Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

അമേരിക്കയുടെ പിടിവിടുകയാണ്

വാഇല്‍ അസ്വാം

അമേരിക്കന്‍ മേധാവിത്വം പിന്‍വാങ്ങുന്നതിന്റെയും അടിയറവ് പറയുന്നതിന്റെയും അടയാളങ്ങളാണ് രണ്ട് പതിറ്റാണ്ടായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ആ പരമ്പരയിലെ ഒടുവിലത്തേതാണ് റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം. അമേരിക്കയും കൂട്ടാളികളും സമാന്തര ശക്തികളായി ഉയര്‍ന്ന് വരുന്ന റഷ്യയോടും ചൈനയോടും മേഖലാ ശക്തിയായ ഇറാനോട് പോലും തോറ്റുകൊണ്ടിരിക്കുകയാണ്. ഒരു പ്രാദേശിക കൂട്ടായ്മ മാത്രമായ ത്വാലിബാന് മുമ്പില്‍ പോലും അമേരിക്ക മുട്ടുമടക്കി. ബഗ്ദാദിലെയും ദമസ്‌കസിലെയും ബൈറൂത്തിലെയും സന്‍ആയിലെയും കാബൂളിലെയുമൊക്കെ സൈനികവും അല്ലാത്തതുമായ ഇടപെടലുകള്‍ക്ക് ശേഷം തെളിഞ്ഞ് വരുന്ന പുതിയ ചിത്രം ഇതാണ്. രണ്ടാം ലോകയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് റഷ്യ കിഴക്കന്‍ യൂറോപ്പില്‍ അധിനിവേശത്തിന് ധൈര്യപ്പെടുന്നത്. അതിന്റെ റിഹേഴ്‌സല്‍ നടന്നത് സിറിയയിലും ലിബിയയിലുമായിരുന്നു. യുെക്രയ്ന്‍ അധിനിവേശത്തിന്റെ പരിണതി നോക്കിയായിരിക്കും തായ്‌വാനില്‍ എന്ത് ചെയ്യണമെന്ന് ചൈന തീരുമാനിക്കുക.
ബഗ്ദാദില്‍നിന്ന് തുടങ്ങി ബൈറൂത്തിലൂടെ കടന്ന് യമനിലെ സന്‍ആയില്‍ എത്തിനില്‍ക്കുന്നു മധ്യപൗരസ്ത്യ ദേശത്തെ മേഖലാ ശക്തിയായ ഇറാന്റെ രാഷ്ട്രീയ മേധാവിത്തത്തിന് വേണ്ടിയുള്ള യത്‌നങ്ങള്‍. യുെക്രയ്ന്‍ അനുഭവം മുമ്പിലുണ്ടായിട്ടും അറബ് രാജ്യങ്ങള്‍ ഇപ്പോഴും 'അമേരിക്കന്‍ സഹായം' പ്രതീക്ഷിച്ച് നില്‍പ്പാണ്. 'ഞങ്ങള്‍ക്കൊപ്പം പൊരുതാന്‍ ആരുമില്ല' എന്ന യുെക്രയ്ന്‍ പ്രസിഡന്റിന്റെ നിലവിളിയൊന്നും അവരെ നിലപാട് മാറ്റത്തിന് പ്രേരിപ്പിക്കുന്നില്ല. സ്വന്തമായ പ്രതിരോധത്തെക്കുറിച്ച് അവര്‍ ഇന്നേവരെ ചിന്തിച്ചിട്ടില്ല.
അമേരിക്ക ഒരുകാലത്തും ഒരു രാഷ്ട്രത്തിന്റെയും സുരക്ഷക്ക് വേണ്ടി യുദ്ധം ചെയ്തിട്ടില്ല. അവര്‍ യുദ്ധം ചെയ്തതൊക്കെ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി മാത്രമായിരുന്നു. ചെയ്ത മിക്ക യുദ്ധങ്ങളിലും അമേരിക്ക തോറ്റോടിയിട്ടുണ്ട്; അല്ലെങ്കില്‍ അവരുടെ കൂട്ടാളികള്‍ തോറ്റോടിയിട്ടുണ്ട്. വിയറ്റ്‌നാമില്‍ യുദ്ധത്തിന്റെ അവസാനം അമേരിക്കയോടൊപ്പമുണ്ടായിരുന്ന തെക്കന്‍ വിഘടനവാദികള്‍ തലസ്ഥാനത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നല്ലോ. അഫ്ഗാനിലും ഇത് ആവര്‍ത്തിച്ചു.
ഇറാഖിലേക്ക് അമേരിക്ക കടന്നത് 'പുതിയ മധ്യപൗരസ്ത്യം' ഉണ്ടാക്കാനാണ്. അവിടെ എന്ത് സംഭവിച്ചു? ഇറാഖ് ഇറാന്റെ പിടിയലമര്‍ന്നു. ഇറാന്റെ അധിനിവേശ മോഹങ്ങള്‍ക്കുള്ള കവാടമായി അത് മാറി. ഇയാദ് അലാവിയെപ്പോലുള്ള 'അമേരിക്കന്‍ ശിയാക്കളെ' ഇറാഖില്‍ കുടിയിരുത്താന്‍ അമേരിക്ക ശ്രമിച്ചെങ്കിലും അവസാനം എല്ലാം കൈപ്പിടിയിലൊതുക്കിയത് 'ടെഹ്‌റാന്‍ ശിയാക്കള്‍' ആണ്. അമേരിക്കന്‍ വിരുദ്ധ വികാരം ഇറാനോട് കൂറുള്ള ശീഈ ധാരകളാണ് മുതലെടുത്തത്. തങ്ങള്‍ ഇറാഖില്‍നിന്ന് ഒരു പാഠം പഠിച്ചെന്ന് ബറാക് ഒബാമ പറയുകയുണ്ടായി. അത് ഇതാണ്: 'മാറ്റം സൈനികമായി അടിച്ചേല്‍പ്പിച്ചാല്‍ അത് വിലപ്പോവുകയില്ല.' ഈ ഒബാമ തിയറിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അമേരിക്കയുടെ സൈനിക ഇടപെടലുകള്‍. ഒരു സംഘര്‍ഷ മേഖലയിലും അവരുടെ സൈന്യം നേരിട്ട് ഇടപെടുകയില്ല. സൈനികര്‍ക്ക് ജീവാപായം ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെങ്കില്‍ അവര്‍ വ്യോമാക്രമണം നടത്തിയെന്നിരിക്കും.
സിറിയയിലെത്തിയപ്പോള്‍ ഈ 'ഇറാഖ് പാഠ'മാണ് അവര്‍ ഓര്‍ത്തത്. ഇറാഖില്‍ കരസൈന്യത്തെ ഇറക്കി നേരിട്ട് ഇടപെട്ടു എന്ന അബദ്ധം സിറിയയില്‍ ആവര്‍ത്തിക്കരുതെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ബശ്ശാറുല്‍ അസദ് വീഴുമെന്ന് ഉറച്ച ഘട്ടത്തിലും അമേരിക്ക സിറിയന്‍ പ്രതിപക്ഷത്തെ സൈനികമായി സഹായിക്കാതിരിക്കുന്നത്. അഫ്ഗാനിസ്താനില്‍ നേര്‍ക്കുനേരെ സൈനികമായി ഇടപെട്ടതു കൊണ്ട് പ്രയോജനമുണ്ടായില്ല. സിറിയയിലും യമനിലും ലബനാനിലും സൈനികമായും അല്ലാതെയും സഖ്യകക്ഷികളെ സഹായിച്ചതുകൊണ്ടും ഒന്നും നേടാനായില്ല. ഭൂമിശാസ്ത്രപരമായി തങ്ങളുമായി എത്രയോ അകന്നുനില്‍ക്കുന്നു, തങ്ങളുടെ ദേശസുരക്ഷയെ ഒരു നിലക്കും ബാധിക്കാത്ത സംഘര്‍ഷ മേഖലകളില്‍ ഇടപെട്ടാണ് അമേരിക്ക ഒരുപാട് സ്വന്തം സൈനികരെ കുരുതികൊടുത്തത്. ഒപ്പം ഭീമമായ പണച്ചെലവും. അവസാനം എന്താകുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത ഇത്തരം സംഘര്‍ഷങ്ങളില്‍ ഇടപെടുന്നതിന് മുമ്പ് അമേരിക്ക നൂറുവട്ടം ആലോചിക്കും. അതാണിപ്പോള്‍ യുെക്രയ്‌നിലും സംഭവിച്ചിരിക്കുന്നത്. 
(ലണ്ടനിലെ അല്‍ ഖുദ്‌സുല്‍ അറബിയില്‍ പ്രസിദ്ധീകരിച്ചത്)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി