Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

മതരാഷ്ട്രവാദത്തിന്റെ വക്താക്കള്‍

കെ. മുസ്തഫാ കമാല്‍, മുന്നിയൂര്‍

മതരാഷ്ട്രവും കമ്യൂണിസവും ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. രണ്ടിലും ചില പ്രയോജനങ്ങള്‍ കണ്ടേക്കാമെങ്കിലും ആത്യന്തികമായി രണ്ടിലും ദുരന്തങ്ങളാണ്  നിറഞ്ഞുനില്‍ക്കുന്നത് എന്നതാണ് ചരിത്രം. ചോദ്യം ചെയ്യപ്പെടാത്ത ഏകാധിപത്യമാണ് രണ്ടിലും.
മതരാഷ്ട്രം തിമിര്‍ത്താടിയ ഭൂമികയിലാണ് പ്രവാചകന്മാര്‍ തങ്ങളുടെ ദൗത്യ നിര്‍വഹണം നടത്തിയതെന്ന് വിശുദ്ധ ഖുര്‍ആന്‍ ഒരാവൃത്തി വായിച്ചാല്‍ ബോധ്യപ്പെടും. ഇബ്‌റാഹീം നബിയും മൂസാ പ്രവാചകനും മുഹമ്മദ് നബിയുമൊക്കെ എതിരിട്ട നംറൂദും ഫിര്‍ഔനും മക്കയിലെ ഖുറൈശികളും 'മതരാഷ്ട്ര'ത്തിന്റെ മേല്‍വിലാസത്തില്‍ ആധിപത്യം സ്ഥാപിച്ചവരായിരുന്നു.
ഫിര്‍ഔന്‍ എന്ന ഏകാധിപതിയുടെ ചരിത്രം മാത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും. 'ഫിര്‍ഔന്‍' എന്നതിന്റെ അര്‍ഥം 'സൂര്യവംശം' എന്നാണ്. പുരാതന ഈജിപ്തുകാര്‍ പരമേശ്വരനായി ആരാധിച്ചുവന്ന സൂര്യനെ 'റഅ്' എന്നാണ് വിളിച്ചിരുന്നത്. 'റഇ'നോട് ബന്ധപ്പെടുത്തിയാണ് ഫിര്‍ഔന്‍ അഥവാ ഫറവോന്‍ എന്ന പ്രയോഗം. പൗരാണിക ഈജിപ്തുകാരുടെ വിശ്വാസപ്രകാരം ഒരാള്‍ ഭരണാധിപതിയാകാനുള്ള യോഗ്യത ഭൂമിയില്‍ 'റഇ'ന്റെ അവതാരവും പ്രതിനിധിയും ആയിരിക്കുക എന്നതായിരുന്നു. അതിനാല്‍, ഈജിപ്തിന്റെ ഭരണാധിപത്യം വഹിച്ച എല്ലാ രാജസ്വരൂപങ്ങളും തങ്ങള്‍ സൂര്യവംശമാണെന്ന് സ്വയം വിശേഷിപ്പിച്ചുപോന്നു. സിംഹാസനാരോഹണം ചെയ്യുന്ന ഓരോ ഭരണാധിപനും 'ഫിര്‍ഔന്‍' എന്ന സ്ഥാനപ്പേര്‍ അണിഞ്ഞ് താനാണ് ഈജിപ്തുകാരുടെ അത്യുന്നതനായ റബ്ബ് എന്ന്  അവകാശപ്പെട്ടിരുന്നു.
പുതിയ കാലത്തെ 'മതരാഷ്ട്ര'വാദം അഥവാ തിയോക്രറ്റിക് സ്റ്റേറ്റ് പോപ്പുമാര്‍ നേരിട്ടും,  പുരോഹിതന്മാര്‍ രാജാക്കന്മാരിലൂടെയും ഭരണം നടത്തുന്ന സമ്പ്രദായം ഒമ്പതാം നൂറ്റാണ്ട് മുതല്‍ യൂറോപ്പില്‍ നീണ്ട കാലം തുടര്‍ന്നിരുന്നു. അത് പൂര്‍ണമായും  മതാധിഷ്ഠിത രാഷ്ട്രമായിരുന്നു. വേദ  പുരോഹിതന്മാരുടെ നിര്‍ദേശ പ്രകാരം, ഭൂമിയില്‍ ഭരണം സ്ഥാപിക്കാന്‍ ബാധ്യതയുള്ളവര്‍ മാത്രം ഭരണം കൈയാളുന്ന രീതിയാണ്  മതരാഷ്ട്രത്തിന്റെ ഏറ്റവും വലിയ  അപകടം. അതുകൊണ്ടുതന്നെ ഭരണാധികാരികളെ ചോദ്യം ചെയ്യാനോ  തെരഞ്ഞെടുക്കാനോ ഉള്ള അവകാശം മതരാഷ്ട്രത്തില്‍ റദ്ദ് ചെയ്യപ്പെടുക സ്വാഭാവികം. ഒപ്പം ഏകാധിപത്യം ജനങ്ങളെ വരിഞ്ഞ് മുറുക്കുകയും ചെയ്യും.
ഇസ്‌ലാമിക രാഷ്ട്രം എന്നത്   നാസ്തികര്‍ക്കും കമ്യൂണിസ്റ്റുകള്‍ക്കും  സുപരിചിതമായ  തിയോക്രസി അല്ല. ഇസ്‌ലാമിലെ ഭരണവ്യവസ്ഥയും   തിയോക്രസിയും തമ്മില്‍  കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്.
മൗലാനാ മൗദൂദി എഴുതുന്നു: ''ദൈവത്തിന്റെ പേരില്‍ ഒരു പ്രത്യേക മതവര്‍ഗം-പുരോഹിത വര്‍ഗം  തങ്ങളുടെ സ്വയംകൃത നിയമങ്ങള്‍  നടപ്പാക്കുകയും  ഫലത്തില്‍ സ്വന്തം  ദൈവത്വം ബഹുജനങ്ങളുടെ മേല്‍  അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന ഒരു തിയോക്രസിയേ യൂറോപ്പ് ഇന്നോളം  പരിചയപ്പെട്ടിട്ടുള്ളൂ. ദൈവിക രാഷ്ട്രം എന്നല്ല പൈശാചിക രാഷ്ട്രം  എന്നാണ് അത്തരം  ഭരണ കൂടങ്ങള്‍ക്ക് ഉചിതമായ പേര്‍'' (ഇസ്‌ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം - പേജ്, 35,36). ദൈവത്തിന്റെ പരമാധികാരത്തിന് വിധേയമായി  ജനങ്ങളുടെ  പ്രാതിനിധ്യം പുലരുന്ന വ്യവസ്ഥയാണ് ഇസ്‌ലാമിന്റെ  രാഷ്ട്രീയം  അവതരിപ്പിക്കുന്നത്. 'ഇസ്‌ലാമിക രാഷ്ട്രത്തിന് ആധുനിക യുഗത്തിലെ  സര്‍വാധിപത്യ  രാഷ്ട്രത്തിന്റെയോ  സ്വേഛാധിപത്യ  രാഷ്ട്രത്തിന്റെയോ  നേരിയൊരു ലാഞ്ഛന  പോലുമില്ലെന്നും  അതില്‍ മനുഷ്യന്റെ വ്യക്തി സ്വാതന്ത്ര്യം  അപഹരിക്കപ്പെടുന്നില്ലെന്നും' അതേ പുസ്തകത്തില്‍ അദ്ദേഹം എഴുതുന്നുണ്ട് (പേജ്, 49-50).
അദ്ദേഹം തുടര്‍ന്ന് പറയുന്നു: 'ഇവിടെ കമ്യൂണിസ്റ്റ്- ഫാഷിസ്റ്റ്  ഘടനകളിലെന്നപോലെ വ്യക്തികളുടെ വ്യക്തിത്വത്തെ  സാമൂഹികതയില്‍ ലയിപ്പിക്കുന്നില്ല,  പടിഞ്ഞാറന്‍  ജനാധിപത്യത്തിലുള്ളത് പോലെ വ്യക്തികള്‍  തങ്ങളുടെ ന്യായമായ പരിധി ലംഘിച്ച്  സമൂഹത്തിന്   ദോഷം വരുത്തുന്നുമില്ല,  ഇസ്‌ലാമില്‍ വ്യക്തി ജീവിതത്തിനും  സാമൂഹിക ജീവിതത്തിനും ഒരേ ലക്ഷ്യമാണുള്ളത്. ദൈവപ്രീതി സമ്പാദിക്കുക. ഭരണാധികാരികളെ  തെരഞ്ഞെടുക്കാനും അവരിലെ വീഴ്ചകളെ തുറന്ന് എതിര്‍ക്കാനും അത്  പൗരന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു, ഇസ്‌ലാമിലെ രണ്ടാം ഉത്താരാധികാരിക്ക് മുമ്പില്‍ (ഉമര്‍) ഒരു സ്ത്രീ ചോദ്യം ഉന്നയിക്കുന്നതും ഖലീഫ സ്ത്രീയെ  ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നതും തുടര്‍ന്ന് തനിക്ക് പറ്റിയ തെറ്റ് തിരുത്തുന്നതും ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.'
മതരാഷ്ട്രവാദത്തെ  പൈശാചികമെന്ന് വിശേഷിപ്പിച്ച മൗലാനാ മൗദൂദിയെ മതരാഷ്ട്രവാദത്തിന്റെ വക്താവായി  ആക്ഷേപിക്കുന്നത്, മടിയില്‍ കനമുള്ളവരും മതരാഷ്ട്രം എന്തെന്നറിയാത്തവരുമാണ്.
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌