Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

വിചാര വിപ്ലവത്തിന്റെ 75 വര്‍ഷങ്ങള്‍

എ.ആര്‍

മലയാളത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസിദ്ധീകരണാലയമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് (ഐ.പി.എച്ച്) 75-ാം വാര്‍ഷികം ആഘോഷിക്കുന്ന സമയമാണിപ്പോള്‍. ലോക പ്രശസ്ത പണ്ഡിതനും ഗ്രന്ഥകാരനും ഇസ്‌ലാമിക പ്രസ്ഥാന നായകനുമായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി(1903-1979)യുടെ 'രക്ഷാസരണി', 'ഇസ്‌ലാം മതം' എന്നീ രണ്ട് കൃതികള്‍ 1945-ല്‍ ഉര്‍ദുവില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു ഐ.പി.എച്ചിന്റെ തുടക്കം. പഞ്ചാബിലെ ലാഹോറില്‍ ഇരുപതാം നൂറ്റാണ്ടിലെ രണ്ടാമത്തെ ഇസ്‌ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് മൗദൂദിയും അവിഭക്ത ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍നിന്നെത്തിയ 74 പ്രമുഖ പണ്ഡിതന്മാരും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് 1941 ആഗസ്റ്റില്‍ രൂപം നല്‍കിയിരുന്നെങ്കിലും 1948-ലാണ് സംഘടനയുടെ ഘടകം കേരളത്തില്‍ സ്ഥാപിതമാവുന്നത്. എന്നാല്‍ മൗദൂദി ശിഷ്യനായ ഹാജി വി.പി മുഹമ്മദലി കേരളത്തില്‍ തിരിച്ചെത്തി 1945-ല്‍ തന്നെ പ്രസ്ഥാനത്തിന് കളമൊരുക്കല്‍ ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് തന്റെ ജന്മദേശമായ വളാഞ്ചേരിക്കടുത്ത പൂക്കാട്ടിരിയില്‍ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് എന്ന പേരില്‍ പ്രസാധനാലയത്തിന് തുടക്കം കുറിക്കുന്നത്. അന്നതിന് ഒരേയൊരു അജണ്ടയേ ഉണ്ടായിരുന്നുള്ളൂ. ഇസ്‌ലാമിക നവോത്ഥാന നായകനായിരുന്ന സയ്യിദ് അബുല്‍ അഅ്‌ലായുടെ അനുഗൃഹീത തൂലികയില്‍നിന്ന് പുറത്ത് വന്നുകൊണ്ടിരുന്ന ചിന്തകള്‍ മലയാളികള്‍ക്ക് പകര്‍ന്നു നല്‍കി അതില്‍ ആകൃഷ്ടരാവുന്നവരെ പങ്കാളികളാക്കി ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഘടകം കേരളത്തില്‍ സ്ഥാപിക്കുകയും തുടര്‍ന്ന് അതിന്റെ പ്രചാരണത്തിനും വികാസത്തിനും വേണ്ടി നിരന്തര യത്‌നം നടത്തുകയുമായിരുന്നു ആ അജണ്ട. 1960-ലാണ് ഐ.പി.എച്ചിന്റെ ആസ്ഥാനം എടയൂരില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയത്. മുക്കാല്‍ നൂറ്റാണ്ടിനകം കേരളത്തിലെ പ്രധാന നഗരങ്ങളില്‍ ശാഖകളുള്ള ഒന്നാംനിര പ്രസിദ്ധീകരണാലയങ്ങളിലൊന്നായി ഐ.പി.എച്ച് വളര്‍ന്നിരിക്കുന്നു. ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും പ്രതിരോധിക്കുകയും, അതിന്റെ നേരെ കാലാകാലങ്ങളില്‍  ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും പ്രാമാണികമായും സയുക്തികമായും മറുപടി നല്‍കുകയും ചെയ്യുന്ന വൈജ്ഞാനിക ഉള്ളടക്കങ്ങളാണ് ഐ.പി.എച്ച് പുറത്തിറക്കിയ ഭൂരിഭാഗം ഗ്രന്ഥങ്ങളിലുമുള്ളത്. പരേതരും ജീവിച്ചിരിക്കുന്നവരുമായ പ്രഗത്ഭമതികളുടെ രചനകളാണ് അതില്‍ ഗണ്യമായ വിഭാഗം. ശീഘ്ര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ലോക സാഹചര്യങ്ങളില്‍ ഇസ്‌ലാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനത്തിന് ഇന്ന് മലയാളത്തില്‍ അവലംബിക്കാവുന്ന പ്രസിദ്ധീകരണാലയം ഐ.പി.എച്ച് തന്നെയാണ്.
2021-ലെ കാറ്റ്‌ലോഗ് പ്രകാരം 660 ചെറുതും വലുതുമായ പുസ്തകങ്ങളാണ് ഐ.പി.എച്ച് പട്ടികയില്‍ നിലവിലുള്ളത്. മറ്റു പലതും നേരത്തെ പുതിയ പതിപ്പുകള്‍ ഒഴിവാക്കിയതാണ്. പുസ്തകങ്ങളില്‍ ഏറ്റവും കൂടുതല്‍ പതിപ്പുകള്‍ വേണ്ടിവന്നത് ഏതെല്ലാമാണെന്ന് പരിശോധിക്കുന്നത് കൗതുകകരമാവും. 1968-ല്‍ മദ്‌റസാ പാഠപുസ്തകമായി പ്രസിദ്ധീകരിച്ച മുഹമ്മദ് അബുല്‍ ജലാല്‍ മൗലവിയുടെ 'നമസ്‌കാരം' എന്ന കൃതിയാണ് പ്രഥമ സ്ഥാനത്ത്. 44 പതിപ്പുകളിറങ്ങിയ ഈ പുസ്തകത്തിന്റെ 1,92000 കോപ്പികള്‍ ഇതിനകം വില്‍പനയായിട്ടുണ്ട്. രണ്ടാം സ്ഥാനം 1957-ല്‍ പുറത്തിറങ്ങിയ 'സത്യസാക്ഷ്യ'ത്തിനാണ്. മൗദൂദിയുടെ ഈ ലഘുകൃതി ഇതേവരെ 41 തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 32 പതിപ്പുകളിറങ്ങിയ വി.എ കബീറിന്റെ 'തെരഞ്ഞെടുത്ത പ്രാര്‍ഥനകള്‍' മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു. കെ.സി അബ്ദുല്ല മൗലവിയുടെ 'പരലോകം ഖുര്‍ആനില്‍' 1976-ലാണ് ഐ.പി.എച്ച് പ്രസിദ്ധീകരിക്കുന്നത്. ഗ്രന്ഥത്തിന്റെ 31 പതിപ്പുകള്‍ ഇതിനകം പുറത്തിറങ്ങി. ഒറ്റനോട്ടത്തില്‍ വ്യക്തമാവുന്നത് പോലെ ആത്മീയവും ആധ്യാത്മികവുമായ ഉള്ളടക്കങ്ങളോടാണ് സാമാന്യ വായനക്കാര്‍ക്ക് കൂടുതല്‍ താല്‍പര്യം. കൂടുതല്‍ പതിപ്പുകള്‍ വിറ്റഴിഞ്ഞ മറ്റു ചില പുസ്തകങ്ങള്‍ ചുവടെ: 
'ഇസ്‌ലാം മതം' -സയ്യിദ് മൗദൂദി (1945-ല്‍ പ്രഥമ പതിപ്പ്- 29 പതിപ്പുകളിലായി 92000 കോപ്പികള്‍). മൗദൂദി: 'രക്ഷാസരണി' (1945-29 പതിപ്പുകള്‍), 'ഖുത്തുബാത്ത്' - മൗദൂദി (1948-ല്‍ ഒന്നാം പതിപ്പ്. 27 പതിപ്പുകള്‍, കോപ്പി 67500. കെ.സി അബ്ദുല്ല മൗലവിയുടെ 'നോമ്പിന്റെ ചൈതന്യം' (1989- 27 പതിപ്പുകള്‍), 1986-ല്‍ പുറത്തിറങ്ങിയ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'വൈവാഹിക ജീവിതം' 20 പതിപ്പുകള്‍.
വിശുദ്ധ ഖുര്‍ആന്റെ മലയാള പരിഭാഷകളും വ്യാഖ്യാനങ്ങളുമാണ് ഐ.പി.എച്ചിന്റെ മഹദ് സംഭാവനകളില്‍ ചിലത്. സയ്യിദ് മൗദൂദിയുടെ മാസ്റ്റര്‍ പീസ് എന്ന് പറയാവുന്ന 'തഫ്ഹീമുല്‍ ഖുര്‍ആനി'ന്റെ ഒന്നാം വാള്യം മലയാള വിവര്‍ത്തനം 1972-ലാണ് പുറത്തിറങ്ങിയത്. ഇതേവരെ 21 പതിപ്പുകളിലൂടെ 59000 കോപ്പികള്‍ വിറ്റുകഴിഞ്ഞു. വാള്യം രണ്ട് (1990-ല്‍) 18 എഡിഷന്‍, കോപ്പി 44000. വാള്യം 3 (1991) 15 എഡിഷന്‍, കോപ്പി 43500. വാള്യം 4 (1993) 16/45000. വാള്യം 5, 15/45000. വാള്യം 6 (1998) 16/30000. ഒറ്റവാള്യത്തില്‍ 'ഖുര്‍ആന്‍ ഭാഷ്യം' 1988-ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു. 22/70500. സൂറഃ 'യാസീന്‍' 1978 മുതല്‍ ഇതേവരെ 27 പതിപ്പുകള്‍.
ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ ഒറ്റ വാള്യം 'ഖുര്‍ആന്‍ ലളിതസാരം' 2003-ല്‍ പുറത്തിറങ്ങി (ഇതിനകം 18 പതിപ്പുകള്‍). ടി.കെ ഉബൈദിന്റെ 'ഖുര്‍ആന്‍ ബോധനം' ഇതിനകം പ്രസിദ്ധീകരിച്ചത് ഏഴു പതിപ്പുകള്‍ (അധ്യായം 33 വരെ). കെ.സി അബ്ദുല്ല മൗലവിയുടെ 'അല്ലാഹു ഖുര്‍ആനില്‍' 1983 മുതല്‍ ആറ് പതിപ്പ്. 'ഖുര്‍ആന്റെ മുന്നില്‍ വിനയാന്വിതം'- വാണിദാസ് എളയാവൂര്‍ - 1998-ല്‍ പുറത്തിറക്കി. 13/35000 (അവാര്‍ഡ് നേടിയ കൃതി). 
2007-ല്‍ പുറത്ത് വന്ന 'സ്വഹീഹുല്‍ ബുഖാരി' പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ ഇതിനകം വിറ്റഴിഞ്ഞു. 'സ്വഹീഹു മുസ്‌ലിം' 2 പതിപ്പ്, 'സുനനുത്തിര്‍മിദി' ഒന്ന്, 'ഹദീസ് ബോധനം' -ടി.കെ ഉബൈദ് (6 പതിപ്പ്), 'മാര്‍ഗദീപം'- ശൈഖ് മുഹമ്മദ് കാരകുന്ന് (7), ഇമാം നവവിയുടെ 40 ഹദീസുകളുടെ സമാഹാരം (14) എന്നിവയുടെ സ്വീകാര്യത ശ്രദ്ധേയമാണ്.
അതേസമയം ചെറുതും വലുതുമായ കര്‍മശാസ്ത്ര കൃതികള്‍ പൊതുവെ മുന്തിയ സ്വീകാര്യത നേടിയതായി കാണാം. നടേ സൂചിപ്പിച്ച അബുല്‍ ജലാല്‍ മൗലവിയുടെ 'നമസ്‌കാരം' (44) എന്ന കൃതിക്ക് പുറമെ കെ.സി അബ്ദുല്ല മൗലവിയുടെ 'നമസ്‌കാരത്തിന്റെ ചൈതന്യം' (13), കെ,സിയുടെ തന്നെ 'നോമ്പിന്റെ ചൈതന്യം' (26), വി. അബ്ദുല്ല ഉമരിയുടെ 'ഹജ്ജ് കാര്യങ്ങള്‍' (12), ഹൈദറലി ശാന്തപുരത്തിന്റെ 'ഹജ്ജ് -ഉംറ യാത്ര' (11) എന്നിവയുടെ ലാളിത്യവും പേജുകളുടെ പരിമിതിയും പ്രചാരണത്തിനൊരു കാരണമാവാം. ഈജിപ്ഷ്യന്‍ ഫിഖ്ഹ് പണ്ഡിതന്മാരില്‍ വിഖ്യാതനായിരുന്ന സയ്യിദ് സാബിഖിന്റെ 10 വാള്യങ്ങളുടെ സമാഹാരമായ 'ഫിഖ്ഹുസ്സുന്ന' എന്ന ബൃഹത് ഗ്രന്ഥത്തിന്റെ പരിഭാഷ 11 പതിപ്പുകള്‍ ഇതിനകം വിറ്റഴിഞ്ഞത് നിസ്സാര  നേട്ടമല്ല. ഡോ. യൂസുഫുല്‍ ഖറദാവിയുടെ 'വിധിവിലക്കുകള്‍'ക്ക് ഒമ്പത് പതിപ്പുകള്‍ വേണ്ടിവന്നതും ശ്രദ്ധേയം.
കുടുംബജീവിതത്തിലെ സുഖദുഃഖങ്ങളുടെ കാരണങ്ങളും തദ്‌സംബന്ധമായ വിധിവിലക്കുകളും പ്രതിപാദിക്കുന്ന പുസ്തകങ്ങളാണ് അനുവാചകരുടെ താല്‍പര്യം വലുതായുണര്‍ത്തുന്ന മറ്റൊരു കാറ്റഗറി. 'കുടുംബജീവിതം' എന്ന ശീര്‍ഷകത്തിലെ ലേഖന സമാഹാരത്തിന് 26 പതിപ്പുകള്‍ വേണ്ടിവന്നത് അതിലേക്കുള്ള സൂചനയാണ്. പ്രഫ. ഖുര്‍ശിദ് അഹ്മദിന്റെ 'കുടുംബജീവിതം' (16), ശൈഖ് മുഹമ്മദ് കാരകുന്നിന്റെ 'സന്തുഷ്ട കുടുംബം' (15), അദ്ദേഹത്തിന്റെ തന്നെ 'വൈവാഹിക ജീവിതം ഇസ്‌ലാമില്‍' (20), ജലാലുദ്ദീന്‍ ഉമരിയുടെ 'കുഞ്ഞുങ്ങളും ഇസ്‌ലാമും' (10) തുടങ്ങിയവ മറ്റു ഉദാഹരണങ്ങളാണ്.
മുഹമ്മദ് നബി, ഖലീഫമാര്‍, മറ്റു മഹദ് വ്യക്തിത്വങ്ങള്‍ എന്നിവരുടെ ജീവ ചരിത്രവും ആത്മകഥകളുമാണ് ഐ.പി.എച്ച് ഗ്രന്ഥങ്ങളിലെ നല്ലൊരു വിഭാഗം. അബൂ സലീം അബ്ദുല്‍ ഹയ്യിന്റെ 'നബിയുടെ ജീവിതം' (31), 'കാരുണ്യത്തിന്റെ പ്രവാചകന്‍'- നാഥുറാം (18), 'മുഹമ്മദ് മഹാനായ പ്രവാചകന്‍'-കെ.എസ് രാമകൃഷ്ണറാവു (27), 'നബിചര്യയുടെ സന്ദേശം'- മൗദൂദി (11), 'മരുഭൂമിയിലെ പ്രവാചകന്‍'-കെ.എല്‍ ഗൗബ (10), 'മുഹമ്മദ് നബി മാനുഷ്യകത്തിന്റെ മഹാചാര്യന്‍'- ശൈഖ് മുഹമ്മദ് കാരകുന്ന്, വാണിദാസ് എളയാവൂര്‍ (11) എന്നിവ പ്രവാചകന്റെ വ്യക്തിത്വത്തെയും സന്ദേശത്തെയും നാനാ വിധത്തില്‍ പരിചയപ്പെടുത്തുന്ന കൃതികളാണ്. ഡോ. മുഹമ്മദ് ഹമീദുല്ലയുടെ 'ദൈവദൂതനായ മുഹമ്മദ്' നബി ജീവിതത്തിന്റെ സമഗ്രപഠനമാണ്.
ഇസ്‌ലാമിനും പ്രവാചകനും നേരെ കാലാകാലങ്ങളില്‍ നടന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വസ്തുനിഷ്ഠമായി മറുപടി നല്‍കുന്നതും ഇതര മതങ്ങളുമായി ഇസ്‌ലാമിനെ താരതമ്യം ചെയ്യുന്നതുമായ നിരവധി ഗ്രന്ഥങ്ങള്‍ ഐ.പി.എച്ചിന്റെ അതുല്യ സംഭാവനകളാണ്. വലിയൊരു വിഭാഗം വിദ്യാ സമ്പന്നരുടെ ധാരണകള്‍ തിരുത്താനും അവര്‍ക്ക് മാര്‍ഗദര്‍ശനം ചെയ്യാനും അത് വഴിയൊരുക്കിയിട്ടുണ്ട്. 'മതേതരത്വം, ദേശീയത്വം, ജനാധിപത്യം'- മൗദൂദി (12), 'യുക്തിവാദികളും ഇസ്‌ലാമും' - ഒ. അബ്ദുര്‍റഹ്മാന്‍ (8), 'ക്രൈസ്തവതയുടെ വര്‍ത്തമാനം'- ഇ.എം സക്കീര്‍ ഹുസൈന്‍ (4), 'ദൈവം, മതം, വേദം: സ്‌നേഹ സംവാദം'- ശൈഖ് മുഹമ്മദ് കാരകുന്ന് (11), 'ബുദ്ധന്‍, യേശു, മുഹമ്മദ്' - മുഹമ്മദ് ശമീം (2), 'ഇസ്‌ലാമും ഖാദിയാനിസവും'- പി.പി അബ്ദുര്‍റഹ്മാന്‍ കൊടിയത്തൂര്‍, 'ഒരു ജാതി, ഒരു ദൈവം'- ടി. മുഹമ്മദ് (17), 'ഇസ്‌ലാം ഭീകരതയല്ല'- സ്വാമി ലക്ഷ്മി ശങ്കരാചാര്യ 4), ആനന്ദിന്റെ 'ഇസ്‌ലാം വിമര്‍ശനം', വി.എ.എം അശ്‌റഫ് എന്നീ ടൈറ്റിലുകള്‍ ചിലത് മാത്രം. ചരിത്രം, ശാസ്ത്രം, സാഹിത്യം, വിദ്യാഭ്യാസം, ബാലസാഹിത്യം, കഥ, നോവല്‍ തുടങ്ങിയ വിഷയങ്ങളിലും ഐ.പി.എച്ച് പഠനാര്‍ഹവും ആസ്വാദ്യകരവുമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. 
ഇതിനകം 13 ബൃഹദ് വാള്യങ്ങള്‍ പുറത്തിറക്കിയ 'ഇസ്‌ലാമിക വിജ്ഞാന കോശ'മാണ് ഐ.പി.എച്ചിന്റെ അന്യാദൃശമായ സംഭാവന. ഇസ്‌ലാമുമായി ബന്ധപ്പെട്ട മതപരവും ചരിത്രപരവും ഭൂമിശാസ്ത്രപരവും സാമൂഹികവുമായ ടൈറ്റിലുകള്‍ സമഗ്രമായി ഉള്‍ക്കൊള്ളുന്ന ഈ സര്‍വ വിജ്ഞാനകോശം ഗ്രന്ഥാലയങ്ങള്‍ക്കും, ഇസ്‌ലാമിന്റെ ഏതെങ്കിലും വശത്തെക്കുറിച്ച ഗവേഷണ പഠനങ്ങളില്‍ ഏര്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും, സാമാന്യമായി ഇസ്‌ലാമിനെക്കുറിച്ച് ആഴത്തിലറിയാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും മലയാളത്തില്‍ ഇതുപോലുള്ള ഒരു ബൃഹദ് സമാഹാരം മറ്റില്ല. അവശേഷിക്കുന്ന വാള്യങ്ങളും പണിപ്പുരയിലാണെന്നാണറിവ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌