Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

അത്താഴം അനിവാര്യമോ?

സമീര്‍ കാളികാവ്

1. നോമ്പെടുക്കുന്നതിനു വേണ്ടി അത്താഴം കഴിക്കല്‍ നിര്‍ബന്ധമാണോ? അത്താഴം വേണ്ടെന്ന് വെക്കുന്നതിന്റെ വിധി എന്താണ്?

നോമ്പെടുക്കുന്നതിനു വേണ്ടി അത്താഴം കഴിക്കല്‍ നിര്‍ബന്ധമല്ലെങ്കിലും, അത്  പ്രബലമായ സുന്നത്താണ്. അത്താഴം കഴിക്കുന്നത് അവഗണനാപൂര്‍വം ഒഴിവാക്കുന്നത് കറാഹത്തുമാണ്. 'നിങ്ങള്‍ അത്താഴം കഴിക്കണം. അത്താഴം കഴിക്കുന്നതില്‍ ബറകത്ത് ഉണ്ട്' എന്ന് നബി (സ) പറഞ്ഞതായി അനസി(റ)നെ ഉദ്ധരിച്ച് ഇമാം ബുഖാരിയും ഇമാം മുസ്ലിമും നിവേദനം ചെയ്ത ഹദീസാണ് ഈ വിഷയത്തിലെ പ്രധാന തെളിവ്.
ഈ ഹദീസിലൂടെ നബി (സ) ജനങ്ങളോട് അത്താഴം കഴിക്കാന്‍ കല്‍പിക്കുന്നുണ്ട്. പക്ഷേ, കല്‍പന നിര്‍ബന്ധപൂര്‍വമല്ലെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. അത്താഴം കഴിക്കണമെന്ന നിര്‍ദേശത്തിന് കാരണമായി പറഞ്ഞ കാര്യം വളരെ പ്രധാനമാണ്. അത്താഴം കഴിക്കുന്നതില്‍ ബറകത്ത് ഉണ്ടെന്നതാണത്. ബറകത്ത് എന്നാല്‍ സആദത്ത് അഥവാ സൗഭാഗ്യം, സന്തോഷം, ജീവിതവിജയം, അനുഗ്രഹങ്ങളിലെ വര്‍ധനവ് എന്നൊക്കെയാണ് അര്‍ഥം. ഇഹപരമായും പാരത്രികമായും ഇത്രയധികം നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യപ്പെട്ട ഒരു കര്‍മം ഉപേക്ഷിക്കുന്നത് ഒട്ടും അഭിലഷണീയമല്ല. 'അത്താഴം ബറകത്തിന്റെ ഭോജനമാണ്. നിങ്ങളിലൊരാള്‍ ഒരിറക്ക് വെള്ളം കുടിച്ചിട്ടാണെങ്കില്‍ കൂടി അത് ഒഴിവാക്കാതിരിക്കണം. തീര്‍ച്ചയായും, അല്ലാഹുവും മലക്കുകളും അത്താഴം കഴിക്കുന്നവരുടെ മേല്‍ സ്വലാത്ത് ചൊരിയുന്നതാണ്' എന്ന് നബി (സ) പറഞ്ഞതായി അബൂ സഈദില്‍ ഖുദ്‌രി (റ) ഉദ്ധരിച്ചിട്ടുണ്ട്.
'സഹറി'ന്റെ സമയത്ത്  ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുന്നതിനാണ് സുഹൂര്‍ അഥവാ അത്താഴഭോജനം എന്ന് പറയുന്നത്. സഹര്‍ എന്നാല്‍ രാത്രിയുടെ അവസാന സമയം എന്നര്‍ഥം. സ്വുബ്ഹിന്റെ സമയമാരംഭിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള രാത്രിയുടെ ഭാഗമാണ് ഉദ്ദേശ്യം. ആ സമയത്ത് ഭക്ഷണ-പാനീയങ്ങള്‍ കഴിക്കുക എന്ന പ്രവൃത്തിയിലാണ് ബറകത്ത്; എന്ത് കഴിക്കുന്നു, എത്ര കഴിക്കുന്നു എന്നതിലല്ല. മേല്‍ ഹദീസ് പ്രകാരം വെള്ളം കുടിച്ചാലും അത്താഴത്തിന്റെ പുണ്യം ലഭിക്കും. ഈത്തപ്പഴം മുഅ്മിനിന്റെ ഏറ്റവും മേന്മയേറിയ അത്താഴമാണെന്നും നബി (സ) പ്രസ്താവിച്ചിട്ടുണ്ട്. കഴിക്കുന്നത് അമിതമാവാതിരിക്കല്‍ അത്താഴത്തിന്റെ മര്യാദകളിലൊന്നായി പണ്ഡിതന്മാര്‍ എണ്ണിയിട്ടുണ്ട്. കാരണം, അത് ശാരീരികേഛകളെ നിയന്ത്രിക്കുകയെന്ന നോമ്പിന്റെ തന്നെ ലക്ഷ്യത്തിന് എതിരായി ഭവിക്കും.
സുന്നത്തല്ലേയുള്ളൂ, നിര്‍ബന്ധമൊന്നുമില്ലല്ലോ എന്ന് കരുതി അവഗണിക്കാവുന്ന തരത്തിലുള്ള ഒരു കര്‍മമല്ല അത്താഴം കഴിക്കല്‍. മറിച്ച്, നോമ്പെന്ന നിര്‍ബന്ധ ആരാധനാ കര്‍മം ശരിയായി നിര്‍വഹിക്കാന്‍ സഹായിക്കുന്ന തരത്തില്‍ നിശ്ചയിക്കപ്പെട്ടതും നബിചര്യയെ പിന്‍പറ്റുകയെന്ന നിയ്യത്തില്‍ നിര്‍വഹിക്കേണ്ടുന്നതുമായ പ്രധാനപ്പെട്ട ഒരു ആരാധനാ കര്‍മം തന്നെയാണത്. സാധാരണഗതിയില്‍ അനുവദനീയം മാത്രമാകാവുന്ന ഒരു ജീവിതശീലം പുണ്യകരമായ ആരാധനയായി മാറുന്ന അത്ഭുതമാണിവിടെ കാണാന്‍ കഴിയുക.
നബിചര്യയനുസരിച്ച്, അത്താഴം കഴിക്കുന്നത് സ്വുബ്ഹിനോടടുത്ത സമയത്തേക്ക് പരമാവധി വൈകിപ്പിക്കുന്നതാണ് അഭികാമ്യം.

അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് കൊടുത്താല്‍ 
അത്താഴം കഴിച്ചു കൊണ്ടിരിക്കെ ബാങ്ക് വിളിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?
അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക് കൊടുത്താല്‍ പിന്നെ ഭക്ഷണമായോ പാനീയമായോ എന്തെങ്കിലും കഴിച്ച് തുടങ്ങുന്നത് നിര്‍ത്തേണ്ടതാണ്. ബാങ്കിന് മുമ്പ് വായിലായ ഭക്ഷണം ഇറക്കി മുഴുമിപ്പിക്കാവുന്നതാണ്, തുപ്പിക്കളയേണ്ടതില്ല.
പ്രഭാതോദയം മുതലാണ് നോമ്പ് ആരംഭിക്കേണ്ടത്. പ്രഭാതം ഉദിച്ചു എന്നുറപ്പായാല്‍ അത്താഴം കഴിക്കുന്നത് തുടരാവതല്ല; ബാങ്ക് കൊടുത്താലും ഇല്ലെങ്കിലും. നമ്മുടെ കാലത്ത് സമയത്തെയോ ബാങ്കിനെയോ ആണ് പ്രഭാതോദയം സംഭവിച്ചോ എന്നറിയാന്‍ ജനങ്ങള്‍ പൊതുവില്‍ അവലംബിക്കുന്നത്. അതിനാല്‍, ബാങ്ക് കൊടുത്താല്‍ അത്താഴം കഴിക്കുന്നത് നിര്‍ത്തണം. അതുപോലെ, സമയമായി എന്നുറപ്പായാല്‍ ബാങ്ക് കൊടുത്തില്ലെങ്കിലും അത്താഴത്തില്‍നിന്ന് വിരമിക്കണം. സമയമായിട്ടില്ല എന്നുറപ്പുള്ള അവസ്ഥയില്‍ ബാങ്ക് കൊടുത്താലും സമയമാകുന്നത് വരെ അത്താഴം കഴിക്കുന്നത് തുടരാം. സമയമായിട്ടില്ല എന്നുറപ്പില്ലെങ്കില്‍ ബാങ്ക് കേട്ടാല്‍ ഉടനെത്തന്നെ അത്താഴം കഴിക്കുന്നത് നിര്‍ത്തേണ്ടതുണ്ട്.
മേല്‍പ്പറഞ്ഞ നിയമങ്ങള്‍ നോമ്പ് കാലത്ത് വിശ്വാസികള്‍ക്ക് അപൂര്‍വമായി മാത്രമേ അവംലബിക്കേണ്ടി വരാവൂ. അതല്ലാതെ, അത്താഴം കഴിച്ചത് ബാങ്കിന് ശേഷമായിപ്പോയോ, ബാങ്ക് കൊടുക്കാന്‍ വൈകിയത് കൊണ്ട് അത്താഴം കഴിച്ചത് പ്രഭാതോദയത്തിന് ശേഷമായിപ്പോയോ എന്നീ സംശയങ്ങള്‍ എല്ലാ അത്താഴവേളകളിലും ശീലമാകുന്ന അവസ്ഥ ഒരു വിശ്വാസിക്കും ഉണ്ടാവുന്നത് നല്ലതല്ല. കാരണം, പ്രവാചക ചര്യ പിന്‍പറ്റലാണ് നോമ്പത്താഴത്തിന്റെ അടിസ്ഥാനം. പ്രവാചക ചര്യയനുസരിച്ച് നോമ്പത്താഴം വൈകിപ്പിക്കുന്നത് സുന്നത്തുമാണ്. പക്ഷേ, ആ സുന്നത്തിന്റെ രൂപം മേല്‍പ്പറഞ്ഞ സംശയകരമായ സാഹചര്യം സൃഷ്ടിക്കും വിധത്തിലല്ല, മറിച്ച്. അത്താഴം കഴിക്കുന്നതിന്റെയും പ്രഭാതോദയത്തിന്റെയും ഇടയില്‍ അമ്പത് ആയത്തുകള്‍ പാരായണം ചെയ്യുന്ന സമയദൈര്‍ഘ്യം ലഭിക്കുന്ന രൂപത്തിലാണ്. എന്നാല്‍, പ്രഭാതോദയം ഉറപ്പാകുന്നത് വരെ ഭക്ഷണ-പാനീയങ്ങള്‍ കഴിക്കാന്‍ നോമ്പുകാരന് അനുവാദമുണ്ട്താനും. സുന്നത്തായ അത്താഴം ഫര്‍ദായ നോമ്പിനെ ദുര്‍ബലപ്പെടുത്താതിരിക്കാനുള്ള സൂക്ഷ്മതയാണ് ഈ വിഷയത്തില്‍ വിശ്വാസിയില്‍ നിന്നുണ്ടാവേണ്ടത്.

ഇളവുകള്‍ ആര്‍ക്കൊക്കെ?
നോമ്പെടുക്കുന്നതില്‍ ഇളവുകള്‍ ഉള്ളവര്‍ ആരൊക്കെയാണ്?
നിയമാനുസൃതമായ ന്യായമായ കാരണങ്ങള്‍ ഉള്ളവര്‍ക്കാണ് നോമ്പെടുക്കുന്നതില്‍ ഇളവുകള്‍ ഉള്ളത്. അത്തരം കാരണങ്ങള്‍ രണ്ട് തരമുണ്ട്; നോമ്പൊഴിവാക്കാന്‍ അനുവാദം നല്‍കുന്ന കാരണങ്ങളും, നോമ്പെടുക്കുന്നതിനെ വിലക്കുന്ന കാരണങ്ങളും.
രോഗം, യാത്ര, ഗര്‍ഭധാരണം, മുലയൂട്ടല്‍, ജീവഭയമുണ്ടാക്കുന്ന ദാഹം അല്ലെങ്കില്‍ വിശപ്പ്, ബലാല്‍ക്കാരം എന്നീ കാരണങ്ങള്‍ മൂലം നോമ്പൊഴിവാക്കാന്‍ അനുവാദമുണ്ട്. ആര്‍ത്തവം, പ്രസവരക്തം എന്നിവയുള്ള സ്ത്രീകള്‍ക്ക് നോമ്പെടുക്കാന്‍ അനുവാദമില്ല.
രോഗം: നോമ്പെടുക്കുന്നത് മൂലം തന്റെ രോഗം മൂര്‍ഛിക്കുമെന്നോ രോഗശമനത്തിന് കാലതാമസമെടുക്കുമെന്നോ ഏതെങ്കിലും ശരീരാവയവം തകരാറിലാവുമെന്നോ ഭയമുള്ള രോഗാവസ്ഥയാണ് ഉദ്ദേശ്യം. അത്തരം രോഗാവസ്ഥയിലുള്ളവര്‍ക്ക് നോമ്പൊഴിവാക്കാം. അതിലുപരി, അവര്‍ നോമ്പൊഴിവാക്കുന്നത് സുന്നത്തും നോമ്പെടുക്കുന്നത് കറാഹത്തുമാണ്.
യാത്ര: സാധാരണഗതിയില്‍ നമസ്‌കാരം ചുരുക്കി (ഖസ്വ്ര്‍) നിര്‍വഹിക്കാന്‍ അനുവാദം നല്‍കുന്ന യാത്രയാണ് ഉദ്ദേശ്യം. അത്തരം യാത്രയുടെ ദൈര്‍ഘ്യം എത്രയാണെന്ന് ഖണ്ഡിതമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തല്‍സംബന്ധമായ ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മദ്ഹബുകളിലെ ഭൂരിപക്ഷാഭിപ്രായമനുസരിച്ച് ഏകദേശം 88 കിലോമീറ്റര്‍ ആണ് ഇളവുകള്‍ ബാധകമായ യാത്രയുടെ ദൈര്‍ഘ്യം. നാട്ടുപതിവനുസരിച്ച് യാത്രയെന്ന് ഉറപ്പിച്ച് പറയാവുന്ന യാത്രയാണ് ഉദ്ദേശ്യമെന്ന മറ്റൊരു അഭിപ്രായവും ശക്തമായുണ്ട്. ഈ അഭിപ്രായമാണ് ശരിയായി തോന്നുന്നത്.
ഗര്‍ഭധാരണം, മുലയൂട്ടല്‍: സാധാരണ ഗതിയില്‍ ഇവ രണ്ടും നോമ്പ് ഒഴിവാക്കാനുള്ള ന്യായമായ കാരണങ്ങളല്ല. നോമ്പെടുക്കുന്നത് മൂലം ഈ കാരണങ്ങളുള്ള സ്ത്രീയുടെയോ കുട്ടിയുടെയോ ആരോഗ്യത്തെക്കുറിച്ചോ ജീവനെക്കുറിച്ചോ ഭയമുളവാക്കുന്ന അവസ്ഥയില്‍ മാത്രമാണ് നോമ്പൊഴിവാക്കാവുന്നത്.
ദാഹം, വിശപ്പ്: വിശപ്പോ ദാഹമോ കാരണമായി മരണം സംഭവിക്കുമെന്ന് ഭയമുള്ള സാഹചര്യത്തില്‍ ജീവന്റെ സംരക്ഷണത്തിന് അനിവാര്യമായ അളവില്‍ മാത്രം ഭക്ഷണ-പാനീയങ്ങള്‍ കഴിക്കാം. ശേഷം സൂര്യാസ്തമയം വരെ നോമ്പുകാരനെപ്പോലെത്തന്നെ തുടരണം. ആ ദിവസത്തെ നോമ്പ് പിന്നീട് നോറ്റുവീട്ടുകയും വേണം.
ബാഹ്യഭീഷണി: ജീവന്‍, ശരീരം, ധനം എന്നിവക്ക് നേരെയുള്ള ബാഹ്യമായ ഭീഷണിക്ക് വിധേയനായി നോമ്പ് മുറിയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടി വന്നാല്‍ അതില്‍ കുറ്റമില്ല. ഭീഷണിയെ തടയാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത സാഹചര്യത്തിലാണ് ഭീഷണിക്ക് വഴങ്ങി നോമ്പ് മുറിക്കാന്‍ അനുവാദമുള്ളത്.

പ്രയാസപ്പെട്ട് 
നോമ്പെടുക്കുന്നതിന്റെ വിധി
ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, വെള്ളം കുടിക്കേണ്ടത് നിര്‍ബന്ധമുള്ള രോഗികള്‍ തുടങ്ങിയവര്‍ പ്രയാസപ്പെട്ട് നോമ്പെടുക്കുന്നതിന്റെ വിധിയെന്താണ്?
അനസുബ്‌നു മാലിക് അല്‍ കഅ്ബി(റ)യില്‍ നിന്ന് അബൂദാവൂദ്, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ ഉദ്ധരിച്ച ഹദീസില്‍ നബി (സ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''നിശ്ചയം അല്ലാഹു യാത്രക്കാരന് നമസ്‌കാരത്തിന്റെ പകുതിയും നോമ്പും കുറച്ച് കൊടുത്തിരിക്കുന്നു, അതുപോലെത്തന്നെ ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും.''
യാത്രക്കാരനെപ്പോലെ ഗര്‍ഭിണിക്കും മുലയൂട്ടുന്നവള്‍ക്കും നോമ്പ് ഒഴിവാക്കാന്‍ ഇളവുണ്ട്. എന്നാല്‍, അവര്‍ ആരോഗ്യവതികളാണെങ്കില്‍ നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. സാധാരണ ഏതൊരാളും നോമ്പെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസങ്ങള്‍ മാത്രമാണെങ്കില്‍ നോമ്പെടുക്കുന്നതില്‍ നിന്ന് ഇളവില്ല. എന്നാല്‍, നോമ്പ് മൂലം തന്റെയോ കുഞ്ഞിന്റെയോ ജീവനെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ഭീതിയുള്ള സാഹചര്യമുണ്ടെങ്കില്‍ നോമ്പൊഴിവാക്കുകയും പിന്നീട് നോറ്റ് വീട്ടുകയുമാണ് ചെയ്യേണ്ടത്.  ഭീതിയുടെ അവലംബം തന്റെ തന്നെ മുന്‍ അനുഭവങ്ങളോ വിശ്വസ്തരായ മുസ്‌ലിം ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോ ആയിരിക്കണം.
അതുപോലെത്തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രകാരം വെള്ളം കുടിക്കുകയോ മരുന്ന് കഴിക്കുകയോ ചെയ്യേണ്ടതുള്ളവര്‍ നോമ്പെടുക്കേണ്ടതില്ല. നോമ്പെടുക്കുന്നത് ഇത്തരക്കാര്‍ക്ക് പ്രയാസകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെങ്കില്‍ അവര്‍ നോമ്പെടുക്കുന്നത് അഭിലഷണീയവുമല്ല.

നോറ്റ് വീട്ടാനുള്ള നോമ്പുകള്‍
കഴിഞ്ഞ വര്‍ഷം റമദാനില്‍ നഷ്ടപ്പെട്ട നോമ്പുകള്‍ നോറ്റു വീട്ടാന്‍ ഇനിയും ബാക്കിയിരിക്കെയാണ് ഈ വര്‍ഷം റമദാനിലേക്ക് പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നോമ്പ് ഈ റമദാനിന് ശേഷം നോറ്റുവീട്ടിയാല്‍ മതിയോ? അതോ ഫിദ്‌യ കൊടുക്കുകയാണോ വേണ്ടത്?
നഷ്ടപ്പെട്ട നോമ്പുകള്‍ പിന്നീട് നോറ്റ് വീട്ടാന്‍ അവസരവും കഴിവും ലഭിച്ചവര്‍ അവ നോറ്റ് വീട്ടുക തന്നെ വേണം. അല്ലാതെ അതുമായി ബന്ധപ്പെട്ട ബാധ്യത വീടുകയില്ല.
കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട നോമ്പ് ഈ വര്‍ഷത്തെ റമദാനില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാള്‍ക്ക് നോറ്റ് വീട്ടാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍, അതില്‍ രണ്ട് സാധ്യതകളുണ്ട്. ഒന്ന്, നോമ്പെടുക്കാന്‍ കഴിയാത്ത വിധം ന്യായമായ കാരണങ്ങള്‍ ഉള്ളത്  കൊണ്ട് അങ്ങനെ സംഭവിക്കുക. ഉദാഹരണത്തിന്, ഗര്‍ഭിണിയായപ്പോള്‍ നഷ്ടപ്പെട്ട നോമ്പുകള്‍ പ്രസവം, കുഞ്ഞിനെ മുലയൂട്ടല്‍ എന്നിവ മൂലം അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നോറ്റ് വീട്ടാന്‍ കഴിയാതിരിക്കുക. അത്തരക്കാര്‍ സാധ്യമാവുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ നോമ്പ് നോറ്റ് വീട്ടിയാല്‍ മതിയാവും.
രണ്ട്, ന്യായമായ കാരണങ്ങളില്ലാതെ അശ്രദ്ധ, അലംഭാവം എന്നിവ മൂലം നഷ്ടപ്പെട്ട നോമ്പ് ഒരു വര്‍ഷത്തിനുള്ളില്‍ നോറ്റ് വീട്ടാതിരിക്കുക. ഇത് കുറ്റകരമായ അനാസ്ഥയാണ്. അത്തരക്കാര്‍ അല്ലാഹുവോട് പാപമോചനം തേടണം, തൗബ ചെയ്യണം. റമദാനിന് ശേഷം സാധ്യമാവുന്ന ഉടനെത്തന്നെ നോമ്പ് നോറ്റ് വീട്ടുകയും ചെയ്യണം. ഫിദ്യ (ഒരു നോമ്പിന് പകരം ഒരു അഗതിക്ക് ഭക്ഷണം) നല്‍കല്‍ നിര്‍ബന്ധമില്ല. എന്നാല്‍, താന്‍ ചെയ്ത തെറ്റിന് പ്രായശ്ചിത്തമെന്ന് കരുതി അങ്ങനെ ചെയ്യുന്നത് നല്ലതാണ്. നോമ്പ് നോറ്റ് വീട്ടാന്‍ കഴിവുള്ള ആര്‍ക്കും ഫിദ്യ കൊടുത്തത് കൊണ്ട് നഷ്ടപ്പെട്ട നോമ്പിന്റെ കടത്തില്‍ നിന്ന് മോചനം നേടാന്‍ കഴിയില്ല.
ജീവിതത്തില്‍ നോമ്പെടുക്കാന്‍ ശാരീരികമായി കഴിവുണ്ടാകുമെന്ന് പ്രതീക്ഷയില്ലാത്ത മാറാ രോഗികള്‍, വൃദ്ധന്മാര്‍ തുടങ്ങിയവരാണ് നഷ്ടപ്പെട്ട നോമ്പിന് പകരമായി ഫിദ്യ കൊടുക്കേണ്ടത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌