എം.സി അബ്ദുല്ല മൗലവി (1947-2022) പണ്ഡിതന്‍, നിസ്വാര്‍ഥ പ്രവര്‍ത്തകന്‍
ബഹുമാന്യ പണ്ഡിതന്‍ എം.സി അബ്ദുല്ല മൗലവി അല്ലാഹുവിലേക്ക് യാത്രയായി. ഹദീസിലും കര്‍മശാസ്ത്രത്തിലും സവിശേഷ പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹം ശാന്തപുരം കോളേജില്‍നിന്ന് പഠിച്ച് പുറത്ത് വന്ന പണ്ഡിത നിരയിലെ പ്രധാന കണ്ണികളില്‍ ഒരാളായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ മുഴുസമയ പ്രവര്‍ത്തകനും അധ്യാപകനുമെന്ന നിലയില്‍ കേരളത്തിലെ മിക്കയിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
1990-കളില്‍ കോഴിക്കോട് ദഅ്‌വ കോളേജില്‍ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. കേരള ജമാഅത്തിന്റെ ആഭിമുഖ്യത്തിലുള്ള പണ്ഡിതവേദിയായ മജ്‌ലിസുന്നുഖബായുടെ യോഗത്തില്‍ അദ്ദേഹം കൃത്യമായി പങ്കെടുക്കുകയും ചര്‍ച്ചകളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്നു. അക്കാലത്ത് അദ്ദേഹം നബിദിനാഘോഷത്തെ വിമര്‍ശിച്ച് കൊണ്ട് പ്രബോധനം വാരികയില്‍ ലേഖനം എഴുതുകയുണ്ടായി. അതിന് പ്രഫ. ഓമാനൂര്‍ മുഹമ്മദ് എഴുതിയ ഖണ്ഡന ലേഖനത്തിന് എം.സിയുടെ പക്ഷം ചേര്‍ന്ന് ഞാന്‍ എഴുതിയ മറുകുറിപ്പ് വാരികയില്‍ അച്ചടിച്ചുവന്നതിന് തൊട്ടുടനെയാണ് അദ്ദേഹവുമായി സന്ധിക്കുന്നത്. തദവസരത്തില്‍ സ്വതഃസിദ്ധമായ തുറന്ന ചിരിയോടെ എന്നെ ആശ്ലേഷിക്കുകയും നന്ദി പറയുകയും ചെയ്തത് ഓര്‍ക്കുന്നു.
1947 ആഗസ്റ്റില്‍ മലപ്പുറം ജില്ലയിലെ കീഴുപറമ്പിലാണ് എം.സി അബ്ദുല്ല ജനിച്ചത്. പിതാവ് കുഞ്ഞാലി. മാതാവ് സൈനബ. സ്വദേശത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-ല്‍ ശാന്തപുരം ഇസ്ലാമിയാ കോളേജില്‍ ചേര്‍ന്നു. ശാന്തപുരത്തെ വിദ്യാര്‍ഥി പാര്‍ലമെന്റില്‍ നന്നായി തിളങ്ങിയിരുന്ന എം.സിയെ സഹപാഠികള്‍ അനുസ്മരിക്കുന്നത് പലപ്പോഴും കേട്ടിട്ടുണ്ട്. വിജ്ഞാനപ്രദമായ ചര്‍ച്ച കൊണ്ടും വാദപ്രതിവാദങ്ങള്‍ കൊണ്ടും അതിനെ സജീവമാക്കിയവരില്‍ കെ. അബ്ദുല്ലാ ഹസന്‍ സാഹിബിനോടൊപ്പം എം.സിയുമുണ്ടായിരുന്നു. ചര്‍ച്ചാ വേളയില്‍ വിദ്യാര്‍ഥി പാര്‍ലമെന്റിലെ മന്ത്രിമാര്‍ തെളിവുകളായി ഉദ്ധരിക്കുന്ന ഹദീസുകള്‍ ദുര്‍ബലമാണെങ്കില്‍, ആധികാരിക പ്രമാണങ്ങള്‍ നിരത്തിയുള്ള എം.സിയുടെ സമര്‍ഥനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ അധികമാര്‍ക്കും കഴിയാറില്ല.
1967-ല്‍ ശാന്തപുരത്തുനിന്ന് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങള്‍ നേടി പുറത്തിറങ്ങിയ ശേഷം കോഴിക്കോട് ജില്ലയിലെ ചേളന്നൂരില്‍ വളരെക്കാലം മുഴുസമയ പ്രവര്‍ത്തകനും മദ്‌റസാ അധ്യാപകനുമായി പ്രവര്‍ത്തിച്ചു. അവിടെ നിന്നാണ് അദ്ദേഹം മണ്ണാര്‍ക്കാട്ടേക്ക് കുടിയേറിയത്. പിന്നീട് 13 വര്‍ഷം ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു.
ശാന്തപുരം ഇസ്ലാമിയാ കോളേജ്, തിരൂര്‍ക്കാട് ഇലാഹിയാ കോളേജ്, വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജ്, കുറ്റ്യാടി ഇസ്‌ലാമിയാ കോളേജ്, ആലുവ അസ്ഹറുല്‍ ഉലൂം, കുനിയില്‍ അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ആലുവയില്‍ ജോലി ചെയ്തിരുന്ന കാലയളവില്‍ തിരുവനന്തപുരം ജില്ലയില്‍ അടക്കം ദക്ഷിണ കേരളത്തില്‍ പലയിടത്തും സ്റ്റഡി ക്ലാസുകള്‍ നടത്തിയിരുന്നു. ജമാഅത്തെ ഇസ്ലാമി പാലക്കാട് ജില്ലാ സമിതി അംഗമായും മങ്കട മഹല്ല് ഖാദിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
13 വര്‍ഷം മേലാറ്റൂര്‍ മസ്ജിദുല്‍ ഇര്‍ശാദ് ഖത്വീബായിരുന്നു. മലപ്പുറം, മൊറയൂര്‍, വണ്ടൂര്‍, കീഴുപറമ്പ്, തിരൂര്‍ക്കാട്, കുറ്റ്യാടി, ആലത്തൂര്‍, പാലക്കാട്, പുതുനഗരം, കരിങ്കല്ലത്താണി, വടക്കാഞ്ചേരി തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വേറെയും നിരവധി പള്ളികളില്‍ ഖുത്വ്ബ നിര്‍വഹിച്ചിട്ടുണ്ട്. ചേന്ദമംഗല്ലൂര്‍ കെ.സി ഫൗണ്ടേഷനു കീഴില്‍ നടന്നിരുന്ന ഖുര്‍ആന്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയ എം.സി അബ്ദുല്ല, ഏഴു വര്‍ഷം ഖുര്‍ആന്‍ പഠന കോഴ്‌സായ ഫഹ്മുല്‍ ഖുര്‍ആന്റെ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. വിവിധ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സവിശേഷ പഠനം നടത്തുകയും പണ്ഡിതവേദി ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുകയും ചെയ്തു.
പ്രബോധനം വാരിക, ബോധനം ദ്വൈമാസിക, ആരാമം മാസിക, ഇസ്‌ലാമിക വിജ്ഞാനകോശം എന്നിവയില്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അബ്ദുല്ല മന്‍ഹാമുമായി സഹകരിച്ച് ഖുര്‍ആന്‍ ശബ്ദകോശം പുറത്തിറക്കുന്നതില്‍ ഭാഗഭാക്കായി. സുഊദി കിരീടാവകാശി നാഇഫ് രാജകുമാരന്റെ കീഴില്‍ നടന്ന അന്താരാഷ്ട്ര പ്രബന്ധ മത്സരത്തില്‍ അത്തആമുലു മഅ ഗൈരില്‍ മുസ്ലിമീന്‍, അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്നീ ശീര്‍ഷകങ്ങളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഖത്തര്‍, സുഊദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
എം.സി.യുടെ നിര്യാണത്തോടെ ഹദീസിലും ഫിഖ്ഹിലും മികച്ച പ്രാവീണ്യമുള്ള പണ്ഡിതനെയാണ് നഷ്ടമായത്. കേരളത്തിലെ ഉന്നത ഇസ്‌ലാമിക കലാലയങ്ങളില്‍ മിക്കതിലും അധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന എം.സി അബ്ദുല്ല മൗലവിക്ക് വലിയ ഒരു ശിഷ്യ സമ്പത്ത് തന്നെയുണ്ട്. വ്യത്യസ്ത ഇസ്‌ലാമിക മേഖലകളില്‍ സേവന നിരതരായി അറിയപ്പെടുന്ന പല പണ്ഡിതന്മാരുടെയും ഗുരുനാഥനാണ് അദ്ദേഹം. ഭാര്യ പരേതയായ മെഹ്‌റുന്നിസ. മക്കള്‍: തന്‍സീല്‍ റഹ്മാന്‍, ഇന്‍ആമുര്‍റഹ്മാന്‍ (മാധ്യമം മലപ്പുറം ബ്യൂറോ ചീഫ്), നിസാമുദ്ദീന്‍, സുനൈറ, സൈനബ്.
പ്രഫ. കെ.പി അബ്ദുല്‍ഖാദര്‍
നേതൃത്വത്തെ കേട്ടും പണ്ഡിതന്മാരെയും എഴുത്തുകാരെയും വിട്ടുപോകാതെ വായിച്ചും മരണത്തോളം ഇസ്‌ലാമിക പ്രസ്ഥാനത്തെ കമ്പോടുകമ്പ് പിന്തുടര്‍ന്ന ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു 2021 സെപ്റ്റംബര്‍ 20-ന് വിടപറഞ്ഞ കോഴിക്കോട് ഫാറൂഖ് കോളേജിലെ റിട്ട. പ്രഫ. കെ.പി അബ്ദുല്‍ ഖാദിര്‍ സാഹിബ്. വാരാന്തയോഗങ്ങള്‍ അവസാനത്തോടടുക്കുമ്പോള്‍ ഖാദര്‍ മാഷ് എഴുന്നേറ്റു നില്‍ക്കും. കൈയില്‍ പ്രബോധനം വാരിക, മാധ്യമം ആഴ്ചപ്പതിപ്പ്, റേഡിയന്‍സ് തുടങ്ങിയ ആനുകാലികങ്ങളോ, ജലാലുദ്ദീന്‍ ഉമരിയുടെയോ മര്‍യം ജമീലയുടെയോ കൊച്ചുകൃതികളോ ഉണ്ടാകും. അതുയര്‍ത്തിപ്പിടിച്ചൊരു ചോദ്യമുണ്ട്-ഈ ലേഖനം/പുസ്തകം വായിച്ചിട്ടുണ്ടോ? പിന്നെ അതിലെ പ്രതിപാദ്യത്തെക്കുറിച്ചാവും സംസാരം.
ഫാറൂഖ്‌കോളജിലെയും സ്വദേശമായ കൊയിലാണ്ടി കൊല്ലത്തെയും സംഘടനപ്രവര്‍ത്തനങ്ങളിലും സാമൂഹികവിഷയങ്ങളിലും സജീവമായി ഇടപെടുമ്പോഴും ദിനചര്യയുടെ ഒഴിവാക്കാനാവാത്ത ഭാഗമായി അദ്ദേഹം വായനയെ കൂടെ കൊണ്ടുനടന്നു. സുബ്ഹി നമസ്‌കാരത്തിനു ശേഷം തഫ്ഹീമുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ ബോധനം എന്നിവയുടെ പാരായണത്തില്‍ തുടങ്ങുന്ന ഒരു നാള്‍ അവസാനിക്കുന്നത് മലയാളം/ഇംഗ്ലീഷ് കൃതികള്‍ വായിച്ചായിരിക്കും. 'മാധ്യമം', 'ഹിന്ദു' ദിനപത്രങ്ങള്‍, 'മാധ്യമം' ആഴ്ചപ്പതിപ്പ്, 'പ്രബോധനം' വാരിക, ഫ്രണ്ട്‌ലൈന്‍, റേഡിയന്‍സ്-ഓരോന്നും മുടക്കമില്ലാതെ അരിച്ചുപെറുക്കി വായിക്കും, ആവശ്യമുള്ളത് സന്ദര്‍ഭാനുസൃതം ഓര്‍ത്തെടുക്കാനായി മുറിച്ചെടുത്ത് സൂക്ഷിക്കും. ഒരു പുസ്തകത്തെക്കുറിച്ചു കേട്ടാല്‍ പിന്നെ അതു കിട്ടാനുള്ള ധിറുതിയായി. ഐ.പി.എച്ചിന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദിവസം തന്നെ രണ്ടോ മൂന്നോ കോപ്പികള്‍ വാങ്ങിയാണ് വീട്ടിലെത്തുക. മറ്റുള്ളവര്‍ക്ക് സൗജന്യമായി വായിക്കാന്‍ കൊടുക്കാന്‍. പുസ്തകങ്ങള്‍ വാങ്ങി സൂക്ഷിക്കുകയല്ല. വായിച്ച ശേഷം മറ്റുള്ളവര്‍ക്കു വായിക്കാന്‍ നല്‍കുക. ഇതായിരുന്നു മാഷിന്റെ ശീലം. 'പ്രബോധനം' വാരിക മൂന്നും നാലും കോപ്പികള്‍ വാങ്ങി വായിക്കാന്‍ നല്‍കുന്നത് ഹരമായിരുന്നു.
എണ്‍പത്തിമൂന്നാം വയസ്സില്‍ മരിക്കുവോളം ആ വായനാപ്രേമം നിലനിര്‍ത്തി. റാണാ അയ്യൂബ്, അരുന്ധതി റോയ്, ആര്‍.ബി ശ്രീകുമാര്‍ എന്നിവരുടെ ഇംഗ്ലീഷ് കൃതികള്‍ രണ്ടു കോപ്പികള്‍ വാങ്ങും. സത്യം വിളിച്ചുപറയാന്‍ ധൈര്യപ്പെടുന്ന ഇത്തരക്കാരെ നമ്മള്‍ കൃതികള്‍ വാങ്ങി പ്രോത്സാഹിപ്പിക്കണമെന്ന വാശിയായിരുന്നു അതിനു പിന്നില്‍.
1982 ഫെബ്രുവരിയില്‍ ഫാറൂഖ്‌കോളജ് ഭാഗത്ത് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ അബ്ദുല്‍ഖാദിര്‍ മാഷ് അതിന്റെ ഭാഗമായി. ദീര്‍ഘകാലം ജമാഅത്ത് നാസിമും പ്രാദേശിക അമീറുമായിരുന്നു. കേരളത്തിലെ ഭൗതിക കലാലയങ്ങളുടെ പരിസരത്ത് വിദ്യാര്‍ഥികള്‍ക്ക് ഇസ്‌ലാമികശിക്ഷണം നല്‍കാനുതകുന്ന ഹോസ്റ്റല്‍ എന്ന ആശയം സാക്ഷാല്‍ക്കരിക്കാനായി, ഫാറൂഖ്‌കോളജു കാമ്പസിനു തൊട്ടടുത്ത് ഒരു ഏക്കറോളം സ്ഥലം വാങ്ങിയിരുന്നു. ശാന്തപുരം ഇസ്‌ലാമിക് മിഷന്‍ ട്രസ്റ്റ് സ്വന്തമാക്കിയ സ്ഥലത്ത് പിന്നീട് ഹോസ്റ്റല്‍ ആരംഭിച്ചു. അതു ഇപ്പോള്‍ ജുമുഅ നടക്കുന്ന പ്രയര്‍ഹാളും മദ്‌റസയുമായി സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന സമുച്ചയമായി വളര്‍ത്തിയെടുത്തത് ഖാദിര്‍ മാഷിന്റെ മുന്‍കൈയിലായിരുന്നു.
ജന്മദേശമായ കൊയിലാണ്ടി കൊല്ലത്തുനിന്നു ഫാറൂഖ് കോളജിലേക്കു ജീവിതം പറിച്ചു നട്ടതുതന്നെ വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്ന ഉദ്ദേശ്യത്തോടെയായിരുന്നു. അതില്‍ അദ്ദേഹം വിജയിച്ചു. പഠിക്കാനും ഉദ്യോഗപരിശീലനത്തിനുമൊക്കെ ഒറ്റക്കും കൂട്ടായും നിരവധി പേരെ അദ്ദേഹം കൈമറന്നു സഹായിച്ചു. ഗുരുവായൂരപ്പന്‍ കോളജ്, മലബാര്‍ ക്രിസ്ത്യന്‍ കോളജ്, ഫാറൂഖ്‌കോളജ്, മൈസൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി ഗണിതശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും അധ്യാപനപരിശീലനവും നേടിയ ശേഷം പാലക്കാട് ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫിസറായി ഉദ്യോഗം ആരംഭിച്ചതു തൊട്ടേ സാമൂഹികപ്രവര്‍ത്തനരംഗങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. അല്‍പകാലം കോഴിക്കോട് ജെ.ഡി.ടിയില്‍ അധ്യാപകനായിരുന്ന അദ്ദേഹം തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക്കില്‍ നിന്നാണ് വിരമിച്ചത്.
ജീവിതസൗഭാഗ്യങ്ങള്‍ കൈയൊഴിഞ്ഞ് വായിക്കാനും എഴുതാനും ഒരു മേശയും കിടക്കാന്‍ ഒരു കട്ടിലുമായാല്‍ എല്ലാമായി എന്നതായിരുന്നു അദ്ദേഹത്തിന്റെ ലളിത ജീവിതപാഠം. ഇത് മാഷ് പിന്മുറക്കാരെ എന്നും ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കൈയിലുള്ളതെന്തും വിവിധ ആവശ്യങ്ങളുമായി വന്നെത്തുന്നവര്‍ക്ക് ലോപമില്ലാതെ നല്‍കി. പ്രസ്ഥാനത്തിന്റെ സംരംഭങ്ങളെ സാമ്പത്തികമായും ശാരീരികമായും സഹായിക്കുന്നതില്‍ മത്സരബുദ്ധി പുലര്‍ത്തി. ബഹുസ്വര ചുറ്റുപാടിലെ സഹവര്‍ത്തിത്വവും ഹൃദയവിശാലതയും സമീപനങ്ങളിലെ സന്തുലിതത്വവും പ്രതിപക്ഷ ബഹുമാനവുമൊക്കെ ജമാഅത്ത് വഴി അല്ലാഹു കനിഞ്ഞേകിയ അനുഗ്രഹമാണെന്നും അതു നഷ്ടപ്പെടാതിരിക്കാന്‍ മുമ്പേ നടന്നവരെയും നിലവില്‍ നയിക്കുന്നവരെയും വായിക്കുകയും പഠിക്കുകയുമാണ് മാര്‍ഗമെന്നും അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചിരുന്നു.
ഭാര്യ: കൊയിലാണ്ടി റഹ്മത്ത് മന്‍സിലില്‍ ആര്‍.എം നഫീസ. മക്കള്‍: ഡോ. ആര്‍.എം ജുവൈരിയ (അസി. പ്രഫ. ഫാറൂഖ് കോളേജ്), ആര്‍.എം സാകിയ (ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ നരിക്കുനി), ആസിഫ് അബ്ദുല്‍ ഖാദിര്‍ (ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ചെറുവണ്ണൂര്‍), എ.കെ ഹാജറ. മരുമക്കള്‍: ഡോ. എം.എ സുബൈര്‍ (മുന്‍ പ്രിന്‍സിപ്പല്‍, പി.എസ്.എം.ഒ കോളേജ്, തിരൂരങ്ങാടി), എം.ടി അബ്ദുര്‍റഹീം (റിട്ട. ഹെഡ്മാസ്റ്റര്‍, ജി.വി.എച്ച്.എസ്.എസ് മുരിക്കുംവയല്‍, കോട്ടയം), ഇ. ശബാന (ഗവ. ഗണപത് ഹൈസ്‌കൂള്‍, ഫറോക്ക്), വി.എം ഇബ്‌റാഹീം (എഡിറ്റര്‍, മാധ്യമം).
പാലാഴി മുഹമ്മദ് കോയ
പി. ശാദുലി സാഹിബ്
ഉന്നത ശീര്‍ഷനായ രാഷ്ട്രീയ നേതാവ്, അനുഗൃഹീത ഗ്രന്ഥകാരന്‍, ഉജ്ജ്വല വാഗ്മി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച പൊതു പ്രവര്‍ത്തകനായിരുന്നു കഴിഞ്ഞ ഫെബ്രുവരി 2-ന് നാദാപുരത്ത് നിര്യാതനായ പി. ശാദുലി സാഹിബ്. ഏറെക്കാലം നാദാപുരം ഗ്രാമപഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 1989 മുതല്‍ രണ്ടുവതണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു കൂടിയായിരുന്നു. മരിക്കുമ്പോള്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം, കോഴിക്കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ്, സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് എന്ന നിലക്ക് നേതൃനിരയില്‍ എത്തിയ അദ്ദേഹം കേരള ഗ്രന്ഥശാലാ സംഘം ഡയറക്ടര്‍, കേരള സ്റ്റേറ്റ് വേര്‍ഹൗസിംഗ് കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ എ.സി കലന്തന്‍ മുസ്‌ലിയാരുടെയും, സൂഫി വര്യന്‍ ശൈഖ് മുഹമ്മദ് ഹഫീദുശ്ശാദുലിയുടെ മകള്‍ കുഞ്ഞിപാത്തുഹജ്ജുമ്മയുടെയും മകനായി 1950-ല്‍ ജനനം. എം.എ ബിരുദമെടുത്തതോടൊപ്പം പിതാവിന്റെ കൂടെ നാദാപുരം പള്ളി ദര്‍സില്‍ മതപഠനവും നേടി. വിദ്യാര്‍ഥി കാലം മുതല്‍ക്കേ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. ബിരുദ വിദ്യാര്‍ഥിയായിരിക്കെ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരയായ അദ്ദേഹം പോലീസ് സംരക്ഷണത്തില്‍ പരീക്ഷ എഴുതിയത് അക്കാലത്ത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ആദര്‍ശ വിശുദ്ധിയും മതചിട്ടയും ജീവിതത്തില്‍ പുലര്‍ത്തിയ ജനകീയ നേതാവായിരുന്നു ശാദുലി സാഹിബ്. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള തന്റേടവും നയ-നിലപാടുകളില്‍ സ്വീകരിച്ചിരുന്ന വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യവും അധികാര കേന്ദ്രങ്ങളുടെ ഉന്നത തലങ്ങളില്‍ എത്തുന്നതിന് അദ്ദേഹത്തിന് തടസ്സമായി. 1991-ല്‍ സത്യന്‍ മൊകേരിക്കെതിരെ നാദാപുരം മണ്ഡലത്തില്‍നിന്ന് കേരള നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മത-രാഷ്ട്രീയ ഭിന്നതകള്‍ക്കതീതമായി എല്ലാ വിഭാഗം ജനങ്ങളുമായും ഊഷ്മള വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
രാഷ്ട്രീയ രംഗത്ത് ഉന്നത നേതാക്കളുമായി തനിക്കുണ്ടായിരുന്ന വ്യക്തിബന്ധം നാദാപുരം പ്രദേശത്തിന്റെ മത-സാമൂഹിക-വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉപയോഗപ്പെടുത്തുവാന്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹൈസ്‌കൂള്‍, എം.വൈ.എം യതീംഖാന, എം.ഇ.ടി കോളേജ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉയര്‍ച്ചയിലും വളര്‍ച്ചയിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. നാദാപുരം മേഖലയില്‍ അടിക്കടിയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ഗീയ നിറം പൂണ്ടപ്പോള്‍ പ്രദേശത്ത് സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് അദ്ദേഹം നേതൃത്വപരമായ പങ്കുവഹിച്ചു.
ആധുനിക യുവത ഭൗതികതയില്‍ ഭ്രമിക്കുന്നതില്‍ വളരെ അസ്വസ്ഥമായിരുന്നു ആ മനസ്സ്. ഭൗതിക പ്രമത്തതയില്‍ മുഴുകി ജീവിക്കുന്ന സമൂഹത്തിനു ആധ്യാത്മിക സത്യങ്ങളുടെ വേരുകള്‍ അന്വേഷിച്ച് കത്തെി കാണിച്ച് കൊടുക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍. 'സ്റ്റീഫന്‍ ഹോക്കിംഗ് - പ്രളയം - രതിരവം' എന്ന അദ്ദേഹത്തിന്റെ കൃതി ഹോക്കിംഗിന്റെ വീക്ഷണ ഗതികളെയും നിഗമനങ്ങളെയും ഖുര്‍ആനിന്റെ അധ്യാപനങ്ങളുമായി താരതമ്യപ്പെടുത്താനുള്ള ശ്രമമാണ്. പ്രപഞ്ച സൃഷ്ടി, ലോകാവസാനം തുടങ്ങിയ കാര്യങ്ങളിലുള്ള ഹോക്കിംഗിന്റെ അഭിപ്രായങ്ങളെ ഖുര്‍ആനിക സൂക്തങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിശകലനം ചെയ്യുന്നുണ്ട്. 'ആത്മാവിന്റെ ഉള്ളറകളിലൂടെ ഒരു ആത്മീയ സഞ്ചാരം,' 'ഇരുലോകവിജയം ഉള്ളറിവിലൂടെ' എന്നീ കൃതികളും ആത്മീയതക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
രാഷ്ട്രീയ വേദികളിലെന്നപോലെ മത-സാംസ്‌കാരിക സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു ശാദുലി സാഹിബ്. അനര്‍ഗളമായ ആ വാഗ്‌ധോരണിയില്‍ ഖുര്‍ആന്‍-ഹദീസ് വാക്യങ്ങള്‍ അനവരതം പ്രവഹിക്കുമായിരുന്നു. എഴുത്തും വായനയും ഇഷ്ടപ്പെട്ടിരുന്ന അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ശാദുലി സാഹിബ്.
ഭാര്യ: സഫിയ (നാദാപുരം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍: മുനീര്‍, അബ്ദുല്‍കരീം, അഷ്‌റഫ്, സാബിറ, സാജിദ, സൗദ, സഫീറ.
എം.എ വാണിമേല്‍
Comments