Prabodhanm Weekly

Pages

Search

2022 ഫെബ്രുവരി 18

3240

1443 റജബ് 17

ഇമാം അബൂഹനീഫയുടെ അയല്‍വാസി

മുഹമ്മദ് യൂസുഫ് ഇസ്‌ലാഹി

 

ഇമാം അബൂഹനീഫക്ക് ഒരു അയല്‍വാസിയുണ്ടായിരുന്നു. ചെരുപ്പുകുത്തിയായ അയാളുടെ ജീവിതം കുത്തഴിഞ്ഞതായിരുന്നു. നേരം ഇരുട്ടിയാല്‍ അയാളും കൂട്ടുകാരും എന്നും  മദ്യപിച്ച് പാട്ടു പാടി ബഹളം വെക്കും. മത്തുപിടിച്ച് കഴിഞ്ഞാല്‍ ശോകമൂകനായി അയാള്‍ ചില വരികള്‍ പാടും. ദുന്‍യാവിന്റെ ആള്‍ക്കാര്‍ എന്നെ നശിപ്പിച്ചു, യുദ്ധക്കളത്തില്‍ പൗരുഷം പുറത്തെടുത്ത് അതിര്‍ത്തി സംരക്ഷണത്തിനായി ജീവനര്‍പ്പിക്കേണ്ടിയിരുന്ന യുവാവിനെ അവര്‍ തകര്‍ത്തു എന്നിങ്ങനെ അര്‍ഥം വരുന്ന വരികള്‍.
പാവം മനുഷ്യന്‍. പകല്‍ മുഴുവന്‍ കഠിനാധ്വാനം ചെയ്തു കിട്ടുന്ന പണം രാത്രി തിന്നും കുടിച്ചും മദ്യപിച്ചും ധൂര്‍ത്തടിക്കുന്നു. തന്റെ ചിന്തയെയും ആരാധനാനുഷ്ഠാനങ്ങളെയും ശല്യപ്പെടുത്തുന്ന പ്രവൃത്തികളായിരുന്നിട്ടു കൂടി അയല്‍ക്കാരനോട് നേരിട്ട് ഇമാം അതൃപ്തി അറിയിച്ചില്ല. അത് അയല്‍വാസിക്ക് മനഃപ്രയാസമുണ്ടാക്കുമെന്ന് വിചാരിച്ചു. മദ്യാസക്തിയില്‍ അയാള്‍ ഉരുവിടുന്ന ഈരടികള്‍ ശ്രവിക്കുമ്പോള്‍ ആ യുവാവിനെ നാശത്തില്‍നിന്ന് എങ്ങനെ രക്ഷിക്കാനാവുമെന്ന് ഇമാം ചിന്തിക്കും.
ഒരിക്കല്‍ രാത്രി ഒരു പോലീസ് ഓഫീസര്‍ തന്റെ കീഴുദ്യോഗസ്ഥരുമായി പട്ടണത്തില്‍ ഊരുചുറ്റുകയായിരുന്നു. ഉച്ചത്തിലുള്ള പാട്ടും ബഹളവും കേട്ടപ്പോള്‍ ഇതാരുടെ വീടാണെന്ന്  അവിടെയുള്ളവരോട് അന്വേഷിച്ചു. അവര്‍ സംഭവം  പോലീസുകാരോട് പറഞ്ഞു. ഉടനെത്തന്നെ ആ ചെരുപ്പുകുത്തിയെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് അയച്ചു.
പിറ്റേന്ന് രാവിലെ പുറത്തിറങ്ങിയ ഇമാം തന്റെ അയല്‍ക്കാരന്റെ വീട് രാത്രി മുഴുവന്‍ നിശ്ശബ്ദമായിരുന്നത് എന്തുകൊണ്ടെന്ന് മറ്റുള്ളവരോട് അന്വേഷിച്ചു. അയാളെ പോലീസ് ജയിലിലടച്ചിരിക്കുകയാണെന്ന് അവര്‍ മറുപടി പറഞ്ഞു.
ഇമാമിന് ഏറെ ദുഃഖവും മനോവിഷമവും തോന്നി. ഉടനെത്തന്നെ വസ്ത്രം മാറ്റി, വാഹനത്തില്‍ കയറി ഗവര്‍ണറുടെ ആസ്ഥാന മന്ദിരത്തിലെത്തി. അബ്ബാസിയ ഖിലാഫത്തില്‍ അന്ന് കൂഫയുടെ ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്നത് ഈസാ ബ്‌നു മൂസയായിരുന്നു. ഖലീഫ മന്‍സൂറിന്റെ സഹോദരപുത്രനായ അയാള്‍ ധീരനും കാര്യശേഷിയും ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയും ആയിരുന്നു. കൊട്ടാരത്തിന്റെ സമീപമെത്താറായപ്പോള്‍ താന്‍ വരുന്ന വിവരം ഗവര്‍ണര്‍ക്ക്  കൈമാറി. അദ്ദേഹത്തിന്റെ ആഗമനത്തില്‍ ഈസാ ബ്‌നു മൂസയും ഏറെ സന്തുഷ്ടനായി. അദ്ദേഹത്തെ ഹൃദ്യമായി വരവേല്‍ക്കാനും വാഹനപ്പുറത്ത് തന്നെ അകത്തേക്ക് എത്തിക്കാനും നിര്‍ദേശിച്ചു. അകത്തെത്തിയപ്പോള്‍ ഗവര്‍ണര്‍ സ്വന്തം ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ് ആദരവോടെ ഇമാമിനെ വാഹനപ്പുറത്ത് നിന്നു താഴെ ഇറങ്ങാന്‍ സഹായിച്ചു. അഭിവാദ്യ പ്രത്യഭിവാദ്യങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും ശേഷം തന്റെ സ്വന്തം ഇരിപ്പിടത്തില്‍ ഇമാമിനെ ഇരുത്തി; തൊട്ടടുത്ത് ഖലീഫയും ഇരുന്നു. 'എന്തുണ്ടെങ്കിലും എന്നെ വിളിച്ച് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അങ്ങോട്ടു വരുമായിരുന്നുവല്ലോ', ഈസ  ആദരവോടെ പറഞ്ഞു. ഒരത്യാവശ്യ കാര്യത്തിനായി വന്നതാണെന്ന് ഇമാമും പ്രതികരിച്ചു.
'എന്താണെന്ന് പറഞ്ഞാലും. അത് നിറവേറ്റുന്നതില്‍ ഏറെ സന്തുഷ്ടനും സൗഭാഗ്യവാനുമായിരിക്കും ഞാന്‍'- ഗവര്‍ണര്‍ വിനയാന്വിതനായി അന്വേഷിച്ചു.
ഇമാം: 'എന്റെ അയല്‍ക്കാരനായ ഒരു ചെരുപ്പുകുത്തിയുണ്ട്. രാത്രി എപ്പോഴും ബഹളമുണ്ടാക്കി എന്റെ ഉറക്കം ശല്യപ്പെടുത്തുമായിരുന്നു. അയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. അയല്‍ക്കാരനെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്ന ആവശ്യവുമായാണ് ഞാന്‍ ഇവിടെ എത്തിയിട്ടുള്ളത്.'
തടവുപുള്ളിയെ വിട്ടയക്കാന്‍  ഗവര്‍ണര്‍ ഉത്തരവിട്ടു; ഉടനെത്തന്നെ അദ്ദേഹത്തിനു മുന്നില്‍ ഹാജരാക്കുകയും ചെയ്തു. ഇമാമിന്റെ മുന്നില്‍ അയല്‍ക്കാരന്‍  ലജ്ജിച്ച് തല താഴ്ത്തി നിന്നു.
ഇമാം ഗവര്‍ണറോട്  നന്ദി പറഞ്ഞു തന്റെ അയല്‍ക്കാരനെയും കൂട്ടി യാത്രയായി. ലജ്ജയാല്‍ തല ഉയര്‍ത്താതിരുന്ന അയല്‍ക്കാരന്‍ ആത്മഗതം ചെയതു: മാലാഖയായ ഇദ്ദേഹത്തിന്റെ മുഖത്ത് ഞാനെങ്ങനെ നോക്കും! അതിക്രമിയായ ഞാന്‍ എത്ര രാത്രികളിലാണ് എന്റെ നെറികെട്ട ജീവിതം കൊണ്ട് അദ്ദേഹത്തെ ഉപദ്രവിച്ചിട്ടുള്ളത്. ഇമാമിന്റെ കാല്‍ പിടിച്ച് കുമ്പസരിക്കാന്‍ അയാളുടെ മനസ്സ് കൊതിച്ചു. പക്ഷേ ഒന്നും മിണ്ടിയില്ല. സ്‌നേഹ വാത്സല്യത്തോടെ അയാളുടെ ചുമലില്‍ കൈവച്ച്  ഇമാം പറഞ്ഞു: സഹോദരാ, ഞാന്‍ നിന്നെ ഒരിക്കലും നാശത്തിലേക്ക് തള്ളിവിടുകയില്ല. ശോകാത്മകമായി നീ പാടാറുള്ള വരികള്‍ എനിക്ക് ഏറെ ഇഷ്ടമായിരുന്നു.
'ബഹുമാന്യനായ ഇമാം... താങ്കള്‍ അയല്‍ക്കാരനോടുള്ള കടമ യഥാവിധം നിറവേറ്റിയിരിക്കുന്നു. എന്റെ കണ്ണു തുറപ്പിച്ചിരിക്കുന്നു. തുടര്‍ ജീവിതത്തില്‍ അത്തരം അനാശാസ്യങ്ങളും അധാര്‍മികതകളും എന്നില്‍ നിന്നുണ്ടാവില്ലെന്ന് ഞാന്‍ ഉറപ്പു നല്‍കുന്നു.'
പിന്നീട് അയാള്‍ തന്റെ ജീവിതായോധനത്തിനുള്ള ജോലി തീര്‍ന്നാല്‍ ബാക്കി സമയം ഇമാം അബൂഹനീഫയുടെ വൈജ്ഞാനിക സദസ്സില്‍ വന്നിരിക്കാന്‍ തുടങ്ങി. വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം അയാള്‍ കൂഫ നഗരത്തിലെ 'ഫഖീഹ്' ആയി അറിയപ്പെടാന്‍ അധികകാലമൊന്നും വേണ്ടിവന്നില്ല. ഇമാം അബൂ ഹനീഫയുടെ സദ് പെരുമാറ്റം അരാജകജീവിതം നയിച്ചിരുന്ന ചെരുപ്പുകുത്തിയെ  ഉന്നത വ്യക്തിത്വത്തിന്റെ ഉടമയായി പരിവര്‍ത്തിപ്പിക്കുകയായിരുന്നു. 
('രോഷന്‍ സിതാരെ' എന്ന കൃതിയില്‍നിന്ന്. മൊഴിമാറ്റം: എം.ബി അബ് ദുര്‍റഷീദ്, അന്തമാന്‍)
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍- 38-45
ടി.കെ ഉബൈദ്‌