Prabodhanm Weekly

Pages

Search

2022 മാര്‍ച്ച് 11

3241

1443 ശഅ്ബാന്‍ 08

ഇസ്‌ലാമിക സാമൂഹിക വ്യവസ്ഥയും സ്വതന്ത്ര ഗവേഷണവും

സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

ചോദ്യോത്തരം

ചോദ്യം: 'തഫ്ഹീമാത്തി'ല്‍ 'മസ്‌ലകെ ഇഅ്തിദാല്‍' (സന്തുലിത മാര്‍ഗം) എന്ന ശീര്‍ഷകത്തില്‍ സ്വഹാബിമാരുടെയും മുഹദ്ദിസുകളുടെയും പരസ്പര വിമര്‍ശനങ്ങള്‍ ഉദ്ധരിച്ചും, മുജ്തഹിദുകളുടെ ഇജ്തിഹാദും മുഹദ്ദിസുകളുടെ ഹദീസും തുല്യപ്രധാനങ്ങളായി സ്ഥാപിക്കാന്‍ ശ്രമിച്ചും എഴുതിയ ലേഖനം ഹദീസിന്റെ പ്രാധാന്യം കുറക്കാനും ഹദീസ് നിഷേധികളുടെ വിചാരഗതികള്‍ക്ക് ശക്തിപകരാനുമാണ് സഹായിക്കുക എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. വളരെ ശാന്തമായി ചിന്തിച്ചതിനെ തുടര്‍ന്നാണ് ഈ അഭിപ്രായം ഇവിടെ പങ്ക് വെക്കുന്നത്.
ഈ വിധം ചോദ്യങ്ങള്‍ താങ്കളെ സംബന്ധിച്ചിടത്തോളം അടിസ്ഥാന പ്രാധാന്യമുള്ളവയല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഥമ ഘട്ടത്തില്‍ മുഹദ്ദിസുകളും ഫുഖഹാക്കളും, രിവായത്തും ദിറായത്തും തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ചു എഴുതാന്‍ പാടില്ലായിരുന്നു. ഈ പ്രശ്‌നങ്ങള്‍ ഉന്നയിച്ചത് മൂലം തെറ്റിദ്ധാരണകള്‍ പ്രചരിക്കാനാണിടയായത്. ഇനിയിപ്പോള്‍ തക്ക സമയത്ത് ഈ തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഹദീസിന്റെ പ്രാധാന്യം കുറച്ചു കാണിക്കുന്ന സാഹിത്യങ്ങള്‍ എങ്ങനെ നമുക്ക് പ്രചരിപ്പിക്കാന്‍ സാധിക്കും? ജമാഅത്തിന്റെ വ്യവസ്ഥയനുസരിച്ചു അവ പ്രചരിപ്പിക്കല്‍ അനിവാര്യമാണുതാനും. ഇത് സംബന്ധമായ താങ്കളുടെ അച്ചടിക്കപ്പെട്ടതും അല്ലാത്തതുമായ ലേഖനങ്ങള്‍ വിമര്‍ശന സഹിതം പത്രങ്ങളിലും കത്തുകളിലും പ്രസിദ്ധീകരിക്കണമെന്നാണ് എന്റെ ആഗ്രഹം.
ഉത്തരം: ഫിഖ്ഹീ പ്രശ്‌നങ്ങളിലെ ഇജ്തിഹാദിന്റെയും ഇസ്തിന്‍ബാത്തിന്റെയും (ഗവേഷണ-നിയമ നിര്‍ധാരണം) അടിസ്ഥാന തത്ത്വങ്ങളെയും മാര്‍ഗങ്ങളെയും കുറിച്ച് അഭിപ്രായ വ്യത്യാസത്തിന് പഴുതില്ലാത്തതും ഏകകണ്ഠവുമായ ഒരു സംഗതി മുമ്പേ തന്നെ ആര്‍ക്കും പറയാന്‍ സാധിച്ചിട്ടില്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തിലും ഹദീസ് ശേഖരങ്ങളിലും ഈ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് വേണ്ടത്ര പഴുതുണ്ടെന്ന് ചിന്തിക്കുകയാണെങ്കില്‍ താങ്കള്‍ക്ക് എളുപ്പം മനസ്സിലാക്കാന്‍ സാധിക്കുന്നതാണ്. ഇക്കാരണത്താല്‍ തന്നെ സച്ചരിതരായ മുന്‍ഗാമികള്‍ക്കിടയില്‍ എല്ലാ കാലത്തും ഈ അഭിപ്രായാന്തരങ്ങള്‍ നിലനിന്ന് പോന്നിട്ടുണ്ട്. എന്നാല്‍ ഈ അഭിപ്രായ വ്യത്യാസങ്ങളുടെ താല്‍പര്യം അടിസ്ഥാന ദീനിന്റെ പ്രബോധനത്തിനും നിലനില്‍പിനും മുസ്‌ലിംകള്‍ ഒരു സംഘടനയാകാന്‍ പാടില്ലാത്തിടത്തോളം എപ്പോഴെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടോ? നൂറ്റാണ്ടുകള്‍ക്കിടയില്‍ അത്തരമൊരു സംഘടന നിലവില്‍ വന്നാല്‍ അവര്‍ ഫിഖ്ഹീ വിഷയങ്ങളെക്കുറിച്ചുള്ള സംസാരം ഉപേക്ഷിക്കണമെന്ന് അതിന് അര്‍ഥമുണ്ടായിരുന്നോ? അല്ലെന്നാണെങ്കില്‍ പിന്നെ ഈ ഫിഖ്ഹീ ഭിന്നതകള്‍ മുഴുവന്‍ ആദ്യമേ തുടച്ചു നീക്കണമെന്നാണോ?
ഇങ്ങനെയാണ് താങ്കളുടെ വീക്ഷണമെങ്കില്‍ എനിക്കതില്‍ ദുഃഖമുണ്ട്. അതിനെ നിര്‍ഭാഗ്യകരമെന്ന് മനസ്സിലാക്കുകയല്ലാതെ എനിക്ക് മറ്റെന്ത് ചെയ്യാനാകും. ഇനി ഇതല്ല താങ്കളുടെ വീക്ഷണമെങ്കില്‍ നമ്മുടെ ഈ ജമാഅത്ത് അടിസ്ഥാന ദീനിന്റെ പ്രബോധനത്തിനും നിലനില്‍പിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ദയവായി മനസ്സിലാക്കാന്‍ ശ്രമിക്കുക. ഖുര്‍ആനിലും സുന്നത്തിലും അടിസ്ഥാനങ്ങള്‍ ലഭ്യമായ തത്ത്വങ്ങളും മാര്‍ഗങ്ങളും പിന്‍പറ്റുന്ന എല്ലാ ഫിഖ്ഹീ പാതകളിലെയും ആളുകള്‍ ഈ കര്‍മമാര്‍ഗത്തില്‍ ഒരുമിച്ചു കൂടേണ്ടതാണ്. എന്നാല്‍ ഓരോ വ്യക്തിക്കും ഫിഖ്ഹീ മസ്അലകളില്‍ താത്ത്വിക പഴുതുകളുടെ പരിധി വരെ അന്വേഷണം നടത്താനുള്ള സ്വാതന്ത്ര്യം ലഭ്യമാകത്തക്കവിധമേ ഈ ഒരുമിച്ചു കൂടല്‍ സാധ്യമാകൂ. ദീനിന്റെ സംസ്ഥാപനാര്‍ഥമുള്ള ഒരുമിച്ചുകൂടലിന് തന്നെ തടസ്സം സൃഷ്ടിക്കും വിധം ഈ അന്വേഷണ സ്വാതന്ത്ര്യം വ്യത്യസ്ത കര്‍മസരണികള്‍ പിന്‍പറ്റുന്നവര്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായിക്കൂടാത്തതുമാണ്. താങ്കളെപ്പോലുള്ള ആളുകള്‍ പലപ്പോഴായി ഉന്നയിച്ചുകൊണ്ടിരിക്കുന്ന ഈ ചര്‍ച്ചയില്‍നിന്ന് ഇക്കാരണത്താലാണ് ഞാന്‍ ഒഴിഞ്ഞുമാറുന്നത്. ഒത്തൊരുമിക്കാനും അടിസ്ഥാന ദീനിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാനും കഴിയാത്ത വിധം ഫിഖ്ഹീ വിഷയങ്ങള്‍ അടിസ്ഥാന ദീനായി മനസ്സിലാക്കുന്ന മനോഭാവം മൂലം മുസ്‌ലിംകള്‍ കാലങ്ങളായി പരസ്പരം കലഹിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥയില്‍ എനിക്ക് ദുഃഖമുണ്ട്. ഇതേ മനസ്ഥിതി തന്നെ പിന്നെയും പിന്നെയും തുടരുകയാണ്. ദീനിന്റെ സമസ്ത അടിസ്ഥാനവും താങ്കള്‍ ചര്‍ച്ചയില്‍ കൊണ്ടുവന്ന അതേ കാര്യങ്ങള്‍ മാത്രമാണെന്നാണ് തോന്നുക. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിങ്ങളെപ്പോലുള്ളവര്‍ക്കുള്ള അത്രസമയം എനിക്കില്ലെന്ന് ഞാന്‍ ആദ്യമേ പറഞ്ഞു കഴിഞ്ഞതാണ്. അതിനാല്‍ ചുരുക്കം ചില കാര്യങ്ങള്‍ വ്യക്തമാക്കാം. ഇനി ഞാന്‍ മറ്റെല്ലാം ഉപേക്ഷിച്ചു ഈ ചര്‍ച്ചകളില്‍ തന്നെ കെട്ടുപിണയണമെന്നാണ് താങ്കളുടെ ഉദ്ദേശ്യമെങ്കില്‍ രിവായത്തിനെയും ഇജ്തിഹാദിനെയും സംബന്ധിച്ച് വിശദമായ മറ്റൊരു ലേഖനം എനിക്കെഴുതാവുന്നതാണ്. പക്ഷേ, താങ്കളെപ്പോലുള്ളവര്‍ക്ക് അതും തൃപ്തികരമായിരിക്കില്ല എന്നതായിരിക്കും ഫലം എന്നുറപ്പ്. മറിച്ച് ജമാഅത്തിനകത്തും പുറത്തുമുള്ള സകലമാന അഹ്‌ലെ ഹദീസ് മാന്യന്മാരും എന്നോടൊപ്പം ആ ചര്‍ച്ചയില്‍ കെട്ടുപിണയുകയും ഒരു ലക്ഷ്യത്തിന് വേണ്ടി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുക നമുക്ക് അസാധ്യമാവുകയുമായിരിക്കും തന്മൂലം സംഭവിക്കുക. പിന്നെ ഈ കുഴപ്പം അവിടെയും അവസാനിക്കുകയില്ല. പ്രത്യുത, ഈ ചര്‍ച്ചയുടെ കവാടം തുറന്നാല്‍ നിങ്ങളെപ്പോലെത്തന്നെ ചില ഹനഫീ സുഹൃത്തുക്കള്‍ക്ക് നീരസമുള്ള എന്റെ മറ്റ് ചില ലേഖനങ്ങളും ചര്‍ച്ചക്ക് വരും. അന്യോന്യം ചേരിതിരിഞ്ഞു ഒരു യുദ്ധം തുടങ്ങുകയായിരിക്കും ഫലം. അതിനാല്‍ ഇത് തന്നെയാണോ താങ്കളുടെ ഉദ്ദേശ്യമെന്ന് ഒന്ന് കൂടി ആലോചിച്ച ശേഷം എനിക്കെഴുതുക.
ഇതൊന്നും അടിസ്ഥാന പ്രാധാന്യമുള്ള വിഷയമല്ലെങ്കില്‍ ജമാഅത്തിന്റെ തുടക്കത്തില്‍ അതിനെക്കുറിച്ചു എഴുതിയത് ഉചിതമായില്ല എന്നതാണ് ഇനി അവശേഷിക്കുന്ന വിഷയം. ഏതെങ്കിലും ഒരു വിഭാഗത്തിന് നീരസമുണ്ടാക്കാത്ത ഒരു വിഷയവും ഇതേവരെ ഞാന്‍ എഴുതിയിട്ടില്ല എന്നാണ് അതിനെ സംബന്ധിച്ചു എനിക്ക് നിങ്ങളോടു ഉറപ്പിച്ചു പറയാനുള്ളത്. മുസ്‌ലിംകളില്‍ ഒരു വിഭാഗത്തിനും നീരസമുളവാക്കാത്ത വിഷയങ്ങളേ എഴുതൂ എന്ന് ഞാന്‍ തീരുമാനിക്കുകയാണെങ്കില്‍ പിന്നെ ഒരുവേള ഒരു വിഷയത്തെകുറിച്ചും എനിക്ക് എഴുതാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ഉറപ്പിച്ചു കൊള്ളുക. ഏതദ്വിഷയകമായി ഞാന്‍ എത്രമാത്രം നിഷ്‌ക്രിയനാകുമോ അതിനേക്കാളുപരി നിങ്ങളെപ്പോലുള്ളവരായിരിക്കും നിഷ്‌ക്രിയരായി മാറുക. താങ്കള്‍ പ്രബോധന പ്രവര്‍ത്തനത്തിനായി എഴുന്നേറ്റു നില്‍ക്കുകയാണെങ്കില്‍ അഹ്‌ലെ ഹദീസ് സുഹൃത്തുക്കള്‍ക്കല്ലാതെ മറ്റൊരു വിഭാഗത്തിനും പൊറുപ്പിക്കാന്‍ കഴിയാത്ത ഏതാനും പേജുകള്‍ പോലും നിങ്ങള്‍ക്ക് എഴുതാന്‍ കഴിയുകയില്ല. അപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുക എന്നതല്ല അടിസ്ഥാനപരമായ കാര്യം എന്ന് നന്നായി മനസ്സിലാക്കുക. പ്രത്യുത ഏത് വ്യക്തിയാകട്ടെ എന്തെഴുതുകയാണെങ്കിലും യുക്തിദീക്ഷയോടും പരിധികള്‍ പാലിച്ചും അന്വേഷണത്തിന്റെ ഗൗരവം നിലനിറുത്തിയും എഴുതുകയും, അത് കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുന്നവരില്‍ അല്‍പം ക്ഷമയും ഹൃദയവിശാലതയും സഹിഷ്ണുതയും അടിസ്ഥാനപരവും ശാഖാപരവും തമ്മില്‍ വിവേചിച്ചറിയാനുള്ള സിദ്ധിയും ഉണ്ടായിരിക്കുകയുമാണ്.
സാഹിത്യങ്ങളില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളുണ്ടാകുമ്പോള്‍ എങ്ങനെ അവ പ്രചരിപ്പിക്കാന്‍ സാധിക്കും എന്ന താങ്കളുടെ ചിന്താഗതിയില്‍ അത്ഭുതവും വൈചിത്ര്യവും തോന്നുന്നു. എല്ലാ കാര്യങ്ങളും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഏതെങ്കിലും സാഹിത്യമുണ്ടെങ്കില്‍ അതൊന്ന് ചൂണ്ടിക്കാണിച്ചു തരാന്‍ ഞാന്‍ താങ്കളോടു അപേക്ഷിക്കുന്നു; ഇന്നത്തെ യുഗത്തിലില്ലെങ്കില്‍ മുന്‍ഗാമികളുടെ യുഗത്തിലേതെങ്കിലും.
താങ്കളോ സമാനാശയക്കാരായ സുഹൃത്തുക്കളോ എന്റെ എഴുത്തുകള്‍ക്ക് ഒരു വിമര്‍ശനം എഴുതി പ്രസിദ്ധീകരിച്ച് ഈ ചര്‍ച്ചക്ക് വിരാമമിടുകയാണെങ്കില്‍ ഞാന്‍ അതിനെ ഹൃദയംഗമമായി സ്വീകരിക്കും. ആ വിമര്‍ശനത്തിന് ഒരക്ഷരം പോലും മറുപടിയായി എഴുതുകയുമില്ല. അങ്ങനെയെങ്കിലും ഈ പ്രശ്‌നത്തിന് ഒരവസാനമുണ്ടാകുമല്ലോ (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂലൈ-ഒക്‌ടോബര്‍ 1944). 
വിവ: വി.എ.കെ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 56-59
ടി.കെ ഉബൈദ്‌

ഹദീസ്‌

ഇസങ്ങളുടെ 'സാഹിറുകള്‍'
നൗഷാദ് ചേനപ്പാടി