Prabodhanm Weekly

Pages

Search

2022 ഏപ്രില്‍ 01

3246

1443 ശഅ്ബാന്‍ 29

കോണ്‍ഗ്രസ്സിനെ ആരാണ് രക്ഷപ്പെടുത്തുക?

സുബൈര്‍ കുന്ദമംഗലം

1885 മുതല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസ്സ്. ലോകത്തിലെ തന്നെ ഏറ്റവും പഴയ, എന്നാല്‍ സുസംഘിടതവും ശക്തവുമായിരുന്ന ജനാധിപത്യ പ്രസ്ഥാനം. സ്വാതന്ത്ര്യപ്പോരാട്ടത്തിന് നേതൃത്വം നല്‍കുകയും പോരാളികളെ പ്രസവിക്കുകയും ചെയ്ത പാര്‍ട്ടി. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, മൗലാനാ അബുല്‍ കലാം ആസാദ് പോലുള്ള മഹാരഥന്മാര്‍ നേതൃത്വം നല്‍കിയ രാഷ്ട്രീയ പ്രസ്ഥാനം. സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം നിര്‍ണയിക്കാന്‍ അവസരം ലഭിച്ച വിപ്ലവ പ്രസ്ഥാനം. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി ആയിരങ്ങളെ പ്രചോദിപ്പിച്ച കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ ദുര്‍ഗതിയോര്‍ത്ത് എതിരാളികള്‍ പോലും കണ്ണീര്‍ പൊഴിക്കുകയാണ്. വെന്റിലേറ്ററില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗിയെ പോലെയാണ് ഇന്നത്തെ കോണ്‍ഗ്രസ്സ് പാര്‍ട്ടി.
സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം നടന്ന 15 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറ് തവണ വ്യക്തമായ ഭൂരിപക്ഷം നേടിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുന്നണി സംവിധാനത്തോടെ 4 തവണ അധികാരത്തിലേറിയ കോണ്‍ഗ്രസ്സ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുള്ള ഏഴ് പ്രധാനമന്ത്രിമാരെ രാജ്യത്തിന് സംഭാവന ചെയ്തിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഭരണത്തിലേറാനും ഭരണം നിലനിര്‍ത്താനും കോണ്‍ഗ്രസ്സിന് സാധ്യമായി. പ്രഗത്ഭരായ ഒട്ടേറെ മുഖ്യമന്ത്രിമാരെയും നിയമസഭാ സാമാജികരെയും കോണ്‍ഗ്രസ്സ് സംഭാവന ചെയ്തിട്ടുണ്ട്.
ബി.ജെ.പിയുടെയും ആര്‍.എസ്.എസ്സിന്റെയും നേതൃത്വത്തില്‍ വര്‍ഗീയ ഫാഷിസ്റ്റ് പരിവാറുകള്‍ പത്തി വിടര്‍ത്തിയാടുമ്പോള്‍ ഒരു പ്രതിപക്ഷ കക്ഷിയെന്ന് പോലും വിശേഷിപ്പിക്കാന്‍ സാധ്യമാകാത്ത വിധം കോണ്‍ഗ്രസ്സ് ഉപ്പു വെച്ച കലം കണക്കെ നശിച്ചുകൊണ്ടിരിക്കുന്നു. 1951-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 44.91 ശതമാനം വോട്ട് നേടിയ കോണ്‍ഗ്രസ്സ് 364 പ്രതിനിധികളെയാണ് സഭയിലെത്തിച്ചത്. 2019-ലെ ലോക്‌സഭയില്‍ 52 പേരിലൊതുങ്ങി കോണ്‍ഗ്രസ്സ് പ്രാതിനിധ്യം. 19.5 ശതമാനം വോട്ട്. ഈ ദുര്‍ഗതിയില്‍നിന്ന് പാഠമുള്‍ക്കൊള്ളാന്‍ ഇനിയും വൈകിയാല്‍ 'സംപൂജ്യ' കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സ് മുക്ത ഭാരതവും അകലെയാവില്ല. ഈയിടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ദയനീയമായി തോറ്റമ്പിയ കോണ്‍ഗ്രസ്സ് പഞ്ചാബില്‍നിന്ന് കൂടി പുറത്തായി. രാജസ്ഥാനിലും ഛത്തീസ്ഗണ്ഡിലും മാത്രം അധികാരമുള്ള 'ദേശീയ' പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് മാറി. ഗാന്ധി കുടുംബം നേരിട്ട് നയിച്ച യു.പി തെരഞ്ഞെടുപ്പില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞില്ല. നിലവിലുള്ള ഏഴ് സീറ്റ് രണ്ടാക്കി ചുരുക്കിയെന്നതാണ് പ്രിയങ്കയുടെ നേട്ടം. 2024-ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നതിന് കോണ്‍ഗ്രസ്സ് നല്‍കിയ സംഭാവന നിസ്സാരമല്ല.
കുടുംബാധിപത്യത്തില്‍നിന്ന് വഴിമാറി സഞ്ചരിക്കാന്‍ കോണ്‍ഗ്രസ്സ് സന്നദ്ധമല്ലെന്നതാണ് അനുഭവം. അധികാരവും നേതൃത്വവും പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന പ്രവണതയാണ് കോണ്‍ഗ്രസ്സിന്റെ പതന കാരണങ്ങളില്‍ മുഖ്യം. നെഹ്‌റു കുടുംബത്തിലെ നിലവിലുള്ള കണ്ണികള്‍ നേതൃത്വം ആഗ്രഹിക്കുന്നില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞിട്ടും അവരെ സ്വതന്ത്രരാക്കാന്‍ അണികള്‍ തയാറല്ല. രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ദാരിദ്ര്യം, വര്‍ഗീയത, വംശവെറി, തൊഴിലില്ലായ്മ, വിലക്കയറ്റം പോലുള്ള ജീവല്‍ പ്രശ്‌നങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കാനും പാര്‍ട്ടിക്ക് സാധിക്കുന്നില്ല. തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വം കൊണ്ട് പ്രതിരോധിക്കാനും അതുവഴി അധികാര സോപാനത്തിലേക്ക് കയറിച്ചെല്ലാനുമാണ് അവര്‍ തിടക്കും കാട്ടുന്നത്. ഗ്രൂപ്പ് കളി പ്രോത്സാഹിപ്പിച്ചും പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നീട്ടി വെച്ചും അധികാരത്തിന്റെ അരമനകളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കടല്‍ക്കിഴവന്മാരെ അടര്‍ത്തിയെറിഞ്ഞ് സംശുദ്ധമായ വ്യക്തിത്വമുള്ള പുതുരക്തം കടന്നുവരുമ്പോഴേ കോണ്‍ഗ്രസ്സ് രക്ഷപ്പെടുകയുള്ളൂ. 


സോളിഡാരിറ്റി പ്രായത്തിലേക്ക് ഓര്‍മകള്‍ പോകുമ്പോള്‍

എന്‍.പി.എ കബീര്‍

2003-ല്‍ രൂപീകരണത്തോടെ തന്നെ യുവത്വത്തിന്റെ പ്രതീക്ഷയായി മാറിയ പ്രസ്ഥാനമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. മണ്ണിനും മനുഷ്യനും വേണ്ടി വികസനത്തിനൊരു തിരുത്ത്.
ഭ്രാന്തന്‍ വികസനങ്ങളോട് കേരള യുവത്വം കാണിക്കുന്ന ആലസ്യം മാറ്റിയെടുത്ത് മണ്ണിനും മനുഷ്യനും വേണ്ടി യുവതയെ കര്‍മോത്സുകരാക്കുകയായിരുന്നു സോളിഡാരിറ്റി.
വിവാഹ വേദികളിലും സമൂഹ വേദികളിലും പ്രകൃതി സൗഹൃദ വസ്തുക്കള്‍ക്ക് വേണ്ടിയുള്ള കര്‍മസാക്ഷ്യം. കേരളത്തെ വിഴുങ്ങുന്ന ഭ്രാന്തന്‍ വികസന കാഴ്ചപ്പാടിനെതിരെ മുഷ്ടി ചുരുട്ടി തിരുത്തല്‍ ശക്തിയായി അത് മാറി.
'എക്‌സ്പ്രസ് വേ' കേരള പ്രകൃതിക്കേല്‍ക്കുന്ന  എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണെന്ന് കേരളത്തിന്റെ പൊതു മണ്ഡലത്തെ ഉദ്ബുദ്ധമാക്കി. ഗെയില്‍ സര്‍പ്പങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെയുള്ള പോരാട്ട ഭൂമിയിലേക്ക് അനവധി മാതൃകാ യുവത്വങ്ങളെ കേരളത്തില്‍ നട്ടുവളര്‍ത്തി.  ആധുനിക അന്ധവിശ്വാസങ്ങളെ  ഇഴ കീറിപ്പഠിച്ച്, മുളയില്‍ തന്നെ നുള്ളുന്ന സര്‍ഗാത്മകതയായിരുന്നു ഈ സംഘം.
 പേരാമ്പ്ര ബൈപ്പാസിന്റെ ഇരകള്‍ക്കൊപ്പം നിന്ന്, കുഞ്ഞായിശുമ്മയെയും രാഘവേട്ടനെയും പേരാമ്പ്രയുടെ മയിലമ്മമാരാക്കി ഉയര്‍ത്തി. ആവള മഠത്തില്‍മുക്ക് മുതല്‍ തറോലങ്ങാടി - കീഴ്‌ക്കോട്ട് കടവ് വരെ എക്‌സ്പ്രസ് ഹൈവേ ഇരകളെ കോര്‍ത്തിണക്കി കേരളത്തിന്റെ മാറ് പിളര്‍ക്കുന്നതിനെ തിരെ പ്രതിരോധം തീര്‍ത്തു. വെള്ളിയൂരില്‍ പ്രത്യക്ഷപ്പെടാന്‍ ശ്രമിച്ച ആള്‍ദൈവ അവതാരത്തെ ജനകീയ പ്രതിരോധം തീര്‍ത്ത് കെട്ടുകെട്ടിച്ചു.  സൗഹൃദ കേരളത്തിന് യുവതയുടെ കൈയൊപ്പായി ഹൃദയം കവരുന്ന യുവജന കൂട്ടായ്മകള്‍ നാമ്പെടുത്തു.
മുഖ്യധാരാ യുവത്വത്തിന്റെ ആലസ്യത്തിന് ഉണര്‍വിന്റെ ഉണര്‍ത്തു പാട്ടായി സോളിഡാരിറ്റി.  പാരിസ്ഥിതിക, ജനപക്ഷ ബദലായി അതിന്റെ മൊട്ടുകള്‍ വിരിഞ്ഞു.  കേരളത്തിന് ഒരു ബദല്‍ സാമൂഹിക ഭാഷ സോളിഡാരിറ്റി പരിചയപ്പെടുത്തി. പാരിസ്ഥിതിക പ്രക്ഷോഭങ്ങളില്‍, ജനകീയ വികസന പ്രശ്‌നങ്ങളില്‍, വികസന വിവേചനങ്ങള്‍ക്കിരയാവുമ്പോള്‍  സോളിഡാരിറ്റി  തനതായ ഒരു ഇടപെടല്‍ ഭാഷ കേരളത്തില്‍ മുദ്രണം ചെയ്തു.
ഭരണപക്ഷവും പ്രതിപക്ഷവും ആടിത്തീര്‍ക്കുന്ന പൊറാട്ടു നാടകങ്ങള്‍ക്കിടയില്‍ വിസ്മരിക്കപ്പെട്ടു പോയ ജനപക്ഷ ബാധ്യതയെ കുറിച്ച് ഓര്‍മിപ്പിക്കുന്ന ഉദ്‌ബോധന സംഘമായി സോളിഡാരിറ്റി. ചെറുകിട വ്യാപാരികള്‍ക്കെതിരെ വമ്പന്‍ സ്രാവുകള്‍ തൊള്ള തുറന്നു വന്നപ്പോള്‍ അരുത് കാട്ടാളാ എന്ന താക്കീതായി സോളിഡാരിറ്റി നിലകൊണ്ടു.
ആഗോള കുത്തക ഭീമന്മാരായ കൊക്കകോളയും പെപ്‌സിയും കേരളത്തിന്റെ ഭൂഗര്‍ഭജലമൂറ്റിയപ്പോള്‍ മയിലമ്മക്കു പോലും സമരസാക്ഷരതയുടെ കൈത്താങ്ങായി ഒരു കുടം വെള്ളവും ഭക്ഷ്യ വിഭവങ്ങളുമായി പ്രവര്‍ത്തകര്‍ ലോക ശ്രദ്ധ നേടിയ ജലസംരക്ഷണ സമരത്തിന് നേതൃത്വം നല്‍കി.
മലബാറില്‍ ജനസാന്ദ്രതക്കനുസരിച്ചുള്ള സാമൂഹിക വികസന മാനദണ്ഡങ്ങള്‍ അട്ടിമറിക്കുന്നതിനെതിരെ കൃത്യമായ പഠനങ്ങള്‍ നടത്തി വിദ്യാഭ്യാസം, ഗതാഗതം, റവന്യൂ വികസനം തുടങ്ങിയ അടിസ്ഥാന മേഖലകളിലെ വിവേചനം തുറന്നു കാട്ടി. 
ഈ യുവ വിപ്ലവ സംഘത്തിന് മുമ്പത്തെപ്പോലെ കേരളത്തെ പ്രകമ്പനം കൊള്ളിക്കാനാവുന്നുണ്ടോ? പഠനം അനിവാര്യമാണ്; പരിഹാരവും. 


റഷ്യയുടേത് ലോക മേധാവിത്വം 
നേടാനുള്ള ഹീനശ്രമം

അബ്ദുല്‍ മാലിക്  മുടിക്കല്‍

അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ച മുന്നില്‍ കണ്ട് ലോക മേധാവിത്വം നേടിയെടുക്കാനുള്ള ഹീനമായ ശ്രമങ്ങളാണ് റഷ്യ ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായേ റഷ്യയുടെ യൂക്രെയ്ന്‍ ആക്രമണത്തെ കാണാനാകൂ.  റഷ്യ ഈ നീക്കത്തില്‍നിന്ന് പിന്നാക്കം പോയിത്തുടങ്ങി എന്നാണ് മനസ്സിലാവുന്നത്. യുക്രെയ്‌നെ ബോംബിംഗില്‍  തകര്‍ത്താലും റഷ്യയുടെ താല്‍പര്യം നടക്കുകയില്ല. യുക്രെയ്ന്‍ അമേരിക്കന്‍ പക്ഷത്തേക്ക് നീങ്ങും എന്ന് മനസ്സിലാക്കിയാണ് പുടിന്‍ ആക്രമണം തുടങ്ങിയത്. പക്ഷേ വിജയം ഇനിയും അകലെയാണ്. 


ഈ ചോദ്യങ്ങള്‍ക്ക് 
ആര്‍.എസ്.എസ് മേധാവി മറുപടി പറയുമോ?

റഹ്മാന്‍ മധുരക്കുഴി

''ഇനി മുതല്‍ ഇന്ത്യയിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും അഹിന്ദുക്കള്‍ എന്ന് വിളിക്കരുത്.'' ആര്‍.എസ്.എസ് ദേശീയ നേതാക്കളുടെ ഒരു യോഗത്തില്‍ ആര്‍.എസ്.എസ് മേധാവി ഡോ. മോഹന്‍ ഭാഗവത് ആണ് ഇങ്ങനെ പറഞ്ഞത്. ഹിന്ദുത്വം ഒരു ആശയ സംഹിതയാണെന്നും ആ ആദര്‍ശത്തില്‍ ഓരോ ഇന്ത്യക്കാരനും ഹിന്ദുവാണെന്നും 50 വിദേശ മാധ്യമങ്ങളില്‍നിന്നുള്ള 80 പ്രതിനിധികളുമായുള്ള  അഭിമുഖത്തിലും മുമ്പൊരിക്കല്‍ ഭാഗവത് പറഞ്ഞിരുന്നു. ഇംഗ്ലണ്ടുകാരെ ഇംഗ്ലീഷുകാരെന്നും ജര്‍മനിക്കാരെ ജര്‍മന്‍സ് എന്നും യു.എസ്.എ നിവാസികളെ അമേരിക്കക്കാരെന്നും വിളിക്കുമ്പോള്‍ എന്തുകൊണ്ട് ഹിന്ദുസ്ഥാനികളെ ഹിന്ദുക്കള്‍ എന്ന് വിളിച്ചുകൂടാ എന്നും ഭാഗവത് ചോദിക്കുന്നു.
എന്നാല്‍ ഇപ്പറഞ്ഞതിന് കടകവിരുദ്ധമായ നിലപാടാണ് ആര്‍.എസ്.എസ് മുന്‍ മേധാവി ദേവറസ് ബാലാ സാഹെബിന്റേത്. ദേവറസ് പറയുന്നതിങ്ങനെ: ''ഇന്ത്യയിലെ മുസ്‌ലിംകളും ക്രിസ്ത്യാനികളും പാഴ്‌സികളും ജൂതന്മാരും ഒഴിച്ചുള്ള മറ്റെല്ലാവരും ഹിന്ദുക്കളാണ്'' (ഹിന്ദു സംഘതാന്‍- ദ നീഡ് ഓഫ് ദി നാഷന്‍). ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും മ്ലേഛന്മാരായാണ് മറ്റൊരു ആര്‍.എസ്.എസ് പ്രമുഖന്‍ ആര്‍. ഹരി വിശേഷിപ്പിക്കുന്നത്. ''താഴ്ന്ന ജാതിക്കാരെന്ന് പറയപ്പെടുന്നവരേക്കാള്‍ ഉയര്‍ന്ന തലത്തില്‍ നാം ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും കാണുന്നത് അക്ഷന്തവ്യമായ തെറ്റാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പെടാത്തവര്‍ മ്ലേഛന്മാരാണ്; ശൂദ്രന്മാരേക്കാള്‍ താഴെയാണ് മ്ലേഛന്മാര്‍ക്ക് നല്‍കേണ്ടതായ സ്ഥാനം'' (ആര്‍. ഹരി, വിവ: പി.എന്‍, കേസരി 29-1-21995).
എല്ലാ ഇന്ത്യക്കാരനും സാംസ്‌കാരികമായി ഹിന്ദുവാണ്. ഇന്ത്യയില്‍ വിദേശ അധിനിവേശാനന്തരം ചിലര്‍ ക്രിസ്ത്യാനികളും ചിലര്‍ മുസ്‌ലിംകളുമായി മാറി എന്നേയുള്ളൂ. ആരാധനകള്‍ വ്യത്യസ്തമാണെങ്കിലും എല്ലാ മത വിഭാഗങ്ങളുടെയും സംസ്‌കാരം ഒന്നാണ്. ഇതാണ് മോഹന്‍ ഭാഗവത് പ്രസ്താവിക്കുന്നത്. ആര്‍.എസ്.എസ് മേധാവിയുടേത് സാംസ്‌കാരിക സമന്വയത്തിന്റെ ഭാഷയാണെന്നും വ്യക്തമായ നയം മാറ്റമാണിതെന്നും ചിലര്‍ വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനത്തെ ശരിവെക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളുണ്ട്.
മുസ്‌ലിംകളും ക്രിസ്ത്യാനികളും ഇന്ത്യാ രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളാണെന്നും വൈദേശിക മതങ്ങള്‍ ഭാരതാംബയുടെ കണ്ണിലെ കരടുകളാണെന്നുമുള്ള ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗുരു ഗോള്‍വാള്‍ക്കറുടെ നിലപാടിനെ ഭാഗവത് തള്ളിപ്പറയുമോ?
ആരാധനകള്‍ വ്യത്യസ്തമാണെങ്കിലും എല്ലാ മത വിഭാഗങ്ങളുടെയും സംസ്‌കാരം ഒന്നാണെന്ന് പ്രഖ്യാപിക്കുന്ന ആര്‍.എസ്.എസ് മേധാവി, ആരാധനകളുടെ കേന്ദ്രമായ മുസ്‌ലിം-ക്രിസ്ത്യന്‍ ദേവാലയങ്ങളെ ആക്രമിക്കുകയും പൊതു സ്ഥലങ്ങളിലെ ആരാധന തടയുകയും ചെയ്യുന്നത് നിര്‍ത്താന്‍ ആഹ്വാനം ചെയ്യുമോ? വ്യത്യസ്ത ആരാധനാ രീതികളെ അനുവദിക്കുമ്പോള്‍ തങ്ങളുടെ വിശ്വാസാരാധനകള്‍ക്ക് വിരുദ്ധമായി ജയ് ശ്രീം വിളിക്കാന്‍ മറ്റു മത വിഭാഗങ്ങളെ നിര്‍ബന്ധിക്കുന്നത് തടയുമോ? പശുക്കളെ മാതാക്കളായി അംഗീകരിക്കുന്നതില്‍ വിശ്വാസപരമായി പ്രയാസമുള്ളവരെ തല്ലിക്കൊല്ലുന്നവരെ തടയുമോ? ഈ രാജ്യത്ത് ജനിച്ചു വളര്‍ന്നവര്‍ എല്ലാവരും 'ഹിന്ദുക്കളും ഇവിടത്തെ പൗരന്മാരുമാണെ'ന്ന് അംഗീകരിക്കുമ്പോള്‍ അവരില്‍ പെട്ട ഒരു പ്രത്യേക മത വിഭാഗത്തിന് പൗരത്വം നിഷേധിക്കുകയും അവര്‍ രാജ്യം വിടേണ്ടവരാണെന്ന് ആക്രോശിക്കുകയും ചെയ്യുന്നവരെ പിന്തിരിപ്പിക്കുമോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ പെടാത്തവര്‍ മ്ലേഛന്മാരാണെന്നും ശൂദ്രന്മാരേക്കാള്‍ താഴെയാണ് അവരുടെ സ്ഥാനമെന്നുമുള്ള വാദം തള്ളിക്കളയുമോ? അഹിന്ദുക്കളെന്ന് വിളിക്കാന്‍ പാടില്ലെന്ന് താങ്കള്‍ പറയുന്ന മത വിഭാഗങ്ങള്‍ക്കെതിരെ സദാ വിദ്വേഷ പ്രസ്താവനകള്‍ ഇറക്കുന്ന സ്വാധി-പ്രാചി, സാക്ഷി മഹാരാജ്, യോഗി തുടങ്ങിയ സംഘ് പരിവാരങ്ങളെ അടക്കി നിര്‍ത്തുമോ?
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 67-70
ടി.കെ ഉബൈദ്‌

ഹദീസ്‌

ശിപാര്‍ശകരായി നോമ്പും ഖുര്‍ആനും
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌