Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

ധീരരാവുക, വിനയാന്വിതരാവുക

എം.ഐ അബ്ദുല്‍ അസീസ് അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള

പ്രിയമുള്ള സഹോദരന്മാരേ, സഹപ്രവര്‍ത്തകരേ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ നമ്മിലേവരിലും സദാ വര്‍ഷിക്കുമാറാകട്ടെ.
ജാഹിലിയ്യത്ത് ഒരിക്കലും ഇസ്ലാമിനോട് വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഇസ്ലാമിന് തിരിച്ചും അതാവില്ല. അതിനാല്‍ നമുക്കും മറുത്തൊന്നില്ല. പക്ഷേ, ഇസ്ലാമിന് മുന്നില്‍ അതെന്നും കടപുഴകിയിട്ടുണ്ട്. ഇസ്ലാമിന് വേണ്ടി പൊരുതി നിന്നവര്‍ പ്രകാശഗോപുരങ്ങളായി ജ്വലിച്ചുനില്‍ക്കുന്നു. അല്ലാഹുവിന്റെ സന്നിധിയില്‍ അവര്‍ സായൂജ്യരുമാണ്. ജാഹിലിയ്യത്തിന്റെ കാവല്‍ക്കാര്‍ ജനപഥങ്ങളുടെ ശാപമേറ്റുവാങ്ങി മഹാശിക്ഷക്കുവേണ്ടി കാത്തുകിടക്കുന്നു.
ജാഹിലിയ്യത്തിന്റെ നാട്ടക്കുറിയായി നാം രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു എന്നതില്‍ നമുക്കഭിമാനമുണ്ട്. നമ്മുടെ വഴി തെറ്റിയിട്ടില്ല എന്നതിന് ഈ ലോകത്തുനിന്നുള്ള സാക്ഷ്യം. അല്ലാഹുവിന്റെ ദൂതന്മാരുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും പാരാവാരങ്ങള്‍ നീന്തിക്കടന്നാണ് അവര്‍ മറുകര എത്തിയത്. ജീവിതം നൂറ്റാണ്ടിന്റെ ചുറ്റുവട്ടത്തെത്തിയ മഹാനായിരുന്നല്ലോ ഇബ്റാഹീം നബി(അ)യും. ജീവിതാന്ത്യം വരെ സമരം, ഹിജ്‌റ, അലച്ചില്‍, സഹനം, വേര്‍പാട് ഇതെല്ലാം അനുഭവിച്ച ഇബ്റാഹീമിനെ - പ്രവാചകന്മാരെല്ലാം പിന്നിട്ട വഴികള്‍ ആ ജീവിതത്തില്‍ സംക്ഷേപിച്ചിട്ടുണ്ടെന്ന് പറയാം - ചൂണ്ടി ആ പാത പിന്തുടരാനാണല്ലോ അല്ലാഹുവിന്റെ കല്‍പന. ഏങ്കില്‍ പിന്നെ, പ്രതിസന്ധികള്‍ക്ക് മുന്നില്‍ കന്മതില്‍പോലെ ഉറച്ചു നില്‍ക്കണം.
ഇസ്ലാമിക പ്രവര്‍ത്തന മാര്‍ഗത്തില്‍ ഒരല്‍പം അനുഭവിക്കേണ്ടിവരും. അതോടെ ആകെ കടലെടുത്തുപോയി എന്ന് കരുതുന്നത് സ്ഥൈര്യമുള്ളവരുടെ സ്വഭാവമല്ല. ''ഭയാശങ്കകള്‍, ക്ഷാമം, ജീവനാശം, ധനനഷ്ടം, വിളനാശം എന്നിവയിലൂടെ നാം നിങ്ങളെ തീര്‍ച്ചയായും പരീക്ഷിക്കുന്നതാണ്. ഈ സന്ദര്‍ഭങ്ങളില്‍ ക്ഷമയവലംബിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക'' (2:155). ഇസ്ലാമിക പ്രവര്‍ത്തനം സുഖശീതളിമയില്‍ മുന്നോട്ട് പോകുന്ന ഒന്നല്ല. ഇന്നുവരെ അനുഭവിച്ച അനുഗ്രഹങ്ങള്‍ക്ക് നാം റബ്ബിനോട് നന്ദി പ്രകാശിപ്പിക്കുന്നു. ഒരു സംഘമെന്ന നിലക്ക് ഒരുവേള പരീക്ഷണത്തിന് യോഗ്യരല്ലാത്തതുകൊണ്ടായിരുന്നോ നമ്മുടെ വഴി സുഖകരമായിരുന്നതെന്ന ആത്മപരിശോധനക്ക് പ്രസക്തിയുണ്ട്. അതേസമയം പരീക്ഷണങ്ങളെന്ന് മനസ്സിലാക്കിയതിനെ നാം വിജയകരമായി അതിജീവിച്ചിട്ടുണ്ട്. തുടര്‍ന്നും ആ തന്റേടവും സ്ഥൈര്യവും നാം കാത്തു സൂക്ഷിക്കും.
നോക്കൂ, നാം പടുത്തുയര്‍ത്തിയ എത്രയെത്ര സംവിധാനങ്ങളുണ്ട്, എത്ര മനോഹരമായാണ് നാം സമൂഹത്തെ അഭിമുഖീകരിച്ചത്. എല്ലാവര്‍ക്കും വേണ്ടി നാം നമ്മുടെ വാതായനങ്ങള്‍ തുറന്നുവെച്ചു. എല്ലാം എന്തിനുവേണ്ടിയായിരുന്നു? ലോകത്തോടുള്ള, രാജ്യത്തോടുള്ള, സമൂഹത്തോടുള്ള മനം നിറഞ്ഞ ഗുണകാംക്ഷയല്ലാതെയൊന്നും നമ്മുടെ പ്രേരകമായിരുന്നില്ല. നമ്മുടെ ശത്രുക്കളോട് പോലും നമുക്കതുണ്ട്. പക്ഷേ, നമ്മുടെ ശബ്ദം ജനം തിരിച്ചറിയരുതെന്ന് തീരുമാനിച്ചുറച്ചവര്‍ നമ്മെ ഭീകരവാദികളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കി. അതിനടുത്ത ഘട്ടത്തിലേക്ക് അവര്‍ കടക്കുകയും ചെയ്യുന്നു. പക്ഷേ നാമിതിനെ ഇങ്ങനെ മനസ്സിലാക്കണമെന്നാണ് തിരുദൂതര്‍ അരുളിയത്: ''തീര്‍ച്ചയായും അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടാല്‍ അവരെ അല്ലാഹു പരീക്ഷിക്കും. അതിനെ തൃപ്തിയോടെ അഭിമുഖീകരിച്ചവനെ അല്ലാഹു തൃപ്തിപ്പെടും. ആരെങ്കിലും വെറുത്താല്‍ അല്ലാഹു അവനോട് കോപിക്കും.''
ഈ യാത്ര ദുര്‍ഘടമായ വീഥിയിലൂടെയാണ്. ഇത് തിരിച്ചറിയാതെയല്ല നാം ഈ വഴി സ്വീകരിച്ചത്. വലിയ പ്രയാസങ്ങള്‍ നമ്മുടെ മുന്നില്‍ വന്ന് വീഴും. നമ്മുടെ സ്വപ്‌ന പദ്ധതികള്‍ കരിഞ്ഞുവീണെന്നിരിക്കും. അവിടെ ഇടറി നില്‍ക്കാനല്ല, മികച്ച പകരം നമുക്കായി അല്ലാഹു കരുതിവെച്ചിട്ടുണ്ടെന്നും അതിനായി തേടണമെന്നുമാണ് റസൂലുല്ലാഹി പഠിപ്പിച്ചത്: ''അല്ലാഹുവേ ഈ ദുരിതത്തിന് ഞങ്ങള്‍ക്ക് നീ പ്രതിഫലം നല്‍കണേ, ഇതിനേക്കാള്‍ മികച്ചത് ഞങ്ങള്‍ക്ക് നീ നല്‍കണേ.''
ഇസ്ലാമിക പ്രബോധനമെന്നാല്‍ മുന്‍പിന്‍ നോക്കാതെ തെരുവില്‍ വിളിച്ചുകൂവുന്നതിന്റെ പേരല്ല. നമ്മുടേത് പോലുള്ള ഒരു സമൂഹത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തികഞ്ഞ ആസൂത്രണവും തന്ത്രങ്ങളും ആവിഷ്‌കരിച്ചേ മതിയാകൂ.  ഒന്നിനു പിറകേ മറ്റൊന്നായി പദ്ധതികള്‍ നമുക്ക് വേണം. ഒന്ന് ഉടക്കി നില്‍ക്കുമ്പോള്‍ മറുവഴിയേ തുഴയാന്‍ നാം പ്രാപ്തരായിരിക്കണം. ''നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് യുക്തിദീക്ഷയോടും സദുപദേശത്തോടും കൂടി ക്ഷണിക്കുക'' (16:125).
നാം ആലോചിച്ചുറച്ചപോലെ ആയിരിക്കണമെന്നില്ല കാര്യങ്ങള്‍ അല്ലാഹു കൊണ്ടുപോവുക. നാം ദോഷകരമെന്നും നിരാശാജനകമെന്നും കരുതിയതില്‍ വിസ്മയിപ്പിക്കുന്ന നന്മകള്‍ അവന്‍ നിശ്ചയിച്ചുറപ്പിച്ചിട്ടുണ്ടാവും. കാലം നമുക്കായി അതു കാത്തുസൂക്ഷിക്കുന്നുണ്ടാവും. നാം ഗുണകരമെന്ന് വിലയിരുത്തിയതിലെ കേടുകള്‍ അവന്‍ നേരത്തേ അറിഞ്ഞ് തിരുത്തുകയും ചെയ്യുന്നു. അവനറിയുന്നു, നാം എന്തറിയുന്നു! ''നിങ്ങള്‍ക്ക് ഗുണകരമായ കാര്യം അരോചകമായി തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം. അല്ലാഹു അറിയുന്നു, നിങ്ങളോ അറിയുന്നില്ല'' (2:216).
ഒന്നും ആകസ്മികമായി സംഭവിക്കുന്നതല്ല. ഈ മാര്‍ഗത്തില്‍ നാം പിന്നിടുന്നതും നേരിടുന്നതുമെല്ലാം അല്ലാഹു നമുക്കായി നിശ്ചയിച്ചുറപ്പിച്ചതാണ്. അവനെ മുന്‍നിര്‍ത്തിയാണ് പ്രയാണം. ''അവരോട് പറയുക, അല്ലാഹു ഞങ്ങള്‍ക്കായി വിധിച്ചതല്ലാതെ ഒന്നുംതന്നെ ഞങ്ങള്‍ക്ക് സംഭവിക്കുന്നില്ല. അവന്‍ മാത്രമാകുന്നു ഞങ്ങളുടെ രക്ഷകന്‍. വിശ്വാസികള്‍ അവനില്‍ ഭരമേല്‍പ്പിക്കട്ടെ'' (9:51). അതുകൊണ്ടാണല്ലോ പിടിക്കപ്പെടുമെന്നുറപ്പിച്ചപ്പോള്‍ പോലും നമ്മോടൊപ്പം അല്ലാഹുവുണ്ടെന്ന് സഹയാത്രികന് ആവേശം നല്‍കാന്‍ പ്രവാചകന് സാധിച്ചത്.
പ്രതിബന്ധങ്ങളുടെ അലകളില്‍ ചാഞ്ചാടരുത്. അവയെ വകഞ്ഞുമാറ്റി, എതിരെയും കുറുകെയും സഞ്ചരിച്ച് നാം അക്കരെയെത്തുക തന്നെ ചെയ്യും. ചിലപ്പോള്‍ പതുക്കെ സഞ്ചരിക്കും, മറ്റു ചിലപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനം ശരവേഗം പ്രാപിക്കും. പ്രതിസന്ധികള്‍ തുടരെത്തുടരെ വരുമ്പോഴാണ് ക്ഷിപ്രവേഗം കൈവരിക്കുക എന്നതാണ് ചരിത്രാനുഭവം.
സംഘടിതമായാണ് നാം മുന്നോട്ട് ഗമിക്കുക. 'ഭദ്രമായ കെട്ടിടം പോലെ'യാണ് നാം. കെട്ടിടത്തില്‍ ഓരോ സ്ഥാനത്തുമുള്ള ഇഷ്ടികക്ക് അതതിന്റെ ദൗത്യമുണ്ടല്ലോ. ഇസ്ലാമിക മാര്‍ഗത്തില്‍ ആവേശം നമുക്കുണ്ടാവും, അതിവാദമുണ്ടാവില്ല. വികാരവും വിവേകവും നാം സമന്വയിപ്പിക്കും. ഈ മാര്‍ഗത്തില്‍ കരുതിവെപ്പില്ലാതെ പുറപ്പെടുക. പോരാട്ടത്തിന് തയാറാവുക എന്ന ഉപാധി പൂര്‍ത്തീകരിച്ചാല്‍ വിജയത്തിലേക്കുള്ള അനേകം വഴികള്‍ കാണിച്ചുതരുമെന്നത് അല്ലാഹു ബാധ്യതയായി ഏറ്റെടുത്തിരിക്കുന്നു. അതിന് തടസ്സം നില്‍ക്കുന്ന വിചാര വികാരങ്ങളെ, ഭൗതിക താല്‍പര്യങ്ങളെ നാം ദൂരെക്കളയുക, അബൂബക്‌റിനെ പോലെ. എന്തുണ്ട് വീട്ടില്‍? അല്ലാഹുവും റസൂലും മാത്രം! ''നമ്മുടെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നവര്‍ക്ക് നമ്മുടെ വഴികള്‍ നാം കാണിച്ചുകൊടുക്കും'' (29:69). അതുകൊണ്ടാണല്ലോ, മുന്നോട്ടുള്ള വഴിയടഞ്ഞ്, മുന്നില്‍ സമുദ്രവും പിറകില്‍ ശത്രു വ്യൂഹവും നില്‍ക്കെ, പിടിക്കപ്പെടുമെന്ന് അശുഭാപ്തി വിശ്വാസികള്‍ ഉത്കണ്ഠപ്പെട്ടപ്പോള്‍ 'അല്ല, തീര്‍ച്ചയായും എന്റെ നാഥന്‍ എനിക്ക് വഴികാണിക്കുെമന്ന്' മൂസ (അ) പറഞ്ഞത്. കേവല ആവേശ പ്രസംഗമായിരുന്നില്ല അത്. തികഞ്ഞ വിശ്വാസദാര്‍ഢ്യത്തില്‍ നിന്നൂറിക്കൂടിയ പ്രതീക്ഷയായിരുന്നു. തീര്‍ത്തും അവിചാരിതമായ വഴി തുറക്കപ്പെടുകയും ചെയ്തുവെന്ന് മാത്രമല്ല, ശത്രു നിശ്ശേഷം തകര്‍ന്നടിയുകയും ചെയ്തു.
സമുദായത്തിനകത്ത് ഭിന്നതകളുണ്ടല്ലോ. നാട്ടിലും നമ്മോട് വിയോജിക്കുന്ന ധാരാളം വിഭാഗങ്ങളുണ്ട്. പക്ഷേ, ഈ പ്രതിസന്ധി ഘട്ടത്തില്‍ ഈ നാട് മുഴുവന്‍ നമ്മുടെ  കൂടെ നിന്നു. നാം ഈ നാടിനാവശ്യമാണ് എന്ന് തന്നെയാണ് അതര്‍ഥമാക്കുന്നത്. നമ്മുടെ പ്രവര്‍ത്തന രീതിക്കുള്ള അംഗീകാരവുമാണ് അത്. നേര് ഇഷ്ടപ്പെടുന്ന നന്മ നമ്മുടെ നാടിനുണ്ട്. അനേകം അബൂത്വാലിബുമാരും മുത്ഇമുബ്‌നു അദിയ്യുമാരും ഈ രാജ്യത്താകമാനമുണ്ട്. അവരെയും കൂട്ടി നാം മുന്നോട്ട് പോകും.
അതുകൊണ്ടൊന്നുമായില്ല, അല്ലാഹുവിന്റെ മുന്നില്‍ നാം വിനയാന്വിതരാവണം. പരീക്ഷണങ്ങളില്‍ വിജയിക്കാനുള്ള യോഗ്യത നാം നേടിയെടുക്കണം. നമ്മുടെ ലക്ഷ്യവും മാര്‍ഗവും പ്രസ്ഥാനവും പവിത്രമായതുകൊണ്ടായില്ല, വിശുദ്ധ ജീവിതങ്ങള്‍ക്കേ അല്ലാഹു വിജയമരുളൂ. നമ്മുടെ പോരായ്മകളും അശ്രദ്ധകളും അവിവേകങ്ങളും തെറ്റായ മുന്‍ഗണനാക്രമങ്ങളും ഈ സംഘത്തിന്റെ വഴിമുടക്കരുത്. പകലിരവുകളെ പ്രാര്‍ഥനാ നിര്‍ഭരമാക്കുക. എങ്കില്‍ നമുക്ക് വഹിക്കാനാകത്തതൊന്നും നമ്മെ അവന്‍ വഹിപ്പിക്കില്ല. വീഴ്ചകള്‍ അനവധി സംഭവിച്ചവരാണ് നാം. അത് വിസ്മരിക്കരുത്. വിട്ടുവീഴ്ചക്കും മാപ്പിനും കാരുണ്യത്തിനും ശത്രുക്കള്‍ക്കെതിരായ സഹായത്തിനുമായി നിരന്തരം പ്രാര്‍ഥിക്കുക (അല്‍ബഖറ 286).
നമുക്കൊരു പാരമ്പര്യമുണ്ട്. തടയാന്‍ വന്ന ശത്രുവിന്റെ കൈക്ക് പിടിച്ച് കിസ്റയുടെ കൈവളകള്‍ അണിയിക്കുമെന്ന വാഗ്ദാനമാണത്. പ്രതിസന്ധികളുടെ ഊക്കന്‍ പാറക്കെട്ടുകള്‍ക്ക് മുന്നില്‍നിന്ന് ശാമിന്റെയും പേര്‍ഷ്യയുടെയും യമന്റെയും ഖജനാവുകളുടെ താക്കോല്‍ കൂട്ടങ്ങള്‍ നല്‍കാമെന്നേറ്റ  പ്രസ്ഥാനമാണിത്. അതിനാല്‍ സഹോദരന്മാരേ, ധീരരാവുക, സ്ഥൈര്യമുള്ളവരാകുക, അല്ലാഹുവിന് സമര്‍പ്പിക്കുക. നാഥന്‍ തുണക്കട്ടെ.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌