യു.പി തെരഞ്ഞെടുപ്പ് മുസ്‌ലിം വോട്ടുകള്‍ എങ്ങോട്ട് ചായും?
യു.പിയില്‍ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങിക്കഴിഞ്ഞു. പതിനൊന്ന് ജില്ലകളിലെ 58 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് ഫെബ്രുവരി പത്തിനാണ്. യു.പിയില്‍ വോട്ടിംഗിനെ സ്വാധീനിക്കുന്ന പല ഫാക്ടറുകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്ന് മുസ്‌ലിം ഫാക്ടര്‍ ആയിരിക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തിരിച്ചറിയുന്നുണ്ട്. ആര് യു.പി ഭരിക്കണമെന്ന കാര്യത്തില്‍ അവരുടെ ചായ്‌വ് എങ്ങോട്ട് എന്നത് വളരെ നിര്‍ണായകമാണ്. ബി.ജെ.പിയാകട്ടെ മുസ്‌ലിം വോട്ട് അത്ര നിര്‍ണായകമല്ലെന്ന് നിസ്സാരവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റു ചില പാര്‍ട്ടികളാകട്ടെ മുസ്ലിം വോട്ട് തങ്ങളുടെ കുത്തകയാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ദല്‍ഹിയില്‍നിന്ന് പുറത്തിറങ്ങുന്ന ദഅ്‌വത്ത് വാരിക യു.പി രാഷ്ട്രീയത്തെ ആഴത്തില്‍ അറിയുന്ന ഗ്രന്ഥകാരന്മാരുമായും പത്രപ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് ഇത്തവണ ആര്‍ക്കനുകൂലമായി യു.പി വിധിയെഴുതും എന്ന് അന്വേഷിക്കുകയുണ്ടായി. പുതിയ കാര്‍ഷിക നിയമങ്ങളും തുടര്‍ന്നുണ്ടായ അതി ശക്തമായ സമരങ്ങളും ബി.ജെ.പിക്ക് വിനയാകുമോ? മുസ്‌ലിം വോട്ടുകള്‍ ആര്‍ക്കനുകൂലമാകാനാണ് സാധ്യത? അസദുദ്ദീന്‍ ഉവൈസിയുടെ രംഗപ്രവേശം ചലനങ്ങളുണ്ടാക്കുമോ? സര്‍വോപരി, ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ഈ തെരഞ്ഞെടുപ്പ് എത്രത്തോളം പ്രധാനമാണ്?
ദഅ്‌വത്ത് വാരികയുടെ അന്വേഷണത്തിന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അനില്‍ മഹേശ്വരി ഇങ്ങനെ പ്രതികരിച്ചു: 'മുപ്പത് മുപ്പത്തിയഞ്ച് വര്‍ഷത്തിനിടക്ക് ആദ്യമായാണ് ഇതു പോലൊരു തെരഞ്ഞെടുപ്പ് യു.പിയില്‍ നടക്കുന്നത്. ബി.ജെ.പി, എസ്.പി എന്നീ രണ്ട് കക്ഷികളേ യഥാര്‍ഥത്തില്‍ ഗോദയിലുള്ളൂ. അവര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍. മറ്റു കക്ഷികള്‍ക്കൊന്നും കാര്യമായ സ്വാധീനമില്ല. മോദിക്കൊപ്പം ആര്, മോദിക്കെതിരെ ആര് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. ഇതെങ്ങനെ തിരിഞ്ഞ് മറിഞ്ഞ് വരുമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ തന്നെ ജയപരാജയങ്ങള്‍ പ്രവചനാതീതമാണ്.' അനില്‍ മഹേശ്വരി ഹിന്ദുസ്ഥാന്‍ ടൈംസിലെ സീനിയര്‍ പത്രപ്രവര്‍ത്തകനാണ്. യു.പി രാഷ്ട്രീയത്തെക്കുറിച്ച അദ്ദേഹത്തിന്റെ പുസ്തകം ആദം ബുക്‌സ് ഇന്റര്‍നാഷ്‌നല്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറക്കിയത്. അനിലിന്റെ അഭിപ്രായത്തില്‍ ബി.എസ്.പി ഇത്തവണ ചിത്രത്തിലില്ല. കോണ്‍ഗ്രസ് നേരത്തെ തന്നെ അരികിലായിപ്പോയിട്ടുണ്ട്. പക്ഷേ ഇത്തവണ കോണ്‍ഗ്രസ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. ഇരുപതോ ഇരുപത്തഞ്ചോ സീറ്റുകള്‍ നേടി അവര്‍ മൂന്നാം സ്ഥാനത്ത് വന്നേക്കാമെന്ന് അദ്ദേഹം പറയുന്നു. മുസ്‌ലിം വോട്ടിംഗ് ഒരേ പാറ്റേണിലായിരിക്കുമെന്ന വാദത്തോടും അനില്‍ യോജിക്കുന്നില്ല. ബി.ജെ.പിക്ക് വരെ മുസ്‌ലിം വോട്ടുകള്‍ പോയേക്കാം. അറുപത് ശതമാനം വോട്ടര്‍മാരും നാല്‍പത് വയസ്സിന് താഴെയുള്ളവരായതിനാല്‍ അവരുടെ നിലപാടുകളായിരിക്കും വിധി നിര്‍ണയിക്കുക എന്നും അനിലിന് അഭിപ്രായമുണ്ട്.
അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയില്‍ ചരിത്ര വിഭാഗം പ്രഫസറായ മുഹമ്മദ് സജ്ജാദും പറയുന്നത്, മത്സരം എസ്.പിയും ബി.ജെ.പിയും തമ്മിലാണെന്ന് തന്നെയാണ്. ചില മണ്ഡലങ്ങളില്‍ വേറെ ചില കക്ഷികളും സ്വാധീനം ചെലുത്തിയെന്നു വരാം. അവര്‍ സ്വയം ജയിക്കുകയോ മറ്റുള്ളവരെ ജയിപ്പിക്കുകയോ തോല്‍പ്പിക്കുകയോ ചെയ്‌തേക്കാം. യു.പി രാഷ്ട്രീയത്തില്‍ നല്ല പിടിപാടുള്ളയാളാണ് പ്രഫ. സജ്ജാദ്. ആ വിഷയത്തില്‍ രണ്ട് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ സംസ്ഥാന ഭരണകൂടം കൈകാര്യം ചെയ്ത രീതിയില്‍ വോട്ടര്‍മാര്‍ക്കുള്ള അതൃപ്തി വോട്ട് ചെയ്യുന്നത് വരെ ഉണ്ടാകുമോ എന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. വര്‍ഗീയ കാര്‍ഡിറക്കി അതിനെ മറികടക്കാനും കഴിഞ്ഞേക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പി ശരിക്കും പ്രതിരോധത്തിലാവും.
പ്രതിപക്ഷത്തെ സംബന്ധിച്ചേടത്തോളം ഈ തെരഞ്ഞെടുപ്പ് അതീവ ദുഷ്‌കരമാണെന്നാണ് സീനിയര്‍ പത്ര പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലിയുടെ അഭിപ്രായം. യു.പിയില്‍ വിഭാഗീയ ശക്തികള്‍ ദുര്‍ബലമായി എന്നൊക്കെ നിരൂപിക്കുന്നത് അബദ്ധമായിരിക്കും. കാരണം കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി ഭരണകൂടവും അതിനെ നയിക്കുന്ന കക്ഷികളും അത്രയധികം വര്‍ഗീയ വിഷം ജനമനസ്സുകളില്‍ കുത്തിവെച്ചിരിക്കുന്നു. വര്‍ഗീയതക്ക് മുന്നില്‍ ജാതി സമവാക്യം പോലും അട്ടിമറിഞ്ഞേക്കാം. പ്രതിപക്ഷ പാര്‍ട്ടികളൊന്നും ഹിന്ദുത്വ അജണ്ടയെ നേരിടാന്‍ തയാറാവുന്നില്ല എന്നു മാത്രമല്ല, അതിനൊപ്പിച്ച ഒരു ലൈന്‍ തന്നെയാണ് അവരും പിന്തുടരുന്നത്. ഹിന്ദു രാജ്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി സംസാരിക്കുമ്പോള്‍ അധികാരത്തിലേറിയാല്‍ പരശുറാം ജയന്തി അവധി ദിവസമാക്കുമെന്നാണ് അഖിലേഷ് യാദവിന്റെ വാഗ്ദാനം. എന്നാലും മുസ്‌ലിം വോട്ടുകളൊക്കെ തങ്ങള്‍ക്ക് തന്നെ കിട്ടുമെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു.
ജെ.എന്‍.യു റിസര്‍ച്ച് സ്‌കോളറായ ഇസ്തിഖാര്‍ അലി, മഹാമാരിയുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയിലേക്ക് മാറിയത് ബി.ജെ.പിക്ക് അനുകൂലമായി മാറുമെന്ന പക്ഷക്കാരനാണ്. ആലോചനയില്ലാതെ, വികാരങ്ങള്‍ക്ക് അടിപ്പെട്ട് മുസ്‌ലിം സമുദായത്തിലെ ചിലര്‍ നടത്തുന്ന സംസാരങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ സംഘ് വൃത്തങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. എന്നു മാത്രമല്ല മുസ്‌ലിം പേരുകളില്‍ പ്രചരിക്കുന്ന ഈ അക്കൗണ്ടുകള്‍ പലപ്പോഴും വ്യാജനിര്‍മിതമായിരിക്കും. അത്തരം വ്യാജ അക്കൗണ്ടുകള്‍ പതിനായിരക്കണക്കിന് ഉണ്ടാക്കപ്പെടുന്നുണ്ടെന്നും അത് തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാതിരിക്കില്ലെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മുസ്‌ലിം വോട്ടര്‍മാര്‍ എന്ത് ചെയ്യും?
ബി.ജെ.പിയെ അധികാരത്തില്‍ നിന്നിറക്കാന്‍ എസ്.പിയെ പിന്തുണക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത് എന്ന അജണ്ട പലരും മുന്നോട്ട് വെക്കുന്നുണ്ടെന്നും എന്നാലത് ശരിയായ നിലപാടല്ലെന്നുമാണ് ഖുര്‍ബാന്‍ അലി പറയുന്നത്. കാരണം മുസ്‌ലിംകളുടെ കാര്യത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ ട്രാക് റെക്കോര്‍ഡ് ഒട്ടും തൃപ്തികരമല്ല. ചുരുക്കം ചിലതൊഴിച്ചാല്‍ മോദി സര്‍ക്കാറിന്റെ നയങ്ങളെ മൊത്തത്തില്‍ പിന്തുണക്കുകയാണ് എസ്.പി ചെയ്തിട്ടുള്ളത്. സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ ഇന്നേ വരെ ആ പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചിട്ടില്ല. ഓരോ മണ്ഡലത്തിന്റെയും അവസ്ഥകള്‍ പഠിച്ച് യുക്തിസഹമായ ഒരു തെരഞ്ഞെടുപ്പ് തന്ത്രം ഓരോയിടത്തും ആവിഷ്‌കരിക്കുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശേഷിയുള്ള സ്ഥാനാര്‍ഥിയെ കണ്ടെത്തി ആ ആള്‍ക്കാണ് വോട്ട് ചെയ്യേണ്ടത്.
2011-ലെ കാനേഷുമാരി പ്രകാരം ഉത്തര്‍പ്രദേശിലെ മുസ്‌ലിം ജനസംഖ്യ 19.26 ശതമാനമാണ്. യു.പിയിലെ 403 നിയോജക മണ്ഡലങ്ങളില്‍ 157 ഇടങ്ങളില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാനുള്ള ശേഷി അവര്‍ക്കുണ്ട്. എന്നിട്ടും 2017-ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിംകളില്‍നിന്ന് ഇരുപത്തിയഞ്ച് പേര്‍ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.പി 17, ബി.എസ്.പി 6, കോണ്‍ഗ്രസ് 2 എന്നിങ്ങനെ. എങ്കിലും 84 ഇടങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ചിലയിടങ്ങളില്‍ ചില്ലറ വോട്ടുകള്‍ക്കാണ് അവര്‍ പരാജയപ്പെട്ടത്. 2012-ല്‍ യു.പിയിലെ മുസ്‌ലിം നിയമസഭാ സാമാജികരുടെ എണ്ണം 68 ആയിരുന്നെങ്കില്‍ 2007-ല്‍ അത് 56 ആയിരുന്നു.
68 അസംബ്ലി മണ്ഡലങ്ങളില്‍ മുസ്‌ലിം ജനസംഖ്യ 35 മുതല്‍ 78 വരെയാണ്. ഈ സീറ്റുകളില്‍ എട്ടെണ്ണം എസ്.സി, എസ്.ടി സംവരണമാണ്. 89 മണ്ഡലങ്ങളില്‍ 20 മുതല്‍ 28 ശതമാനം വരെയാണ് മുസ്‌ലിംകള്‍. അവിടെയും ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ അവര്‍ക്ക് കഴിയും. ഈ സീറ്റുകളില്‍ പതിനൊന്നെണ്ണവും എസ്.സി, എസ്.ടി സംവരണം. ഇരുനൂറോളം മണ്ഡലങ്ങളില്‍ മുസ്‌ലിം വോട്ടുകള്‍ വളരെ നിര്‍ണായകമാവുമെന്നര്‍ഥം. വര്‍ഗീയ കാര്‍ഡിറക്കിയാണ് കഴിഞ്ഞ തവണ ഈ വെല്ലുവിളി സംഘ് പരിവാര്‍ മറികടന്നത്.
ഉവൈസിയും മജ്‌ലിസും
ഇത്തവണ പാര്‍ലമെന്റ് അംഗം അസദുദ്ദീന്‍ ഉവൈസിയുടെ ആള്‍ ഇന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. യു.പിയില്‍ ഇതുവരെ മുസ്‌ലിം മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോ, ആഭ്യന്തര മന്ത്രിയെങ്കിലും ഉണ്ടായിട്ടുണ്ടോ പോലുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഉവൈസി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെങ്കിലും അത് സ്വാധീനിക്കാനിടയില്ലെന്നാണ് അനില്‍ മഹേശ്വരി കരുതുന്നത്. ചില സീറ്റുകളില്‍ ജയപരാജയങ്ങള്‍ നിര്‍ണയിച്ചേക്കാമെന്ന് മാത്രം. ഭാഗിധാരി പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പേരില്‍ മുന്നണി ഉണ്ടാക്കിയാണ് ഇത്തവണ ഉവൈസി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. നാലോ അഞ്ചോ കുഞ്ഞു പാര്‍ട്ടികള്‍ ചേര്‍ന്നതാണ് ഉവൈസിയുടെ ഈ മോര്‍ച്ച. 403 സീറ്റിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നും പ്രഖ്യാപിച്ചിരിക്കുന്നു.
2017-ലെ തെരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി 38 സീറ്റില്‍ മത്സരിച്ചപ്പോള്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടിയെങ്കിലും അത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 0.2 ശതമാനം മാത്രമാണ്. സംബല്‍ അസംബ്ലി സീറ്റില്‍ 60426 വോട്ട് നേടി ശഫീഖുര്‍റഹ്മാന്‍ എന്ന മജ്‌ലിസിന്റെ സ്ഥാനാര്‍ഥി രണ്ടാം സ്ഥാനത്തെത്തിയത് മാത്രമാണ് അവരുടെ നേട്ടം എന്ന് പറയാവുന്നത്. ബാക്കിയുള്ളവര്‍ക്കൊന്നും മൂവായിരത്തിന് മുകളില്‍ വോട്ട് കിട്ടിയിട്ടില്ല (ദഅ്‌വത്ത്, ജനുവരി 26, 2022).
Comments