ഹദീസിന്റെ പുനഃക്രോഡീകരണം
ചോദ്യം: ഖുര്‍ആന് ശേഷം പ്രവാചകന്റെ ഹദീസുകള്‍ ദീനീ പ്രമാണമായി അംഗീകരിക്കണോ വേണ്ടേ എന്ന വിഷയത്തില്‍ നമ്മുടെ ചിന്തകന്മാരുടെ നിലപാടുകളില്‍ ആത്യന്തികതയും വീഴ്ചയും പ്രകടമാണ്. ഹദീസ് ശേഖരങ്ങള്‍ക്ക് ചരിത്ര റിപ്പോര്‍ട്ടുകളുടെ സ്ഥാനം നല്‍കിയതാണ് എന്റെ വീക്ഷണത്തില്‍ വീഴ്ച; ആറ് പ്രബല ഹദീസ് സമാഹാരങ്ങളില്‍ (സിഹാഹുസ്സിത്ത) قَالَ رَسُولُ اَللَّه صَلّى الله عَلَيْهِ وَسَلّم (നബി തിരുമേനി പറഞ്ഞു) എന്ന വാക്കുകളില്‍ വന്നതെല്ലാം ശരിയായ ഹദീസാണെന്ന് മനസ്സിലാക്കിയത് ആത്യന്തികതയും. അതിന് മുകളിലാണ് മതവിശ്വാസ സൗധം കെട്ടിപ്പടുത്തിരിക്കുന്നത്. അറിവില്ലായ്മയും ചിന്താശക്തിയുടെ അഭാവവും കാരണം ഈ വിഷയത്തില്‍ എനിക്ക് ഒരു സന്തുലിത നിലപാടിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദയവായി താങ്കള്‍ ഒരു മാര്‍ഗം കാണിച്ചു തരിക. ഈ വിഷയകമായ സന്ദേഹങ്ങള്‍ ദൂരീകരിച്ചു തന്നാലും.
ഹദീസുകളുടെ ഉള്ളടക്ക അപഗ്രഥനവും റിപ്പോര്‍ട്ടര്‍മാരുടെ ജീവിതാവസ്ഥകളുടെ പരിശോധനയും മുന്‍കാല പണ്ഡിതന്മാരുടെ പ്രവര്‍ത്തനങ്ങളോടെ അവസാനിച്ചു കഴിഞ്ഞോ? കഴിഞ്ഞു എന്നാണെങ്കില്‍ എന്താണതിന് തെളിവ്? സഹീഹുല്‍ബുഖാരിയില്‍ വരെ കുറ്റമറ്റ റിപ്പോര്‍ട്ടിംഗിന്റെയും ശരിയായ ബുദ്ധിയുടെയും വെളിച്ചത്തില്‍ വിമര്‍ശന വിധേയമാവുന്ന ഹദീസുകള്‍ സ്ഥലം പിടിച്ചതിന്റെ അര്‍ഥമെന്താണ്? ഇബ്‌റാഹീം നബി മൂന്ന് തവണ കളവ് പറഞ്ഞു, മൂസാനബി മരണത്തിന്റെ മലക്കിന്റെ കണ്ണ് അടിച്ചു പൊട്ടിച്ചു തുടങ്ങിയ ഹദീസ് റിപ്പോര്‍ട്ടുകള്‍ ഉദാഹരണം.
ഇനി മറുപടി നിഷേധ രൂപത്തിലാണെങ്കില്‍ ഹദീസുകളുടെ ശരി-തെറ്റുകള്‍ പരിശോധിക്കുക എന്ന ഉത്തരവാദിത്തം പില്‍ക്കാല പണ്ഡിതന്മാര്‍ നിര്‍വഹിക്കാത്തതിന്റെ ന്യായമെന്താണ്? അതിന്റെ ഫലമായാണല്ലോ സംശയാസ്പദങ്ങളായ ഹദീസുകളെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഇസ് ലാമിക പ്രബോധനത്തിന്റെ മാര്‍ഗത്തില്‍ തടസ്സമായി നില്‍ക്കുന്നത്.
ഉത്തരം: ഹദീസുകളുടെ വിമര്‍ശന ഗവേഷണങ്ങളുടെയും ക്രോഡീകരണത്തിന്റെയും വിഷയത്തില്‍ ആദ്യ നാലു നൂറ്റാണ്ടുകളില്‍ എന്തൊക്കെ നടന്നോ അതൊക്കെയും അങ്ങേയറ്റം അഭിനന്ദനീയമാണെങ്കിലും വേണ്ടത്ര പര്യാപ്തമല്ലെന്ന് എന്റെ ലേഖനങ്ങളില്‍ പലയിടത്തും ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇനിയും ഈ വിഷയത്തില്‍ ചെയ്യാനായി ധാരാളം ബാക്കി കിടക്കുകയാണ്. എന്നാല്‍ ഉലമാക്കള്‍ എന്തുകൊണ്ട് ഈ കടമ നിര്‍വഹിച്ചില്ല എന്നാണ് ചോദ്യമെങ്കില്‍ നാലാം നൂറ്റാണ്ടിന് ശേഷം അവര്‍ ഇജ്തിഹാദി(മതഗവേഷണം)ന്റെ കവാടം കൊട്ടിയടച്ചുകളഞ്ഞു എന്നാണ് അതിന്റെ ഉത്തരം. ഹദീസുകള്‍ എന്തുകൊണ്ട് ഇഴകീറി പരിശോധിച്ചില്ല എന്ന് അവരോട് ചോദിക്കുന്നത് തന്നെ തെറ്റാണ് (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂലൈ-ഒക്‌ടോബര്‍ 1944).
ഒരു മദ്ഹബില്‍നിന്ന് മറ്റൊന്നിലേക്ക്
മാറുന്നത് തെറ്റാണോ?
ചോദ്യം: നമ്മുടെ ഇക്കാലത്ത് നാലു മദ്ഹബുകളിലൊന്ന് പിന്‍പറ്റുക എന്നത് പണ്ടത്തേക്കാള്‍ അനിവാര്യമായിരിക്കുകയാണ്. എന്നാല്‍ ചോദ്യമിതാണ്: ജ്ഞാന ഗുണമാര്‍ജിച്ച ഒരാള്‍ക്ക് അറിയപ്പെട്ട നാലു മദ്ഹബുകളുടെ ഫിഖ്ഹ് (അനുഷ്ഠാന നിയമങ്ങള്‍) ഉപേക്ഷിച്ച് ഹദീസുകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനോ ഇജ്തിഹാദ് (മതവഗേഷണം) നടത്തുന്നതിനോ അവകാശമുണ്ടോ? ഇല്ലെങ്കില്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണിത്? ഇനി അനുവദനീയമാണെന്നാണെങ്കില്‍ 'ത്വഹ്ത്വാവി'യില്‍ ഒരു വലിയ നിയമ പണ്ഡിതന്‍ ഇങ്ങനെ പറഞ്ഞതിന്റെ താല്‍പര്യം എന്താണ്?
(ഇജ്തിഹാദ് നടത്തി ഒരാള്‍ ഒരു മദ്ഹബില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് ശിക്ഷാര്‍ഹമായ കുറ്റമാകുന്നു).
ഉത്തരം: എന്റെ വീക്ഷണത്തില്‍ പണ്ഡിതനായ ഒരാള്‍ അനുകരണം (തഖ്‌ലീദ്) നടത്തുന്നത് അനനുവദനീയവും കുറ്റവും മാത്രമല്ല അതിനേക്കാള്‍ ഗുരുതരമായ ഒരു കൃത്യമാണ്. എന്നാല്‍ സ്വന്തം ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും മദ്ഹബിന്റെ പാതയും അടിസ്ഥാനങ്ങളും പിന്‍പറ്റുന്നതും തഖ്‌ലീദിന്റെ ശപഥവുമെടുത്ത് കുത്തിയിരിക്കുന്നതും രണ്ടും രണ്ടാണെന്നത് ഓര്‍ക്കണം. ഞാന്‍ ശരിയല്ലെന്ന് പറഞ്ഞത് രണ്ടാമത്തെ കാര്യത്തെക്കുറിച്ചാണ്. ഇനി താങ്കള്‍ ഉദ്ധരിച്ച 'ത്വഹ്ത്വാവി'യുടെ ഫത്‌വ. അത് എത്ര വലിയ പണ്ഡിതനെഴുതിയതാണെങ്കിലും സ്വീകാര്യമാണെന്ന് എനിക്കഭിപ്രായമില്ല. ഗവേഷണാടിസ്ഥാനത്തിലല്ലാതെ ഇഛാനുസൃതമാകുമ്പോള്‍ മാത്രമാണ് എന്റെ വീക്ഷണത്തില്‍ ഒരു മദ്ഹബില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് കുറ്റകരമായിത്തീരുന്നത്. (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജുലൈ - ഒക്‌ടോബര്‍ 1944).
ഏത് തരം ഇജ്മാഅ് ആണ് പ്രമാണം
ചോദ്യം: ഏതെങ്കിലും പ്രബല ഹദീസിന്റെ അടിസ്ഥാനത്തിലുള്ള ഇജ്മാഅ് (അഭിപ്രായ സമവായം) യഥാര്‍ഥത്തില്‍ ശര്‍ഈ പ്രമാണം തന്നെ. അതിനെ നിഷേധിക്കുന്നവന്‍ കാഫിറുമാണ്. എന്നാല്‍, നബിയുടെ വാക്കുകളില്‍നിന്ന് സ്പഷ്ടമായി സ്ഥിരീകരിക്കപ്പെടാത്തതോ, നബി വ്യക്തമായി പ്രസ്താവിക്കാതെ ഏതെങ്കിലും താല്‍പര്യാര്‍ഥം പൊതുവായി വിട്ട കാര്യവുമായി ബന്ധപ്പെട്ടതോ ആയ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലുള്ള പണ്ഡിതന്മാരുടെ ഏകോപിതാഭിപ്രായത്തിന് ശര്‍ഈ പ്രമാണം ലഭ്യമാണോ? അതിനെ നിഷേധിക്കുന്ന ആള്‍ കാഫിറാകുമോ?
ഉത്തരം: ഇജ്മാഇന്റെ പ്രശ്‌നം വളരെ സങ്കീര്‍ണമാണ്. അതിന്റെ എല്ലാ വശങ്ങളും ഇവിടെ ചര്‍ച്ച ചെയ്യാന്‍ പ്രയാസമുണ്ട്. സമുദായത്തിന്റെ ഏകോപിത തീര്‍പ്പാണ് ഇജ്മാഅ് എന്ന് ചുരുക്കത്തില്‍ മനസ്സിലാക്കുക. ഈ സമവായം രണ്ട് തരം കാര്യങ്ങളുമായി ബന്ധപ്പെട്ടതത്രെ. ശര്‍ഈ വിധികളുമായി ബന്ധപ്പെട്ടതാണ് ഒരു ഇനം. ലൗകികാസൂത്രണ വിഷയകമായ കാര്യങ്ങളാണ് രണ്ടാമത്തെ ഇനം. ആദ്യത്തെ ഇനത്തില്‍ പെട്ട കാര്യങ്ങളില്‍ ഏതെങ്കിലുമൊരു കാര്യത്തില്‍ സമുദായം ഐകകണ്‌ഠ്യേന ഒരു തീര്‍പ്പിലെത്തി രേഖപ്പെട്ട ഒരു വിധിക്ക് വിശദീകരണം നല്‍കുകയും ആ വിശദീകരണം ഏതെങ്കിലും താല്‍ക്കാലികാവശ്യമോ താല്‍പര്യമോ പരിഗണിച്ചല്ലാതെ പകരം അടിസ്ഥാനപരമായി ഐകകണ്‌ഠ്യേന നബിയുടെ ഉദ്യേശ്യമോ സുന്നത്തിന്റെ രീതിയോ അനുസരിച്ചു നിര്‍ണയിക്കപ്പെട്ടതാവുകയാണെങ്കില്‍ അത്തരം ഇജ്മാഅ് തീര്‍ച്ചയായും പ്രമാണം തന്നെയായിരിക്കും. അത് എന്നന്നേക്കുമുള്ള പ്രമാണം തന്നെ. എന്നാല്‍ താല്‍ക്കാലിക താല്‍പര്യം പരിഗണിച്ചുകൊണ്ട് ഏതെങ്കിലും വിധിക്ക് നല്‍കുന്ന വിശദീകരണമാണെങ്കില്‍ ആ താല്‍പര്യം എത്രകാലം നില്‍ക്കുമോ അത്രയും കാലം മാത്രമേ ആ ഇജ്മാഇനോട് പ്രതിബദ്ധത പുലര്‍ത്താന്‍ ഉമ്മത്തിന് ബാധ്യത ഉണ്ടാവുകയുള്ളൂ. സ്ഥിതിഗതികള്‍ മാറുന്നതോടെ ആ പ്രതിബദ്ധതയും ഇല്ലാതാകും. എന്നാല്‍ ഇതില്‍നിന്ന് ഭിന്നമായി ഏതെങ്കിലും ഒരു സമവായം ഏതെങ്കിലും ശര്‍ഈ വിധിയുടെ വിശദീകരണവുമായി ബന്ധപ്പെട്ടതല്ലാത്ത, എന്നാല്‍ ഏതെങ്കിലും ലൗകികാസൂത്രണവുമായി ബന്ധപ്പെട്ട ഐകകണ്‌ഠ്യേന തീരുമാനിച്ചതാവുകയും, അപ്രകാരം പ്രവര്‍ത്തിക്കുന്നതിന് ശരീഅത്തിന്റെ അടിസ്ഥാനങ്ങളില്‍ പഴുതുണ്ടാവുകയുമാണെങ്കില്‍ അത്തരം ഇജ്മാഅ് അനുസരിച്ചു പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധമാകുന്നു. അല്ലാത്ത പക്ഷം നിര്‍ബന്ധവുമല്ല. അത്തരം ഇജ്മാഇന് ഒരിക്കലും ശാശ്വത സ്വഭാവത്തോടുകൂടിയ നിര്‍ബന്ധത്തിന്റെ പദവി ലഭിക്കുന്നതല്ലെന്ന് ചുരുക്കം. ഒരു കാലത്തെയോ ദേശത്തേയോ മുസ്‌ലിംകള്‍ ഏതെങ്കിലും പ്രവര്‍ത്തനത്തിനോ ആസൂത്രണത്തിനോ യോജിക്കുകയും മറ്റൊരു കാലത്ത് അതേ ജനം തന്നെ മറ്റൊരു തീരുമാനത്തില്‍ ഏകോപിക്കുകയും ചെയ്യാന്‍ തികച്ചും സാധ്യതയുണ്ട്. ദേശീയമോ സാമുദായികമോ കാലികമോ ആയ ഇത്തരം ഇജ്മാഅ് ഏതെങ്കിലും പ്രത്യേക കാലത്തിനോ ദേശത്തിനോ മാത്രം ബാധകമാകുന്നതാണ്. പില്‍ക്കാലക്കാര്‍ക്കോ ഇതര രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കോ അത് ബാധകമാകുന്നതല്ല. അതില്‍ മാറ്റം അത്യാവശ്യമാണെന്ന് തോന്നിയാല്‍ ഇന്ന കാര്യത്തില്‍ സമവായമുണ്ടായിട്ടുണ്ടെന്നോ ഇന്ന രാജ്യത്ത് അതില്‍ സമവായം ഉണ്ടായിട്ടുണ്ടെന്നോ അതിനാല്‍ ഇനി ഇതേക്കുറിച്ചു സംസാരിക്കരുതെന്നോ വാദിക്കുന്നത് ശരിയല്ല (തര്‍ജുമാനുല്‍ ഖുര്‍ആന്‍ ജൂലൈ- 1942).
വിവ: വി.എ.കെ
Comments