ഇസ്തംബൂളിലെ 'മഞ്ഞു രാഷ്ട്രീയം'
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ മുന്‍ ഉപദേഷ്ടാക്കളിലൊരാളാണ് യാസീന്‍ അഖ്ത്വായ്. അക് പാര്‍ട്ടിയുമായും ഏറെ അടുത്ത ബന്ധം പുലര്‍ത്തുന്നു. അല്‍ജസീറ ഡോട്ട് നെറ്റില്‍ (അറബി) കോളം ചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ അദ്ദേഹം എഴുതിയത് ഇസ്തംബൂള്‍ നഗരസഭയിലെ 'മഞ്ഞു രാഷ്ട്രീയ'ത്തെക്കുറിച്ചാണ്. കഴിഞ്ഞ മാസം ഇസ്തംബൂള്‍ നഗരത്തിലുണ്ടായത് കനത്ത മഞ്ഞുവീഴ്ചയാണ്. യൂറോപ്പില്‍ തന്നെ ഏറ്റവും തിരക്കേറിയ ഇസ്തംബൂള്‍ വിമാനത്താവളം വരെ അടച്ചിടേണ്ടി വന്നു. തദ്ദേശവാസികളും ടൂറിസ്റ്റുകളും തിരക്കേറിയ നഗരവീഥികളില്‍ കുടുങ്ങി. അര മണിക്കൂര്‍ യാത്രാ ദൂരമുള്ളവര്‍ക്ക് പോലും ദിവസം മുഴുവന്‍ ഭക്ഷണം പോലുമില്ലാതെ തങ്ങളുടെ വണ്ടിക്കകത്ത് കുടുങ്ങിക്കിടക്കേണ്ടി വന്നു. യാസീന്‍ അഖ്ത്വായ് എന്ന കോളമിസ്റ്റ് പറയുന്നത്, ഇത്തരം മഞ്ഞുവീഴ്ചകള്‍ തുര്‍ക്കിയില്‍ അസാധാരണമല്ല എന്നാണ്. പക്ഷെ അന്നൊന്നും ഇത് പോലുള്ള ഒരു 'വെള്ള ദുരന്തം' ഉണ്ടായിട്ടില്ല.
അഞ്ച് വര്‍ഷം മുമ്പ് 2017-ല്‍ ഇതേ അളവില്‍ മഞ്ഞ് വീഴ്ചയുണ്ടായിരുന്നു. പലേടത്തും 120 സെ.മീറ്റര്‍ കട്ടിയിലാണ് മഞ്ഞ് വീണു കിടന്നത്. ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി (അക്) യിലെ ഖദീര്‍ ത്വൂബാശ് ആണ് അന്ന് ഇസ്തംബൂള്‍ നഗരസഭ ഭരിക്കുന്നത്. പക്ഷെ ആ മഞ്ഞ് വീഴ്ചയില്‍ നഗരവാസികള്‍ക്ക് ഇത് പോലെ നട്ടം തിരിയേണ്ടിവന്നില്ല. മഞ്ഞുവീഴ്ചയും ശീതക്കാറ്റുമുണ്ടാവുമെന്ന് നേരത്തെ കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. അതനുസരിച്ച് നഗരസഭ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വലിയ മഞ്ഞുകോരികള്‍ ഒരുക്കി നിര്‍ത്തി. വഴികളില്‍ ഉപ്പ് വിതറി. അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയാറെടുപ്പുകള്‍ നഗരത്തിന്റെ മുക്കുമൂലകളില്‍ വരെ ഉണ്ടായിരുന്നു. ആയതിനാല്‍ ആ മഞ്ഞു വീഴ്ച ഒരു ദുരന്തമായി പരിണമിച്ചില്ലെന്ന് മാത്രമല്ല, നഗരവാസികള്‍ അതൊരു ആഘോഷമാക്കി മാറ്റുകയും ചെയ്തു. കൃഷിക്ക് വളരെ പ്രാധാന്യം നല്‍കുന്ന തുര്‍ക്കിയെ സംബന്ധിച്ചിടത്തോളം മഞ്ഞുവീഴ്ച അനുഗ്രഹമാണ്. നന്നായി വിളവ് ലഭിക്കാന്‍ അത് വേണം. മഞ്ഞുവീഴ്ച കുറഞ്ഞ വര്‍ഷങ്ങളില്‍ വിളവിലും കുറവുണ്ടാകും. മഞ്ഞുവീഴ്ച രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ മുന്‍കരുതലുകളെടുക്കുക എന്നതേ ചെയ്യേണ്ടതുള്ളൂ.
ഇനി ഇതിന്റെ രാഷ്ട്രീയത്തിലേക്ക് വരാം. ഏതാനും വര്‍ഷങ്ങളായി ഇസ്തംബൂള്‍ നഗരസഭ ഭരിക്കുന്നത് കമാല്‍ അത്താതുര്‍ക്കിന്റെ പാരമ്പര്യം അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയാണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി അക് പാര്‍ട്ടിയും അതിന്റെ പൂര്‍വഗാമികളുമാണ് ഈ നഗരസഭ ഭരിച്ചിരുന്നത്. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ പാര്‍ട്ടിക്കും ഭരണകൂടത്തിനും സംവിധാനങ്ങള്‍ ഉണ്ടായിരുന്നു. പീപ്പ്ള്‍സ് പാര്‍ട്ടിയുടെ അക്‌റം ഇമാം ഒഗ്‌ലു ഇസ്തംബൂള്‍ മേയറായതോടെ എല്ലാം അട്ടിമറിഞ്ഞു എന്നാണ് ആരോപണം. കഴിവുള്ളവരെയല്ല, സ്വന്തക്കാരെ ഉയര്‍ന്ന പദവികളില്‍ തിരുകിക്കയറ്റി എന്ന ആരോപണവും അദ്ദേഹം നേരിടുന്നുണ്ട്. കനത്ത മഞ്ഞും ശീതക്കാറ്റും ഉണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ദിവസങ്ങള്‍ക്ക് മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും ഒരു മുന്‍കരുതലും എടുക്കാന്‍ കഴിയാതിരുന്നത് അതുകൊണ്ടാണ്. എന്ന് മാത്രമല്ല, ഇസ്തംബൂള്‍ നഗരം മഞ്ഞുപാളികളില്‍ കുടുങ്ങിക്കിടക്കവെ ഇസ്തംബൂള്‍ മേയര്‍ രാഖി(ഒരു തരം മദ്യം)യും കുടിച്ച് ഒരു ഹോട്ടലില്‍ അലസനായി ഇരിക്കുന്ന ഫോട്ടോയും പുറത്ത് വന്നു. ദുരന്തമൊന്നും അദ്ദേഹത്തിന് ഏശിയിട്ടില്ലെന്നര്‍ഥം. മദ്യസേവക്ക് ഒപ്പമുണ്ടായിരുന്നത് മറ്റാരുമല്ല, തുര്‍ക്കിയിലെ ബ്രിട്ടീഷ് അംബാസഡര്‍. അടുത്ത് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ എതിരാളിയായി അക്‌റം വരുമെന്നാണ് കേള്‍ക്കുന്നത്. ബ്രിട്ടന്റെയും മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളുടെയും പിന്തുണ ഉറപ്പിക്കാനാവണം ഈ കൂടിക്കാഴ്ച്ച. താന്‍ മേയറായ നഗരം മഞ്ഞുപാളികളില്‍ കുടുങ്ങിയത് അതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമല്ലല്ലോ. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അക്‌റമിന്റെ മീഡിയാ ഉപദേഷ്ടാവ് മുറാദ് ഓന്‍ഗോന്‍ കുടുംബ സമേതം ജനീവയിലേക്ക് ഉല്ലാസയാത്ര നടത്തിയതും വിവാദമായിട്ടുണ്ട്. നഗരത്തില്‍ വെള്ളപ്പൊക്കവും ഭൂകമ്പവുമുണ്ടായപ്പോഴും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടവരുടെ അനാസ്ഥ വിമര്‍ശിക്കപ്പെട്ടിരുന്നു. ഇങ്ങനെ കഴിഞ്ഞ മാസത്തെ ഇസ്തംബൂള്‍ മഞ്ഞുവീഴ്ച അക്‌റം ഓഗ്‌ലുവിന്റെ ഭരണപരാജയം പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി മാറിക്കഴിഞ്ഞെന്നാണ് കോളമിസ്റ്റ് യാസീന്‍ അഖ്ത്വായ് നിരീക്ഷിക്കുന്നത്.
ആ കൊടും കൂരിരുട്ട് വലയം ചെയ്തത്
റയ്യാനെ മാത്രമല്ല
രണ്ടാഴ്ച മുമ്പ് അറബ് മീഡിയയില്‍ നിറഞ്ഞു നിന്നത് റയ്യാന് വേണ്ടിയുള്ള പ്രാര്‍ഥനകളായിരുന്നു. സംഭവം നടക്കുന്നത് മൊറോക്കോയിലെ ശഫ്ശാഫന്‍ ഗ്രാമത്തിലാണ്. ഗ്രാമീണ ദമ്പതികളുടെ അഞ്ച് വയസ്സുള്ള മകന്‍ റയ്യാന്‍ ഒറാന്‍ മുപ്പതിലധികം മീറ്റര്‍ താഴ്ചയുള്ള ഉപയോഗശൂന്യമായ കിണറിലേക്ക് വീഴുകയായിരുന്നു. വീതി കുറഞ്ഞ കിണറായതിനാലും ഇടിയാന്‍ സാധ്യതയുള്ളതിനാലും രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായി. അഞ്ച് ദിവസത്തെ കഠിനാദ്ധ്വാനത്തിന് ശേഷം സമാന്തരമായി കുഴിയെടുത്ത് കിണറിന്റെ അടിത്തട്ടിലെത്തി കുട്ടിയെ രക്ഷിച്ചെങ്കിലും ഏറെ കഴിയുന്നതിന് മുമ്പ് അവന്‍ മരണത്തിന് കീഴടങ്ങി. ഈ സംഭവത്തെ അറബ് സമൂഹം കടന്നു പോകുന്ന ദൈന്യതയുടെ രൂപകമായെടുത്ത് അറബി കോളമിസ്റ്റ് ഉസാമ ജാവീഷ് എഴുതിയ 'തന്റെ മരണം കൊണ്ട് നമുക്ക് ജീവന്‍ നല്‍കിയ റയ്യാന്‍' എന്ന കുറിപ്പിന്റെ (അറബി 21, 2022, ഫെബ്രു. 6) പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ:
നാം കേട്ടും പഠിച്ചും പോന്നത് ഘനാന്ധകാരമുള്ള ഏത് തുരങ്കത്തിന്റെ ഒടുവിലും വെളിച്ചമുണ്ടാകും എന്നാണ്. ഇരുട്ടു മൂടിയ രാത്രിക്ക് ശേഷം പ്രഭാതം വരാനിരിക്കുന്നു എന്നും. കുഞ്ഞേ, കഴിഞ്ഞ അഞ്ച് ദിവസമായി നീ കണ്ടത് കിണറിന്റെ, അതിന്റെ ഭിത്തികളുടെ അന്ധകാരം മാത്രം. നിന്റെ ദുര്‍ബല ശരീരം എന്ത് മാത്രം പേടിയിലും വേദനയിലുമാവും ഓരോ നിമിഷവും തള്ളി നീക്കിയിട്ടുണ്ടാവുക! രക്ഷിക്കണേ എന്ന് എത്ര ഉറക്കെ നീ കരഞ്ഞിട്ടുണ്ടാവും. ഒരാളുമത് കേള്‍ക്കുന്നുണ്ടായിരുന്നില്ല....റയ്യാന്‍ കിണറ്റില്‍ വീണത് പോലെ നമ്മുടെ അറേബ്യന്‍ സമൂഹങ്ങളും സ്വേഛാധിപത്യത്തിന്റെ ഇരുള്‍ മുറ്റിയ കിണറിലേക്ക് വീണുപോയിരിക്കുകയാണ്. വളരെ പ്രതീക്ഷയോടെ റയ്യാന്‍ ജീവിതത്തിലേക്ക് തിരിച്ച് നടന്നതാണ്. സ്വാതന്ത്ര്യത്തിന്റെ പുതു വായു ശ്വസിച്ചു തുടങ്ങിയതാണ്. പെട്ടെന്ന് എല്ലാം തകിടം മറിഞ്ഞു. എല്ലാ സ്വപ്‌നങ്ങളും തകര്‍ന്നടിഞ്ഞു. അറബ് ലോകത്തിനും അത് തന്നെയല്ലേ സംഭവിച്ചത്?
സ്വേഛാധിപത്യത്തിന്റെ അറ്റം കാണാത്ത, ഇരുളല്ലാതെ മറ്റൊന്നുമില്ലാത്ത കിണര്‍. എന്നിട്ടും നാം പ്രതീക്ഷ കൈവിടാതെ പിടിച്ചു നിന്നു. തുരങ്കത്തിനപ്പുറം വെളിച്ചമുണ്ടെന്ന് തന്നെ നാം ഉറച്ചു വിശ്വസിച്ചു. അറബ് വസന്തത്തിലൂടെ നാമൊരു വിധം കിണറ്റില്‍ നിന്ന് കരകയറി സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിച്ചു തുടങ്ങിയതാണ്. പെട്ടെന്നാണ് എല്ലാം തലകീഴായി മറിഞ്ഞത്. സുന്ദര സ്വപ്‌നങ്ങളുടെ മിടിപ്പ് നിലച്ചു പോയത്; കുഞ്ഞു റയ്യാന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെ.
റയ്യാന്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കഥയാണ്. അത് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് തുര്‍ക്കി തീരത്ത് മുങ്ങി മരിച്ച സിറിയന്‍ അഭയാര്‍ഥി കുഞ്ഞ് ഐലന്‍ കുര്‍ദിയെ ഓര്‍മിപ്പിക്കുന്നു. ഈജിപ്തിലെ റാബിഅ അദവിയ്യ ചത്വരത്തില്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച മാതാവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് 'ഇസ്വ്ഹീ യാ മാമാ' (ഉമ്മാ, എണീക്കൂ) എന്ന് വാവിട്ട് കരഞ്ഞ കുഞ്ഞും നമ്മുടെ സ്മൃതിപഥത്തിലെത്തും. പിതാവ് നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കെ ഇസ്രയേല്‍ സൈനികന്റെ വെടിയേറ്റ് മരിച്ച മുഹമ്മദ് ദുര്‍റ എങ്ങനെ നമ്മുടെ ഓര്‍മയില്‍ വരാതിരിക്കും; യമനില്‍ ബോംബാക്രമണത്തില്‍ ചിതറിത്തെറിക്കുന്ന പരശ്ശതം കുഞ്ഞുങ്ങളും! സിറിയന്‍ അഭയാര്‍ഥി തമ്പുകളില്‍ കഠിന ശൈത്യം താങ്ങാനാവാതെ ജീവന്‍ വെടിയുന്ന കുഞ്ഞുങ്ങളെയും ജീവിക്കാനൊരിടം തേടിയുള്ള ബോട്ട് യാത്രയില്‍ ഇംഗ്ലീഷ് ചാനലിലെ കൊടും തണുപ്പുള്ള വെള്ളത്തില്‍ മുങ്ങിമരിച്ച അറബ് വംശജരായ മറ്റു കുഞ്ഞുങ്ങളെയും നാം ഓര്‍ക്കുന്നു. ഈ ലോകത്തിന്റെ നിഷ്ഠുരതയുടെ പല തരത്തിലുള്ള ഇരകള്‍.
ഈ നിഷ്‌കളങ്കര്‍ക്ക് ജീവിക്കാന്‍ കൊള്ളാത്ത ഒന്നായി മാറിയിരിക്കുന്നു നമ്മുടെ ലോകം. പിഞ്ചുകുഞ്ഞുങ്ങളെ ബോംബെറിഞ്ഞ് ചുട്ടുകൊല്ലുക മാത്രമല്ല, അവരെ തട്ടിക്കൊണ്ട് പോകുന്നതും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതും വര്‍ധിച്ചിരിക്കുന്നു. എല്ലാ അതിക്രമങ്ങളും നടന്നു കഴിയുമ്പോള്‍ അധികാരികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് 'അപലപിച്ചിരിക്കുന്നു' എന്ന പൊള്ള പ്രസ്താവന മാത്രം.
റയ്യാന്‍, ഭക്ഷണമോ വെള്ളമോ ഇല്ലാതെ നീ കിണറിലെ ഇരുട്ടിനോട് ഐതിഹാസികമായി പൊരുതി നിന്നത് അഞ്ച് ദിവസമാണ്. പക്ഷെ നിങ്ങളുടെ കള്ളങ്ങളുടെയും കാപട്യത്തിന്റെയും അവകാശവാദങ്ങളുടെയും മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ അവന്‍ വിടചൊല്ലി. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. നിന്റെ പോരാട്ടത്തിന്റെ ധീരകഥകള്‍ ഞങ്ങള്‍ തലമുറകള്‍ക്ക് പകര്‍ന്നു നല്‍കും.
Comments