Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

എഞ്ചിനീയര്‍ ഇബ്‌റാഹീം

ശരീഫ് കടവത്തൂര്‍

കടവത്തൂരിലെ ജമാഅത്ത് അംഗമായിരുന്നു എഞ്ചിനീയര്‍ ഇബ്ര്‌റാഹീം സാഹിബ് (73). ദീര്‍ഘകാലം പാനൂര്‍ ഏരിയാ ജനറല്‍ സെക്രട്ടറിയായിരുന്നു.
സാമൂഹിക -സാംസ്‌കാരിക - ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം. കടവത്തൂരിലെ മസ്ജിദുര്‍റഹ്മാന്‍ പള്ളി കമ്മിറ്റി പ്രസിഡന്റും പാനൂര്‍ കാരുണ്യ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറിയും കടവത്തൂര്‍ ഐഡിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, അല്‍ ഫലാഹ് ട്രസ്റ്റ് പെരിങ്ങാടി, ഫ്രൈഡേ ക്ലബ് പാനൂര്‍ എന്നിവയുടെ ഭാരവാഹിയും ആയിരുന്നു.
മൈക്രോ ഫിനാന്‍സ് / പലിശരഹിത വായ്പാ പദ്ധതിയിലും കോടിയേരി അഭയ കാന്‍സര്‍ രോഗ പരിപാലന കേന്ദ്രയിലും സജീവ സാന്നിധ്യം. പീപ്പ്ള്‍സ് ഫൗണ്ടേഷന്‍, വിഷന്‍ 2026 എന്നിവയിലും സജീവ പങ്കാളിത്തം. പാനൂര്‍ മസ്ജിദുര്‍ റഹ്മ പള്ളി പരിപാലന കമ്മിറ്റി അംഗം.
ഇബ്‌റാഹീം സാഹിബ് പ്രദേശത്തെ എല്ലാ സാമ്പത്തിക നടപടികളുടെയും കണിശതയുള്ള കാവല്‍ക്കാരനായിരുന്നു. ജമാഅത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട ബൈത്തുല്‍മാല്‍ ഉള്‍പ്പെടെയുള്ള ഇടപാടുകള്‍ പ്രവര്‍ത്തന വര്‍ഷത്തില്‍ ഓഡിറ്റ് ചെയ്യുന്നതില്‍ പലപ്പോഴും അദ്ദേഹം നേതൃപരമായ പങ്ക് വഹിച്ചു. രോഗാവസ്ഥയില്‍ അദ്ദേഹം സ്വീകരിച്ച സാമ്പത്തിക ക്രമീകരണം അതിശയിപ്പിക്കുന്നതാണ്.
മക്കളില്ലാത്ത ഇബ്‌റാഹീം സാഹിബ് കുടുംബത്തെ വിളിച്ചിരുത്തി ഇങ്ങനെ ഉപദേശിച്ചു. 'അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഞാന്‍ സാമ്പത്തികമായി ആര്‍ക്കും കടപ്പെട്ടിട്ടില്ല. അതിനാല്‍ ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ ജനാസയുടെ മുന്നില്‍ നിന്ന് നമസ്‌കാരത്തിന് മുമ്പ് ബാധ്യത തീര്‍ക്കാന്‍ ബന്ധപ്പെടണമെന്ന് പറയേണ്ടതില്ല. എനിക്ക് സാമ്പത്തികമായി ആരെങ്കിലും തരാനുണ്ടെങ്കില്‍ അതും വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതെക്കുറിച്ചും ജനാസയുടെ മുന്നില്‍ വെച്ച് പറയരുത്.'
ഇബ്‌റാഹീം സാഹിബിന്റെ നിലപാടാണ് സാമ്പത്തികമായ സംശുദ്ധിയെന്ന് ബോധ്യപ്പെടുന്ന നിരവധി അനുഭവങ്ങള്‍ വേറെയും ഉണ്ട്. ചിലത് ഇവിടെ സ്മരിക്കാം:
കോഴിക്കോട്ടെ ചികിത്സക്കിടയില്‍ ലഭിച്ചിരുന്ന ക്ലിനിക്കല്‍ പരിചരണം നാട്ടിലെ പാലിയേറ്റീവ് സെന്ററില്‍ സൗജന്യമായിരുന്നു. പക്ഷെ, തുടര്‍ച്ചയായ ഈ ക്ലിനിക്കല്‍ പരിചരണത്തിന് കോഴിക്കോട്ട് നല്‍കേണ്ടി വന്ന ഫീസിനെക്കാള്‍ തുക നാട്ടിലെ സൗജന്യ സെന്ററിന്റെ മറ്റ് സംരംഭങ്ങള്‍ക്ക് സംഭാവനയായി എഴുതി വെക്കാന്‍ അവസാന നാളുകളില്‍ അദ്ദേഹം മറന്നില്ല. എത്രത്തോളമെന്നാല്‍ തന്റെ മരണാനന്തര ക്രിയകള്‍ക്കുള്ള വിഹിതം പോലും അദ്ദേഹം വസ്വിയത്തോടെ നീക്കി വെച്ചു.
മറ്റെല്ലാ കാര്യങ്ങളും വളരെ കൃത്യമായിരുന്നു.ആശുപത്രിയില്‍ വേണ്ടത്, മരണാനന്തര ചിലവിനുള്ളത്, പളളിയുടെ കണക്കും ബാക്കി പൈസയും, പ്രവര്‍ത്തകര്‍ക്കുള്ള വായ്പാ സഹായ നിധിയും അതിന്റെ കണക്കും, ട്രസ്റ്റിന്റെ കണക്കും ബാലന്‍സും. എല്ലാം കൃത്യമായി അതാത് ഉത്തരവാദികളെ അദ്ദേഹം ഏല്‍പിച്ചു.
ഭാര്യ: പി.സുലൈഖ. അബൂബക്കര്‍ (കനക), എ. യൂസുഫ് മാസ്റ്റര്‍, ബിയ്യാത്തു, പരേതരായ അബ്ദുല്ല മാസ്റ്റര്‍, മമ്മു, മഹമൂദ്, ഖദീജ എന്നിവര്‍ സഹോദരങ്ങളാണ്.

 

അബ്ദുര്‍റഹ്മാന്‍ നെല്ലിക്കാട്

അബ്ദുര്‍റഹ്മാന്‍ നെല്ലിക്കാട് അല്ലാഹുവിലേക്ക് യാത്രയായി. വെങ്ങന്നൂര്‍ പ്രാദേശിക ഹല്‍ഖ അനുസ്മരണ പരിപാടി സംഘടിപ്പിച്ച് അദ്ദേഹത്തെ കുറിച്ചുള്ള നല്ല ഓര്‍മകള്‍ പങ്ക് വെച്ചിരുന്നു. ആദ്യകാലങ്ങളില്‍ വെങ്ങന്നൂര്‍ പ്രദേശത്ത് ഇസ്ാമിക പ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ചവെച്ച  പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.  കന്ന് മേക്കല്‍, ബീഡി തെറുപ്പ് തുടങ്ങിയ ജോലികളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. പ്രബോധനം വായനയിലൂടെയും ഇസ്‌ലാമിക സാഹിത്യങ്ങളുടെ വായനയിലൂടെയും ഇസ്‌ലാമിനെ അടുത്തറിഞ്ഞു. വിവിധ വിഷയങ്ങളില്‍ അറിവ് സമ്പാദിക്കാനും കൃത്യമായ നിലപാടുകളെടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. പട്ടാമ്പി മദീന മസ്ജിദിലും തിരൂര്‍ കുറമ്പടി പള്ളിയിലും ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി കണ്ണിന് സുഖമില്ലാത്തതിനാല്‍ വീട്ടില്‍  വിശ്രമ ജീവിതത്തിലായിരുന്നു. എല്ലാവരോടും സൗഹൃദം കാത്ത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മദ്‌റസ അധ്യാപകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: സല്‍മ. മക്കള്‍: റസിയ, ഷഹിദ, ഉമ്മര്‍, സെമീന.
മരുമക്കള്‍: മുബാറക് ബാഷ, ശിഹാബ്, സീനത്ത്, നൗഷാദ്.

അബ്ദുര്‍റസാഖ്, വെങ്ങന്നൂര്‍

 

മുഹമ്മദ് അബ്ദുല്‍ ഖാദര്‍

തിരുവനന്തപുരം നേമം, കാരയ്ക്കാമണ്ഡപം സ്വദേശിയും ജമാഅത്തംഗവുമായ മുഹമ്മദ് അബ്ദുല്‍ഖാദര്‍(92) അല്ലാഹുവിലേക്ക് യാത്രയായി. ജീവിത വിശുദ്ധി, ഇഛാശക്തി, നിരന്തര വായന, പഠനം, ചിന്ത, പരലോക ബോധം, സാമ്പത്തിക അച്ചടക്കം ഇതൊക്കെയാണ് ആ വ്യക്തിത്വത്തെ രൂപപ്പെടുത്തിയത്.
17-ാം വയസ്സില്‍ പിതാവിന്റെ മരണത്തോടെ നിരാലംബരായ ഏക സഹോദരിയുള്‍പ്പെടെയുള്ള അഞ്ച് സഹോദരങ്ങളെ പരിപാലിച്ച് അവരെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ എത്തിച്ച് കുടുംബത്തിന് അത്താണിയായി മാറി. നാട്ടിലെ എല്ലാ മാറ്റങ്ങള്‍ക്കും 'പനമൂട്' എന്ന അദ്ദേഹത്തിന്റെ വീട് സാക്ഷിയായിരുന്നു.
കോളേജ് പഠനകാലത്ത് ചൂഷണരഹിത വ്യവസ്ഥയെ കുറിച്ചുണ്ടായ മോഹചിന്ത കമ്യൂണിസ്റ്റ് ദര്‍ശനത്തോടടുപ്പിച്ചു. സുഹൃത്തുക്കള്‍ അംഗത്വമെടുക്കാന്‍ പ്രേരിപ്പിച്ചെങ്കിലും ഒഴിഞ്ഞുമാറി. സത്യന്വേഷിയായ അദ്ദേഹം ഇതര ചിന്താ പ്രസ്ഥാനങ്ങളെക്കുറിച്ചും അന്വേഷണം തുടര്‍ന്നു. നാട്ടിലെ മത സാമൂഹിക സാംസ്‌കാരിക വേദികളായ യംഗ് മെന്‍സ് മൂവ്‌മെന്റ്‌സ്(1956), ഫ്രണ്ട്‌സ് ക്ലബ് എന്നിവയില്‍ പ്രവര്‍ത്തിച്ചു.
1956-ല്‍ കാരണവന്മാര്‍ കൈകാര്യം ചെയ്തിരുന്ന പള്ളിഭരണം, പൊതുമഹല്ല് സംവിധാനത്തിലേക്ക് കൊണ്ട് വരാന്‍ സമിതി രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ഒപ്പം മഹല്ല് ബൈലോ തയാറാക്കുകയും സെന്‍സസ് എടുക്കുകയും മഹല്ല് തെരഞ്ഞെടുപ്പ് ജനാധിപത്യ രീതിയില്‍ വാര്‍ഡുകള്‍ തിരിച്ച് നടത്തുകയും ചെയ്തു. മഹല്ലിന്റെ ഭരണസാരഥ്യം വിവിധ ഘട്ടങ്ങളില്‍ വഹിച്ചിട്ടുണ്ട്.
1959-ലാണ് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. ഹോമിയോ ചികിത്സയില്‍ പ്രാവീണ്യം നേടുന്നതും ഇക്കാലത്താണ്. ഔദ്യോഗിക ഭിഷഗ്വരനല്ലാതിരുന്നിട്ടും 1974-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ 'വിജ്ഞാന കൈരളി'യുടെ ശാസ്ത്രപതിപ്പില്‍ അദ്ദേഹത്തിന്റെ ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. 1985-ല്‍ പരീക്ഷാ ഭവനില്‍നിന്ന് വിരമിച്ചതിനുശേഷം 'ഹോമിയോപ്പതിയും ബാലചികിത്സയും' 'പുഷ്പ ചികിത്സ' എന്നീ അദ്ദേഹത്തിന്റെ രണ്ട് പുസ്തകങ്ങള്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. ഡോ. അല്ലന്റെ 'കീനോട്ടുകളു'ടെ പരിഭാഷ, മരിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്. ഇവൃീിശര ങശമാെ െ(ക്രോണിക് മയാസം) പരിഭാഷയും തയാറാക്കി വെച്ചിട്ടുണ്ട്.
പ്രദേശത്തെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യരൂപമായ 'യൂത്ത് മൂവ്‌മെന്റ്' രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കുട്ടികളുടെ മദ്‌റസ പഠനത്തിനായി സ്വന്തം വീട്ടുവളപ്പില്‍ തന്നെ സ്ഥലം നല്‍കി. ഇതര മതസ്ഥരെ ഉള്‍പ്പെടുത്തി ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) 1985-ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ രൂപീകൃതമായി. 1990-ല്‍ ജമാഅത്തംഗമായി.
പിതാവിന്റെ ആഗ്രഹപ്രകാരം ഞങ്ങള്‍ മൂന്നുമക്കളും മരുമക്കളും ചെറു മക്കളും സജീവ പ്രസ്ഥാന പ്രവര്‍ത്തകരും മറ്റ് കുടുംബാംഗങ്ങള്‍ പ്രസ്ഥാനാനുഭാവികളുമാണ്.

ആരിഫ് നേമം


വി.പി ഷംസുദ്ദീന്‍

ഈയിടെ അല്ലാഹുവിലേക്ക് യാത്രയായ പാവറട്ടി - പൈങ്കണ്ണിയൂര്‍ വി.പി ഷംസുദ്ദീന്‍ പ്രവാസി മഹല്ല് കൂട്ടായ്മയുടെ സാരഥികളില്‍ പ്രമുഖനായിരുന്നു. ഖത്തര്‍ ഉദയം പഠനവേദിയിലും സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി (സി.ഐ.സി) അബുഹമൂര്‍ യൂനിറ്റിലും അംഗമായിരുന്നു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തെ സെക്രട്ടറിയും പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ജോയിന്റ് സെക്രട്ടറിയുമായി സേവനം ചെയ്ത സജീവ പ്രവര്‍ത്തകന്‍. കുറച്ച് കാലമായി ശാരീരിക പ്രയാസങ്ങള്‍ അലട്ടിയിരുന്നു. ഉദയം പഠനവേദിയൂടെ വൈജ്ഞാനിക സദസ്സുകളിലൂടെയാണ് പ്രസ്ഥാനത്തിലേക്ക് ആകൃഷ്ടനായത്. മഹല്ലിലും പ്രാദേശിക കൂട്ടായ്മയിലും പ്രസ്ഥാനത്തിലും ഒരേ സമയം ഊര്‍ജ്ജ്വസ്വലതയോടെ പ്രവര്‍ത്തിച്ചു.
ഏല്‍പിക്കപ്പെടുന്ന ഉത്തരവാദിത്തങ്ങള്‍ കണിശമായും കൃത്യമായും നിര്‍വഹിക്കണമെന്ന ശാഠ്യക്കാരന്‍. അപരന്റെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിനയാന്വിതന്‍. സ്നേഹ ലാളനയോടെയുള്ള ഇടപഴക്കം. കടുത്ത രോഗപീഡയില്‍ പോലും പ്രതീക്ഷ കൈവിടാത്ത ചാഞ്ചല്യമില്ലാത്ത വിശ്വാസി. എല്ലാവര്‍ക്കും പ്രിയങ്കരനായ വി.പി ഏകദേശം മൂന്നുമാസത്തെ ചികിത്സകള്‍ക്ക് ശേഷം 2021 നവംബര്‍ 25-നാണ് നാട്ടിലേക്ക് പോയത്. 2022 മാര്‍ച്ച് 14-ന് മരണപ്പെട്ടു.
വിടവാങ്ങിയ പ്രിയ സഹ പ്രവര്‍ത്തകന്‍ വി.പി ഷംസുദ്ദീന്‍ സാഹിബിന്റെ പത്‌നിക്കും കുടുംബങ്ങള്‍ക്കും അല്ലാഹു ക്ഷമയും സ്ഥൈര്യവും നല്‍കട്ടെ.

അബ്ദുല്‍ അസീസ് മഞ്ഞിയില്‍
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌