ഹിജാബ് വെറുമൊരു വസ്ത്രമല്ല; അതൊരു പരിചയാണ്
മുസ്ലിം സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗമായ 'ഹിജാബ് ' വലിച്ചൂരി കത്തിച്ചു കൊണ്ടിരിക്കുകയാണല്ലോ പലരും. അതിന്റെ പിന്നാമ്പുറ അജണ്ടകളെക്കുറിച്ച് പറയാനല്ല ഇവിടെ ശ്രമിക്കന്നത്. സ്ത്രീക്ക് സ്രഷ്ടാവായ ദൈവം നിശ്ചയിച്ച വസ്ത്രധാരണ രീതിയുടെ പ്രസക്തി പറയാനാണ്.
മാനവകുലത്തിന്റെ ഇഹ-പര രക്ഷക്കു വേണ്ടിയാണ് സ്രഷ്ടാവായ ദൈവം പ്രവാചകന്മാരിലൂടെ നിയമ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. മനുഷ്യന്‍ ജീവിതത്തില്‍ പാലിക്കേണ്ട എല്ലാ മര്യാദകളും അതില്‍ പഠിപ്പിക്കുന്നുണ്ട്. അതില്‍ വസ്ത്രധാരണ മര്യാദകളുമുണ്ട്. മനുഷ്യന് ദൈവം നല്‍കിയ ഏത് നിയമങ്ങള്‍ പരിശോധിച്ചാലും അവ മനുഷ്യപ്രകൃതത്തിന്റെ തേട്ടമനുസരിച്ചായിരിക്കും. മാത്രമല്ല, മനുഷ്യന്റെ ഐഹികവും പാരത്രികവുമായ രക്ഷയും സമാധാനവും മുന്‍നിര്‍ത്തിയുമായിരിക്കും.
സകല ചരാചരങ്ങള്‍ക്കും അവയുടെ പ്രകൃതമനുസരിച്ച് ജീവിക്കാനാവശ്യമായ നിയമങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. സ്രഷ്ടാവായ ദൈവം പക്ഷേ, മനുഷ്യനോട് സ്വീകരിച്ചിരിക്കുന്ന രീതി മറ്റു ചരാചരങ്ങളോട് സ്വീകരിച്ചതല്ല. കുളിച്ചാല്‍ വൃത്തിയാവുകയും കുളിച്ചില്ലെങ്കില്‍ വൃത്തികേടാവുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. കുളിക്കാനുള്ള വെള്ളവും കുളിച്ചാല്‍ വൃത്തിയാവും എന്ന ബോധവും ദൈവം നല്‍കുന്നു. ഇതിനപ്പുറം ആരെയും ദൈവം കുളിപ്പിച്ച് വൃത്തിയാക്കുകയില്ല. വേണ്ടവര്‍ക്ക് കുളിച്ച് വൃത്തിയാവാം. അല്ലാത്തവര്‍ക്ക് കുളിക്കാതെ വൃത്തികേടാവാം. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ ദൈവിക നിയമങ്ങളുടെയും പൊതു നിലപാട് ഇങ്ങനെയാണ്.
വസ്ത്രധാരണത്തിന്റെ കാര്യത്തിലും ഇതേ നിലപാടാണുള്ളത്. നഗ്‌നത മറക്കേണ്ടതാണെന്ന ബോധവും വസ്ത്രം നിര്‍മിക്കാനുള്ള മെറ്റീരിയലുകളും ദൈവം നല്‍കിയിരിക്കുന്നു. ഇതിനപ്പുറം ദൈവം ആരെയും വസ്ത്രം ധരിപ്പിച്ച് നഗ്‌നത മറച്ചു കൊടുക്കുകയില്ല. വേണ്ടവര്‍ക്ക് വസ്ത്രം ധരിച്ച് നഗ്‌നത മറയ്ക്കാം, അല്ലാത്തവര്‍ക്ക് വസ്ത്രം ധരിക്കാതെ നഗ്‌നരാവാം.
നഗ്‌നതാ ബോധം മനുഷ്യനെ മറ്റു ചരാചരങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്ന പല ഘടകങ്ങളില്‍ ഒന്നാണ്. വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനമനുസരിച്ച് ഭൂമിയില്‍ മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നെ ഈ ബോധവും മനുഷ്യനിലുണ്ട്. നഗ്‌നത മറക്കാന്‍ വസ്ത്രവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.
ഇസ്‌ലാമിന്റെ അധ്യാപനമനുസരിച്ച് പുരുഷന്‍ ധരിക്കുന്നതിനേക്കാള്‍ വസ്ത്രം ധരിക്കേണ്ടത് സ്ത്രീയാണ്. സ്ത്രീ പുറത്തേക്കിറങ്ങുമ്പോള്‍ മുഖവും മുന്‍ കൈയും ഒഴിച്ചുള്ള ഭാഗങ്ങള്‍ മറയ്ക്കണം. അതിന്റെ ഭാഗമാണ് 'ഹിജാബ്'.
വിശുദ്ധ ഖുര്‍ആനിലൂടെ ദൈവം മുഹമ്മദ് നബിയോട് പറയാന്‍ പറയുന്നു: 'നീ സത്യവിശ്വാസിനികളോട് പറയണം. അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൗന്ദര്യം വെളിപ്പെടുത്തരുത്, സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനു മീതെ താഴ്ത്തിയിടണം.... മറച്ചു വെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധതിരിക്കാനായി കാലുകള്‍ നിലത്തടിച്ചു നടക്കരുത്' (24:31).
മറ്റു സമൂഹങ്ങള്‍ ദൈവികഗ്രന്ഥങ്ങളായി കാണുന്ന വേദങ്ങളിലും ഈ സ്വഭാവത്തില്‍ സ്ത്രീവസ്ത്രധാരണത്തെ സംബന്ധിച്ച് പറഞ്ഞതായി കാണാം. ഋഗ്വേദം 8-ാം മണ്ഡലം 33-ാം സൂക്തത്തില്‍ 19,20-ല്‍ പറയുന്നത്:
'....അല്ലയോ പ്ലായോഗേ, സ്ത്രീയായിത്തീര്‍ന്ന നീ കീഴ്പോട്ട് നോക്കുക. (സ്ത്രീകളുടെ ധര്‍മമാണത്) മേല്‍പ്പോട്ടുനോക്കരുത് (മേല്‍പോട്ടു നോക്കല്‍ സ്ത്രീകള്‍ക്ക് ധര്‍മമല്ല). കാലുകള്‍ കൂട്ടി അണച്ചുവെക്കുക (പുരുഷന്‍ കാലകത്തിവെക്കുന്നു. അതുപോലെയല്ല നീ ചെയ്യേണ്ടത്). പുരുഷന്മാര്‍ നിന്റെ കാല്‍മുട്ടും ഞെരിയാണിയും കാണാതിരിക്കട്ടെ (അമ്മട്ടില്‍ നന്നായി വസ്ത്രധാരണം ചെയ്യുക). നീ ഒരു ബ്രാഹ്മണനായിട്ട്, സ്ത്രീയായി തീര്‍ന്നുവല്ലോ.' (ഋഗ്വേദം ഭാഷാഭാഷ്യം, ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാട്, വടക്കേമഠം ബ്രഹ്മസ്വം, എം.ജി റോഡ് തൃശൂര്‍-1)
ഋഗ്വേദം പത്താം മണ്ഡലം 85-ാം സൂക്തത്തിലെ 35-ാം ശ്ലോകത്തില്‍ പറയുന്നു: 'പൊടിതുടക്കുന്ന (അതുകൊണ്ടു നിറം മാറുന്ന) വസ്ത്രം തലയില്‍ പറ്റിനിന്ന് മൂന്നായി രൂപങ്ങളെ മുറിക്കുന്നു' എന്നതിന്റെ വ്യാഖ്യാനത്തില്‍ ഒ.എം.സി പറയുന്നു: 'വധു വിവാഹക്രിയാരംഭത്തില്‍ ഉടുക്കുന്ന അലക്കിയ വസ്ത്രവും പിന്നീടുടുക്കുന്ന കോടിവസ്ത്രവും തലമൂടുന്ന വസ്ത്രവുമാകാം, മൂന്നായി പറഞ്ഞിരിക്കുന്നത്.' ഇവിടെ ശിരോവസ്ത്രത്തെ സംബന്ധിച്ച് പറഞ്ഞത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത് ഒരു മുസ്ലിം സംസ്‌കാരമായാണല്ലോ പൊതുവില്‍ ധരിക്കുന്നത്. ശിരോവസ്ത്രമടക്കമുള്ള അച്ചടക്കപൂര്‍ണമായ ഒരു വസ്ത്രധാരണ രീതിയെ സംബന്ധിച്ചാണ് വേദങ്ങള്‍ പറയുന്നതെന്ന് വ്യക്തം.
വസ്ത്രധാരണവുമായി ബന്ധപ്പെട്ട് മാത്രം ഇതുപോലെ സമാനമായ അധ്യാപനങ്ങള്‍ വേറെയും കാണാം. സ്ത്രീ പുരുഷവസ്ത്രവും പുരുഷന്‍ സ്ത്രീവസ്ത്രവും ധരിക്കാന്‍ പാടില്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് ഋഗ്വേദം 10:85-30-ല്‍ പറയുന്ന 'വരന്‍ വധുവിന്റെ വസ്ത്രം ധരിക്കാന്‍ (സ്പര്‍ശിക്കാന്‍) പുറപ്പെടുന്നുവെങ്കില്‍ അപ്പോള്‍ പാപരൂപത്തോടു കൂടിയ കൃത്യമായി അവനോടു ചേര്‍ന്ന് അവന്‍ നഷ്ടശ്രീയായി ഭവിക്കുന്നു' എന്ന വിധി.
ഇതു പോലെ അന്യ സ്ത്രീപുരുഷന്മാര്‍ ഇടകലരല്‍, യാത്ര തുടങ്ങി പല കാര്യങ്ങളിലും സമാനമായ അധ്യാപനങ്ങള്‍ കാണാം.
അന്യ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാന്‍ പാടില്ലെന്നാണല്ലോ ഇസ്ലാമിന്റെ വിധി. ഇതുതന്നെയായിരുന്നു പുരാതന ഭാരതത്തിലെ സംസ്‌കാരം എന്നതിനുദാഹരണം:
'സീതാരാമ ലക്ഷ്മണന്മാര്‍ ഭരദ്വജ ഋഷിയുടെ ആശ്രമത്തിലെത്തിയ സമയം. നടപ്പുരീതിയനുസരിച്ച് ഋഷിമാര്‍ ഒരു സംഘമായും അവരുടെ പത്നിമാരും കുട്ടികളും മറ്റൊരു സംഘമായും ഇരിക്കും. ഇന്നത്തെക്കാലത്ത് നാം ചെയ്യുന്നത് പോലെ സ്ത്രീ പുരുഷന്മാര്‍ ഇടകലര്‍ന്നിരിക്കാറില്ല. അവിടെ എത്തിയപ്പോള്‍ ശ്രീരാമനും ലക്ഷ്മണനും ഋഷിമാര്‍ക്കൊപ്പമിരുന്നു. സീത സ്ത്രീകള്‍ക്കൊപ്പവും' (തപോവനം ശ്രീ സത്യസായി സച്ചരിതം, പേജ് 150,151, സത്യസായി പബ്ലിക്കേഷന്‍ സൊസൈറ്റി, ആലുവ). സ്ത്രീ വൃത്തികള്‍ വിവരിക്കുന്നിടത്ത് 'അന്യപുരുഷന്മാരൊത്ത് നഗരം, ഉദ്യാനം ഇവ കാണാന്‍ പോകരുത്' എന്ന വിധി ഹൈന്ദവ വിജ്ഞാനകോശത്തില്‍ കാണാം (പേജ് 1420).
അന്യ പുരുഷന്മാരുടെ കൂടെ സ്ത്രീ ഒറ്റക്ക് യാത്ര ചെയ്യുന്നത് പ്രവാചകന്‍ വിലക്കിയിട്ടുണ്ട് എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാം.
ബൈബിളിലും ഇതുപോലുള്ള അധ്യാപനങ്ങള്‍ കാണാം.
ബൈബിള്‍ പുതിയ നിയമം 1 കൊരിന്ത്യര്‍ 11: 6-ല്‍ പറയുന്നത്, 'സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ ശിരോവസ്ത്രം ഇട്ടുകൊള്ളട്ടെ' എന്നാണ്. കന്യാസ്ത്രീകളുടെ വസ്ത്രധാരണ രീതി ഈ കല്‍പനയുടെ ഭാഗമാണല്ലോ. ബൈബിള്‍ പ്രകാരം എല്ലാ സ്ത്രീകള്‍ക്കും ബാധകമായതാണത്.
ബൈബിളില്‍ ആവര്‍ത്തന പുസ്തകം 22:5-ല്‍ ഇങ്ങനെ കാണാം: 'പുരുഷന്റെ വസ്ത്രം സ്ത്രീയും സ്ത്രീയുടെ വസ്ത്രം പുരുഷനും ധരിക്കരുത്. അങ്ങനെ ചെയ്യുന്നവരൊക്കെയും തന്റെ ദൈവമായ യഹോവക്ക് വെറുപ്പ് ആകുന്നു.'
സ്ത്രീയുടെ വസ്ത്രധാരണമാണല്ലോ വിഷയം. എന്തുകൊണ്ട് പുരുഷന്‍ മറക്കുന്നതിനേക്കാള്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ മറയുമാറ് സ്ത്രീ വസ്ത്രം ധരിക്കണമെന്ന് ദൈവം കല്‍പിച്ചു? ഇത് ചര്‍ച്ച ചെയ്യേണ്ട ചുടുള്ള വിഷയമാണല്ലോ. കാരണം, മുസ്ലിം സ്ത്രീകള്‍ തല മറച്ചാല്‍ പൊതുജനങ്ങള്‍ക്ക് 'ചൂടും പുകയും' ഉണ്ടാവുന്നുണ്ട്. എന്തുകൊണ്ടായിരിക്കും അത്? തിരുവനന്തപുരത്തു വെച്ച് നടന്ന പുസ്തകമേളയില്‍ ഒരു യുക്തിവാദി സുഹൃത്ത് 'ഏറ്റുമുട്ടാന്‍' വന്നപ്പോള്‍ ഉണ്ടായ സംസാരമാണിവിടെ കുറിക്കുന്നത്. ആമുഖം പോലുമില്ലാതെ അദ്ദേഹം 'പര്‍ദ'യിലേക്ക് കടന്നു.
'ഇസ്ലാം സ്ത്രീകളെ അടിമകളെപ്പോലെയല്ലേ കാണുന്നത്? സ്ത്രീയും പുരുഷനും യഥാര്‍ഥത്തില്‍ തുല്യരല്ലേ? എന്തുകൊണ്ട് പുരുഷന്മാര്‍ക്കില്ലാത്ത ഒരു വസ്ത്രരീതി സ്ത്രീകള്‍ക്ക് ഇസ്ലാം വെക്കുന്നു? പര്‍ദ യഥാര്‍ഥത്തില്‍ സ്ത്രീപീഡനമാണ്. ഏത് ചൂടുകാലത്തും അവര്‍ക്കതില്‍നിന്ന് മോചനമില്ല...' ഇങ്ങനെ പോയി അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍.
മറുപടി പറഞ്ഞു തുടങ്ങിയതിങ്ങനെയാണ്: 'സ്ത്രീയും പുരുഷനും തുല്യരല്ല. രണ്ട് പുരുഷന്മാര്‍ തമ്മില്‍ പോലും തുല്യരല്ല. രണ്ട് സ്ത്രീകള്‍ തമ്മിലും തുല്യരല്ല. പുരുഷന്മാരായ നമ്മള്‍ രണ്ടു പേരും തുല്യരാണോ?'
'അല്ല.'
'ലോകത്തെവിടെയെങ്കിലും തുല്യരായ രണ്ടാളുകളെ കാണിച്ചുതരാന്‍ പറ്റുമോ?'
'ഇല്ല.'
'പിന്നെങ്ങനെ സ്ത്രീയും പുരുഷനും തുല്യമാകുന്നത്?'
ചീര്‍പ്പിന്റെ പല്ലുകള്‍ പോലെ സമന്മാരാണ് മനുഷ്യര്‍ എന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അതിനര്‍ഥം എല്ലാ മനുഷ്യരും ഒരേ നീളമുള്ള, ഒരേ വണ്ണമുള്ള, ഒരേ ബുദ്ധിയുള്ള, ഒരേ കഴിവുകളുള്ള, ഒരേ അഭിരുചികളുള്ളവരാണ് എന്നല്ലല്ലോ. മനുഷ്യര്‍ എന്ന നിലക്ക് എല്ലാവര്‍ക്കും തുല്യ നീതി കിട്ടണം എന്നാണല്ലോ അതിന്റെ അര്‍ഥം?'
'അതെ, പുരുഷനു കിട്ടുന്ന അതേ നീതി സ്ത്രീക്കും കിട്ടണം. സ്ത്രീയെ എന്തിന് മൂടി പുതപ്പിക്കണം? എന്തിന് പര്‍ദക്കുള്ളില്‍ തളച്ചിടണം?'
'സ്ത്രീയുടെ വസ്ത്രം പര്‍ദയാവണം എന്നൊന്നും ഇസ്ലാം പഠിപ്പിച്ചിട്ടില്ല. പൊതു സമൂഹത്തിലേക്കിറങ്ങുമ്പോള്‍ മുഖവും മുന്‍കൈയും മറയുന്ന ഏത് വസ്ത്രവുമാവാം.'
'പുരുഷനോ?'
'പുരുഷന്‍ പൊക്കിളിനും കാല്‍മുട്ടിനും മധ്യേയുള്ള ഭാഗം നിര്‍ബന്ധമായും മറയ്ക്കണം.'
'അതെന്തേ, പുരുഷന് കുറച്ചും സ്ത്രീക്ക് കൂടതലും?'
'ഒരു ഉദാഹരണം പറഞ്ഞാല്‍ നിങ്ങള്‍ക്കത് മനസ്സിലാവും. നല്ല ചൂടുള്ള കാലാവസ്ഥ സങ്കല്‍പിക്കുക. നട്ടുച്ച നേരത്ത് നിങ്ങള്‍ ഷര്‍ട്ട് അഴിച്ച്, തുണി മാത്രം ഉടുത്ത് നിങ്ങളുടെ പൂമുഖത്ത് ഫാനിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു. അങ്ങനെ ചെയ്താല്‍ ആരെങ്കിലും എന്തെങ്കിലും എതിര് പറയുമോ?'
'ഇല്ല.'
'എന്നാല്‍, അതേ ചൂടുള്ള കാലാവസ്ഥയില്‍ നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ മാതാവ് അല്ലെങ്കില്‍ സഹോദരി കുപ്പായം അഴിച്ചിട്ട് ഒരു തുണി മാത്രം ഉടുത്ത് പൂമുഖത്തിരുന്നാലോ? താങ്കള്‍ അതിനു സമ്മതിക്കുമോ? അവര്‍ക്ക് അങ്ങനെ ഇരിക്കാന്‍ തോന്നുമോ?'
'അതില്ല.'
'എന്തുകൊണ്ട്? കാരണം, പ്രകൃതിപരമായി ഒരു പുരുഷനാകുന്ന താങ്കളുടെ ശരീരം ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വസ്ത്രം താങ്കളുടെ സ്ത്രീയാകുന്ന ഭാര്യയുടെ അല്ലെങ്കില്‍ മാതാവിന്റെ ശരീരം ആവശ്യപ്പെടുന്നു. ഇതാണ് മനുഷ്യപ്രകൃതിയുടെ തേട്ടം. എന്നാല്‍, ഈ വിഷയത്തിലുള്ള ഒരു വൈരുധ്യം താങ്കളെപ്പോലുള്ളവര്‍ മനസ്സിലാക്കണം.'
'എന്താണത്?'
'ഒരു പുരുഷന്‍ ഫുള്‍ കൈയുള്ള ഷര്‍ട്ടും പാന്റ്സും ധരിച്ച് ടൈയും കെട്ടി, തലയില്‍ ഒരു തൊപ്പിയും വെച്ചാലോ. മുഖവും മുന്‍കൈയും മാത്രമാണല്ലോ പുറത്ത് കാണുക?'
'അതെ.'
'ആ വേഷം പുരുഷ സ്വാതന്ത്ര്യത്തിനെതിരാണെന്ന് ആരും പറയാറില്ലല്ലോ. ആര്‍ക്കും 'ചൂടും പുകയും' ഉണ്ടാവുന്നുമില്ല. കന്യാസ്ത്രീകളുടെ വസ്ത്ര രീതി കാണുമ്പോഴും ഈ 'ചൂടും പുകയും' എന്തുകൊണ്ടുണ്ടാവുന്നില്ല?'
ഉത്തരമില്ലാത്ത ആ ചോദ്യവുമായിട്ടാണദ്ദേഹം പിരിഞ്ഞു പോയത്.
പറഞ്ഞു വന്നതിന്റെ ചുരുക്കം പ്രകൃതിപരമായിത്തന്നെ പുരുഷന്‍ ധരിക്കുന്നതിനേക്കാള്‍ വസ്ത്രം സ്ത്രീ ധരിക്കണം എന്ന കാര്യമാണ്. മാത്രമല്ല, സ്ത്രീയുടെ സുരക്ഷിതത്വവുമായും ഇതിന് ബന്ധമുണ്ട്. സ്ത്രീ സ്വാതന്ത്ര്യവാദികള്‍ ഇതംഗീകരിച്ചാലും ഇല്ലെങ്കിലും വസ്തുത അതാണ്. ആക്രമിക്കപ്പെടുന്നത് മുഴുവന്‍ സ്ത്രീകളാണ് എന്ന യാഥാര്‍ഥ്യം ഇതിനാണ് അടിവരയിടുന്നത്. പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തകള്‍ കാണാറില്ല. സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെടുന്നത്. പുരുഷന്‍മാര്‍ മാത്രമാണ് ഈ വിഷയത്തില്‍ അക്രമികള്‍ എന്ന് പറയാന്‍ കഴിയുമോ? ഒരിക്കലുമില്ല. കാരണം, പെണ്‍കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് സെക്‌സ് റാക്കറ്റുകള്‍ക്ക് കൈമാറുന്ന സ്ത്രീകള്‍ വരെയുണ്ടല്ലോ. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ മരുമകളെ പീഡിപ്പിക്കുന്ന അമ്മായി അമ്മമാരില്ലേ? നൊന്തു പ്രസവിച്ച കുഞ്ഞിനെ പെണ്‍കുഞ്ഞായതിന്റെ പേരില്‍ കൊന്ന് സെപ്റ്റിക് ടാങ്കിലിടുന്ന സ്ത്രീകളും ഉണ്ട്. ഇതിനര്‍ഥം, പുരുഷന്‍മാര്‍ മാത്രമാണ് അക്രമികള്‍ എന്നു പറയാന്‍ പറ്റില്ല എന്നാണ്. പിന്നെന്തു കൊണ്ടാണ് ലൈംഗിക വിഷയത്തില്‍ സ്ത്രീകള്‍ മാത്രം ഇരകളാവുന്നത്? അല്‍പം വിശകലനം ചെയ്യേണ്ട ഒന്നാണിത്.
സ്ത്രീയും പുരഷനും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് തികച്ചും വ്യത്യസ്ത പ്രകൃതിയിലാണ്; ശാരീരികമായും മാനസികമായും. ഈ രണ്ട് വ്യത്യസ്തതയില്‍ പരസ്പരം ചേരാനുള്ള പ്രവണത നിലനില്‍ക്കുന്നുണ്ട്. ആണിന്റെ പ്രവണത പെണ്ണിനോട് ചേരാനും പെണ്ണിന്റെ പ്രവണത ആണിനോട് ചേരാനുമാണ്. അതാണ് ലൈംഗികതയിലേക്ക് നയിക്കുന്നത്.
പ്രസ്തുത പ്രവണതയുടെ തേട്ടം പരസ്പരം പൂര്‍ത്തീകരിക്കാവുന്ന വിധമാണ് സ്ത്രീ-പുരുഷ ശരീരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുരുഷനെ കണ്ടുകൊണ്ട് സ്ത്രീയെയും സ്ത്രീയെ കണ്ടുകൊണ്ട് പുരുഷനെയും സൃഷ്ടിച്ചിരിക്കുന്നു. ദൈവികമായൊരാസൂത്രണത്തിന്റെ മഹാദൃഷ്ടാന്തം കൂടിയാണിതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഇത് മനുഷ്യരില്‍ മാത്രമല്ല, പക്ഷി-മൃഗാദികളിലെല്ലാം കാണാം. പക്ഷി മൃഗാദികളില്‍ പക്ഷെ 'സ്ത്രീ പീഡനം' എന്ന വിപത്തുണ്ടാവുന്നില്ല. അവ ഒരിക്കലും സംഘം ചേര്‍ന്ന് ഇണയെ ബലാത്സംഗം ചെയ്ത് കൊല്ലാറില്ല. കാരണം അവയൊക്കെയും ദൈവനിശ്ചിതമായ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് ജീവിക്കുന്നത്. ഗര്‍ഭിണിയായ ഒരു പശുവുമായി പോലും ഒരു കാള ഇണ ചേരുകയില്ല. പല ജീവികള്‍ക്കും ഇണചേരാന്‍ സീസണ്‍ വരെ നിശ്ചയിച്ചതായി കാണാം. പറഞ്ഞുവന്നത്, ഓരോ ജീവിക്കും ഈ വിഷയത്തില്‍ ദൈവനിശ്ചിതമായ നിയമങ്ങളുണ്ട് എന്ന കാര്യമാണ്. അവ അത് പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്.
മനുഷ്യനും ഇങ്ങനെ ദൈവം നിശ്ചയിച്ച നിയമങ്ങള്‍ പാലിച്ച് ജീവിക്കണം എന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അതുകൊണ്ടാണ്, 'ആകാശങ്ങളിലും ഭൂമിയിലുമുള്ള സകല ചരാചരങ്ങളും ഒന്നുകില്‍ നിര്‍ബന്ധിതമായി അല്ലെങ്കില്‍ സ്വയം ദൈവത്തിന് അനുസരണം സമര്‍പ്പിക്കവെ ഇവര്‍ ഇസ്‌ലാം അല്ലാത്ത മറ്റു വല്ല വ്യവസ്ഥയുമാണോ തേടിപ്പോകുന്നത്'(3:83) എന്ന് ഖുര്‍ആന്‍ ചോദിക്കുന്നത്. ദൈവിക നിയമമനുസരിച്ച് സ്ത്രീ-പുരുഷ ലൈംഗിക ബന്ധം അനുവദനീയമാകുന്നത് വിവാഹത്തിലൂടെയാണ്. വിവാഹ ബാഹ്യ ലൈംഗിക ബന്ധം വ്യഭിചാരമാണ്. വ്യഭിചാരമാണ് ബലാത്സംഗ കൊലകളിലേക്ക് വരെ നയിക്കുന്നത്. അതുകൊണ്ടുതന്നെ വ്യഭിചാരത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ ഇല്ലാതാക്കേണ്ടി വരുന്നു. അപ്പോള്‍ സ്വാഭാവികമായും സ്ത്രീ-പുരുഷ ലൈംഗികതയുടെ പ്രകൃതം പരിഗണിച്ചേ പരിഹാര മാര്‍ഗങ്ങള്‍ നിശ്ചയിക്കാനാവൂ.
പുരുഷ ലൈംഗികതയുടെയും സ്ത്രീ ലൈംഗികതയുടെയും പ്രകൃതം തികച്ചും വ്യത്യസ്തമാണ്. പുരുഷന്റെ ലൈംഗിക വികാരം സ്ത്രീയെ അപേക്ഷിച്ച് ദൃശ്യത്തിലൂടെ ഉദ്ദീപിക്കപ്പെടുമ്പോള്‍ സ്ത്രീയുടേത് സ്പര്‍ശനത്തിലൂടെയാണ് ഉദ്ദീപിക്കപ്പെടുക. അതുകൊണ്ടാണ് പുരുഷനെ 'ദൃശ്യേന്ദ്രിയപ്രധാനി' എന്നും, സ്ത്രീയെ 'സ്പര്‍ശനേന്ദ്രിയപ്രധാനി' എന്നും മനഃശാസ്ത്ര ഭാഷയില്‍ പറയുന്നത്. സ്ത്രീ പുരുഷന്റെ മുമ്പില്‍ അണിഞ്ഞൊരുങ്ങുന്നതിന്റെ രഹസ്യവും ഇതാണ്. എന്നുമാത്രമല്ല, പുരുഷ ലൈംഗികത സ്ത്രീ ലൈംഗികതയെ അപേക്ഷിച്ച് ഉത്സുകവും എളുപ്പം ഉദ്ദീപിക്കപ്പെടുന്നതുമാണ്. സ്ത്രീ-പുരുഷ ലൈംഗികതയുമായി ബന്ധപ്പെട്ട മറ്റൊരു വ്യത്യാസം ശാരീരികമാണ്. സ്ത്രീയെ അപേക്ഷിച്ച് പുരുഷന്‍ ബലവാനാണ്. അതുകൊണ്ടുതന്നെ പുരുഷന് സ്ത്രീയെ കീഴ്‌പ്പെടുത്താന്‍ കഴിയും. ഗോവിന്ദച്ചാമി ഒറ്റക്കൈയനായിട്ടുപോലും സൗമ്യയെ കീഴടക്കി കൊന്നു. മാത്രമല്ല, സ്ത്രീയുടെ അനുവാദമില്ലെങ്കിലും അവളുമായി ലൈംഗിക വേഴ്ച നടത്താന്‍ ഒരു പുരുഷനു കഴിയും. സ്ത്രീക്ക് ഒരു പുരുഷനെ കീഴടക്കാനും കൊല്ലാനും കഴിഞ്ഞെന്ന് വരും; എന്നാല്‍ ഒരായിരം സ്ത്രീകള്‍ ചേര്‍ന്നാലും ലൈംഗികമായി അവനെ കീഴടക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ലൈംഗികമായി ആക്രമിക്കപ്പെടുക സ്ത്രീ മാത്രമായിരിക്കും. അതിനാല്‍, സ്ത്രീയുടെ സുരക്ഷിതത്വത്തിന് സ്ത്രീകള്‍ സംഘടിച്ച് സമരം ചെയ്താലൊന്നും മതിയാവുകയില്ല.
വസ്തുതയെ വസ്തുതയായിത്തന്നെ കണ്ടുകൊണ്ടുവേണം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍. ഇവിടെയാണ് ദൈവിക നിയമങ്ങളുടെ പ്രസക്തി ബോധ്യപ്പെടുക.
നഗ്‌നത ലൈംഗികതയെ ഉദ്ദീപിപ്പിക്കുന്നതും വസ്ത്രം നഗ്‌നതയെ മറയ്ക്കുന്നതുമാണ്. അതിനാല്‍ തന്നെ ഉത്സുകവും എളുപ്പത്തില്‍ ഉദ്ദീപിക്കപ്പെടുന്നതുമായ പുരുഷ ലൈംഗിക വികാരത്തിന് തീ പിടിക്കും വിധം സ്ത്രീകള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ പാടില്ല. മാന്യമായി വസ്ത്രം ധരിക്കണം. ഇത് സ്ത്രീയുടെ തന്നെ സുരക്ഷക്കു വേണ്ടിയുള്ള നിര്‍ദേശമാണ്.
മഴ പെയ്യുമ്പോള്‍ കുട ചൂടുന്നതും തണുപ്പുണ്ടാകുമ്പോള്‍ കമ്പിളി വസ്ത്രം ധരിക്കുന്നതുമെല്ലാം സ്വസുരക്ഷക്കു വേണ്ടിയാണന്ന പോലെ, സ്ത്രീ സമൂഹത്തിലേക്കിറങ്ങുമ്പോള്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നു പറയുന്നത് അവളുടെ സ്വരക്ഷക്കു വേണ്ടി തന്നെയാണ്. കമലാ സുറയ്യ ഇസ്ലാം സ്വികരിക്കുന്നതിനു മുമ്പു തന്നെ മാര്‍ക്കറ്റുകളില്‍ പര്‍ദ ധരിച്ചു പോകുമ്പോള്‍ തനിക്ക് ലഭിക്കുന്ന സുരക്ഷാ ബോധത്തെക്കുറിച്ച് പറയുന്നുണ്ട്. മുസ്‌ലിംകളല്ലാത്ത പ്രശസ്തരായ പല സിനിമാ നടിമാരും പര്‍ദ ധരിച്ച് നടക്കുമ്പോള്‍ അനുഭവപ്പെടുന്ന സുരക്ഷിതത്വത്തെക്കുറിച്ച് പറയുന്നുണ്ട്.
എത്ര ധാര്‍മിക ബോധമുണ്ടെങ്കിലും സാഹചര്യം ചിലപ്പോള്‍ മനുഷ്യനെ വഴി തെറ്റിക്കും. 'ഭണ്ഡാരം തുറന്നുവെച്ചാല്‍ പുണ്യവാളനും കക്കും' എന്ന പഴമൊഴി മനുഷ്യന്റെ ഇപ്പറഞ്ഞ ദൗര്‍ബല്യത്തിനാണ് അടിവരയിടുന്നത്. മേനക തകര്‍ത്താടിയപ്പോള്‍ വിശ്വാമിത്രന്റെ തപസ്സിളകി എന്ന് പുരാണങ്ങളിലുണ്ട്. സുലൈഖ എന്ന സ്ത്രീയുടെ വശീകരണത്തില്‍ വീഴാതെ യുസുഫ് നബിക്ക് രക്ഷപ്പെടാനായത് ദൈവസഹായത്താലായിരുന്നു എന്ന് ഖുര്‍ആനും പറയുന്നുണ്ട്. സ്ത്രീയുടെ അഴിഞ്ഞാട്ടത്തിന് മഹാമുനിയുടെ തപസ്സിനെ വരെ ഇളക്കാമെന്നിരിക്കെ, നമുക്കു ചുറ്റും എത്രയെത്ര മേനകമാരും സുലൈഖമാരുമാണ് അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നത്! സ്ത്രീ നഗ്‌നതാ പ്രദര്‍ശനങ്ങളും ലൈംഗികാഭാസങ്ങളും എല്ലാ മേഖലകളും കൈയടക്കിയിരിക്കുന്നു. പുരുഷ ലൈംഗികതക്ക് പേ ഇളകാന്‍ മാത്രം വിഷലിപ്തമാണ് പരിസരം.
'സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ളതാണ്. മറച്ചു വെക്കാനുള്ളതല്ല' എന്നൊക്കെപ്പറയുന്ന 'മഹാന്മാര്‍' സ്ത്രീ സുരക്ഷയെക്കുറിച്ച് ചിന്തിച്ച് പറയുന്നതല്ല; സ്വന്തം ഇഛയെക്കുറിച്ച് മാത്രം ചിന്തിച്ച് പറയുന്നതാണ്.
എണ്‍പത് കഴിഞ്ഞ മുത്തശ്ശിമാരും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളുമൊക്കെ ആക്രമിക്കപ്പെടുന്നതിന്റെ കാരണം അവര്‍ പര്‍ദ്ദ ധരിക്കാത്തതു കൊണ്ടാണോ എന്ന് ചിലര്‍ ചോദിക്കാറുണ്ട്. അതിന്റെ കാരണം മേല്‍പ്പറഞ്ഞതാണ് എന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. നായ്ക്കള്‍ക്ക് പേ ഇളകിയാല്‍ കണ്ടതെല്ലാം കടിച്ചു കീറിക്കൊണ്ടാണ് അവ പായുക. പേ പിടിച്ച ലൈംഗികതക്ക് എണ്‍പത് കഴിഞ്ഞ മുത്തശ്ശിമാരെയും അമ്മിഞ്ഞമണം മാറാത്ത കുഞ്ഞുങ്ങളെയും തിരിച്ചറിയാനാവില്ല.
'നായ്ക്കള്‍ക്ക് പേ പിടിച്ചാല്‍ കെട്ടിയിടേണ്ടത് മനുഷ്യരെയല്ല, പേ പിടിച്ച നായ്ക്കളെയല്ലേ' എന്ന് മാതൃഭൂമി ദിനപത്രത്തില്‍ എഴുതിയ ഒരു ലേഖനത്തില്‍ ഒരു പ്രമുഖ എഴുത്തുകാരന്‍ മുമ്പ് ചോദിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ശരിയാണ്. പക്ഷേ, പേ പിടിച്ച നായ്ക്കളെ പിടിച്ചു കെട്ടുന്നതുവരെ കുട്ടികളോടും സ്ത്രീകളോടുമൊക്കെ പുറത്തിറങ്ങരുതെന്നും ഇറങ്ങുമ്പോള്‍ ശ്രദ്ധിക്കണമെന്നും പറയുന്നത് തെറ്റാവുകയില്ലെങ്കില്‍, അതാണ് ശരിയെങ്കില്‍ ഈ വിഷയത്തില്‍ ഇസ്‌ലാം മനുഷ്യനോട് പാലിക്കാന്‍ പറഞ്ഞ മര്യാദകളും തെറ്റാവുകയില്ല. മനുഷ്യന്റെ മനസ്ഥിതിയിലും അവന്‍ ജീവിക്കുന്ന വ്യവസ്ഥിതിയിലും ധാര്‍മ്മിക പരിവര്‍ത്തനം ഉണ്ടായെങ്കില്‍ മാത്രമാണ് ഈ പ്രശ്‌നം യഥാര്‍ത്ഥത്തില്‍ പരിഹരിക്കാനാവുക. ഇസ്‌ലാമിന്റെ ഐഹിക ലക്ഷ്യങ്ങളില്‍ ഒന്നിതാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക പ്രബോധനം ആരംഭിച്ച ഘട്ടത്തില്‍ തന്നെ, 'സന്‍ആ മുതല്‍ ഹദര്‍മൗത്ത് വരെ ഒരു സ്ത്രീക്ക് അല്ലാഹുവിനെയും ആടിനെ പിടിക്കുന്ന ചെന്നായയെയുമല്ലാതെ മറ്റാരെയും ഭയപ്പെടാതെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു കാലം വരും' എന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ആരെയും ഭയപ്പെടാതെ ഒരു സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇസ്‌ലാമിന്റെ കുടക്കീഴില്‍ വൈകാതെത്തന്നെ സാധ്യമായി എന്ന ചരിത്ര സത്യം വനിതാ വിമോചനക്കാരും ഹിജാബ് വിരോധികളും മനസ്സിലാക്കിയിരുന്നെങ്കില്‍ എന്നാശിക്കുകയാണ്.
ഇന്നും ഇസ്‌ലാം അതിന്റെ പൂര്‍ണതയില്‍ ഇല്ലെങ്കിലും, മിക്ക മുസ്ലിം രാജ്യങ്ങളിലും സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷിതത്വം ശ്രദ്ധേയമാണ്. ഏത് പാതിരാത്രിയിലും ഒരു സ്ത്രീക്ക് ഒറ്റക്ക് പുറത്തിറങ്ങി നടക്കാവുന്ന അവസ്ഥ ഇസ്‌ലാമിന്റെ സ്വാധീനമുള്ള പല രാജ്യങ്ങളിലുമുണ്ട്. മുസ്‌ലിംകളല്ലാത്ത പല സഹോദരിമാരും അങ്ങനെയുള്ള തങ്ങളുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത് ഈയിടെയാണല്ലോ. ലോകത്ത് നടക്കുന്ന ബലാത്സംഗങ്ങളുടെ കണക്ക് പരിശോധിച്ചാലും അത് മനസ്സിലാവും. ഇന്ന് ലോകത്ത് തന്നെ സ്ത്രീകള്‍ക്ക് ഏറ്റുവും കൂടുതല്‍ സുരക്ഷിതത്വമുള്ള സിറ്റി മദീനയാണെന്ന് യു.കെ ആസ്ഥാനമായ ടൂറിസം കോര്‍പറേറ്റ് കമ്പനി പ്രഖ്യാപിച്ചത് ഈയിടെയാണ് എന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം.
ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണ് എന്ന വാദങ്ങളും അര്‍ഥശൂന്യമാണ്. ഹിജാബ് ധരിച്ച സ്ത്രീകള്‍ ഇല്ലാത്ത ഏത് മേഖലയാണുള്ളത്? സ്‌പോര്‍ട്‌സ് രംഗങ്ങളില്‍ മുതല്‍ ഭരണ രംഗങ്ങളില്‍ വരെ അവരുണ്ട്. ഒരു ഭാഗത്ത് ഹിജാബ് ധരിച്ച സ്ത്രീ ശൂന്യാകാശ യാത്ര വരെ നടത്തുമ്പോഴാണ് മറു ഭാഗത്ത് ഹിജാബ് സ്ത്രീ സ്വാതന്ത്ര്യത്തിനെതിരാണെന്ന പ്രചാരണം. അവര്‍ താലിബാനെപ്പോലുള്ള അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കുകയാണ്. ഏതൊരു കാര്യത്തിലും അപവാദങ്ങളെ സാമാന്യവല്‍ക്കരിക്കുന്നത് അര്‍ഥശൂന്യമാണ്.
ഇസ്‌ലാമിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്ന് കൊണ്ട് യഥാര്‍ഥ സ്ത്രീവിമോചനം സാധ്യമാണ് എന്ന് നിഷ്പക്ഷമായി കാര്യങ്ങളെ നോക്കിക്കാണുന്ന ആര്‍ക്കും മനസ്സിലാവും.
2015 ഏപ്രിലില്‍ 18-ലെ മാതൃഭൂമി ദിനപത്രത്തില്‍ കെ.വി കല 'കത്തുന്ന വേനലില്‍ കറുത്ത പര്‍ദക്കുള്ളില്‍' എന്ന തലക്കെട്ടില്‍ എഴുതിയ ഒരു ലേഖനമുണ്ട്. പര്‍ദ്ദയെ വിമര്‍ശിക്കുന്നുണ്ടെങ്കിലും ചില വസ്തുതകള്‍ പറയാതിരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല. ആ ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: 'അതിനിടയിലും വേഷം പര്‍ദ്ദയാണെങ്കിലും പൊതുപ്രശ്‌നങ്ങളിലും പൊതു ഇടങ്ങളിലും മറ്റു സ്ത്രീകളേക്കാള്‍ ധീരമായും സക്രിയമായും ഇടപെടുന്ന മുസ്‌ലിം സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു എന്നത് പ്രതീക്ഷ പകരുന്നുണ്ട്. അറബ് നാടുകളില്‍ പൂത്ത മുല്ലപ്പൂ വിപ്ലവത്തിന്റെ കരുത്തായി ഇത്തരമൊരു സ്ത്രീ മുന്നേറ്റമുണ്ടായിട്ടുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്ന് പര്‍ദ ധരിച്ച് നൂറുകണക്കിന് സ്ത്രീകള്‍ വീട്ടകങ്ങള്‍ വിട്ട് അരങ്ങിലേക്കെത്തുന്നുണ്ട്. പര്‍ദ അടിച്ചേല്‍പ്പിക്കുന്നവരെ തോല്‍പ്പിക്കാനുള്ള ഫലപ്രദമായ വഴിയും ഇതുതന്നെ. ആവേശകരമായ ഇത്തരം കാഴ്ച്ചകള്‍ ഇനിയുമിനിയുമുണ്ടാവട്ടെ.'
Comments