Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

ഉപ്പൂപ്പമാരുടെ പോരാട്ട കഥകള്‍

മെഹദ് മഖ്ബൂല്‍

ജനങ്ങളെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പ വഴി അവരുടെ ചരിത്രത്തെ നിഷേധിക്കലാണെന്ന് ജോര്‍ജ് ഓര്‍വല്‍ എഴുതി. അപ്പോഴാണല്ലോ അവര്‍ വേരില്ലാത്തവരാകുന്നത്. വേരില്ലേല്‍ എത്ര വമ്പന്‍ മരമായിരുന്നിട്ടും കാര്യമില്ല, ചെറിയ കാറ്റത്ത് പോലും ഉലയാം, വളരെ വേഗം കടപുഴകാം. അതുകൊണ്ടാണ് നിഷേധിക്കപ്പെടുന്ന ചരിത്രത്തെ സ്ഥാപിക്കല്‍, വീണ്ടും വീണ്ടും ഉറക്കെ പറയല്‍ അത്രമേല്‍ അനിവാര്യമാകുന്നത്, വിപ്ലവമാകുന്നത്. 
കുട്ടികളേ, നിങ്ങള്‍ കഥയുള്ളവരാണ്. ഒന്നല്ല, ഒരുപാട് കാലത്തിന്റെ കഥകളുള്ളവരാണെന്ന് അവരോട് സംവദിക്കുന്ന പുസ്തകമാണ് ജമീല്‍ അഹ്മദിന്റെ 1921 പോരാട്ടത്തിന്റെ കിസ്സകള്‍. കുട്ടികള്‍ ചരിത്രമറിയാത്ത മനുഷ്യരാകാതിരിക്കാന്‍, മരത്തെ അറിയാത്ത ഇലകളാകാതിരിക്കാനുള്ള ശ്രമമാണീ പുസ്തകമെന്നും പറയാം. വാരിയംകുന്നനും ആലിമുസ്‌ലിയാരും മണ്ണാര്‍ക്കാട് പോരാട്ടവും ആ കാലത്തെ ജന്മിത്വവും ഹിച്ച് കോക്കും രാജ കക്ഷിക്കാരും വാഗണ്‍ കൂട്ടക്കൊലയും ചേക്കുട്ടി പോലീസും....
അങ്ങനെ ഒരു കാലമാണ് പുസ്തകവായനക്കിടെ മുന്നിലെത്തുന്നത്. നൂറ് വര്‍ഷം മുമ്പത്തെ ഉപ്പൂപ്പമാരുടെ പോരാട്ട കാലങ്ങളിലേക്ക് നമ്മെ കൊണ്ടു പോകുന്നു ലളിതമായ ഭാഷയില്‍ എഴുതപ്പെട്ട ഈ പുസ്തകം. 
ടിപ്പു സുല്‍ത്താന്റെ കാലത്തേക്കാണ് പുസ്തകം ആദ്യം നമ്മെ നയിക്കുന്നത്. ബ്രിട്ടീഷുകാര്‍ പിടിച്ചടക്കുന്നതിന് മുമ്പ് തെക്കേ മലബാര്‍ ടിപ്പു സുല്‍ത്താനാണ് ഭരിച്ചിരുന്നത്. ടിപ്പു മലബാറില്‍ നിന്ന് പോയശേഷം ജന്മിമാരും നാടുവാഴികളും അധികാരം തിരിച്ചെടുത്തു. പാവങ്ങളായ കര്‍ഷകരും ദലിതരും ജന്മിമാരുടെ ദുര്‍ഭരണത്തില്‍ മനം മടുത്തു. അങ്ങനെയാണ് 1894 മാര്‍ച്ച് മാസത്തില്‍ മണ്ണാര്‍ക്കാട് പോരാട്ടം ഉണ്ടാകുന്നത്. 
പോരാട്ടത്തില്‍ 32 മാപ്പിളമാര്‍ മരിച്ചു; 5 പട്ടാളക്കാരും. പോരാളികളുടെ മൃതദേഹങ്ങള്‍ കാളവണ്ടിയില്‍ കുത്തി നിറച്ച് അങ്ങാടിപ്പുറത്തെ രണ്ട് സര്‍ക്കാര്‍ വക കിണറുകളിലിട്ട് മണ്ണിട്ട് മൂടി. പോരാട്ടത്തിന് നേതൃത്വം നല്‍കിയ മൊയ്തീന്‍ കുട്ടി ഹാജിയെ ജീവപര്യന്തം ശിക്ഷവിധിച്ച് അന്തമാനിലേക്ക് നാടുകടത്തി. പോലീസ് അദ്ദേഹത്തെ കൊണ്ടു പോകുന്നത് ഭാര്യ കുഞ്ഞായിശുമ്മയും മകന്‍ കുഞ്ഞഹമ്മദും വേദനയോടെ നോക്കി നില്‍ക്കുന്നുണ്ട്. ആ മകനാണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന് നാമറിയുന്ന പോരാളി.
1915-ല്‍ കലക്ടര്‍ ഇന്നിസിനെ വധിക്കാന്‍ ശ്രമിച്ചതില്‍ വാരിയന്‍ കുന്നനും പങ്കുണ്ടെന്ന് ആമു സുപ്രണ്ട് പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വാരിയം കുന്നന് ഒളിവില്‍ പോകേണ്ടി വരുന്നുണ്ട്. 
1921 കാലത്ത് രണ്ട് തട്ടിലായിരുന്നു ജനങ്ങള്‍. ബ്രിട്ടീഷുകാരെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. രാജകക്ഷിക്കാര്‍ എന്നാണ് അനുകൂലിക്കുന്നവരെ വിളിച്ചിരുന്നത്. ബ്രിട്ടനോട് കൂറ് പ്രഖ്യാപിക്കുന്ന രാജകക്ഷിക്കാരുടെ പ്രകടനവും തൃശൂര് നടന്നു. അവിടെ രാജ കക്ഷിക്കാര്‍ അഴിഞ്ഞാടുകയും പതിയെ അതൊരു ഹിന്ദു- ക്രിസ്തുമത കലാപമായി മാറുകയും ചെയ്തു. 
ഹിന്ദുക്കളുടെ നേതാവ് ഡോ. എ.ആര്‍ മേനോന്‍ ആയിരുന്നു. അവര്‍ മലബാറില്‍ നിന്ന് മാപ്പിളമാരെ സഹായത്തിന് വിളിക്കുന്നുണ്ട്. മുസ്‌ലിംകളെയും ഹിന്ദുക്കളെയും പിണക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് ബ്രിട്ടീഷുകാര്‍ മനസ്സിലാക്കുന്നത് ഈ സംഭവത്തോടെയാണ്.
1921 ആഗസ്റ്റ് 21-നാണ് തിരൂരങ്ങാടിയിലെ ആദ്യ പോലീസ് അതിക്രമം ഉണ്ടാകുന്നത്. അവര്‍ കിഴക്കേ പള്ളിക്കടുത്തുണ്ടായിരുന്ന ഖിലാഫത്ത് ഓഫീസ് കൈയേറി. ഫര്‍ണിച്ചറും റികോര്‍ഡുകളും പുറത്തിട്ട് പെട്രോളൊഴിച്ച് തീ കൊടുത്തു. മാപ്പിളമാര്‍ തിരിച്ചടിക്കുകയും പിന്നീട് സമാന്തര ഭരണം തുടങ്ങുകയും ചെയ്യുന്നു. 
മാപ്പിളമാരുടെ സമരവീര്യത്തെ ചോരയില്‍ മുക്കിയ പോലീസ് ഉദ്യോഗസ്ഥനായിരുന്നു ചേക്കുട്ടി. വാരിയം കുന്നനും സംഘവും അയാളെ കൊലപ്പെടുത്തി. 
വാരിയന്‍ കുന്നത്തിന്റെ വേഷം ധരിച്ച് കുറേ ആളുകള്‍ പല സ്ഥലത്തും കയറിച്ചെന്ന് അക്രമം കാണിക്കുകയും കൊള്ള നടത്തുകയും ചെയ്ത സംഭവങ്ങളും പുസ്തകം വിശദമാക്കുന്നുണ്ട്. അങ്ങനെ ചെയ്യുന്നതിനിടെ കണ്ണിയന്‍ കുഞ്ഞാമുവിനെയും  സംഘത്തെയും  വാരിയം കുന്നന്‍ പിടികൂടി കൊള്ളമുതല്‍ വാങ്ങി അതിന്റെ ഉടമകള്‍ക്ക് തിരിച്ചു കൊടുത്തു.  
1921 നവംബര്‍ 14-നാണ്  പാണ്ടിക്കാട് പാടത്തിനടുത്തുള്ള ഗൂര്‍ക്കകളുടെ പട്ടാള ക്യാമ്പ് മാപ്പിളപ്പോരാളികള്‍ ആക്രമിച്ച് തകര്‍ത്തത്. ബ്രിട്ടീഷ് സൈന്യത്തിന് വലിയ നഷ്ടങ്ങളുണ്ടായി. ഈ പോരാട്ടത്തില്‍ 150 ഓളം മാപ്പിള പോരാളികളും ശഹീദായി. ആ മയ്യിത്തുകള്‍ വയലില്‍ അട്ടിയായി കൂട്ടിയിട്ടു കത്തിച്ചു. പാണ്ടിക്കാട് അങ്ങാടിക്കടുത്തുള്ള ഈ സ്ഥലം ഇന്നും ശുഹദാക്കളുടെ കണ്ടം എന്നാണ് അറിയപ്പെടുന്നത്. 
ഒടുക്കം ചതിയിലൂടെയാണ്  ബ്രിട്ടീഷുകാര്‍ വാരിയന്‍ കുന്നത്തിനെ കീഴ്‌പ്പെടുത്തുന്നത്.
ഇങ്ങനെ പോരാട്ടത്തിന്റെ അനേകം കിസ്സകളാണ് ജമീല്‍ അഹ്മദ് പറഞ്ഞു വെക്കുന്നത്. ഈ കിസ്സകള്‍ വായിക്കുമ്പോള്‍ ഒരു കാലം മുന്നില്‍ തെളിയുന്നു. കഴിഞ്ഞ കാലത്ത് ജീവിച്ച് മരിച്ച ഏറെ പേര്‍ നമ്മിലേക്ക് സഞ്ചരിച്ചെത്തുന്നു, നമ്മുടെ കൈ പിടിക്കുന്നു. ധൈര്യം കെട്ടു പോകരുതെന്ന് ഉപദേശിക്കുന്നു, നമ്മില്‍ ഊര്‍ജം നിറക്കുന്നു.  

1921
പോരാട്ടത്തിന്റെ കിസ്സകള്‍
ജമീല്‍ അഹ്മദ്
കാമ്പസ് അലൈവ് പബ്ലിക്കേഷന്‍സ്
വിതരണം: ഐ.പി.എച്ച് 
വില: 130 രൂപ
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌