ആശയപ്രചാരണത്തെ എന്തിന് ഭയക്കണം?
''ജമാഅത്തെ ഇസ്‌ലാമി, ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്രത്തിന് സമാന്തരമായി ഇസ്‌ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കുന്നു. ഇത് ആശയ പ്രചാരണത്തിലൂടെ നടപ്പാക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട്. മാധ്യമങ്ങള്‍ സ്വയം സൃഷ്ടിച്ചും നവമാധ്യമങ്ങളില്‍ സജീവമായും ഇവര്‍ നടത്തുന്ന ഇടപെടല്‍ ഇതിന്റെ ഭാഗമായിട്ടുള്ളതാണ്'' (ദേശാഭിമാനി ദിനപത്രം ജനുവരി 4, 2022). സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി മുഖപത്രത്തില്‍ 'കലാപഭൂമിയാക്കരുത്' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍നിന്നാണ് ഉപര്യുക്ത വാചകങ്ങള്‍. കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു മുതല്‍ സി.പി.എം നേതാക്കളും വക്താക്കളും മാധ്യമങ്ങളും ആരംഭിച്ചതും നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും ശേഷവും ഇടതടവില്ലാതെ തുടരുന്നതുമായ ജമാഅത്ത് വിരുദ്ധ പ്രോപഗണ്ടയുടെ മാതൃകയാണിത്. ബ്രാഞ്ച് കമ്മിറ്റി തെരഞ്ഞെടുപ്പ് മുതല്‍ പാര്‍ട്ടി കോണ്‍ഗ്രസ് വരെ നീളുന്ന പരിപാടിയുടെ ഭാഗമായി കേരളത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയന്‍ തൊട്ട് പ്രാദേശിക സഖാക്കള്‍ വരെ യു.ഡി.എഫ്-ബി.ജെ.പി-ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടിനെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്. ലക്ഷ്യം മാര്‍ഗത്തെ നീതീകരിക്കുന്നു എന്ന സമവാക്യത്തിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം അടിയുറപ്പിച്ചിരിക്കുന്നത് എന്നതുകൊണ്ട് ഈ പ്രോപഗണ്ടയുടെ സത്യസന്ധത ചോദ്യം ചെയ്തിട്ട് പ്രയോജനമൊന്നുമില്ലെങ്കിലും രാജ്യത്തെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയുടെ ആശയപരമായ പാപ്പരത്തം തുറന്നു കാട്ടേണ്ടിവരികയാണ്.
1941-ല്‍ ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഹിന്ദുരാഷ്ട്രവാദവുമായി ഹിന്ദുമഹാസഭയും ആര്‍.എസ്.എസും സജീവമായി രംഗത്തു്. വി.ഡി സവര്‍ക്കര്‍, മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ തുടങ്ങിയ ഹിന്ദുരാഷ്ട്ര വാദികള്‍ തങ്ങളുടെ സങ്കല്‍പത്തിലെ ഹിന്ദുത്വ രാഷ്ട്രത്തിന്റെ പ്രസക്തിയും പ്രാധാന്യവും ശക്തമായി അവതരിപ്പിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ നല്ലൊരു വിഭാഗം ഹിന്ദുത്വ രാഷ്ട്ര വാദത്തിന്റെ അനുകൂലികളായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പക്ഷെ, പാകിസ്താന്‍ വാദവുമായി മുഹമ്മദലി ജിന്നയും സര്‍വേന്ത്യാ മുസ് ലിംലീഗും അതിശക്തമായി രംഗത്തിറങ്ങിയ സന്ദര്‍ഭമായിട്ട് പോലും വിഭജനത്തെയോ പാകിസ്താന്‍ രൂപവത്കരണത്തെയോ ജമാഅത്തെ ഇസ്‌ലാമി പിന്താങ്ങിയില്ല, ഹിന്ദുരാഷ്ട്ര വാദത്തിന് സമാന്തരമായി മുസ്‌ലിം രാഷ്ട്രവാദം അവതരിപ്പിച്ചതുമില്ല. പകരം, ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തോളം തന്നെ പ്രധാനമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദര്‍ശപരമായ അടിത്തറ എന്തായിരിക്കണമെന്നതിനെക്കുറിച്ച കാഴ്ചപ്പാടും എന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. ഹിന്ദു-മുസ്‌ലിം രാഷ്ട്ര നിര്‍മതികളിലൂടെയോ ദേശീയതയെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സങ്കല്‍പത്തിലൂടെയോ പുതിയൊരിന്ത്യ കെട്ടിപ്പടുക്കാനുള്ള യത്‌നം വെളുത്ത കൈകള്‍ക്ക് പകരം കറുത്ത കൈകള്‍ ഭരണചക്രം തിരിക്കുക എന്നതില്‍ കവിഞ്ഞ് ശാന്തിയും സമാധാനവും സമ്പല്‍സമൃദ്ധിയും പൂത്തുലയുന്ന നവരാഷ്ട്ര നിര്‍മിതിക്കുതകുകയില്ല എന്നും ജമാഅത്ത് വാദിച്ചു. സര്‍വജ്ഞനും സര്‍വശക്തനും കരുണാവാരിധിയും അത്യുദാരനുമായ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച് ജാതി മത വര്‍ണ സമ്പന്ന ദരിദ്ര ഭേദം കൂടാതെ വിശ്വമാനവികതയില്‍ അധിഷ്ഠിതമായ ഒരു വ്യവസ്ഥിതിക്ക് വേണ്ടി പണിയെടുത്താല്‍ മാത്രമേ സുസ്ഥിതി സൃഷ്ടിക്കാനാവൂ എന്നും സിദ്ധാന്തിച്ചു. ഇതൊരിക്കലും തിയോക്രസി അഥവാ മതരാഷ്ട്രവാദം ആയിരുന്നില്ല. പൗരോഹിത്യം രാഷ്ട്രീ
യവും ഭരണവും നിയന്ത്രിക്കുന്ന തിയോക്രാറ്റിക് സ്റ്റേറ്റ് എന്ന സങ്കല്‍പമേ ഇസ്‌ലാമിന് അന്യമാണെന്നും പ്രാമാണികമായി ചൂണ്ടിക്കാട്ടി. അതിനാലാണ് ആര്‍.എസ.്എസിന്റെയും ഹിന്ദു മഹാസഭയുടെയും ഹിന്ദുരാഷ്ട്ര വാദത്തെയും സര്‍വേന്ത്യാ മുസ്‌ലിം ലീഗിന്റെ മുസ്‌ലിം രാഷ്ട്ര വാദത്തെയും ഒരുപോലെ നിരാകരിച്ച് ഒരാദര്‍ശ സ്റ്റേറ്റിന്റെ രൂപരേഖയുമായി ഇസ്‌ലാമിക പ്രസ്ഥാനം രംഗപ്രവേശം ചെയ്തത്. ഇതിനോട് മുച്ചൂടും വിയോജിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ട്. അപ്രായോഗികമാണെന്നും ഉട്ടോപ്യയാണെന്നും ചൂണ്ടിക്കാട്ടാനും നല്ലപോലെ സാധ്യതയുമുണ്ട്. എന്നാല്‍ ജമാഅത്ത് യാതൊരു കരുതിവെപ്പുമില്ലാതെ തുറന്നവതരിപ്പിച്ച ആദര്‍ശ സ്റ്റേറ്റിനെ മതരാഷ്ട്രവാദവും ആര്‍.എസ്.എസിന്റെ ഹിന്ദു രാഷ്ട്ര വാദത്തിന് സമാന്തരവുമായി ആരോപിക്കുന്നതും പ്രചാരണം നടത്തുന്നതും സത്യമല്ല, നീതിയല്ല, ധാര്‍മികവുമല്ല. അതുപോലെ ലക്ഷ്യപ്രാപ്തിക്കായി തീര്‍ത്തും സമാധാനപരമായ മാര്‍ഗമല്ലാതെ വര്‍ഗപരമോ, വര്‍ഗീയമോ ആയ വൈരം വളര്‍ത്തുന്നതോ അധാര്‍മികമോ ആയ ഒരു മാര്‍ഗവും സ്വീകാര്യമല്ലെന്ന് ഭരണ ഘടനയില്‍ എഴുതിച്ചേര്‍ത്ത സംഘടന, ഇന്നേവരെ അത് ലംഘിച്ച സംഭവം ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടുമില്ല. അത്‌കൊണ്ടായിരിക്കണമല്ലോ സി.പി.എം സെക്രട്ടറിക്ക്, ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്‌ലാമിക രാഷ്ട്രവാദം ആശയ പ്രചാരണത്തിലൂടെ നടപ്പാക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട് എന്ന് പറയേണ്ടി വന്നത്. മാധ്യമങ്ങള്‍ സ്വയം സൃഷ്ടിച്ചും നവമാധ്യമങ്ങളില്‍ സജീവമായും ഇവര്‍ നടത്തുന്ന ഇടപെടല്‍ ഇതിന്റെ ഭാഗമായിട്ടുള്ളതാണ് എന്നും കോടിയേരി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ജനാധിപത്യപരമായ ആശയപ്രചാരണമാണ് ജമാഅത്ത് നടത്തുന്നതെന്ന് പരോക്ഷമായി അദ്ദേഹം സമ്മതിക്കുകയാണ്. സി.പി.എമ്മും മറ്റു പാര്‍ട്ടികളും ചെയ്തുകാണിക്കുന്ന ആശയ പ്രചാരണവും അങ്ങനെ തന്നെയല്ലേ? സ്വന്തമായ മാധ്യമങ്ങള്‍ അവര്‍ക്കില്ലേ? നവമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കള്‍ നിരന്തരം ഇടപെടുന്നില്ലേ? ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ മാധ്യമ ഇടപെടല്‍ മാത്രം അപകടകരമാവുന്നതെങ്ങനെയാണ്? മാര്‍ക്‌സിസത്തിന്റെ മറവില്‍ നാസ്തികവാദവും മതനിഷേധവും ധാര്‍മിക-നൈതിക മൂല്യ നിരാസവും നവമാധ്യമങ്ങളിലൂടെ ഇടതടവില്ലാതെ നടത്തുമ്പോള്‍, സാമൂഹിക ജീവിതത്തില്‍ അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വസ്തുനിഷ്ഠമായി ചൂണ്ടിക്കാട്ടി വിദ്യാര്‍ഥി യുവജനങ്ങളെ സംസ്‌കാര സമ്പന്നരും ഉത്തരവാദിത്ത ബോധമുള്ളവരുമാക്കുന്ന ദൗത്യമാണ് ജമാഅത്ത് മീഡിയകളിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് ആര്‍ക്കും നോക്കിക്കാണാവുന്നതേയുള്ളൂ. അത്‌കൊണ്ട് തന്നെയാണ് നന്മേഛുക്കളായ എല്ലാ മനുഷ്യരും അവയില്‍ ആകൃഷ്ടരാവുന്നതും. ആര്‍.എസ്.എസും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഹിംസയുടെ വഴിയെ സഞ്ചരിക്കുമ്പോള്‍ അഹിംസയുടെയും ശാന്തിയുടെയും പാതയിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഞ്ചാരമെന്ന് ഇതഃപര്യന്തമുള്ള അനുഭവങ്ങള്‍ സാക്ഷ്യം നല്‍കുന്നു. അതുകൊണ്ട് തന്നെ കേരളത്തെ കലാപഭൂമിയാക്കരുത് എന്ന ആഹ്വാനം സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടും അതേ ശൈലി പിന്തുടരുന്നവരോടുമാണ് നടത്തേണ്ടത്; താത്ത്വികമായും പ്രയോഗ തലത്തിലും സമാധാനത്തോടുള്ള പ്രതിബദ്ധത തെളിയിച്ചു കഴിഞ്ഞ ഇസ്‌ലാമിക പ്രസ്ഥാനത്തോടല്ല.
Comments