Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

യുക്രെയ്ന്‍  യുദ്ധക്കുറ്റവാളിയുടെ സാമ്രാജ്യത്വ അതിമോഹങ്ങളുടെ ഇര

ഡോ. താജ് ആലുവ

''നിങ്ങള്‍ അധിനിവേശക്കാരാണ്! നിങ്ങള്‍ ഫാഷിസ്റ്റുകളാണ്! ഈ വിത്തുകള്‍ കൂടി എടുത്തു പോക്കറ്റില്‍ ഇട്ടോളൂ, ഇവിടെ കിടന്നു ചാകുമ്പോള്‍ അതില്‍ നിന്നും ഞങ്ങളുടെ സൂര്യകാന്തികള്‍ മുളച്ചു പൊന്തട്ടെ.''
അധിനിവേശത്തിനെത്തി, കിയെവ് നഗരത്തിലൂടെ റോന്ത് ചുറ്റാനിറങ്ങിയ റഷ്യന്‍ പട്ടാളക്കാരിലൊരാളോട് യുക്രെയ്ന്‍ വനിതയുടെ പ്രതികരണമായിരുന്നു ഇത്. സാമൂഹിക മാധ്യമങ്ങളില്‍ വളരെയധികം വൈറലായി ഈ വീഡിയോ. യുദ്ധമുഖത്തു നിന്ന് ഉയര്‍ന്നുകേട്ട ഏറ്റവും ഉശിരുള്ള പ്രതികരണമായി ഈ വനിതയുടെ വാക്കുകള്‍ ലോകം ഏറ്റെടുക്കുകയായിരുന്നു. ആ വനിതയെ പോലെ യുക്രെയ്‌നിന്റെ ദേശീയ പുഷ്പമായ സൂര്യകാന്തി ഇനിയും മുളച്ചു പൊന്തുന്നത് പ്രതീക്ഷിക്കുകയാണ് ഇപ്പോള്‍ ലോകം മുഴുവനും.
ഏതാനും മണിക്കൂറുകള്‍ കൊണ്ട് തലസ്ഥാനമായ കിയെവ് കീഴടക്കി യുക്രെയ്‌നിനെ വരുതിയില്‍ നിര്‍ത്താന്‍ സാധിക്കുമെന്ന് കരുതിയിരുന്ന റഷ്യ ഇപ്പോള്‍ വിയര്‍ക്കുകയാണ്. ധീരോദാത്തമായ ചെറുത്തുനില്‍പ്പാണ് യുക്രെയ്ന്‍ സൈന്യവും സാധാരണ ജനങ്ങളും പുടിന്റെ സൈന്യത്തിനെതിരെ കാഴ്ചവെക്കുന്നത്. റഷ്യന്‍ പട്ടാളക്കാരോട് തോക്കുകൊണ്ടും പീരങ്കികൊണ്ടും പടവെട്ടുക മാത്രമല്ല, മുഖാമുഖം നിന്ന് കയര്‍ക്കുന്ന അവിടത്തെ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള സാധാരണക്കാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയമാണ്. ഇന്ധനം തീര്‍ന്ന് വഴിയില്‍ കിടന്നുപോയ ടാങ്കിലെ പട്ടാളക്കാരോട് 'നിങ്ങളെ ഞാന്‍ മോസ്‌കോയിലേക്ക് കെട്ടിവലിക്കട്ടെ'യെന്ന് ചോദിക്കുന്ന കാര്‍ യാത്രക്കാരനെ പോലെ, തന്റെ പിതാവിനെയും ബന്ധുക്കളെയുമൊക്കെ യുദ്ധരംഗത്തേക്ക് എടുത്തുചാടാന്‍ പ്രേരിപ്പിച്ച റഷ്യയോടുള്ള പക തെരുവിലെ പട്ടാളക്കാരനോട് പ്രകടിപ്പിക്കുന്ന ബാലികയുമൊക്കെ ഇതിന്റെ എടുത്തുപറയാവുന്ന ഉദാഹരണങ്ങളാണ്. ഏതു സാഹചര്യത്തിലും തങ്ങള്‍ ജന്മനാട് വിട്ടു പോകില്ലെന്നും, കഴിയുന്ന രൂപത്തിലൊക്കെ മാതൃരാജ്യത്തെ പ്രതിരോധിക്കുമെന്നും ധീരോദാത്തമായി പ്രതികരിക്കുന്ന സ്ത്രീകളടക്കമുള്ള ധാരാളം യുക്രെയ്ന്‍കാരെ ആഗോള മാധ്യമങ്ങള്‍ എടുത്ത് കാണിക്കുന്നുണ്ട്. കിരാ റൂഡിക് എന്ന വനിതയുള്‍പ്പെടെ യുക്രെയ്ന്‍ പാര്‍ലമെന്റംഗങ്ങളും എ.കെ 47 തോക്കുകളുമായി യുദ്ധരംഗത്തുണ്ട്. എന്നാല്‍, സമനില നഷ്ടപ്പെട്ട നിലയില്‍ പെരുമാറുന്ന റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉള്‍പ്പെടെ നിരോധിക്കപ്പെട്ട ആയുധങ്ങള്‍ അടക്കം സിവിലിയന്‍ കേന്ദ്രങ്ങള്‍ക്ക്  നേരെ പ്രയോഗിച്ചുകൊണ്ട് യുക്രെയ്‌നിനെ വരുതിയില്‍ നിര്‍ത്താനാണ് ഇപ്പോള്‍  ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അയാളെ സംബന്ധിച്ചേടത്തോളം റഷ്യക്ക് ചുറ്റുമുള്ള ചെറു രാജ്യങ്ങളൊന്നും തന്നെ സ്വാതന്ത്ര്യമോ പരമാധികാരമോ അര്‍ഹിക്കുന്നവയല്ല, തന്റെ ചൊല്‍പ്പടിയില്‍ നിലകൊള്ളേണ്ടവയാണ്. അതിന് ചരിത്രത്തെയും പാരമ്പര്യത്തെയും മാറി മാറി അയാള്‍  കൂട്ടുപിടിക്കുന്നുണ്ട്. മറിച്ചാരെങ്കിലും ആഗ്രഹിച്ചാല്‍ അവരെ ഒന്നുകില്‍ റഷ്യയോട് കൂട്ടിച്ചേര്‍ക്കും, അല്ലെങ്കില്‍ അവരെ മാറ്റി ഏതെങ്കിലും പാവഭരണകൂടത്തെ അവിടെ പ്രതിഷ്ഠിക്കും. യുക്രെയ്ന്‍ നാറ്റോയില്‍ ചേരാന്‍ തീരുമാനിച്ചതാണ് പുറമേക്ക് പുടിന്റെ ന്യായമെങ്കിലും ഇതാണ് ഇപ്പോഴത്തെ യുദ്ധത്തിന്റെ അടിസ്ഥാന കാരണം. 

ആരും ജയിക്കാത്ത യുദ്ധം

ഏതൊരു യുദ്ധവും അപരിഹാര്യമായ നഷ്ടമാണ് സാധാരണ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഈ യുദ്ധവും വ്യത്യസ്തമല്ല. സ്വന്തം നാട് വിട്ട് പലായനം ചെയ്യുന്ന ദശലക്ഷക്കണക്കിന് യുക്രെയ്ന്‍കാരുടെയും അന്നാട്ടിലെ വിദേശികളുടെയും കണ്ണുനീര്‍ ലോകം മുഴുവന്‍ വലിയ വാര്‍ത്തകളാണ് സൃഷ്ടിക്കുന്നത്. ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി ഉള്‍പ്പെടെ ഏതാനും വിദേശികളും നൂറുകണക്കിന് യുക്രെയ്ന്‍കാരും ഇതിനകം കൊല്ലപ്പെട്ടുകഴിഞ്ഞു. ഭാര്യയെയും മക്കളെയും അഭയാര്‍ഥികളാകാന്‍ വിട്ടുകൊണ്ട് റഷ്യന്‍ പട്ടാളക്കാരോട് പോരടിക്കാന്‍ പോകുന്ന യുക്രെയ്ന്‍ ചെറുപ്പക്കാരുടെയും മധ്യവയസ്‌കരുടെയും വിടപറയല്‍ രംഗങ്ങള്‍ ഏത് ശിലാഹൃദയന്റെയും കണ്ണു നനയിക്കും. റഷ്യന്‍ പടയോട്ടത്തില്‍ കൊല്ലപ്പെട്ട സൈനികരുടെയും പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളായ സിവിലിയന്മാരുടെയും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചകള്‍ ഹൃദയഭേദകമാണ്. യുദ്ധം ചെയ്യാന്‍ തയാറുള്ള 18-നും 60-നുമിടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും ആയുധം നല്‍കാമെന്നും സൈനികസേവന പരിചയമുള്ള തടവുകാരെ വിട്ടയക്കാമെന്നുമുള്ള യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡോമിര്‍ സെലന്‍സ്‌കിയുടെ വാക്കുകള്‍ പൊരുതി നില്‍ക്കാനുള്ള ദൃഢനിശ്ചയത്തെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള പോരാളികളെയും യുക്രെയ്‌നില്‍ റഷ്യക്കെതിരെ പോരാടാന്‍ സെലന്‍സ്‌കി ക്ഷണിച്ചിട്ടുണ്ട്.

പുടിന്‍ എന്ന യുദ്ധക്കുറ്റവാളി 

യുദ്ധക്കുറ്റവാളി എന്ന നിലയില്‍ ലോകം പുടിനെ വിശേഷിപ്പിക്കാന്‍ തുടങ്ങിയത് യുക്രെയ്ന്‍ അധിനിവേശം തുടങ്ങിക്കഴിഞ്ഞപ്പോള്‍ മാത്രമാണ്. എന്നാല്‍ അയാളുടെ ചരിത്രം മുഴുവന്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ നിറഞ്ഞതായിരുന്നു. 1999-2000 കാലഘട്ടത്തില്‍ റഷ്യ നടത്തിയ ചെച്‌നിയന്‍ അധിനിവേശത്തോട് കൂടിയാണ് റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ കെ.ജി.ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന പുടിന്‍ അധികാരത്തിലേക്ക് നടന്നടുക്കുന്നത്. കടുത്ത മദ്യപനായിരുന്ന അന്നത്തെ പ്രസിഡന്റ് ബോറിസ് യെല്‍സിന് കീഴില്‍, അത്യന്തം ക്രൂരമായ ആ യുദ്ധത്തെ നിയന്ത്രിച്ചത് പുടിനായിരുന്നു.  സകലമാന യുദ്ധ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് റഷ്യ അന്ന് ചെച്‌നിയയില്‍ ആധിപത്യം ഉറപ്പിച്ചത്. ജനീവ കണ്‍വെന്‍ഷന്റെയും സമാനമായ മറ്റെല്ലാ അന്താരാഷ്ട്ര യുദ്ധ നിയമങ്ങളുടെയും നഗ്നമായ ലംഘനമാണ് അവിടെ നടന്നതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ നിരവധി തവണ സാക്ഷ്യപ്പെടുത്തിയതാണ്. എന്നാല്‍ അതിനു നേരിട്ട് നേതൃത്വം വഹിച്ച പുടിനെ റഷ്യക്കാര്‍ക്കും പാശ്ചാത്യര്‍ക്കും മാതൃകാപരമായ ജീവിതം പ്രദാനം ചെയ്യാന്‍ പറ്റിയ നായകനായി വിശേഷിപ്പിക്കുകയാണ് എല്ലാവരും ചെയ്തത്. 
2008-ല്‍ പുടിന്‍ ജോര്‍ജിയക്കെതിരെ തിരിഞ്ഞു. ദക്ഷിണ ഓസെറ്റിയ, അബ്ഖാസിയ പ്രവിശ്യകള്‍ കീഴടക്കാന്‍ റഷ്യന്‍ 'സമാധാനപാലകരെ' ആണയാള്‍ അയച്ചത്. അവിടങ്ങളിലുള്ള റഷ്യന്‍ പൗരന്മാരെ സംരക്ഷിക്കുകയെന്നത് തന്റെ ഉത്തരവാദിത്തമാണെന്നതായിരുന്നു ന്യായം. പക്ഷേ, സിവിലിയന്മാര്‍ക്ക് നേരെ വിവേചനരഹിതവും അതിക്രൂരവുമായ ആക്രമണങ്ങളാണ് ഈ 'സമാധാനസേന' അവിടെ നടത്തിയത്. അടുത്ത യുദ്ധക്കുറ്റം! 
2014-ല്‍ പുടിന്‍ യുക്രെയ്ന്‍ പ്രവിശ്യയായ ക്രിമിയ അധിനിവേശം ചെയ്ത് റഷ്യയോട് ചേര്‍ത്തു. കൂടാതെ ലുഹാന്‍സ്‌ക്, ഡോനേട്‌സ്‌ക് പ്രവിശ്യകളില്‍ വിഘടിത പ്രവര്‍ത്തനങ്ങള്‍ക്ക് തിരികൊളുത്തി. ഏതാണ്ട് 14,000 പേരാണ് ഇതുവരെ അവിടെ മരിച്ചു വീണത്. ഈ കലാപത്തിനിടയിലാണ് മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 17 യുക്രെയ്‌നിന്റെ ആകാശാതിര്‍ത്തിയില്‍ വെച്ച്  റഷ്യന്‍ സൈന്യം മിസൈല്‍ വിട്ടു തകര്‍ത്തത്. 298 പേര്‍ക്കാണ് ആ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. പ്രസ്തുത പ്രവിശ്യകളില്‍ സ്ഥാപിക്കപ്പെട്ട പ്രത്യേക തടങ്കല്‍ പാളയങ്ങളില്‍ റഷ്യന്‍ പട്ടാളക്കാര്‍ സിവിലിയന്മാരെ ക്രൂരമായി പീഡിപ്പിക്കുന്നതും കൊലപ്പെടുത്തുന്നതും സാധാരണ സംഭവങ്ങളാണ്. യൂറോപ്പിലെ 'അവസാന കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍'എന്നാണ് ഈ തടങ്കല്‍ പാളയങ്ങള്‍ ഇപ്പോഴും  വിശേഷിപ്പിക്കപ്പെടുന്നത്.
മനുഷ്യാവകാശ സംഘടനകള്‍ ഇതുവരെ കൃത്യമായി രേഖപ്പെടുത്തിയ യുദ്ധക്കുറ്റങ്ങള്‍ ആണിവ. ഡോക്യുമെന്റ് ചെയ്യപ്പെടാതെ പോയ എത്രയോ കുറ്റങ്ങള്‍ പുടിന്റെ കണക്ക് പുസ്തകത്തില്‍ വേറെയുമുണ്ട്. ജോര്‍ജിയയില്‍ റഷ്യന്‍ സൈന്യം നടത്തിയ യുദ്ധക്കുറ്റങ്ങളെക്കുറിച്ച് അന്തര്‍ദേശീയ ക്രിമിനല്‍ കോടതി 2016-ല്‍ അന്വേഷണം നടത്തിയിരുന്നു. യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങളെ കുറിച്ച് 2020-ലും സമാനമായ അന്വേഷണം ഉണ്ടായിരുന്നു. ഈ അന്വേഷണങ്ങളൊക്കെ കണ്ടെത്തിയത്, യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും റഷ്യന്‍ സൈന്യം നടത്തിയിട്ടുണ്ടെന്നാണ്. സിറിയയിലാകട്ടെ കഴിഞ്ഞ ഒരു ദശകത്തിലേറെയായി അവിടത്തെ സ്വേഛാധിപതി ബശ്ശാറുല്‍ അസദിനെ പുടിന്‍ പിന്തുണച്ചു കൊണ്ടിരിക്കുന്നു. യുദ്ധ കുറ്റാന്വേഷകര്‍ പറയുന്നതനുസരിച്ച് ന്യൂറംബര്‍ഗ് വിചാരണ പോലെ ഒരു വിചാരണ നടത്താന്‍ മാത്രം യുദ്ധക്കുറ്റങ്ങള്‍ ബശ്ശാറുല്‍ അസദ് അവിടെ ചെയ്തിട്ടുണ്ട്. സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന റഷ്യന്‍ സേന,  ധാരാളം ആശുപത്രികള്‍ ബോംബിട്ട് തകര്‍ക്കുകയും ഒരുപാട് രക്ഷാ പ്രവര്‍ത്തകരെ വധിച്ചുകളയുകയും ചെയ്തിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ 2020-ല്‍ നിയോഗിച്ച അന്വേഷണ കമീഷന്‍, ജനീവ കണ്‍വെന്‍ഷന്‍ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായി റഷ്യ, സിറിയയില്‍ ധാരാളം സിവിലിയന്‍ കേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്തതായി കണ്ടെത്തിയിരുന്നു. കൂടാതെ പല രാസായുധ ആക്രമണങ്ങള്‍ക്കും റഷ്യന്‍ സേന അവിടെ നേതൃത്വം കൊടുത്തിട്ടുണ്ട്. 2014-ല്‍ സിറിയയെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുന്ന പ്രമേയത്തെ ഐക്യരാഷ്ട്രസഭയില്‍ റഷ്യ വീറ്റോ ചെയ്യുകയും ചെയ്തു.

വിമത ശബ്ദങ്ങളെ 
ഉന്മൂലനം ചെയ്യുന്നു

രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്നത് പുടിന്റെ പതിവാണ്. തനിക്കെതിരെ ശബ്ദമുയര്‍ത്തിയ പഴയ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് ഓഫീസറായിരുന്ന അലക്‌സാണ്ടര്‍ ലിത്വിനെങ്കോയെ 2006-ല്‍ ബ്രിട്ടനില്‍ വെച്ച് മാരക വിഷമായ പോളോണിയം കുത്തിവെച്ച് കൊലപ്പെടുത്തിയതിന് ഉത്തരവാദി പുടിനാണെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി കണ്ടെത്തിയിരുന്നു. അതിന്റെ പേരില്‍  ലിത്വിനെങ്കോയുടെ പത്‌നിക്ക് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരമായും 22,500 യൂറോ കോടതി ചെലവിനത്തിലും നല്‍കാന്‍ കോടതി വിധിക്കുകയുണ്ടായി.
റഷ്യന്‍ ജയിലുകള്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജനാധിപത്യ-അനുകൂല പ്രകടനക്കാരെയും കൊണ്ട് നിറച്ചതിന് ഉത്തരവാദിയും പുടിനാണ്. പ്രതിപക്ഷ നേതാവായ അലക്‌സി നൊവാല്‍നിയെയും പോളോണിയം കുത്തിവെച്ച് വധിക്കാന്‍ പുടിന്‍ ശ്രമിച്ചു. ആക്രമണത്തിന് ഇരയായ ശേഷം ജര്‍മനിയില്‍ ചികിത്സക്ക് പോയ അദ്ദേഹം 2021 ജനുവരിയില്‍ തിരിച്ചെത്തിയപ്പോള്‍ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയായിരുന്നു. ജയിലില്‍ കിടന്നുകൊണ്ട് തന്നെ പുടിന്റെ അഴിമതികളെ ഓരോന്നോരോന്നായി നൊവാല്‍നി തുറന്നുകാണിച്ചു. 'പുടിന്‍സ് പാലസ്' എന്ന് പേരിട്ട ഒരു ഡോക്യുമെന്ററി ഇതില്‍ വളരെ പ്രശസ്തമാണ്. അതേത്തുടര്‍ന്ന് ധാരാളം പ്രതിഷേധ പ്രകടനങ്ങളാണ് റഷ്യയിലുടനീളം അരങ്ങേറിയത്. എന്നാല്‍ മുഴുവന്‍ എതിര്‍ ശബ്ദങ്ങളെയും അടിച്ചമര്‍ത്തി മരണം വരെ അധികാരത്തിലിരിക്കാന്‍ പറ്റുന്ന വിധത്തില്‍ റഷ്യന്‍ ഭരണഘടന തന്നെ മാറ്റിയെഴുതുകയായിരുന്നു പുടിന്‍.  കടുത്ത യുദ്ധക്കുറ്റങ്ങള്‍ക്കും മനുഷ്യത്വ-ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍ക്കും  അന്താരാഷ്ട്ര സമൂഹം വളംവെച്ചുകൊടുത്തതാണ്  യാതൊരു കൂസലുമില്ലാതെ അയല്‍പക്കത്തെ ഒരു പരമാധികാര രാഷ്ട്രത്തെ അധിനിവേശം ചെയ്യാം എന്ന തീരുമാനത്തിലേക്ക് അയാളെ എത്തിച്ചത്. അയാളുടെ അതിരുകളില്ലാത്ത സാമ്രാജ്യത്വ താല്‍പര്യങ്ങളെ ഇനിയും നിയന്ത്രിക്കാതെ വിട്ടാല്‍ ലോകസമാധാനത്തിന് തന്നെ ഭീഷണിയാകുമെന്ന ചിന്ത ഇപ്പോഴെങ്കിലും യൂറോപ്പിനും അമേരിക്കക്കും വന്നിട്ടുണ്ടെങ്കില്‍ അത് നല്ല കാര്യം.

അലയടിക്കുന്ന പ്രതിഷേധം

റഷ്യക്കെതിരെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന അതിശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ഈ പശ്ചാത്തലത്തില്‍ വേണം മനസ്സിലാക്കാന്‍. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോ നഗരത്തില്‍ വരെ ധാരാളം സാധാരണക്കാര്‍ പുടിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇങ്ങനെ ആഗോളതലത്തിലൊരു യുദ്ധം അതും യൂറോപ്പിന്റെ ഒത്ത നടുക്ക് ആരും  പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വേഛാധിപതികളും വംശീയ വാദികളുമായ ഭരണാധികാരികള്‍ ജനാധിപത്യ രീതിയിലൂടെ തന്നെ തെരഞ്ഞെടുക്കപ്പെട്ട്, പിന്നീട് തികച്ചും ജനാധിപത്യ വിരുദ്ധമായ നടപടികളിലൂടെ അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ തുടങ്ങിയപ്പോള്‍ അവരിലെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റതിന്റെ ഫലമാണ് ഇത്തരം അതിരുകവിഞ്ഞ സാമ്രാജ്യത്വ അധിനിവേശങ്ങള്‍. ഇത് യുക്രെയ്‌നില്‍ അവസാനിക്കുമെന്ന് കരുതേണ്ടതില്ല. ഇനിയങ്ങോട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആവര്‍ത്തിക്കാന്‍ പോകുന്ന പലതരം അധിനിവേശങ്ങളുടെ സൂചന മാത്രമാണിത്. ഐക്യരാഷ്ട്രസഭയിലെ യുക്രെയ്ന്‍ അംബാസഡര്‍ പറഞ്ഞതുപോലെ ഇത്തവണ പുടിന്‍ വിജയിച്ചാല്‍ പിന്നീടയാള്‍ യൂറോപ്പിനെ തന്നെ വിഴുങ്ങാന്‍ മടിക്കില്ല. 
ഇതെഴുതുമ്പോള്‍ സമാധാന ചര്‍ച്ചകള്‍ ബെലാറുസില്‍ തുടങ്ങിക്കഴിഞ്ഞു എന്ന ആശ്വാസത്തിലാണ് ലോകം. പക്ഷേ ഒരുഭാഗത്ത് ചര്‍ച്ചയും മറുഭാഗത്ത് പോരാട്ടവുമാണ് റഷ്യ കൈക്കൊണ്ട നിലപാട്. ഒന്നാം റൗണ്ട് ചര്‍ച്ച കഴിഞ്ഞപ്പോള്‍ തന്നെ ഈ ചര്‍ച്ചകള്‍ എവിടേക്കാണ് പോകുന്നതെന്നത് വ്യക്തമായിരുന്നു. മുന്‍ നയതന്ത്രാനുഭവങ്ങളില്ലാത്ത വ്യക്തികളെ പുടിന്‍ ചര്‍ച്ചക്ക് വിട്ടപ്പോള്‍ തന്നെ അതില്‍ നിന്ന് വല്ലാതൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചര്‍ച്ച ഒരു ഭാഗത്ത് നടക്കുമ്പോള്‍ തന്നെ കൂടുതല്‍ ടാങ്കുകളും മറ്റ് പടക്കോപ്പുകളുമായി യുക്രെയ്ന്‍ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാന്‍ തിരക്ക് കൂട്ടുകയായിരുന്നു റഷ്യന്‍ സൈന്യം. 

രണ്ടാം ശീതയുദ്ധത്തിന്റെ തുടക്കം?

ആഗോളതലത്തില്‍ രണ്ടാം ശീതയുദ്ധം തുടങ്ങിക്കഴിഞ്ഞതിന്റെ ലക്ഷണമായി ഈ അധിനിവേശത്തെ വിലയിരുത്തുന്നവരുണ്ട്. ഒന്നാം ശീതസമരത്തില്‍ അമേരിക്കയുടെയും  സോവിയറ്റ് യൂനിയന്റെയും ഇരുപക്ഷങ്ങളിലായി ധാരാളം രാജ്യങ്ങള്‍ അണിനിരന്നുവെങ്കില്‍ ഇപ്പോള്‍ ഏതാണ്ട് ലോകം മുഴുവനും റഷ്യക്ക് എതിരാണ്. ചൈന മാത്രമാണ് അല്‍പമെങ്കിലും റഷ്യയോട് ചായ്വ് പ്രകടിപ്പിക്കുന്നത്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ ഇരുകൂട്ടരെയും പിണക്കാതെയും ഇരിക്കുന്നു.
ശ്രദ്ധിക്കേണ്ട സുപ്രധാനമായ സംഗതി, അന്താരാഷ്ട്ര നിയമങ്ങളുടെ ഇത്രയും നഗ്നമായ ലംഘനമുണ്ടായിട്ടുപോലും റഷ്യക്കെതിരെ അതിശക്തമായ നിലപാടെടുക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കഴിഞ്ഞില്ലെന്നുള്ളതാണ്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം റഷ്യ അല്ലെന്നുള്ളതാണ് ഈ എപ്പിസോഡിലെ ഏറ്റവും കൗതുകകരമായ കാര്യം. മറിച്ച് അമേരിക്കയാണ് അതിന് കാരണമെന്ന് നടേ പറഞ്ഞ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയും റഷ്യയും തമ്മിലുള്ള പുതിയ ഈ ശീതയുദ്ധത്തില്‍ അമേരിക്കയുടെ ഒപ്പം നില്‍ക്കാന്‍ പല രാജ്യങ്ങളും മനസ്സാ തയാറല്ല. ഇതുവരെ ലോക പോലീസ് ആയി ചമഞ്ഞുവന്നിരുന്ന അമേരിക്കയുടെ കരങ്ങള്‍ അധിനിവേശ പാപക്കറയില്‍നിന്ന് മുക്തമല്ലായെന്നതും പ്രശ്‌നമാണ്. പലതരം കാരണങ്ങള്‍ പറഞ്ഞ് വിവിധ രാജ്യങ്ങളില്‍ അധിനിവേശം നടത്തിയ ചരിത്രമുള്ള അമേരിക്കക്ക് ഇപ്പോള്‍ നല്ലപിള്ള ചമയാന്‍ അര്‍ഹതയില്ല എന്നതാണ് ചിലരെങ്കിലും ഉയര്‍ത്തുന്ന വിഷയം. തങ്ങളുടെ ഇഷ്ടക്കാര്‍ അധിനിവേശം നടത്തുമ്പോള്‍ അതിനെ പിന്തുണക്കുന്ന അമേരിക്ക, മറ്റുള്ളവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പല്ലേ?
മറ്റൊന്ന്, പുതിയ ലോകസാഹചര്യത്തില്‍ പടിഞ്ഞാറും നാറ്റോ രാജ്യങ്ങളും ഒരു വശത്തും റഷ്യയും ചൈനയും മറുവശത്തുമായി നടക്കാന്‍ പോകുന്ന പുതിയ ശീത യുദ്ധത്തില്‍ ഇരുഭാഗത്തും ചേരാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ല എന്നതാണ് അധിക ലോക രാജ്യങ്ങളുടെയും നിലപാട്. സൈനിക സഹകരണത്തിന്റെ വിഷയത്തിലും സാമ്പത്തിക ബന്ധങ്ങളുടെ കാര്യത്തിലും മിക്കവാറും എല്ലാ രാജ്യങ്ങളും വ്യത്യസ്ത ശക്തികളെ ആശ്രയിക്കുന്ന സന്ദര്‍ഭത്തില്‍ ഏതെങ്കിലും ഒരു കക്ഷിയെ മാത്രം പിന്തുണച്ചുകൊണ്ട് തങ്ങളുടെ താല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ പല രാജ്യങ്ങളും തയാറല്ല. പ്രത്യേകിച്ചും ഊര്‍ജ ആവശ്യങ്ങള്‍ക്കും ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും സൈനിക ഉപകരണങ്ങള്‍ക്കും വേണ്ടി പലരും റഷ്യയെ ആശ്രയിക്കുമ്പോള്‍ നിക്ഷേപത്തിനും കടങ്ങള്‍ക്കും വ്യാപാരത്തിനും വേണ്ടി ചൈനയെ ആശ്രയിക്കുന്ന ധാരാളം രാജ്യങ്ങളുണ്ട്. റഷ്യയാണ് ലോകത്തിലെ ഒന്നാം നമ്പര്‍ ഗോതമ്പ് കയറ്റുമതിക്കാര്‍ എന്നത് ഇതിനോട് ചേര്‍ത്തു വായിക്കണം. പ്രകൃതിവാതകത്തിന്റെ കാര്യത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് റഷ്യ തന്നെയാണ്. ഇപ്പോള്‍ അമേരിക്കയും ആഗോള സമൂഹവും റഷ്യക്കെതിരെ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങള്‍ ഒന്നും ഫലം കാണാതെ പോകുന്നതിന് കാരണവും ഈ ആശ്രിതത്വം തന്നെയാണ്. ഒന്നിനു പിറകെ ഒന്നായി ഉപരോധങ്ങള്‍ വരുമ്പോഴും പുടിന് കുലുക്കമില്ലാത്തതിന് കാരണവും മറ്റൊന്നല്ല. തുടക്കത്തില്‍ കാണിക്കുന്ന രോഷവും വിരോധവുമൊക്കെ അല്‍പം കഴിയുമ്പോള്‍ ഇല്ലാതായിക്കോളും എന്ന ലളിത യുക്തി ഏറ്റവും നന്നായി അറിയുന്നത് പുടിനാണ്. തങ്ങളെ കൂടാതെ നിലനില്‍പില്ലാത്ത രാജ്യങ്ങള്‍ പതുക്കെ പിന്നാലെ വരുമെന്ന് അയാള്‍ക്ക്  നന്നായറിയാം. 

അമേരിക്കയെന്ന പല്ലുകൊഴിഞ്ഞ
സിംഹം

യുക്രെയ്ന്‍ വിഷയത്തിലെ നിലപാട് വിലയിരുത്തി, അമേരിക്കയെ പല്ലുകൊഴിഞ്ഞ സിംഹത്തോടാണ് ഇന്ന് പലരും ഉപമിക്കുന്നത്. അഫ്ഗാനിസ്താനില്‍ നിന്നുള്ള പിന്മാറ്റവും ഇറാഖിലെ പരാജയവും സിറിയ, യമന്‍, ലിബിയ എന്നിവിടങ്ങളിലെ അബദ്ധങ്ങളും യുക്രെയ്ന്‍ വിഷയത്തില്‍ കടുത്ത നിലപാടെടുക്കാതിരിക്കുന്നതിലേക്ക് ലോക പോലീസിനെ എത്തിച്ചുവെന്ന് വേണം മനസ്സിലാക്കാന്‍. നേരത്തെ, ട്രംപിന്റെ കടുത്ത വംശീയ നയങ്ങളും ഇസ്രയേലിനോട് ഒട്ടി നിന്നുകൊണ്ടുള്ള ഏകപക്ഷീയമായ നിലപാടുകളും അമേരിക്കയെ ആരും വിലവെക്കാത്ത നിലയില്‍ എത്തിച്ചിട്ടുണ്ട്. ആഗോള രാഷ്ട്രീയ രംഗത്ത് ഉറച്ച കാല്‍വെപ്പുകളെടുക്കാന്‍ ആഭ്യന്തരമായി വംശീയതയുടെയും സാമ്പത്തികാസമത്വത്തിന്റെയും പ്രതിസന്ധികള്‍ അനുഭവിക്കുന്ന അമേരിക്കക്ക് സാധിക്കുന്നില്ല. മറുഭാഗത്ത്, ചൈന സാമ്പത്തികമായി ഉയര്‍ന്നു വരുന്നു, റഷ്യ മസില്‍ വീര്‍പ്പിച്ചു അയല്‍ രാജ്യങ്ങളെ കീഴ്‌പ്പെടുത്തുന്നു. മറ്റു രാജ്യങ്ങള്‍ ഇതിനിടയില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തിരക്കിലാണ്. അമേരിക്കയുടെ ശബ്ദം നിസ്സഹായതയുടെയും ദൈന്യതയുടെയുമായി മാറുന്നു. പ്രതിസന്ധിയിലകപ്പെട്ടാല്‍ തങ്ങളെ രക്ഷിക്കാന്‍ ഇനി അമേരിക്ക വരുമെന്ന് അവരുടെ ഏറ്റവും അടുത്ത സഖ്യരാജ്യങ്ങള്‍ പോലും ഇപ്പോള്‍ കരുതുന്നില്ല. ജനാധിപത്യം, സ്വാതന്ത്ര്യം പോലെയുള്ള അമേരിക്കന്‍ മുദ്രാവാക്യങ്ങളില്‍ അവിടത്തെ ജനതക്ക് തന്നെ പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു രാജ്യങ്ങളിലുള്ളവരും അതില്‍ തീരെ ആശ വെച്ചുപുലര്‍ത്തുന്നില്ല. റഷ്യ, യുക്രെയ്ന്‍ ആക്രമണം തുടങ്ങിയ സമയത്ത് ജോ ബൈഡന്‍ അമേരിക്കക്കാരോട് പറഞ്ഞത്, ഈ യുദ്ധത്തില്‍ ഒരു അമേരിക്കക്കാരനും പോരാടേണ്ടി വരില്ലെന്നും ഏതെങ്കിലും നിലക്ക് ഇത് അമേരിക്കക്കാരെ ബാധിക്കില്ലെന്നുമാണ്. എന്തിന്, ഈ യുദ്ധം കാരണം അമേരിക്കക്കാര്‍ക്ക് ഗ്യാസിന് വില കൂടുതല്‍ കൊടുക്കേണ്ടിവരുന്ന അവസ്ഥ പോലും വരില്ലെന്നാണ് താന്‍ കരുതുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു! ഇതിനെ പരിഹസിച്ച് ഒരു നിരീക്ഷകന്‍ പറഞ്ഞത്, അമേരിക്ക റഷ്യയില്‍ യുദ്ധം ചെയ്യണമെങ്കില്‍ അവസാനത്തെ യുക്രെയ്ന്‍കാരനും മരിച്ചു വീഴണമെന്നായിരുന്നു! അമേരിക്കയുടെ അഴകൊഴമ്പന്‍ നയത്തിന് മറ്റൊരു വിശദീകരണവുമുണ്ട്. യുക്രെയ്ന്‍ റഷ്യയുടെ മറ്റൊരു അഫ്ഗാനിസ്താന്‍ ആയി മാറി, അങ്ങനെ പുടിന്റെ സാമ്രാജ്യത്വ മോഹങ്ങള്‍ അവിടെ എരിഞ്ഞടങ്ങുമെന്ന് അവര്‍ ഉള്ളാലെ കണക്കുകൂട്ടുന്നുണ്ടത്രെ. പക്ഷേ, അതെങ്ങനെ സാധിക്കുമെന്ന് മാത്രം അവര്‍ക്ക് നിശ്ചയമില്ലാതെ പോയി. ലോകം ഇത്ര വലിയ പ്രതിസന്ധിയലകപ്പെട്ട സമയത്ത് സുപ്രധാനമായ ഒരു റോളും വഹിക്കാതെ, കാഴ്ചക്കാരനായി മാത്രം നില്‍ക്കുന്ന ആഗോള സൂപ്പര്‍ പവര്‍ ഈയൊരു ചെറിയ റോളിലേക്ക് എടുത്തെറിയപ്പെട്ടത് രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടായിരിക്കണം. 

യുദ്ധത്തിന്റെ ഫലശ്രുതി

ഇനിയുമൊരു ശീതയുദ്ധം ലോകത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് എന്ന് പറയുന്നതിനുള്ള ന്യായം, അത് ഒരു ആണവ യുദ്ധത്തിലേക്ക് ലോകത്തെ നയിക്കുമെന്നുള്ളതാണ്. സമ്പൂര്‍ണ നശീകരണമായിരിക്കും അതിന്റെ ഫലം. പുടിന്‍ തന്റെ ആണവായുധ സേനയെ യുദ്ധസജ്ജരായി നിര്‍ത്തിയത് ലോകത്തിന്റെ ഈ പേടിയെ മുതലെടുക്കാനാണ്. എന്നുവെച്ച്, ഈ യുദ്ധത്തിന്റെ ഫലമായി പഴയതുപോലെ ഒരു ചേരിചേരാ പ്രസ്ഥാനമോ മറ്റോ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവതല്ലെങ്കിലും രാജ്യങ്ങളുടെ മുന്നോട്ടുപോക്കിന് പരസ്പര സഹകരണത്തിലും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളിലും അധിഷ്ഠിതമായ ഒരു ആഗോള നയം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. അന്താരാഷ്ട്ര സമൂഹം യുക്രെയ്‌നിന്റെ പരമാധികാരത്തെ അംഗീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റഷ്യയുടെ കാരുണ്യത്തിന് ആ രാജ്യത്തെ വിട്ടുകൊടുക്കുകയെന്നത് ഒരു നിലക്കും ലോകത്തിന്റെ സമാധാനപൂര്‍ണമായ ഭാവിക്കുതകുന്നതല്ല. ഒരുപക്ഷേ, റഷ്യക്കും നാറ്റോ രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു ബഫര്‍ സ്റ്റേറ്റ് എന്ന പരിഗണന യുക്രെയ്‌നിന് കൊടുക്കുന്നതാകും നല്ലത്. എത്രയും വേഗം ആ ഒരു ലക്ഷ്യം നേടിയെടുക്കുന്നതിന് യു.എന്നിലൂടെയോ മറ്റോ അന്താരാഷ്ട്ര സമൂഹം പരിശ്രമിച്ചില്ലെങ്കില്‍ പുതിയ ശീതസമരം തുടങ്ങിക്കഴിഞ്ഞു എന്നുറപ്പിക്കാം. അത് ആത്യന്തികമായി എല്ലാവരുടെയും നാശത്തിലാണ് കലാശിക്കുക. 
വരുംദിവസങ്ങളില്‍ പുടിന്‍ കൂടുതലായി എന്തൊക്കെ അതിക്രമങ്ങളാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നോ യുക്രെയ്ന്‍ ജനതയുടെ ആത്യന്തികമായ പരിണതി എന്താകുമെന്നോ കൃത്യമായി പ്രവചിക്കാന്‍ നമുക്കായിക്കൊള്ളണമെന്നില്ല. പക്ഷേ ഒരു  കാര്യം  ഉറപ്പാണ്: ഈ യുദ്ധം (War) പുടിന്‍ ജയിച്ചാലും യുക്രെയ്ന്‍ ജനതയെ കീഴടക്കാനുള്ള പോരാട്ടം (Battle) അയാള്‍ക്ക്  ജയിക്കാനാവില്ല. നിര്‍ഭയരായ, ദൃഢനിശ്ചയമുള്ള ഒരു ജനതയെ തോല്‍പ്പിക്കാന്‍ അയാള്‍ക്ക്  കഴിയില്ല. നേരത്തെ ക്രീമിയയില്‍ നിന്ന് റഷ്യ ആട്ടിയോടിച്ച്, യുക്രെയ്‌നില്‍ അഭയം തേടിയ തര്‍ത്താര്‍ വംശജരുടെ കൂട്ടത്തിലൊരുവനായ നാസര്‍ ചേര്‍ണിഹ പറഞ്ഞതുപോലെ, 'ഇന്നത്തെ രാത്രി മുതല്‍ ഞാന്‍ തീരെ പേടിക്കുന്നില്ല. റഷ്യയെയും പുടിനെയും കുറിച്ചുള്ള എന്റെ പേടി അപ്രത്യക്ഷമായിരിക്കുന്നു.' അവന്റെ അമ്മയും അതുതന്നെ പറഞ്ഞു, 'ഇവിടെയിതാ ഞങ്ങളെല്ലാവരും ഒന്നിച്ച് ചേര്‍ന്നിരിക്കുന്നു. ഈ ഐക്യത്തെ ഒരിക്കലും പുടിന് തകര്‍ക്കാനാവില്ല.'
പിന്‍കുറി: നേരത്തെ മിഡിലീസ്റ്റിലും അഫ്ഗാനിസ്താനിലും അമേരിക്ക മുന്നോട്ടുവെച്ച ഭരണമാറ്റത്തെ (Regime Change) അഹമഹമികയാ പിന്തുണച്ചിരുന്ന സകലമാന ജനാധിപത്യവാദികളും സ്വാതന്ത്യദാഹികളും കോളമിസ്റ്റുകളുമൊക്കെ ഇപ്പോള്‍ ഒരു യൂറോപ്യന്‍ രാജ്യം അതിനിരയായപ്പോള്‍ നിരന്തരം ഒച്ചവെക്കുന്നുണ്ട്. നടേപറഞ്ഞ രാജ്യങ്ങള്‍ക്കൊന്നും അവര്‍ വകവെച്ചുകൊടുത്തിട്ടില്ലാതിരുന്ന സ്വാതന്ത്ര്യ ദാഹവും സ്വയം നിര്‍ണയാവകാശവുമൊക്കെ അവരിപ്പോള്‍ ആവര്‍ത്തിച്ചു ഉദ്‌ഘോഷിക്കുന്നുണ്ട്. സ്വയം തോക്കെടുക്കുന്ന യുക്രെയ്‌നിയന്‍ പൗരന്മാരെ ഹീറോകളായും മറ്റു രാജ്യങ്ങളില്‍ നിന്ന് പോരാടാനെത്തുന്നവരെ മനുഷ്യസ്‌നേഹികളായ പോരാളികളായുമൊക്കെ പരിചയപ്പെടുത്തുന്നുണ്ട്. ഇവരുടെ ഈ വായ്ത്താരികളൊക്കെ കേള്‍ക്കാനും വായിക്കാനും അവസരം വന്നല്ലോയെന്നത് സന്തോഷത്തിന് വക നല്‍കുന്നതാണെങ്കിലും, ഇതേപോലെ സ്വാതന്ത്യത്തിനും മൗലികാവകാശങ്ങള്‍ക്കും  അധിനിവേശം ചെയ്യപ്പെട്ട മണ്ണിനും വേണ്ടി സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്തുകൊണ്ടിരിക്കുന്നവരെക്കൂടി നിങ്ങളെപ്പോഴാണ് ഓര്‍ക്കുകയെന്ന ചോദ്യം ഇവിടെ ഉത്തരമില്ലാതെ ബാക്കിയാകുന്നുണ്ട്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി