Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

സാംസ്‌കാരിക വൈവിധ്യങ്ങള്‍ സന്തുലിതമായി നിലനില്‍ക്കണം

സയ്യിദ് സആദത്തുല്ലാ ഹുസൈനി

ഹിന്ദുത്വത്തിന്റെ സൈദ്ധാന്തിക അടിത്തറകളെയും ബൗദ്ധിക വ്യവഹാരങ്ങളെയും ഇതിന് മുമ്പ് നാം വിശകലനം ചെയ്തിട്ടുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരണത്തില്‍ വിവിധ മതേതര രാഷ്ട്രീയ ചേരിയിലുള്ളവര്‍ വഹിച്ച ചരിത്രപരമായ പങ്കും നാം ചര്‍ച്ച ചെയ്തു. മുസ്‌ലിം രാഷ്ട്രീയത്തിന്റെ നാള്‍വഴികള്‍ വിമര്‍ശനാത്മകമായി പരിശോധിച്ച് മുസ്‌ലിം സമൂഹത്തിന്റെ പദവിയുമായും ഉത്തരവാദിത്തവുമായും ബന്ധപ്പെട്ട കാര്യങ്ങളും ഏറ്റവുമൊടുവില്‍ വിശകലന വിധേയമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭാവി രാഷ്ട്രീയവുമായി ബന്ധപ്പെട്ട് അനിവാര്യമായും ചര്‍ച്ച ചെയ്യേണ്ട അടിസ്ഥാനപരവും പ്രായോഗികവുമായ സുപ്രധാന കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇനി ഉദ്ദേശിക്കുന്നത്. ഹിന്ദുത്വ സൈദ്ധാന്തികരുമായും മതേതര ചിന്തകരുമായും ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനിയും വികസിക്കേണ്ടതുമായ ഗൗരവമര്‍ഹിക്കുന്ന വിഷയങ്ങളാണിത്. ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന ഈ വിഷയങ്ങളില്‍ രാജ്യത്തെ പൊതുജനാഭിപ്രായം സ്വരൂപിക്കേണ്ടതുണ്ടെന്നും നാം മനസ്സിലാക്കുന്നു. 
രാജ്യത്ത് നിലനില്‍ക്കുന്ന ആശങ്കാജനകമായ സാഹചര്യങ്ങള്‍ക്ക് ശേഷം, താമസിയാതെ തന്നെ പൗരന്മാര്‍ക്കിടയില്‍ സമത്വം സാധ്യമാക്കുന്നതും പൗരാവകാശങ്ങള്‍ വിവേചനങ്ങളില്ലാതെ ലഭ്യമാക്കുന്നതുമായ മെച്ചപ്പെട്ട നയങ്ങളിലേക്ക് രാജ്യ നിവാസികള്‍ അവരുടെ ആലോചനകള്‍ തിരിച്ചുവിടാനുള്ള സാധ്യത നാം മുന്നില്‍ കാണുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ക്ക് മുന്‍കാലചരിത്രങ്ങളില്‍ എമ്പാടും ഉദാഹരണങ്ങള്‍ ഉണ്ട്. ലോക രാജ്യങ്ങളില്‍ പലയിടങ്ങളിലും ഒരുവേള തീവ്രവാദ പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ചയും അതിന്റെ തുടര്‍ച്ചയായുണ്ടായ രൂക്ഷമായ രക്തച്ചൊരിച്ചിലുകളും പിന്നീട് ആ രാജ്യങ്ങളിലെ വ്യവസ്ഥകളില്‍ മൂര്‍ത്തമായ പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. ഇറ്റലിയിലും ജര്‍മനിയിലുമുണ്ടായ ഫാഷിസത്തിന്റെയും നാസിസത്തിന്റെയും ഭീകരമായ തേര്‍വാഴ്ചകളാണ് പിന്നീട് പല അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും നിമിത്തമായത്. ആ രാജ്യങ്ങളില്‍ ജനാധിപത്യ പരിഷ്‌കാരങ്ങള്‍ വികസിപ്പിക്കുന്നതിനും അത് കാരണമായി. എന്നല്ല ഐക്യരാഷ്ട്ര സഭയുടെയും അതിന്റെ വിവിധ അനുബന്ധ സ്ഥാപനങ്ങളുടെയും രൂപീകരണത്തിന് പോലും കാരണമായതും മറ്റൊന്നുമല്ല. ബാല്‍ക്കനിലെയും കിഴക്കന്‍, മധ്യ യൂറോപ്പിലെയും കമ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെയും വംശീയ പ്രസ്ഥാനങ്ങളുടെയും ക്രൂരതകള്‍ വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് വിപ്ലവകരവും നൂതനവുമായ നിരവധി നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ കാരണമായി. അതിനാല്‍, സമീപഭാവിയില്‍ തന്നെ വിഭാഗീയ ശക്തികള്‍ സൃഷ്ടിക്കുന്ന തിന്മകളും അതിക്രമങ്ങളും ദുരാചാരങ്ങളും രാജ്യത്ത് ശാശ്വത സ്വഭാവമുള്ള പരിഷ്‌കാരങ്ങളുടെ ഉറവിടമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഘട്ടത്തില്‍ ഈ പരിഷ്‌കരണങ്ങള്‍ക്ക് നിമിത്തമാകാനിടയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് നിര്‍ണായകമായ പങ്ക് വഹിക്കാന്‍ സാധിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന സാഹചര്യത്തെ പറ്റി വിലപിക്കുന്നതിനായി നമ്മുടെ മുഴുവന്‍ സമയവും ഊര്‍ജ്ജവും പാഴാക്കാതെ, നാളെയെ മുന്‍കൂട്ടി കാണാനും ആ ഭാവി പദ്ധതി നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കാനും നമുക്ക് സാധിക്കണം. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും നീതിയും തുല്യാവകാശവും ഉറപ്പുവരുത്തുവാനും വിഭാഗീയതയുടെ ദുഷ്പ്രവണതകളില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുവാനും നമ്മുടെ രാജ്യത്ത് ഇനിയും എന്ത് പരിഷ്‌കാരങ്ങള്‍ ആവശ്യമാണ് എന്നത് സംബന്ധിച്ചാണ് നാം ഗൗരവത്തില്‍ ആലോചിക്കേണ്ടത്.

നീതിയും സമത്വവും

ഇസ്‌ലാമിക ശരീഅത്തിന്റെ തലവാചകവും സുപ്രധാന സവിശേഷതയുമാണ് നീതി. ഇസ്‌ലാമിക നിയമത്തിന്റെ ലക്ഷ്യം തന്നെ നീതിയാണെന്ന് അല്ലാമാ ഇബ്‌നുല്‍ ഖയ്യിം പറയുന്നുണ്ട്. ദൈവ ദാസന്മാര്‍ക്കിടയില്‍ നീതി നടപ്പിലാക്കുകയും മുഴുവന്‍ ജനങ്ങള്‍ക്കുമിടയില്‍ നീതിയുടെ നേര്‍സാക്ഷികളായി എഴുന്നേറ്റു നില്‍ക്കുകയും ചെയ്യുക എന്നതാണ് ഇസ്‌ലാമിക ശരീഅത്തിന്റെ ലക്ഷ്യം (മഖ്‌സ്വൂദുഹു ഇഖാമതുല്‍ അദ്ല്‍ ബൈന ഇബാദിഹി, വ ഖിയാമുന്നാസി ബില്‍ ഖിസ്ത്വ്).1 എന്നല്ല, സര്‍വശക്തനായ അല്ലാഹു തന്നെ വിശുദ്ധ ഖുര്‍ആനില്‍ പലയിടത്തും ഒരു മുസ്‌ലിമിന്റെ ദൗത്യം നീതിയും ന്യായവുമാണെന്ന് (അദ്‌ലും ഖിസ്ത്വും) വ്യക്തമാക്കുന്നുണ്ട്. ''അല്ലയോ സത്യവിശ്വാസികളേ, നീതിയുടെ ധ്വജവാഹകരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍'' (അന്നിസാഅ്: 135). ''നബിയേ താങ്കള്‍ അവരോടു പറയുക: എന്റെ റബ്ബ് നീതിയും ന്യായവും അനുശാസിച്ചിരിക്കുന്നു'' (അല്‍അഅ്‌റാഫ്: 29). ''തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്മാരെ അയച്ചിരിക്കുന്നു. മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍ അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്'' (അല്‍ഹദീദ്: 25). രാഷ്ട്രീയ രംഗത്ത് ഇസ്‌ലാമിന്റെ ഏറ്റവും പ്രധാന ലക്ഷ്യം നീതിയാണെന്ന് ഈ സൂക്തങ്ങളെല്ലാം വ്യക്തമാക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം നീതിയും സമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് എന്നതില്‍ തര്‍ക്കമില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്ന നീതിയുടെയും സമത്വത്തിന്റെയും പ്രശ്‌നം ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളെപ്പോലെ സാമ്പത്തിക പ്രശ്‌നങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതല്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും അസമത്വവും അടിച്ചമര്‍ത്തലും ചൂഷണവും അപമാനവും സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്‌കാരിക വ്യവസ്ഥയുടെ ഭാഗമായി നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്നതാണ്.
അതുകൊണ്ടെല്ലാം തന്നെ നമ്മുടെ വ്യവഹാരങ്ങളിലെ വളരെ പ്രധാനപ്പെട്ട വിഷയമായി ഇന്ത്യാ രാജ്യത്ത് നാം ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് നീതിയും സമത്വവുമാണ്. എന്നല്ല, മുസ്‌ലിം ഉമ്മത്ത് നീതിയെയും ന്യായത്തെയും സംബന്ധിച്ച് ബോധവാന്മാരാകണം. നീതിയും ന്യായവും മുസ്‌ലിം സമൂഹത്തിന്റെ സാമൂഹിക അസ്തിത്വത്തിന്റെ പ്രധാന ഉള്ളടക്കമായി മാറണം. അവരുടെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യമായി അതിനെ ഉയര്‍ത്തിക്കൊണ്ടുവരണം. അവരുടെ ഐഡന്റിറ്റിയുടെ സുപ്രധാന ഐക്കണായി അത് മാറണം. 
നീതിയുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്തിനകത്ത് അനിവാര്യമായും ഇനിപ്പറയുന്ന പ്രശ്‌നങ്ങള്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു.
1. സാമ്പത്തിക നീതി: അതായത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുടെയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും വിധം സാമ്പത്തിക നീതി നടപ്പിലാക്കണം. രാജ്യത്തിന്റെ സമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിനും സമ്പന്നരില്‍ നിന്ന് ദരിദ്രരിലേക്ക് സമ്പത്തിന്റെ ഒഴുക്കിനും സംവിധാനമുണ്ടാകണം. ചൂഷണവും കൊള്ളയും ഫലപ്രദമായി തടയുന്നതിനുള്ള മെച്ചപ്പെട്ട നയങ്ങള്‍ (Policy Measures) രാജ്യത്ത് ആവിഷ്‌കരിക്കപ്പെടണം.
2. നീതിന്യായ വ്യവസ്ഥ: അതായത് കോടതികളുടെയും കുറ്റാന്വേഷണ ഏജന്‍സികളുടെയും പ്രോസിക്യൂഷന്റെയും സംവിധാനം മികച്ചതും വേഗമേറിയതും കൂടുതല്‍ നീതിയുക്തവുമാക്കുക. സാധാരണക്കാര്‍ക്ക് സൗജന്യവും വേഗത്തിലുള്ളതുമായ നീതി ഉറപ്പാക്കാനും, അക്രമികളെയും മര്‍ദ്ദകരെയും എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും, നിരപരാധികളുടെ പീഡനവും ചൂഷണവും തടയാനും കോടതിയിലും പോലീസ് സംവിധാനത്തിലും ഫലപ്രദമായ പരിഷ്‌കാരങ്ങള്‍ നമ്മുടെ രാജ്യത്ത് നടപ്പിലാക്കേണ്ടതുണ്ട്.
3. ജാതി, ലിംഗം, വര്‍ഗം എന്നിവയുടെ അടിസ്ഥാനത്തിലുള്ള അതിക്രമങ്ങള്‍ തടയല്‍: അന്തസ്സും ആദരവുമുള്ള ജീവിതം എല്ലാവര്‍ക്കും ലഭ്യമാകണം. പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടണം. സമ്പൂര്‍ണ ജാതി ഉന്മൂലനം, പിന്നാക്ക ജാതികളുടെ ശാക്തീകരണം, സാമൂഹിക ഉന്നമനം എന്നിവയ്ക്കായി കൂടുതല്‍ ഫലപ്രദമായ നയ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
4. സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവും വംശീയവുമായ വിവിധ വിഭാഗങ്ങളുടെ അസ്തിത്വം തിരിച്ചറിയുകയും അവരുടെ സാമൂഹിക അവകാശങ്ങള്‍ വകവെച്ചു നല്‍കുകയും ചെയ്യേണ്ടതുണ്ട്. അതുവഴി അവര്‍ക്ക് അവരുടെ കാര്യങ്ങളില്‍ പരമാവധി അധികാരമുണ്ടാവണം. അത് രാജ്യത്തിന്റെ പൊതു സംവിധാനങ്ങളിലും വ്യവസ്ഥക്കകത്തും ആനുപാതികമായ പങ്കാളിത്തവും അധികാരവും അവര്‍ക്ക് ലഭ്യമാക്കണം.
5. ചൂഷണമുക്തമായ രാഷ്ട്രീയം: നമ്മുടെ രാജ്യത്തെ അനീതിയുടെ ഏറ്റവും വലിയ ഉറവിടം രാഷ്ട്രീയ മേഖലയാണ്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക, ചില പ്രത്യേക വിഭാഗങ്ങളോട് നിരന്തരം കലഹിക്കുകയും അവര്‍ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുക, അവരെ ചൂഷണം ചെയ്യുക തുടങ്ങിയ അനീതികള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുറുക്കുവഴികളായി നമ്മുടെ രാജ്യത്ത് നിരന്തരം ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. നീതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം അടിമുടി പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണ്.

ബഹുസ്വര സമൂഹവും 
കൊളോണിയല്‍ സമീപനവും

സ്വാതന്ത്ര്യത്തിനുമുമ്പ്, യൂറോപ്യന്‍ ഭരണാധികാരികളും അവരുടെ സൈദ്ധാന്തികരും ഇന്ത്യയെപ്പോലുള്ള ഒരു ബഹുസ്വര - ബഹുസാംസ്‌കാരിക രാജ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത് അവരുടെ ജീവിതത്തിലെ തന്നെ ആദ്യത്തെ അനുഭവമായിരുന്നു. ആധുനികത ഉല്‍പാദിപ്പിച്ച ദേശീയ ആശയങ്ങളുടെ തണലില്‍ വളര്‍ന്ന ഇത്തരം രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കോ സൈദ്ധാന്തികര്‍ക്കോ ബഹുസ്വര രാജ്യത്തെക്കുറിച്ച് യാതൊരുവിധ കാഴ്ചപ്പാടും ഇല്ലായിരുന്നു. എന്നല്ല ഈ സൈദ്ധാന്തികരുടെ ദൃഷ്ടിയില്‍ ബഹുസ്വര സമൂഹങ്ങളിലെ വിവിധ മത, സാംസ്‌കാരിക, ഭാഷാ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്ന യാതൊരു വിധ ആന്തരിക ശക്തിയും അവര്‍ക്ക് കണ്ടെത്താനും സാധിച്ചിരുന്നില്ല. ബാഹ്യമായ ഒരു സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ഉണ്ടായ കാരണത്താല്‍ മാത്രമാണ് അവര്‍ സംഘടിച്ചത്.
പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരനായ ജോണ്‍ ഫെര്‍ണീവാള്‍ (John S. Furnivall -1878-1960), ബ്രിട്ടീഷ് കാലത്തെ ബഹുസാംസ്‌കാരിക സമൂഹങ്ങളെ സംബന്ധിച്ച പഠനങ്ങളില്‍ വിദഗ്ധനാണ്. ഇന്ത്യയെപ്പോലുള്ള ഒരു ബഹുസാംസ്‌കാരിക സമൂഹത്തില്‍, ഓരോ വിഭാഗത്തിന്റെയും പദവികളും മൂല്യങ്ങളും മറ്റൊന്നില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്ന് തന്റെ രചനകളില്‍ അദ്ദേഹം സമര്‍ഥിക്കുന്നുണ്ട്. അവര്‍ തമ്മിലുള്ള സമവായത്തിന് യാതൊരു അടിസ്ഥാനവുമില്ല. എന്നല്ല അവര്‍ക്കിടയില്‍ ഒരു 'പൊതു സാമൂഹിക ആവശ്യം' (Common Social Demand) തന്നെയില്ല എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ഈ സമൂഹങ്ങള്‍ക്കിടയില്‍ എല്ലായ്‌പ്പോഴും അക്രമാസക്തമായ ഏറ്റുമുട്ടലിന്റെ അപകടം ഒളിഞ്ഞിരിക്കുന്നുണ്ട്. ആയതിനാല്‍ ഇവിടെ ക്രമസമാധാനം നിലനിര്‍ത്തണമെങ്കില്‍ ഒരു ബാഹ്യശക്തിയുടെ (കൊളോണിയലിസം) സാന്നിധ്യം ആവശ്യമാണ്.2
അക്കാലത്തെ പല പാശ്ചാത്യ എഴുത്തുകാരുടെയും ചിന്തകള്‍ വിശകലന വിധേയമാക്കിയാല്‍ അവര്‍ക്കാര്‍ക്കും ബഹുസ്വര സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയിലുണ്ടാകേണ്ട സമാധാനപരമായ സഹവര്‍ത്തിത്വത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല എന്ന് ബോധ്യപ്പെടും. ബഹുസ്വര സമൂഹങ്ങളില്‍ ഏക സാംസ്‌കാരിക സംഘത്തിന്റെ കുത്തകാധിപത്യം (Monopoly)വേണമെന്നാണ് പ്രശസ്ത എഴുത്തുകാരന്‍ എം.ജി. സ്മിത്ത് ആഹ്വാനം ചെയ്തത്.3
പടിഞ്ഞാറിന്റെ വികലമായ ഈ സിദ്ധാന്തങ്ങള്‍ നമ്മുടെ രാജ്യത്തെ വിദ്യാസമ്പന്നരായ ബുദ്ധിജീവികളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിച്ചു. ഒരു രാജ്യത്തിന് വേണ്ട ഏക നാഗരികതയെ സംബന്ധിച്ചാണ് അവരുടെ ആലോചന പോയത്. ഇങ്ങനെ ചിന്തിക്കുന്നവര്‍ പിന്നീട് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഒരു രാജ്യത്തിനകത്ത് സഹവര്‍ത്തിത്വം അസാധ്യമാണെന്ന് കരുതുന്നവര്‍ ഒരു വശത്ത്. മറുവശത്ത് സംസ്‌കാരങ്ങള്‍ ഉണ്ടായിരിക്കെ തന്നെ അവയെ സംയോജിപ്പിച്ച് ഒരു ഏകതാന രാഷ്ട്രമായി മാറും വിധം ഏക സാംസ്‌കാരിക ഏകതാനമായ രാഷ്ട്രം (Unicultural Homogeneous Nation) വേണമെന്ന വാദക്കാര്‍. ഏക സാംസ്‌കാരിക ഏകീകൃത രാഷ്ട്രത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും അവര്‍ കരുതി.
ആധുനിക സാമൂഹിക ശാസ്ത്രത്തില്‍, ബഹുസ്വര സമൂഹങ്ങളെക്കുറിച്ച് രണ്ട് കാഴ്ചപ്പാടുകളുണ്ട്. അതിലൊന്ന് മെല്‍റ്റിംഗ് പോട്ട് തിയറി (Melting Pot Theory) എന്നാണ് അറിയപ്പെടുന്നത്. ഇത് വിവിധ ലോഹങ്ങള്‍ ഉരുക്കിയെടുക്കുന്ന ലോഹ പാത്രത്തോടോ വിവിധ പഴവര്‍ഗങ്ങള്‍ ചേര്‍ത്ത് പഴച്ചാറുണ്ടാക്കുന്ന ജാറിനോടോ ആണ് സമൂഹത്തെ ഉപമിക്കുന്നത്. പഴച്ചാറുണ്ടാക്കുന്ന ജാറില്‍, വ്യത്യസ്ത പഴങ്ങള്‍ ഉണ്ടെങ്കിലും അതെല്ലാം ഇടകലര്‍ന്ന് പരസ്പരം തിരിച്ചറിയാന്‍ സാധിക്കാത്ത വിധം ഒന്നായിത്തീരുന്നു. അവ ഓരോന്നിന്റെയും തനതായ നിറവും രുചിയും നഷ്ടപ്പെടുന്നു. അവയെല്ലാം ചേര്‍ന്ന് പുതിയ നിറവും പുതിയ രുചിയും ഉണ്ടാക്കുന്നു. പഴച്ചാറില്‍ ഏത് ഇനത്തിന്റെ അളവാണോ കൂടുതല്‍ കാണുന്നത് അതിന്റെ രുചിയും നിറവും മേല്‍ക്കൈ നേടി പഴച്ചാറിന്റെ രുചിയെ മൊത്തത്തില്‍ നിയന്ത്രിക്കുന്നു. അതില്‍ ഏറ്റവും കുറഞ്ഞ അളവിലുള്ള പഴത്തിന്റെ രുചിയും നിറവും അതിലുണ്ടാകുമെങ്കിലും അതിന്റെ പ്രത്യേക ഐഡന്റിറ്റി ഒരു നിലക്കും അതില്‍ പ്രകടമാവുകയില്ല. ചുരുക്കത്തില്‍ വിവിധ നിറങ്ങളുടെയും ഗന്ധങ്ങളുടെയും സംയോജനം പുതിയൊരു നിറവും പുതിയ മണവും അതില്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇതാണ് മെല്‍റ്റിംഗ് പോട്ട് തിയറി കൊണ്ട് അര്‍ഥമാക്കുന്നത്. രണ്ടാമത്തെ സിദ്ധാന്തം സാലഡ് ബൗള്‍ തിയറി (Salad Bowl Theory) ആണ്. ഇതുപ്രകാരം സമൂഹത്തെ ഒരു സാലഡ് പ്ലേറ്റിനോട് ഉപമിക്കുന്നു. വ്യത്യസ്ത ചേരുവകള്‍ വെച്ചാണ് സാലഡ് ഉണ്ടാക്കുന്നത്. അതില്‍ ചേര്‍ക്കുന്ന ഓരോന്നിനും അതിന്റേതായ നിറവും സ്വാദും ഉണ്ട്. സാലഡിന്റെ ഭാഗമാകുന്നത് കൊണ്ട് ഒന്നിന്റെയും ഐഡന്റിറ്റി നഷ്ടപ്പെടുന്നില്ല. അതിലുള്ള കാരറ്റുകളും വെള്ളരിക്കയും ഒലിവുമെല്ലാം നിങ്ങള്‍ക്ക് വെവ്വേറെ വേര്‍തിരിച്ചറിയാനാവും. ഇപ്രകാരം ഒരു സമൂഹത്തിലെ വൈവിധ്യങ്ങള്‍ ഒന്നിന്റെയും സ്വത്വം നഷ്ടപ്പെടാതെ നിലനില്‍ക്കും സാലഡ് ബൗള്‍ തിയറി പ്രകാരം.4
കൊളോണിയല്‍ ദേശീയ ആഖ്യാനങ്ങള്‍ മെല്‍റ്റിംഗ് പോട്ട് തിയറിയെയാണ് പിന്തുണച്ചത്. എന്നാല്‍ നമ്മള്‍ കാണാന്‍ പോകുന്നതുപോലെ, മാറുന്ന ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ ലോകത്തെ മുഴുവന്‍ സാലഡ് ബൗള്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലുള്ള സമീപനത്തിലേക്കാണ് ആകര്‍ഷിക്കുന്നത്. ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തിന് ഈ സമീപനമാണ് ന്യായമായും പ്രായോഗികമാവുക എന്നത് പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. എന്നാല്‍ ഈ സമീപനത്തിന് പ്രായോഗിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമോ, ഉണ്ടെങ്കില്‍ അതെന്തൊക്കെയായിരിക്കും എന്നീ ചോദ്യങ്ങള്‍ സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകളും നടക്കേണ്ടതുണ്ട്.

മള്‍ട്ടി കള്‍ച്ചറലിസത്തിന്റെ മികച്ച 
മാതൃക വേണം

നാം നേരത്തേ സ്വത്വ രാഷ്ട്രീയം വിശകലന വിധേയമാക്കിയപ്പോള്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു. ഇസ്‌ലാമിന്റെ അനുയായികള്‍ കേവല സ്വത്വ രാഷ്ട്രീയം പിന്തുടരുകയല്ല വേണ്ടത്. മറിച്ച് സ്വത്വവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ പരിഹാര നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. ഇത് മുസ്‌ലിം സമൂഹത്തിന്റെ മാത്രം പ്രശ്‌നമല്ല; രാജ്യത്തെ നൂറുകണക്കിന് സാമൂഹിക സാംസ്‌കാരിക വിഭാഗങ്ങളുടെ പ്രശ്‌നമാണ്. ഇത് മുഴുവന്‍ മതന്യൂനപക്ഷങ്ങളുടെയും പ്രശ്‌നമാണ്. ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാത്തതോ സ്വന്തം സംസ്ഥാനത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നതോ ആയ നിരവധി ഭാഷാ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നമാണിത്. പട്ടിക ജാതിക്കാര്‍, ദലിതര്‍, ഒ.ബി.സികള്‍, ഗോത്രവര്‍ഗക്കാര്‍, ആദിവാസികള്‍, ഹിന്ദുക്കളിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ (മഹാരാഷ്ട്രയിലെ മറാത്തകള്‍, കര്‍ണാടകയിലെ ലിംഗായത്തുകള്‍ മുതലായവ) തുടങ്ങി മതപരവും സാംസ്‌കാരികവുമായ പ്രത്യേക സ്വത്വങ്ങളുള്ള എല്ലാവരുടെയും പ്രശ്‌നമാണിത്.
നമ്മുടെ രാജ്യത്ത്, വ്യക്തികളുടെ അവകാശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാംസ്‌കാരികവും മതപരവുമായ സാമൂഹിക അവകാശങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. ഭരണഘടനാ നിര്‍മാണ സമയത്ത് നിലനിന്നിരുന്ന മേല്‍പ്പറഞ്ഞ ആഗോള ചിന്തയുടെയും പ്രത്യേകിച്ച് ജനാധിപത്യ ദേശീയ രാഷ്ട്രത്തിന്റെ ആംഗ്ലോ-സാക്‌സണ്‍ മോഡലിനെ(Anglo-Saxon Model) അമിതമായി ആശ്രയിക്കുന്നതിന്റെയും ഫലമാണിത്. ഗാന്ധിയെയും അംബേദ്കറെയും പോലുള്ള നേതാക്കള്‍ ഇന്ത്യയുടെ അടിസ്ഥാന യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കുകയും വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക പദവി അംഗീകരിക്കുകയും അവരുടെ ന്യായമായ അവകാശങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്ടേലിനെയും നെഹ്‌റുവിനെയും പോലെയുള്ള നേതാക്കള്‍ക്ക് അതത്ര ഉചിതമാണെന്ന് തോന്നിയില്ല. ആംഗ്ലോ സാക്‌സണ്‍ മോഡലിനൊപ്പം റഷ്യയിലെ സാംസ്‌കാരിക വിഭാഗങ്ങളെ ഒരൊറ്റ രാഷ്ട്രമായി സമന്വയിപ്പിക്കാന്‍ ശ്രമിച്ച സ്റ്റാലിനും നെഹ്‌റുവില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. തല്‍ഫലമായി, അംബേദ്കറുടെ ഏറ്റവും പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില നിര്‍ദേശങ്ങള്‍ നിരസിക്കപ്പെട്ടു. കരട് കമ്മിറ്റി അംഗീകരിച്ചതും കരട് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതുമായ കാര്യങ്ങള്‍ പോലും ഭരണഘടനാ നിര്‍മാണ സഭയില്‍ തള്ളപ്പെട്ടു. യൂറോപ്യന്‍ രാഷ്ട്രങ്ങളെപ്പോലെ ഇന്ത്യയെ ഏകതാനമായ രാഷ്ട്രമായി (Homogeneous Nation) പരിഗണിച്ചുകൊണ്ട് അവര്‍ ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥയെ രൂപപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ പ്രകൃതത്തോട് യോജിക്കാത്ത അസ്വാഭാവികമായ ഇടപെടലും സമീപനവുമാണ് ഈ രാജ്യമനുഭവിക്കുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ നാരായ വേര് ഈ തെറ്റിലാണ് ഊട്ടപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ സന്ദര്‍ഭത്തില്‍ നമ്മുടെ രാജ്യം നിരവധി നാഗരികതകളുടെ കളിത്തൊട്ടിലാണെന്ന് രാജ്യനിവാസികളെ വളരെ അനിവാര്യമായും ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയെ ഒരൊറ്റ സാംസ്‌കാരിക സ്ഥാപനമെന്ന നിലയില്‍ കൈകാര്യം ചെയ്യുന്നത് സംഘര്‍ഷങ്ങള്‍ക്കും വലിയ പ്രത്യാഘാതങ്ങള്‍ക്കും കാരണമാകും എന്നത് തര്‍ക്കമറ്റതാണ്.
മതന്യൂനപക്ഷങ്ങള്‍ക്കായി, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 26 മത, ജീവകാരുണ്യ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള മതവിഭാഗങ്ങളുടെ അവകാശവും, ആര്‍ട്ടിക്കിള്‍ 29(1) സാംസ്‌കാരിക ഭാഷാ വിഭാഗങ്ങള്‍ക്ക് അവരുടെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാനുള്ള അവകാശവും, ആര്‍ട്ടിക്കിള്‍ 30 ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശവും വകവെച്ചുനല്‍കുന്നുണ്ട്. ഈ മൂന്ന് വകുപ്പുകള്‍ മാത്രമാണ് മതന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് സാമൂഹികമായ അവകാശങ്ങള്‍ പരിമിതമായ സ്വഭാവത്തില്‍ അംഗീകരിച്ചു നല്‍കുന്നത്. ഇതുകൂടാതെ 1937-ല്‍ അംഗീകരിച്ച മുസ്‌ലിം വ്യക്തിനിയമങ്ങള്‍ പിന്തുടരുവാനുള്ള അവകാശവും നല്‍കുന്നുണ്ട്. മറ്റെല്ലാ ഭരണഘടനാ അവകാശങ്ങളും വ്യക്തികള്‍ക്കുള്ളതാണ്. അവക്കൊന്നും സാംസ്‌കാരികമോ മതപരമോ വംശീയമോ ആയ തലങ്ങളില്ല.
ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ ഭൂമിശാസ്ത്രപരമായി പ്രത്യേക പ്രദേശങ്ങളില്‍ ഒതുങ്ങിനില്‍ക്കുന്നതിനാല്‍, ഭാഷാപരമായ സംസ്ഥാനങ്ങള്‍ രൂപീകരിച്ച് അവരുടെ പ്രശ്‌നം എളുപ്പത്തില്‍ പരിഹരിക്കപ്പെടുകയും ഭൂമിശാസ്ത്രപരമായ അടിസ്ഥാനത്തില്‍ അവര്‍ക്ക് പ്രദേശിക സ്വയംഭരണം (Territorial Autonomy) നല്‍കുകയും ചെയ്തു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കി. ഇത് അവരനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിമിതമായ പരിഹാരം മാത്രമായിരുന്നു.
വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അശാന്തിയും അതൃപ്തിയും നാടിന് മുഴുവന്‍ ദോഷകരമാണെന്ന് ഇപ്പോള്‍ തിരിച്ചറിയപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥ ഭരണ കാര്യങ്ങളില്‍ പ്രായോഗികമായി ഭൂരിപക്ഷ വിഭാഗത്തിന് നിയന്ത്രണാധികാരം നല്‍കുന്നതാണെങ്കില്‍, ഇതര സാംസ്‌കാരിക വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കും. അതുവഴി രാജ്യം തങ്ങളുടേത് കൂടിയാണെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ഇല്ലാതായേക്കാം. ഓരോ സാംസ്‌കാരിക വിഭാഗത്തിനും അവരുടെ സാംസ്‌കാരിക ഇടപാടുകളില്‍ പൂര്‍ണ നിയന്ത്രണം ഉണ്ടായിരിക്കുകയും രാജ്യത്തിന്റെ സാമൂഹിക ഇടപാടുകളില്‍ ആവശ്യമായ സ്വാധീനം ചെലുത്താന്‍ അവസരങ്ങള്‍ ലഭ്യമാവുകയും ചെയ്താല്‍, മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കുമിടയില്‍ യഥാര്‍ഥ ഐക്യത്തിന്റെ പാത തുറക്കാന്‍ കഴിയും. ഇത് വിഘടനവാദവും സംഘര്‍ഷങ്ങളും തടയാന്‍ സഹായിക്കും. വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക അസ്തിത്വം തിരിച്ചറിയുന്നത് രാജ്യത്തെ വിഭജിക്കുകയല്ല, മറിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് ചെയ്യുക.5

വ്യക്തിഗത അവകാശങ്ങളോ 
സാമൂഹിക അവകാശങ്ങളോ?

പതിനെട്ടും പത്തൊന്‍പതും നൂറ്റാണ്ടുകളിലെ യൂറോപ്യന്‍ രാഷ്ട്രീയ ചിന്തകര്‍ക്കിടയില്‍ ആധുനിക ഭരണകൂടത്തിന്റെ അവകാശങ്ങള്‍ യഥാര്‍ഥത്തില്‍ വ്യക്തികള്‍ക്കാണോ അതോ സാമൂഹിക വിഭാഗങ്ങള്‍ക്കാണോ എന്നതിനെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. പരമ്പരാഗത ഗോത്ര സമൂഹങ്ങളില്‍, ഗോത്രത്തെ തന്നെ ഒരു രാഷ്ട്ര യൂനിറ്റായി അംഗീകരിക്കുകയും ഗോത്രങ്ങള്‍ക്ക് നിരവധി അവകാശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ലിബറല്‍ യൂറോപ്യന്‍ തത്ത്വചിന്തകരുടെ ഊന്നല്‍ വ്യക്തികളുടെ അവകാശങ്ങളിലായിരുന്നു. എന്നല്ല വ്യക്തിവാദം (Individualism) ആധുനിക ലിബറല്‍ ചിന്തയുടെ പ്രധാന സവിശേഷതയായാണ് കണക്കാക്കപ്പെടുന്നത്. ഈ ചിന്തകരുടെ അഭിപ്രായത്തില്‍, മനുഷ്യരുടെ കൂടിച്ചേരലിന്റെ ഏക അടിസ്ഥാനം ദേശീയതയില്‍ നിര്‍മിച്ച രാഷ്ട്ര സംവിധാനങ്ങള്‍ മാത്രമായിരുന്നു. ഇത്തരം ദേശ രാഷ്ട്രങ്ങള്‍ക്കാകട്ടെ അന്താരാഷ്ട്ര സമൂഹത്തില്‍ ചില അവകാശങ്ങള്‍ ഉണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് പരമാധികാരത്തിനുള്ള (Sovereignty) അവകാശമായിരുന്നു. ദേശ രാഷ്ട്രത്തിനുള്ളില്‍ ഒരു സാമൂഹികവിഭാഗത്തിനും പ്രത്യേകമായ സാമൂഹിക അവകാശങ്ങള്‍ നല്‍കേണ്ടതില്ലെന്നാണ് അവര്‍ സിദ്ധാന്തിച്ചത്. വ്യക്തികള്‍ക്ക് പരമാവധി സ്വാതന്ത്ര്യവും അവകാശങ്ങളും നല്‍കിയാല്‍ മതിയാകും. അതുവഴി അവര്‍ക്ക് മതപരവും ഭാഷാപരവും സാംസ്‌കാരികവുമായ അവകാശങ്ങള്‍ സ്വയമേവ ലഭ്യമായിക്കൊള്ളും എന്നായിരുന്നു അവരുടെ കണ്ടെത്തല്‍.6
പല രാഷ്ട്രീയ ചിന്തകരും സാമൂഹിക അവകാശങ്ങള്‍ വ്യക്തിഗത അവകാശങ്ങള്‍ക്ക് തടസ്സമായാണ് കാണുന്നത്. വിവിധ സാമൂഹിക വിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ അത് വ്യക്തി സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. സാംസ്‌കാരികവും മതപരവുമായ വിഭാഗങ്ങള്‍ അവരുടെ പാരമ്പര്യങ്ങള്‍ നടപ്പിലാക്കാനാണ് എപ്പോഴും ശ്രമിക്കുക. അത് വ്യക്തിയുടെ സ്വാതന്ത്ര്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അതുകൊണ്ട് പൗരന്മാര്‍ക്ക് വ്യക്തിഗത അവകാശങ്ങള്‍ വകവെച്ചുനല്‍കുകയും അവര്‍ക്ക് ഇഷ്ടമുള്ള മതം, സംസ്‌കാരം, ഭാഷ, സ്വത്വം എന്നിവ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും വേണം എന്നതാണ് അവരുടെ സിദ്ധാന്തം.7
എന്നാല്‍ ഈ ആശയം സ്ഥാപിക്കപ്പെട്ടത് അക്കാലത്ത് മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്ന ഏകതാന സാംസ്‌കാരിക പരിഷ്‌കൃത സമൂഹത്തെ അടിസ്ഥാനമാക്കിയായിരുന്നു. ഒരു ബഹുസാംസ്‌കാരിക സമൂഹത്തില്‍, വ്യക്തികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ ഒട്ടും പര്യാപ്തമാവുകയില്ല. ഒരു വ്യക്തിക്ക് തന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ പൂര്‍ണമായും സ്വതന്ത്രമായും ഉപയോഗിക്കാന്‍ സാധിക്കണമെങ്കില്‍ സാമൂഹികമായ പിന്തുണ കൂടി ഉണ്ടാകണം. ഉദാഹരണത്തിന്, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ ഭാഷ സംരക്ഷിക്കാനുള്ള വ്യക്തിഗത അവകാശമുണ്ട്. ആ ഭാഷ പഠിപ്പിക്കുന്നതിനും സമൂഹ ജീവിതത്തില്‍ അത് ഉപയോഗിക്കുന്നതിനും ശരിയായ ക്രമീകരണമില്ലെങ്കില്‍, ഈ അവകാശം തന്നെ അര്‍ഥശൂന്യമാകും. സ്വകാര്യ സ്ഥാപനങ്ങള്‍ കൊണ്ട് മാത്രം വിദ്യാഭ്യാസ പ്രക്രിയ പൂര്‍ത്തിയാക്കാനാകില്ല. അതിനാല്‍, വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക്, അവര്‍ക്ക് ഇഷ്ടമുള്ള വിദ്യാഭ്യാസത്തിനുള്ള അവകാശം നല്‍കിയിട്ടും, സര്‍ക്കാര്‍ സംരക്ഷണം നഷ്ടപ്പെടുന്ന കാരണത്താല്‍ ഈ അവകാശം വളരെ പരിമിതമായ അളവില്‍ മാത്രമേ വിനിയോഗിക്കാന്‍ സാധിക്കൂ. കുടുംബ ജീവിതവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും മതപരവുമായ മൂല്യങ്ങള്‍ വ്യക്തി ജീവിതത്തില്‍ തന്നെ നടപ്പിലാക്കണമെങ്കില്‍ അധികാര ശക്തി ആവശ്യമാണ്. അതിനാല്‍, ഗവണ്‍മെന്റ് തന്നെ മുന്‍കൈയെടുത്ത് വ്യക്തിഗത നിയമങ്ങള്‍ നടപ്പിലാക്കാത്തിടത്തോളം ഇത്തരം കുടുംബ ജീവിതത്തിന്റെ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ സാധ്യമല്ല. ഭൂരിപക്ഷ വോട്ടിലൂടെയാണ് സര്‍ക്കാരുകള്‍ തെരഞ്ഞെടുക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് സാംസ്‌കാരിക യൂണിറ്റുകളുടെ അടിസ്ഥാന അവകാശങ്ങളെ ബാധിക്കുന്ന പല നടപടികളും എളുപ്പത്തില്‍ സ്വീകരിക്കാന്‍ കഴിയും. വ്യക്തികള്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ കൊണ്ട് മാത്രം ഈ നടപടികളെ ഒരിക്കലും തടയാനാവില്ല. അതുകൊണ്ടുതന്നെ സാംസ്‌കാരിക സംഘങ്ങളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വ്യക്തിഗത അവകാശങ്ങള്‍ പര്യാപ്തമാണെന്ന ആശയം തന്നെ അടിസ്ഥാനപരമായി തെറ്റാണ്.
നമ്മുടെ വീക്ഷണത്തില്‍, സാമൂഹിക വിഭാഗങ്ങള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നത് വ്യക്തികളുടെ അവകാശങ്ങളെ ബാധിക്കുമെന്ന ധാരണ തികച്ചും ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. ഓരോ സമൂഹവും നിര്‍ബന്ധമായും വ്യക്തികളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നുണ്ട്. എന്നല്ല വ്യക്തിപരമായ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണങ്ങളുടെ പേരാണ് രാഷ്ട്രം എന്നത്. എന്നാല്‍ രാഷ്ട്രവും ഭരണകൂടവും വെക്കുന്ന ഇത്തരം നിയന്ത്രണങ്ങള്‍ വ്യക്തിയുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ളതാണ്. സാമൂഹിക വിഭാഗങ്ങള്‍ക്കോ സാംസ്‌കാരിക യൂനിറ്റുകള്‍ക്കോ അവകാശങ്ങള്‍ നല്‍കുന്നത് വ്യക്തികളുടെ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയല്ല, മറിച്ച് ഭരണകൂടത്തിന്റെ അധികാരങ്ങള്‍ കുറക്കുകയോ നിയന്ത്രിക്കുകയോ ആണ് അതുവഴി സംഭവിക്കുന്നത്. വ്യക്തികളുടെ അനിഷേധ്യമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം എന്നതില്‍ സംശയമില്ല. അതോടൊപ്പം തന്നെ, താഴെ പരാമര്‍ശിക്കുന്ന ചില രാജ്യങ്ങളില്‍ ചെയ്തത് പോലെ, ഭരണകൂടങ്ങള്‍ക്ക് അതിന്റെ ചില പ്രവര്‍ത്തനങ്ങളും അധികാരങ്ങളും സാംസ്‌കാരിക വിഭാഗങ്ങളുടെ സാമൂഹിക ക്രമത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കും.
വിഖ്യാത രാഷ്ട്രീയ തത്ത്വചിന്തകന്‍ വില്‍ കിംലിക്ക (Will Kymlicka)ഈ വ്യത്യാസം ആന്തരിക നിയന്ത്രണങ്ങളും (Internal Restrictions) ബാഹ്യ സംരക്ഷണവും (External Protection) എന്നീ രണ്ട് പരികല്‍പനകള്‍ ഉപയോഗിച്ച് വളരെ നന്നായി ചിത്രീകരിക്കുന്നുണ്ട്.8 അതായത്, വിവിധ സാംസ്‌കാരിക വിഭാഗങ്ങള്‍ക്ക് രാജ്യത്തിനകത്ത് അവകാശങ്ങള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഈ അവകാശങ്ങള്‍ അവരുടെ വ്യക്തി സ്വാതന്ത്ര്യത്തെ ആന്തരികമായി പരിമിതപ്പെടുത്താന്‍ അവസരമില്ലാത്ത വിധത്തില്‍ വ്യന്യസിക്കുകയും വേണം. ഭരണകൂടവും മറ്റ് സമൂഹിക വിഭാഗങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ നിന്നും അപകടങ്ങളില്‍ നിന്നും അവരുടെ സാംസ്‌കാരിക മൂല്യങ്ങളെ സംരക്ഷിക്കാനുള്ള അവസരമൊരുക്കണം. 
(തുടരും)


അവലംബം:
1.    ഇബ്‌നുല്‍ ഖയ്യിം- അത്ത്വുറുഖുല്‍ ഹികമിയ്യ ഫിസ്സിയാസ അശ്ശറഇയ്യ, ദാറുല്‍ കുതുബ് (2011), ബൈറൂത്ത്
2. S. Furnivall, Colonial Policy and Practice (Cambridge:  Cambridge University Press, 1948
3.    M.G. Smith, “Institutional and Political Conditions of Pluralism,” in Pluralism in Africa, ed. By L. Kuper and M.G. Smith (Berkeley:  University of California Press, 1965), pp. 32-33
4.    മാറുന്ന ലോകവും ഇസ്‌ലാമിക ചിന്തയും - സയ്യിദ് സആദതുല്ലാ ഹുസൈനി
5.    Clive Baldwinet. al. (2007) Minority Rights, The Key to Conflict Prevention; Minority Rights Group International at https:  //minorityrights.org/wp-content/uploads/old-site-downloads/download-174-Minority-Rights-The-Key-to-Conflict-Prevention.pdf, retrieved on 1-11-2021
6.    Judith Baker (ed) (1994) Group Rights; University of Toronto Press; Toronto;Will Kymlicka(1995) Multicultural Citizenship:  A Liberal Theory of Minority Rights, Oxford:  Clarendon Press
7.    Ibid
8.    കനേഡിയന്‍ രാഷ്ട്ര തന്ത്രജ്ഞനായ വില്‍ കിംലിക്ക വിവിധ സാംസ്‌കാരിക വിഭാഗങ്ങളുടെ സംഘടിത അവകാശങ്ങള്‍ക്കായി വാദിക്കുന്ന പ്രമുഖ രാഷ്ട്രീയ തത്ത്വചിന്തകരില്‍ ഒരാളാണ്. ഈ വിഷയത്തില്‍ അദ്ദേഹത്തിന് നിരവധി പുസ്തകങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് (Will Kymlicka (1995) Multicultural Citizenship:  A Liberal Theory of Minority Rights / Clarendon Press; Oxford; page 35-44)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌