Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

പര്‍ദ സ്ത്രീയെ അടിച്ചമര്‍ത്തുകയല്ല, സുരക്ഷിതയാക്കുകയാണ്‌

സഹ്‌ല അബ്ദുല്‍ ഖാദര്‍, ഒമാന്‍

ഹിജാബ് മുസ്‌ലിം സ്ത്രീയുടെ പ്രത്യക്ഷമായ അടയാളമാണ്. അവളുടെ ഇസ്‌ലാമിനോടുള്ള കൂറ് അത് വ്യക്തമാക്കുന്നു. 'മുസ്‌ലിമി'ല്‍നിന്നും മുസ്‌ലിമയെ അത് വേര്‍തിരിച്ചു കാണിക്കുന്നു. അത് അവളുടെ ഐഡന്റിറ്റിയെ ശക്തമായി അടയാളപ്പെടുത്തുന്നു .
അവളുടെ ഹിജാബ് കേവലം ഒരു ഡ്രസ്സ് കോഡല്ല, അത് വ്യക്തമാക്കുന്നത് അവളുടെ സമര്‍പ്പണം ആരോടാണ് എന്നുള്ളതാണ്. ഹിജാബ് നിശ്ശബ്ദം സംസാരിക്കുന്നത് സമൂഹത്തിന്റെ ഒഴുക്കിനനുസരിച്ച് നീന്തുന്നവളല്ല അവള്‍ എന്നാണ്. ആരാണോ ഹിജാബിടാന്‍ കല്‍പിച്ചത്, ആ ഒരുവന് മാത്രമേ താന്‍ കീഴടങ്ങൂ എന്ന വിപ്ലവ മന്ത്രമാണ് അതിലൂടെ പ്രതിഫലിക്കുന്നത്. 
കേരളത്തില്‍ കഴിഞ്ഞ ദശാബ്ദങ്ങളില്‍ പര്‍ദയുടെ ഉപയോഗം മുസ്‌ലിം സ്ത്രീകളില്‍ വര്‍ധിച്ചതായി കാണാം. കോളനിവല്‍ക്കരണം മൂലം ഒരുകാലത്ത് സ്വന്തം ഐഡന്റിറ്റിയോട് അപകര്‍ഷത അനുഭവപ്പെട്ടിരുന്ന മുസ്‌ലിം സ്ത്രീ, കഴിഞ്ഞ ചില  ദശാബ്ദങ്ങളായി സ്വന്തം ഐഡന്റിറ്റിയില്‍ അഭിമാന ബോധം അനുഭവിക്കുന്നവളാണ്. ഗള്‍ഫില്‍ എത്തപ്പെട്ട കുടുംബങ്ങളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന പ്രധാന കാരണമാണ്. പര്‍ദ എന്ന വസ്ത്രം ധരിക്കുന്നവര്‍ക്ക് അനുഭവപ്പെടുന്ന സൗകര്യവും സുരക്ഷിതത്വ ബോധവും അത് ധരിക്കാത്തവര്‍ക്ക്  മനസ്സിലാവില്ലല്ലോ. വ്യത്യസ്ത ഫാഷനുകളില്‍, വര്‍ണങ്ങളില്‍ ലഭ്യമായതോടെ സ്ത്രീസമൂഹത്തിന്റെ സൗന്ദര്യ ബോധങ്ങളെ കൂടി  തൃപ്തിപ്പെടുത്തുന്ന വസ്ത്രമായി പര്‍ദ മാറി.  എന്നാല്‍ പര്‍ദയും ഹിജാബും ധരിച്ചിട്ടും ഇസ്‌ലാമിക വ്യക്തിത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാന്‍ കഴിയാത്തത് സമുദായം നേരിടുന്ന മറ്റൊരു പ്രശ്നമായി മാറിയിരിക്കുന്നു.
ഏതു വേഷവും മാന്യമായി ധരിച്ചാല്‍ ഇസ്‌ലാമികമാക്കി മാറ്റാവുന്നതാണ്. സ്ത്രീകളുടെ വേഷം അയഞ്ഞതും നിഴലടിക്കാത്തതും ശരീര ഭാഗങ്ങള്‍ വ്യക്തമാക്കാത്തവയുമായിരിക്കണം. ശരീര ഭാഗങ്ങള്‍ എടുത്ത് കാണിക്കുന്ന പര്‍ദ ഒരിക്കലും ഇസ്‌ലാമികമായി കാണാന്‍ കഴിയില്ല. കറുത്ത പര്‍ദക്ക് തീവ്രവാദ പരിവേഷം മീഡിയയാല്‍ നല്‍കപ്പെട്ടിരിക്കുന്നു. ബഹുസ്വര സമൂഹത്തില്‍ മറ്റു വര്‍ണങ്ങളിലുള്ള പര്‍ദയും ഉപയോഗിക്കുന്നതായിരിക്കും ഉത്തമം.
വിദ്യാഭ്യാസ മേഖലയില്‍ കേരളീയ മുസ്‌ലിം സ്ത്രീകള്‍ ഹിജാബ് ധരിച്ചു കൊണ്ടുതന്നെ എത്തപ്പെട്ട മേഖലകള്‍ അനവധിയാണ്. വ്യത്യസ്ത പ്രഫഷണല്‍ മേഖലകള്‍, രാഷ്ട്രീയം, ജനസേവനം എവിടെയും പര്‍ദാ ധാരിണികള്‍ അവഗണിക്കാനാവാത്ത സാന്നിധ്യമായി മാറിയിരിക്കുന്നു. ഇതെല്ലാം രാജ്യത്തിന്റെ ഇസ്‌ലാമികവല്‍ക്കരണത്തിന്റെ അടയാളങ്ങളായി പ്രചരിപ്പിച്ചുകൊണ്ട് ഹിജാബിനോടുള്ള വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുകയാണ്.
ഹിജാബ് സ്ത്രീയെ അടിച്ചമര്‍ത്തുന്നു എന്ന വാദഗതി ഉള്ളവരാണ് ഒരുകൂട്ടം സെക്യുലറിസ്റ്റുകള്‍. അതുകൊണ്ട് അവളെ സ്വതന്ത്രയാക്കാനുള്ള ശ്രമങ്ങളിലാണ് അവരുള്ളത്. ഒരു സ്ത്രീയെ സ്വതന്ത്രയാക്കുന്നത് അവള്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള അവകാശം നഷ്ടപ്പെടുത്തിയാണോ? സ്വന്തം ശരീരം അന്യരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യമാണോ സ്ത്രീ ആര്‍ജിക്കേണ്ടത്? അതോ സുരക്ഷിതത്വം ഉറപ്പുവരുത്തിക്കൊണ്ട് സാമൂഹിക മേഖലകളില്‍ തന്റെ പങ്കാളിത്തം ഉറപ്പാക്കലാണോ? ഈ കാഴ്ചപ്പാട് നിലനിര്‍ത്തുന്നവര്‍ സ്ത്രീ സൗന്ദര്യം ആര്‍ക്കും ആസ്വദിക്കാനുള്ള അവകാശമുണ്ട് എന്ന് കരുതുന്നവരും സ്ത്രീയെന്നത് കേവലം ശരീരമാണ് എന്ന വിലകുറഞ്ഞ സങ്കല്‍പം വെച്ചുപുലര്‍ത്തുന്നവരുമാണ്. അതിനപ്പുറമുള്ള സ്ത്രീ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞാല്‍ ഹിജാബ് സ്ത്രീയെ അടിച്ചമര്‍ത്തുകയല്ല, മറിച്ചു അവളെ സുരക്ഷിതയാക്കുകയും വിശുദ്ധയാക്കുകയും ആണെന്ന സത്യം മനസ്സില്ലാക്കാന്‍ പ്രയാസമുണ്ടാവുകയില്ല.
വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പ്രചാരണങ്ങളില്‍ സെക്യുലര്‍ സമൂഹവും വീണു പോകുന്നു. അതുകൊണ്ടാണ് നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ പലപ്പോഴും നേര്‍ത്തതാവുന്നത്. ഇത്തരം കുപ്രചാരണങ്ങള്‍ തിരുത്താനും സത്യാവസ്ഥ ബോധ്യപ്പെടുത്താനും കൃത്യവും വ്യക്തവുമായ ശ്രമങ്ങള്‍ മുസ്‌ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. ചുറ്റുമുള്ള സമൂഹത്തിന്റെ പ്രതികരണങ്ങള്‍ നമുക്കനുകൂലമാകാത്തതില്‍ ആശങ്കപ്പെടാതെ കാരണങ്ങള്‍ അറിഞ്ഞു, പരിഹാരത്തിനായി പരിശ്രമിക്കാം. 


ടി.കെ സ്മൃതി പുസ്തകവും 
അബ്ദുല്ലാ ഹസനും

എന്‍.കെ അഹ്മദ്

ടി.കെ സ്മൃതി പുസ്തകത്തിന്റെ താളുകളിലൂടെ  കണ്ണോടിച്ച ശേഷമാണ് ഈ കുറിപ്പെഴുതുന്നത്. പണ്ഡിതനും എഴുത്തുകാരനുമായ മര്‍ഹൂം അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ പേര് എവിടെയും പരാമര്‍ശിച്ചു കണ്ടില്ല. ടി.കെയും അബ്ദുല്ലാ ഹസനും പ്രസ്ഥാനപാതയില്‍ ദീര്‍ഘകാല സഹയാത്രികര്‍ മാത്രമായിരുന്നില്ല, അവര്‍ക്കിടയിലുള്ള ബന്ധം ഊഷ്മളമാക്കാന്‍ ഇരുവരും ശ്രമിക്കുക കൂടി ചെയ്തിരുന്നു. മഞ്ചേരി ഭാഗത്ത് എത്തിയാല്‍ അബ്ദുല്ലാ ഹസന്‍ സാഹിബിന്റെ വീട് സന്ദര്‍ശിക്കാതെ ടി.കെ മടങ്ങുമായിരുന്നില്ല. ശാന്തി ഹോസ്പിറ്റലില്‍ ടി.കെ ചികിത്സയിലായിരിക്കുമ്പോഴാണ് അബ്ദുല്ലാ ഹസന്റെ വിയോഗമുണ്ടായത്. ആ സങ്കട വാര്‍ത്ത ടി.കെക്ക് ആഘാതമാവരുതെന്ന് കരുതി ബന്ധുക്കള്‍ ആദ്യം ടി.കെയെ അറിയിച്ചിരുന്നില്ലെങ്കിലും യാദൃഛികമായി വിവരം ടി.കെയുടെ കാതിലുമെത്തി. സങ്കടം സഹിക്കാനാവാതെ ടി.കെ തേങ്ങി തേങ്ങി കരയുന്നത് കണ്ട മകന്‍ ഫാറൂഖ്, ടി.കെയോട് പറഞ്ഞു: ''ബാപ്പ കരയല്ലെ, നമുക്കൊരു കാര്യം ചെയ്യാം. ബാപ്പ അബ്ദുല്ലാ ഹസന്‍ സാഹിബിനു വേണ്ടി ദുആ ചെയ്യണം. ഞാനത് വീഡിയോയില്‍ പകര്‍ത്തി അദ്ദേഹത്തിന്റെ കുടുംബത്തിന് അയച്ചു കൊടുക്കാം. അത് അവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കുമല്ലോ.'' ടികെയുടെ പ്രാര്‍ഥനയുടെ വീഡിയോ പകര്‍പ്പ് ലഭിച്ചതായി മകന്‍ അന്‍വര്‍ സഈദ് ഫേസ്ബുക്കില്‍ കുറിച്ചിട്ടത് ഓര്‍ത്ത് പോകുന്നു. ടി.കെയെയും അബ്ദുല്ലാ ഹസന്‍ സാഹിബിനെയും നമ്മെ എല്ലാവരെയും, അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ. 


ഇസ്‌ലാമിക ചിന്തയെ 
പുഷ്‌കലമാക്കിയ ഐ.പി.എച്ച്

പി.എ.എം അബ്ദുല്‍ ഖാദിര്‍ തിരൂര്‍ക്കാട്

ഐ.പി.എച്ചിനെക്കുറിച്ച് 'അകക്കണ്ണി'ല്‍ എ.ആര്‍ എഴുതിയത് (ലക്കം 3240) വായിച്ചു. ഇന്ന് മുസ്‌ലിംകള്‍ മാത്രമല്ല, ഇതര ജന വിഭാഗങ്ങളും ഐ.പി.എച്ച് സാഹിത്യങ്ങള്‍ താല്‍പര്യപൂര്‍വം വാങ്ങുകയും വായിക്കുകയും ചെയ്യുന്നു. അവ ചെലുത്തിയ സ്വാധീനം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്ന ചില അനുഭവങ്ങള്‍ ഓര്‍മയില്‍ വരുന്നു.
ഏകദേശം 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മുസ്‌ലിം സംഘടനക്കു വേണ്ടി ഫണ്ട് ശേഖരണത്തിനായി തെക്കന്‍ തിരുവിതാം കൂറിലെ കൊല്ലത്ത് പോകാനിടയായി. റമദാന്‍ മാസത്തിലായിരുന്നു സംഭവം. ഒന്നാം ദിവസം പിരിവ് കഴിഞ്ഞ് കൊല്ലത്തെ പ്രശസ്തമായ ഒരു പള്ളിയില്‍ കൂടി. നോമ്പ്തുറക്കു ശേഷം പള്ളി ഇമാം രാത്രി ഉറങ്ങാനും അത്താഴത്തിനുമുള്ള സൗകര്യം അദ്ദേഹത്തിന്റെ താമസസ്ഥലത്ത് ഒരുക്കിത്തന്നു. തറാവീഹും വിത്‌റും കഴിഞ്ഞ ശേഷവും ആരും പിരിഞ്ഞു പോകാതെ പള്ളിയില്‍ താല്‍പര്യപൂര്‍വം ഇരിക്കുന്നത് അത്ഭുതമുളവാക്കി. ഉടന്‍ മൂന്ന് ചെറുപ്പക്കാര്‍ എഴുന്നേറ്റ് നിന്നു. ഒരാള്‍ ഇസ്‌ലാമിന്റെ തത്ത്വങ്ങള്‍ മനോഹരമായി വിവരിക്കുന്ന ഒരു പുസ്തകം വായിക്കാന്‍ തുടങ്ങി. രണ്ടാമത്തയാള്‍ അത്യാവശ്യ വിശദീകരണം നല്‍കുന്നു; മൂന്നാമത്തെ  ആള്‍ സദസ്സില്‍ നിന്ന് ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. സദസ്സ് വളരെ താല്‍പര്യപൂര്‍വം ഈ പരിപാടി ശ്രദ്ധിക്കുന്നതായും കണ്ടു. ചെറുപ്പക്കാരുടെ വായനാ ശൈലിയും അക്ഷരസ്ഫുടതയും പുസ്തകത്തിന്റെ ഗംഭീരമായ ഉള്ളടക്കവും എല്ലാവരെയും ആകര്‍ഷിച്ചു. വായനാ പരിപാടി കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞതോടെ വായിച്ച പുസ്തകത്തിന്റെ പേരറിയാന്‍ ഞാന്‍ ചെറുപ്പക്കാരെ സമീപിച്ചു. രാത്രി അതൊന്നു വായിക്കാന്‍ തരുമോ എന്നവരോട് ചോദിച്ചു. നിഷേധ രൂപത്തിലായിരുന്നു അവരുടെ മറുപടി. കാരണമെന്തെന്ന് അവര്‍ പറഞ്ഞതുമില്ല. അവസാനം നിര്‍ബന്ധത്തിനു വഴങ്ങി പുസ്തകത്തിന്റെ പേര് പറഞ്ഞു തന്നു. ഒരുപാധി മാത്രം. പള്ളിയിലെ ഇമാമിനോടോ മറ്റാരോടെങ്കിലുമോ പുസ്തകത്തിന്റെ പേര് പറയരുത്. ആലപ്പുഴയിലെ ജമാഅത്തെ ഇസ്‌ലാമി ഓഫീസില്‍നിന്ന് നേരത്തെ വായിച്ചിട്ടുള്ള പുസ്തകമായിരുന്നു അത്. കൊല്ലത്തെ പ്രശസ്തമായ ഒരു പള്ളിയിലായിരുന്നു സംഭവം. വായിച്ച പുസ്തകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതായിരുന്നു. അത് പുറത്തറിഞ്ഞാല്‍ പിന്നെ ഉണ്ടാകാന്‍ സാധ്യതയുള്ള കോലാഹലങ്ങളെക്കുറിച്ചോര്‍ത്താണ് ചെറുപ്പക്കാര്‍ ഇങ്ങനെ ഒരു രഹസ്യ നയം സ്വീകരിച്ചത്. ഐ.പി.എച്ച് പ്രസിദ്ധീകരണങ്ങള്‍ക്ക് വിദ്യാസമ്പന്നരില്‍ വളരെയധികം പരിവര്‍ത്തനമുണ്ടാക്കാന്‍ സാധിച്ചതായി അവര്‍ പറയുകയുണ്ടായി.
മാതൃഭൂമിയുടെ ലേഖകനായിരുന്ന അന്തരിച്ച വി.കെ ബാലചന്ദ്രന്‍ പ്രശസ്തമായ ഒരു മുസ്‌ലിം സ്ഥാപനത്തില്‍ വളരെ വലിയൊരു പരിപാടിയില്‍ പങ്കെടുത്ത അനുഭവം ഒരിക്കല്‍ പങ്കുവെക്കുകയുണ്ടായി. സാഹിത്യ രംഗത്തും എഴുത്തുകലയിലും സുന്നികള്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ രംഗത്തിറങ്ങേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയായിരുന്നു മുഖ്യ പ്രഭാഷണങ്ങള്‍ അധികവും. 'ഇന്ന് പുസ്തക രചനയും സാഹിത്യ സൃഷ്ടികളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിക്കാരുടെ കുത്തകയായി മാറിയിരിക്കുന്നത് കാണാതിരുന്നു കൂടാ' എന്ന പരാമര്‍ശവും പ്രസംഗകരില്‍നിന്നുണ്ടായത്രെ. പ്രസാധന രംഗത്ത് ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ച വളരെ വലുതാണെന്ന് മനസ്സിലാക്കാന്‍ സമ്മേളനത്തിലെ പങ്കാളിത്തം സഹായകമായതായി ബാലചന്ദ്രന്‍ അത്ഭുതത്തോടെ പറയുകയുണ്ടായി.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിലെ പൂരമഹോത്സവത്തോടനുബന്ധിച്ച് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്ത് നടത്തിയ ബുക്ക് സ്റ്റാള്‍ പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ക്ഷേത്രോത്സവത്തിന് വന്ന നിരവധി ആളുകള്‍ 11 ദിവസം പ്രവര്‍ത്തിച്ച ബുക്ക് സ്റ്റാള്‍ സന്ദര്‍ശിക്കുകയും പുസ്തകം വാങ്ങുകയും ചെയ്തു. ആനുകാലിക പ്രശ്‌നങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും അവഗാഹമായ പഠനത്തിന് വിധേയമാക്കുകയും ചെയ്യുന്ന തരത്തിലുള്ളതാണ് ഐ.പി.എച്ച് പുസ്തകങ്ങളെന്ന് പലരും അഭിപ്രായപ്പെടുകയും ചെയ്തു.
ഇതിനകം എഴുന്നൂറിനടുത്ത പുസ്തകങ്ങളാണ് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. കാലിക പ്രശ്‌നങ്ങളെ ഇസ്‌ലാമികാധ്യാപനങ്ങളുമായി ബന്ധപ്പെടുത്തി പഠനത്തിനും ഗവേഷണത്തിനുമുതകുന്ന പുസ്തകങ്ങള്‍ ഇനിയും കൈരളി സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ രചനാ രംഗത്തേക്ക് തിരിച്ചുവിടുകയും അതിനാവശ്യമായ പഠന പലിശീലനങ്ങള്‍ നല്‍കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത അടിയന്തരാവശ്യമായി മാറിയിരിക്കുന്നു. പുസ്തക പ്രചാരണത്തിന്റെ പുതിയ രീതികള്‍ അവലംബമാക്കുന്നതില്‍ ഒട്ടും അമാന്തം പാടില്ല. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി