Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

യൂറോപ്പിനെ തുറന്നു കാണിച്ച യുദ്ധം

ഫൈസല്‍ ഖാസിം

ഏവരിലും അനുകമ്പ ജനിപ്പിക്കുംവിധം യൂറോപ്പിന്റെ ദൗര്‍ബല്യത്തെയും നിസ്സഹായതയെയും പച്ചയായി തുറന്നു കാട്ടിയ റഷ്യ-യുെക്രയ്ന്‍ യുദ്ധം പോലെ മറ്റൊരു സംഭവമുണ്ടായിട്ടില്ല. യുെക്രയ്‌നിലെ രണ്ട് ഭൂപ്രദേശങ്ങളെ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചപ്പോഴും ഒടുവില്‍ യുെക്രയ്‌നില്‍ തന്നെ അധിനിവേശം നടത്തിയപ്പോഴും ക്ഷണിക്കാത്ത സദ്യക്ക് ചെന്ന അഗതികളെപ്പോലെ തോന്നിച്ചു യൂറോപ്യന്മാര്‍. ഇപ്പോള്‍ മോസ്‌കോയെ തരിമ്പും ബാധിക്കാനിടയില്ലാത്ത, പരിഹാസ്യമെന്ന് തന്നെ പറയാവുന്ന ചില ഉപരോധങ്ങള്‍ മാത്രമാണ് ഇത് വരെയായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലക്ക് തെറ്റിയ റഷ്യന്‍ കരടിക്ക് മൂക്കുകയറിടാന്‍ ഈ യൂറോപ്യന്‍-അമേരിക്കന്‍ ഉപരോധങ്ങളൊന്നും ഉതകില്ലെന്ന് ആ ശിക്ഷ പ്രഖ്യാപിച്ചവര്‍ക്ക് തന്നെ അറിയാം. അതെക്കുറിച്ച് ട്രോളുകളും വന്നുകൊണ്ടിരിക്കുന്നു. ഒന്നിങ്ങനെ: 'യുെക്രയ്ന്‍ അധിനിവേശം നടത്തുന്നതിന് മുമ്പ് കൊറോണ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് ബൈഡന്‍ റഷ്യന്‍ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അനുസരിച്ചില്ലായെങ്കില്‍ കൊക്കകോള കുടിക്കുന്നതില്‍നിന്നും ബര്‍ഗര്‍ തിന്നുന്നതില്‍നിന്നും റഷ്യക്കാരെ വിലക്കേണ്ടി വരും.'
യൂറോപ്പ് അടിമുടി പതറിപ്പോയി എന്നതാണ് സത്യം. ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ക്കെങ്കിലും റഷ്യയെ വിരട്ടാന്‍ പോന്ന ആണവായുധങ്ങള്‍ ഉണ്ടെന്ന കാര്യം പോലും അവര്‍ മറന്ന മട്ടാണ്. എല്ലാം നഷ്ടപ്പെട്ടവരെപ്പോലെ അവര്‍ പകച്ചു നില്‍ക്കുന്നു. സമീപകാല യൂറോപ്യന്‍ ചരിത്രത്തിലൊന്നും ഇങ്ങനെയൊരു നിസ്സഹായാവസ്ഥ കാണാനാവില്ല. അറബ് രാജ്യങ്ങള്‍ ചെയ്യുന്നത് പോലെ 'ശക്തമായി അപലപിച്ച്' അവര്‍ മാറിനിന്നു. ഇന്നത്തെ യൂറോപ്യന്‍ രാഷ്ട്ര നേതൃത്വങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് ഈ യുദ്ധം വെളിവാക്കിത്തരുന്നു. മുസ്സോളിനി, ഹിറ്റ്‌ലര്‍, ചര്‍ച്ചില്‍, ഡിഗോള്‍ പോലെ ഒരു കാലത്ത് ലോകത്തെ വിറപ്പിച്ചവര്‍ ഈ ഭൂഖണ്ഡത്തില്‍നിന്നുള്ളവരായിരുന്നു. ഇന്ന് സ്വയം പ്രതിരോധിക്കാന്‍ പോലും കെല്‍പ്പില്ലാത്ത കിളവനായി അത് മാറിയിരിക്കുന്നു. എന്നിട്ടല്ലേ മറ്റുള്ളവര്‍ക്ക് പ്രതിരോധമൊരുക്കാന്‍!
യൂറോപ്യന്‍ യൂനിയന്‍ കുറെ കടലാസ് കെട്ട് മാത്രമാണെന്നും യുെക്രയ്ന്‍ യുദ്ധം കാണിച്ച് തന്നു; നാറ്റോ എന്നത് ഒരു പ്രോട്ടോകോള്‍ നുണ മാത്രമാണെന്നും. തങ്ങള്‍ക്ക് വേണ്ടുമ്പോള്‍ അമേരിക്ക നാറ്റോയെ ഉപയോഗിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ മറ്റു നാറ്റോ രാജ്യങ്ങള്‍, 'ദൈവമേ, നീയേ തുണ' എന്ന നിലയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇപ്പോള്‍ റഷ്യന്‍ ഭൂതം യൂറോപ്യന്മാരെ ഭീതിപ്പെടുത്തുന്നു; വടക്കന്‍ കൊറിയന്‍ ഭൂതം ജപ്പാനെയും തെക്കന്‍ കൊറിയയെയും ഭയപ്പെടുത്തുന്നത് പോലെ. ഇവിടെയും അമേരിക്കക്ക് താലത്തില്‍ വെച്ചുതന്നത് പോലുള്ള അവസരം കൈവന്നിരിക്കുകയാണ്. അവരത് ഉപയോഗിക്കും. നേരത്തെ തന്നെ ജര്‍മനിപോലുള്ള ഒരു വലിയ യൂറോപ്യന്‍ രാഷ്ട്രത്തോട് പോലും മയമോ മാന്യതയോ ഇല്ലാതെയാണ് അമേരിക്ക പലപ്പോഴും പെരുമാറുക. ചെറിയ യൂറോപ്യന്‍ നാടുകളുടെ കാര്യം എടുക്കാനുമില്ല. ഈ കൊച്ചാക്കല്‍ നയം യൂറോപ്പ് ഏറെ ദുര്‍ബലമാണെന്ന് തെളിയിക്കപ്പെട്ട ഈ യുദ്ധത്തോടെ വര്‍ധിത വീര്യത്തോടെ തുടരും. 
(അല്‍ ജസീറ ചാനലിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ഫൈസല്‍ ഖാസിം).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി