Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

ധ്രുവങ്ങളില്ലാത്ത ലോകക്രമം

ഡോ. റഫീഖ് അബ്ദുസ്സലാം

Pax Britannica (ഈ ലാറ്റിന്‍ പ്രയോഗത്തിന്റെ അര്‍ഥം 'ബ്രിട്ടീഷ് സമാധാനം' എന്നാണ്) എന്ന ബ്രിട്ടന്റെ ലോകക്രമം രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ക്കപ്പെട്ടപ്പോള്‍ അതിന്റെ അവശിഷ്ടങ്ങള്‍ക്ക് മേലാണ് അമേരിക്ക തങ്ങളുടെ പുതിയ ലോകക്രമം പടുത്തുയര്‍ത്തിയത്. അമേരിക്കയുടെ മഹാ സൈനിക ശക്തി ഇതിനവര്‍ക്ക് തുണയായി. രണ്ടാം ലോകയുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ യുറോപ്പിനെ പുനര്‍നിര്‍മിക്കാനുള്ള മാര്‍ഷല്‍ പ്ലാനും അമേരിക്കയുടേതായിരുന്നല്ലോ. യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ തമ്മിലടിയും അമേരിക്കക്ക് അനുഗ്രഹമായി. ഒന്നാം ലോകയുദ്ധസന്ദര്‍ഭത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് വുഡ്‌റോ വില്‍സന്‍ മുന്നോട്ട് വെച്ച പതിനാലിന പരിപാടികളും, പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ ചെലവില്‍ നടന്ന വാഴ്‌സ ഉടമ്പടിയും 1919-ലെ പാരിസ് സമ്മേളനവുമെല്ലാം അമേരിക്കയെ ലോക മേധാവിത്വത്തിലേക്കെത്തിച്ച ചരിത്ര സംഭവങ്ങളാണ്. ഒന്നാം ലോകയുദ്ധം മുതല്‍ യൂറോപ്യനും ഏഷ്യനുമായ രണ്ട് സാമ്രാജ്യത്വ ശക്തികളെ - ആദ്യം റിപ്പബ്ലിക്കും പിന്നെ 'നാസി'യുമായ ജര്‍മനിയെയും ജപ്പാന്‍ സാമ്രാജ്യത്തെയും - അമേരിക്ക മുട്ടുകുത്തിച്ചു; ഏറ്റവുമൊടുവില്‍ സോവിയറ്റ് യൂനിയനെയും.
ശീതയുദ്ധസന്ദര്‍ഭത്തില്‍ ജനാധിപത്യ രാജ്യങ്ങളുടേതെന്ന് തോന്നിക്കുന്ന ഒരു സൈനിക സഖ്യം രൂപപ്പെട്ടു; 'നാറ്റോ' എന്ന പേരില്‍. അമേരിക്കയും യൂറോപ്യന്‍ സഖ്യരാഷ്ട്രങ്ങളുമാണ് അതില്‍ ആദ്യപടിയിലുള്ളത്. ഇതിനെ ആശയപരമായും സൈനികമായും പ്രതിരോധിക്കാന്‍ സോവിയറ്റ് യൂനിയന്റെ നേതൃത്വത്തില്‍ വാഴ്‌സാ സഖ്യവും രൂപപ്പെട്ടു. സാമ്പത്തികമായി ഈ സഖ്യം ദുര്‍ബലമായിരുന്നു. മാത്രമല്ല, ഉപരോധിക്കപ്പെട്ട നിലയില്‍ രൂപം കൊണ്ട വാഴ്‌സാ സഖ്യത്തിന് രാഷ്ട്രാന്തരീയ തലത്തില്‍ കാര്യമായൊന്നും ചെയ്യാനും കഴിഞ്ഞിരുന്നില്ല. ഒറ്റ നോട്ടത്തില്‍ തന്നെ ഒരു കാര്യം വ്യക്തമാവും. എന്തൊക്കെ പ്രതിസന്ധികള്‍ അഭിമുഖീകരിച്ചപ്പോഴും ഈ മത്സരയോട്ടത്തില്‍ എപ്പോഴും ലിബറല്‍ അമേരിക്ക തന്നെയായിരുന്നു മുന്നില്‍. ആയുധ ബലം അതിനൊരു പ്രധാന കാരണമാണ്. അതേസമയം, സാമ്പത്തിക മേഖലയില്‍ വല്ലാതെയൊന്നും മേധാവിത്തം പുലര്‍ത്താന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുമില്ല. അമേരിക്കന്‍ ലിബറല്‍ മോഡല്‍ അതിനകത്ത് തന്നെ കനത്ത വെല്ലുവിളികള്‍ നേരിടുന്നുമുണ്ട്. 2008-ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി ഉദാഹരണം. പ്രതിസന്ധിയുടെ കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയും ചെയ്യുന്നു.
ഹെഗലിന്റെ ഭാഷയില്‍ ചരിത്രത്തിന്റെ കൗശലം എന്ന് പറയാം, സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയോടെ കമ്യൂണിസ്റ്റ് ശത്രുവിനെതിരെ നേടിയ അന്തിമ വിജയം അമേരിക്ക ആഘോഷിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു പതുക്കെപ്പതുക്കെ അവര്‍ക്കെതിരെ തീര്‍ത്തും പുതുമയുള്ള മത്സരമുഖങ്ങള്‍ തുറന്ന് വന്നത്. ശീതയുദ്ധകാലത്തിലേതിനേക്കാള്‍ സങ്കീര്‍ണമായിരുന്നു ഈ മത്സരങ്ങള്‍. സോവിയറ്റ് യൂനിയന്‍ പല രീതിയിലും ലിബറല്‍ പടിഞ്ഞാറിനെ നിയന്ത്രിക്കുകയാണ് ചെയ്തത്. അക്കാലത്ത് സമ്പൂര്‍ണ മാര്‍ക്കറ്റ് ഇക്കണോമിയിലേക്ക് പാശ്ചാത്യ രാഷ്ട്രങ്ങള്‍ പോകാതിരുന്നത് ഇപ്പുറത്ത് സോവിയറ്റ് യൂനിയന്‍ ഉള്ളത് കൊണ്ട് കൂടിയാണ്. കുറെയൊക്കെ സാമൂഹിക ക്ഷേമ പരിപാടികള്‍ ഏറ്റെടുക്കാനും ആരോഗ്യ പരിരക്ഷ നല്‍കാനും പാവങ്ങളെ സംരക്ഷിക്കാനുമൊക്കെ ആ രാഷ്ട്രങ്ങള്‍ക്ക് സംവിധാനമുണ്ടാക്കേണ്ടി വരികയും ചെയ്തു.
അമേരിക്കയില്‍ പില്‍ക്കാലത്ത് അധികാരത്തില്‍ വന്ന നവ യാഥാസ്ഥിതികര്‍ ഇസ്രയേലിന്റെ സമ്മര്‍ദത്താലും പ്രേരണയാലും ചെയ്തു കൂട്ടിയ സ്ട്രാറ്റജിക് അബദ്ധങ്ങള്‍ - അതിനെയവര്‍ പേര് വിളിച്ചത് അമേരിക്കയുടെ പുതിയ നൂറ്റാണ്ട് എന്നായിരുന്നു - അന്താരാഷ്ട്ര തലത്തിലും വിവിധ ഭൂഖണ്ഡങ്ങളിലും നന്നായി പ്രതിഫലിച്ചു. 2001-ലെ അഫ്ഗാന്‍ അധിനിവേശവും 2003-ലെ ഇറാഖ് അധിനിവേശവും അമേരിക്കയുടെ സൈനിക ശക്തിയെ തളര്‍ത്തി. വലിയ സാമ്പത്തിക ഭാരങ്ങളും അവ വരുത്തിവെച്ചു. സ്ട്രാറ്റജിക് തലത്തില്‍ നോക്കിയാല്‍ ഇറാഖോ അഫ്ഗാനോ ഒരു നിലക്കും അമേരിക്കക്ക് സുരക്ഷാ ഭീഷണി ആയിരുന്നില്ല. ഇത്തരം അധിനിവേശങ്ങളോടൊപ്പം മകന്‍ ബുഷിന്റെ കാലത്ത് സുരക്ഷാ സെക്രട്ടറിയായിരുന്ന റംസ് ഫെല്‍ഡിനെപ്പോലുള്ളവരുടെ ഭാഷ സഖ്യരാജ്യങ്ങളെ പ്രകോപിപ്പിക്കുകയും ചെയ്തു. യൂറോപ്പ് രണ്ട് തരമുണ്ട്, പഴയതും പുതിയതും എന്നായിരുന്നു റംസ് ഫെല്‍ഡിന്റെ പ്രസ്താവന. തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തില്‍ ഡെംഗ് സിയാവോ പിംഗിന്റെ നേതൃത്വത്തില്‍ തുറന്നിടല്‍ നയം സ്വീകരിച്ച് വരുന്ന ചൈന സാമ്പത്തികമായും സൈനികമായും ഈ സുവര്‍ണാവസരം മുതലെടുക്കാന്‍ കളത്തിലിറങ്ങി. പുടിന്റെ റഷ്യയാകട്ടെ തങ്ങളെ പഴയ സോവിയറ്റ് പ്രതാപത്തിലേക്കോ അതിനപ്പുറത്തേക്കോ സ്വയം പ്രതിഷ്ഠിക്കാന്‍ കരുനീക്കങ്ങളും തുടങ്ങി.
പാശ്ചാത്യ ലോകം, പ്രത്യേകിച്ച് അമേരിക്ക ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി പരിഷ്‌കൃതമെന്ന് തോന്നിക്കുന്ന ചൈനയുടെ രാഷ്ട്രീയ മേധാവിത്തമാണ്. അതിന് പിന്‍ബലമായി മഹാ സൈനിക ബലവും ശാസ്ത്ര സാങ്കേതികതയുടെ പല വിധ സാധ്യതകളും അവര്‍ക്കൊപ്പമുണ്ട്. മുമ്പെങ്ങുമില്ലാത്ത വിധം ജന ബാഹുല്യവും കൂട്ടിനുണ്ട്. ചൈനയെ എതിരിടല്‍ വളരെ പ്രയാസകരവും സങ്കീര്‍ണവുമാക്കുന്നത് ഇക്കാര്യത്തില്‍ പാശ്ചാത്യര്‍ക്ക് മുമ്പില്‍ അധിക ഓപ്ഷനുകളൊന്നും ഇല്ല എന്നതാണ്. ചൈനയുമായി യുദ്ധത്തിനിറങ്ങുക ഒരു ഉല്ലാസയാത്രയുടെ ലാഘവത്തിലെടുക്കാന്‍ കഴിയില്ല. ആ ഏറ്റുമുട്ടലില്‍ കാര്യങ്ങള്‍ തങ്ങള്‍ വിചാരിച്ച പോലെ ആകുമെന്നതിന് യാതൊരു ഗ്യാരന്റിയുമില്ല; അത് സാമ്പത്തികമായാലും സൈനികമായാലും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അമേരിക്ക ചെയ്ത് പോരുന്നത് പോലെ അന്താരാഷ്ട്ര വേദികള്‍ ഉപയോഗിച്ച് ചൈനയെ ഒതുക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നാല്‍ കൂടുതല്‍ മേഖലകളില്‍ പിടിമുറുക്കാന്‍ ചൈനക്ക് സമയം നീട്ടി നല്‍കല്‍ മാത്രമായിരിക്കും അത്.
പിന്നിട്ട ഏതാനും പതിറ്റാണ്ടുകള്‍ ശ്രദ്ധിച്ചാല്‍ സ്ഥിരതയുള്ള ഒരു കാഴ്ചപ്പാടോട് കൂടിയാണ് ചൈന മുന്നോട്ട് നീങ്ങുന്നതെന്ന് മനസ്സിലാവും. ഓരോ ഘട്ടത്തെയും പഠിച്ച് ശ്രദ്ധയോടെയാണ് ഓരോ ചുവട് വെപ്പും. ഇപ്പോഴത് ചൈനാ കടലിലും തെക്ക് കിഴക്കന്‍ ഏഷ്യയിലും വലിയ സൈനിക സന്നാഹങ്ങള്‍ ഒരുക്കുകയാണ്. ബെല്‍റ്റ് ആന്റ് റോഡ് ഇനിഷിയേറ്റീവ് എന്ന പേരില്‍ വലിയൊരു സാമ്പത്തിക, വ്യാപാര, ലോജിസ്റ്റിക് ശൃംഖല വളര്‍ത്തിക്കൊണ്ട് വരുന്നതിലും അത് നിതാന്ത ജാഗ്രത കാണിക്കുന്നു.
മറുവശത്ത് പുടിന്റെ റഷ്യ ആത്മവിശ്വാസം സ്ഫുരിക്കുന്ന ചുവട് വെപ്പുകളോടെ സോവിയറ്റ് യൂനിയന് നഷ്ടപ്പെട്ട സ്ഥാനങ്ങള്‍ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ്. തങ്ങളുടെ 'ജൈവിക മേഖല' എന്ന് അവകാശപ്പെടുന്ന പ്രദേശങ്ങള്‍ സൈന്യത്തെ അയച്ച് പിടിച്ചെടുക്കും എന്ന ഉറച്ച തീരുമാനത്തിലുമാണ് റഷ്യ. 2014-ല്‍ റഷ്യ ക്രീമിയന്‍ ദ്വീപ് പിടിച്ചെടുത്തത് നാം കണ്ടതാണ്. ഇപ്പോഴിതാ യുക്രെയ്‌നില്‍ അധിനിവേശത്തിന് ഇറങ്ങിയിരിക്കുന്നു. സിറിയയിലും ലിബിയയിലും നേരിട്ട് ഇടപെടുന്നു. മോസ്‌കോ സഹായിക്കുന്ന കാസിഖിസ്താനിലെ പാവ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം റഷ്യന്‍ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണെങ്കിലും അതൊന്നും പുടിനെ അലട്ടുന്നില്ല. ഈ 'പുതിയ' റഷ്യക്ക് സൈനികമായും സാമ്പത്തികമായും മുന്‍ഗാമിയായ സോവിയറ്റ് യൂനിയന്റെ അടുത്തൊന്നും എത്താന്‍ കഴിയില്ലെങ്കിലും, പഴയ സാര്‍ ചക്രവര്‍ത്തിമാരെപ്പോലെ പാശ്ചാത്യ ശക്തികളെ സായുധമായി വെല്ലുവിളിക്കുകയാണ് ആ രാഷ്ട്രം. സാമ്പത്തികമായി നേരിടാനുള്ള ശേഷി അതിന് ഇല്ലെന്ന് തന്നെ പറയണം. കാരണം സാമ്പത്തികമായി ശരാശരി വലുപ്പമുള്ള ഏതൊരു യൂറോപ്യന്‍ രാജ്യത്തിന്റെയും പിറകിലാണ് റഷ്യയുടെ നില്‍പ്പ്.
കഴിഞ്ഞ മൂന്ന് നൂറ്റാണ്ടുകാലമായി പാശ്ചാത്യ ആധുനികത സൈന്യത്തിന്റെയും മൂലധനത്തിന്റെയും സാംസ്‌കാരിക അധിനിവേശത്തിന്റെയും ബലത്തില്‍ ലോക രാഷ്ട്രങ്ങളില്‍  ഇടപെട്ടപ്പോള്‍ ഉണ്ടായ പ്രത്യക്ഷ ഫലങ്ങളിലൊന്ന്, അധികാരം അവര്‍ കുത്തകയാക്കി വെച്ചു എന്നതും ആ അധികാരത്തിന് കേന്ദ്രീകൃത സ്വഭാവമാണ് ഉണ്ടായിരുന്നത് എന്നതുമാണ്. ഈ കുത്തകയും കേന്ദ്രീകൃതത്വവും രാഷ്ട്രീയ, സൈനിക, സാംസ്‌കാരിക മേഖലകളില്‍ വളരെ പ്രകടമായിരുന്നു. മിഷനറി-ജ്ഞാനോദയ ചിന്തകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു തരം പുരോഗമന മുഖമാണ് ഈ കൊളോണിയല്‍ ആധുനികതക്ക് ഉണ്ടായിരുന്നത്. സൈനികാധിപത്യത്തിന്റെ വ്യാപനത്തോടൊപ്പം സാഹസിക വ്യാപാര യാത്രകളും വര്‍ധിച്ചതോടെ അതിനനുസൃതമായി ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ ഒട്ടേറെ പുതിയ കണ്ടുപിടിത്തങ്ങളുണ്ടായി. മുന്നോട്ടുള്ള കുതിപ്പിനും പുതിയൊരു നാഗരികതയുടെ സൃഷ്ടിപ്പിന്നും ജ്ഞാനോദയ ചിന്തകള്‍ കൂടാതെ കഴിയില്ലെന്ന പ്രചാരണവും അവര്‍ നടത്തിക്കൊണ്ടിരുന്നു. ഇതിന്റെയെല്ലാം അകമ്പടിയോടെ കടന്നു വന്ന പാശ്ചാത്യ ആധുനികതക്ക് മുമ്പില്‍ കാര്യമായ ഒരു ചെറുത്തു നില്‍പ്പുമില്ലാതെ ഭൂഖണ്ഡങ്ങള്‍ ഓരോന്നോരോന്നായി കീഴടങ്ങി. അച്ചടി, ടെലഗ്രാഫ്, ഫോണ്‍, അസ്‌ട്രോലാബ് തുടങ്ങിയവയുടെയും പിന്നെ വെടിമരുന്നുകളുടെയും കണ്ടുപിടിത്തവും അതിനെത്തുടര്‍ന്ന് സംജാതമായ വ്യാവസായിക വിപ്ലവവും ഈ യൂറോപ്യന്‍ ശക്തികളും ലോകത്തെ ഇതര ശക്തികളും തമ്മിലുള്ള വ്യത്യാസം ഒരു താരതമ്യം പോലുമില്ലാത്ത വിധം പതിന്മടങ്ങ് വര്‍ധിപ്പിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച പരിശീലനം ലഭിച്ച സൈന്യങ്ങളുമായും, നാഗരികതയെക്കുറിച്ച പുതിയ ആശയങ്ങളുമായാണല്ലോ യൂറോപ്യന്‍ ശക്തികളുടെ പുറപ്പാട്. പരമ്പരാഗത രീതികള്‍ പിന്തുടരുന്ന, കാര്‍ഷിക വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഭരണകൂടങ്ങളെയും സമൂഹങ്ങളെയുമാണ് അവര്‍ക്ക് നേരിടാനുണ്ടായിരുന്നത്. അതുകൊണ്ടാണ് പുതിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പരിശീലനം നല്‍കിയ ഏതാനും ആയിരം മാത്രം വരുന്ന ബ്രിട്ടീഷ് സൈനികര്‍ക്ക് ഇന്ത്യ പോലുള്ള ഒരു മഹാ ഭൂപ്രദേശത്തെ കീഴടക്കാനായത്. ഇത് കാരണം തന്നെയാണ് ഹോളണ്ടിന് ഇന്തോനേഷ്യയെയും ഫ്രാന്‍സിന് ആഫ്രിക്കന്‍ നാടുകളെയും ബെല്‍ജിയത്തിന് കോംഗോയെയും ഇംഗ്ലീഷുകാര്‍ക്ക് വലിയ ഭാഗം ചൈനീസ് ഭൂപ്രദേശത്തെയും അധിനിവേശം ചെയ്യാന്‍ സാധിച്ചത്.
അതായത് ആധുനികത അതിന്റെ ആദ്യഘട്ടത്തില്‍ പ്രത്യേകം ചിലര്‍ക്ക് മാത്രം പ്രവേശനമുള്ള ഒരു അടഞ്ഞ ക്‌ളബ്ബായിരുന്നു. ചുരുക്കം ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മാത്രമായിരുന്നു അതിലെ അംഗങ്ങള്‍. പിന്നെ സാന്ദര്‍ഭികമായി ചില തുറസ്സുകള്‍ ഈ ക്ലബ്ബിനുണ്ടായി. നേരത്തെ യൂറോപ്യന്‍ കോളനികളായിരുന്ന കനഡ, ആസ്‌ത്രേലിയ, ന്യൂസിലന്റ് പോലുള്ള രാജ്യങ്ങളും അതിലേക്ക് വന്നു ചേര്‍ന്നു. ഇവയെല്ലാം ചേര്‍ന്നതിനെയാണ് പിന്നീട് 'പടിഞ്ഞാറ്' എന്ന് പറഞ്ഞിരുന്നത്. ഇങ്ങനെയാണ് പാശ്ചാത്യര്‍  ്/ െപാശ്ചാത്യേതരര്‍ എന്ന ബൈനറി രൂപപ്പെട്ടത്. ഈ പാശ്ചാത്യ കേന്ദ്രീകൃതത്വത്തെ സാധൂകരിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന ഒട്ടേറെ ആഖ്യാനങ്ങള്‍ നമുക്ക് കണ്ടെത്താനാവും. മനസ്സിലാക്കേണ്ട കാര്യം, പടിഞ്ഞാറിന്റെ ഈ കുത്തകയും കേന്ദ്രീകൃതത്വവും ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞിരിക്കുന്നു എന്നതാണ്. ഇനി കേന്ദ്രസ്ഥാനത്ത് നിന്ന് മാറിക്കളയാം എന്ന് പാശ്ചാത്യ രാഷ്ട്രങ്ങള്‍ തീരുമാനമെടുത്തത് കൊണ്ട് സംഭവിച്ചതൊന്നുമല്ല ഇത്. മറിച്ച് പാശ്ചാത്യ ആധുനികത തന്നെ അതിലടങ്ങിയ സവിശേഷ യുക്തി കൊണ്ട് പാശ്ചാത്യ കേന്ദ്രീകൃത കുത്തക ആധിപത്യത്തെ പൊളിക്കുന്ന ഒരു പുതിയ ലോകക്രമം കൊണ്ട് വരികയായിരുന്നു.
ഇതിനര്‍ഥം പാശ്ചാത്യര്‍ പറ്റേ പിന്‍വാങ്ങിപ്പോയി എന്നൊന്നുമല്ല. അവര്‍ ദുര്‍ബലരായി, അവരുടെ കാറ്റു പോയി എന്നും പറയാന്‍ കഴിയില്ല. അവരെ ചെറുക്കാന്‍ കെല്‍പ്പുള്ള പുതിയ ശക്തികള്‍ ഉയര്‍ന്നു വന്നു എന്നതാണ് പ്രധാനം. അപ്പോഴും പാശ്ചാത്യര്‍ സുപ്രധാന ശക്തി തന്നെയാണ്. പക്ഷേ അവര്‍ക്ക് ആധുനികത സമ്മാനിച്ച ശാസ്ത്ര സാങ്കേതിക മികവുകള്‍ മുമ്പത്തെപ്പോലെ കുത്തകയാക്കി വെക്കാന്‍ കഴിയുന്നില്ല. ശാസ്ത്രീയവും സാങ്കേതികവുമായ അറിവുകളും അവയുടെ പുതിയ സംസ്‌കാരവും നാഗരികതയും ലോകമെമ്പാടും പടര്‍ന്നു കൊണ്ടിരിക്കുകയാണ്. പാശ്ചാത്യര്‍ നിര്‍മിക്കുന്നതൊക്കെ മറ്റുള്ളവര്‍ക്കും നിര്‍മിക്കാമെന്ന് വന്നിരിക്കുന്നു. അതിനാല്‍ വന്‍ ശക്തികളായിട്ടില്ലാത്ത, എന്നാല്‍ സാമാന്യം ശക്തിയുള്ള രാഷ്ട്രങ്ങള്‍ക്ക് വരെ സാമ്പത്തികമായും സൈനികമായും പടിഞ്ഞാറിനെ വെല്ലുവിളിക്കാമെന്നായിരിക്കുന്നു. ചൈനയും ഇന്ത്യയും തെക്കന്‍ കൊറിയയും തായ്‌വാനും തുര്‍ക്കിയും മലേഷ്യയും ഇന്തോനേഷ്യയും മാത്രമല്ല, വടക്കന്‍ കൊറിയയും ഇറാനും വരെ ശാക്തികമായും സാമ്പത്തികമായും പടിഞ്ഞാറിന് വെല്ലുവിളി ഉയര്‍ത്തുന്നു.
ബ്രിട്ടീഷ് തത്ത്വചിന്തകന്‍ ജോണ്‍ ഗ്രേ ചൂണ്ടിക്കാട്ടിയത് പോലെ, ഇനി മുതല്‍ ശാസ്ത്ര-സാങ്കേതിക നവീകരണ പ്രകിയ പാശ്ചാത്യരുടെ കുത്തകയല്ല. ഈ നേട്ടങ്ങള്‍ വരുന്നത് ലിബറലിസത്തിന്റെ വഴിയെ ആകണമെന്നുമില്ല. എല്ലാം സുഖസംതൃപ്തമായ ലിബറലിസത്തില്‍ ചെന്നവസാനിക്കും എന്ന ആധുനികതയുടെ വക്താക്കളുടെ ആഖ്യാനങ്ങള്‍ക്കും വലിയ പ്രസക്തിയൊന്നുമില്ല. ഈ ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളൊക്കെ നടക്കുക വ്യത്യസ്ത സാംസ്‌കാരിക, നാഗരിക പരിസരങ്ങളിലായിരിക്കും. ഏറ്റവും നവീനമായ സാങ്കേതിക വിദ്യകള്‍ - പ്രത്യേകിച്ച് സൈനികമായവ - സ്വായത്തമാക്കാനുള്ള രാഷ്ട്രങ്ങളുടെ തിടുക്കം ഇന്ന് നാം കാണുന്നുണ്ട്. ചൈന, വടക്കന്‍ കൊറിയ, പുടിന്റെ റഷ്യ, ഇറാന്‍, ബൈലോറഷ്യ പോലുള്ള രാജ്യങ്ങളുടെ നീക്കങ്ങളില്‍ ഇത് തെളിഞ്ഞ് കാണാം. ഈ രാഷ്ട്രങ്ങളുടെ പ്രയാണം ലിബറലിസത്തിന്റെ പാതയിലൂടെ ആയിരിക്കുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ലല്ലോ.
ഇന്ന് ആഗോള ക്രമത്തില്‍ ഉയര്‍ന്നു വന്നിരിക്കുന്നത് ബഹുമുഖ ശക്തികേന്ദ്രങ്ങളാണ് എന്നാണ് പഞ്ഞു വരുന്നത്. വിവിധ യൂറോപ്യന്‍ ശക്തികള്‍ പരസ്പരം പോരടിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിനെ ഓര്‍മിപ്പിക്കുന്നു ഇത്. ഏതെങ്കിലുമൊരു ശക്തി പൂര്‍ണ മേല്‍ക്കോയ്മ നേടുമെന്ന് പറയാന്‍ കഴിയാത്ത സ്ഥിതി വിശേഷം. അമേരിക്കന്‍ മേധാവിത്വത്തില്‍ നിന്ന് ചൈനീസ്, ഇന്ത്യന്‍, അല്ലെങ്കില്‍ റഷ്യന്‍ മേധാവിത്വത്തിലേക്ക് നീങ്ങുന്നു എന്നും പറയാന്‍ കഴിയില്ല. ആഗോളതലത്തിലോ മേഖലാ തലത്തിലോ മേധാവിത്തം പുലര്‍ത്തുന്ന പലതരം ശക്തികള്‍ ഉയര്‍ന്നു വരികയാണ്. സമാന്തരമായി നീങ്ങുന്ന നിരവധി ക്ഷീരപഥങ്ങള്‍ പോലെ എന്നു പറയാം. ഇതിനെ നമുക്ക് ബഹു ധ്രുവ ലോകം എന്നു പോലും പറയാന്‍ പറ്റില്ല. ശാക്തിക സന്തുലനം വളരെയേറെ ശിഥിലവും സങ്കീര്‍ണവുമായി എന്നേ പറയാന്‍ പറ്റൂ. ധ്രുവങ്ങളില്ലാത്ത ലോകക്രമം എന്ന് വേണമെങ്കില്‍ ഈ സ്ഥിതിയെ വിശേഷിപ്പിക്കാം. അതായത് ആഗോള ശക്തികള്‍ക്ക് മാത്രമല്ല, മേഖലാശക്തികള്‍ക്കും നിരവധി കേന്ദ്രങ്ങളുണ്ട്. ഇതിലേതെങ്കിലുമൊരു ശക്തിക്ക് പൂര്‍ണ മേധാവിത്വമുണ്ട് എന്ന് പറയാന്‍ കഴിയില്ല. 
(araby. com.uk, 2022, ജനുവരി 10. തുനീഷ്യയിലെ അന്നഹ്ദ പാര്‍ട്ടി നേതാവും രാഷ്ട്രീയ നിരീക്ഷകനുമാണ് ലേഖകന്‍).
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി