നാണം മറയ്ക്കാന്‍ നുണക്കഥകളുടെ ഫയല്‍?
വിവേക് അഗ്നിഹോത്രിയുടെ 'ദ കശ്മീര്‍ ഫയല്‍സ്' സിനിമ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി ഇളവുകളോടെ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരവെ പ്രധാനമന്ത്രി മോദി തന്നെ നേരിട്ട് പിന്തുണയുമായി രംഗത്തിറങ്ങിയിരിക്കുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നവര്‍ സത്യം കാണാതെ നിന്ദിക്കാനായി പ്രചാരണം നടത്തുകയാണെന്നാണ് മോദിയുടെ പക്ഷം. കശ്മീര്‍ ഫയല്‍സ് പോലെയുള്ള കൂടുതല്‍ സിനിമകള്‍ പുറത്തിറങ്ങണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ പിന്തുണ പ്രഖ്യാപിച്ചത്. അതേസമയം കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷ്‌നല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ കണ്ണില്‍ നുണകളുടെ കൂമ്പാരമാണ് കശ്മീര്‍ ഫയല്‍സ്. 1990-ല്‍ കശ്മീരില്‍ നിന്നുള്ള പണ്ഡിറ്റുകളുടെ കൂട്ടപലായനമാണ് സിനിമയുടെ ഇതിവൃത്തം. സിനിമ തീര്‍ത്തും യാഥാര്‍ഥ്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. ഈ വാദത്തെ ശക്തിയായി ചോദ്യം ചെയ്യുന്ന ഉമര്‍ അബ്ദുല്ല, കശ്മീരിന്റെ സംസ്‌കാരത്തിന് (കശ്മീരിയത്ത്) കളങ്കമായി തീര്‍ന്ന സംഭവമാണ് പണ്ഡിറ്റുകളുടെ പലായനം എന്നനുസ്മരിക്കുന്നു. അത് സംഭവിക്കുമ്പോള്‍ ഫാറൂഖ് അബ്ദുല്ലയായിരുന്നില്ല മുഖ്യമന്ത്രി. ബി.ജെ.പി പിന്തുണയോടെ ഭരിച്ച വി.പി സിംഗ് നിയോഗിച്ച ഗവര്‍ണര്‍ ജഗ് മോഹന്റെ ഭരണമായിരുന്നു അപ്പോള്‍ കശ്മീരില്‍. കശ്മീരി പണ്ഡിറ്റുകള്‍ ഇരയായ അതേ തോക്കിന് മുന്നില്‍ ഇരയായിത്തീര്‍ന്ന മുസ്‌ലിംകളുടെയും സിഖുകാരുടെയും ത്യാഗത്തെ വിസ്മരിക്കുന്നത് അനീതിയാണ്. താഴ്‌വര വിട്ടുപോയ മുസ്‌ലിംകളില്‍ നിരവധി പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ലെന്നും ഓര്‍ക്കണം. ഈ സിനിമ നിര്‍മിച്ചവരുടെ ഉദ്ദേശ്യം പണ്ഡിറ്റുകളെ തിരികെ കൊണ്ടുവരികയല്ല, അവരെ ഇപ്പോഴും അകറ്റിനിര്‍ത്തണമെന്നാണ്. കേന്ദ്ര സര്‍ക്കാറുകളോടൊപ്പം എല്ലായ്‌പ്പോഴും നിലക്കൊണ്ട നാഷ്‌നല്‍ കോണ്‍ഫറന്‍സ് നേതാവിന്റെ തുറന്നുപറച്ചില്‍ ജമ്മുകശ്മീരിനെ വെട്ടിമുറിച്ചു സംസ്ഥാന പദവി പോലും നിഷേധിച്ച മോദിസര്‍ക്കാറിന്റെ നടപടിയുടെ പശ്ചാത്തലത്തില്‍ വേണം വായിക്കാന്‍. സത്യത്തില്‍ ജമ്മു-കശ്മീരിനെ എക്കാലത്തും പട്ടാള ബൂട്ടുകളുടെ നിഴലില്‍ നിര്‍ത്തി അവര്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പൗരാവകാശങ്ങള്‍ പോലും നിഷേധിച്ചുവന്ന കേന്ദ്ര ഭരണകൂടങ്ങളുടെ നയവും ചെയ്തികളുമാണ് സ്ഥിതിഗതികളെ വഷളാക്കിയത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്ന് നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ തന്നെ കശ്മീരിന്റെ ഭൂപ്രദേശമല്ലാതെ കശ്മീരികളെ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്ന ഉറച്ച നിലപാട് കേന്ദ്രസര്‍ക്കാറുകള്‍ക്കുണ്ടായിരുന്നില്ലെന്ന് വേണം വിലയിരുത്താന്‍. ഒരു ന്യൂനപക്ഷം മാത്രമായ വിഘടന വാദികളെയും പാക് പിന്തുണയുള്ള തീവ്രവാദികളെയും മാറ്റിനിര്‍ത്തി ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ തല്‍പരരായ ഭൂരിപക്ഷം കശ്മീരികളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പ്രശ്‌നപരിഹാരത്തിന് ഒരു കാലത്തും ഫലപ്രദമായ നടപടികളുണ്ടായില്ല. ബക് ഷി ഗുലാം മുഹമ്മദ് മുതല്‍ ഉമര്‍ അബ്ദുല്ല വരെയുള്ള രാഷ്ട്രീയ നേതാക്കളാവട്ടെ തങ്ങളുടെ നിലയും സ്ഥാനവും ഭദ്രമാക്കാനുള്ള തന്ത്രങ്ങളില്‍ മുഴുകിയതല്ലാതെ കശ്മീര്‍ ജനതയുടെ മാനവിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ഥ ശ്രമങ്ങള്‍ നടത്തിയതിന് തെളിവുകളില്ല. തന്മൂലം കശ്മീരിന്റെ ആഭ്യന്തരരംഗം എക്കാലത്തും കലുഷമായി തുടര്‍ന്നു. പാക് പിന്തുണയുള്ള തീവ്രവാദികളെയും വിഘടനവാദികളെയും നേരിടാന്‍ വിന്യസിക്കപ്പെട്ട ലക്ഷക്കണക്കിന് സൈനികര്‍ അമിതാധികാരപ്രയോഗത്തിന്റെ (AFSPA) തണലില്‍ സിവിലിയന്മാരുടെ ജീവിതം അതീവ ദുസ്സഹമാക്കിക്കൊണ്ടിരുന്നപ്പോഴും മാനുഷികമായ ഇടപെടല്‍ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഈ സങ്കീര്‍ണ സാഹചര്യത്തിലാണ് 1990-കളില്‍ പ്രഥമ കോണ്‍ഗ്രസിതര സര്‍ക്കാര്‍ വി.പി സിംഗിന്റെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ അധികാരത്തിലേറുന്നതും സര്‍ക്കാറിനെ പിന്താങ്ങുന്ന ബി.ജെ.പിയുടെ സ്വാധീനത്തിന് വഴങ്ങി ജഗ് മോഹന്‍ മല്‍ഹോത്രയെ ജമ്മു-കശ്മീര്‍ ഗവര്‍ണറായി നിയമിക്കുന്നതും.
കശ്മീരില്‍ എന്തെല്ലാം തീവ്രവാദ-വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടന്നാലും അന്നേവരെ ഹിന്ദു-മുസ് ലിം ബന്ധങ്ങള്‍ വഷളാവുകയോ വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുകയോ ചെയ്തിരുന്നില്ലെന്നതാണ് യഥാര്‍ഥ കശ്മീര്‍ ഫയല്‍. ജഗ് മോഹന്റെ സൃഗാല തന്ത്രങ്ങളാണ് കശ്മീരിലെ സാമുദായിക ബന്ധങ്ങളെ മോശമാക്കുകയും പണ്ഡിറ്റുകളുടെ പലായനത്തിന് വഴിവെക്കുകയും ചെയ്തത്. 89 പണ്ഡിറ്റുകള്‍ വര്‍ഗീയാസ്വാസ്ഥ്യങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് ഒരു കണക്ക്. 400-ന് താഴെ പേര്‍ കൊല്ലപ്പെട്ടുവെന്ന് ചില കശ്മീരി സംഘടനകളും പറയുന്നു. മറുവശത്ത് കലാപങ്ങളിലും അല്ലാതെയുമായി 15000 സിവിലിയന്മാര്‍ക്ക് ജീവഹാനി നേരിട്ടതായും സംഘടനകളുടെ കണക്കിലുണ്ട്. എന്തായാലും പണ്ഡിറ്റുകളുടെ പലായനം ജഗ് മോഹന്റെ പ്രേരണയാലാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. സേനാ സാന്നിധ്യം ശക്തിപ്പെടുത്തിയതും കര്‍ക്കശ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതും അതില്‍ പിന്നെയാണ്. രാജ്യത്തെ ജനങ്ങളെ സത്യാവസ്ഥ ബോധ്യപ്പെടുത്താനാണെങ്കില്‍ മുസ്‌ലിം-അമുസ്‌ലിം പരിഗണനയില്ലാതെ വസ്തുതകള്‍ യഥാതഥമായി അവതരിപ്പിക്കുകയായിരുന്നു ശരി. പലായനം ചെയ്ത പണ്ഡിറ്റുകളെച്ചൊല്ലി മുതലക്കണ്ണീരൊഴുക്കുന്നവര്‍ രാജ്യം അടക്കി ഭരിക്കാന്‍ തുടങ്ങിയിട്ട് എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കശ്മീരില്‍ പണ്ഡിറ്റുകളുടെ പുനരധിവാസം എങ്ങുമെത്തിയിട്ടില്ലെന്നതും മറക്കരുത്. പകരം പുറത്ത് നിന്നുള്ള സമ്പന്നര്‍ക്ക് കശ്മീരില്‍ ഭൂമി വാങ്ങാനുള്ള സകല വിലക്കുകളും നീക്കിയിട്ടുണ്ട്താനും. ഏറ്റവുമൊടുവിലത്തെ ഭരണഘടനാ വിരുദ്ധ ജനാധിപത്യ വിരുദ്ധ ഏകപക്ഷീയ നടപടികളെ ന്യായീകരിക്കാന്‍ അവാസ്തവങ്ങളും അര്‍ധ സത്യങ്ങളും ഭാവനയും കൂട്ടിക്കുഴച്ച് സിനിമയെടുക്കാന്‍ അതിന് അനുയോജ്യരെ ഏര്‍പ്പെടുത്തുകയും ഫിലിം രാജ്യത്താകെ പ്രദര്‍ശിപ്പിക്കുകയുമല്ല ജനങ്ങളോട് ഉത്തരവാദിത്തമുള്ള സര്‍ക്കാറിന്റെ ജോലി. പക്ഷേ, പുള്ളിപ്പുലിക്ക് അതിന്റെ പുള്ളി മാറ്റാന്‍ കഴിയാത്തപോലെ ഫാഷിസത്തിന് അതിന്റെ ശൈലി മാറ്റാനാവില്ല. സത്യം പുറത്തുകൊണ്ടുവരുന്നവരെ കരിനിയമങ്ങളുപയോഗിച്ച് കാരാഗൃഹത്തില്‍ അനിശ്ചിതകാലം പാര്‍പ്പിക്കുകയും, സത്യം പുറത്ത് കൊണ്ട് വരുന്ന മീഡിയയെ അടച്ചുപൂട്ടുകയുമാണ് സാമ്പ്രദായിക ഫാഷിസ്റ്റ് രീതി. വ്യാജപ്രചാരണങ്ങള്‍ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായി വേണം കശ്മീര്‍ ഫയലിനെയും കാണാന്‍.
പക്ഷേ, ഇത് കൊണ്ടൊക്കെ ഇന്ത്യന്‍ ജനതയെ പേടിപ്പിക്കാനും പീഡിപ്പിക്കാനും അധികാരി വര്‍ഗത്തിന് ഒരുവേള സാധിക്കുന്നുണ്ടെങ്കിലും രാഷ്ട്രാന്തരീയ തലത്തില്‍ രാജ്യത്തിന്റെ പ്രതിഛായ കൂടുതല്‍ കൂടുതല്‍ മോശമായി വരുന്നു എന്ന സത്യം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ഏറ്റവും ഒടുവില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ മാര്‍ച്ച് 15-ന് ഇസ്‌ലാമോഫോബിയക്കെതിരായ ദിനമായി ആചരിക്കാന്‍ ഒ.ഐ.സിയുടെ പിന്തുണയോടെ പാകിസ്താന്‍ പ്രമേയമവതരിപ്പിച്ചതും അത് പാസ്സായതും ഓര്‍ക്കുക. എല്ലാ മതങ്ങള്‍ക്കുമെതിരായ ഭീതി വളര്‍ത്തുന്നതിനെ ആചരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ഭേദഗതി അംഗീകരിക്കപ്പെട്ടതുമില്ല. മതേതര ജനാധിപത്യ ഇന്ത്യക്ക് അതിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു രാജ്യത്ത് ഒരു മതത്തിനുമെതിരെ ഭീതി പടരുന്നില്ലെന്ന് അവകാശപ്പെടാന്‍ നമ്മുടെ യു.എന്‍ പ്രതിനിധിക്ക് സാധിക്കാതെ പോയത് എന്തുകൊണ്ട് എന്ന് സഗൗരവം ആലോചിക്കണം. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നുവെന്നും മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും മോദി സര്‍ക്കാറിന്റെ ഉറ്റ സുഹൃത്തായ അമേരിക്കയുടെ വിദേശകാര്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വിഭാഗം പരസ്യമായി കുറ്റപ്പെടുത്തുന്നത് സര്‍ക്കാറിന് നിരന്തരം നിഷേധിക്കേണ്ടി വരുന്നു. എല്ലാറ്റിനെയും നേരിടാന്‍ നിറം പിടിപ്പിച്ച നുണകളുടെ ഫയല്‍ മതിയോ?
Comments