Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

നേവിയിലെ ഹലാല്‍ ഭക്ഷണം

കെ.കെ അബൂബക്കര്‍ /സദ്‌റുദ്ദീന്‍ വാഴക്കാട്

തേവര കോളേജിന് തൊട്ടടുത്തായിരുന്നു നേവല്‍ ബേസ് ക്യാമ്പ്. നേവിയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനു വേണ്ടി അവിടത്തെ ഉദ്യോഗസ്ഥര്‍ ഞങ്ങളുടെ കോളേജ് സന്ദര്‍ശിക്കുകയുണ്ടായി. തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഉള്‍പ്പെടാന്‍ എനിക്കും ഭാഗ്യം ലഭിച്ചു. തുടര്‍ന്ന് ഞങ്ങള്‍ക്ക് ട്രെയ്‌നിംഗ് തന്നു. ഞാനടക്കം അഞ്ച് പേര്‍ അന്ന് ഒരു ബാച്ചായാണ് ട്രെയിനിംഗിന് പോയത്. സപ്ലൈ ആന്റ് സെക്രട്ടറിയേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു എന്റെ നിയമനം. അവിടെ സ്റ്റോര്‍ സെക്ഷനിലെ ഓഫീസ് വര്‍ക്കായിരുന്നു ജോലി. ട്രെയിനിംഗ് കഴിഞ്ഞ് എന്നെ നിയമിച്ചത് പൂനെയിലെ ഡോണാവര നേവല്‍ അക്കാദമിയുടെ എഞ്ചിനീയറിംഗ് കോളേജിലെ സ്റ്റോറിലേക്കാണ്. 1952 മുതല്‍ഒരു വര്‍ഷവും ഒമ്പത് മാസവും ഞാന്‍ അവിടെ ഉണ്ടായിരുന്നു.
കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഡിഫന്‍സിന്റെ വസ്തുവകകളും ഉപകരണങ്ങളുമാണ് സ്റ്റോറിലുണ്ടാവുക. അവയുടെ കൃത്യവും സൂക്ഷ്മവുമായ രേഖകള്‍, പുതിയതും പഴയതുമായ സ്റ്റോക്ക് തുടങ്ങിയവയെല്ലാം കൃത്യമായി രജിസ്റ്ററില്‍ സൂക്ഷിക്കണം. വലിയ ഇന്‍വെന്ററിയായിരിക്കും.
സ്റ്റോര്‍ സെക്ഷന്‍ തന്നെ മൂന്ന് ഭാഗമായിട്ടാണ്. ആദ്യത്തേത് ക്ലോത്തിംഗ്; യൂനിഫോമുകളും മറ്റുമാണ് ഇതില്‍. പിന്നെ നേവല്‍ സ്റ്റോര്‍സ്; അതായത് നേവിക്ക് വേണ്ട എല്ലാ തരത്തിലുമുള്ള സാധനങ്ങള്‍. മൂന്നാമത്തേത് ഭക്ഷ്യ വസ്തുക്കളുടെ വിഭാഗം, വ്യക്തമായി പറഞ്ഞാല്‍ റേഷന്‍. ഇതാണ് നേവിയിലെ സ്റ്റോറിന്റെ ക്രമീകരണം.
നിയമനം നടത്തുന്നത് സപ്ലൈ ആന്‍ഡ് സെക്രട്ടറിയേറ്റിന്റെ ഈ മൂന്ന് ഉപ വിഭാഗങ്ങളില്‍ ഏതെങ്കിലും ഒന്നിലായിരിക്കും. വിക്ക്ച്വലിങ്ങിലായിരുന്നുഎന്റെ പോസ്റ്റിംഗ്.ഞാന്‍ ആറ് മാസമാണ് ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തത്. ഡോണവില്ലയിലായിരുന്നു താമസം. മുംബൈ- പൂനെ റോഡിനോട് അടുത്ത് കിടക്കുന്ന സ്ഥലമാണിത്. മുംബൈയുമായി ചേര്‍ന്നു കിടക്കുന്ന, മഹാരാഷ്ട്രയില്‍ സുഖവാസത്തിന് ഏറ്റവും അനുയോജ്യമായ ഇടം. തീര്‍ത്തും ഹില്‍ ഏരിയയായ ഈ പ്രദേശത്താണ് സമ്പന്നരൊക്കെ താമസിച്ചിരുന്നത്. അവധി ദിവസങ്ങളില്‍ പുറത്ത് പോവുകയും അടുത്തുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയുമൊക്കെ ചെയ്യുമായിരുന്നു.
കുടുംബമായിട്ടും അല്ലാതെയും ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ക്ക് അവിടെ ലഭിക്കുകയുണ്ടായി. 
വിക്ച്വലിങ്ങില്‍ രണ്ട് ഉപ വിഭാഗങ്ങളുണ്ട്. ഡ്രൈ സോഴ്‌സ്, ഫ്രഷ്സോഴ്‌സ് എന്നാണ് ഇവ അറിയപ്പെടുന്നത്. ഗോതമ്പ്, പഞ്ചസാര പോലെയുള്ള ധാന്യങ്ങളും പലചരക്കുമാണ് ഇതില്‍ പെടുക. ഫ്രൂട്ട്‌സ്, വെജിറ്റബിള്‍സ് തുടങ്ങിയവയൊക്കെ ഫ്രഷ് സോഴ്‌സില്‍ പെടും. ഇവക്കൊക്കെയും ഇനിയും ഉപവിഭാഗങ്ങളുണ്ട്. മുഴുവന്‍ ആളുകളുടെയും റേഷന്‍ വകകള്‍ നമ്മള്‍ തന്നെ കണക്കെടുത്ത് നല്‍കണം. മാംസവും ഇതില്‍ ഉള്‍പ്പെടുന്നു. അന്നൊക്കെ മാംസത്തിന് വേണ്ടി നമ്മള്‍ തന്നെയാണ് ആടിനെയും കോഴിയേയും അറുക്കുന്നത്. ഇവിടെ പ്രധാനപ്പെട്ട ഒരു വസ്തുതയുണ്ട്. അറുത്ത മാംസം തന്നെ വേണം എന്ന് നേവിയില്‍ നിര്‍ബന്ധമായിരുന്നു. ഹലാല്‍ മട്ടണ്‍, ഹലാല്‍ ചിക്കന്‍ എന്ന് നേവിയുടെ ഭക്ഷണ മെനുവില്‍ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. ഇതൊക്കെ  ബ്രിട്ടീഷുകാരുടെ കാലം തൊട്ടുള്ള ക്രമീകരണങ്ങളാണ്. ഇപ്പോഴാണ് നമ്മുടെ നാട്ടില്‍ ഹലാല്‍ ഭക്ഷണത്തിലൊക്കെ വര്‍ഗീയത കലര്‍ത്തി തുടങ്ങിയത്.
എന്റെ കുടുംബത്തിലെ പുതിയ തലമുറയിലെ കുട്ടികളോട് നേവിയില്‍ ചേരാന്‍ ആവശ്യമായ ട്രെയ്‌നിംഗ് എടുക്കാന്‍ ഞാന്‍ പറയാറുണ്ട്. കാരണം, രാജ്യ സേവനം മഹത്തരമാണ്. ഒപ്പം വളരെ നന്നായി ആസ്വദിച്ചു ചെയ്യാവുന്ന ജോലിയാണത്. താരതമ്യേന മറ്റു ഡിഫന്‍സുകളെക്കാള്‍ സുരക്ഷിതവുമാണ്. പക്ഷേ, ഇന്ന് നേവിയില്‍ എത്തിപ്പെടാന്‍ വളരെ പ്രയാസമാണ്. പഴയതിനെക്കാള്‍ കടുത്ത തെരഞ്ഞെടുപ്പ് രീതികളാണ് സേന അവലംബിച്ച് പോരുന്നത്.  
ഡോണാവരയില്‍ ഞാന്‍ ഐ.എന്‍.എസ് കൃഷ്ണ എന്ന കപ്പലിലാണ് ജോലി ചെയ്തത്. അക്കാലത്ത് കപ്പലില്‍ യാത്ര ചെയ്ത് ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. പല പല നാടുകളിലെ പലതരം ആളുകളെ അറിയാനായി. അവരുടെ ഭക്ഷണം, പെരുമാറ്റം, മാര്‍ക്കറ്റ് തുടങ്ങി വൈവിധ്യമാര്‍ന്ന അനുഭവങ്ങളാണ് ഓരോ യാത്രയും തന്നത്. 1953-ല്‍, ഇത്തരമൊരു യാത്രക്കിടയില്‍ ഞാന്‍ കൊളംബോയിലായിരിക്കുമ്പോഴാണ്  എന്റെഉപ്പ മരിച്ചത്. എനിക്ക് അവസാനമായി ഉപ്പയെ ഒന്ന് കാണാന്‍ സാധിച്ചില്ല. ഉപ്പ മരിച്ച് മൂന്നാമത്തെ ദിവസമാണ് ഞാന്‍ നാട്ടിലെത്തിയത്. കൊളംബോയില്‍ നിന്നും രാമേശ്വരത്തേക്ക് 'ഫെറി' സര്‍വീസ് ഉണ്ടാകും. തിരുനെല്‍വേലിയില്‍ എത്തിയാല്‍ പിന്നെ ഫ്‌ളൈറ്റ് സര്‍വീസുമുണ്ട്. അങ്ങനെയാണ് അന്ന് നാട്ടിലേക്ക് മടങ്ങിയത്. തൊട്ടടുത്ത വര്‍ഷം, 1954-ല്‍ ഉമ്മയും മരണപ്പെട്ടു. ഉമ്മക്ക് അസുഖം കലശലായ സമയത്ത്, ഞാന്‍ ബോംബെയില്‍ ഒരു ട്രെയിനിംഗിലായിരുന്നു. അവിടെ നിന്നും ട്രെയിനില്‍ തൃശൂരെത്തി. കാറില്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മക്ക് ചെറിയ ബോധമുണ്ടായിരുന്നു. എന്നെ കണ്ട ശേഷമാണ് ഉമ്മ കണ്ണടച്ചത്. ഉമ്മയും ഞാനും തമ്മില്‍ വളരെ അടുത്ത ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അന്ന് ഞാന്‍ വിവാഹം കഴിച്ചിട്ടില്ല. ഉമ്മയില്ലാതെ എങ്ങനെ ജീവിക്കും എന്ന ചിന്തയില്‍ ആകെ തളര്‍ന്നു പോയി. ഏകദേശം ഒരു മാസം കഴിഞ്ഞാണ് തിരിച്ച് ട്രെയിനിംഗിന് ജോയിന്‍ ചെയ്തത്. പിന്നീട് ഒരുപാട് സ്ഥലങ്ങളില്‍ മാറി മാറി ജോലി ചെയ്തിട്ടുണ്ട്. വിദേശത്തോ, സ്വദേശത്തോ ആകട്ടെ, നാടുവിട്ട് ജോലി ചെയ്യുന്നവര്‍ അനുഭവിക്കുന്ന വലിയ ചില പ്രയാസങ്ങളും ഒരിക്കലും നികത്താനാകാത്ത നഷ്ടവുമുണ്ട്. അതിലൊന്നാണ് ഉറ്റവരുടെ മരണം. നമുക്ക് ജന്മം തന്ന മാതാപിതാക്കളെ അവസാന ഘട്ടത്തില്‍ പരിചരിക്കാനോ, മരണവേളയില്‍ അടുത്തിരിക്കാനോ, മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കാനോ കഴിയാതിരുന്നാല്‍ അതൊരു വലിയ വേദനയായി കാലാകാലങ്ങളില്‍ നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും.

യു.കെ യാത്ര
1957 ജനുവരിയില്‍ ഐ.എന്‍.എസ് മൈസൂര്‍ എന്ന കപ്പല്‍ ഇന്ത്യ യു.കെയില്‍ നിന്നും വാങ്ങിയിരുന്നു. അതായിരുന്നു നമ്മുടെ ഫ്‌ളാഗ് ഷിപ്പ്. അത് കമ്മിഷന്‍ ചെയ്യാനുള്ള ടീമില്‍ ഞാനുമുണ്ടായിരുന്നു. ഇതിനായി ഞങ്ങളെ അയച്ചത് ലിവര്‍പൂളിലേക്കാണ്. സ്റ്റോര്‍സ് ട്രെയിനിയായിട്ടായിരുന്നു ഞാന്‍ ടീമില്‍ ഉള്‍പ്പെട്ടത്. ഓരോ പ്രമോഷന്നും ട്രെയിനിംഗും പരീക്ഷയുമുണ്ട്. അത് പാസായാല്‍ മാത്രമേ പ്രമോഷന്‍ ലഭിക്കൂ. ഞാന്‍ ചെയ്യുന്നത് ക്ലെറിക്കല്‍ വര്‍ക്കായിരുന്നത് കൊണ്ട് എന്റെ ട്രെയിനിംഗ് അത്തരത്തിലായിരിക്കുമല്ലോ. എഫ്.എം.ഡി ഒക്കെ എപ്പോഴും അപ്‌ഡേറ്റ് ചെയ്ത് വരും. മൂന്ന് തരത്തിലാണ് സോഴ്‌സ് ഉണ്ടാകുക. പെര്‍മനന്റ് (ഒരിക്കലും കേടുവരാത്ത സാധനങ്ങള്‍), സെമി പെര്‍മനന്റ്, കണ്‍സ്യൂമര്‍. എല്ലാം കൃത്യമായി കണക്കുകളും ബഡ്ജറ്റിനുമനുസരിച്ച് വിതരണം ചെയ്യണം. ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മ ഉള്ളതായിരിക്കണം എന്നത് നിര്‍ബന്ധമാണ്. ഇതിനെ കുറിച്ചൊക്കെ ട്രെയിനിംഗില്‍ വിശദമായി പഠിപ്പിക്കും. ബ്രിട്ടനിലേക്ക് പോകുന്ന സംഘത്തില്‍ ഞങ്ങള്‍ അഞ്ച് പേരുണ്ടായിരുന്നു.
നാട്ടില്‍ ലീവിന് വന്ന സമയത്താണ് ഇതുസംബന്ധിച്ച കത്ത് എനിക്ക് കിട്ടിയത്. അന്ന് കൊച്ചിന്‍ എയര്‍പോര്‍ട്ടുണ്ട്. അവിടെനിന്നും ബോംബെയിലേക്ക് ഫ്‌ളൈറ്റ് കയറി, ശേഷം ദല്‍ഹിയിലെത്തി. അന്ന് കൊച്ചിയില്‍ നിന്ന് ദല്‍ഹിയിലേക്ക് ഡയറക്ട് ഫ്‌ളൈറ്റ് ഇല്ലായിരുന്നു. ദല്‍ഹി എംബസിയില്‍ പോയി വിസ ശരിയാക്കണം. ഞങ്ങള്‍ പോയത് ഗവണ്‍മെന്റിന്റെ എയര്‍ഫോഴ്‌സ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ്. പാലം എയര്‍പോര്‍ട്ടില്‍ നിന്നും ജാംനഗറില്‍ വന്നിറങ്ങി. അവിടെ നിന്നും ബഹറൈനില്‍ ലാന്റ് ചെയ്തു. അന്ന് അവിടെ താമസിച്ചു. പിറ്റേ ദിവസം പത്ത് മണിക്ക് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്തു, സുഊദി അറേബ്യയിലെ ദഹ്‌റാനില്‍ ലാന്റ് ചെയ്തു. പിന്നീട് കയ്‌റോയിലെത്തി. ഈ യാത്രയിലാണ് പിരമിഡുകള്‍ കാണാന്‍ അവസരമുണ്ടായത്. അവിടെ നിന്നും മാള്‍ട്ട, പിന്നെ പാരീസ്. അവിടെ ഒരു ദിവസം താമസിച്ചു. അവിടെ നിന്നും ബ്രിട്ടണ്‍ വളരെ അടുത്താണ്. ഇംഗ്ലീഷ് ചാനല്‍ കടക്കാനുള്ള സമയം രണ്ട് മണിക്കൂര്‍ യാത്രയേയുള്ളൂ. 
ഈജിപ്തില്‍ അന്ന് ജമാല്‍ അബ്ദുന്നാസര്‍ ഭരിക്കുന്ന കാലമാണ്. അന്നത്തെ ഈജിപ്ത് കണ്ടാല്‍ നാം അതിശയിച്ചു പോകും. തീര്‍ത്തും വെസ്റ്റേണ്‍ കള്‍ച്ചറായിരുന്നു അവിടെ വേഷവിധാനത്തിലൊക്കെ പാശ്ചാത്യന്‍ രീതികളായിരുന്നു എങ്ങും. പിന്നീട് ഞാന്‍ അവിടെ പോയപ്പോഴേക്കും അതെല്ലാം മാറിയിരിക്കുന്നു. നമുക്ക് വ്യത്യസ്ത സ്ഥലങ്ങള്‍ കാണിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇങ്ങനെ കൊണ്ടുപോകുന്നത്. ഫ്രാന്‍സിലെ മനോഹരമായ ഒരു കൊട്ടാരവും അന്ന് സന്ദര്‍ശിച്ചിരുന്നു. ദൃശ്യ വിരുന്ന് തന്നെയാണ് ആ കൊട്ടാരത്തിന്റെ അകം. ഫ്രാന്‍സ് എന്ന രാജ്യം തന്നെ മനോഹരമാണ്, ഒരു മഹാ വര്‍ണ പ്രപഞ്ചം. അന്നൊക്കെ യാത്രാ ചെലവ് വളരെ കൂടുതലുള്ള രാജ്യങ്ങളിലാണ് ഫ്രാന്‍സൊക്കെ പെടുന്നത്. ഞങ്ങള്‍ താമസസ്ഥലത്തെത്തിയ ഉടന്‍ തന്നെ ഹൈകമ്മീഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ്. പിന്നീട് അങ്ങോട്ട് ഹൈക്കമ്മീഷനാണ് ഉത്തരവാദിത്ത്വം. ഹൈക്കമ്മീഷന്‍ ഓഫീസിനു മുകളില്‍ അന്ന് ഒരു പട്ടരുടെ ഹോട്ടലുണ്ടായിരുന്നു. അവിടെ നിന്നും ദോശയും ചട്‌നിയുമൊക്കെ കഴിച്ചാണ് ലിവര്‍പൂള്‍ വാസം ആരംഭിച്ചത്.
ലണ്ടന്‍ സിറ്റി ഞങ്ങള്‍ക്ക് അടുത്തായിരുന്നു. അവിടേക്ക് ട്രെയിന്‍ സര്‍വീസ് ഉണ്ടായിരുന്നു. ഇതിനെ ട്രാം എന്നാണ് പറയുക. സാധാരണ ട്രെയിനല്ല അത്. തേംസ് നദിയുടെ അടിയിലൂടെയാണ് നമ്മള്‍ യാത്ര ചെയ്യുന്നത്. യാത്രക്കുള്ള ടിക്കറ്റ് നമ്മള്‍ ബുക് ചെയ്യുകയൊന്നും വേണ്ട. ആവശ്യമായ ഷില്ലിംങ്,/ പെന്‍സ്, ഇട്ടാല്‍ നമുക്ക് ടിക്കറ്റ് കിട്ടുന്ന സംവിധാനം അക്കാലത്ത് തന്നെ അവിടെ ഉണ്ടായിരുന്നു. ഇപ്പോള്‍ നമ്മുടെ നാട്ടിലും ഈ സംവിധാനമൊക്കെ വന്നു. അന്ന് രസകരമായ ഒരു സംഭവമുണ്ടായി. ഞങ്ങള്‍ അഞ്ച്  പേരും ടിക്കറ്റെടുത്തു. ഓട്ടോമാറ്റിക് ഓപ്പണിംഗ് ആന്‍ഡ് ക്ലോസിംംഗാണ് ട്രെയിനിന് ഉണ്ടായിരുന്നത്. ട്രെയിന്‍ വന്നപ്പോള്‍, ഞങ്ങള്‍ മൂന്ന് പേര് കയറി. അപ്പോഴേക്കും ഡോര്‍ ക്ലോസായി. രണ്ടു പേര്‍ പുറത്തായി. അഞ്ച് മിനിറ്റ് കൂടുമ്പോള്‍ ട്രെയിന്‍ വരുമായിരുന്നു. അതുകൊണ്ട് രക്ഷപ്പെട്ടു!
ഒരു കൊല്ലവും മൂന്ന് മാസവുമാണ് ഞാന്‍ ലിവര്‍പൂളിലുണ്ടായിരുന്നത്. എന്റെഒരു വര്‍ഷത്തെ ലിവര്‍പൂള്‍ ജീവിതത്തില്‍ നിന്ന് മനസ്സിലായത് ബ്രിട്ടീഷുകാര്‍ നല്ല മനുഷ്യരും നല്ലപെരുമാറ്റം ഉള്ളവരുമാണെന്നാണ്. ആഴ്ചാവസാനം അവധി ദിവസങ്ങളില്‍ ഞങ്ങള്‍ അവിടെ നിന്നും പരിചയപ്പെട്ട ആളുകളുടെ വീടുകളില്‍ അതിഥികളായി താമസിക്കുമായിരുന്നു. അതാണ് അവിടത്തെ രീതി. എന്നെ അതിഥിയായി സ്വീകരിച്ചത് പ്രായമായ ഒരാളും ഭാര്യയുമായിരുന്നു. അവരുടെ മക്കള്‍ ലണ്ടനിലായിരുന്നു. മക്കള്‍ കൂടെയില്ല എന്ന് സങ്കടപ്പെട്ട്, അവരെ പഴിച്ച് ജീവിക്കുന്നവരല്ല ബ്രിട്ടീഷുകാര്‍. അവര്‍ ജീവിതം ആസ്വദിക്കുകയാണ്, സന്തോഷത്തോടെ. 
അവധി ദിവസങ്ങളില്‍ നഗരത്തില്‍ വിവിധയിടങ്ങളില്‍ പലതരം പരിപാടികള്‍ നടക്കും. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അവര്‍ എനിക്കുള്ള ടിക്കറ്റും കരുതിയിട്ടുണ്ടാകും. നാട്ടിലേക്ക് മടങ്ങുമ്പോള്‍ എനിക്കുള്ള വിവാഹസമ്മാനമായി രാജ്ഞിയുടെ ചിത്രം ഗ്ലാസ് പെയിന്റിങ് ചെയ്തു സമ്മാനിച്ചിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ എനിക്ക് വേണ്ടി അവര്‍ ഒരു ദിവസം ഇന്ത്യന്‍ ഭക്ഷണം തയ്യാറാക്കും. ഇന്ത്യന്‍ ഭക്ഷണമില്ലാത്തപ്പോള്‍ ബ്രഡ്, മില്‍ക്ക്, ബട്ടര്‍, ജാം ഇത്രയും സാധനങ്ങള്‍ കൊണ്ട് മാത്രം നമുക്ക് സുഖമായി ജീവിച്ചു പോകാം. അവരുടെ പ്രധാന ഭക്ഷണം ബീഫാണ്. ബീഫിന് അവിടെ നല്ല വിലയാണ്. അപ്രകാരം നമ്മുടെ നാട്ടിലെചായക്കട പോലെ അവിടെ പബ്ബുകള്‍ ഒരുപാടുണ്ട്. അവിടെ പോകുന്നതൊക്കെ വളരെ സാധാരണമാണ്. അവിടത്തെ ആളുകള്‍ തമ്മില്‍ ജീവിത ശൈലിയില്‍ അന്തരം നന്നായുണ്ട്. വലിയ പണക്കാരുടെ കുടുംബവും, ജോലി ചെയ്തു ജീവിക്കുന്ന സാധാരണക്കാരുടെ കുടുംബങ്ങളും. അത് നമുക്ക് പ്രഥമദൃഷ്ട്യാ തന്നെ മനസ്സിലാകും.
ലിവര്‍പൂളില്‍ അക്കാലത്തും മുസ്‌ലിം കുടുംബങ്ങളുണ്ട്. പാകിസ്താനില്‍ നിന്നും ഇന്ത്യയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണ് അവര്‍. അധികവും പാകിസ്താന്‍ പള്ളികളാണുള്ളത്. രണ്ടു പെരുന്നാള്‍ ഞാന്‍ അവിടെ കൂടിയിട്ടുണ്ട്, ഭക്ഷണവും കഴിച്ചിട്ടുണ്ട്. അബ്ദുല്ല ക്വില്ല്യം മസ്ജിദാണ് ലിവര്‍പൂ
ളിലെ ഏറ്റവും പഴയ പള്ളി. അക്കാലത്തെ എന്റെ അനുഭവത്തില്‍ അവിടെ മുസ്‌ലിംകളോട് വിവേചനമൊന്നും കാണിക്കാറുണ്ടായിരുന്നില്ല. ആകെയുള്ള മതപ്രശ്‌നം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള സഭാതര്‍ക്കമാണ്. ആരാണ് വലിയവന്‍ എന്ന നിലക്കുള്ള വാക്‌പോരുകള്‍ സജീവമായിരുന്നു. എന്റെ അനുഭവത്തില്‍ അവിടത്തെ സാധാരണ ജനങ്ങള്‍ നല്ലവരും വിശാല ഹൃദയരുമായിരുന്നു. നമ്മുടെ നാട്ടില്‍ വന്ന് ക്രൂരത കാണിച്ചതും അടക്കിവാണതും അധികാരി വര്‍ഗവും പട്ടാളവുമല്ലേ! ആ സമീപനം  സാധാരണക്കാരില്‍ കാണണമെന്നില്ലല്ലോ. ബ്രിട്ടീഷുകാരില്‍ പലരും അക്കാലത്തു തന്നെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് എന്റെ ഓര്‍മയിലുണ്ട്. ഇസ്ലാമിനെക്കുറിച്ച് നന്നായി വായിച്ചു പഠിച്ച്, ദീനിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ടാണ് അവരൊക്കെ ഇസ്‌ലാം സ്വീകരിക്കുന്നത് എന്നതാണ് ഒരു പ്രത്യേകത.

ഇന്ത്യയിലേക്ക് മടങ്ങുന്നു
പുതുതായി കമ്മീഷന്‍ ചെയ്ത കപ്പലിലാണ് ഞങ്ങള്‍ ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയത്. അന്നത്തെ പ്രതിരോധ മന്ത്രി വി.കെ കൃഷ്ണമേനോന്‍ ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. അന്ന് നാട്ടിലെത്തിയ ശേഷം ഉടന്‍ തന്നെ വെക്കേഷന്‍ കിട്ടി. അപ്പോഴാണ് എന്റെ വിവാഹം നടന്നത്. കല്യാണംകഴിഞ്ഞ് ഭാര്യയെയും കൊണ്ടാണ് തിരികെ ജോലിക്ക് പോയത്. അന്നത് നാട്ടില്‍ ഒരു അത്ഭുതമായിരുന്നു. നേവിയിലേക്ക് കുടുംബത്തെ കൊണ്ട് പോകുന്നതൊക്കെ അപൂര്‍വമാണ്. കല്യാണം കഴിഞ്ഞ ഉടനെ തന്നെ ബോംബെ കൊളാബയിലേക്കാണ് പോയത്. അതിനുള്ള നടപടി ക്രമങ്ങള്‍ ഞാന്‍ കറസ്‌പോണ്ടന്‍സ് വഴി ചെയ്തു പൂര്‍ത്തിയാക്കിയിരുന്നു. ടിക്കറ്റൊക്കെ ഓഫീസില്‍ നിന്ന് എനിക്ക് അയച്ചു തരികയാണുണ്ടായത്. ടിക്കറ്റ് എന്ന് പറഞ്ഞാല്‍ വാറണ്ട് പോലെയാണ്. ഇത് റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടു ചെന്നാല്‍ നമുക്ക് ടിക്കറ്റ് കിട്ടും. അതാണ് രീതി. ബോംബെയിലേക്ക് പോയപ്പോള്‍ ഞങ്ങള്‍ രണ്ടാളും, കൂടെജോലിക്കായി ഒരു പയ്യനെയും കൂട്ടിയിരുന്നു. ഭാര്യക്ക് അന്ന് 16 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുറച്ചു കാലം ഞങ്ങള്‍ അവിടെ താമസിച്ചു, പ്രസവത്തിന് വേണ്ടിയും മറ്റും നാട്ടില്‍ വരികയുണ്ടായി. 13 വര്‍ഷം ഇന്ത്യന്‍ നാവിക സേനയില്‍ സേവനമനുഷ്ഠിച്ച ശേഷം, 1964 ആഗസ്റ്റിലാണ് ഞാന്‍ സര്‍വീസില്‍ നിന്നും വിരമിച്ചത്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി