Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

ഭൗമേതര ബുദ്ധിജീവികളും വിശുദ്ധ ഖുര്‍ആനിന്റെ അമാനുഷികതയും

ഫൈസി

ഈ ലേഖകന്റെ ഈമാനികമായ ഉണര്‍വിന് മര്‍ഹും ടി.കെ അബ്ദുല്ല സാഹിബിന്റെയും മര്‍ഹും കെ.സി അബ്ദുല്ല മൗലവിയുടെയും  ഗ്രന്ഥങ്ങളും പ്രസംഗങ്ങളും വഹിച്ച പങ്ക് അളവറ്റതാണ്. അല്ലാഹു അവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമാറാകട്ടെ. എന്നാല്‍, 2021 ഒക്‌ടോബര്‍ 29-ന് പ്രസിദ്ധീകരിച്ച പ്രബോധനം വാരികയിലെ ടി.കെയുടെ ലേഖനത്തില്‍ ഖുര്‍ആനില്‍ പ്രവചിച്ച രണ്ടു സംഭവങ്ങളുടെ ശാസ്ത്രീയ സ്ഥിരീകരണം പുലരാന്‍ കാത്തിരിക്കുന്നു എന്നെഴുതിയത് എനിക്ക് ഉള്‍ക്കൊള്ളാന്‍ ആയിട്ടില്ല. ഈ പ്രവചനങ്ങള്‍ പുലര്‍ന്നിട്ടില്ലെങ്കില്‍ ഖുര്‍ആനിനും പ്രവാചകനും നില്‍ക്കക്കള്ളിയില്ല എന്നും, എന്നാല്‍ ആ സാധ്യതകള്‍ അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രം പുരോഗമിക്കുന്നത് എന്നും എഴുതിയിരിക്കുന്നു.
ടി.കെ എഴുതിയതിനെ ഖണ്ഡിക്കുക എന്നത് അധികപ്രസംഗം തന്നെയാണ്. അനേകം വിജ്ഞാനശാഖകളില്‍ അഗാധജ്ഞാനവും ഓരോന്നിനെയും ഇഴ പിരിച്ചു അപഗ്രഥിക്കാനുള്ള കൂര്‍മ ബുദ്ധിയുമുള്ള ആ പ്രകാശ ഗോപുരത്തിന് മുന്നില്‍ ഈ മിന്നാമിനുങ്ങ് എന്തു പറയാനാണ്! അതുകൊണ്ട് ഒരു സന്ദേഹ നിവാരണം എന്ന നിലക്കു മാത്രം താഴെ പറയുന്ന കാര്യങ്ങള്‍ വായനക്കാരുടെ മുമ്പില്‍ സമര്‍പ്പിക്കുകയാണ്.  അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തില്‍ നിന്നു തന്നെ അത് സാധിക്കാമായിരുന്നു.
'ആ സാധ്യതകള്‍ അംഗീകരിച്ചു കൊണ്ടാണ് ശാസ്ത്രം പുരോഗമിക്കുന്നത്' എന്ന് ടി.കെ എഴുതിയ 'ശാസ്ത്ര പ്രസ്താവനകള്‍' വസ്തുനിഷ്ഠമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളല്ല. നിരീശ്വരവാദപരമായ ഊഹങ്ങളില്‍ അധിഷ്ഠിതമായ ചില കണക്കുകൂട്ടലുകള്‍ മാത്രമാണ്. 100 നാണയങ്ങള്‍ ടോസ് ചെയ്തിട്ടാല്‍, കുറേ ഹെഡ്ഡും കുറേ ടെയിലുമായി താഴെ പതിയും.  അത് പോലെ, ഇവിടെ ഭൂമിയില്‍ നമ്മള്‍ മനുഷ്യരെ കാണുന്നത് പോലെ, പ്രപഞ്ചത്തിന്റെ മറ്റു കോണുകളിലും കാണണം. ഭൂമിയില്‍ മനുഷ്യരുണ്ടായതോ? ആരും സൃഷ്ടിച്ചതൊന്നുമല്ല.  പിന്നെയോ, കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട അന്ധമായ ഉല്‍പരിവര്‍ത്തനങ്ങളില്‍ കൂടുതല്‍ പ്രയോജനകരമായവ ഉപയോഗിച്ചുകൊണ്ട് പരിണമിച്ചു ഉന്നത ശ്രേണിയില്‍ എത്തിയത്.  ഉപരിലോകത്ത് ബുദ്ധിയുള്ള ജീവികളെ കണ്ടെത്തിയെങ്കില്‍ നിരീശ്വരവാദികളായ പൂര്‍വ മുസ്‌ലിംകള്‍ (ഋഃ ങൗഹെശാ)െ ഇസ്‌ലാമിലേക്ക് തിരിച്ചു വരികയല്ല ചെയ്യുക. മറിച്ച് അവരുടെ നിരീശ്വര പ്രവചനത്തിന്റെ പുലര്‍ച്ച ആഘോഷിക്കുകയാണ് ചെയ്യുക. ഭൂമിക്കു പുറത്ത് ബുദ്ധിയുള്ള ജീവികളെ കണ്ടെത്തിയാല്‍ ദൈവത്തിന്റെ ആവശ്യമില്ല എന്ന് താന്‍ പറയുമെന്ന് പോള്‍ ഡിറാക്ക് അഭിപ്രായപ്പെടുകയുണ്ടായി.
പതിനേഴാം നൂറ്റാണ്ടില്‍ ദൂരദര്‍ശിനി വ്യാപകമായതോടെ, ഭൂമിക്ക് പ്രപഞ്ചത്തില്‍ അതിന്റെ കേന്ദ്രസ്ഥാനം നഷ്ടപ്പെട്ടു. ഭൂമി പോലെ അനേകം ഗ്രഹങ്ങള്‍ സൗരയൂഥത്തില്‍ കണ്ടു. ചന്ദ്രന്‍ പോലും, ഭൂമിയെ പോലെത്തന്നെ മണ്ണ് കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒന്നാണെന്ന് മനസ്സിലായി.  ഇതോടെ, അവിടെയെല്ലാം ജീവികളും മനുഷ്യരും ഉണ്ടാവാമെന്ന് വിശ്വസിക്കപ്പെട്ടു. ചന്ദ്രനില്‍ പോലും മനുഷ്യരുണ്ടെന്ന് വിശ്വസിക്കപ്പെട്ടു. ഇതൊന്നും മത വിശ്വാസങ്ങളല്ല; നേരത്തെ പറഞ്ഞത് പോലുള്ള ശാസ്ത്രീയ വിശ്വാസം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ റേഡിയോ കണ്ടുപിടിച്ച ഉടനെത്തന്നെ ഭൗമേതര ബുദ്ധിജീവികള്‍ക്കു  വേണ്ടിയുള്ള തെരച്ചിലും തുടങ്ങി. ഏറ്റവും ഒടുവിലത്തേത് വലിയ മൂല്യ നിക്ഷേപവുമായി സ്റ്റീഫന്‍ ഹോക്കിംഗും റഷ്യന്‍ കോടീശ്വരന്‍ യൂറീ മില്‍നറും കൂടി പ്രഖ്യാപിച്ച Break Through Initiative ആണ്.  ഇതിലെല്ലാം ഉപയോഗിച്ച തന്ത്രം റേഡിയോ സിഗ്നലുകള്‍ പ്രപഞ്ചത്തിലെ എല്ലാ മുക്കിലും അയച്ച് വല്ല പ്രതികരണവും ഉണ്ടോ എന്ന് പരിശോധിക്കലാണ്. അതേസമയം, പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണില്‍നിന്ന് അത്തരം സന്ദേശങ്ങള്‍ വരുന്നുണ്ടോ എന്നും പരിശോധിക്കും.  ഈ രീതിയില്‍ അനേകം കോടി പ്രകാശ വര്‍ഷങ്ങള്‍ക്കകലെ എത്രയോ കാലം മുമ്പ് മണ്‍മറഞ്ഞു പോയ ബുദ്ധിജീവി വര്‍ഗങ്ങളുടെ തല്‍ക്കാല സാന്നിധ്യവും അറിയാം.  കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നശിച്ചുപോയ നക്ഷത്രങ്ങളെ നാമിപ്പോള്‍ കാണുന്നത് പോലെ. മറ്റൊരു രീതി കൂറ്റന്‍ ദൂരദര്‍ശിനി ഉപയോഗിച്ച് അത്തരം വല്ല തെളിവുമുണ്ടോ എന്ന് നോക്കലാണ്.  ലോകത്തെ ഏറ്റവും വലിയ ദൂരദര്‍ശിനി ചൈനയില്‍ സ്ഥാപിച്ച FAST ആണ്. അതിന്റെ  വെബ്‌സൈറ്റില്‍ പറയുന്നത് 28 പ്രകാശവര്‍ഷമകലെ അതിനെത്താന്‍ കഴിയുമെന്നാണ്. അതിന്റെ പവര്‍ കൂട്ടിയാല്‍ ഒരു ദശലക്ഷം നക്ഷത്രങ്ങളെ അതിന് നിരീക്ഷിക്കാന്‍ കഴിയൂം. ഭൗമേതര ബുദ്ധിജീവികളെ തെരയുന്ന പ്രോജക്ടിനെ Search For Extraterrestrial Intelligence (SETI)  എന്നാണ് വിളിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലെ പ്രചോദനം ഭയാനക വ്യാപ്തിയുള്ള ഈ പ്രപഞ്ചത്തില്‍ ഭൂമിയിലേത് പോലെ ജീവന്‍ ഉണ്ടായിരിക്കണം എന്ന ചിന്തയാണ്.  ഭൂമിയിലാവാമെങ്കില്‍ മറ്റിടത്ത് എന്തുകൊണ്ട് ഉണ്ടായിക്കൂടാ എന്ന ലോജിക്ക്.
എന്നാല്‍, നൂറ് വര്‍ഷത്തിലേറെ കാലം പല ഭാഗത്തു നിന്നുമായി കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചു തെരഞ്ഞിട്ടും, സയന്‍സ് ഫിക്ഷനുകളിലും പറക്കുംതളികകള്‍ പോലുള്ള കെട്ടു കഥകളിലുമല്ലാതെ, ജീവന്റെ നേരിയ തുടിപ്പു പോലും കേള്‍ക്കാന്‍ സാധിച്ചില്ല (UFOയെ പറ്റി പെന്റ്ഗണ്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അവയെ പറ്റി ഒരു ഖണ്ഡിതമായ തീര്‍പ്പിലെത്തിയിട്ടില്ല എന്ന കാര്യം പരാമര്‍ശിച്ചത് വിസ്മരിക്കുന്നില്ല. അവ യഥാര്‍ഥം തന്നെയെങ്കില്‍ എന്തിനവ ഒളിച്ചുകളിക്കുന്നു? ജിന്നു വര്‍ഗമാണോ? ജിന്ന് എന്നതിന് ഒളിഞ്ഞിരിക്കുന്നത് എന്നാണര്‍ഥമെന്ന് കേട്ടിരുന്നു). ഒരിക്കല്‍ ഒരു ശക്തമായ സിഗ്‌നല്‍ അനുഭവപ്പെട്ടു. ഒരു നിമിഷ നേരത്തേക്ക്.  പിന്നീടൊരിക്കലും അത് കേള്‍ക്കുകയുണ്ടായില്ല. ഈ പരാജയം, പലരിലും ജീവന്‍ ഒരപൂര്‍വ വസ്തുവാണെന്ന ചിന്തയുളവാക്കി. ആദ്യത്തെ ന്യൂക്ലിയര്‍ റിയാക്ടറുടെ ശില്‍പിയും ന്യൂക്ലിയര്‍ യുഗത്തിന്റെ ആര്‍ക്കിടക്ടര്‍ എന്ന് വിളിക്കപ്പെടുകയും ചെയ്യുന്ന എന്റിക്കോ ഫെര്‍മി, ഫെര്‍മി വിരോധാഭാസം (Fermi Paradox) എന്ന പേരില്‍ അറിയപ്പെടുന്ന പ്രസ്താവനയിറക്കി. അതിങ്ങനെയാണ്: '...പ്രപഞ്ചത്തില്‍ ജീവികള്‍ പരക്കെയുണ്ടെങ്കില്‍, ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ അവരെ കണ്ടെത്തണം. എന്നാല്‍ അതിനുള്ള യാതൊരു തെളിവുമില്ല...' 1975-ല്‍, മിഖായേല്‍ ഹാര്‍ട്  (മുസ്‌ലിംകള്‍ക്ക് സുപരിചിതമായ The 100: A Ranking of the Most Influential Persons in History-യുടെ കര്‍ത്താവ്) അതിനെ വിപുലീകരിച്ച് എഴുതുകയുണ്ടായി. അതിനു ശേഷം ഈ വിരോധാഭാസം ഫെര്‍മി ഹാര്‍ട്ടിക് പാരഡോക്‌സ് എന്നാണ് അറിയപ്പെടുന്നത്. ഭൗമേതര ബുദ്ധിജീവികളുണ്ടെന്ന് വിശ്വസിക്കുകയും അവയെ പിന്തുണക്കുകയും ചെയ്യുന്നതോടൊപ്പം തന്നെ പീറ്റര്‍ ഷെന്‍കതല്‍ പ്രസ്താവിക്കുകയുണ്ടായി: '...പുതിയ കണ്ടെത്തലുകളുടെയും ഉള്‍ക്കാഴ്ചയുടെയും വെളിച്ചത്തില്‍, അമിതമായ ആത്മവിശ്വാസത്തെ വെടിയുകയും കുറേകൂടി യാഥാര്‍ഥ്യ ബോധത്തിലേക്ക് വരികയും ചെയ്യേണ്ടത് ആവശ്യമാണെന്ന് തോന്നുന്നു... ഒരു ദശലക്ഷം അല്ലെങ്കില്‍ ഒരു ലക്ഷം അല്ലെങ്കില്‍ പതിനായിരം ഭൗമേതര പരിഷ്‌കൃത സമൂഹം നമ്മുടെ ഗാലക്‌സിയിലുണ്ടെന്ന പഴയ മതിപ്പ് സാധൂകരിക്കാനാവില്ലെന്ന് നാം അംഗീകരിക്കേണ്ടിയിരിക്കുന്നു...'
ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ 'ആന്ത്രോപിക് തത്ത്വം' എന്നൊരു ആശയം രൂപപ്പെടുകയുണ്ടായി.  1972-ല്‍ കോപ്പര്‍നിക്കസിന്റെ അഞ്ഞൂറാം ജന്മ ശതാബ്ദി വേളയില്‍ ബ്രാണ്ടന്‍ കാര്‍ട്ടര്‍ എന്ന ഭൗതികശാസ്ത്രജ്ഞനാണ് ഈ തത്ത്വം ആദ്യമായി മുന്നോട്ട് വെച്ചത്. 'പ്രപഞ്ചത്തില്‍ മനുഷ്യന്‍ വിശിഷ്ട സ്ഥാനമലങ്കരിക്കുന്നില്ല' എന്ന കോപ്പര്‍നിക്കന്‍ പ്രമേയത്തെ ഖണ്ഡിച്ചുകൊണ്ടാണ് കാര്‍ട്ടര്‍ ഇത് അവതരിപ്പിച്ചത്. അത് കുറേ മതവിശ്വാസികള്‍, അല്ലെങ്കില്‍ ഡാര്‍വിനിസ്റ്റുകളുടെ ഭാഷയില്‍ സൃഷ്ടിവാദികള്‍, അവതരിപ്പിച്ച തത്ത്വമൊന്നുമല്ല. കാര്‍ട്ടര്‍ നിസ്സാര വ്യക്തിയുമല്ല. ജനറല്‍ റിലേറ്റിവിറ്റിയില്‍ സുപ്രധാന കണ്ടുപിടുത്തങ്ങള്‍ നടത്തിയ ഉന്നത ശാസ്ത്രജ്ഞനാണദ്ദേഹം.  റോഗര്‍ പെന്റോസിനൊപ്പം അദ്ദേഹം കണ്ടുപിടിച്ച Carter-Penrose Diagram,  മിങ്കോവിസ്‌കി ഡയഗ്ര(Minkowski Diagram)ത്തിന്റെ വിപുലീകരണമാണ്. ആന്ത്രോപിക് തത്ത്വത്തിനു പിറകിലെ വസ്തുതകള്‍ 1919-ല്‍ ഹെര്‍മെന്‍ വെയ്ല്‍ മുതല്‍ പോള്‍ ഡിറാക്കിലൂടെ ബ്രാണ്ടണ്‍ കാര്‍ട്ടര്‍ വരെയുള്ള ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിച്ചതാണ്.
ആന്ത്രോപിക് തത്ത്വം മാത്രമല്ല, മറ്റു പരികല്‍പനകളും ജീവന് അത്യന്താപേക്ഷിതമായ ഘടകങ്ങളുള്ള ഭൂമി പോലെയുള്ള  ഗ്രഹങ്ങളുടെ ദൗര്‍ലഭ്യം ചൂണ്ടിക്കാണിക്കുകയുണ്ടായി. Rare Earth Hypotheses എന്നാണത് അറിയപ്പെടുന്നത്. അത് പ്രകാരം, ജൈവ സങ്കീര്‍ണതകളുടെ പരിണാമത്തിന് വളരെയധികം സാഹചര്യങ്ങള്‍ ഒത്തു ചേരേണ്ടതുണ്ട്. Galactic Habitable Zone, Circumstellar Habitable Zone, ശരിയായ വലുപ്പത്തിലുള്ള ഗ്രഹം, ജൂപിറ്റര്‍ പോലുള്ള ഒരു ഗ്യാസ് ഭീമന്‍, ഒരു വലിയ ഉപഗ്രഹം, മാഗ്‌നറ്റോസ്ഫിയറും പ്ലേറ്റ്‌ടെക്ടോണിക്‌സും ഉറപ്പാക്കുന്ന സാഹചര്യങ്ങള്‍, ലിത്തോസ്ഫിയറും അന്തരീക്ഷവും സമുദ്രങ്ങളും, പിന്നെ എന്തെല്ലാം സാഹചര്യങ്ങളാണോ യൂകാരിയോട്ട് കോശത്തിന്റെയും ലൈംഗിക പ്രത്യുല്‍പാദനത്തിന്റെയും പരിണാമത്തിന് കാരണമായിത്തീരുന്നത് അതെല്ലാം.
മേലെഴുതിയതെല്ലാം ജീവനാവശ്യമായ പ്രാപഞ്ചിക പരിതഃസ്ഥിതികള്‍ എത്രത്തോളം ദുര്‍ലഭമാണെന്നാണ് വിശദീകരിക്കന്നത്. ചിത്രം വരക്കണമെങ്കില്‍ കാന്‍വാസോ ഒരു ചുമരെങ്കിലുമോ വേണമല്ലോ. അത് പോലും പ്രപഞ്ചത്തില്‍ വളരെ, വളരെ വിരളമാണെന്നാണ് ഈ വിദ്വാന്മാരെല്ലാം സമര്‍ഥിക്കുന്നത്. ഇനിയാണ് ചിത്രം. അതിനെന്തെല്ലാം വേണം? ആദ്യമായി ജീവന്റെ അടിസ്ഥാന ശിലകളായ അമിനോ ആസിഡിന്റെ സവിശേഷമായ അനുക്രമത്തിലൂടെ ഒരു പ്രോട്ടീനിന്റെ  സൃഷ്ടി. 200 അമിനോ ആസിഡുകളുള്ള ഒരു ശരാശരി പ്രോട്ടീനിലെ അമിനോ ആസിഡുകളെ ഏകദേശം 10-260 (അതായത്, ഒന്നിനു ശേഷം 260 പൂജ്യങ്ങള്‍ ഇട്ടാല്‍ കിട്ടുന്ന സംഖ്യ!) വിധത്തില്‍ ഘടിപ്പിക്കാമെന്നാണ് ഡി.എന്‍.എയുടെ ഘടന കണ്ടു പിടിച്ചു നോബല്‍ സമ്മാനം നേടിയ ഫ്രാന്‍സിസ് ക്രിക്ക് എഴുതിയിരിക്കുന്നത് (Life Itself, Its Origin and Nature - page 50). പ്രപഞ്ചത്തില്‍ ആകെ 10-80 പ്രോട്ടോണേയുള്ളുവെന്ന് ഓര്‍ക്കണം. ഇനി 10-260  തരത്തില്‍ ഘടിപ്പിക്കാന്‍ ഉള്ള സൗകര്യമുണ്ടായാലും പ്രോട്ടീനുണ്ടാവണമെന്നില്ല. 100 നാണയങ്ങള്‍ ടോസ് ചെയ്തിട്ടാല്‍ എല്ലാ ഹെഡ്ഡുകളും മുകളിലായി വരാനുള്ള സാധ്യത 10-30ല്‍ ഒന്നാണ്. പക്ഷേ, ഖിയാമത്ത് നാള്‍ വരെ ടോസ് ചെയ്തിട്ടാലും അത് സംഭവിക്കുകയില്ല.  എപ്പോഴും കുറേ ഹെഡ്ഡും കുറേ ടെയിലും എന്ന പാറ്റേണിലാണ് വരിക. ജീവന്‍ ഒരു അനന്ത ദുര്‍ലഭമായ  സംഭവമാണ് എന്ന ബോധ്യത്തില്‍ നിന്ന്, ഫ്രാന്‍സിറസ് ക്രിക്ക് പോലും പറയുകയുണ്ടായി: 'ഞാന്‍ വിശദീകരിച്ചത് പോലെ, ജീവന്‍ നിലവില്‍ വരാനുള്ള പ്രയാസം കണക്കിലെടുക്കുമ്പോള്‍, നാം പ്രപഞ്ചത്തില്‍ ഏകരാണെന്ന മീഖായേല്‍ ഹാര്‍ട്ടിന്റെ തീര്‍പ്പ്  ശരിയായിരിക്കാം' എന്ന്.  
ഇത് പ്രോട്ടീനിന്റെ കഥ. അതുകൊണ്ട് ചിത്രം പൂര്‍ത്തിയാവുന്നില്ല. അതിനു ശേഷം, ബാക്ടീരിയയുടെ  ഫ്‌ളാജെല്ലം മുതല്‍ മനുഷ്യ മസ്തിഷ്‌കം വരെ എന്തെല്ലാം. അനന്തകാലം നല്‍കിയാലും അതെല്ലാം നിലവില്‍ വരുമോ? ഏറ്റവും വലിയ നിഗൂഢത ബോധത്തിന്റേതാണ്. അതെന്താണെന്ന് നിര്‍വചിക്കാന്‍ തന്നെ ഇതു വരെയായിട്ടില്ല. എത്ര തന്നെ യുക്തിരഹിതമാണെങ്കിലും, പല പരിണാമ കഥകളുമുണ്ടല്ലോ. ബോധത്തിന്റെ. കാര്യത്തില്‍ അതുമില്ല. 'ജൈവവര്‍ഗോല്‍പ്പത്തി വിമര്‍ശന പഠനം' എന്ന എന്റെ പുസ്തകത്തില്‍ അതെത്ര വലിയ പ്രഹേളികയാണെന്ന് വിശദീകരിക്കാന്‍  ശ്രമിച്ചിട്ടുണ്ടെങ്കിലും, എന്റെ മനസ്സില്‍ കനത്ത മൂടലായി നിലകൊള്ളുന്ന അതിന്റെ  ദുര്‍ജ്ഞേയതയുടെ പത്ത് ശതമാനം പോലും വായനക്കാരുമായി പങ്കിടാന്‍ എനിക്കായിട്ടില്ല (ആ അധ്യായത്തിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ ലിങ്കില്‍ ലഭ്യമാണ് https://issuu.com/kachusman/docs/mind_s_i_-_the_ultimate_meracle_malayalam_). ഏതെല്ലാം പദാര്‍ഥങ്ങള്‍ കൂടിയാലാണ് 'ഞാന്‍' ആവുക? ഇത് ഓരോരുത്തര്‍ക്കും ചിന്തിക്കാനേ പറ്റുകയുള്ളൂ.
യഥാര്‍ഥത്തില്‍ ബോധമല്ല, ആത്മാവാണ് നിഗൂഢത.  സ്വന്തം നിലയില്‍ അത് ഇല്ലായ്മയോടടുത്ത അസ്തിത്വമാണ്.  ഗണിതശാസ്ത്രഭാഷയില്‍ അനന്തസൂക്ഷ്മം (Infinitesimal). അത്‌കൊണ്ട് പദാര്‍ഥവാദികള്‍ അതിന്റെ അസ്തിത്വം നിഷേധിക്കുന്നു. യഥാര്‍ഥത്തില്‍ ഖുദ്‌റത്തെ ഇലാഹി / ദൈവികമായ ശക്തിവിശേഷം അതിനെ ഉണ്മയിലേക്ക് കൊണ്ടുവരികയാണ് ചെയ്യുന്നത്.  ആ പ്രഹേളികയുടെ പ്രകടനങ്ങളെല്ലാം പദാര്‍ഥപരമായി വിശദീകരിക്കാന്‍ കഴിയുമെങ്കിലും, ആത്മാവെന്താണെന്ന് മാത്രം വിശദീകരിക്കാന്‍ കഴിയില്ല. അതെപ്പോഴെങ്കിലും സാധിക്കുമെന്നും തോന്നുന്നില്ല. ഏതൊരു കാര്യത്തെ മനുഷ്യബുദ്ധിയുടെ ഗ്രാഹ്യശക്തിക്ക് അതീതമാണെന്ന് അല്ലാഹു വ്യക്തമാക്കിയോ, മനുഷ്യന്‍ മനുഷ്യനായി നില നില്‍ക്കുവോളം അത് സാധിക്കുകയില്ല.
ഇതൊന്നും പരിഗണിക്കാതെയാണ് പദാര്‍ഥവാദികള്‍ 40 ബില്യന്‍ ഭൂമി പോലുള്ള ഗ്രഹങ്ങളുണ്ട്, അതില്‍ പലതിലും ജീവനുണ്ട് എന്നൊക്കെ പറയുന്നത്.  യാദൃഛികതയുടെ പൊതുനിയമത്തെ മാത്രം പരിഗണിച്ചുകൊണ്ടുള്ള പ്രവചനങ്ങള്‍ മാത്രമാണവ. ഒറ്റ നോട്ടത്തില്‍ ഒരു ഉദ്ദേശ്യവും  കാണാത്ത സൃഷ്ടികളുടെ ആധിക്യമാണ് ഇത്തരം പ്രവചനങ്ങളുടെ അടിസ്ഥാനം. ഉദ്ദേശ്യമൊന്നും വെളിപ്പെടാത്ത കോടിക്കണക്കിന് വസ്തുക്കളുടെയിടയില്‍ ഉദ്ദേശ്യങ്ങള്‍ വെളിപ്പെടുത്തുന്ന ചില വസ്തുക്കള്‍ കാണുമ്പോള്‍ അതിനെ ആസൂത്രണമെന്ന് പറയാനാവില്ല എന്നാണ് വാദം.
എന്നാല്‍ ഒറ്റ നോട്ടത്തിലുള്ള വിലയിരുത്തല്‍ മനുഷ്യന്റെ പക്വതയില്ലാത്ത മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. ആദ്യകാല നിരീശ്വര വാദികള്‍ സസ്യലോകത്ത് 99 ശതമാനവും പാഴ്‌ചെടികളും പാഴ്മരങ്ങളുമാണെന്ന് കരുതിയിരിക്കണം. നെല്ല്, ഗോതമ്പ് മുതലായവ ഒരു ശതമാനം യാദൃഛിക സൃഷ്ടിയായും കണക്കാക്കിയിരിക്കണം. എന്നാല്‍ നമുക്കിന്നറിയാം ഈ 99 ശതമാനം സസ്യങ്ങളും പ്രയോജന രഹിതമല്ലെന്ന്. അവ പല സുപ്രധാന ധര്‍മങ്ങളും ചെയ്യാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന്. ഏറ്റവും പ്രധാനമായി പ്രാണവായു നിര്‍മാണം, കാലാവസ്ഥാ സന്തുലിതത്വം മുതലായ മര്‍മ പ്രധാന ധര്‍മങ്ങള്‍ക്ക്  ഇവ അത്യന്താപേക്ഷിതമാണ്. ഒരു വാച്ചിന്റെ ഉള്ളകം നോക്കുമ്പോള്‍ അതിന്റെ പല്ലുചക്രങ്ങളൊക്കെ എന്തിനാണെന്ന് ഒരു കുട്ടിക്ക് തോന്നിയേക്കാം. പ്രപഞ്ചത്തിലെ ഒരു തരി മാത്രമായ  ഭൂമിയൊഴികെ അനന്തമായ ഈ പ്രപഞ്ചം മുഴുവന്‍ വന്ധ്യമായി കിടക്കുന്നതായി തോന്നുന്നതും ഇത് പോലെ നമ്മുടെ വളര്‍ച്ചയെത്താത്ത അറിവിന്റെ ഫലമാകാം. 
കോടാനുകോടി ഗ്രഹങ്ങളില്‍ മനുഷ്യന്‍ മാത്രം ബുദ്ധിജീവി എന്നതില്‍ അവിശ്വസനീയമായി ഒന്നും തന്നെ തോന്നുന്നില്ല; അതില്‍ ശഠിച്ചു നില്‍ക്കുന്നില്ലെങ്കിലും. തീര്‍ച്ചയായും യാദൃഛികതക്ക് നിരക്കുന്നതല്ല ഇതൊന്നും. ഇതിന്റെയെല്ലാം പിന്നില്‍ ഒരു നിയന്ത്രകന്‍ ഉണ്ട്. യഥാര്‍ഥത്തില്‍ യാദൃഛികം, ആകസ്മികം ഇതൊന്നും അല്ലാഹുവിന് ബാധകമല്ല. ഈ പ്രപഞ്ചത്തിലെ വെറും പൊടിയായ ഭൂമിയിലെ ശരാശരി അഞ്ചരയടി ഉയരമുള്ള മനുഷ്യന്റെ ഈ അനന്തസൂക്ഷ്മമായ ബുദ്ധിയില്‍ തോന്നുന്നത് മാത്രമാണ് അതൊക്കെ. ഒരു ഇലയനക്കത്തിനു കാരണമായ ഇളം തെന്നല്‍ പോലും വഴി തെറ്റി വരുന്നതല്ല. ആ അപാര ബുദ്ധി അളന്ന് കുറിച്ച് ആസൂത്രണം ചെയ്ത പ്രാപഞ്ചിക പദ്ധതിയുടെ ഭാഗം മാത്രമാണ്.
ഭൗമേതര ബുദ്ധിജീവി വര്‍ഗത്തിന്റെ ശാസ്ത്രീയ നിലപാട് വിശദീകരിക്കാന്‍ വേണ്ടിയാണ് ഇത്രയും എഴുതിയത്. അതേസമയം, അല്ലാഹു ഉദ്ദേശിക്കുകയാണെങ്കില്‍, ശാസ്ത്രം കണ്ടെത്തിയാലും ഇല്ലെങ്കിലും അവരുടെ ഉപരിലോക സാന്നിധ്യം തര്‍ക്കമറ്റ സംഗതി തന്നെയായിരിക്കും. എന്നാല്‍ വിശുദ്ധ ഖുര്‍ആനിലോ എല്ലാ നിലയിലും സ്വീകാര്യമായ ഹദീസിലോ അത്തരമൊരു പ്രവചനമുണ്ടോ? ടി.കെ യുടേതായി മേല്‍ പറഞ്ഞ ലേഖനത്തില്‍ ഉദ്ധരിച്ച സൂറ അശ്ശൂറ 9-ന്റെ പരിഭാഷയില്‍ ഇങ്ങനെയാണ് കാണുന്നത്: 'ഈ ജനം (പടുവിഡ്ഢികളായി) അവനെ വെടിഞ്ഞ് മറ്റു രക്ഷകന്മാരെ വരിച്ചുവെന്നോ? രക്ഷകനോ, അല്ലാഹു മാത്രമാകുന്നു. അവനാണ് മരിച്ചവരെ ജീവിപ്പിക്കുന്നത്. അവന്‍ സകല സംഗതികള്‍ക്കും  കഴിവുറ്റവനാകുന്നു.' ഇതില്‍ ഉപരിലോക ജീവികളുടെ പരാമര്‍ശമൊന്നും കാണുന്നില്ല. അച്ചടിപ്പിശകാണോ? അതോ മറ്റേതോ സൂറത്തും ആയത്തുമാണോ ഉദ്ദേശിച്ചത്?
ഉപരിലോക ബുദ്ധിജീവികളുടെ സാന്നിധ്യത്തിന് സാധാരണയായി ഉദ്ധരിക്കാറുള്ള മറ്റൊരു തെളിവ് ഇബ്‌നു അബ്ബാസ് (റ) സൂറഃ അത്ത്വലാഖിലെ അവസാന ആയത്ത് (65:12) വ്യാഖ്യാനിച്ചു പറഞ്ഞതാണ്. അതായത് നമ്മളെ പോലുള്ള മനുഷ്യരും നമ്മുടെ പ്രവാചകന്മാരെ പോലുള്ള പ്രവാചകന്മാരും ഭൂമിക്ക് പുറത്തുണ്ടെന്ന്. ഇത് നബി വചനമോ അതല്ല ഇബ്‌നു അബ്ബാസി(റ)ന്റെ  വ്യാഖ്യാനം മാത്രമോ? ഇബ്‌നു അബ്ബാസ് (റ) പറഞ്ഞത്, നമ്മളെ പോലുള്ളവര്‍ എന്നാണ്. അത് ഏഴില്‍ കൂടാന്‍ സാധ്യതയില്ല. കാരണം, ആ ആയത്തില്‍ പറയുന്നത് ഏഴാകാശവും തത്തുല്യമായ ഭൂമികളും എന്നാണ്. അല്ലാതെ, ഭൗമേതര ബുദ്ധിജീവി പക്ഷക്കാര്‍ പറയുമ്പോലെ ദശലക്ഷക്കണക്കിലൊന്നുമല്ല. പക്ഷേ, നമ്മളെന്തിന് തിടുക്കം കൂട്ടുന്നു? അങ്ങനെ ഭൗമേതര ബുദ്ധിജീവികളെയും കണ്ടെത്തിയാല്‍, അപ്പോള്‍ ആലോചിച്ചാല്‍ പോരേ? സ്വഹാബാക്കള്‍ അങ്ങനെയായിരുന്നു. മസ്ഊദ് (റഹ്) വിവരിക്കുന്നുഃ 'ഞാന്‍ ഉബയ്യുബ്‌നു കഅ്ബിനോട് ഒരു കാര്യം ചോദിച്ചു. അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു, ആ കാര്യം സംഭവിച്ചു കഴിഞ്ഞതാണോ എന്ന്. ഞാന്‍ പറഞ്ഞു, ഇല്ല എന്ന്. അദ്ദേഹം അരുളി, ആ കാര്യം സംഭവിക്കുന്നത് വരെ നമുക്ക് സാവകാശം നല്‍കുക. സംഭവിച്ചു കഴിഞ്ഞാല്‍, ആ വിഷയത്തില്‍ 'ഇജ്തിഹാദ്' (ഗവേഷണം) ചെയ്ത് നമ്മുടെ അഭിപ്രായം അറിയിക്കുന്നതാണ്.'
ഇനി എവിടെയെങ്കിലും ബുദ്ധിജീവി വര്‍ഗത്തെ കണ്ടെത്തുകയാണെങ്കില്‍, അത് ഖുര്‍ആനിന് എതിരാവുകയുമില്ല. അതാണ് ഖുര്‍ആന്റെ വഴക്കത്തിന്റെ സവിശേഷത.
സ്വഹാബാക്കള്‍ക്ക് വെളിപ്പെടാതിരുന്ന പല കാര്യങ്ങളും നമുക്കിന്ന് വെളിപ്പെട്ടിട്ടുണ്ട്. ഭൂമി ഉരുണ്ടതാണെന്നോ, അത് സൂര്യനു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നോ ഒന്നും ഇനി സംശയിക്കേണ്ടതില്ല. പണ്ഡിതന്മാര്‍ അത് വിശദീകരിച്ചു തരുന്നുമുണ്ട്. ശ്ലാഘനീയം തന്നെയത്. പക്ഷേ, ഇന്ന് വത്തിക്കാനില്‍ കാണുന്നത് പോലെ, ശാസ്ത്രത്തിന്റെ പേരില്‍ പറയുന്നതിനൊക്കെ ഖുര്‍ആനിന്റെ ആയത്ത് ഉദ്ധരിച്ച് വ്യാഖ്യാനിക്കുമ്പോള്‍, വ്യാഖ്യാനത്തിലെ അവധാനതയും അച്ചടക്കവും നഷ്ടപ്പെട്ടു പോകുന്നു. അത് ആരോഗ്യകരമായ പ്രവണതയല്ല.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി