വാമൊഴി ചരിത്രത്തിന്റെ വിസ്താരവും ആംഗ്ലോ മാപ്പിള യുദ്ധങ്ങളും
കൊളോണിയല്‍ ആധുനികതയും അതിന്റെ വിചാരരൂപങ്ങളും കേരളീയ മുസ്‌ലിം സാമൂഹികതയില്‍ നിരന്തരമായി വികസിപ്പിച്ച ഒരു പ്രതിലോമതയുണ്ട്. ഇതിന്റെ ഫലം സ്വന്തം ചരിത്രത്തോടും ഈടുവെപ്പുകളോടും തീക്ഷ്ണമായ അപകര്‍ഷത പടരുക എന്നതായിരുന്നു. അപ്പോള്‍ ആധിപത്യശേഷിയുടെ സ്വാര്‍ഥങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന ചരിത്രവും ഭാഷയും സാംസ്‌കാരിക പെരുമകളും ഏറ്റെടുക്കാന്‍ ജനം നിര്‍ബന്ധിക്കപ്പെടും. അപ്പോള്‍ ഓരോ ചരിത്ര ഘട്ടത്തിലും അധികാരശക്തികള്‍ നിര്‍മിച്ചെടുക്കുന്ന പൊതുബോധവും കൈയേറപ്പെട്ട സമൂഹത്തിന്റെ സത്യമാര്‍ന്ന നിര്‍വാഹകത്വവും തമ്മില്‍ കലഹിച്ചുകൊണ്ടിരിക്കും. അങ്ങനെ രൂപം കൊള്ളുന്ന സാമൂഹിക വിധേയത്വം സ്വയം നിര്‍വചിക്കാനുള്ള സമൂഹത്തിന്റെ ശേഷിയെയാണ് റദ്ദാക്കുക. അപ്പോള്‍ സവര്‍ണവും പാശ്ചാത്യവുമായ സര്‍വ ജ്ഞാനവ്യവസ്ഥകളെയും അത് സൃഷ്ടിച്ച പ്രതിഛായകളെയും മറിച്ചിട്ട് സ്വന്തം കര്‍തൃത്വത്തിന്റെ പരിസരം സ്വയം തന്നെ വിശദീകരിക്കാനുള്ള ശേഷി നിമ്‌നവല്‍ക്കരിക്കപ്പെട്ടവരില്‍ വികസിച്ചു വരിക തന്നെ ചെയ്യും. കൊളോണിയല്‍ മൂല്യവ്യവസ്ഥ നല്‍കിയ ഉത്തോലകങ്ങള്‍ വെച്ച് ഭൂരിപക്ഷത്തിന്റെ സാംസ്‌കാരിക താല്‍പര്യങ്ങളാല്‍ നിര്‍ണിതമായ പൊതുബോധത്തില്‍നിന്ന് മതഭ്രാന്തനും ഹാലിളക്കക്കാരനുമായി മാറ്റപ്പെട്ട കേരളീയ മുസ്‌ലിമിനെ ഈയൊരു കപട പ്രതിഛായയില്‍നിന്നും വിമോചിപ്പിക്കാനും എന്നിട്ടവരെ വസ്തുനിഷ്ഠതയുടെ വിമലസാനുവില്‍ സ്ഥാപിക്കാനുമുള്ള സൂധീരമായ കുതറല്‍ മുസ്‌ലിം സമൂഹത്തില്‍ ഇന്ന് ബോധപൂര്‍വം തിടംവെക്കുന്നുണ്ട്.
ഈയൊരു പശ്ചാത്തലത്തിലാണ് എ.കെ കോടൂരിന്റെ ആഗ്ലോ മാപ്പിള യുദ്ധങ്ങള്‍ എന്ന അന്വേഷണാത്മക ചരിത്ര രചനയെ നാം സമീപിക്കേണ്ടത്. 1498 മുതല്‍ 1947 വരെ ദീര്‍ഘമായ നമ്മുടെ സ്വാതന്ത്ര്യ പരിശ്രമത്തില്‍ മുസ്‌ലിം ജനതയുടെ യാതനാപൂര്‍ണവും ധീരോദാത്തവുമായ നിര്‍വഹണമാണ് 1921-ലെ മലബാര്‍ സ്വാതന്ത്ര്യസമരം. ഈ മഹത്തായ സമര സമര്‍പ്പണത്തെ പില്‍ക്കാലത്ത് സമൂഹം മനസ്സിലാക്കിയതോ ഹിച്ച് കോക്കിന്റെയും ടോട്ടന്‍ഹാമിന്റെയും കൊളോണിയല്‍ കൃതികളില്‍നിന്നും പിന്നെ ഗോപാലന്‍ നായരുടെയും മാധവന്‍ നായരുടെയും ക്ഷുദ്രരചനകളില്‍നിന്നും മാത്രമായിരുന്നു. ഇവരൊക്കെ ഉത്സാഹിച്ച് കാലങ്ങളായി ഇളക്കം തട്ടാതെ പ രിപാലിച്ചുപോന്ന മുസ്‌ലിം ചരിത്രസംബന്ധിയായ പല നിര്‍മിതികളും പില്‍ക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഈദൃശ മണ്ഡലത്തിലെ ശ്രദ്ധേയമായൊരു ഉപാദാനമാണ് എ.കെ കോടൂരിന്റെ ചരിത്ര പുസ്തകം.
കേരളത്തിന്റെ ആദിമ ജനവാസ ചരിത്രത്തില്‍നിന്നാണ് കോടൂര്‍ തന്റെ പുസ്തകമാരംഭിക്കുന്നത്. പ്രാചീന കേരളീയ സാമൂഹികതക്ക് സൈന്ധവ നാഗരികതയുമായി വിനിമയങ്ങള്‍ ഉണ്ടായിരുന്നുവെന്നും ആര്യന്‍ അധിനിവേശത്തോടെയാണ് ഇവിടെ ജാതിശ്രേണി രൂപപ്പെട്ടതെന്നും കോടൂര്‍ നിരീക്ഷിക്കുന്നത് ചരിത്രകാരന്മാര്‍ അംഗീകരിക്കുന്നത് തന്നെയാണ്. കേരളത്തിലെ ജൈന-ബുദ്ധ മത വ്യാപനവും ശങ്കരാചാര്യന്റെ പുറപ്പാടോടെ കേരളീയ സാമൂഹികതയില്‍ വന്ന പരിവര്‍ത്തനങ്ങളും പുസ്തകത്തില്‍ കോടൂര്‍ വിസ്താരത്തില്‍ അന്വേഷിക്കുന്നുണ്ട്.
പോര്‍ച്ചുഗീസ് കാലം തൊട്ട് മുസ്‌ലിംകള്‍ ഏറ്റുവാങ്ങിയ സഹനം, പീഡാനുഭവങ്ങള്‍, കൊള്ള, പരിഹാസം, തിരസ്‌കാരം, ഉന്മൂലനം ഇതിനെയൊക്കെ ആ അഭിജാത സമൂഹം നേരിട്ട രീതിമട്ടം ഇതൊക്കെയും പുസ്തകം അന്വേഷിക്കുന്നുണ്ട്. ടിപ്പുവും ഹൈദറും കേരളത്തില്‍ ആവിഷ്‌കരിച്ച നവോത്ഥാന മൂല്യങ്ങള്‍ പുസ്തകം പറയുന്നു. ഇവര്‍ ആട്ടിയോടിച്ച ഭൂവ്യവസ്ഥ ഇവരുടെ തോല്‍വിയോടെ ഇംഗ്ലീഷുകാരും സവര്‍ണ ജാതികോയ്മകളും തിരിച്ചുകൊണ്ടുവന്നതായും അതിന്റെ സംഘര്‍ഷമനുഭവിച്ച മനുഷ്യര്‍ മുസ്‌ലിംകളും അവര്‍ണരും മാത്രമായിരുന്നെന്നും ടിപ്പുവിന്റെ തോല്‍വി മലബാറില്‍ ആഘോഷിച്ചത് ഇംഗ്ലീഷുകാരും 300 ജന്മിമാരും അവരുടെ ശിങ്കിടികളായ പതിനായിരത്തോളം നായന്മാരും മാത്രമായിരുന്നെന്നും കോടൂര്‍ നിരീക്ഷിക്കുന്നു. ഇതൊരു ചരിത്ര ഘട്ടമായിരുന്നു. ടിപ്പു മലബാറില്‍ തോല്‍പിക്കപ്പെട്ടപ്പോള്‍ കോഴിക്കോട് സര്‍ക്കാര്‍ ഹൗസില്‍ യൂനിയന്‍ ജാക്ക് ഉയര്‍ത്തിയ ഗവര്‍ണര്‍ റോബര്‍ട്ട് ക്രോംമ്പി നടത്തിയ പ്രസ്താവന കോടൂര്‍ ഉദ്ധരിക്കുന്നുണ്ട്. 'സ്വതന്ത്ര വ്യാപാരം സാര്‍വത്രികമാക്കും. സമൂഹത്തിലെ മേലേക്കിട വര്‍ഗക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കും.'' ഈ പ്രഖ്യാപനം തന്നെയായിരുന്നു പില്‍ക്കാലത്ത് അരങ്ങേറിയ സര്‍വ കാപാലികത്വത്തിന്റെയും ആധാരം.
വിമോചന പ്രസ്ഥാനത്തിനിടയിലും ശേഷവും വിമോചന സമരക്കാര്‍ നേരിട്ട നിരവധി ആരോപണങ്ങളെ പുസ്തകത്തില്‍ വസ്തുനിഷ്ഠമായി അന്വേഷിക്കുന്നുണ്ട്. ഇതിലൊന്ന് സമരക്കാര്‍ ഹിന്ദുക്കളില്‍ നിന്ന് പണം പിരിച്ചുവെന്നതാണ്. സമരക്കാര്‍ എല്ലാവരോടും ജാതി മതഭേദമില്ലാതെ സംഭാവന വാങ്ങിയിട്ടുണ്ട്. അത് സമരഫണ്ടിലേക്കാണ്. പക്ഷേ കേശവ മേനോനും മാധവന്‍ നായരും ഇത് മറ്റൊരു വഴിയിലാണ് വ്യാഖ്യാനിച്ചത്. ഹിന്ദുക്കള്‍ ഭീഷണിക്ക് ഭയന്നും മുസ്‌ലിംകള്‍ ദേശം പിടിക്കാനുമായിരുന്നു പിരിവെന്നാണ് അവര്‍ പറഞ്ഞത്. മേല്‍മുറിയിലെ കോമന്‍ മേനോന്‍ വിശ്വാസം മാറിയതും അതില്‍ പോരാളികള്‍ സ്വീകരിച്ച നിലപാടും മഞ്ചേരിയിലും മറ്റും നടന്ന ബാങ്ക് പൊളിക്കല്‍ കഥകളും ഹിച്ച്‌കോക്കിന്റെയും തോമസിന്റെയും പ്രതികാരവും സി.ഐ നാരായണ മേനോന്റെ വഞ്ചനയും വിസ്താരത്തില്‍ തന്നെ പുസ്തകം സംസാരിക്കുന്നുണ്ട്. ആലി മുസ്‌ലിയാര്‍ക്കെതിരെ വന്ന കോടതി വിധിയും വാരിയംകുന്നത്തും ഹിച്ച്‌കോക്കും തമ്മിലുള്ള അവസാന സംഭാഷണങ്ങളും ഹൃദയസ്പൃക്കായ വായനാ സന്ദര്‍ഭങ്ങളാണ്.
സമഗ്രമാണ് കോടൂരിന്റെ രചന. അതിനു കാരണം സവിശേഷമായൊരു ചരിത്ര സന്ദര്‍ഭത്തോട് ഈയൊരു സാധാരണക്കാരന്‍ കാണിച്ച തീക്ഷ്ണമായ സത്യസന്ധതയും സമര്‍പ്പണവുമാണ്. വെറും നാലാംതരം മാത്രം ഔപചാരിക വിദ്യാഭ്യാസമുള്ള അലവിക്കുട്ടി എന്ന എ.കെ കോടൂര്‍ ചരിത്ര സംഭവത്തിന്റെ സത്യവും തിരഞ്ഞ് ഏറനാട്ടിലാകെ നെടുകെയും കുറുകെയും സഞ്ചരിക്കുകയായിരുന്നു. കണ്ടും കേട്ടും അനുഭവസ്ഥരോട് ചോദിച്ചറിഞ്ഞും വീടുകളില്‍ ദ്രവിച്ചു കിടന്നിരുന്ന രേഖകള്‍ പഠിച്ചും ദേശങ്ങള്‍ തോറും കയറിയിറങ്ങിയും മുപ്പത് വര്‍ഷത്തോളം നീണ്ട തപസ്യയുടെ ഉപലബ്ധമാണീ ചരിത്രപുസ്തകം. അത്യുക്തിയില്ല. അപദാനങ്ങളുടെ മേദസ്സില്ല. സ്വാതന്ത്ര്യ സമരത്തില്‍ നടന്ന വഴുക്കലുകളെ, ഒറ്റുകൊടുക്കലിനെ-ഇതിനെയൊക്കെ വളരെ ജനാധിപത്യ പ്രതലത്തില്‍ അദ്ദേഹം നിര്‍ധാരണത്തിന് വെക്കുന്നുണ്ട്. അതുകൊണ്ടാണ് ഈ പുസ്തകം അക്കാദമിക ചരിത്രകാരന്മാര്‍ക്കു പോലും ഉപാദാനമാകുന്നത്. വാമൊഴി ചരിത്രം (ഓറല്‍ ഹിസ്റ്ററി) ഇന്ന് യൂറോപ്യന്‍ ചരിത്ര രചനയില്‍ പോലും പ്രധാനമാണ്. സ്ഥൂല ചരിത്രത്തില്‍ ഇടംചേരാത്ത നിരവധി വസ്തുതകള്‍ വാമൊഴി ചരിത്രത്തിന്റെ സൂക്ഷ്മ രചനക്ക് കൂടുതല്‍ ആധികാരികതയില്‍ ഉള്‍ച്ചേര്‍ക്കാന്‍ പറ്റുമെന്നുള്ളത് ഒരു പ്രത്യേകതയാണ്.
ഇവിടെ ഉയര്‍ന്നുവരുന്ന ഒരു ചോദ്യമുണ്ട്. ചരിത്രമെഴുതേണ്ടതാരാണ്? ആരെഴുതുന്നതാണ് ചരിത്രം? അക്കാദമിക പണ്ഡിതന്മാര്‍ക്കും പ്രഫസര്‍മാര്‍ക്കും തങ്ങള്‍ എഴുതുന്നത് മാത്രമാണ് ആധികാരികം. ഇങ്ങനെയൊരു ശാഠ്യം പൊതുവെ അക്കാദമിക ചരിത്രകാരന്മാര്‍ക്കുണ്ട്. ചരിത്രത്തിന്റെ നിയന്ത്രണം തങ്ങളുടെ ബിരുദ കലവറക്കകത്ത് സുരക്ഷേിതമാകണമെന്ന തൊഴില്‍പരമായ ആന്ധ്യം എന്നതില്‍ കവിഞ്ഞിതിലൊന്നുമില്ല. അതുകൊണ്ടാണ് ഒരു സാധാരണക്കാരന്‍ ചരിത്ര കൗതുകം കാണിച്ചാല്‍ അതിന്റെ കര്‍തൃത്വ പദവിയിലേക്കയാള്‍ വരരുതെന്ന് ഇത്തരം ചരിത്രകാരന്മാര്‍ ശഠിക്കുന്നത്. വാസ്തവത്തില്‍ യഥോചിതം വസ്തുതാന്വേഷണത്തിനിറങ്ങുന്ന ആര്‍ക്കുമിതാകാം. ഉപാദാനങ്ങള്‍ ഖനിച്ചെടുക്കുകയും സൂക്ഷ്മത്തില്‍ അന്വേഷിച്ചന്വയിച്ച് ചരിത്രത്തില്‍ ഇടപെട്ട സമൂഹത്തിന്റെ പരിസരത്തുവെച്ചത് വിശ്ലേഷണം ചെയ്ത് നിഗമനങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്യുന്നതാണ് ചരിത്ര രചന. അത് നിര്‍വഹിക്കുന്നവരൊക്കെയും ചരിത്രകാരന്മാരാണ്. അപ്പോള്‍ കൊസാംബിയും ടോണി ജോസഫും ചരിത്രകാരന്മാര്‍ തന്നെയാണ്. നോണ്‍ ഹിസ്‌റ്റോറിയന്‍ എന്നൊരാളില്ല. ഉണ്ടെങ്കില്‍ അത് ചരിത്രത്തില്‍ കല്‍പിതങ്ങള്‍ കലര്‍ത്തുന്നവരാണ്. മലബാറിലിരമ്പിയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ ചരിത്രമെഴുതിയ ഹിച്ച്‌കോക്കും ടോട്ടന്‍ഹാമുമാണ് ഇല്ലാക്കഥകള്‍ ആധികാരികത ചാര്‍ത്തി മുഖ്യധാരാ ചരിത്രമായി അവതരിപ്പിച്ചത്. അതിനെയൊക്കെയും മറിച്ചിട്ടു പോകാന്‍ മാത്രം ബലവും ഗാഢതയുമുള്ള പ്രതലത്തിലാണ് എ.കെ കോടൂര്‍ തന്റെ വാമൊഴി നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ചത്.
1921
ആഗ്ലോ മാപ്പിള യുദ്ധം
എ.കെ കോടൂര്‍
പ്രസാധനം: ഐ.പി.എച്ച്
പേജ്: 424, വില: 450 രൂപ.
Comments