ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം: സിദ്ധാന്തവും പ്രയോഗവും - 5
ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധമാക്കുക വഴി അത് ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)മുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായേക്കാം എന്നതാണ് അതിന്നെതിരെ ഉന്നയിക്കപ്പെടുന്ന മൂന്നാമത്തെ വാദം. ആദ്യം സ്‌കൂളിനകത്ത് ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയുണ്ടാക്കുകയും അത് മെല്ലെ ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുകയെന്ന എല്‍ജിബിറ്റി ആക്ടിവിസത്തിന്റെ അജണ്ട നടപ്പാക്കപ്പെടുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)മുള്ളവരുടെ എണ്ണം വര്‍ധിക്കാന്‍ അത് കാരണമായേക്കും. കാര്യമായ ഗുണഫലങ്ങളൊന്നും ഉണ്ടാക്കുകയില്ലെന്ന് മനസ്സിലാക്കുന്നത് കൊണ്ടും, ഒപ്പം തന്നെ ജെന്‍ഡര്‍ ഡിസ്ഫോറിയയെപ്പോലെയുള്ള ഗുരുതരമായ മനോരോഗങ്ങളിലേക്ക് പുതിയ തലമുറയെ നയിക്കാന്‍ കാരണമായേക്കുമെന്ന് ഭയപ്പെടുന്നതുകൊണ്ടുമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിനെ എതിര്‍ക്കുന്നത്.
അപരലിംഗത്വം (Transgenderism) പ്രകൃതിപരവും സ്വാഭാവികവുമാണെന്ന് വാദിക്കുന്നവര്‍ പോലും ലിംഗത്വ അസ്വാസ്ഥ്യ(Gender Dysphoria)ത്തെ ഒരു അസുഖമായാണ് മനസ്സിലാക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സൈക്ക്യാട്രിക്ക് അസോസിയേഷന്റെ മാനസികരോഗങ്ങളെയും മനോവ്യതിയാനങ്ങളെയും കുറിച്ച പത്രികയുടെ അഞ്ചാം പതിപ്പില്‍ (The Fifth Edition of the Diagnostic and Statistical Manual of Mental Disorders: DSM-5) മാനസിക അസുഖങ്ങളുടെ പട്ടികയില്‍ ജെന്‍ഡര്‍ ഡിസ്ഫോറിയയുമുണ്ട്. ജന്മനാ ലഭിക്കുന്ന ജീവശാസ്ത്രപരമായ ലിംഗവും വ്യക്തി അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന ലിംഗത്വവും തമ്മില്‍ പൊരുത്തപ്പെടാത്ത അവസ്ഥ എന്നാണ് അവര്‍ അതിനെ നിര്‍വചിച്ചിരിക്കുന്നത്. തുടര്‍ച്ചയായി ആറു മാസമെങ്കിലും താഴെ പറയുന്നതില്‍ ഏതെങ്കിലും രണ്ട് ലക്ഷണങ്ങള്‍ ഒരാള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ജെന്‍ഡര്‍ ഡിസ്ഫോറിയയുണ്ടെന്നാണ് അര്‍ത്ഥമെന്നും DSM-5 പറയുന്നുണ്ട്.
1) ഒരാള്‍ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വ(Gender)വും അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സവിശേഷതകളും തമ്മിലുള്ള പ്രകടമായ പൊരുത്തക്കേട്.
2) ഒരാള്‍ അനുഭവിക്കുന്നതോ പ്രകടിപ്പിക്കുന്നതോ ആയ ലിംഗത്വവുമായുള്ള പ്രകടമായ പൊരുത്തക്കേട് കാരണം അയാളുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള ശക്തമായ ആഗ്രഹം.
3) എതിര്‍ലിംഗത്വമുള്ളവരുടെ പ്രാഥമികമോ ദ്വിതീയമോ ആയ ലൈംഗിക സ്വഭാവങ്ങളോടുള്ള ശക്തമായ ആഗ്രഹം.
4) എതിര്‍ ലിംഗത്വത്തില്‍ പെട്ടവരാകാനുള്ള ശക്തമായ ആഗ്രഹം.
5) എതിര്‍ ലിംഗത്വത്തിലുള്ളയാളായി പരിഗണിക്കപ്പെടാനുള്ള ശക്തമായ ആഗ്രഹം.
6) എതിര്‍ ലിംഗത്വത്തിലുള്ളയാള്‍ക്കുണ്ടാവുന്ന സാധാരണ വികാരങ്ങളും പ്രതികരണങ്ങളും തനിക്കുണ്ടെന്ന ശക്തമായ ബോധ്യം.
ആണിന് പെണ്ണാകുവാനോ തിരിച്ചോ ശക്തമായ ആഗ്രഹമുണ്ടാകുന്നതില്‍ നിന്ന് തുടങ്ങുന്നതാണ് ജെന്‍ഡര്‍ ഡിസ്ഫോറിയ. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുക, അവര്‍ പെരുമാറുന്നത് പോലെ പെരുമാറുക, അവരുടെ കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ താല്‍പര്യമുണ്ടാവുക, കളിക്കൂട്ടുകാരായി എതിര്‍ലിംഗത്തിലുള്ളവര്‍ തന്നെ വേണമെന്ന് വാശി പിടിക്കുക, സ്വന്തം ലിംഗത്തിലുള്ളയാളായാണെന്ന് അറിയപ്പെടുന്നതിനെ വെറുക്കുക, സ്വന്തം ലിംഗമുള്ളവര്‍ക്ക് വേണ്ടിയുള്ള കളിപ്പാട്ടങ്ങളോടും കളികളോടും ശക്തമായ എതിര്‍പ്പ് തോന്നുക, എതിര്‍ലിംഗത്തിലുള്ളവരുടെ ലൈംഗിക സവിശേഷതകളോട് ശക്തമായ ആഭിമുഖ്യം അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഇതില്‍ പ്രധാനപ്പെട്ടതാണ് എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുവാനുള്ള അഭിനിവേശം. എതിര്‍ലിംഗ വസ്‌ത്രേച്ഛ (Transvestism) എന്ന മനോവ്യതിയാനത്തില്‍ നിന്നാണ് ജെന്‍ഡര്‍ ഡിസ്ഫോറിയയുടെ തുടക്കമെന്ന് പറയാം.
രണ്ട് തരം എതിര്‍ലിംഗ വസ്‌ത്രേച്ഛകളുണ്ട്. എതിര്‍ലിംഗത്തിലുള്ളവരുടെ വസ്ത്രം ധരിക്കുന്നതില്‍ ഭ്രമം തോന്നുകയോ അതിന്ന് വേണ്ടിയുള്ള ഉള്‍പ്രേരണയുണ്ടാവുകയോ അങ്ങനെയൊരു ശീലം വളര്‍ത്തിയെടുക്കുകയോ ചെയ്യുന്നതിനെ ട്രാന്‍സ്വെസ്റ്റിസം (Transvestism) എന്നാണ് പറയുക. ചെറുപ്പം മുതല്‍ എതിര്‍ലിംഗക്കാരുടെ വസ്ത്രം ധരിക്കാന്‍ താല്‍പര്യം കാണിക്കുന്നവരായിരിക്കും ഇവരെങ്കിലും കൗമാരത്തിലെത്തുന്നതോടെയാണ് ഇത് തീവ്രതരമാവുക. കൗമാരക്കാര്‍ക്ക് എതിര്‍ലിംഗക്കാരുടെ വസ്ത്രം ധരിക്കുമ്പോള്‍ ശക്തമായ ലൈംഗിക ഉത്തേജനമുണ്ടാവുമ്പോള്‍ അതിനെ ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡര്‍ (Transvestic Disorder) എന്നു വിളിക്കും. ഇതാണ് രണ്ടാമത്തെ തരം. ഈ അസുഖമുള്ളത് പുരുഷന്മാര്‍ക്കാണെങ്കില്‍ താന്‍ പെണ്ണാണെന്ന് കരുതിക്കൊണ്ട് അവരുടെ വസ്ത്രം ധരിക്കുമ്പോള്‍ തന്നെ അവര്‍ക്ക് ഉത്തേജനവും ലിംഗോദ്ധാരണവും സംഭവിക്കും. പെണ്ണാണെങ്കിലും അവള്‍ക്ക് ഉത്തേജനമുണ്ടാകും.
ട്രാന്‍സ്വെസ്റ്റിസം ഒരു ലൈംഗിക പ്രശ്‌നം മാത്രമായി ഒതുങ്ങുമ്പോള്‍ ചികിത്സ വേണ്ടതില്ലെന്നാണ് DSM-5 പറയുന്നത്. ഇത് മനസ്സിനെ പ്രതികൂലമായി ബാധിക്കുമ്പോഴാണ് ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡര്‍ അപകടകരമായിത്തീരുക. അത് തീവ്രമായ ദുഃഖത്തിന് നിമിത്തമാവുകയും ഉപാപചയപ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പരിക്ക്, ജോലിനഷ്ടം, കാരാഗൃഹവാസം എന്നിവയിലേക്ക് നയിക്കുന്ന സ്വഭാവങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. ട്രാന്‍സ്വെസ്റ്റിസം ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡറിലേക്ക് നയിക്കുന്നു; ട്രാന്‍സ്വെസ്റ്റിക് ഡിസോര്‍ഡറില്‍ നിന്ന് ജെന്‍ഡര്‍ ഡിസ്ഫോറിയയും മറ്റ് മനോവൈകല്യങ്ങളുമുണ്ടാവുന്നു. ആണ്‍വസ്ത്രം പെണ്ണും പെണ്‍വസ്ത്രം ആണും ധരിക്കുന്നതില്‍ നിന്ന് തുടങ്ങുന്നതാണ് ഈ മനോവൈകല്യങ്ങളെല്ലാം എന്ന സത്യം മറച്ചുവെക്കുകയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍. കുട്ടികള്‍ക്കാര്‍ക്കെങ്കിലും അത്തരം വൈകല്യങ്ങളുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ ചികില്‍സിച്ച് ഭേദമാക്കുകയാണ് വേണ്ടത്. അല്ലാതെ അതെല്ലാം സ്വാഭാവികമാണെന്ന് വാഴ്ത്തി അത്തരക്കാരുടെ വൈകൃതങ്ങള്‍ക്കെല്ലാം വിളയാടാന്‍ സ്വാതന്ത്ര്യമുണ്ടാക്കുകയല്ല.
ജെന്‍ഡര്‍ ഡിസ്ഫോറിയയുടെ കാരണങ്ങളെന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ ഇതേവരെ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ല. ജനിതക സ്വാധീനങ്ങളും (Genetic Influences) ഹോര്‍മോണ്‍ ഘടകങ്ങളും (Hormonal Factors) പാരിസ്ഥിതിക ഭാവങ്ങളു(Environmental Features)മെല്ലാം ഇതിനെ സ്വാധീനിക്കുന്നുവെന്ന് പറഞ്ഞുപോകാനല്ലാതെ എന്തുകൊണ്ടാണിത് ഉണ്ടാകുന്നതെന്ന് കൃത്യമായി വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. വിശദീകരിക്കാനാകാത്തതിനാല്‍ അത് ഇല്ലാതാക്കാനുള്ള പരിശ്രമങ്ങളൊന്നും ഉണ്ടാകുന്നുമില്ല. ആ രംഗത്ത് നടക്കുന്ന ആത്മാര്‍ത്ഥമായ ഗവേഷണങ്ങള്‍ അപരലിംഗത്വവും വൈകല്യമാണെന്ന വസ്തുത പുറത്തുകൊണ്ടുവരുമോയെന്ന് ഭയക്കുന്നത് കൊണ്ടുതന്നെ ട്രാന്‍സ്ഫോബിക് എന്ന് ചാപ്പ കുത്തി അനുവദിക്കാതിരിക്കുകയാണ് ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കള്‍ ചെയ്യുന്നത്.
ജെന്‍ഡര്‍ ഡിസ്ഫോറിയയുമായി ജനിക്കുന്നവര്‍ ശരാശരി 0.005 ശതമാനം പേരാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. എന്നാല്‍ അമേരിക്കയിലെ കണക്കുകള്‍ പ്രകാരം പ്രായപൂര്‍ത്തിയെത്തിയ ആയിരം പേരില്‍ ആറു പേരും ട്രാന്‍സ്‌ജെന്‍ഡറുകളാണെന്ന് വെളിപ്പെടുത്തുന്നവരാണ്. ഇത് കാണിക്കുന്നത് ആയിരം ട്രാന്‍സ്ജെന്‍ഡറുകളില്‍ ഒരാള്‍ മാത്രമാണ് ജനിതകമായ കാരണങ്ങളാല്‍ അങ്ങനെ ആയിത്തീരുന്നത് എന്നാണ്. ബാക്കിയുള്ള മിക്കവരും പാരിസ്ഥിതിക പ്രശ്‌നങ്ങളാല്‍ അങ്ങനെ ആകുന്നവരാണെന്നര്‍ഥം. കുട്ടികള്‍ ജെന്‍ഡര്‍ ഡിസ്ഫോറിയ പ്രകടിപ്പിക്കാനാരംഭിക്കുന്നത് നാലര വയസ്സിനും 6.7 വയസ്സിനുമിടയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ദശകത്തിലുള്ളതിനേക്കാള്‍ ഇരട്ടിയിലധികം ഇത്തരം കേസുകള്‍ ഈ ദശകത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ജെന്‍ഡര്‍ ഡിസ്ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെന്‍ഡര്‍ പൊളിറ്റിക്‌സിന്റെ വക്താക്കളുടെ മീഡിയാ കാംപയിനിംഗ് മുതല്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രങ്ങള്‍ വരെയാണ് ഇവിടെ പ്രതിക്കൂട്ടിലാകുന്നത്. അതുകൊണ്ടാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നതിനെ ധാര്‍മികതയുടെ വക്താക്കള്‍ എതിര്‍ക്കുന്നത്. ആണിനെയും പെണ്ണിനെയും തിരിച്ചറിയാത്ത വസ്ത്രങ്ങള്‍ അപകടകരമാണെന്ന് പറയാനുള്ള മൂന്നാമത്തെ കാരണം അത് ജെന്‍ഡര്‍ ഡിസ്ഫോറിയയിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട് എന്നതാണ്.
(തുടരും)
Comments