Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

ഇസ്‌ലാമിനെ അറിയാന്‍ ആറ് ലഘുകൃതികള്‍

കെ.പി പ്രസന്നന്‍

പൊതു സമൂഹത്തില്‍ ഇസ്‌ലാമിനെ കുറിച്ചും ഖുര്‍ആനിനെ സംബന്ധിച്ചുമുള്ള തെറ്റിദ്ധാരണകളും വിമര്‍ശനങ്ങളും കണ്ട് പലപ്പോഴും അന്തിച്ചു നിന്നിട്ടുണ്ട്. ഇപ്പോഴത് ശീലമായിപ്പോയി. വളരെ ലളിതമായ ആശയങ്ങള്‍ പോലും വക്രീകരിക്കാനും അത് വെച്ച് ഇസ്‌ലാമിനെ തെറ്റിധരിപ്പിക്കാനും ബോധപൂര്‍വം മെനക്കെടുന്ന ഒരു വിഭാഗം എന്നുമുണ്ടായിട്ടുണ്ട്. ഇസ്‌ലാമിനും അതിന്റെ മൂലപ്രമാണമായ വിശുദ്ധ ഖുര്‍ആനിനും വിമര്‍ശകരും ആക്ഷേപകരുമില്ലാത്ത ഒരു കാലവും കടന്നുപോയിട്ടില്ല. അതിന്റെ ഫലമായുണ്ടാവുന്ന ഇസ്‌ലാം പേടിയും സമൂഹങ്ങള്‍ തമ്മിലുണ്ടാവുന്ന വെറുപ്പുമൊക്കെ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം എന്നും എവിടെയുമുണ്ടായിരുന്നു. അവരുടെ ലക്ഷ്യം എന്തായാലും, സാമൂഹിക ജീവിതത്തെ അശാന്തമാക്കുന്ന അത്തരം പ്രവര്‍ത്തനങ്ങളെ ബോധപൂര്‍വം പ്രതിരോധിക്കേണ്ടത് മുഴുവന്‍ ജനങ്ങളുടെയും ബാധ്യതയാണ്, വിശിഷ്യാ ഇസ്‌ലാമിക സമൂഹത്തിന്റെ.
തെറ്റിനെ ശരി കൊണ്ട് പ്രതിരോധിക്കുക എന്നതാണ് വിശുദ്ധ ഖുര്‍ആന്റെ കല്‍പന. ആ അര്‍ഥത്തില്‍, ബോധപൂര്‍വം ഇരുള്‍ പടര്‍ത്തുമ്പോള്‍ വെളിച്ചത്തിന്റെ നറുതിരികള്‍ കൊളുത്തി വെക്കുക എന്നത് മാത്രമാണ് ഒരു മാതൃകാ സമൂഹത്തിന് കരണീയമായിട്ടുള്ളത്. ഡയലോഗ് സെന്റര്‍ കേരള([email protected], 9567696982)യുടെ പ്രവര്‍ത്തനങ്ങള്‍ അത് ലക്ഷ്യം വെച്ചിട്ടുള്ളതാണ്. ഇസ്ലാമിനെ സംബന്ധിച്ച അബദ്ധ ധാരണകള്‍ അകറ്റാനും അതിനെ ശരിയാംവിധം മനസ്സിലാക്കാനും ആഗ്രഹിക്കുന്ന  ഏവര്‍ക്കും, വിശിഷ്യാ, സഹോദര സമുദായങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഏതാനും ലഘുകൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നത് വളരെ സന്തോഷകരവും അഭിനന്ദനാര്‍ഹവുമാണ്. ശൈഖ് മുഹമ്മദ് കാരകുന്നിന്റെ അനുഗൃഹീതമായ തൂലികയില്‍ നിന്നാണ് അവ വെളിച്ചം കണ്ടിട്ടുള്ളത്.

1. അല്ലാഹു നമ്മുടെ സ്രഷ്ടാവ്   (30 പേജ്)
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിനെ ഇസ്‌ലാമിക പ്രമാണങ്ങളിലൂടെ ലളിതമായി പരിചയപ്പെടുത്തുന്ന ചെറു കൃതിയാണിത്. അല്ലാഹു ഖുറൈശികളുടെ ഗോത്ര ദൈവമാണെന്നും മുഹമ്മദ് നബി അതിനെ മുസ്‌ലിംകളുടെ ദൈവമാക്കുകയാണ് ചെയ്തതെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കാലത്ത് ഈ കൊച്ചു കൃതി സത്യാന്വേഷകര്‍ക്ക് ഏറെ പ്രയോജനപ്പെടാതിരിക്കില്ല.
ദൈവത്തിന്റെ ഏകത്വം, ദൈവം സര്‍വശക്തന്‍, അല്ലാഹുവിനെ അറിയാന്‍, അഭൗതികമായ അറിവ്, കഴിവ്, ഉടമസ്ഥന്‍, യജമാനന്‍, കല്‍പനാധികാരം, ആരാധന സ്രഷ്ടാവിന് മാത്രം, വിഗ്രഹവല്‍ക്കരണം, പരമമായ സ്‌നേഹം, സമ്പൂര്‍ണ സമര്‍പ്പണം, അഭയമേകുന്നവന്‍, മനഃശാന്തിയുടെ മാര്‍ഗം, വിശുദ്ധിയുടെ വഴി, ധീരതയും ഔന്നത്യ ബോധവും, ചില ചരിത്ര സാക്ഷ്യങ്ങള്‍ തുടങ്ങിയ ഉപ ശീര്‍ഷകങ്ങളിലൂടെ നമ്മുടെ സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തെ ശരിയാംവിധം  മനസ്സിലാക്കാനും അവനോടുള്ള നമ്മുടെ ബാധ്യതകള്‍ തിരിച്ചറിയാനും വഴിയൊരുക്കുന്നു ഈ കൊച്ചു കൃതി. സഹോദര സമുദായങ്ങള്‍ക്ക് സ്രഷ്ടാവിനെ തിരിച്ചറിയാന്‍ സഹായകമായ മാര്‍ഗദര്‍ശകന്‍ കൂടിയാണിത്.

2. ഖുര്‍ആന്‍ വഴികാണിക്കുന്നു (44 പേജ്)
വായന, വായിക്കപ്പെടുന്നത് എന്നൊക്കെ അര്‍ഥമുള്ള വിശുദ്ധ ഖുര്‍ആനെ പരിചയപ്പെടുത്തുന്ന കൊച്ചു കൃതി. മനുഷ്യര്‍ക്ക് അതിപ്രധാനമായുളളതാണ് സമാധാനം. അത് കൈവരിക്കാന്‍ മനുഷ്യനെ സഹായിക്കുന്ന വേദം എന്ന നിലയില്‍ പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ഇറക്കിയ ഖുര്‍ആനെ സംക്ഷിപ്തമായി പരിചയപ്പെടുത്തുകയും വായനക്ക് പ്രേരിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ കൃതിയാണിത്. ഖുര്‍ആന്റെ അവതരണാരംഭം, പൂര്‍ത്തീകരണം, ക്രോഡീകരണം, ഭാഷാപരമായ സവിശേഷത, ശാസ്ത്രമുണ്ടായിരിക്കെ ശാസ്ത്രഗ്രന്ഥമല്ലെന്ന അവസ്ഥ, ക്രമമില്ലായ്മയിലെ ക്രമം, ഖുര്‍ആന്റെ ചരിത്ര ദര്‍ശനം, പൂര്‍വ വേദങ്ങളെക്കുറിച്ച ഖുര്‍ആനിക കാഴ്ചപ്പാട്, എന്തുകൊണ്ട് അന്ത്യവേദം, മനുഷ്യ കേന്ദ്രീകൃതം തുടങ്ങിയ വിഷയങ്ങള്‍ ലളിതമായി വിശദീകരിക്കുന്നു.

3. ഇസ്‌ലാം എന്നാല്‍ (23 പേജ്)
ആരാണ് മനുഷ്യന്‍, എവിടെ നിന്ന് വന്നു, എങ്ങോട്ട് പോകുന്നു, എന്താണ്  ജീവിതം, എന്തിനുള്ളതാണ്, എവ്വിധമായിരിക്കണം, എന്താണ് മരണം, മരണ ശേഷമെന്ത്  ഇങ്ങനെ മനുഷ്യരാശിയെ എന്നെന്നും മഥിച്ചിട്ടുള്ള  ഒരുപാട് ചോദ്യങ്ങളുണ്ട്. ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഏതൊരു മനുഷ്യനിലൂടെയും ഇത്തരം ചോദ്യങ്ങള്‍ കടന്നു പോയിട്ടുണ്ടാവും.  ഇസ്‌ലാം ഇതിനു നല്‍കിയ ഉത്തരങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ കൃതി. അന്വേഷണകുതുകികളെ തൃപ്തിപ്പെടുത്തുന്ന  രീതിയില്‍ ഇസ്‌ലാമിന്റെ സവിശേഷതകള്‍ ഇതില്‍ മനോഹരമായി അടുക്കി വെച്ചിരിക്കുന്നു.

4. ഇസ്‌ലാമിലെ ആരാധനകള്‍: ചര്യയും ചൈതന്യവും  (36 പേജ്)
ഇസ്‌ലാമിലെ ആരാധനകള്‍ ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയോ പലര്‍ക്കും അത് അനുഭവവേദ്യമാവുകയോ ചെയ്തിട്ടുണ്ടാവും. നമസ്‌കാരം, നിര്‍ബന്ധ ദാനം, വ്രതാനുഷ്ഠാനം, ഹജ്ജ് തുടങ്ങിയ ആരാധനകളുടെ മര്‍മവും ചൈതന്യവും ലക്ഷ്യവുമൊക്കെ മനസ്സിലാക്കുമ്പോഴാണ് ഒരാള്‍ക്ക് അത് യഥാവിധി അനുഷ്ഠിക്കാന്‍ തോന്നുക. സഹോദര സമുദായങ്ങള്‍ക്ക് അതിന്റെ സവിശേഷത ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നതും അപ്പോഴാണ്. ആ അര്‍ഥത്തില്‍ ആരാധനകളുടെ ചര്യകളും ചടങ്ങുകളും അവയുടെ ചൈതന്യവും സഹോദര സമുദായങ്ങള്‍ക്ക് മനസ്സിലാകും വിധം പരിചയപ്പെടുത്തുകയാണ് ഈ കൃതിയിലൂടെ.

5. മുഹമ്മദ് നബി എല്ലാം തികഞ്ഞ മനുഷ്യന്‍ (48 പേജ്)
ഇന്നും ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വ്യക്തിത്വമാണ് മുഹമ്മദ് നബി. അനുയായികളാല്‍ അങ്ങേയറ്റം സ്‌നേഹിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും, വിമര്‍ശകരാല്‍ രൂക്ഷമായി ഭര്‍ത്സിക്കപ്പെടുകയും ശകാരിക്കപ്പെടുകയും ചെയ്യുന്നു. ഈയൊരു പശ്ചാത്തലത്തില്‍ മുഴുവന്‍ മനുഷ്യര്‍ക്കുമായി ദൈവം നിയോഗിച്ച അന്ത്യപ്രവാചകന്‍ എന്ന നിലയില്‍ മുഹമ്മദ് നബിയെ ഈ ചെറുപുസ്തകം മനോഹരമായി പരിചയപ്പെടുത്തുന്നു.

6. കുടുംബം ഇസ്‌ലാമില്‍ (38 പേജ്)
ജാതി മത ഭേദമന്യേ ഏവരും കൊതിക്കുന്ന ഒന്നാണ് കുടുംബ ജീവിതത്തിലെ സമാധാനം. അത്തരം ജീവിതത്തിനു ആധാരമായ ഇസ്‌ലാമിക മൂല്യങ്ങളെ പരിചയപ്പെടുത്തുന്നതിനോടൊപ്പം അതിന് സാധ്യമായ ഉള്‍ക്കാഴ്ചയും ഈ കൃതി നല്‍കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധവും കടപ്പാടുമൊക്കെ ഇസ്‌ലാമിക സംസ്‌കാരത്തിലൂടെയും പ്രവാചക ജീവിതത്തിലൂടെയും കുറിച്ച് വെക്കുമ്പോള്‍ ഏവരും സ്വായത്തമാക്കേണ്ട കുറെ മൂല്യങ്ങളെ കുറിച്ചാണ് ഈ കൃതി പറഞ്ഞു തരുന്നത്.
പേരുകള്‍ സൂചിപ്പിക്കുന്ന പോലെ അല്ലാഹു, ഖുര്‍ആന്‍, ഇസ്‌ലാം, മുഹമ്മദ് നബി, ആരാധനകള്‍, ഇസ്‌ലാമിക ജീവിതം തുടങ്ങിയ സംജ്ഞകളുടെ പൊരുള്‍ അന്വേഷിക്കുന്നവര്‍ക്കുള്ള കൈപുസ്തകങ്ങളാണിവ. അന്വേഷണ കുതുകികള്‍ക്ക് മുന്നില്‍ ഇരുള്‍ പരത്തി ആശയക്കുഴപ്പമുണ്ടാക്കുന്നവര്‍ യഥേഷ്ടമുണ്ടാവുമ്പോള്‍ വെളിച്ചത്തിന്റെ നറുതിരികള്‍ കൊളുത്തി വെച്ച്  ഇസ്‌ലാമിന്റെ ആശയ പ്രപഞ്ചത്തിലേക്ക് പ്രവേശികയായി ഉപയോഗിക്കാന്‍ ഈ പുസ്തകങ്ങള്‍ തീര്‍ച്ചയായും സഹായിക്കും.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌