Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

ഖുര്‍ആനിനെ ദുര്‍വ്യാഖ്യാനിക്കുന്നവര്‍ക്ക് മറുപടി

നൗഷാദ് ചേനപ്പാടി

ലോകത്ത് ഏതെങ്കിലും ഒരു മതം നൂറ്റാണ്ടുകളായി അകത്തുനിന്നും പുറത്തുനിന്നും നിരന്തരമായ വെല്ലുവിളികളും ആശയപരവും ചിന്താപരവുമായ ആക്രമണങ്ങളും നേരിട്ടിട്ടുണ്ടെങ്കില്‍ അത് ഇസ്‌ലാം മാത്രമാണ്. ഇസ്‌ലാം മറ്റു മതങ്ങളെപ്പോലെ വ്യക്തിയുടെ ആത്മീയ ജീവിതത്തിലൊതുങ്ങുന്ന ഒന്നല്ല; മറിച്ച് അത് മനുഷ്യജീവിതത്തിന്റെ ആത്മീയവും വ്യക്തിപരവുമുള്‍പ്പെടെ സകല മേഖലകളെയും നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്ന ഒരു ജീവിതവ്യവസ്ഥയാണ്. അത് ദൈവികവുമാണ്. അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ കൈകടത്തലോ ഏറ്റപ്പറ്റോ കൂടാതെ ഇന്നും സംരക്ഷിക്കപ്പെട്ടുപോരുന്നു. ലോകാവസാനംവരെ അതങ്ങനെത്തന്നെ നിലകൊള്ളുകയും ചെയ്യും. അതിനുവേണ്ടിയാണ്  ഈ പ്രമാണങ്ങളെ അവയുടെ മൂല സ്രോതസ്സുകളില്‍നിന്ന് അഗാധമായി പഠിച്ച പ്രഗത്ഭമതികളായ പണ്ഡിതന്മാര്‍ എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാലത്തിന്റെയും ലോകത്തിന്റെയും മുന്നോട്ടുള്ള  കുതിപ്പില്‍ മനുഷ്യജീവിതത്തിന്റെ പരിണാമഘട്ടങ്ങള്‍ക്കനുസൃതമായി ഈ പ്രമാണങ്ങളെ മനുഷ്യജീവിതത്തോടു വിളക്കിച്ചേര്‍ക്കലും, അതിനോടെതിരിട്ടു നില്‍ക്കുന്ന ചിന്താപരവും ആശയപരവുമായ വെല്ലുവിളികളെ ഈ പ്രമാണങ്ങളുടെതന്നെ പിന്‍ബലത്തോടെ പ്രതിരോധിക്കലും അവയുടെ പൊള്ളത്തരം തുറന്നുകാണിക്കലുമാണ് അവരുടെ ദൗത്യം. ഇതും ഒരു ദൈവിക നടപടിക്രമമാണ്.
ഖുര്‍ആനിനും മുഹമ്മദ് നബി(സ)ക്കും അവിടുത്തെ ഹദീസിനുമെതിരില്‍ ഉയര്‍ന്നുവന്ന എല്ലാ വാദങ്ങളും അവക്കുള്ള മറുപടിയും ക്രോഡീകരിച്ച ഒരു എന്‍സൈക്ലോപീഡിയ ഇരുപത്തിനാലു വാള്യങ്ങളിലായി അറബിയില്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. അതു സംബന്ധമായി വേറേയും അനേക ഗ്രന്ഥങ്ങള്‍ മുസ്‌ലിം ലോകത്ത് ലഭ്യവുമാണ്. ഈ ആധുനിക കാലത്തും അതുപോലുള്ള നിരവധി വെല്ലുവിളികളാലും ആക്രമണങ്ങളാലും നിറഞ്ഞുനില്‍ക്കുകയാണ് അന്തരീക്ഷം; യുക്തിവാദം, നിരീശ്വരവാദം, ഹദീസ് നിഷേധം, ഇസ്‌ലാമിന്റെ പ്രവാചകന്നും ഖുര്‍ആനിനുമെതിരിലുള്ള ആരോപണങ്ങള്‍, സര്‍വമതസത്യവാദം തുടങ്ങി നിരവധി വാദങ്ങളാല്‍. ഈ വാദങ്ങള്‍ക്കെതിരില്‍ നിരവധി കൃതികളും ലേഖനങ്ങളും മുസ്‌ലിം പണ്ഡിതന്മാര്‍ രചിക്കുകയും ആരോപണങ്ങളുടെ നിരര്‍ത്ഥകത സമര്‍ത്ഥിക്കുകയും ചെയ്തിട്ടുള്ളതാണ്. ഇന്നോളം അവക്ക് പ്രമാണങ്ങളിലോ യുക്തിന്യായങ്ങളിലോ ഊന്നിയുള്ള ഒരു വിശദീകരണവും പുറത്തുവന്നിട്ടുമില്ല. കാരണം ഈ ആരോപകര്‍ മുക്കാലേമുണ്ടാണിയും ഉപരിപ്ലവമായ വിവരവും വീക്ഷണവും ഉള്ളവരാണ്; ബുദ്ധിപരമായ നിലവാരമില്ലാത്തവരും. തന്നെയുമല്ല ഇസ്‌ലാമിക പ്രമാണങ്ങളെ  സ്വന്തമായി പഠിച്ചു മനസ്സിലാക്കിയവരുമല്ല ഈ ആരോപകര്‍.
ഈ വിഭാഗത്തില്‍ പെടുന്നവര്‍ ഇപ്പോള്‍ മലയാളത്തില്‍ ഒരു ഖുര്‍ആന്‍ 'വ്യാഖ്യാനകൃതി'യും രചിച്ചിരിക്കുന്നു. അതിന്റെ രണ്ടു വാള്യങ്ങള്‍ പുറത്തിറങ്ങിയിരിക്കുന്നു. 'ഖുര്‍ആന്‍ അകംപൊരുള്‍ മാനവിക വ്യാഖ്യാനം' എന്ന പേരില്‍. ഈ പേരുതന്നെ ആ വികലവാദത്തെ സൂചിപ്പിക്കുന്നുണ്ട്. ഖുര്‍ആനിന്റെ ഈ 'സര്‍വമത' വ്യാഖ്യാനത്തെ നിരൂപണം ചെയ്തുകൊണ്ട് നിരവധി പഠനങ്ങള്‍ വന്നിട്ടുണ്ട്. അതിലേറ്റവും കനപ്പെട്ട പഠനമാണ് 'ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകള്‍' എന്ന കൃതി. ഇത്തിഹാദുല്‍ ഉലമ കേരളയാണ് പ്രസാധകര്‍. വിതരണം ഐ.പി.എച്ച്. ഇരുന്നൂറു പേജുള്ള ഈ കൃതിയില്‍ മഹാപണ്ഡിതനും നവോത്ഥാന നായകനുമായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടേതടക്കം പണ്ഡിതന്മാരും ചിന്തകന്മാരുമായ എഴുത്തുകാരുടെ പതിമൂന്നു കനപ്പെട്ട നിരൂപണ പഠനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ ഒ. അബ്ദുര്‍റഹ്മാന്‍ എഴുതിയ പതിനാറുപേജു വരുന്ന കനപ്പെട്ടതും വൈജ്ഞാനികമൂല്യമുള്ളതുമായ അവതാരിക ഈ ഗ്രന്ഥത്തിന്റെ എടുത്തു പറയാവുന്ന സവിശേഷതയാണ്. സാധാരണ അവതാരിക രണ്ടോ മൂന്നോ പേജിലൊതുങ്ങാറാണ് പതിവ്. വിഷയത്തിന്റെ ഗൗരവവും പ്രാധാന്യവും പരിഗണിച്ചാവണം എ.ആറിന്റെ ഈ നീണ്ട അവതാരിക.
'അകംപൊരുളി'ന്റെ ഉള്ളടക്കത്തെ, അഥവാ അതിലെ ആയത്തുകളുടെ പരിഭാഷയില്‍ നടത്തിയ തിരിമറികള്‍, സര്‍വമതസത്യവാദാശയങ്ങള്‍ പ്രത്യക്ഷപ്പെടുന്ന വാചകങ്ങള്‍ എന്നിവയെ പ്രത്യേകം എടുത്തുദ്ധരിച്ചുകൊണ്ടു നടത്തിയ നിരൂപണ പഠനം ഉള്‍ക്കൊള്ളുന്ന അഞ്ചു ലേഖനങ്ങള്‍ ഇവയാണ്:
1. അര്‍ഥത്തിലും ആശയത്തിലും അട്ടിമറി /വി.കെ അലി
2. ഇസ്‌ലാമില്‍ മോക്ഷസിദ്ധാന്തമോ?/ഇ.എന്‍ ഇബ്‌റാഹീം മൗലവി.
3. തഫ്‌സീറുകളില്‍ തട്ടിപ്പ്, ഖുര്‍ആന്‍ സൂക്തങ്ങളില്‍ തട്ടിപ്പ് / എസ്.എം സൈനുദ്ദീന്‍.
4. ഒളിയിടങ്ങളും ചതിക്കുഴികളും /ഖാലിദ് മൂസാ നദ്‌വി.
5. ഖുര്‍ആന്‍ സന്മാര്‍ഗ ഗ്രന്ഥമോ വേദാന്തമോ?/ കെ.ടി അബ്ദുറഹ്മാന്‍ നദ്‌വി.
ഈ അഞ്ചു ലേഖനങ്ങളും പ്രസ്തുത വികല വ്യാഖ്യാനത്തെ പ്രാമാണികമായും വൈജ്ഞാനികമായും ചിന്താപരമായും നിരൂപണം ചെയ്ത് അതിന്റെ നിരര്‍ത്ഥകതയെയും തട്ടിപ്പിനെയും നന്നായി പൊളിച്ചടക്കുന്നുണ്ട്.
രണ്ടാമത്തേത് സര്‍വമതസത്യവാദത്തിന്റെ അര്‍ഥശൂന്യതയെയും വികലവാദത്തെയും ഖുര്‍ആനിന്റെയും യുക്തിയുടെയും പിന്‍ബലത്തോടെ വൈജ്ഞാനികമായും ബുദ്ധിപരമായും നിരൂപണം നടത്തുന്ന മൂന്ന് പഠനങ്ങളാണ്.
1, 2. സയ്യിദ് മൗദൂദിയുടെ 'ഖുര്‍ആനില്‍ സര്‍വമത സത്യവാദമോ?' എന്ന ലേഖനവും 'സഹിഷ്ണുതയുടെ തെറ്റായ വായന' എന്ന ലേഖനവും.
3. 'ഇസ്‌ലാമിലെ വേദവിശ്വാസവും വിശാല മാനവിക സങ്കല്‍പവും' എന്ന ടി.കെ ഉബൈദ് സാഹിബിന്റെ മുപ്പത്തിമൂന്നു പേജ് വരുന്ന നീണ്ട ലേഖനം.

ഇസ്‌ലാമിലെ മോക്ഷസങ്കല്‍പത്തെപ്പറ്റിയുള്ള വളരെ ആധികാരികവും വൈജ്ഞാനികവുമായ ലേഖനങ്ങളാണ് മറ്റൊരു ഭാഗം.
1. മോക്ഷസങ്കല്‍പം ഇസ്‌ലാമില്‍ /കെ. ഇല്‍യാസ് മൗലവി.
2. സ്വര്‍ഗപ്രവേശത്തിന്റെ മാനദണ്ഡം /അബ്ദുല്ലത്വീഫ് കൊടുവള്ളി. ഈ വിഷയം പഠിക്കാനായി ഈ രണ്ടു ലേഖനങ്ങള്‍ ധാരാളം മതിയാകും.

മറ്റ് രണ്ട് ലേഖനങ്ങള്‍ ഇവയാണ്:
1. അറബ് പണ്ഡിതനും എഴുത്തുകാരനുമായ ഡോ. മുഹമ്മദ് അയാശ് കുബൈസിയുടെ 'ഗൂഢാര്‍ത്ഥവാദികള്‍ മതനവീകരണത്തിന്റെ കുപ്പായമിടുമ്പോള്‍'.
2.  സെന്റര്‍ ഫോര്‍ സ്റ്റഡി ആന്റ് റിസേര്‍ച്ച്  സെന്ററിന്റെ ഡയറക്ടറും എഴുത്തുകാരനുമായ ടി. മുഹമ്മദ് വേളത്തിന്റെ  'ഹൈന്ദവ ഇസ്‌ലാം?' 

കട്ടിയുള്ള പേപ്പറില്‍ മനോഹരമായ കെട്ടിലും മട്ടിലുമുള്ള ഈ കൃതി എല്ലാംകൊണ്ടും മനോഹരമായിരിക്കുന്നു. വില: ഇരുന്നൂറ്റിനാല്‍പത് രൂപ. ഓരോ വിശ്വാസിയും വിശേഷിച്ചും ഇസ്‌ലാമിക പ്രവര്‍ത്തകരും പ്രബോധകരും ഖത്തീബുമാരും നിര്‍ബന്ധമായും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ട കൃതിയാണിത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌