Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

തേഞ്ഞു പോകാന്‍ പാടില്ലാത്തത്‌

സി.കെ മുനവ്വിര്‍, ഇരിക്കൂര്‍

നിന്റെ ഹൃദയത്തിലെ കാരുണ്യം
കരുണാവാരിധിയെടുത്തു
കളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യണം
അനുചരന്റെ മുന്നില്‍
പൗത്രര്‍ക്ക് ചുംബനം നല്‍കിയ
തിരുദൂതരോട്
എനിക്കുള്ള പതിനൊന്ന് മക്കളില്‍
ഒരാള്‍ക്ക് പോലും
ഇന്നേ നാള്‍വരെ
ഇതുപോലൊരു ചുംബനം
കൊടുത്തില്ലെന്ന് പറഞ്ഞപ്പോഴാണ്
പ്രവാചകനിത് മൊഴിഞ്ഞത്

ഹൃദയ തന്തുക്കളില്‍
സദാ നേരം മീട്ടേണ്ടുന്ന
മധുര രാഗത്തെയാണ്
കാരുണ്യമെന്ന്
പേരിട്ടു വിളിക്കുന്നത്

നല്ലൊരു നോട്ടത്തിന്
ഇറുക്കിപ്പിടിച്ച കൈയൊന്ന്
നീട്ടുന്നതിന്
ദീനം പിടിച്ചവന്റെ ചാരത്ത്
ഉറക്കമൊഴിച്ചിത്തിരി
കഴിയുന്നതിന്
അതിതീവ്രമായിത്തന്നെ
മനുജന്റെയുള്ളിലീ രാഗം
മീട്ടിക്കൊണ്ടേയിരിക്കണം

അന്നത്തിന്
തെരുവില്‍ കടിപിടികൂടുന്ന
കുഞ്ഞുങ്ങളെക്കാണുന്നതും
ഗ്രാമങ്ങളില്‍ പോലും
വിവിധ ഭാവങ്ങളില്‍
ഓള്‍ഡേജ് ഹോമുകള്‍
തഴച്ചു വളരുന്നതും
ആശുപത്രിക്കിടക്കയില്‍
അനാഥമാക്കപ്പെടുന്ന
അഛനമ്മമാരും മക്കളുമുണ്ടാകുന്നതും
അരിഞ്ഞു വീഴ്ത്തപ്പെട്ട ശിരസ്സും
കൊത്തിയെടുക്കപ്പെട്ട
കൈകാലുകളും
സോഷ്യല്‍ മീഡിയയില്‍
കറങ്ങി നടക്കുന്നതും
കരുണ വറ്റിയ ഹൃദയങ്ങള്‍
ഏറുന്നത് കൊണ്ടാണ്


ഊതിയാല്‍ ആളിപ്പടരുന്നതും
യുഗങ്ങളോളം
ഫലങ്ങളനവധി
നല്‍കുന്നതുമാണ്
ദൈവസത്തയില്‍
കൊത്തിവെക്കപ്പെട്ട
കാരുണ്യമെന്ന ഗുണം

വാന ഭുവനങ്ങള്‍
അന്യോനം കൈമാറ്റം ചെയ്യുന്ന
വികാരവായ്പാണത്

ഭൂമിയിലുള്ളവരോട്
കരുണ കാട്ടിയെന്നാകിലേ
ദൈവകാരുണ്യം പ്രതീക്ഷിക്കവേണ്ടു
നബി വചനം വിതറുന്ന
പാരസ്പര്യമളന്നു കണക്കാക്കുവാന്‍
അളവുകോല്‍ മറ്റൊന്ന്
കണ്ടെത്തുക വേണം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌