'ഖുര്‍ആന്‍: അകംപൊരുള്‍' പ്രസാധകക്കുറിപ്പില്‍ തിരിമറി
ഇത്തിഹാദുല്‍ ഉലമ കേരള പുറത്തിറക്കിയ 'ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകള്‍' എന്ന പുസ്തകം പുറത്ത് വന്നതിനെത്തുടര്‍ന്ന് അതില്‍ വസ്തുതാപരമായ അബദ്ധമുണ്ടെന്ന് ഒരു സുഹൃത്ത് ചൂണ്ടിക്കാണിക്കുകയുണ്ടായി. പ്രത്യേകിച്ചും പ്രസാധകക്കുറിപ്പില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് വിമര്‍ശിച്ചിരിക്കുന്നുവെന്നും, അത്തരം രീതികള്‍ നീതീകരിക്കാന്‍ കഴിയില്ലെന്നും ഏറെ രോഷാകുലനായിട്ടാണ് അദ്ദേഹം പറഞ്ഞത്. 'വസ്തുതക്ക് നിരക്കാത്ത പരാമര്‍ശങ്ങള്‍' എന്ന വിമര്‍ശനം ഏറെ അസ്വസ്ഥതയുണ്ടാക്കി. എവിടെ കുഴപ്പം എന്ന് പരിശോധിക്കാന്‍ വേണ്ടി 'അകംപൊരുള്‍' വീണ്ടും വായിച്ചപ്പോള്‍ സുഹൃത്ത് ഉന്നയിച്ച പ്രശ്‌നങ്ങളൊന്നുംതന്നെ നിലനില്‍ക്കുന്നതല്ലെന്നും നിരൂപണ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എല്ലാം അപ്പടിതന്നെ ശരിയാണെന്നും എനിക്ക് വീണ്ടും ബോധ്യപ്പെട്ടു.
ഖുര്‍ആന്‍-അകംപൊരുള്‍ എന്ന പുസ്തകത്തില്‍ പേജ് 5,6 ആയിട്ടാണ് ഒന്നാം ഭാഗത്ത് പ്രസാധകക്കുറിപ്പ് വന്നിരിക്കുന്നത്. ഒരേ പേജ് നമ്പറില്‍ത്തന്നെ, ഒരേ എഡിഷന്റെ ഭാഗമായിട്ടുതന്നെ, ഒരേ തീയതി വെച്ച്, ഒരേ വ്യക്തിയുടെ പേരില്‍ രണ്ട് രീതിയിലാണ് പ്രസാധകക്കുറിപ്പ് വന്നിരിക്കുന്നത് എന്നുള്ളതാണ് ഇതിലെ കൗതുകകരമായ കാര്യം. പുസ്തക പ്രസാധകരുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു മുന്‍ അനുഭവം ആര്‍ക്കുമില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഒരേ പുസ്തകത്തിന്റെ ഒരേ എഡിഷനില്‍ത്തന്നെ ഇത്തരം രണ്ട് കുറിപ്പുകള്‍ വന്നത് മറ്റൊരു സുഹൃത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ തന്റെ കൈയിലുള്ള കോപ്പി അദ്ദേഹവും പരിശോധിച്ചു. അപ്പോഴതാ മറ്റൊരു കൗതുകം, അദ്ദേഹത്തിന്റെ കൈവശമുള്ള ഒന്നാം എഡിഷനില്‍ 5,6 പേജുകളേ ഇല്ല; പ്രസാധകക്കുറിപ്പും ഇല്ല!
ഖുര്‍ആനും ഇസ്‌ലാമുമായി ബന്ധപ്പെട്ട് ഒരുപാട് മായങ്ങളും മറിമായങ്ങളും ഉള്ള 'അകം പൊരുള്‍' എന്ന വ്യാഖ്യാന പുസ്തകത്തില്‍ ഇങ്ങനെയൊരു 'മഹാ മായം' ഉള്ളത് ശ്രദ്ധയിലുണ്ടായിരുന്നില്ല. പ്രസാധകക്കുറിപ്പിന്റെ കാര്യത്തില്‍ ഒരേ ഗ്രന്ഥത്തിന്റെ ഒരേ എഡിഷനില്‍ 'മൂന്നു തരം നിലപാട്' പുസ്തക പ്രസാധകര്‍ എടുക്കാനുള്ള കാരണം എന്തായിരിക്കും? ന്യായമായ ഈ ചോദ്യത്തിന് വായനക്കാര്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
ജാതി ചിന്ത പോലെ തന്നെ മത ചിന്തയും അപകടകരമാണെന്ന നിലപാട് പ്രഖ്യാപിക്കുന്നതാണ് ആദ്യത്തെ പ്രസാധകക്കുറിപ്പ്. 'മത പ്രബോധനം' ലക്ഷ്യമല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തുടക്കത്തില്‍ ഗ്രന്ഥം വിപണിയില്‍ എത്തിയത്. മത-വേദ ഗ്രന്ഥമായ ഖുര്‍ആനിനെ വ്യാഖ്യാനിക്കുന്നയാള്‍ മതത്തെ സമ്പൂര്‍ണമായി തള്ളിപ്പറയുന്ന കാഴ്ചയാണ് അവിടെ ദൃശ്യമാകുന്നത്. മത-വേദ ഗ്രന്ഥത്തിന്റെ വ്യാഖ്യാനം പ്രസിദ്ധീകരിക്കുന്നയാള്‍ തന്നെ 'മതവിരുദ്ധനോ?' എന്ന പ്രസക്തമായ ചോദ്യം ഉയര്‍ന്നുവരികയും അതിനു മുന്നില്‍ ആയുധം വെച്ച് കീഴടങ്ങുകയും ചെയ്യുന്ന ഘട്ടമെത്തിയപ്പോള്‍ ആളറിയാതെ പിന്‍വലിയുന്ന തന്ത്രമാണ് പ്രസാധക സംഘം സ്വീകരിച്ചതെന്ന് തോന്നുന്നു. ഖുര്‍ആന്‍ പോലുള്ള ഒരു ബ്രഹൃദ് ഗ്രന്ഥത്തിന്റെ/ ദൈവിക ഗ്രന്ഥത്തിന്റെ വ്യാഖ്യാനമെന്ന ഭാരിച്ച ജോലി എത്ര അലസമായാണ് അകം പൊരുള്‍ ടീം നിര്‍വഹിച്ചത് എന്നതിന്റെ ജീവിക്കുന്ന തെളിവാണ് പ്രസാധകക്കുറിപ്പിലെ ഒളിച്ചുകളി എന്ന് പറയാതെ വയ്യ. ഖുര്‍ആന്റെ യഥാര്‍ഥ ഉള്ളടക്കം ജനങ്ങളെ അറിയിക്കുക എന്ന നല്ല ഉദ്ദേശ്യം ഈ പുസ്തകമെഴുത്തിനില്ലെന്നും, എന്തോ ദുരുദ്ദേശ്യം ഇതിന് പിന്നിലുണ്ടെന്നതിനും ഈ മറിമായങ്ങള്‍ മതിയായ തെളിവാണ്.
ആദ്യം എഴുതിയ പ്രസാധകക്കുറിപ്പില്‍, ഇസ്‌ലാമിലെ ഫിഖ്ഹ് (കര്‍മശാസ്ത്രം) ഫുഖഹാഅ് (കര്‍മശാസ്ത്ര പണ്ഡിതന്മാര്‍) തന്നിഷ്ടം പോലെ ആവിഷ്‌കരിച്ചതാണെന്നും നബിവാക്യങ്ങള്‍ അഥവാ ഹദീസ് സമാഹാരം വികലമാണെന്നും പറയുന്നു. മലയാളി വായിക്കുന്ന ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയെല്ലാം വികലമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്ന പ്രസാധകര്‍ പെട്ടെന്നതാ പിന്‍വലിയുന്നു; പക്ഷേ ഒട്ടും സത്യസന്ധതയില്ലാതെ! പിന്‍വലിയുന്ന വിവരം ആരും അറിയരുതെന്ന മട്ടില്‍ ഒരു ഒളിച്ചുകളി. ഈ ഒളിച്ചുകളിയും സത്യസന്ധതയില്ലായ്മയും ഈ വ്യാഖ്യാന പുസ്തകത്തില്‍ ഉടനീളം കാണാം.
'നാനാ ജാതി മതബോധ്യവും' 'മതാചാരങ്ങളും' പിന്തുടരുന്ന കുറേ സുമനസ്സുകളുടെ തഫ്‌സീറാണ് അകംപൊരുള്‍ എന്ന പ്രഖ്യാപനമാണ് പെട്ടെന്ന് അപ്രത്യക്ഷമായത്. 'നാനാ ജാതി മത ബോധ്യങ്ങള്‍' പിന്തുടരുന്നവരുടെ സാമ്പാര്‍ കൃതിയാണോ ഖുര്‍ആന്‍? അങ്ങനെയൊരു 'സാമ്പാര്‍' കൃതിയാക്കി ഖുര്‍ആനെ മാറ്റിയെടുക്കാനുള്ള പ്രസാധക ടീമിന്റെ ദുഷ്ടലാക്ക് കൈയോടെ പിടികൂടപ്പെട്ടപ്പോഴുള്ള വെപ്രാളമാണ് ഈ ഒളിച്ചുകളി എന്നതുറപ്പ്. ഈ പരിപ്പ് മലയാളത്തില്‍ വേവാന്‍ പോകുന്നില്ല. യുക്തിവാദി നേതാവ് ഇ.എ ജബ്ബാറിന്റെ അഭിപ്രായത്തില്‍ ഭാവിയുള്ള 'മതക്കച്ചവട'മാണത്രെ ഈ അകംപൊരുള്‍. ഇസ്‌ലാം മതത്തിന്റെ സാക്ഷാല്‍ പ്രബോധനം ഈ കേരളത്തില്‍ വിജയിക്കാന്‍ പോകുന്നില്ലന്നും, 'അകംപൊരുള്‍ മൗലവി' വിജയിക്കാന്‍ സാധ്യതയുണ്ടെന്നുമാണ് ജബ്ബാറിന്റെ വിലയിരുത്തല്‍.
ചുരുക്കത്തില്‍, 'അകംപൊരുള്‍' പുസ്തകത്തിന്റെ ഒന്നാം ഭാഗം മൂന്ന് വിധത്തിലാണ് വായനക്കാര്‍ക്ക് ലഭ്യമായിരിക്കുന്നത്.
1. മതചിന്തകളെയും ഫിഖ്ഹിനെയും നബി വാക്യങ്ങളെയും മുന്‍കാല ഖുര്‍ആന്‍ വ്യാഖ്യാനങ്ങളെയും തള്ളിപ്പറയുന്ന ശൈലിയിലുള്ള പ്രസാധകക്കുറിപ്പോടെ.
2. പ്രസാധകര്‍ക്ക് മതഭേദ ചിന്തകള്‍ ഇല്ലെന്നും വ്യാഖ്യാനങ്ങളുടെ ലോകത്തേക്ക് തങ്ങളുടെ ഒരു പുതിയ സംഭാവനയാണ് ഇതെന്നും, വിമര്‍ശനങ്ങളും നിരൂപണങ്ങളും സ്വാഗതം ചെയ്യുന്നുവെന്നുമുള്ള ലളിത ശൈലിയിലുള്ള പ്രസാധകക്കുറിപ്പോടെ.
3. പ്രസാധകക്കുറിപ്പ് തന്നെ ഇല്ലാതെ.
ഈ മൂന്നിനം പുസ്തകങ്ങളും പുസ്തക കച്ചവടത്തിന്റെ പുതിയ രീതിയാകാനാണ് സാധ്യത. അങ്ങനെയല്ലെങ്കില്‍ തെറ്റ് പറ്റിയത് തുറന്നു പറയാനും, സത്യസന്ധമായി വായനക്കാരെ സമീപിക്കാനും പ്രസാധകര്‍ തയാറാവുമല്ലോ? ഇതുവരെയും ആ സത്യസന്ധത വെളിപ്പെട്ടിട്ടില്ല.
Comments