അല്ലാഹുവിന്റെ കൂടെ ജീവിക്കാന്‍ പരിശീലിപ്പിക്കുകയാണ് റമദാന്‍
'വസ്‌വാസുല്‍ ഖന്നാസ്' അഥവാ, പ്രത്യക്ഷപ്പെടുകയും മറയുകയും ചെയ്തുകൊണ്ടിരിക്കുന്ന പിശാചിന്റെ ദുര്‍ബോധനം. ഇങ്ങനെ, വന്നും പോയും കൊണ്ടിരിക്കുന്നവന്‍ എന്ന് പിശാചിനെ അല്ലാഹു വിശേഷിപ്പിക്കാന്‍ കാരണമെന്താണെന്ന് ആലോചിട്ടുണ്ടോ? പിശാച് മനുഷ്യമനസ്സില്‍ എപ്പോഴും പറ്റിപ്പിടിച്ചിരിക്കുകയില്ല. അവന് അത് സാധ്യവുമല്ല. ഒരാളുടെ മനസ്സില്‍ പിശാച് കയറിക്കൂടി തെറ്റ് ചെയ്യാന്‍ ദുര്‍ബോധനം നടത്തും. അവിടെയങ്ങനെ ഒട്ടിയിരിക്കുകയും ചെയ്യും. എന്നാല്‍ ആ മനസ്സില്‍ അല്ലാഹുവിനെ കുറിച്ച ദിക്റ് ഉണ്ടായാല്‍ പിശാച് ഉടനെ അവിടെനിന്ന് ഇറങ്ങി പോകും. അല്ലാഹുവിനെ കുറിച്ചുള്ള ദിക്റ് സജീവമായ മനസ്സില്‍ പിശാചിന് നിലനില്‍ക്കാനേ സാധിക്കുകയില്ല. എന്നാല്‍ അയാളില്‍ ദിക്റ് കുറയുകയും അല്ലാഹുവിനെ സംബന്ധിച്ച അശ്രദ്ധ ഉണ്ടാവുകയും ചെയ്യുമ്പോള്‍ പിശാച് വീണ്ടും ആ മനസ്സിലേക്ക് കയറിവരും. ശേഷം ദുര്‍ബോധനം നടത്തിക്കൊണ്ടിരിക്കും. അങ്ങനെ തെറ്റായ ചിന്തകള്‍ അയാളില്‍ ഉറവയെടുക്കും. അതുകൊണ്ടാണ് വരുകയും പോവുകയും ചെയ്തുകൊണ്ടിരിക്കുന്നവന്‍ എന്ന് അല്ലാഹു പ്രയോഗിച്ചത്. ഇബ്നു അബ്ബാസ് (റ) നല്‍കിയ വിശദീകരണമാണിത്. ഖുര്‍ആനിലെ ഇതുമായി ബന്ധപ്പെട്ട മറ്റ് ആയത്തുകളിലൂടെ സഞ്ചരിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.
ഇനി റമദാനിലേക്ക് വരാം. റമദാനില്‍ വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്തകള്‍ പൊതുവെ ഉണ്ടാകാറില്ല. സത്യവിശ്വാസികള്‍ പാപങ്ങളില്‍ പെട്ടുപോകുന്ന അവസ്ഥയും വളരെ കുറവാണ്. എന്തുകൊണ്ടായിരിക്കാം അത്? അല്ലാഹുവിനെ കുറിച്ച ദിക്റ് മനസ്സില്‍ സജീവമാകാന്‍ സഹായിക്കുന്ന സാഹചര്യം റമദാനില്‍ നിലനില്‍ക്കുന്നു എന്നതാണ് കാരണം. വിശ്വാസികള്‍ ഖുര്‍ആന്‍ ധാരാളമായി പാരായണം ചെയ്യുന്നു. നിര്‍ബന്ധ നമസ്‌കാരങ്ങളില്‍ കൃത്യനിഷ്ഠ പാലിക്കുന്നു. നമസ്‌കാരം ചൈതന്യത്തോടെ നിര്‍വഹിക്കാന്‍ ശ്രമിക്കുന്നു. സുന്നത്ത് നമസ്‌കാരങ്ങള്‍ അധികരിപ്പിക്കുന്നു. തസ്ബീഹും തക്ബീറും തഹ്‌ലീലും വര്‍ധിപ്പിക്കുന്നു. മുപ്പത് നാള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കുന്നു. കരഞ്ഞ്കൊണ്ട് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു. തിരക്കുകള്‍ക്കിടയിലും കൃത്യസമയത്ത് പള്ളിയിലേക്ക് ഓടിവരുന്നു. പള്ളികളില്‍നിന്നും മറ്റും നസീഹത്തുകള്‍ ഇടക്കിടെ കേള്‍ക്കുന്നു. ഒരാളുടെ മനസ്സില്‍ അല്ലാഹുവിനെ കുറിച്ച ദിക്റ് സജീവമാകാന്‍ ഇവ തന്നെ മതി.
ദിക്റ് നിറഞ്ഞ മനസ്സിലേക്ക് പിശാചിന് കയറാന്‍ സാധിക്കില്ലെന്ന് മുകളില്‍ വ്യക്തമാക്കിയല്ലോ. പിശാചിന്റെ സാന്നിധ്യമില്ലാത്ത മനസ്സില്‍ തെറ്റായ വിചാരങ്ങള്‍ ഉറവയെടുക്കുകയില്ല. അതുകൊണ്ടാണ് റമദാന്‍ മാസത്തില്‍ പാപമുക്തമായ ജീവിതം നയിക്കാന്‍ വിശ്വാസിക്ക് സാധിക്കുന്നത്. അഥവാ, ദിക്റിനാല്‍ ജീവിതത്തെ മുഴുവന്‍ ചിട്ടപ്പെടുത്തുമ്പോള്‍ മാത്രമേ ജീവിതം വിശുദ്ധമാവുകയുള്ളൂ. ദിക്റ് കൊണ്ട് ജീവിതത്തെ ചിട്ടപ്പെടുത്താന്‍ പരിശീലിപ്പിക്കുകയാണ് റമദാന്‍.
നമ്മള്‍ അല്ലാഹുവിന്റെ കൂടെ ജീവിക്കാറുണ്ടോ? അല്ലാഹുവിന്റെ കൂടെ ജീവിക്കുക എന്നാല്‍ അല്ലാഹുവിനെ കുറിച്ച ദിക്റില്‍ ജീവിക്കുക എന്നാണ് അര്‍ഥം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, 'ദിക്റുല്ലാഹി'ന്റെ നിര്‍വചനമാണ് അല്ലാഹുവിന്റെ കൂടെ ജീവിക്കുക എന്നത്. നാം അല്ലാഹുവിന്റെ കൂടെ ജീവിച്ചാല്‍ അല്ലാഹുവും നമ്മുടെ കൂടെയുണ്ടാകും. 'നിങ്ങള്‍ എന്നെ ഓര്‍ക്കൂ, ഞാന്‍ നിങ്ങളെയും ഓര്‍ക്കാം' എന്ന് അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ടല്ലോ. 'എന്റെ അടിമ എന്നെ കുറിച്ച് ഓര്‍ത്താല്‍ ഞാന്‍ അവന്റെ കൂടെയുണ്ടാകുമെ'ന്ന് ഖുദ്സിയായ ഹദീസില്‍ അല്ലാഹു വ്യക്തമാക്കുന്നുണ്ട്.
അല്ലാഹുവിന്റെ കൂടെ ജീവിക്കുന്ന മുപ്പത് ദിവസം. അതാണ് റമദാനിന്റെ പ്രത്യേകത. ജീവിതത്തിലെ അനിവാര്യ ഘടകങ്ങള്‍ പോലും അല്ലാഹുവിനെ ഓര്‍ത്ത് ക്രമീകരിക്കുന്ന മുപ്പത് ദിനരാത്രങ്ങള്‍. ഭക്ഷണം, ലൈംഗികത, സമ്പത്ത്, ഉറക്കം തുടങ്ങിയവ മനുഷ്യന് എത്രമേല്‍ അനിവാര്യവും വിലപ്പെട്ടതുമാണെന്ന് വിശദീകരിക്കേണ്ടതില്ല. അല്ലാഹു പറഞ്ഞു എന്നത് കൊണ്ട് മാത്രം നാം അവയില്‍ നിയന്ത്രണങ്ങളും ക്രമീകരണങ്ങളും കൊണ്ടുവരുന്നു. ഒരു ഉദാഹരണം പറയാം. ഉച്ചക്ക് ഭക്ഷണം കഴിക്കാന്‍ നാം ഇഷ്ടപ്പെടുന്നു. പുലര്‍ച്ചെ ഉറക്കത്തില്‍നിന്ന് എഴുന്നേറ്റ് ഭക്ഷണം കഴിക്കാന്‍ പൊതുവെ നമുക്ക് താല്‍പര്യവുമില്ല. എന്നാല്‍ അല്ലാഹു നിര്‍ദേശിച്ചത് കാരണം റമദാനില്‍ പകല്‍ ഭക്ഷണം ഒഴിവാക്കുകയും പുലര്‍ച്ചെ കഴിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ജീവിതത്തിലെ മുഴുവന്‍ കാര്യങ്ങളും അല്ലാഹുവിന്റെ താല്‍പര്യത്തിനൊത്ത് ചിട്ടപ്പെടുത്തുന്നു. അതുവഴി മനസ്സില്‍ സദാസമയവും ദിക്റ് സജീവമാകുന്നു. അഥവാ അല്ലാഹുവിന്റെ കൂടെ നാം ജീവിക്കുന്നു. അങ്ങനെയൊരു ജീവിതം സാധ്യമാണെന്ന് പഠിപ്പിക്കുകയാണ് റമദാന്‍.
ഒരു വ്യക്തി അല്ലാഹുവിന്റെ കൂടെ ജീവിക്കുന്നത് ശീലമാക്കിയാല്‍ രണ്ട് തരം വെല്ലുവിളികളെ അയാള്‍ക്ക് അതിജീവിക്കാന്‍ സാധിക്കും. ഒന്ന്, സ്വന്തം ഇഛ ഉയര്‍ത്തുന്ന വെല്ലുവിളി. താന്‍ റബ്ബിന്റെ ഒപ്പമാണ് സമയം ചെലവഴിക്കുന്നത് എന്നും, റബ്ബ് തന്റെ കൂടെയുണ്ടെന്നും ഒരാള്‍ക്ക് അനുഭവപ്പെടുന്നു എന്ന് കരുതുക. അല്ലാഹു കൂടെയുണ്ടായിരിക്കെ അവന്‍ വെറുക്കുന്ന ഒരു കാര്യം ചെയ്യാന്‍ അയാള്‍ക്ക് എങ്ങനെ സാധിക്കും? ഒരിക്കല്‍ ഇബ്റാഹീമുബ്നു അദ്ഹമിന്റെ അടുക്കല്‍ ഒരാള്‍ വന്നു. അയാള്‍ മനസ്സ് തുറന്നു: ''ശൈഖേ, വിശുദ്ധ ജീവിതം നയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ, എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. തെറ്റുകള്‍ ചെയ്യാന്‍ മനസ്സ് പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. എന്നെ ഉപദേശിച്ചാലും.'' ഇബ്റാഹീമുബ്നു അദ്ഹം പറഞ്ഞു: ''മനസ്സ് പാപം ചെയ്യാന്‍ പ്രേരിപ്പിക്കുമ്പോള്‍ താങ്കള്‍ പാപം ചെയ്തുകൊള്ളുക. എന്നാല്‍ പാപം ചെയ്യുന്നതിന് മുമ്പ് അഞ്ച് നിബന്ധനകള്‍ പാലിക്കണം.'' അതിലൊന്ന് ഇബ്റാഹീമുബ്നു അദ്ഹം പറഞ്ഞതിങ്ങനെ; ''അല്ലാഹു കാണാത്ത ഒരിടത്ത് ഒളിച്ചിരുന്ന് മാത്രമേ പാപം ചെയ്യാവൂ.'' ആഗതന്‍ ആശ്ചര്യത്തോടെ ചോദിച്ചു: ''താങ്കള്‍ എന്താണ് പറയുന്നത്? അല്ലാഹു കാണാത്ത സ്ഥലം എവിടെയുമില്ലല്ലോ.'' അപ്പോള്‍ ഇബ്റാഹീം പറഞ്ഞു: ''അങ്ങനെയാണെങ്കില്‍, അല്ലാഹു നോക്കിക്കൊണ്ടിരിക്കെ അവന്റെ മുമ്പില്‍ വെച്ച് പാപം ചെയ്യാന്‍ നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ?''
മനസ്സില്‍ ദിക്റ് നിറയുമ്പോള്‍, അല്ലാഹു എന്റെ കൂടെയുണ്ടെന്നും സദാസമയം അവന്‍ എന്നെ കാണുന്നുണ്ടെന്നുമുള്ള മാനസികാവസ്ഥ നമ്മില്‍ രൂപപ്പെടും. അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ അനുഭവിച്ച്, അവന്‍ തന്ന കണ്ണ് കൊണ്ട്, അവന്‍ നല്‍കിയ കൈകൊണ്ട്, അവന്‍ സൃഷ്ടിച്ച കാലുകൊണ്ട് അവന് ഇഷ്ടമില്ലാത്ത ഒരു കാര്യം അവന്റെ മുമ്പില്‍ വെച്ച് തന്നെ ചെയ്യാന്‍ ദിക്റിനാല്‍ പ്രകാശിക്കുന്ന മനസ്സ് സമ്മതിക്കുകയില്ല.
ഇബ്റാഹീമുബ്നു അദ്ഹമിന്റെ അടുക്കല്‍ വന്ന വ്യക്തിയുടെ അവസ്ഥ നോക്കൂ. അല്ലാഹു തന്നെ നോക്കുന്നുണ്ട് എന്ന അറിവ് അയാള്‍ക്കുണ്ട്. എന്നിട്ടും അയാള്‍ തെറ്റുകളില്‍ ഏര്‍പ്പെടുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്? കാരണം, അല്ലാഹു എല്ലാം കാണുന്നുണ്ട് എന്ന അറിവ് മാത്രമേ അയാള്‍ക്കുള്ളൂ. ആ അറിവ് ഒരു വൈകാരിക അനുഭവമായി അയാളില്‍ രൂപപ്പെടുന്നില്ല. അങ്ങനെ വൈകാരിക അനുഭവം ഉണ്ടാകണമെങ്കില്‍ മനസ്സില്‍ ദിക്റ് നിറയണം. ഇവിടെയാണ് റമദാനെ നാം അടയാളപ്പെടുത്തേണ്ടത്. ദിക്റിനാല്‍ നാഥനുമായി വൈകാരിക അടുപ്പം സ്ഥാപിച്ച മനുഷ്യരെയാണ് റമദാന്‍ രൂപപ്പെടുത്തുന്നത്. ദിക്റ് കൊണ്ട് നനഞ്ഞ മനസ്സില്‍ നിന്നാണ് തഖ്‌വ പോലും മുളപൊട്ടുന്നത്. നോമ്പിന്റെ ലക്ഷ്യമായി ഖുര്‍ആന്‍ പറഞ്ഞത് തഖ്‌വയാണ്. ആ ലക്ഷ്യത്തിലേക്കുള്ള വഴിയാണ് ദിക്റ്.
ഒന്നാമത്തെ വെല്ലുവിളി ഇഛയാണെങ്കില്‍ രണ്ടാമത്തേത് ദീനിന്റെ ശത്രുക്കളാണ്. അല്ലാഹുവിന്റെ കൂടെ ജീവിക്കുന്നവര്‍ ഒരു പ്രതിസന്ധിക്ക് മുന്നിലും ബേജാറാവില്ല. ദീനിന്റെ ശത്രുക്കള്‍ ഭൗതികമായി എത്രതന്നെ കരുത്തരാണെങ്കിലും തങ്ങള്‍ ഭൗതികമായി എത്ര തന്നെ ദുര്‍ബലരാണെങ്കിലും വിശ്വാസി നിരാശയിലേക്ക് വഴുതി വീഴുകയില്ല. ഒരു വശത്ത് മുസ്‌ലിം സമൂഹം ആ വെല്ലുവിളികളെ അതിജീവിക്കാന്‍ തലപുകഞ്ഞ് ആലോചിക്കുകയും പോരാട്ടം നടത്തുകയും ചെയ്യും. അതോടൊപ്പം തന്നെ, പോരാട്ടത്തിലേര്‍പ്പെടുന്ന വിശ്വാസികളുടെ വ്യക്തിപരമായ മാനസികാവസ്ഥ എന്തായിരിക്കും? ബേജാറ് അവരെ പിടികൂടുകയില്ല. തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് അവര്‍ക്കുണ്ടാവുക. അത് ദിക്റിലൂടെ രൂപപ്പെടുന്ന ആത്മവിശ്വാസമാണ്. ദിക്റ് നിലനില്‍ക്കുന്ന മനസ്സില്‍ അല്ലാഹുവിന്റെ ഗുണവിശേഷങ്ങളെ കുറിച്ച് ആഴത്തിലുള്ള ബോധ്യമുണ്ടാകും. സങ്കീര്‍ണമെന്ന് തോന്നുന്ന ഈ ദുന്‍യാവ് അല്ലാഹുവിനെ സംബന്ധിച്ചേടത്തോളം അവന്റെ വിരല്‍ത്തുമ്പിലെ മണല്‍ത്തരി മാത്രമാണ്. അവന്‍ വിചാരിച്ചാല്‍ എന്തും നടക്കും. അവന്‍ വിചാരിച്ചത് മാത്രമേ നടക്കുകയുള്ളൂ. ആ അല്ലാഹുവിന്റെ കൂടെയാണ് ഞാന്‍ ജീവിക്കുന്നത്. അവന്‍ എന്റെ കൂടെയുമാണ്. പ്രത്യക്ഷത്തില്‍ സാഹചര്യം അങ്ങേയറ്റം പ്രതികൂലവും ഭീകരവുമായിരിക്കാം. പക്ഷേ, അല്ലാഹു എന്തെങ്കിലും ഒന്ന് കണ്ടിട്ടുണ്ടാവും. ആസൂത്രണങ്ങള്‍ നടത്തുകയും പോരാടുകയും ചെയ്യുക എന്നത് മാത്രമാണ് തന്റെ ഉത്തരവാദിത്തം. ബാക്കി കാര്യം അവന്‍ തീരുമാനിച്ചോളും. ഇതായിരിക്കും സത്യവിശ്വാസിയുടെ മാനസികാവസ്ഥ.
അങ്ങനെയൊരു മാനസികാവസ്ഥയിലേക്കെത്തണമെങ്കില്‍ ദിക്റ് സജീവമാക്കുക എന്ന ഒറ്റ മാര്‍ഗമേയുള്ളൂ. ഒരു ഉദാഹരണം പറയാം. നിര്‍ണായകമായൊരു യുദ്ധത്തിന് കളമൊരുങ്ങിയ സന്ദര്‍ഭം. അംഗബലം കൊണ്ടും ആയുധ ശക്തികൊണ്ടും ശത്രു സൈന്യം മുസ്‌ലിംകളെക്കാള്‍ എത്രയോ ഇരട്ടി. ഭൗതികമായ അളവ്കോല്‍ വെച്ച് നോക്കിയാല്‍ മുസ്‌ലിം സംഘം പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയത്തിന് പോലും ഇടമില്ല. ആ സന്ദര്‍ഭത്തില്‍ അല്ലാഹു മുസ്‌ലിംകളോട് പറഞ്ഞു: 'ശത്രു സൈന്യത്തെ നിങ്ങള്‍ മുഖാമുഖം കണ്ടുമുട്ടിയാല്‍ ഉറച്ച് നില്‍ക്കണം. ദിക്റ് അധികരിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയിച്ചേക്കാം.' ശത്രുവിന് മുന്നില്‍ പതറാതിരിക്കാനും നിരാശയില്‍ പെട്ട് യുദ്ധം തുടങ്ങുന്നതിന് മുമ്പേ തോല്‍ക്കാതിരിക്കാനും ശക്തമായി മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജമായി അല്ലാഹു പറഞ്ഞത് ദിക്റ് അധികരിപ്പിക്കുക എന്നതാണ്. ഒടുവില്‍ ഭൗതികമായ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു. മുസ്‌ലിം സംഘം ഐതിഹാസികമായ വിജയം നേടി. ഇപ്പറഞ്ഞത് ബദ്ര്‍ യുദ്ധത്തെ കുറിച്ചാണ്. സൂറത്തുല്‍ അന്‍ഫാല്‍ 45-ാം വചനത്തിലാണ് അല്ലാഹു ഇത് വിശദീകരിക്കുന്നത്. ബദ്ര്‍ നടന്നതും റമദാന്‍ മാസത്തിലാണ്. റമദാന്‍ അതിജീവനത്തിന്റെയും വിജയത്തിന്റെയും ത്രസിപ്പിക്കുന്ന കഥകള്‍ പങ്ക് വെക്കുന്ന മാസം കൂടിയാണ്. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാനമായ മറ്റു പല പോരാട്ടങ്ങളും വിജയങ്ങളും റമദാനില്‍ അരങ്ങേറിയിട്ടുണ്ട്. മക്കാ വിജയം, സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ബൈത്തുല്‍ മഖ്ദിസ് വിമോചനം തുടങ്ങിയവ ഉദാഹരണം.
ഹിന്ദുത്വവംശീയതയുടെ നട്ടുച്ചയിലാണ് നാം ജീവിക്കുന്നത്. മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്താന്‍ വ്യത്യസ്ത പദ്ധതികള്‍ സംഘ് പരിവാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. അതിന് വളമിടുന്ന രൂപത്തില്‍ ഇസ്‌ലാമോ ഫോബിയ സമൂഹത്തിലാകമാനം ആഴത്തില്‍ വേരൂന്നിയ ഘട്ടം. ഈ സവിശേഷ സാഹചര്യത്തിലാണ് വീണ്ടും റമദാന്‍ കടന്ന് വരുന്നത്. ദിക്റിലൂടെ മനസ്സില്‍ ഭക്തിയും ശക്തിയും സംഭരിക്കാന്‍ റമദാനേക്കാള്‍ മികച്ച മറ്റൊരു അവസരമില്ല. റമദാനില്‍ അത് സാധിച്ചില്ലെങ്കില്‍ മറ്റൊരു കാലത്തും അത് കഴിയുകയുമില്ല.
റമദാനിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നാം നമ്മോട് ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. അല്ലാഹുവിന്റെ കൂടെയാണോ ഞാന്‍ ജീവിക്കുന്നത്? ഉത്തരം തൃപ്തികരമല്ലെങ്കില്‍, എനിക്കും എന്റെ നാഥനുമിടയില്‍ എത്രമേല്‍ അകലമുണ്ട് എന്ന് പരിശോധിക്കുക. ആ അകലം സാധ്യമാകുന്നത്ര കുറച്ച് കൊണ്ട് വരിക. ശേഷം റമദാനിലേക്ക് പ്രവേശിക്കുക. റമദാനില്‍ അല്ലാഹുവിന്റെ കരവലയത്തിലേക്ക് ചേര്‍ന്ന് നിന്ന് ജീവിക്കുക. ശവ്വാല്‍ പൊന്നമ്പിളി മാനത്ത് തെളിയുമ്പോള്‍ ഒന്നുകൂടി നാം നമ്മിലേക്ക് തിരിയുക. മുപ്പത് ദിവസങ്ങള്‍ക്കിപ്പുറം എനിക്കും നാഥനും ഇടയില്‍ അകലം തീരെയില്ല എന്ന് നമുക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഈ റമദാന്‍ ധന്യമായി. മുന്നോട്ടുള്ള ജീവിതം വിശുദ്ധമാകും.
Comments