Prabodhanm Weekly

Pages

Search

2022 ജനുവരി 21

3236

1443 ജമാദുല്‍ ആഖിര്‍ 18

മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍ കരുനാഗപ്പള്ളി

എം. ഷംസുദീന്‍ കരുനാഗപ്പള്ളി

കരുനാഗപ്പള്ളിയിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ കാട്ടില്‍പുത്തന്‍ വീട്ടില്‍ മുഹമ്മദ്കുഞ്ഞ് മാസ്റ്റര്‍ (81) അല്ലാഹുവിലേക്ക് യാത്രയായി.  കരുനാഗപ്പള്ളി അങ്ങാടിക്കന്റയ്യത്ത് (പുതിയകാവില്‍) വീട്ടില്‍ കുടുംബാംഗമാണ്. 1978 - '79 കാലത്താണ് പ്രസ്ഥാനത്തെ അറിയുന്നതും സജീവ പ്രവര്‍ത്തകനാകുന്നതും. ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യഘടകം രൂപീകരിക്കപ്പെടുന്നത് പുതിയകാവിലായിരുന്നു. പുതിയകാവ് മുത്തഫിഖ് ഹല്‍ഖയുടെ പ്രഥമ നാസിം ആയിരുന്നു മാസ്റ്റര്‍. പിന്നീട് കാര്‍ക്കുന്‍ ഹല്‍ഖയുടെ നാസിമായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. പുതിയകാവ് ഘടകം രണ്ടായി വിഭജിച്ചപ്പോള്‍ വട്ടപറമ്പ് ഹല്‍ഖയുടെ ഭാഗമായി മുഹമ്മദ് കുഞ്ഞ് മാസ്റ്റര്‍. ഹല്‍ഖയുടെ നാസിമും കരുനാഗപ്പള്ളി ഇസ്‌ലാമിക് ട്രസ്റ്റ് അംഗവുമായിരുന്നു. 
വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അധ്യാപകനായി സേവനം ചെയ്തിട്ടു്. പിന്നീട് കൊല്ലം ജില്ലയില്‍ കരുനാഗപ്പളളിയിലെ വിവിധ യു.പി, എല്‍.പി സ്‌കൂളുകളില്‍ ദീര്‍ഘകാലം സേവനം തുടര്‍ന്നു.
ജമാഅത്തെ ഇസ്‌ലാമിയിലേക്ക് കടന്നു വന്ന മുഹമ്മദ് കുഞ്ഞ് മാസ്റ്ററും ഈ കുറിപ്പുകാരനും തികച്ചും യാദൃഛികമായാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെ മനസ്സിലാക്കുന്നത്. ഞങ്ങള്‍ ഇരുവരും കമ്യൂണിസ്റ്റ് ആശയം വെച്ചു പുലര്‍ത്തിയവരും അയല്‍വാസികളും സൃഹൃത്തുക്കളുമായിരുന്നു. കൊല്ലം എ. അബ്ദുല്ലാ മൗലവി തന്റെ അറബി അധ്യാപക സുഹൃത്തിനെ കാണാന്‍ കരുനാഗപ്പളളി പുതിയകാവില്‍ എത്തിയതും വഴിവക്കില്‍ നിന്ന ഞങ്ങളോട് സുഹൃത്തിന്റെ വീട് ചോദിച്ചതും വീട് കാണിച്ചു കൊടുത്തതും മൗലവിയുമായുള്ള സൗഹൃദത്തിന് നിമിത്തമായി. ഇരുവര്‍ക്കുമുണ്ടായിരുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് മൗലവി മറുപടി നല്‍കി. ക്ലാപ്പന അബ്ദുല്‍ ലത്തീഫ്  സാര്‍ മുഖേനയും മറ്റും ക്ലാപ്പന പ്രദേശത്ത് വളരെ നാള്‍ മുന്നേ ജമാഅത്തെ ഇസ്‌ലാമിയുടെ ശബ്ദം എത്തിയിരുന്നു. ഇസ്‌ലാമിനെയും പ്രസ്ഥാനത്തെയും അടുത്തറിഞ്ഞതോടെ കമ്യൂണിസ്റ്റ് ആശയത്തോട് നിന്ന് വിടചൊല്ലി, ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭാഗമായി മാറുകയായിരുന്നു. 
കരുനാഗപ്പള്ളി അഹമ്മദിയാ(ഖാദിയാനി)ക്കള്‍ക്ക് വേരുകളുളള പ്രദേശമായിരുന്നു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സന്ദേശം എത്തിക്കാന്‍ വീടുകളിലും, വ്യക്തികളെയും സന്ദര്‍ശിക്കുമ്പോള്‍ രണ്ടാമത് ഒരു ഖാദിയാനിയോ എന്ന് ആക്ഷേപിച്ച് ആട്ടിപ്പുറത്താക്കിയ അനുഭവമു്. ഇതെല്ലാം തരണം ചെയ്തു പ്രസ്ഥാന വ്യാപനത്തിന് സധൈര്യം മാസ്റ്ററും കൂടെയുളളവരും മുന്നോട്ടു പോയി. കരുനാഗപ്പള്ളിയില്‍ ഖാദിയാനികള്‍ സംഘടിത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയപ്പോള്‍ ഖാദിയാനിസത്തെക്കുറിച്ച് മൂന്ന് ദിവസം നീണ്ട പ്രഭാഷണ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇത് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച തെറ്റിദ്ധാരണ മാറ്റാന്‍ ഇടയാക്കി. കരുനാഗപ്പളളി താലൂക്കിലും കുന്നത്തൂരിലെ ശാസ്താംകോട്ട, ചക്കുവള്ളി, മൈനാഗപ്പള്ളിയിലും പ്രസ്ഥാന സന്ദേശം എത്തിക്കുന്നതിന് മാസ്റ്റര്‍ എറെ പരിശ്രമിച്ചിരുന്നു. മുമ്പ് കാലങ്ങളില്‍ സന്ദേശ പ്രചാരണ ദൗത്യവുമായി ഏറെ ദൂരം സൈക്കിളില്‍ യാത്ര ചെയ്യുമായിരുന്നു. എല്ലാവരുമായും അദ്ദേഹം സൗമ്യതയോടെ ഇടപെട്ടു. എല്ലാവര്‍ക്കും നല്ലത് മാത്രമേ മാസ്റ്ററെ കുറിച്ച്  പറയാനുള്ളൂ. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു.
പ്രസ്ഥാന മാര്‍ഗത്തില്‍ മുന്നേനടന്ന മുഹമ്മദ് കുഞ്ഞ് മാസ്റ്ററുടെ പരലോക ജീവിതം സന്തോഷകരമാക്കട്ടെ.
ഭാര്യ: പരേതയായ നബീസാ ബീവി (റിട്ട. അധ്യാപിക).
മക്കള്‍: ബുഷ്‌റ, ബഷരിയ, ബുഹാരി.
മരുമക്കള്‍: അബ്ദുല്‍ റഷീദ്, നൂജും, ഷഹ്ന.

 

വാളിയില്‍ അബൂബക്കര്‍

കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകാലം വട്ടോളി ബസാര്‍ ഹല്‍ഖയിലെ സജീവ സാന്നിധ്യമായിരുന്നു, വാളിയില്‍ അബൂബക്കര്‍ സാഹിബ്. 1968-ല്‍ അദ്ദേഹത്തിന്റെ പച്ചക്കറി കടയുടെ പിന്നിലായിരുന്നു വട്ടോളി ഹല്‍ഖയുടെ തുടക്കം. കിനാലൂര്‍ രാരോത്ത് മുക്ക് ഭാഗത്തൊക്കെ കാല്‍നടയായി വന്ന് പ്രബോധനം വിതരണം ചെയ്തിരുന്നു അദ്ദേഹം. കിടപ്പിലാകുന്നത് വരെ ഇതു തുടര്‍ന്നു. മരണം വരെ അദ്ദേഹത്തിന്റെ പേരില്‍ തന്നെയായിരുന്നു പ്രബോധനം ഏജന്‍സി. നിശ്ശദ്ബനായ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം. എപ്പോള്‍ കണ്ടാലും നിഷ്‌കളങ്കമായ ആ ചിരി സമ്മാനിക്കും.
ടി.കെ അബ്ദുല്ല സാഹിബ് വിട പറഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് ഞങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ടി.കെ സാഹിബിന്റെ പേര് പറഞ്ഞ് അദ്ദേഹം ഒത്തിരി കരഞ്ഞു. ആ സമയത്ത് ടി.കെ സാഹിബിന്റെ മരണശേഷമിറങ്ങിയ പ്രബോധനത്തിനായി ആ അവശതകള്‍ക്കിടയിലും അദ്ദേഹം നടത്തിയ ഒരു തിരച്ചിലുണ്ട്. പഴയ കാല പ്രസ്ഥാന പ്രവര്‍ത്തകന്റെ ആവേശം അതില്‍ കാണാമായിരുന്നു. ഏക്കറക്കണക്കിനുള്ള വഖ്ഫ് സ്വത്തിന്റെ നോക്കി നടത്തിപ്പുകാരനായിരുന്നു അദ്ദേഹം. മറ്റൊരു പ്രസ്ഥാനത്തിന്റെ സഹയാത്രികരായ പൂനൂര്‍ ആര്‍.പി കുടുംബം ഇത്  ഏല്‍പ്പിച്ചത് അദ്ദേഹത്തിന്റെ സത്യസന്ധത ഒന്നു കൊണ്ട് മാത്രമാണ്.

സിദ്ദീഖ് കിനാലൂര്‍

 


കാച്ചാണി സൈഫുദ്ദീന്‍ സാഹിബ്

തിരുവനന്തപുരം നെടുമങ്ങാട് ഏരിയയിലെ സജീവ ഇസ്‌ലാമിക പ്രവര്‍ത്തകനായിരുന്നു കാച്ചാണി സൈഫുദ്ദീന്‍ സാഹിബ്. കാച്ചാണി കാര്‍കുന്‍ ഹല്‍ഖാ നാസിമായിരുന്ന അദ്ദേഹം കാച്ചാണി മഹല്ല് സെക്രട്ടറിയായും വൈസ് പ്രസിഡന്റായും ദീഘകാലം സേവനമനുഷ്ഠിച്ചിരുന്നു. വായനയും എഴുത്തുമൊക്കെ ഉപജീവനത്തിനിടയില്‍ നടത്തുമായിരുന്ന അദ്ദേഹം  ചക്രവാളത്തിനപ്പുറം, ഈ യാത്ര എങ്ങോട്ട്, നാല് ചക്രമുള്ള വണ്ടി, നാദധാര, ഇരുളടഞ്ഞ വീഥികള്‍ എന്നീ കൃതികളുടെ കര്‍ത്താവുമാണ്. 'ശംസുല്‍ ഇസ്‌ലാം' എന്നൊരു പത്രം സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിയിരുന്നു. 
വലിയ സുഹൃദ് വലയമുണ്ടായിരുന്ന അദ്ദേഹം നല്ലൊരു പ്രബോധകനുമായിരുന്നു. ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലുള്ള നിരവധിയാളുകളെ സത്യമാര്‍ഗത്തിലേക്ക് വഴികാട്ടാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടു്. അവരുടെ പുനരധിവാസത്തിനായി അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു.
സൈഫുദ്ദീന്‍ സാഹിബ് സെക്രട്ടറിയായുള്ള 'കാച്ചാണി സൗഹൃദ വേദി' പ്രദേശത്തെയും പരിസരത്തെയും ഒട്ടേറെ പ്രമുഖരെ സഹകരിപ്പിച്ച് ഈദ,് ഓണം, ക്രിസ്മസ്സ്, ന്യൂ ഇയര്‍ സൗഹ്യദ മീറ്റുകള്‍ നടത്തിയിട്ടുണ്ട്.
പോളിയോ ബാധിതരായിരുന്ന സജീര്‍, ഹസന്‍ എന്നീ കുട്ടികളുടെ നിര്‍ധന കുടുംബത്തിന് മൂന്ന് സെന്റ് സ്ഥലം വാങ്ങി വട്ടിയൂര്‍ക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ ഒരു ഭവനം പണിത് നല്‍കിയതിന്റെ മുഖ്യകാര്‍മികത്വം സൈഫുദ്ദീന്‍ സാഹിബിനായിരുന്നു. പ്രാദേശിക സകാത്ത് കമ്മിറ്റി രൂപീകരിച്ച് അര്‍ഹരായ ആളുകള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കട്ടക്കാല്‍, മുക്കോല, മലമുകള്‍, പൊയ്ക, പാണ്ടിയോട,് നെട്ടയം ഭാഗങ്ങളില്‍ വനിതാ പുരുഷ ക്ലാസ്സുകള്‍, സൗഹൃദ മീറ്റുകള്‍, തറാവീഹ്, ഇഫ്താര്‍ തുടങ്ങിയവ നടത്താനും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.
ജാതിമതഭേദമന്യേ പ്രദേശത്തെ വീടുകളില്‍ സാഹിത്യങ്ങള്‍ എത്തിച്ച് വായനക്കുശേഷം തിരികെ വാങ്ങുന്ന മൊബൈല്‍ ലൈബ്രറി സംവിധാനം കാച്ചാണി ഹല്‍ഖയുടെ കീഴില്‍ അദ്ദേഹം ആരംഭിച്ച മാതൃകാ സംരംഭമാണ്. കോവിഡ് ബാധയില്‍നിന്ന് മുക്തമായ ശേഷമാണ് അദ്ദേഹത്തിന്റെ വിയോഗമുായത്. 

ഡോ. എസ്. സുലൈമാന്‍, നെടുമങ്ങാട്

 

കെ. അബു മാസ്റ്റര്‍

കാരകുന്ന് പ്രാദേശിക ജമാഅത്ത് ഘടകത്തിലെ  സജീവ പ്രവര്‍ത്തകനായിരുന്നു കെ. അബു മാസ്റ്റര്‍.
മാന്യമായ പെരുമാറ്റവും കുലീനമായ വ്യക്തിത്വവും എല്ലാവര്‍ക്കും അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഏല്‍പിക്കപ്പെടുന്ന ചുമതലകള്‍ വൃത്തിയായും സമയബന്ധിതമായും നിര്‍വഹിക്കുന്നതില്‍ ശുഷ്‌കാന്തി പുലര്‍ത്തി.
പ്രദേശത്ത് പ്രസ്ഥാനത്തിന്റെ കീഴില്‍ ഒരു ജുമാ മസ്ജിദ് നിലവില്‍ വന്നപ്പോള്‍ ദീര്‍ഘകാലം അതിന്റെ സെക്രട്ടറിയായി സേവനം ചെയ്തു. കാരകുന്ന് ഹല്‍ഖ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പരാതികളും പരിഭവങ്ങളുമില്ലാത്ത,   ആത്മാര്‍ഥതയുള്ള നിശ്ശബ്ദ പ്രവര്‍ത്തകനായിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ വളരെ സൂക്ഷ്മത പുലര്‍ത്തി. ഇടപാടുകളും ബാധ്യതകളും കൃത്യമായി രേഖപ്പെടുത്തി വെക്കുന്ന  ശീലം ജീവിതത്തിന്റെ ഭാഗമായിരുന്നു.
പ്രസ്ഥാനം ആവശ്യപ്പെടുന്ന സാമ്പത്തിക സഹായങ്ങള്‍ സമയപരിധിക്ക് മുമ്പേ അടച്ച് തീര്‍ക്കുമായിരുന്നു. ആറ് മക്കളും ഭാര്യയുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

അബ്ദുല്‍ ലത്തീഫ് ബസ്മല
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-40 / ഗാഫിര്‍ 18-22
ടി.കെ ഉബൈദ്‌