Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

റമദാന്‍ മഹാ പരിവര്‍ത്തനത്തിലേക്കുള്ള പാത

എസ്.എം സൈനുദ്ദീന്‍

മണ്ണും വിണ്ണും പുനഃസമാഗമിക്കുന്ന ദിനരാത്രങ്ങള്‍ വീണ്ടും. ദേഹിയെ വിട്ട് ദേഹം ദുന്‍യാവിന്റെ പിന്നാലെ പായുകയായിരുന്നു. ഐഹികത മനുഷ്യനെ പല നിലക്കും കീഴടക്കിയതിന്റെ അപകടങ്ങള്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ദൃശ്യത കൈവരിക്കുകയും ജീവിതമെന്നാല്‍ ഭൗതികമാത്രമാണെന്ന വിചാരം ലോകത്തെ കീഴടക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇത്തരം ഒരു കാലത്തെ റമദാന്‍ പലതരത്തിലുള്ള വിചാരങ്ങള്‍ക്കും പുനരാലോചനകള്‍ക്കുമുള്ള സന്ദര്‍ഭമാണ്.
വ്യക്തിയെന്ന നിലയിലും സമൂഹമെന്ന നിലയിലും മുസ്‌ലിംകളോട് വിശേഷിച്ചും മുഴുവന്‍ മാനവരാശിയോട് പൊതുവിലും റമദാന് ചിലത് പറയാനുണ്ട്. ഒന്ന്, മനുഷ്യരെല്ലാം അല്ലാഹുവിന്റെ ദാസന്മാരാണ്. രണ്ട്, യജമാനനായ അല്ലാഹുവിന്റെ ആജ്ഞാനുവര്‍ത്തികളായി മനുഷ്യരെല്ലാം ഈ ലോകത്ത് ജീവിക്കണം. ഇതാണ് റമദാന്റെ മൗലികമായ വിളംബരം. ഇസ്‌ലാമിന്റെ മൗലിക സിദ്ധാന്തവും ഇതു തന്നെയാണ്. ഇതംഗീകരിക്കുന്നതിലാണ് സമാധാനം. മനുഷ്യ കുലത്തിന്റെ ആദി പിതാവിനെയും മാതാവിനെയും ലോകത്തേക്ക് അയക്കവെ മുഴുവന്‍ മാനവരാശിയോടുമുള്ള അല്ലാഹുവിന്റെ അരുളപ്പാട് ഇതായിരുന്നല്ലോ: ''........ പിന്നീട് നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗദര്‍ശനം ലഭിക്കുമ്പോള്‍, ആര്‍ ആ മാര്‍ഗദര്‍ശനത്തെ പിന്തുടരുന്നുവോ അവര്‍ ഭയപ്പെടേണ്ടതില്ല, ദുഃഖിക്കേണ്ടതുമില്ല'' (ഖു:2:38).
അതായത് ജീവിതം സങ്കീര്‍ണമായ നിരവധി പ്രശ്നങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. പ്രശ്നരഹിതമായ ജീവിതം ഈ ലോകത്ത് അസാധ്യമാണ്. എന്നാല്‍ പ്രശ്നത്തെ അഭിമുഖീകരിക്കാനും പരിഹരിക്കാനുമുള്ള ഫോര്‍മുല നമുക്ക് പ്രപഞ്ച രക്ഷിതാവ് നല്‍കിയിട്ടുണ്ട്. അതിലേക്ക് നമുക്ക് എത്തിച്ചേരാന്‍ സാധിക്കുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായ ചോദ്യം. അതിനുള്ള വഴികള്‍ മനുഷ്യനു മുന്നില്‍ സരളമാക്കി നല്‍കുന്നു റമദാന്‍.
ജീവിതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മനുഷ്യരുടെ രണ്ട് തരം ആവശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്. ആത്മാവിന്റെ താല്‍പര്യങ്ങളും ശരീരത്തിന്റെ കാമനകളുമാണ് അവ. ആത്മാവിനെ പാടെ നിരാകരിക്കുന്നവരുണ്ട്. അവരെ സംബന്ധിച്ചേടത്തോളം ജീവിതം ശരീര മാത്രമാണ്. കഴിക്കാന്‍ ഭക്ഷണവും ലൈംഗിക വേഴ്ചക്ക് ഒരിണയും ആയാല്‍ എല്ലാമായി എന്നാണവരുടെ വിചാരം. ഇത് രണ്ടും നേടാനായി അവര്‍ ഏതു വഴികളിലൂടെയും സഞ്ചരിക്കും. എന്തും ചെയ്യും. നിയന്ത്രണങ്ങള്‍, അതിരുകള്‍, പരിധികള്‍ ഒന്നും ജീവിതത്തിലുണ്ടാകാന്‍ പാടില്ല എന്നതാണവരുടെ ജീവിത വീക്ഷണം തന്നെ.
ആധുനിക ഭൗതിക നാഗരികതയുടെ നെടുംതൂണാണീ ചിന്ത. മനോഹരവും വശ്യവുമായ പേരുകള്‍ക്കൊണ്ടാണ് അത് ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെടുന്നതെങ്കിലും ഈ ചിന്താവലയില്‍ കുടുങ്ങിയ മനുഷ്യര്‍ക്കും അവരുടെ ലോകത്തിനും അത്ര സൗന്ദര്യമോ വശ്യതയോ ഇല്ല എന്നതാണ് വസ്തുത. സങ്കീര്‍ണവും സംഘര്‍ഷഭരിതവും, ഭയാനകവുമായ മനസ്സുകളുടെ കൂട്ടമായി അത് മനുഷ്യരെയാകെ മാറ്റിയെടുത്തു. അപരനെ ആക്രമിച്ച് കീഴടക്കുവാനും അവന്റേതു മുഴുവന്‍ തന്റേതാക്കാനുമുള്ള ഒരു തരം ഭ്രാന്തമായ കിടമത്സരമായി ജീവിതം പരിണമിച്ചു എന്ന് പറയാം.
''നന്നായി അറിഞ്ഞുകൊള്ളുക: ഈ ഐഹിക ജീവിതം കേവലം കളിയും തമാശയും പുറംപകിട്ടും, നിങ്ങള്‍ തമ്മിലുള്ള പൊങ്ങച്ചംപറച്ചിലും, സമ്പത്തിലും സന്തതികളിലും പരസ്പരം മികച്ചുനില്‍ക്കാനുള്ള മല്‍സരവുമല്ലാതെ മറ്റൊന്നുമല്ല. അതിന്റെ ഉദാഹരണം ഇപ്രകാരമാകുന്നു: ഒരു മഴപെയ്തു. അതിനാലുണ്ടായ സസ്യലതാദികള്‍ കണ്ട് കര്‍ഷകര്‍ സന്തുഷ്ടരായി. പിന്നെ ആ വിള ഉണങ്ങിപ്പോകുന്നു. അപ്പോള്‍ അത് മഞ്ഞളിക്കുന്നതായി നിനക്കു കാണാം. പിന്നീടത് വയ്ക്കോലായിത്തീരുന്നു. മറിച്ച് പരലോകത്താകട്ടെ, കഠിന ശിക്ഷയുണ്ട്, അല്ലാഹുവിങ്കല്‍നിന്നുള്ള പാപമുക്തിയുണ്ട്, അവന്റെ സംപ്രീതിയുമുണ്ട്. ഐഹികജീവിതമോ, ഒരു ചതിക്കുണ്ടല്ലാതെ മറ്റൊന്നുമല്ല'' (ഖുര്‍ആന്‍: 57:20).  ജീവിതം ശരീര മാത്രമാണെന്ന വീക്ഷണത്തിന്റെ അപകടങ്ങള്‍ എന്താണെന്ന് ഇതില്‍പരം വിശദമായി എങ്ങനെ പറയാന്‍!  ഈ വീക്ഷണത്തിന്റെ പിന്നാലെ പോയി ജീവിതം നശിപ്പിച്ചവരെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക: ''ജനം ഭൗതികജീവിതത്തിന്റെ ബാഹ്യമുഖം മാത്രമാണറിയുന്നത്. അവര്‍ പരലോകത്തെ സംബന്ധിച്ച് ബോധമില്ലാത്തവരാകുന്നു'' (30:7).
അതിനാല്‍ മനുഷ്യനെ കുറിച്ച മൗലിക വിചാരങ്ങളുടെ വീണ്ടെടുപ്പാണ് റമദാന്‍. ഭൂമിയിലെ തന്റെ നിയോഗത്തിന്റെ പൂര്‍ണതയിലേക്ക് അത് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നു. ശരീരമാത്രമല്ല മനുഷ്യനും ജീവിതവും എന്ന് പറഞ്ഞല്ലോ. ഭൂമിയുടെ സത്തായ മണ്ണും വിണ്ണിന്റെ ഭാവമായ ആത്മാവും ചേര്‍ന്നതാണ് മനുഷ്യന്‍. കേവല ജീവനുള്ള ജന്തുവില്‍ നിന്നും മനുഷ്യന്‍ പലതുകൊണ്ടും വ്യത്യസ്തനാണ്.  ശരീരം, ബലം, മനസ്സ്, ജീവന്‍, ആത്മാവ്, ബുദ്ധി, വിചാരം, വികാരം തുടങ്ങിയ നിരവധി ഘടകങ്ങള്‍ മനുഷ്യനില്‍ ഉള്‍ചേര്‍ന്നിരിക്കുന്നു. ഇവ പരസ്പരം വിഘടിക്കാന്‍ പാടില്ലെന്നും ഓരോന്നിനും സൃഷ്ടിപരമായ കടമകളുണ്ടെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു.
ജൈവികം, ബുദ്ധിപരം, ആത്മീയം, വികാരപരം തുടങ്ങിയ നിരവധി സാധ്യതകളുടെ ചട്ടക്കൂടും ഉള്ളടക്കവും ഉള്ള അത്ഭുത പ്രതിഭാസമാണ് മനുഷ്യന്‍. മറ്റു ജന്തുജാലങ്ങളില്‍ ഇത് ദൃശ്യമല്ല. ശരീരവും ജീവനും മാത്രമേ അവക്കുള്ളൂ; വിശപ്പും കാമവും എന്ന രണ്ട് വികാരങ്ങളും. നിയതമായ ഒരു നിയമമോ വ്യവസ്ഥയോ അവക്കില്ല. സ്ഥായിയായ വിചാരമോ വികാരങ്ങളോ ജന്തുലോകത്തില്ല. ശരി, തെറ്റ് വകതിരിവുകളൊന്നും അവിടെ ആവശ്യമില്ല. കാരണം അവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനന്തമായ പ്രത്യാഘാതങ്ങളില്ല.
എന്നാല്‍ മനുഷ്യന്റെ വിചാരങ്ങള്‍ക്കു പോലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. കാരണം വിചാരങ്ങളാണ് പിന്നീട് പ്രവൃത്തികളാകുന്നത്. അതിനാല്‍ മനുഷ്യന്റെ പരിവര്‍ത്തനമെന്നത്, ഭൗതികമായ മാറ്റമല്ല. ഭൗതികമായ മാറ്റമേ മനുഷ്യന് വേണ്ടതുള്ളൂ എന്നും, ഭൗതികമായ ആവശ്യങ്ങളുടെ പൂര്‍ത്തീകരണത്തിന് വേണ്ട സൗകര്യങ്ങള്‍ എല്ലാവര്‍ക്കും സാധ്യമാക്കലാണ് മാറ്റം എന്നും വാദിക്കുന്നവരുണ്ട്. ഇസ്‌ലാം ഇത് അംഗീകരിക്കുന്നില്ല. മേല്‍ സൂചിപ്പിച്ച, മനുഷ്യന്റെ മുഴുവന്‍ ഘടകങ്ങളിലും സംഭവിക്കേണ്ട മാറ്റമാണ് ഇസ്‌ലാം ലക്ഷ്യം വെക്കുന്നത്. ആ മാറ്റമാകട്ടെ മനുഷ്യന്റെ ജൈവ പ്രകൃതത്തിനനുസൃതമായ മാറ്റവുമാകണം എന്നു ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ചിന്താപരവും വൈകാരികവും മാനസികവും കര്‍മപരവുമായ മുഴുവന്‍ രംഗങ്ങളെയും സ്പര്‍ശിക്കുന്ന പരിവര്‍ത്തനമാണ് മനുഷ്യനില്‍ സംഭവിക്കേണ്ടത്.

മാറ്റത്തിന്റെ അടിത്തറകള്‍
പ്രധാനമായ രണ്ട് അടിത്തറകളിലാണ് ഇസ്‌ലാമികമായ മാറ്റം വ്യക്തിയിലും സമൂഹത്തിലും സംഭവിക്കുന്നത്.  അഖീദ(ആദര്‍ശം)യും  ശരീഅത്തും (നിയമവ്യവസ്ഥ) ആണ് ആ അടിത്തറകള്‍. ജീവിതത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍ ആദര്‍ശത്തിന് വമ്പിച്ച പ്രാധാന്യമുണ്ട് ഇസ്‌ലാമില്‍. പ്രപഞ്ചം, ജീവിതം എന്നിവയെ കുറിച്ച മനുഷ്യന്റെ വീക്ഷണത്തെ രൂപപ്പെടുത്തുന്നത് ആദര്‍ശമാണ്. ആദര്‍ശ രഹിതനായി മനുഷ്യന് ജീവിക്കാനാവില്ല. തെറ്റായ ആദര്‍ശമാണ് മനുഷ്യരുടേതെങ്കില്‍ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കും.
പ്രപഞ്ചത്തെ കുറിച്ചുള്ള ഇസ്‌ലാമിന്റെ വീക്ഷണം, അത് അല്ലാഹുവിന്റെ സൃഷ്ടിയും അവന്ന് വിധേയപ്പെടുന്നതുമാണ് എന്നതാണ്. ഒരണു പോലും ആ അധികാരത്തിനു വെളിയിലല്ല.
''അവനില്‍ നിന്ന് ഒരണുത്തൂക്കം പോലും യാതൊന്നും വിട്ടുപോകുന്നില്ല-- ആകാശങ്ങളിലുമില്ല, ഭൂമിയിലുമില്ല; അണുവിനെക്കാള്‍ ചെറുതുമില്ല, വലുതുമില്ല-- എല്ലാം ഒരു സുവ്യക്തമായ പട്ടികയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്'' (ഖു: 34:3). പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യനും അല്ലാഹുവിന് വിധേയപ്പെടണമെന്നതാണ് ഇസ്‌ലാമിക ആദര്‍ശത്തിന്റെ പരമമായ ആഹ്വാനം. ''ആകയാല്‍ നീ ഏകാഗ്രതയോടെ സ്വന്തം മുഖത്തെ ഈ ദീനിനുനേരെ ഉറപ്പിച്ചുനിര്‍ത്തുക. അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് ഏതു പ്രകൃതിയിലാണോ, അതില്‍ നിലകൊള്ളുക. അല്ലാഹുവിന്റെ സൃഷ്ടിഘടന മാറ്റമില്ലാത്തതാകുന്നു. ഇതുതന്നെയാണ് തികച്ചും ഋജുവും സത്യവുമായ ദീന്‍. പക്ഷേ, അധികജനവും അറിയുന്നില്ല'' (ഖു:30:30).
ഇസ്‌ലാമിന്റെ ഈ ആദര്‍ശ - വിശ്വാസ അടിത്തറയും അതിന്റെ അനുബന്ധങ്ങളായ മറ്റു വിശ്വാസകാര്യങ്ങളും (ഈമാനിയ്യാത്ത്) ജീവിതത്തെ ശക്തമായി നിയന്ത്രിക്കുകയും കര്‍മജീവിതത്തെ നിരന്തരം സ്വാധീനിക്കുകയും ചെയ്യണം. നിങ്ങള്‍ ഈ ആദര്‍ശത്തെ കൈയൊഴിക്കൂ എന്ന് പിശാചും പരിവാരങ്ങളും നിരന്തരം ഭീഷണി മുഴക്കുന്ന സാഹചര്യം എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കും. പ്രലോഭനങ്ങളും പ്രകോപനങ്ങളും ഉണ്ടാക്കും. ദുന്‍യാവിനെ അതിന്റെ മുഴുവന്‍  സൗകുമാര്യതകളോടും കൂടി മനുഷ്യന്റെ മുന്നില്‍ അണിയിച്ചൊരുക്കി കൊണ്ടുവരും. പ്രകൃത്യാ അവന് / അവള്‍ക്ക് അതിനോടെല്ലാം ഒരു ഭ്രമമുണ്ട്. 'സ്ത്രീകള്‍, സന്താനങ്ങള്‍, കനകത്തിന്റെയും വെള്ളിയുടെയും കൂമ്പാരങ്ങള്‍, മേത്തരം കുതിരകള്‍, കാലികള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയോടുള്ള മോഹം മനുഷ്യര്‍ക്ക് അലങ്കാരമാക്കപ്പെട്ടിരിക്കുന്നു' (3:14) എന്ന് ഖുര്‍ആന്‍ പറയുന്നു. ആദര്‍ശ, വിശ്വാസ ദൃഢതയില്ലാത്തവര്‍ക്ക് ദുന്‍യാവിനെ അതിജയിക്കാനാവില്ല.
തുടര്‍ന്ന്, ആദര്‍ശവാദിയുടെ നിലപാട് അല്ലാഹു ഈ സൂക്തത്തിന്റെ അവസാന ഭാഗത്ത് പറയുന്നുണ്ട്: ''എന്നാല്‍, അതൊക്കെയും ഏതാനും നാളത്തെ ഐഹികജീവിതത്തിനുള്ള വിഭവങ്ങളാകുന്നു. വാസ്തവത്തില്‍ ഏറ്റവും ഉല്‍കൃഷ്ടമായ പാര്‍പ്പിടം അല്ലാഹുവിങ്കലത്രെ.'' ''പറയുക: ഇതിനേക്കാള്‍ ഉത്തമമായതെന്തെന്നു ഞാന്‍ നിങ്ങളെ അറിയിക്കട്ടെയോ? ഭക്തിയുടെ പാത സ്വീകരിക്കുന്നവര്‍ക്ക് അവരുടെ നാഥങ്കല്‍ ആരാമങ്ങളുണ്ട്. അതിനു കീഴെ ആറുകളൊഴുകിക്കൊണ്ടിരിക്കും. അവര്‍ക്കവിടെ ശാശ്വതജീവിതം ലഭിക്കുന്നതാകുന്നു. പരിശുദ്ധകളായ തരുണികള്‍ അവര്‍ക്കു സഹധര്‍മിണിമാരായിട്ടുണ്ടായിരിക്കും. അവര്‍ അല്ലാഹുവിന്റെ പ്രീതിയാല്‍ ധന്യരാകും. അല്ലാഹു അവന്റെ ദാസന്മാരുടെ നടപടികളെ ആഴത്തില്‍ വീക്ഷിക്കുന്നവനല്ലോ'' (ഖു:3:15).
ശക്തമായ ദൈവബോധവും പരലോക ചിന്തയും ഇല്ല എങ്കില്‍ ദുന്‍യാവിന്റെ മോഹവലയത്തില്‍ മനുഷ്യന്‍ കുടുങ്ങിപ്പോകും. കരകാണാത്ത കടലും ആഴം തിട്ടപ്പെടുത്താനാകാത്ത കയവുമാണ് ദുന്‍യാവിന്റെ ദുഷിപ്പ്. റമദാനില്‍ ഈ വിശ്വാസപരിവര്‍ത്തനം വിശ്വാസിക്ക് വളരെ എളുപ്പം നേടിയെടുക്കാന്‍ സാധിക്കും. ഏകദൈവത്വവും പ്രവാചകത്വവും പരലോക വിശ്വാസവും മനുഷ്യനെ ആരുടെ മുന്നിലും തലയുയര്‍ത്തി നില്‍ക്കാന്‍ കെല്‍പ്പുറ്റവനാക്കി മാറ്റും. അക്രമിയുടെ ആയുധങ്ങള്‍ക്കും പിശാചിന്റെ പ്രലോഭനങ്ങള്‍ക്കും ഐഹികതയുടെ സൗന്ദര്യത്തിനും വിശ്വാസ പരിവര്‍ത്തനം സിദ്ധിച്ചവരെ കീഴടക്കാനാവില്ല. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ മുന്നില്‍ തകര്‍ന്നടിയാത്ത ഒരു ശക്തിയും അധികാരവുമില്ല.
രണ്ടാമത്തെ അടിത്തറ ശരീഅത്താണ്. ഇതിന് മൂന്ന് ഘടകങ്ങളുണ്ട്. ഇബാദത്ത്, അഖ്ലാഖ്, മുആമലാത്ത് (ആരാധനകള്‍, സ്വഭാവ പെരുമാറ്റങ്ങള്‍, സാമൂഹിക വ്യവഹാരങ്ങള്‍) എന്നിവയാണവ. അങ്ങേയറ്റത്തെ കീഴ്‌വണക്കത്തോടെ അല്ലാഹുവിന് വിധേയപ്പെടുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നത്. ജീവിതം അല്ലാഹുവിന് കീഴ്പ്പെടുത്തിക്കൊടുക്കുന്നതിന്റെ പ്രതീകമാണ് ഇബാദത്തുകള്‍. സത്യ സാക്ഷ്യം, നമസ്‌കാരം, ദാനം, ഉപവാസം, തീര്‍ഥാടനം തുടങ്ങിയവയാണ് അടിസ്ഥാന ഇബാദത്തുകള്‍. ഉപാസനയും പ്രാര്‍ഥനയുമെല്ലാം ആരാധനയാണ്. ഒരു വേള പ്രാര്‍ഥന ഇബാദത്തിന്റെ മജ്ജയായിത്തീരും എന്നും പ്രവാചകന്‍ പഠിപ്പിക്കുന്നു.
താന്‍ എത്ര നിസ്സഹായനും ദുര്‍ബലനുമാണെന്ന ബോധം മനുഷ്യനില്‍ ഉണ്ടാക്കുകയാണ് ആരാധനകള്‍. അല്ലാഹുവിന്റെ കാവലും കനിവുമില്ലെങ്കില്‍ ജീവിതം എത്ര കുടുസ്സും പ്രയാസകരവുമായിരിക്കും! അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും അവനെ കുറിച്ച ചിന്തയിലും ബോധത്തിലും ജീവിതത്തെ നിയന്ത്രിച്ചു നിര്‍ത്താനും ആരാധനകള്‍ മനുഷ്യനെ സഹായിക്കുന്നു. ആരാധനകളുടെ ലക്ഷ്യത്തില്‍ സുപ്രധാനമാണല്ലോ ഇത്. ''എന്നെ സ്മരിക്കാന്‍ നീ നമസ്‌കരിക്കുക'' (ഖു:20:14). തിന്മയുടെ ദൂഷിതവലയത്തില്‍ നിന്നുള്ള മുക്തിയും ഇബാദത്തിന്റെ ഫലമാണ്. ''നമസ്‌കാരം നിലനിര്‍ത്തുക. നിശ്ചയം, നമസ്‌കാരം മ്ലേഛകൃത്യങ്ങളില്‍നിന്നും ദുര്‍വൃത്തികളില്‍നിന്നും തടയുന്നതാണ്'' (29:45) എന്നാണ് അല്ലാഹു പറയുന്നത്.
ശരീരവും മനസ്സും ദേഹവും ദേഹിയും അല്ലാഹുവിന് വഴങ്ങണം എന്നതാണ് ഇബാദത്തുകളുടെ മര്‍മം. വികാരവും വിചാരവും അല്ലാഹുവിന്റെ ഹിതാനുസാരമാകണം. റമദാനും വ്രതവും വിശ്വാസിയെ ഈ ആശയത്തിലേക്കും പരിവര്‍ത്തനത്തിലേക്കും ശക്തമായി നയിക്കുന്നു. വ്രതം രണ്ട് തരം പരിവര്‍ത്തനങ്ങള്‍ മനുഷ്യരില്‍ വരുത്തുന്നുണ്ട്. അതില്‍ ഒന്ന് ആന്തരികമായതാണ്. മനസ്സ്, ആത്മാവ്, ഇഛ എന്നിവയെ ഉടമസ്ഥനായ അല്ലാഹുവിന്റെ ഇംഗിതത്തിന്  വിധേയപ്പെടുത്തി അവന്റെ നിശ്ചയങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് ഈ മാറ്റം  പ്രാഥമികമായി താല്‍പര്യപ്പെടുന്നത്. മതത്തിന്റെ പ്രവര്‍ത്തനരംഗമായി പരക്കെ അംഗീകരിക്കപ്പെട്ട ആത്മീയരംഗം ആണ് ഈ പരിവര്‍ത്തനത്തിന്റെ രംഗവേദി. മനുഷ്യന്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ, മനുഷ്യന്റെ ഉള്ളില്‍ നടക്കുന്ന ധര്‍മാധര്‍മ സംഘട്ടനങ്ങളുടെ ഒടുവിലാണ് ഈ പരിവര്‍ത്തനം നടക്കുക. ആത്മസംസ്‌കരണം, ആത്മ മുക്തി എന്നൊക്കെ പൊതുവേ ഈ മാറ്റത്തെ നാം വ്യവഹരിക്കാറുണ്ട്. ഇസ്‌ലാമിക ദൈവശാസ്ത്ര പ്രകാരമുള്ള സാല്‍വേഷന്‍ ആണിത്. ആത്മാവിന്റെ ഐഹികമായ മുക്തിയും പാരത്രികമായ സമാധാനമടയലും ആണ് സാല്‍വേഷന്‍. അടിമ ഉടമയുടെ മാത്രം അടിമയാവുകയാണ് സാല്‍വേഷനിലൂടെ. ഈ ആശയാടിത്തറയില്‍ മുഴുവന്‍ ജീവിതത്തെയും രൂപപ്പെടുത്താന്‍ അതുവഴി മനുഷ്യന് സാധിക്കണം.
ഇവിടെ എതിര്‍ ചേരിയില്‍ അന്തരംഗത്തോട് സംഘര്‍ഷം സൃഷ്ടിക്കുന്ന ശക്തികള്‍ നിരവധിയാണ്. ഇമാം ശാഫിഈ തന്റെ ഒരു കവിതയില്‍ ഇവയെ ഇങ്ങനെ സംക്ഷേപിച്ചിട്ടുണ്ട്. ''ഞാന്‍ നാല് അമ്പുകളാല്‍ പരീക്ഷിക്കപ്പെടുന്നു. ബലവത്തായ ഞാണിനാല്‍ ഭദ്രമായ വില്ലില്‍ നിന്നും ഇബ്‌ലീസും ദുന്‍യാവും എന്റെ ഇഛയും മനുഷ്യരും അവയുടെ വജ്രാസ്ത്രങ്ങള്‍ എനിക്കെതിരില്‍ എയ്തുവിടുന്നു. ഇതില്‍ നിന്നും മോചിതനാകാന്‍, നാഥാ, നിന്റെ തുണയല്ലാതെ മറ്റൊന്നും എനിക്കില്ല.''
ഈ ശക്തികളോടുള്ള പോരാട്ടമാണ് ജിഹാദുന്നഫ്സ്/ ആത്മാവിനോള്ള സമരം. രണ്ട് കാരണങ്ങളാല്‍ ഇത് പ്രയാസകരമാകും. ഒന്ന്, ഈ സമരത്തില്‍ എതിര്‍ചേരിയില്‍ നിലകൊള്ളുന്നത് ഉള്ളില്‍ നിന്നുള്ള ശത്രുവാണ്. രണ്ട്, അത് പ്രിയപ്പെട്ട ശത്രുവാണ്. അകത്തുള്ള ശത്രു തിരിച്ചറിയപ്പെടില്ല. തിരിച്ചറിയുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും. ശത്രുവിനെ സ്നേഹിതനാക്കിയാലോ, അതിനെ വേര്‍പിരിയുക അസാധ്യവും. 'സംതൃപ്തിയുടെ കണ്ണുകള്‍ എല്ലാ ന്യൂനതകളെയും ചെറുതായിട്ടേ കാണൂ. വെറുപ്പിന്റെ കണ്ണുകള്‍ ചെറു തെറ്റുകളെ വരെ പര്‍വ്വതീകരിക്കും' (ഇമാം ശാഫിഈ). 'ദൈവാനുസരണത്തില്‍ തന്റെ നഫ്സിനെ പിടിച്ചു നിര്‍ത്തുന്നവനും ഇഛയോട് സമരം ചെയ്യുന്നവനുമാണ് മുജാഹിദ്' എന്ന ആശയം വരുന്ന നബി വചനങ്ങള്‍ ഇതിന്റെ പ്രധാന്യം വിളിച്ചറിയിക്കുന്നു.
ദുന്‍യാവിന്റെ പിടുത്തത്തില്‍ നിന്ന്, ദേഹേഛയുടെ പ്രലോഭനങ്ങളില്‍ നിന്ന്, പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക എന്നതാണ് ആന്തരികമായ പരിവര്‍ത്തനം. നോമ്പിനോളം ഈ ദൗത്യം സാധ്യമാക്കുന്ന മറ്റൊരാരാധനയും ഇല്ല. ഇസ്‌ലാമിലെ മുഴുവന്‍ ആരാധനകളുടെയും സമാഹാരമാണ് വ്രതം. അതില്‍ പ്രാര്‍ഥനയുണ്ട്, നിയ്യത്തുണ്ട്, സുജൂദുണ്ട്, ഏകാഗ്രതയുണ്ട്, ദാനവും തീര്‍ഥാടനവും ഭജനയും ഉപവാസവും ഉപാസനയുമുണ്ട്. മനുഷ്യന്റെ മേലുള്ള ഭൂമിയുടെ പിടുത്തം, ഭൂമിയിലുള്ള മനുഷ്യന്റെ അള്ളിപ്പിടുത്തം - ഇതിനെല്ലാം അറുതിയാണ് നോമ്പ്. നൈസര്‍ഗികമായ ശാരീരിക കാമനകളെ നിയന്ത്രിച്ചുനിര്‍ത്താന്‍, ആത്മാവിന്റെ കടിഞ്ഞാണ്‍ കൊണ്ട് ശരീരത്തെ നിയന്ത്രിക്കാന്‍ നോമ്പിലൂടെ മനുഷ്യന്‍ കഴിവാര്‍ജിക്കുന്നു.
ആകാശം ഭൂമിയെ ഭരിക്കുക എന്ന തത്ത്വചിന്ത കൂടി റമദാനിലൂടെ പ്രകാശിതമാകുന്നുണ്ട്. ഭൗമ കേന്ദ്രീകൃത വികാരങ്ങള്‍ മനുഷ്യജീവിതത്തെ ഭരിക്കുന്ന കാലത്ത് ആത്മീയാധിഷ്ഠിതമായ വിണ്ണിന്റെ ദര്‍ശനം മണ്ണിനെ മെരുക്കുന്ന മഹാത്ഭുതമാണ് റമദാനിലൂടെ സംഭവിക്കുന്നത്.  ആന്തരികമായ ഈ മാറ്റവും ശുദ്ധീകരണവും സാധ്യമാകുന്നതോടെ വ്രതം അതിന്റെ രണ്ടാമത്തെ പ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുകയായി. ജീവിതത്തിന്റെ ബാഹ്യരംഗമാണിത്. റവല്യൂഷന്‍ എന്നാണ് ഈ രംഗത്ത് നടക്കുന്ന മാറ്റത്തെക്കുറിച്ച് പൊതുവേ പറയുന്നത്. രാഷ്ട്രീയവും സാമൂഹികവുമായ സമ്പൂര്‍ണ വിപ്ലവമാണ് റവല്യൂഷന്‍. ഈ മാറ്റവും മാറ്റത്തിനായുള്ള ശ്രമവും ജിഹാദാണ്. മനുഷ്യനെ വരിഞ്ഞു മുറുക്കിയ ചങ്ങലകള്‍ അറുത്തു മാറ്റി അവന്റെ മുതുകിനെ ഞെരുക്കിയ ഭാരങ്ങള്‍ ഇറക്കി വെക്കുന്ന പ്രക്രിയ കൂടിയാണ് വിമോചനം.  ഒരു ശക്തിക്കും കീഴടക്കാന്‍ കഴിയാത്ത വിധം വിശ്വാസവും ആദര്‍ശവും മൂര്‍ച്ചയേറിയ ആയുധത്തേക്കാള്‍ ബലവത്താക്കുകയും, തിന്മയെന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ച എല്ലാത്തില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്ന് അവയുടെ എല്ലാത്തരം സ്വാധീന ശക്തികളെയും ദുര്‍ബലമാക്കുകയും ചെയ്യുന്നത് വരെ വിശ്വാസിക്ക് വിശ്രമമുണ്ടാകരുത്.
ശരീഅത്തിന്റെ രണ്ടാമത്തെ ഘടകം അഖ്ലാഖ് അഥവാ സ്വഭാവമര്യാദകള്‍ ആണ്. സ്വഭാവത്തെ നിയന്ത്രിക്കുന്നത് മനസ്സാണ്. മനസ്സിനെ ശരിയായ രീതിയില്‍ രൂപപ്പെടുത്തുകയും സംസ്‌കരിക്കുകയും ചെയ്യുക വഴിയാണ് സ്വഭാവം നന്നാവുക. വിശ്വാസികള്‍ സല്‍സ്വഭാവികളാവണം എന്ന് മാത്രമല്ല, സല്‍സ്വഭാവമാണ് ഈമാന്‍ (വിശ്വാസം) എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ഇതിന്റെ അഭാവത്തില്‍ വ്യക്തിയിലും സമൂഹത്തിലും ഇസ്‌ലാം ലക്ഷ്യം വെക്കുന്ന ഒന്നും നമുക്ക് നേടാനാകില്ല. ആദര്‍ശ പ്രബോധനത്തിന്റെ പ്രഥമഘട്ടത്തില്‍ തന്നെ പരിവര്‍ത്തിത സമൂഹത്തെ ഉല്‍കൃഷ്ടമായ മൂല്യങ്ങളുടെ പ്രയോഗ മാതൃകകളായി മാറ്റിയെടുക്കാന്‍  പ്രവാചകന്‍ കഠിനമായി ശ്രമിച്ചു. ഇസ്‌ലാമിന്റെ പ്രതിയോഗികളുടെ വിമര്‍ശനങ്ങളെ ഖുര്‍ആന്‍ പ്രതിരോധിച്ചത് പ്രവാചകന്റെ സ്വഭാവവൈശിഷ്ട്യത്തെ ഉയര്‍ത്തിക്കാണിച്ചു കൊണ്ടായിരുന്നല്ലോ.
ശരീഅത്തിന്റെ മൂന്നാമത്തെ ഘടകം ഇസ്‌ലാമിന്റെ വ്യാവഹാരിക നിയമങ്ങളാണ്. മുആമലാത്ത് എന്നാണിതിന് പറയുക. ഈ നിയമങ്ങളെ വിധിവിലക്കുകള്‍ എന്ന ഗണത്തിലാണ് നിയമപണ്ഡിതന്മാര്‍ ഉള്‍പ്പെടുത്തുന്നത്. വൈയക്തികവും സാമൂഹികവുമായ തലങ്ങളില്‍ മുസ്‌ലിംകള്‍ കണിശമായി ഇത് പാലിക്കണം. നിയമം പാലിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഉണ്ടാക്കണം. നിയമപാലനം തഖ് വയാണ് എന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. വിധിവിലക്കുകള്‍ പാലിക്കാന്‍ പര്യാപ്തമായ രീതിയില്‍ മനസ്സ് പാകപ്പെടണം. നിയമരഹിതമായ അരാജകവാദവും ഉദാരവാദവും ആണ് ഇന്ന് ലോകത്തെ നയിക്കുന്നത്. മനുഷ്യരുടെ മൗലിക സവിശേഷതയായ സാമൂഹികതയുടെ നിരാകരണമാണ് ഉദാരവാദം. മനുഷ്യനെ കേവല വ്യക്തിയായി കാണുക. ഓരോരുത്തരും അവരുടെ ജീവിതത്തില്‍ പരിപൂര്‍ണ സ്വതന്ത്രരാണെന്ന് വരിക. തോന്നിയതെന്തും ചെയ്യുക. സമൂഹം അതിന്റെ മുന്നില്‍ വിലക്കുകള്‍ നിശ്ചയിക്കാന്‍ പാടില്ല. മൊറാലിറ്റി എന്ന ഒന്നില്ല. ഉണ്ടെങ്കില്‍ തന്നെ തികച്ചും വ്യക്തിനിഷ്ഠമാണ് അത്. ഒരാളുടെ മൊറാലിറ്റി മറ്റൊരാള്‍ക്ക് ബാധകമാകില്ല. തെറ്റ് ചെയ്യാനുള്ള മനുഷ്യന്റെ റൈറ്റും (അവകാശം) ധാര്‍മികതയും തമ്മില്‍ ഏറ്റുമുട്ടിയാല്‍ മൊറാലിറ്റിയെ മാറ്റി വെച്ച് റൈറ്റിനൊപ്പം നില്‍ക്കുക .... ഇങ്ങനെ ലിബറല്‍ യുക്തി വലിയൊരു സാമൂഹിക തിന്മയും അരാജകത്വത്തിന്റെ കവാടവുമാണ് എന്ന തിരിച്ചറിവുകൂടി ശരീഅത്ത് നല്‍കുന്നു. അതിനാല്‍ തഖ്‌വ അഥവാ ഭക്തി, ഇത്തരം ലിബറല്‍ വ്യക്തിവാദങ്ങളില്‍ നിന്നുള്ള മോചനവും സോഷ്യല്‍ മൊറാലിറ്റിയുടെ പ്രഖ്യാപനവുമാണ്.
അങ്ങനെ ഇസ്‌ലാമിക സാമൂഹികത കരുത്താര്‍ജിക്കണം.  ഉമ്മത്ത് എന്ന നിലയ്ക്ക് മുസ്‌ലിം സമൂഹം തങ്ങളുടെ നിയോഗം നിറവേറ്റുകയും വേണം. മാറ്റത്തിന്റെ വഴിയതാണ്.
പ്രവാചക നിയോഗം നടന്ന മാസം, ഖുര്‍ആന്‍ അവതരിച്ച മാസം എന്നീ സവിശേഷതകള്‍ റമദാനിനുണ്ടല്ലോ. പ്രവാചകനും ഖുര്‍ആനും സാധ്യമാക്കിയ മാറ്റങ്ങള്‍ മുസ്‌ലിം ഉമ്മത്തിലൂടെ സാധ്യമാകണം എന്നാണ് റമദാന്‍ മാസം ആഗ്രഹിക്കുന്നത്. സമുദായം ഖുര്‍ആനിനനുസൃതമായി മാറുക. ലോകത്തെ മാറ്റാനുള്ള ശ്രമത്തില്‍ തങ്ങളുടെ ജീവിതത്തെ സമര്‍പ്പിക്കുക. ഈ മഹാ പരിവര്‍ത്തനത്തിലേക്കുളള പാതയാണ് റമദാന്‍.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌