Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

സയന്റിസം: നാസ്തികതയുടെ ദാര്‍ശനിക വൈകല്യങ്ങള്‍

സഈദ് പൂനൂര്‍

സര്‍വ ജ്ഞാനവും ശാസ്ത്രത്തിന്റെ ജ്ഞാനസമ്പാദന മാര്‍ഗങ്ങള്‍ മുഖേന ആര്‍ജിക്കാമെന്നും സര്‍വ മേഖലയിലും സയന്‍സിനെ ഉപയോഗിക്കാമെന്നുമുള്ള അതിരു കടന്ന വാദമാണ് ശാസ്ത്രമാത്രവാദം അല്ലെങ്കില്‍ Scientism.  ശരിയായ അറിവ് നേടാന്‍ യോഗ്യമായ ഒരേയൊരു മാര്‍ശം ശാസ്ത്രം മാത്രമാണെന്ന നിലപാടിനെയാണ് ഭൗതിക ശാസ്ത്രകാരനായ ലാന്‍ ഹച്ചിന്‍സണ്‍ (Lan Hutchinson) സയന്റിസം എന്ന് നിര്‍വചിക്കുന്നത്. ബഹുഭൂരിപക്ഷം നിരീശ്വരവാദികളെയും തങ്ങളുടെ ദൈവമില്ലാ വാദത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതാണ് സയന്റിസം. അറിവ് നേടാനുള്ള ഒരേയൊരു മാര്‍ഗം ശാസ്ത്രമായത് കൊണ്ടുതന്നെ ശാസ്ത്രീയമായി തെളിയിക്കപ്പെടാത്തതൊന്നും അവര്‍ അംഗീകരിക്കുകയില്ല. ശാസ്ത്രമാത്രവാദം എന്ന പദാര്‍ഥ ബന്ധിത പ്രാപഞ്ചിക വീക്ഷണമാണ് നവനാസ്തികരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വതന്ത്രവാദമായ മാനവികവാദ(Humanism)ത്തെ കൂടെ കൂട്ടി സയന്റിസത്തെ പ്രയോഗവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി. പ്രഥമവും പ്രധാനവുമായി ഇതൊരു ശാസ്ത്രവിരുദ്ധമായ നിരീശ്വരവാദ നിലപാടാണ്.
ചരിത്രം പരിശോധിച്ചാല്‍, കേവലമായ ഏതെങ്കിലും ശാസ്ത്ര ശാഖയില്‍ മാത്രം അറിവ് നേടി ഒതുങ്ങുന്ന വിദ്യാഭ്യാസ രീതിക്കപ്പുറം സമഗ്രമായ ലോക ബോധമുണ്ടാക്കാന്‍ കഴിയുന്ന ജ്ഞാനാര്‍ജ്ജന രീതിശാസ്ത്രങ്ങളാണ് വികസിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ അറിയപ്പെടുന്ന ചിന്തകരെല്ലാം ദൈവ വിശ്വാസികള്‍ കൂടി ആയിരുന്നുവെന്നു കാണാം. അരിസ്റ്റോട്ടിലും ദെക്കാര്‍ത്തെയും ന്യൂട്ടണുമൊക്കെ ദൈവത്തെയംഗീകരിച്ചത് അവര്‍ക്ക് ലോകത്തെ സംബന്ധിച്ച് സമഗ്രമായ ബോധം കൂടി ഉണ്ടായത് കൊണ്ടാണ്. ഫിലോസഫിയും ജ്ഞാനശാസ്ത്രവും, പ്രകൃതി ശാസ്ത്രവും ലോജിക്കും എത്തിക്സും തിയോളജിയുമെല്ലാം അവര്‍ക്കൊരു പോലെ പഠന വിഷയങ്ങളായിരുന്നു.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും പാശ്ചാത്യ രാജ്യങ്ങളില്‍ ശാസ്ത്ര- സാങ്കേതികവിദ്യയില്‍ അമ്പരപ്പിക്കുന്ന പുരോഗതിയുണ്ടായി. ഐസക് ന്യൂട്ടണും മറ്റും രൂപകല്‍പന നല്‍കിയ യാന്ത്രിക പ്രപഞ്ചസങ്കല്‍പവും, ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തില്‍ ഊന്നിയുള്ള ജൈവസങ്കല്‍പവും ചേര്‍ന്ന് നിര്‍ണയവാദം (Determinism) എന്ന ആശയത്തിന് ഏറെ പ്രചാരം നല്‍കി. ആ ആശയത്തിന്റെ പൊരുള്‍ ഇതാണ്. നിരീക്ഷിക്കാനും അളക്കാനുമുള്ള ശാസ്ത്രത്തിന്റെ കഴിവ് വളര്‍ന്നുവളര്‍ന്നു വരുമ്പോള്‍, ഈ പ്രപഞ്ചത്തിലെ എന്തും, മനുഷ്യപ്രവൃത്തികള്‍ ഉള്‍പ്പെടെ, കൃത്യമായി പ്രവചിക്കാനും വിശദീകരിക്കാനും സാധ്യമാകും. ഈ പ്രപഞ്ചത്തെ നയിക്കുന്ന നിയമങ്ങള്‍ കൃത്യമായി അറിയുകയും, ഓരോ ഭൗതിക പദാര്‍ഥത്തിന്റെയും സ്ഥാനവും ചലനവും അളക്കുകയും ചെയ്യാന്‍ സാധിച്ചാല്‍, ഭൗതികപദാര്‍ഥ മാത്രമായ ഒരു ലോകത്ത് ഇത് സാധ്യമാണല്ലോ.
ഇതേ ആശയം തത്ത്വചിന്തയിലും പ്രതിഫലിച്ചു. അനുഭവസത്താവാദം ('ലോജിക്കല്‍ പോസിറ്റീവിസം,' അല്ലെങ്കില്‍ 'വെരിഫിക്കേഷനിസം') എന്ന പേരില്‍ തത്ത്വചിന്തയിലും സമാനമായ ആശയം ഉറവെടുത്തു. ഇന്ദ്രിയാനുഭവത്തിലൂടെ നേടുന്ന വസ്തുനിഷ്ഠമായ അറിവുകള്‍ മാത്രമാണ് യാഥാര്‍ഥ അറിവെന്നും, മറ്റുള്ള അറിവുകള്‍ അയഥാര്‍ഥങ്ങളാണെന്നുമാണ് 'വിയന്ന സര്‍ക്കിള്‍' എന്ന പേരില്‍ പ്രശസ്തമായ ചിന്തകരുടെ കൂട്ടത്തിലെ ഒരു വിഭാഗം അവകാശപ്പെട്ടത്. ശാസ്ത്രത്തിനപ്പുറം മറ്റൊരു അറിവില്ല എന്ന ആശയമാണ് ഇവര്‍ മുമ്പോട്ടു വയ്ക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ക്വാണ്ടം ഭൗതികശാസ്ത്രത്തിന്റെ വരവും, ഗണിതശാസ്ത്രത്തിലെ അപൂര്‍ണ്ണതാസിദ്ധാന്തത്തിന്റെ (Godel's incompleteness theorems) രൂപീകരണവും, പോപ്പര്‍, കുണ്‍ മുതലായ ചിന്തകരുടെ ദര്‍ശനങ്ങളും സാങ്കേതികവിദ്യയുടെ ദുരുപയോഗവും (ലോകയുദ്ധങ്ങള്‍) എല്ലാം ചേര്‍ന്നപ്പോള്‍ നിര്‍ണയവാദവും പോസിറ്റിവിസവുമെല്ലാം മെല്ലെ മുഖ്യധാരയില്‍നിന്ന് പുറന്തള്ളപ്പെട്ടു.
ഇങ്ങനെ ദാര്‍ശനികമായി നിലനില്‍പ് നഷ്ടപ്പെട്ട ഈ ആശയത്തിന്റെ സമകാലീന ഭാഷ്യമാണ് സയന്റിസം. ഒരു കാര്യത്തിന്റെ യാഥാര്‍ഥ്യം അറിയാന്‍ ശാസ്ത്രത്തിന്റെ വിശദീകരണങ്ങള്‍ മതിയെന്ന നിലപാടാണ് സയന്റിസം പിന്തുടരുന്നത്.  ജനകീയമായിക്കൊണ്ടിരിക്കുന്ന ഈ ആശയം, നവനിരീശ്വരവാദികളിലൂടെയാണ് പുതുജീവന്‍ കൈക്കൊള്ളുന്നത്. ഇന്ന് കേരളത്തില്‍ തന്നെ, ജനകീയരായ പല ഭൗതിക വാദികളും ചിന്തകരും ചില സാമൂഹികമാധ്യമ കൂട്ടായ്മകളും ഈ ആശയത്തിന്റെ വിഭിന്നമായ ഭാഷ്യങ്ങള്‍ അവസരത്തിലും അനവസരത്തിലുമെല്ലാം അവതരിപ്പിക്കുന്നുണ്ട്.


സയന്റിസം സ്വയം ഖണ്ഡിതമാണ്

താത്ത്വികമായി ഇരുപതാം നൂറ്റാണ്ടില്‍തന്നെ പരാജയപ്പെട്ട ഒരു ദര്‍ശനം പുതിയ കുപ്പിയിലാക്കിയതാണ് സയന്റിസമെന്ന് നാം പറഞ്ഞു. സ്വയം ഖണ്ഡിക്കുന്ന ഒരു ദര്‍ശനമാണിത്. 'ശാസ്ത്രത്തിലൂടെ തെളിയിക്കപ്പെട്ട അറിവ് മാത്രമാണ് സത്യം' എന്ന പ്രസ്താവന തന്നെ അശാസ്ത്രീയമാണ്. ഇപ്പറഞ്ഞത് ശാസ്ത്രം തെളിയിച്ച ഒരു സിദ്ധാന്തമല്ല. അപ്പോള്‍, ഈ ദര്‍ശനം സ്വയം ഖണ്ഡിക്കുന്നതായി പ്രശസ്ത തത്ത്വചിന്തകന്‍ ആല്‍വിന്‍ പ്ലാന്റിംഗ പറയുന്നുണ്ട്.
യഥാര്‍ഥത്തില്‍ മൗലിക സത്യങ്ങളെ വളച്ചൊടിച്ച്, ഭൗതികവാദമെന്ന തത്ത്വചിന്തയെ ശാസ്ത്രത്തിന്റെ പേരില്‍ ആധികാരികമാക്കാനുള്ള ശ്രമം മാത്രമാണ് സയന്റിസം. ശാസ്ത്രത്തിന്റെ ആധികാരികതയിലും ജനകീയതയിലും ഭൗതികവാദം വില്‍ക്കാനുള്ള ശ്രമം. ശാസ്ത്രത്തിന്റെ പന്ഥാവ് തത്ത്വചിന്താ-നിരപേക്ഷ (Philosophical Neutral)മാണ്. ഏതെങ്കിലും തത്ത്വചിന്ത തെളിയിക്കാനോ ഇല്ലാതാക്കാനോ അല്ല ശാസ്ത്രം മുന്നേറേണ്ടത്. നിരപേക്ഷമായ ഭൗതികാന്വേഷണമാണ് ശാസ്ത്രം നടത്തേണ്ടത്. ശാസ്ത്രത്തിന്റെ നിരപേക്ഷതയില്‍ വെള്ളം ചേര്‍ത്ത്, ശാസ്ത്രത്തിന്റെ പേരില്‍ ഭൗതികവാദം പ്രചരിപ്പിക്കാനുള്ള  ശ്രമം മാത്രമാണ് സയന്റിസം.
അറിവിനെ ഭൗതികതയിലേക്ക് മാത്രം ഒതുക്കുന്നതു വഴി, തത്ത്വചിന്ത ആസ്പദമാക്കിയിരിക്കുന്ന അതിഭൗതിക അറിവുകളെ മുഖ്യധാരയില്‍നിന്ന് നീക്കിക്കളയുകയാണ് സയന്റിസം ചെയ്യുന്നത്. അതുവഴി, ഗഹനമായ തത്ത്വചിന്തയും യുക്തിസഹമായ സമീപനവുമുള്ള ആധ്യാത്മിക പന്ഥാവുകളെപ്പോലും അന്ധവിശ്വാസമെന്നും യുക്തിഹീനമെന്നും ചാപ്പ കുത്തുന്ന പ്രവണത വളര്‍ന്നു വരുന്നു. സയന്റിസം എന്നത് ഭൗതിക വാദികള്‍ ശാസ്ത്രത്തിന്റെ പരിധികള്‍ വ്യാഖ്യാനിക്കുമ്പോള്‍  വരുത്തുന്ന പിഴവാണ്.

എപ്പിസ്റ്റ്‌മോളജിയും സയന്‍സും

എന്താണ് അറിവ്? അറിവ് നേടാനുള്ള മാര്‍ഗങ്ങള്‍ ഏതൊക്കെ? നമുക്ക് എന്തൊക്കെ അറിയാന്‍ കഴിയും? അറിവിന്റെ പ്രകൃതം എന്താണ്? അങ്ങനെ അറിവിനെകുറിച്ച പലതരം വിഷയങ്ങള്‍ ചര്‍ച്ച ചയ്യുന്ന തത്വചിന്തയിലെ വിശാലമായ ശാഖയാണ് ജ്ഞാനശാസ്ത്രം (Epistemology).
വിജ്ഞാനത്തിന്റെ ഉറവിടത്തെ കുറിച്ചും അതിലെ കൈമാറ്റ പ്രക്രിയയെ കുറിച്ചും ആ ഒരു കൈമാറ്റ ശൃംഖലയെ കുറിച്ചുമുള്ള ചര്‍ച്ചകളാണ് ലളിതമായി പറഞ്ഞാല്‍ ജ്ഞാനശാസ്ത്രം.  ദൈനംദിന പ്രക്രിയയുമായി ബന്ധപ്പെട്ട ഒന്നായതുകൊണ്ട് തന്നെ ഫിലോസഫിയിലെ ഒരു പ്രധാന സംജ്ഞയാണിത്.
ശാസ്ത്രം മാത്രമാണ് അറിവ് നേടാനുള്ള മാര്‍ഗം, ശാസ്ത്രം തെളിയിച്ചാല്‍ മാത്രമേ അംഗീകരിക്കൂ എന്ന വാദഗതി ഉന്നയിക്കുന്നവരും യഥാര്‍ഥത്തില്‍ അറിവ് നേടാനുള്ള മറ്റു മാര്‍ഗങ്ങളെയും അവലംബിക്കുന്നവരാണെന്നതാണ് യാഥാര്‍ഥ്യം. കാരണം ധാര്‍മികമായ വിധി നിര്‍ണയങ്ങള്‍ നടത്താന്‍ സയന്‍സിനെ ഉപയോഗിക്കാനാകില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് (The Why Question) ഉത്തരം നല്‍കാനും സയന്‍സിനാവില്ല. മാത്രമല്ല സയന്‍സില്‍ സ്ഥിര സത്യങ്ങളുമില്ല.
അറിവ് എന്നര്‍ഥം വരുന്ന രെശലിശേമ എന്ന ലാറ്റിന്‍ പദത്തില്‍ നിന്നാണ് രെശലിരല എന്ന വാക്കുണ്ടാകുന്നത്.
അതുകൊണ്ട് തന്നെ ഭൗതിക ലോകത്തെ സംബന്ധിച്ച മനുഷ്യന്റെ അറിവന്വേഷണമാണ് ശാസ്ത്രം. സയന്‍സിന് പൊതുവായി കൊടുക്കാറുളള നിര്‍വചനം ഇങ്ങനെ:
'Science is the intellectual and practical activity encompassing the systematic study of the structure and behaviour of the physical and natural world through observation and experiment'
(ഭൗതിക ചുറ്റുപാടിന്റെ ഘടനയെയും സംവിധാനത്തെയുമെല്ലാം ഗവേഷണ, നിരീക്ഷണങ്ങളിലൂടെ പഠിക്കുന്ന ബൗദ്ധികവും പ്രായോഗികവുമായ പ്രവൃത്തി)
സയന്‍സിന്റെ മെത്തഡോളജിയനുസരിച്ച് ഭൗതികം, പദാര്‍ഥ ബന്ധിതം എന്നിവക്കപ്പുറമുള്ള അറിവുകള്‍ എങ്ങനെ സ്വായത്തമാകും? ശാസ്ത്ര ജ്ഞാനം (Scientific Knowledge) പദാര്‍ഥ ലോകത്തെ വസ്തുക്കളെ/വസ്തുതകളെക്കുറിച്ചുള്ള അറിവുകളുമായി ബന്ധപ്പെട്ടതാണ്. ഉദാഹരണം: ബോംബിന്റെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ / അതിന്റെ  പ്രവര്‍ത്തന  രീതി /  വേഗത എന്നിവ ശാസ്ത്ര ജ്ഞാനത്തില്‍ പെട്ടതാണ്. 
എന്നാല്‍ ശാസ്ത്ര ബോധം (Scientific Temper) ബന്ധപ്പെടുന്നത് മനുഷ്യത്വം /കാരുണ്യം തുടങ്ങിയ മനുഷ്യ സഹജമായ വികാരങ്ങളോടും ബോധങ്ങളോടുമാണ്. ഉദാഹരണം: ബോംബ് സഹോദരന്റെ നേരെ ഉപയോഗിക്കാനുള്ളതല്ല. ഇതില്‍ ശാസ്ത്രം (Science) ബന്ധപ്പെടുന്നത്  ശാസ്ത്ര ജ്ഞാനത്തോടും (Scientific Knowledge), മതം ബന്ധപ്പെടുന്നത് ശാസ്ത്ര ബോധ(Scientific  Temper)ത്തോടുമാണ്. ഈ തിരിച്ചറിവില്ലാത്തിടത്താണ് നവനാസ്തികതക്ക് പിഴച്ചത്.
സയന്‍സിന് അന്യമായ മേഖലകളിലേക്കതിനെ ചേര്‍ത്തുവെച്ച് അതിലൂടെ സയന്‍സിനെയും ജ്ഞാന ശാസ്ത്ര മേഖലകളെയും മലീമസമാക്കുകയെന്ന അശാസ്ത്രീയതയാണ്  സയന്റിസത്തിന്റെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഓരോ മേഖലയെയും മനസ്സിലാക്കാന്‍ അതിനതിന്റെതായ രീതിശാസ്ത്രമാണ് ഉപയോഗിക്കേണ്ടതെന്നത് പ്രാഥമിക യുക്തിയാണ് (Primary Logic). അടുത്ത ബന്ധുക്കള്‍ തമ്മിലെ ലൈംഗിക ബന്ധം,  കുഞ്ഞുങ്ങളോടുള്ള ലൈംഗികാസക്തി തുടങ്ങിയവ ശരിയാണോ എന്ന ചര്‍ച്ച എത്തിക്സുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്.
അറിവ് ശരിയായ ധാരണയാണോ നല്‍കുന്നതെന്ന വിഷയം ജ്ഞാനശാസ്ത്രം (Epistemology) ആണ് കൈകാര്യം ചെയ്യുന്നത്. അനന്തമായ ഭൂതകാലം (Eternal Past) നിലനില്‍ക്കുക സാധ്യമാണോ എന്ന ചോദ്യത്തിനുത്തരം കണ്ടെത്താന്‍ ലോജിക്കിനെയും ഉപയോഗിക്കുന്നു.
ജനിതക മാറ്റങ്ങളെ സംബന്ധിച്ച് ലഭിക്കുന്ന പുതിയ അറിവുകള്‍ എങ്ങനെയാണ് പരിണാമ ലോക വീക്ഷണത്തെത്തന്നെ മാറ്റി മറിക്കുക എന്ന ചര്‍ച്ച സയന്‍സിന്റെ തന്നെ തത്ത്വശാസ്ത്രവുമായി (Philosophy of Science) ബന്ധപ്പെട്ട് കിടക്കുന്നു. ഗണിതം പ്രകൃതിയുമായി എങ്ങനെ യോജിച്ച് കിടക്കുന്നുവെന്നും, അവയുടെ യഥാര്‍ഥ നിലനില്‍പ്പെങ്ങനെയാണെന്നും ചിന്തിക്കുന്നത് ഗണിത തത്ത്വശാസ്ത്രജ്ഞരാണ് (Philosophers of Maths).
ഇങ്ങനെ നിരവധി  വിഷയങ്ങളും അവയ്ക്ക് അവയുടെതായ മേഖലകളും ഉള്ളപ്പോള്‍ ഈ ബഹുസ്വര ചിന്തയെ തന്നെ നിരാകരിച്ച് പകരം എല്ലാ മേഖലകളിലും ശാസ്ത്രം മാത്രം മതിയെന്ന  ചിന്തയിലാണ് സയന്റിസം എത്തുന്നത്.

ശാസ്ത്രം ആത്യന്തിക സത്യങ്ങളല്ല

ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നത് തന്നെ തുടര്‍ച്ചയായ പഠനപ്രക്രിയ (Continuous Process of Learning) എന്നാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന  അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതിയാണ് ശാസ്ത്രം. ശാസ്ത്രത്തില്‍ ഒരിക്കലും അവസാനവാക്കുകളില്ല. ഒരു കാര്യത്തിലും ശാസ്ത്രം അന്തിമമായ തീര്‍ച്ചയിലേക്ക് എത്തുകയുമില്ല.
ശാസ്ത്രം Observation, Hypothesis, Experiment, Data Analysis, Conclusion, Repeatability തുടങ്ങിയ രീതിശാസ്ത്രമുപയോഗിച്ച് കണ്ടെത്തുന്ന കാര്യങ്ങള്‍ മുഴുവന്‍ ഏത് നിമിഷവും അപ്‌ഡേഷന് വിധേയമാകാം. സയന്‍സില്‍ പൊതുവെ ഉപയോഗിക്കുന്നത് ഇന്‍ഡക്ടീവ് റീസണിംഗ് ലോജിക്കാണ്. ഇന്‍ഡക്ടീവ് റീസണിംഗ് വഴി രൂപപ്പെടുത്തിയ പൊതുതത്വങ്ങളില്‍നിന്ന് ഡിഡക്ടീവ് റീസണിംഗ് വഴി നിഗമനങ്ങള്‍ നിര്‍ധാരണം ചെയ്യാമെങ്കിലും അടിസ്ഥാനപരമായി സയന്‍സ് ഇന്‍ഡക്ടീവ് റീസണിംഗ് തന്നെയാണ് ഉപയോഗിക്കുന്നത്. അതിനാല്‍, ഏറ്റവും പ്രായോഗികമായ ഒരു ജ്ഞാന സമ്പാദനമാര്‍ഗമാണെങ്കിലും ശാസ്ത്രീയ നിഗമനങ്ങളെ ആത്യന്തിക സത്യവും (Ultimate Truth) കൃത്യതയുമായി (Certainty) മനസ്സിലാക്കിക്കൂടാത്തതാണ്.
സയന്‍സിലെ നിലവിലുള്ള ഒരു തിയറിയും അന്തിമമല്ല. അടുത്ത ഒരു നിഗമനം നിലവിലുള്ള തിയറിയെ മാറ്റാനുള്ള സാധ്യത എപ്പോഴും നിലനില്‍ക്കുന്നുണ്ട്.
നൂട്ടോണിയന്‍ ഫിസിക്സിന്റെ ബലത്തില്‍ ഇനിയൊരു ദൈവത്തിന്റെ ആവശ്യമില്ലെന്ന് വിളിച്ചുപറഞ്ഞവര്‍, ന്യൂട്ടണ്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത തരത്തില്‍ മൂന്ന് ചലനനിയമങ്ങളെ ഉപയോഗിച്ച് മതങ്ങളുടെ ശവമടക്ക് നടത്താന്‍ തുനിഞ്ഞിറങ്ങിയവര്‍ ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തവും ഫിസിക്സിലെ കൂടുതല്‍ പഠനങ്ങളും പുറത്തുവന്നപ്പോള്‍ പതിയെ മാളത്തിലൊളിച്ചു. ജീവന്‍ നിസ്സാരമാണെന്ന് വിചാരിച്ചിരുന്ന, അതിന്റെ സങ്കീര്‍ണതകള്‍ അറിയാത്ത കാലത്ത് വിളിച്ചു പറഞ്ഞ ജീവോല്‍പത്തിയെ കുറിച്ചുള്ള  മണ്ടത്തരങ്ങള്‍ ജൈവശാസ്ത്ര രംഗത്തെ പഠനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു കഴിഞ്ഞു. പദാര്‍ഥപ്രപഞ്ചത്തെ പറ്റി പോലും പൂര്‍ണമായ അറിവില്‍ പഠിക്കാന്‍ സാധ്യമല്ലെന്ന കാര്യം ശാസ്ത്രലോകത്ത് അംഗീകരിക്കപ്പെടുകയായിരുന്നു.
കാള്‍ പോപ്പര്‍ മുന്നോട്ട് വെച്ച Falsifiability എന്ന രീതി ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരും. ഒരു കാര്യം ശാസ്ത്രീയമാകണമെങ്കില്‍ അത് 'ഫാള്‍സിഫിയബിള്‍' (Falsifiable) ആയിരിക്കണം എന്ന കാര്യമാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. ശാസ്ത്രത്തില്‍ ഒരു കാര്യം ശരിയാണെന്ന് തെളിയിക്കുന്നതോടൊപ്പം അത് തെറ്റാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നതായിരിക്കണം എന്നതാണ് Falsifiability. ശാസ്ത്രം തെളിയിക്കുന്ന ഏതൊരു കാര്യത്തിലും അത് തെറ്റാനോ മാറാനോ ഉള്ള സാധ്യത അവശേഷിപ്പിച്ചുകൊണ്ടായിരിക്കും അത് തെളിയിക്കുന്നത്. പലപ്പോഴും ഈ വസ്തുത മനസ്സിലാക്കാതെയാണ് പലരും ശാസ്ത്രത്തെ ആത്യന്തിക സത്യമായി അവതരിപ്പിക്കുന്നത്. ശാസ്ത്രം ഒരു കാര്യം പറയുന്നെങ്കില്‍, നമ്മുടെ നിരീക്ഷണ പരിധിയില്‍ ഇപ്പോഴുള്ള നിഗമനം അങ്ങനെയാണ് എന്ന് മാത്രമാണ് അതിന്റെ അര്‍ഥം. മതഗ്രന്ഥങ്ങളില്‍ അശാസ്ത്രീയത തിരയുന്ന യുക്തിവാദികള്‍ പലപ്പോഴും വിസ്മരിക്കുന്നതും ഈയൊരു വസ്തുതയാണ്.
ഫിലോസഫി മുഖേന നിഷ്പ്രയാസം തിയോളജി  സ്ഥിരീകരിക്കാവുന്നതാണ്. സയന്‍സ് ഉള്‍പ്പെടെയുള്ള സര്‍വജ്ഞാനങ്ങളുടേയും അടിസ്ഥാനം  ഫിലോസഫിയാണ്. സയന്‍സിന്റെ ഫണ്ടമെന്റല്‍സ് മുഴുവനും തത്ത്വശാസ്ത്രാടിസ്ഥാനത്തിലാണ്. സയന്‍സ് പ്രവര്‍ത്തിക്കുന്നത് തന്നെ തത്ത്വശാസ്ത്രപരമായ ചില യുക്തികളെ അടിസ്ഥാനമാക്കിയാണ്. ഇങ്ങനെ സ്വയം തന്നെ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത പ്രാഥമിക യുക്തിയിലാണ് സയന്‍സ് നിലനില്‍ക്കുന്നത് എന്ന് പറയാം. അപ്പോള്‍ ശാസ്ത്രത്തെ മാത്രമേ അംഗീകരിക്കൂ എന്ന് വാശിപിടിക്കുന്നവര്‍ക്ക് അതിന്റെ അടിത്തറകളെ തന്നെ നിഷേധിക്കേണ്ടതായി വരും.
ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിയാത്തതും ഒഴിവാക്കാനാകാത്തതുമായ ചില തത്ത്വ ചിന്താ അനുമാനങ്ങളെ അടിസഥാനമാക്കിയാണ് എല്ലാ ശാസ്ത്ര പഠനങ്ങളും ആരംഭിക്കുന്നത് തന്നെ. ശാസ്ത്ര തത്ത്വചിന്തകനായ തോമസ് കുന്‍ പറയുന്നത് എല്ലാ ശാസ്ത്ര പഠനങ്ങളും പ്രപഞ്ചത്തിന്റെ സ്വഭാവത്തെക്കുറിച്ചുള്ള തെളിയിക്കാനാവാത്ത അനുമാനങ്ങളുടെ അജണ്ടയെ അംഗീകരിച്ച് കൊണ്ടുള്ളതാണെന്നാണ്.
പ്രപഞ്ചത്തിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യം,  Uniformity, Regularity of Nature, ഗണിതശാസ്ത്രം, കാര്യകാരണ തത്ത്വം തുടങ്ങി ഒരു ശാസ്ത്രപഠനം ആരംഭിക്കുന്നതിനു മുമ്പായി അടിസ്ഥാനമായി കണക്കാക്കുന്ന പത്തോളം ദാര്‍ശനിക അനുമാനങ്ങളെകുറിച്ച് തത്ത്വചിന്തകരായ വില്യം ലെയ്ന്‍ ക്രെയ്ഗും ജെ.പി. മോര്‍ലന്‍ഡും വിവരിക്കുന്നുണ്ട്. ശാസ്ത്രത്തെ അവസാന വാക്കായി അംഗീകരിക്കുന്നവര്‍ക്ക് അതിന്റെ അടിത്തറകളെ തന്നെ നിഷേധിക്കേണ്ടതായി വരും. അവയില്‍ മര്‍മ്മപ്രധാനമായ അഞ്ച് അടിസ്ഥാന തിയറികള്‍ തന്നെ അതിനു തെളിവാണ്.
ശാസ്ത്രം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രസ്തുത തത്ത്വശാസ്ത്ര യുക്തികള്‍ ഇവയാണ്.

1) സ്ഥലത്തിന്റെ സ്ഥായി സ്വഭാവം (Spacial Regularity)
സയന്റിഫിക് മെത്തഡോളജി ഉപയോഗിച്ച് ശാസ്ത്രീയമായി ഒരു വിഷയത്തില്‍ എത്തുന്ന തീര്‍പ്പ് (Conclusion) മറ്റൊരിടത്തും അതുപോലെ തന്നെയാണ് പ്രവര്‍ത്തിക്കുക എന്ന ബുദ്ധിപരമായ അനുമാനത്തില്‍ നിന്നാണ് എല്ലാ ശാസ്ത്രീയ നിയമങ്ങളും, സിദ്ധാന്തങ്ങളും നിലനില്‍ക്കുന്നത്. അതല്ലാതെ സകല സ്ഥല മാനങ്ങളിലും ശാസ്ത്രീയ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരീക്ഷണങ്ങള്‍ ആവര്‍ത്തിച്ച്, എല്ലായിടത്തും അതിന്റെ ഫലം ഒന്നു തന്നെയാണെന്ന് നിരീക്ഷിച്ച് ഒരു ശാസ്ത്രത്തിനും പ്രായോഗികമായി നിലനില്‍ക്കാന്‍ കഴിയില്ല.

2. കാലത്തിന്റെ സ്ഥായി സ്വഭാവം (Temporal Regularity)
നിരീക്ഷിക്കപ്പെടുന്ന ഏതൊരു പ്രതിഭാസത്തിനും നിത്യമായ നിലനില്‍പ്പുണ്ടെന്നും ഏത് കാലത്തും പ്രകൃതി നിയമങ്ങള്‍ സ്ഥായിയാണെന്നുമുള്ള അനുമാനത്തിന് പുറത്ത് തന്നെയാണ് ഏതൊരു ശാസ്ത്രീയ സിദ്ധാന്തവും നിര്‍മിതമാകുന്നത്. ഉദാഹരണത്തിന് ഭൂമിയില്‍ നിന്നും ഉയര്‍ത്തിയ കല്ല് കൈവിട്ടാല്‍ താഴെ പതിക്കും എന്ന നിരീക്ഷണത്തില്‍ നിന്നും, ഈ പരീക്ഷണം നാളെയും, അതിനടുത്ത ദിവസവുമായി തുടര്‍ന്നാലും സമാനമായ ഫലം തന്നെയാകും കിട്ടുകയെന്ന അനുമാനത്തിലാണ് ശാസ്ത്ര ലോകം എത്തിച്ചേരുക. അഥവാ ഫിലോസഫിക്കലായ ഒരനുമാനം. ഗുരുത്വാകര്‍ഷണ സിദ്ധാന്തങ്ങളും നിയമങ്ങളും, എല്ലാം നിര്‍മിതമാകുന്നതും തുടരെ തുടരെ അതുപയോഗിക്കുന്നതും ഈ അനുമാനത്തിലാണ്.

3. ക്രമാവസ്ഥ (Order)
ഒരു വസ്തുവില്‍നിന്നും അതിന്റെ ക്രമവും ക്രമരാഹിത്യവും നിരീക്ഷിക്കാനും, അതിന് പിറകില്‍ അടങ്ങിയിരിക്കുന്ന യുക്തി മനസ്സിലാക്കിയെടുത്ത് സയന്‍സില്‍ ഉപയോഗിക്കാനും മനുഷ്യന് കഴിയും. എന്നാല്‍ ഒന്നിന് ക്രമമുണ്ടെന്നോ ക്രമരാഹിത്യമുണ്ടെന്നോ ശാസ്ത്രത്തിന് തീര്‍പ്പ് പറയാന്‍ കഴിയില്ല. അത് പൂര്‍ണമായും മനുഷ്യയുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണ്.

4. ഗണിതശാസ്ത്രം (Mathematics)
ഗണിതത്തെ ഒരു സാര്‍വലൗകിക ഭാഷയായി അംഗീകരിച്ചുകൊണ്ടാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. 1+1=2 എന്നത് ഒരു ഗവേഷണ ശാലയിലും പരീക്ഷിച്ചു തെളിയിക്കപ്പെട്ടതല്ല. ഗണിത നിയമങ്ങളിലും അക്കങ്ങളുടെ മൂല്യങ്ങളിലും സമവാക്യങ്ങളിലുമെല്ലാം പ്രവര്‍ത്തിക്കുന്നത് ലോജിക് ആണ്. അതല്ലാതെ ശാസ്ത്രീയ മെത്തഡോളജി ഉപയോഗിച്ചല്ല ഒരു തീര്‍പ്പില്‍ എത്തുന്നത്. എന്നാല്‍ ഈ ഗണിതത്തെ തന്നെ പ്രപഞ്ച ഭാഷയായി അംഗീകരിച്ചും, അതുപയോഗിച്ചുള്ള സമവാക്യങ്ങള്‍ ശാസ്ത്ര രംഗത്ത് പ്രയോഗിച്ചുമാണ് സയന്‍സ് തന്നെ മുന്നോട്ട് പോകുന്നത്.

5. കാര്യ-കാരണ ബന്ധം (Cause and Effect)
പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും കാര്യകാരണ ബന്ധിതമാണ് എന്ന അനുമാനത്തിലാണ് ശാസ്ത്രം മുന്നോട്ട് പോകുന്നത്. ഇതനുസരിച്ച് ഓരോ കാര്യത്തിനും (Effect) പിറകിലുള്ള കാരണത്തെ(Cause) യാണ് ശാസ്ത്രം അന്വേഷിക്കുക.
ഇതും യുക്തിപരമായ മനുഷ്യ നിരീക്ഷണങ്ങളുടെ പുറത്തുള്ള അനുമാനങ്ങളില്‍ നിന്നുണ്ടാകുന്നതാണ്. അഥവാ ഓരോന്നിനും കാരണമന്വേഷിക്കേണ്ടതുണ്ടെന്ന യുക്തിയില്‍ നിന്നാണ് ഇതാരംഭിക്കുന്നത് തന്നെ.
അഥവാ ശാസ്ത്രത്തിനെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കൂ എന്നു പറയുന്നവര്‍ക്ക് ശാസ്ത്രത്തിനെ തന്നെ ജ്ഞാനമാര്‍ഗമായി അംഗീകരിക്കാന്‍ കഴിയില്ല. കാരണം ശാസ്ത്രത്തിന്റെ അടിസ്ഥാനമായി നിലനില്‍ക്കുന്ന പലതും ശാസ്‌ത്രേതരമായ എന്നാല്‍ യുക്തിപരമായ മനുഷ്യന്റെ അനുമാനങ്ങള്‍ മാത്രമാണ്. ചുരുക്കത്തില്‍ ശാസ്ത്രത്തെ മാത്രമേ ജ്ഞാനമാര്‍ഗമായി അംഗീകരിക്കാന്‍ കഴിയൂ എന്ന വാദം തന്നെ സ്വയം ഖണ്ഡിതമാണ്.
ശാസ്ത്രത്തില്‍, മതവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞന്മാരില്‍, അന്ധമായി വിശ്വസിക്കുന്നവരാണ് നാസ്തികര്‍. അവര്‍ ആത്യന്തികമായി വിശ്വസിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.
സ്‌കൂളില്‍നിന്നു പഠിച്ച സൂര്യന്റെ ഒമ്പത് ഉപഗ്രഹങ്ങളില്‍ നിന്നു പ്ലൂട്ടോ പുറത്താണെന്ന് ഇപ്പോഴാണ് ശാസ്ത്രലോകം വിധിച്ചത്. അപ്പോള്‍ ദൈവമുണ്ടെന്നു ശാസ്ത്രം അസന്ദിഗ്ധമായി തെളിയിക്കുന്നതു വരെ വിശ്വസിക്കാതെ കാത്തിരിക്കുന്നത് എത്രമേല്‍ വിഡ്ഢിത്തമാണ്! ശാസ്ത്രത്തിന്റെ ലബോറട്ടറിയില്‍വച്ച് ദൈവാസ്തിക്യം സംശയാതീതമായി തെളിയിക്കപ്പെട്ടാല്‍ വിശ്വസിക്കുമെന്നു പറയുന്നവര്‍, യഥാര്‍ഥത്തില്‍ അപ്പോഴും ദൈവത്തിലല്ല ശാസ്ത്രത്തില്‍ തന്നെയാണു വിശ്വസിക്കുന്നത്. മതവിഭാഗങ്ങളെ അന്ധവിശ്വാസികളെന്നു പരിഹസിക്കുന്നവര്‍ ഇവിടെ സ്വയം അന്ധവിശ്വാസികളായിത്തീരുകയാണ്.
ശാസ്ത്രം മുഴുവന്‍ തെറ്റാണെന്നോ വിശ്വസിക്കാന്‍ കൊള്ളാത്തതാണെന്നോ എന്നൊന്നും ഇതിനര്‍ഥമില്ല. സത്യത്തിലേക്ക് നയിക്കുക എന്നതും ഒരു സത്യം സ്ഥിരീകരിക്കുക എന്നതും തികച്ചും വ്യത്യസ്തമാണ്. ലഭിക്കുന്ന അറിവുകളില്‍ ആത്യന്തിക സത്യങ്ങള്‍ ഉണ്ടായിരിക്കാം. എന്നാല്‍ ശാസ്ത്രീയ രീതിയുടെ സ്വഭാവം കണക്കിലെടുക്കുമ്പള്‍ ഇത് മാത്രമാണ് ശരി, ഇതിനപ്പുറം ഒന്നുമില്ല എന്നൊരു സ്ഥിരീകരണം സാധ്യമല്ല. ശാസ്ത്രം തുടര്‍ച്ചയായ ഒരു പഠനപ്രക്രിയയാണ്. ലഭിക്കുന്ന തെളിവുകള്‍ക്ക് അനുസരിച്ച് ധാരണകള്‍ തിരുത്തി മുന്നോട്ട് പോകുന്ന ഒരു അവസാനിക്കാത്ത വിജ്ഞാനസമ്പാദന രീതി. അതുകൊണ്ടാണ് ന്യൂട്ടോണിയന്‍ ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന് പകരമായി ജനറല്‍ റിലേറ്റിവിറ്റി വരുന്നത്. ജിയോസെന്‍ട്രിക് തിയറിയും ഹീലിയോസെന്‍ട്രിക് തിയറിയും മാറിയതങ്ങനെയാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌