കേരള മുസ്‌ലിം ഐക്യസംഘം ഒരു നൂറ്റാണ്ട് പിന്നിടുമ്പോള്‍
കേരള മുസ്‌ലിംകളെ ആധുനികതയുമായി ചേര്‍ത്ത് നിര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച കേരള മുസ്‌ലിം ഐക്യ സംഘത്തിന് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായി. കേവലം പത്ത് വര്‍ഷം മാത്രമേ പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും മലബാര്‍ സമരം സര്‍വ മേഖലയിലും തകര്‍ത്ത് കളഞ്ഞ ഒരു സമൂഹത്തെ പുരോഗതി സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത് 1922-ല്‍ രൂപീകരിക്കപ്പെട്ട കേരള മുസ്‌ലിം ഐക്യ സംഘമാണെന്ന കാര്യത്തില്‍ സംശയമില്ല. മലബാര്‍ സമരം കേരള മുസ്‌ലിം ചരിത്രത്തിലെ ഐതിഹാസിക സംഭവമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എങ്കിലും പരമ്പരാഗത മുസ്‌ലിം നേതൃത്വത്തിന്റെ പരാജയം കൂടിയാണ് മലബാര്‍ സമരം പുറത്ത് കൊണ്ട് വന്നത്. നല്ല രാഷ്ട്രീയ ബോധവും ശരിയായ ഇസ്‌ലാമിക കാഴ്ച്ചപ്പാടുമുള്ള ആലി മുസ്‌ലിയാരെ പോലെയുള്ള ഒരു മത പണ്ഡിതനാണ് മലബാര്‍ സമരത്തിന് നേതൃത്വം നല്‍കിയിരുന്നത് എന്നത് ശരിയാണ്. എങ്കിലും സമൂഹത്തില്‍ സ്വാധീനമുള്ള യാഥാസ്ഥിതിക മത പണ്ഡിതന്മാരില്‍ നല്ലൊരു പങ്കും ആലി മുസ്‌ലിയാരുടെ കൂടെയായിരുന്നില്ല. അവരില്‍ ഒരു വിഭാഗം പരസ്യമായി ബ്രിട്ടീഷുകാരുടെ കുടെ നിന്ന് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. കുറെ കൂടി സൂക്ഷ്മതയുള്ള മത പണ്ഡിതന്മാര്‍ നിഷ്പക്ഷത പാലിച്ചു. ഇത്തരം നിര്‍ണായക ഘട്ടത്തിലുള്ള നിഷ്പക്ഷത ഫലത്തില്‍ പ്രതിലോമ പക്ഷത്തിനാണ് ഗുണം ചെയ്യുക എന്നുറപ്പാണല്ലോ. സ്വാഭാവികമായും മുസ്‌ലിം പ്രമാണിമാരും ബ്രീട്ടീഷുകാരുടെ കൂടെ നിന്നു.
മുസ്‌ലിം സമുദായത്തില്‍ വലിയ സ്വാധീനമുണ്ടായിരുന്ന പരമ്പരാഗത മത പണ്ഡിതന്മാര്‍ മുഴുവനായും ആലി മുസ്‌ലിയാരുടെ കൂടെ നിന്നിരുന്നുവെങ്കില്‍ മലബാര്‍ സമരത്തിന്റെ ഫലം ഒരു പക്ഷേ മറ്റൊന്നാകുമായിരുന്നു. പക്ഷെ 15-ഉം 16-ഉം നൂറ്റാണ്ടുകളിലെ മഖ്ദൂമൂകളുടെയും 18-ാം നൂറ്റാണ്ടിലെ മമ്പുറം തങ്ങന്മാരുടെയും പാരമ്പര്യം കൈ വിട്ട് ഇസ്‌ലാമിനെ കേവലം ആചാരപരമായി മാത്രം മനസ്സിലാക്കിയത് കൊണ്ടാണ് അവര്‍ക്ക് ആലി മുസ്‌ലിയാരുടെ കൂടെ നില്‍ക്കാന്‍ കഴിയാതെ വന്നത്. മഖ്ദൂം, മമ്പുറം പാരമ്പര്യത്തിലെ അവസാന കണ്ണിയായിരുന്നു ആലി മുസ്‌ലിയാര്‍. മലബാര്‍ സമരത്തില്‍ ആ അവസാന കണ്ണികൂടി പൊട്ടി വീണതോടെ കേരള മുസ്‌ലിംകള്‍ അക്ഷരാര്‍ഥത്തില്‍ നയിക്കാന്‍ ഇടയനില്ലാത്ത ആട്ടിന്‍ പറ്റത്തെ പോലെയായി.
അവരവരുടെ മഹല്ലുകളില്‍ സ്വാധീനമുണ്ടായിരുന്ന നടേ പറഞ്ഞ യാഥാസ്ഥിതിക മത പണ്ഡിതന്മാര്‍ക്ക് രാഷ്ട്രീയ ബോധമോ, പുതിയ വിജ്ഞാനങ്ങളെ കുറിച്ചും കാലത്തിന്റെ മാറ്റങ്ങളെ കുറിച്ചും അറിവോ ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല ഇസ്‌ലാമിലെ ആചാരങ്ങള്‍ എന്ന പേരില്‍ അവര്‍ കൊണ്ട് നടന്നിരുന്ന പലതും യഥാര്‍ഥ ഇസ്‌ലാമിക പാരമ്പര്യത്തില്‍ വേരുകളില്ലാത്ത തനി അന്ധവിശ്വാസങ്ങളായിരുന്നു. അവരുടെ കാര്‍മികത്വത്തില്‍ നടന്നിരുന്ന പ്രാധാന ആചാരം പുണ്യ പുരുഷന്മാരുടെ മഖ്ബറകള്‍ കേന്ദ്രീകരിച്ചുള്ള പല തരം ഉറൂസുകളും നേര്‍ച്ചകളും ആയിരുന്നല്ലോ. മഖ്ദൂമുകളുടെ കാലത്തോ മമ്പുറം തങ്ങന്മാരുടെ കാലത്തോ കേരളത്തില്‍ അത്തരത്തില്‍ മഖ്ബറകളോ നേര്‍ച്ചകളോ ഉണ്ടായിരുന്നില്ല. ഇനി ചെറിയ രീതിയില്‍ ഉണ്ടായിരുന്നാല്‍ പോലും ആദ്യ കാല മഖ്ദൂമുകളൊന്നും അതിന്റെ നടത്തിപ്പുകാരും ആയിരുന്നില്ല. യഥാര്‍ഥത്തില്‍ മഖ്ബറ പ്രധാനമായി കരുതുന്ന ശീഈസത്തിന്റെ സ്വാധീനത്തില്‍ പെട്ട 'കൊണ്ടോട്ടി കൈക്കാരു'മായി നടന്ന സംവാദ വേഴ്ച്ചയിലൂടെയാണ് പല അന്ധവിശ്വാസങ്ങളും കേരള സുന്നികളിലേക്ക് അരിച്ചെത്തിയത്.
പറഞ്ഞ് വന്നത്, രാഷ്ട്രീയമായി മാത്രമല്ല ആചാരപരമായും ആദ്യ കാല മഖ്ദൂമുകളില്‍ നിന്നുള്ള വിഛേദമായിരുന്നു മലബാര്‍ സമരത്തിന് മുമ്പും ശേഷവും ഇവിടെയുണ്ടായിരുന്ന മത പണ്ഡിതന്മാര്‍ എന്നാണ്. അവരെ യാഥാസ്ഥിതിക പണ്ഡിതന്മാര്‍ എന്ന് പറയാമെന്നല്ലാതെ പാരമ്പര്യ ഉലമകള്‍ എന്ന് വിളിക്കുന്നതില്‍ അര്‍ഥമില്ല. കാരണം അവര്‍ ആദ്യകാല മഖ്ദൂമുകളുടെയും മമ്പുറം തങ്ങന്‍മാരുടെയും വിമോചനപരമായ ഇസ്‌ലാമിനേയോ ആചാരപരമായി അവരുടെ ശരിയായ ഇസ്‌ലാമിക പാരമ്പര്യത്തെയോ അല്ല പ്രതിനിധാനം ചെയ്തിരുന്നത്. മറിച്ച് രാഷ്ട്രീയമായി നിഷ്‌ക്രിയതയെയും, ആചാരപരമായി ശീഈ സ്വൂഫി വേഴ്ച്ചയിലൂടെ രൂപപ്പെട്ട പൗരോഹിത്യ ഇസ്‌ലാമിനെയുമാണ് അവര്‍ പ്രതിനിധാനം ചെയ്തിരുന്നത്. രാഷ്ട്രീയ, സാമൂഹിക മാറ്റങ്ങളെ ഉള്‍ക്കൊണ്ട് സമുദായത്തിന് ദിശാബോധത്തോടെ നേത്യത്വം നല്‍കാന്‍ അതിനാല്‍ തന്നെ അവര്‍ക്ക് സാധ്യമാകുമായിരുന്നില്ല.
ഈ ശൂന്യതയിലേക്കാണ് കേരള മുസ്‌ലിം ഐക്യ സംഘം കടന്ന് വരുന്നത്. അതിനാല്‍ മുസ്‌ലിം നേതൃത്വത്തില്‍ വലിയൊരു പാരഡൈം ഷിഫ്റ്റാണ് ഐക്യ സംഘമുണ്ടാക്കിയത്. ഐക്യ സംഘത്തിന്റെ ലക്ഷ്യം, അവര്‍ നടപ്പിലാക്കിയ പദ്ധതികള്‍, അതിന് നേതൃത്വം നല്‍കിയവരുടെ ലോക ബോധം, വൈജ്ഞാനിക പശ്ചാത്തലം എന്നിവ പരിശോധിച്ചാല്‍ മാത്രമേ അതിന്റെ പ്രാധാന്യം നമുക്ക് മനസ്സിലാക്കാനാകൂ.
കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ നേരവകാശികള്‍ എന്ന നിലയില്‍ പില്‍ക്കാലത്ത് പ്രവര്‍ത്തനം തുടങ്ങിയ കേരള നദ്‌വത്തുല്‍ മുജാഹിദീനെ പോലെ, സമുദായത്തില്‍ അള്ളിപ്പിടിച്ചിരുന്ന അന്ധ വിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം മാത്രമായിരുന്നില്ല കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ പ്രവര്‍ത്തനം. മറിച്ച്, സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണമായിരുന്നു അവരുടെ പ്രധാന അജണ്ട. കോണ്‍ഗ്രസിനെ പിന്തുണക്കണം എന്ന മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ പ്രമേയം ഐക്യ സംഘം തള്ളിയിരുന്നു എന്നത് നേരാണ്. പക്ഷേ അത് കൊണ്ട് മാത്രം ഐക്യ സംഘം അരാഷ്ട്രീയമായിരുന്നു എന്ന് പറയാനാവില്ല. മലബാര്‍ സമരത്തിന് ശേഷമുള്ള കോണ്‍ഗ്രസിനോടുള്ള മുസ്‌ലിംകളുടെ സമീപനവും മലബാര്‍ സമരം കൊളോണിയല്‍ ഭരണ വ്യവസ്ഥയിലുണ്ടാക്കിയ മാറ്റവും മനസ്സിലാക്കിയാലേ ഐക്യ സംഘത്തിന്റെ അക്കാലത്തെ രാഷ്ട്രീയം തിരിച്ചറിയാനാവൂ. മുനിസിപ്പല്‍, ജില്ലാ ബോര്‍ഡ് തുടങ്ങിയ പല പ്രാദേശിക സമിതികളിലേക്കും തെരഞ്ഞെടുപ്പ് നടത്തി അധികാരത്തില്‍ തദ്ദേശീയരെ പങ്കാളികളാക്കും വിധമുള്ള ഭരണ പരിഷ്‌കാരങ്ങളിലേക്ക് കടക്കാന്‍ മലബാര്‍ സമരം കൊളോണിയല്‍ ഭരണകൂടത്തെ നിര്‍ബന്ധിച്ചിരുന്നു. അത്തരം തെരഞ്ഞെടുപ്പുകളില്‍ മുസ്‌ലിം സ്വത്വ രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കുന്ന നിലപാടാണ് ഐക്യ സംഘം പൊതുവില്‍ സ്വീകരിച്ചത്.
ഇത് കോണ്‍ഗ്രസ് വിരുദ്ധമാവുക സ്വാഭാവികം. കാരണം, മലബാര്‍ സമരത്തോട് കോണ്‍ഗ്രസ് കാണിച്ച വഞ്ചന സമുദായത്തിലുണ്ടാക്കിയ രോഷം ഒരു അബ്ദുര്‍റഹ്മാന്‍ സാഹിബ് വിചാരിച്ചാല്‍ മാത്രം മറികടക്കാന്‍ കഴിയുന്നതായിരുന്നില്ല. അബ്ദുര്‍റഹ്മാന്‍ സാഹിബും ഇ. മൊയ്തു മൗലവിയും കഴിച്ചാല്‍ ഐക്യ സംഘത്തിലെ ഭൂരിപക്ഷവും സ്വത്വ രാഷ്ട്രീയപരമായ നിലപാടുള്ളവരായിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസായാലും മറ്റുള്ളവരായാലും സ്ഥാനാര്‍ഥികള്‍ മുസ്‌ലിംകളാണെങ്കില്‍ അവര്‍ക്കിടയിലെ മത്സരം ആരോഗ്യകരമാക്കുന്നതില്‍ ഐക്യസംഘം ഇടപെട്ടിരുന്നു. വ്യക്ത്യാധിക്ഷേപങ്ങള്‍ ഒഴിവാക്കി ധാര്‍മിക പരിധികള്‍ പാലിക്കാന്‍ സ്ഥാനാര്‍ഥികളെ സംഘം ഉദ്‌ബോധിപ്പിച്ചു.
ഏതായാലും ഐക്യ സംഘത്തിന്റെ സ്വത്വവാദപരമായ നിലപാട് പില്‍ക്കാലത്ത് കേരളത്തില്‍ മുസ്‌ലിം ലീഗിന്റെ വളര്‍ച്ചക്ക് മണ്ണൊരുക്കിയെന്നത് നേരാണ്. മുസ്‌ലിം ലീഗ് ഒരു പാര്‍ട്ടിയെന്ന നിലയില്‍ മലബാറില്‍ പോലും നിലവില്‍ വരുന്നത് ഐക്യ സംഘം ഇല്ലാതായതിന് ശേഷമാണ്. അതിനാല്‍ സലഫികളാണ് കേരളത്തില്‍ മുസ്‌ലിം ലീഗുണ്ടാക്കിയത് എന്ന് ഇസ്‌ലാഹി പ്രസ്ഥാനക്കാര്‍ അവകാശപ്പെടുന്നതിലോ സുന്നികളെ മുസ്‌ലിം ലീഗില്‍ നിന്നകറ്റാന്‍ ഉഗ്രവാദ സുന്നികള്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലോ അര്‍ഥമില്ല.
മതപരമായി ഐക്യ സംഘത്തെയും അത് രൂപം നല്‍കിയ കേരള ജംഇയ്യത്തുല്‍ ഉലമയേയും ഇന്ന് മനസ്സിലാക്കപ്പെടുന്ന തരത്തിലുള്ള ഒരു സലഫി സംഘടനയായി കരുതുന്നതിലും അര്‍ഥമില്ല. മുസ്‌ലിംകളെ ആധുനിക മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ പ്രാപ്തരാക്കും വിധമുള്ള പുരോഗമന കാഴ്ച്ചപ്പാട് ഐക്യസംഘം പൊതുവെ പുലര്‍ത്തിയിരുന്നു എന്നേ പറയാന്‍ പറ്റൂ. ഐക്യ സംഘത്തിന്റെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചവരിലൊരാളായ ഹമദാനി തങ്ങള്‍ക്ക് ത്വരീഖത്തുണ്ടായിരുന്നു. അദ്ദേഹമെങ്ങനെ സലഫിയാകും? ജമാലുദ്ദീന്‍ അഫ്ഗാനിയും മുഹമ്മദ് ബ്‌നു അബ്ദുവും റഷീദ് റിളയും ആഴത്തില്‍ സ്വാധിനിച്ച വക്കം മൗലവി തികച്ചും യാഥാസ്ഥികമായ വഹാബി സലഫിസവുമായി ഒത്ത് പോകും എന്ന് കരുതാനാകില്ല. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബും പോക്കര്‍ സാഹിബും സീതി സാഹിബും മണപ്പാടനും ഒന്നും സലഫികളായിരുന്നില്ല .
ഐക്യ സംഘത്തിന്റെ നേതാക്കളില്‍ കെ.എം മൗലവിയെയും ഇ.കെ മൗലവിയെയും മാത്രമേ ശുദ്ധ സലഫികളായി എണ്ണാന്‍ കഴിയൂ. ഐക്യസംഘം രൂപം നല്‍കിയ കേരള ജംഇയ്യത്തുല്‍ ഉലമയില്‍ തുടക്കത്തില്‍ പില്‍ക്കാല സമസ്ത സ്ഥാപക നേതാവായ പാങ്ങില്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും പിന്നീട് ജമാഅത്തെ ഇസ്‌ലാമിയിലേക്ക് പോയ കെ.സി അബ്ദുല്ല മൗലവിയും ഇസ്സുദ്ദീന്‍ മൗലവിയും ഉണ്ടായിരുന്നു. ഐക്യ സംഘത്തിന്റെ രണ്ടാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തത് അശ്അരി മദ്ഹബീ ധാരയില്‍ പെട്ട അബ്ദുല്‍ ജബ്ബാര്‍ ഹസറത്താണ്.
പറഞ്ഞ് വന്നത്, ഐക്യ സംഘത്തിന്റെ അജണ്ട ഒരിക്കലും ആചാരപരമായിരുന്നില്ല, സത്യസാക്ഷ്യപരവും സാമൂഹികവുമായിരുന്നു എന്നാണ്. ഐക്യ സംഘത്തിന്റെ ഒരു വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത ഖുര്‍ആന്റെ ഇംഗ്ലീഷ് പരിഭാഷകന്‍ മുഹമ്മദ് മാര്‍മഡ്യൂക്ക് പിക്താള്‍, ഇന്ത്യന്‍ മുസ്‌ലിംകള്‍ യഥാര്‍ഥ സത്യ സാക്ഷ്യ നിര്‍വഹണത്തില്‍ വരുത്തിയ വീഴ്ച്ചകള്‍ ചൂണ്ടിക്കാണിച്ച് അത് പരിഹരിക്കാന്‍ ഐക്യ സംഘം മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്യുകയുണ്ടായി.
ചുരുക്കത്തില്‍ ഇസ്‌ലാമിക പ്രബോധനം, മത ഭൗതിക വിദ്യാഭ്യാസ ബോധവല്‍ക്കരണം, സാമ്പത്തിക - രാഷ്ട്രീയ ശാക്തീകരണം, സ്ത്രീ ശാക്തീകരണം, പ്രസാധനം തുടങ്ങി മുസ്‌ലിം സമുദായത്തെ അവരുടെ വിശ്വാസപരവും സാമുദായികവുമായ സ്വത്വം നിലനിര്‍ത്തി കൊണ്ട് തന്നെ ആധുനികതയുമായി ചേര്‍ന്ന് പോകാന്‍ പ്രാപ്തമാക്കുന്ന അജണ്ടകളാണ്, കേരള മുസ്‌ലിം ഐക്യ സംഘത്തിനുണ്ടായിരുന്നത്. പക്ഷേ മുസ്‌ലിം സമുദായത്തില്‍ പില്‍ക്കാലത്ത് വന്ന് ചേര്‍ന്ന കൊടിക്കുത്ത്, നേര്‍ച്ച, ഉറൂസുകള്‍ തുടങ്ങിയ അനാചാരങ്ങളെ ഐക്യസംഘം എതിര്‍ത്തതിലുള്ള യാഥാസ്ഥിതികരായ ഒരു വിഭാഗം പണ്ഡിതന്മാരുടെ എതിര്‍പ്പും, കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നിര്‍ബന്ധവും കാരണം ഐക്യ സംഘത്തിന് അതിന്റെ അജണ്ടകള്‍ പൂര്‍ണ്ണ വിജയത്തിലെത്തുന്നതിന് മുമ്പു സ്വയം പിരിഞ്ഞ് പോകേണ്ടതായി വന്നു. യഥാര്‍ത്ഥത്തില്‍ കേരള മുസ്‌ലിം ഐക്യ സംഘത്തിലും അവര്‍ രൂപം നല്‍കിയിരുന്ന കേരള ജംഇയത്തുല്‍ ഉലമയിലും പ്രവര്‍ത്തിച്ചിരുന്ന ഒരു വിഭാഗം പണ്ഡിതന്മാര്‍ 1926-ല്‍ സമസ്ത കേരള ജംഇയത്തുല്‍ ഉലമക്ക് രൂപം നല്‍കിയതോടെയാണ് ആചാരങ്ങളുടെ പേരിലുള്ള കടുത്ത വിഭാഗീയതയിലേക്ക് കേരള മുസ്‌ലിംകള്‍ വഴുതി വീണത്. സമസ്തയുടെ പിറവിയോടെ ഒരു സംഘടന കൂടി ഉണ്ടായി എന്നതല്ല പ്രശ്‌നം. ക്രിയാത്മക ലക്ഷ്യങ്ങളോ ചിന്താപരമായ വികാസമോ ഉണ്ടാക്കുന്നതാണെങ്കില്‍ ഒന്നിലധികം സംഘടനകള്‍ ഉണ്ടാകുന്നത് മോശപ്പെട്ട കാര്യമൊന്നുമല്ല; അതനുഗ്രഹവുമാണ്.
എന്നാല്‍ രൂപീകരണം മുതല്‍ 1950 വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ക്രിയാത്മകമായ അജണ്ടകളോ ലക്ഷ്യങ്ങളോ ഉണ്ടായിരുന്നില്ല എന്നത് കൊണ്ടാണ് സമസ്തയുടെ രൂപീകരണം നിഷേധാത്മകമായിരുന്നു എന്ന് പറയേണ്ടി വരുന്നത്. ആചാരങ്ങളുടെ സംരക്ഷണമായിരുന്നുവല്ലോ സമസ്തയുടെ പ്രഖ്യാപിത ലക്ഷ്യം. സമസ്ത സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഉറൂസുകള്‍, നേര്‍ച്ചകള്‍ തുടങ്ങിയവ അനാചാരമല്ല എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാലും അതിന് ദീനുല്‍ ഇസ്‌ലാമില്‍ എന്തെങ്കിലും പ്രാധാന്യമുണ്ട് എന്നാരും പറയില്ല. മാത്രമല്ല നേര്‍ച്ചകളും ഉറൂസുകളും എതിര്‍ക്കുക എന്നത് ഐക്യ സംഘത്തിന്റെ പ്രധാന പരിപാടിയും ആയിരുന്നില്ല. എതിര്‍ക്കുന്നതിനേക്കാള്‍ മുസ്‌ലിംകളെ മുന്നോട്ട് കൊണ്ട് പോകാന്‍ ആവശ്യമായ, ദീനില്‍ വിലക്കില്ലാത്ത കാര്യങ്ങള്‍ കൊണ്ട് വരിക എന്ന രചനാത്മക ലക്ഷ്യങ്ങളാണ് ഐക്യ സംഘത്തിന് ഉണ്ടായിരുന്നത്. അത് കൊണ്ടാണ് 20-ാം നൂറ്റാണ്ടിലെ കേരള മുസ്‌ലിം നവോത്ഥാനത്തിലെ പ്രധാന ചാലക ശക്തിയാകാന്‍ കേരള മുസ്‌ലിം ഐക്യ സംഘത്തിന് സാധിച്ചത്.
എന്നാല്‍ ഐക്യ സംഘത്തില്‍ വിള്ളലുണ്ടാക്കി രൂപീകരിക്കപ്പെട്ട സമസ്തയുടെ രൂപീകരണം തന്നെ പ്രതിലോമമാകുന്നത് അതിന് തുടക്കത്തില്‍ ഐക്യ സംഘത്തെ പോലെ രചനാത്മക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത് കൊണ്ടാണ്. ആചാരങ്ങളുടെ സംരക്ഷണം മുഖ്യ ലക്ഷ്യമായ സമസ്ത, ഐക്യ സംഘം മുന്നോട്ട് വെച്ച സ്ത്രീ വിദ്യാഭ്യാസം, പ്രാഥമിക മതപഠന കേന്ദ്രങ്ങളായ മദ്‌റസകള്‍, ആധുനിക വിദ്യാഭ്യാസം തുടങ്ങി എല്ലാറ്റിനേയും എതിര്‍ത്തു.
എന്നാല്‍ 50 കള്‍ക്ക് ശേഷം സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്ന് പ്രാഥമിക മദ്‌റസകള്‍ സമസ്ത ഏറ്റെടുത്തതോടെയാണ് രചനാത്മക ലക്ഷ്യങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കുണ്ടായത്. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മദ്‌റസാ പ്രസ്ഥാനം സമസ്തയുടേതാണ്. മാത്രമല്ല ഏകീകൃത സിലബസും പരീക്ഷകളും നടത്താല്‍ എജുക്കേഷന്‍ ബോര്‍ഡ് രൂപീകരിച്ച് കൊണ്ട് ഈ രംഗത്ത് ആദ്യ കാല്‍വെപപ്പ് നടത്തിയ മുജാഹിദ് വിഭാഗങ്ങളെയും ജമാഅത്തെ ഇസ്‌ലാമിയെയും സമസ്ത മുന്‍കടക്കുകയും ചെയ്തു. ഇന്ന് ഹയര്‍ സൈക്കന്ററി തലം വരെ മദ്‌റസകള്‍ സ്ഥാപിച്ച് സമസ്ത ബഹുദൂരം മുന്‍പിലെത്തിയിരിക്കുന്നു. ഉന്നത മത പഠനങ്ങള്‍ക്ക് പളളി ദര്‍സുകള്‍ മാത്രം ആശ്രയിച്ചിരുന്ന സമസ്ത 1960-കളില്‍ പട്ടിക്കാട് ജാമിഅ നൂരിയ അറബിക്കോളേജ് സ്ഥാപിച്ച് കൊണ്ട് ഉന്നത മത കലാലയ രംഗത്തേക്ക് കാലെടുത്ത് വെച്ചതും ബാഫഖി തങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ്. കേരളത്തില്‍ മത ഭൗതിക സമന്വയ വിദ്യാഭ്യാസം ആദ്യം പരീക്ഷിച്ചത് ശാന്തപുരം ഇസ്‌ലാമിയ കോളേജിലൂടെ ജമാഅത്തെ ഇസ്‌ലാമിയാണ്. പിന്നീട് ദാറുല്‍ ഹുദാ സര്‍വകലാശാലയിലൂടെ സമസ്തയും അത് അനുകരിക്കുകയുണ്ടായി. ഇന്ന് സമന്വയ വിദ്യാഭ്യാസം മാത്രമല്ല എഞ്ചീനിയറിംഗ് കോളേജ്, ആര്‍ട്ട്‌സ് കോളേജ്, ലോ കോളേജ് തുടങ്ങിയ ഭൗതിക വിദ്യാഭ്യാസ മേഖലയിലും സമസ്ത സ്തുത്യര്‍ഹമായ കാല്‍വെപ്പ് നടത്തിയിരിക്കുന്നു.
അതായത് തുടക്കത്തില്‍ എതിര്‍ത്തിരുന്നെങ്കിലും, കേരള മുസ്‌ലിം ഐക്യ സംഘം മുന്നോട്ട് വെച്ച ഏതാണ്ട് എല്ലാ പുരോഗമന ആശയങ്ങളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഏറ്റെടുക്കുന്നതാണ് പിന്നീട് നാം കാണുന്നത്.
അതേസമയം, ആചാരങ്ങളുടെ സംരക്ഷണം ഏക അജണ്ടയായി ഐക്യ സംഘത്തില്‍ നിന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ വേര്‍പിരിഞ്ഞു സമസത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതോടെ ഐക്യ സംഘം രൂപം നല്‍കിയ കേരള ജംഇയ്യത്തുല്‍ ഉലമയും പിന്നീട് കേരള നദ്‌വത്തുല്‍ മുജാഹിദീനും പടിപടിയായി വിഭാഗീയ അജണ്ടകളിലേക്ക് ചുരുങ്ങിപ്പോയി. 1926-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിച്ച മത പണ്ഡിതന്മാരും പീന്നീട് കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ച ഇസ്സുദ്ദീന്‍ മൗലവി, കെ.സി അബ്ദുല്ല മൗലവി, അബുല്‍ ജലാല്‍ മൗലവി തുടങ്ങിയ പണ്ഡിതന്മാരും ഐക്യസംഘം രൂപം നല്‍കിയ കേരള ജംഇയ്യത്തുല്‍ ഉലമ വിട്ടു. സലഫി ആശയമുള്ള പണ്ഡിതന്മാര്‍ മാത്രം കേരള ജംഇയ്യത്തുല്‍ ഉലമയില്‍ അവശേഷിച്ചതോടെയാണ് ഐക്യസംഘം മുന്നോട്ട് വെച്ച പുരോഗമന ആശയങ്ങളില്‍ പലതും വിസ്മൃതമാകാനും ചില ആചാരങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള എതിര്‍പ്പ് മാത്രം അവരുടെ അജണ്ടയായി മാറാനും ഇടയാക്കിയത്. വിഭാഗീയത അതിന്റെ അനിവാര്യ ഫലമാണ്.
Comments