയമ സംഹിതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി. എന്നാല്‍ ഇതുവരെ അത് സാധ്യമാക്കാന്‍ ഈ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. പ്രസ്തുത വിധിന്യായത്തോടുള്ള മുസ്ലിം സമൂഹത്തിന്റെ പ്രതിഷേധം കണക്കിലെടുത്താണ് 1986-ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ The Muslim Women (Protection of Rights on Divorce) Act, 1986 കൊണ്ടുവരുന്നത്. ശാബാനു ബീഗം വിധി ഉണ്ടാക്കിയ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാന്‍ ഈ നിയമം സഹായിച്ചു. വിവാഹ മോചനസമയത്ത് സ്ത്രീക്ക് നല്‍കേണ്ട ജീവനാംശം ഇദ്ദ കാലയളവിലേക്ക് മാത്രമായും അത് ഒറ്റ തവണ ആയി നല്‍കുന്ന രീതിയിലേക്കും ഇസ്ലാമിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് പരിഷ്‌കരിച്ചു. പിന്നീടങ്ങോട്ടും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ശരീഅത്ത് വിവാദം തലപൊക്കി. ഖുര്‍ആനിന്റെയോ മറ്റു ഇസ്ലാമിക പ്രമാണങ്ങളുടെയോ ആത്മാവ് ഉള്‍ക്കൊള്ളാത്ത നിലയില്‍ രാജ്യത്ത് പിന്തുടര്‍ന്നുപോരുന്ന മുസ്ലിം വ്യക്തിനിയമം ഇസ്ലാമിനെതിരായ ആയുധമായി ഉപയോഗിക്കപ്പെട്ടു.
മുത്ത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കപ്പെട്ട കേസായിരുന്നു ഷയറ ബാനു കേസ്. ഈ കേസിന്റെ വിധിന്യായത്തില്‍ ആറു മാസത്തിനകം മുത്ത്വലാഖ് നിരോധിച്ചുകൊണ്ടുള്ള നിയമം നിര്‍മിക്കാന്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2019-ല്‍ നിലവില്‍ വന്ന നിയമമാണ് Muslim Women (Protection of Rights on Marriage) Act, 2019. മുത്ത്വലാഖ് നിരോധിക്കുന്നതോടൊപ്പം മുത്ത്വലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പുരുഷനെ പരമാവധി മൂന്ന് കൊല്ലത്തേക്ക് വരെ ജയില്‍ ശിക്ഷക്ക് വിധിക്കാന്‍ കൂടി അധികാരം നല്‍കുന്നതാണ് ഈ നിയമം. നിയമവിരുദ്ധമായ വിവാഹമോചനം എന്ന സിവില്‍ നിയമലംഘനം മുസ്ലിം പുരുഷന്‍ ചെയ്യുമ്പോള്‍ മാത്രം ക്രിമിനല്‍ കുറ്റമാകുന്ന അവസ്ഥയാണ് ഈ നിയമം മൂലം സംജാതമായിട്ടുള്ളത്.
ഇന്ത്യന്‍ മുസ്ലിമുമായി ബന്ധപ്പെട്ട നിയമ വ്യവഹാരങ്ങളിലെ മറ്റൊരു സുപ്രധാന ഏടാണ് ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിയമ പോരാട്ടങ്ങള്‍. 1993 -ലെ അയോധ്യ ആക്ട് ചോദ്യം ചെയ്ത് ഇസ്മാഈല്‍ ഫാറൂഖി നല്‍കിയ ഹരജിയില്‍(11) പള്ളി ഇസ്ലാമിലെ അവിഭാജ്യ ഘടകമല്ലെന്ന് സുപ്രീംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ച് വിധിക്കുകയുണ്ടായി. ആവശ്യമെങ്കില്‍ ആരാധനാലയങ്ങള്‍ സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും കോടതി ഈ കേസില്‍ പരാമര്‍ശിച്ചു. 2019-ല്‍ ബാബരി കേസിലെ അന്തിമ വിധിയെ(12) തങ്ങളോടുള്ള കടുത്ത അനീതിയായാണ് മുസ്ലിം സമൂഹം വിലയിരുത്തുന്നത്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയെ നിയമവിരുദ്ധമെന്ന് വിധിയില്‍ വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും കുറ്റക്കാര്‍ക്കെതിരായ നടപടിയെക്കുറിച്ച് വിധി നിശ്ശബ്ദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍മികത്വത്തില്‍ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനും മുസ്ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ 'അയോധ്യയില്‍ തന്നെ' അഞ്ച് ഏക്കര്‍ സ്ഥലം നല്‍കാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ഹിജാബ് നിരോധനവും
കോടതി വ്യവഹാരങ്ങളും
മുസ്ലിം ചിഹ്നങ്ങളോടുള്ള നമ്മുടെ രാജ്യത്തിന്റെ അസ്വസ്ഥതക്ക് ദീര്‍ഘനാളത്തെ ചരിത്രമുണ്ട്. അവക്ക് മാത്രം ഇതുവരെ മതേതര മുഖം കൈവന്നിട്ടില്ല. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ അപരവല്‍ക്കരണം നേരിട്ടിട്ടുള്ളത് മുസ്ലിം സ്ത്രീയുടെ ഹിജാബ് ആണ്. വിദ്യാഭ്യാസ-തൊഴില്‍ ഇടങ്ങളിലെ ഹിജാബ് വിലക്ക് സാധാരണവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ രണ്ട് ദശകങ്ങളിലായാണ് ഹിജാബ് വിലക്ക് വ്യാപകമാകുന്നത്. കൃത്യമായ കാരണങ്ങള്‍ ഇല്ലാതെയാണ് ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്നത്. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിലെ (NEET) ഹിജാബ് നിരോധനമാണ് സമീപകാല ഹിജാബ് വിലക്കുകളില്‍ ആദ്യത്തേത്. അതിന് ശേഷം വ്യത്യസ്ത മത്സര പരീക്ഷകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് വ്യാപകമായി; അതിനെതിരായ നിയമ പോരാട്ടങ്ങളും സമരങ്ങളും സജീവമായി. 2016-ല്‍ ആള്‍ ഇന്ത്യ പ്രീ മെഡിക്കല്‍ ടെസ്റ്റില്‍ (AIPMT) ഹിജാബ് വിലക്കിയ സി.ബി.എസ്.ഇയുടെ നടപടിയെ കേരള ഹൈക്കോടതിയില്‍ ചോദ്യം ചെയ്ത കേസില്‍(13) ഹിജാബ് ഇസ്ലാമിലെ അനിവാര്യമായ മതചര്യ ആണെന്നാണ് വിധി വന്നത്. എന്നാല്‍ 2018-ല്‍ കേരള ഹൈക്കോടതിയില്‍ തന്നെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹിജാബ് നിരോധനം ചോദ്യം ചെയ്ത കേസില്‍(14) കോടതി തീര്‍പ്പ് കല്‍പിച്ചത് വ്യത്യസ്തമായിട്ടാണ്. മതപരമായ വേഷവിധാനത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ നടത്തുക എന്നത് അതിനേക്കാള്‍ പ്രധാനപ്പെട്ട മൗലികാവകാശം ആണെന്നും, ഹിജാബ് എന്ന വ്യക്തിപരമായ അവകാശത്തേക്കാള്‍ വ്യാപ്തിയുള്ള ഒരു സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനാണ് പ്രാമുഖ്യം ഉള്ളതെന്നുമാണ് കോടതി പറഞ്ഞുവെച്ചത്. ഹിജാബും ഫുള്‍ സ്ലീവും സ്ഥാപനത്തിനകത്ത് അനുവദിക്കണോ വേണ്ടയോ എന്നത് സ്ഥാപനത്തിന്റെ താല്‍പര്യമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2021-ന്റെ അവസാനത്തില്‍ അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഹിജാബ് ധരിച്ച ഫോട്ടോ ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിച്ചു എന്നതിന്റെ പേരില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലെ പ്രാഥമിക ഘട്ടത്തില്‍ തന്നെ മുപ്പതിനായിരത്തോളം മുസ്ലിം വനിതകളെ അയോഗ്യരാക്കിയത് വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂനിഫോമിനൊപ്പം ഹിജാബും ഫുള്‍ സ്ലീവും ധരിക്കാന്‍ അനുമതി തേടിയ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ അപേക്ഷ നിരസിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ ഉത്തരവി(15)റക്കിയത് ഈ വര്‍ഷം ആദ്യത്തിലാണ്. ഇതിന് കാരണമായി കേരള സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് ഹിജാബും ഫുള്‍ സ്ലീവും ഈ ഫോഴ്സിന്റെ മതേതരമായ നിലനില്‍പ്പിനെ ചോദ്യം ചെയ്യുമെന്നാണ്!
2021-ന്റെ അവസാനത്തിലാണ് കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്ക് വ്യാപകമാവുന്നത്. ഉഡുപ്പിയിലെ പ്രീ യൂനിവേഴ്സിറ്റി കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ കോളേജ് അധികൃതര്‍ ഗേറ്റില്‍ തടയുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. പിന്നീട് സംസ്ഥാനത്തെ മറ്റു സ്ഥാപനങ്ങളിലും ഹിജാബിന് വിലക്കുണ്ടായി. വിദ്യാര്‍ഥിനികള്‍ പ്രതിഷേധിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടികളുണ്ടാവുകയും അത് പല സംഘര്‍ഷങ്ങള്‍ക്കും നിമിത്തമാവുകയും ചെയ്തു. വിഷയം പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. സമിതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്(16) ഇറങ്ങി. ഈ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കേസില്‍(17) കര്‍ണാടക ഹൈക്കോടതി സര്‍ക്കാരിന്റെ ഹിജാബ് വിലക്ക് ശരിവെക്കുകയാണ് ചെയ്തത്. കേരള ഹൈക്കോടതി അവിഭാജ്യ മതചര്യയാണെന്ന് വിധിച്ച ഹിജാബ് ഇസ്ലാമിലെ അനിവാര്യതയല്ല എന്ന് കോടതി വിധിച്ചു -വാദി ഭാഗം ഇത് സ്ഥാപിക്കുന്നതില്‍ പരാജയപ്പെട്ടു എന്നാണ് കോടതി പറഞ്ഞത്. വ്യാപക വിമര്‍ശനങ്ങളാണ് ഈ വിധിക്കെതിരെ ഉയരുന്നത്.
അവിഭാജ്യ മതചര്യ -
നിര്‍ണയിക്കേണ്ടത് ആര്?
ഒരു ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണോ എന്ന ചോദ്യം സുപ്രീംകോടതി തന്നെ ഉയര്‍ത്തിയിരിക്കുന്ന സമയമാണിത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ കേസിന്റെ(18) വിധിന്യായത്തില്‍ പ്രശസ്ത ഭരണഘടനാ നിയമവിദഗ്ധന്‍ ഗൗതം ഭാട്ടിയയെ സുപ്രീംകോടതി ഉദ്ധരിക്കുന്നു: 'കൃത്യമായ ഭരണഘടനാപരമായ അടിത്തറയില്ലാത്ത അവിഭാജ്യ മതചര്യാ സിദ്ധാന്തം' (Essential Religious Practice Doctrine) ദൈവശാസ്ത്ര തത്ത്വങ്ങളുടെ ചുരുളഴിക്കുക എന്ന അധിക ബാധ്യതയിലേക്ക് കോടതികളെ കൊണ്ടെത്തിച്ചു. എന്താണ് ഒരു മതത്തെ സംബന്ധിച്ചേടത്തോളം അവിഭാജ്യമായതും അല്ലാത്തതും എന്ന് നിര്‍ണയിക്കാന്‍, തങ്ങള്‍ക്ക് അധികാരമോ നിയമപ്രകാരം സാധുതയോ ഇല്ലാത്ത തികച്ചും മതത്തിന്റെ ആന്തരികമായ മേഖലകളിലേക്ക് കോടതികള്‍ക്ക് കടക്കേണ്ടിവന്നു. അത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തികച്ചും ബാഹ്യമായ ഒരു വീക്ഷണം അടിച്ചേല്‍പിക്കുകയാണ് കോടതി ചെയ്യുന്നത്. ഇത്തരം അടിച്ചേല്‍പിക്കലുകള്‍ വിശ്വാസ കാര്യങ്ങളില്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ്. [Gautam Bhatia, Freedom from community: Individual rights, group life, state authority and religious freedom under the Indian Constitution, Global Constitutionalism, Cambridge University Press (2016).]'
അവിഭാജ്യ മതചര്യാ സിദ്ധാന്തത്തെക്കുറിച്ച് സമാനമായ മറ്റൊരു വിമര്‍ശനം കൂടി കോടതി ഉദ്ധരിക്കുന്നുണ്ട്. പ്രഫ. ഫൈസാന്‍ മുസ്തഫ, പ്രഫ. ജഗതേശ്വര്‍ സിംഗ് സോഹി എന്നിവരുടെ Freedom of Religion in India: Current Issues and Supreme Court Acting as a Clergy, ജാക്വലിന്‍ എന്‍ നിയോയുടെ Definitional Imbroglios: A critique of the definition of religion and essential practice tests in religious freedom adjudication എന്നീ പഠനങ്ങളാണ് ഇതിന് ആധാരമാക്കിയിരിക്കുന്നത്. അവിഭാജ്യ മതചര്യാ സിദ്ധാന്തത്തിന്റെ ന്യൂനതകളെയാണ് ജാക്വലിന്‍ എന്‍ ലിയോ പഠനവിധേയമാക്കുന്നത്. അവര്‍ നിരീക്ഷിക്കുന്നതായി സുപ്രീംകോടതി ഉദ്ധരിക്കുന്നു: ''അവിഭാജ്യ മതചര്യാ പരിശോധന പോലുള്ള നിര്‍വചന സ്വഭാവമുള്ള പരിശോധനകള്‍ വളരെ കര്‍ശനമാണ്. സംരക്ഷിക്കപ്പെടുന്നവ, അല്ലാത്തവ എന്നിങ്ങനെ മതവിശ്വാസങ്ങളെ ഏകപക്ഷീയമായി തരംതിരിക്കുന്നതിലേക്ക് അവ കോടതികളെ നയിക്കുന്നു. ചില മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ട്, മതമോ വിശ്വാസങ്ങളോ ആചാരങ്ങളോ ആ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നത് മാത്രം പരിശോധിച്ചുകൊണ്ട് തീരുമാനം എടുക്കേണ്ടതായി വരുന്നു. ഇതില്‍ ചില അപകട സാധ്യതകള്‍ ഉണ്ട് എന്ന് പറയേണ്ടിവരും. മതകോടതികള്‍ ആന്തരികമായ മതസിദ്ധാന്തങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് നിയമ സാധുതയുണ്ട്. എന്നാല്‍ ഭരണഘടനാപരമായി സിവില്‍കോടതികള്‍ സ്ഥാപിച്ചിട്ടുള്ളത് മതേതരമായ ഭരണഘടനാ-നിയമ-പൊതു പ്രശ്‌നങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് വേണ്ടിയാണ്. മതപരമായ ബഹുസ്വരത നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ ന്യായാധിപന്മാര്‍ക്ക് എല്ലാ മതങ്ങളുടെയും ആത്മീയകാര്യങ്ങളില്‍ വൈദഗ്ധ്യം ഉള്ളതായോ അത്തരം വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ നിയമപരമായ സാധുത ഉള്ളതായോ അനുമാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല.''
ഹിജാബ് ഇസ്ലാമിലെ അവിഭാജ്യ മതചര്യയല്ല എന്ന് കര്‍ണാടക ഹൈക്കോടതി വിധിച്ച സാഹചര്യത്തില്‍ ഈ ചോദ്യം, ബഹുസ്വര സമൂഹത്തില്‍ മതപരമായ വിഷയങ്ങളില്‍ തീര്‍പ്പ് കല്‍പിക്കേണ്ടത് കോടതിയാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ രാഷ്ട്രീയ- നിയമ വ്യവഹാര ചര്‍ച്ചകള്‍ ഒരു ബദല്‍ സംവിധാനം രൂപപ്പെടുത്തുന്നതിലേക്ക് നയിക്കും എന്ന് പ്രതീക്ഷിക്കാം.
Reference
1. S.R Bommai v Union of India,AIR 1994 SC 1918
2. Commissioner, Hindu Religious Endowments, Madras v. Sri Lakshmindra Thirtha Swamiar of Sri Shirur Mutt, 1954 AIR 282
3. Sri Venkataramana Devaru v. State of Mysore, 1958 AIR 255
4. Dargah Committee, Ajmer v. Syed Hussain Ali, 1961 AIR 1402
5. Amnah Bint Basheer vs Central Board Of Secondary Education,2015
6. WRIT PETITION NO. 2347/2022 (GM-RES) C/w WRIT PETITION NO. 2146/2022 (GM-RES), WRIT PETITION NO. 2880/2022 (GM-RES), WRIT PETITION NO. 3038/2022 (GM-RES), WRIT PETITION NO. 3424/2022 (GM-RES-PIL), WRIT PETITION NO. 4309/2022 (GM-RES), WRIT PETITION NO. 4338/2022 (GM-RES-PIL)
7. Mohammad Hanif Quareshi v. State of Bihar, AIR 1958 SC 731
8.Masud Alam v Commissioner of Police, AIR 1956 Cal. 9 at 10
9. Mohd. Ahmad Khan v. Shah Bano Begum [1985 (1) SCALE 767 = 1985 (3) SCR 844 = 1985 (2) SCC 556 = AIR 1985 SC 945],
10. Shayara Banu v Union of India, AIR 2017 SC 4609
11.Ismail Faruqui v Union of India (1994) 6 SCC 360
12. M Siddiq (D) Thr Lrs v. Mahant Suresh Das & Ors,2019
13. Amnah Bint Basheer vs Central Board Of Secondary Education,2015
14. Fathima Thanseem & Anr v State of Kerala & Ore, 2018
15.G.O.(Rt)No.199/2022IHOME 21/01/2022
16.Order banning Hijab in Educational Institutions by Government of Karnataka on 05/02/2022
17. WRIT PETITION NO. 2347/2022 (GM-RES) C/w WRIT PETITION NO. 2146/2022 (GM-RES), WRIT PETITION NO. 2880/2022 (GM-RES), WRIT PETITION NO. 3038/2022 (GM-RES), WRIT PETITION NO. 3424/2022 (GM-RES-PIL), WRIT PETITION NO. 4309/2022 (GM-RES), WRIT PETITION NO. 4338/2022 (GM-RES-PIL)
18. The Indian Young Lawyers Association & Othrs. V. The State of Kerela and Othrs WRIT PETITION (CIVIL) NO. 373 OF 2006
Comments