പിരിച്ചുവിടപ്പെട്ട ഐക്യസംഘത്തിനാണ് പ്രസക്തി
'ഇസ്‌ലാം മതം അനുസരിച്ചു മുസ്‌ലിം ഐക്യസംഘം കല്‍പിക്കുന്ന എല്ലാ കല്‍പനകളെയും പൂര്‍ണമായി അനുസരിച്ചു പ്രവര്‍ത്തിച്ചുകൊള്ളാമെന്ന് സര്‍വശക്തനായ റബ്ബ് സാക്ഷിയാകെ ഞാന്‍ സത്യം ചെയ്യുന്നു' കേരള മുസ്‌ലിം ഐക്യസംഘത്തില്‍ അംഗമാവാന്‍ ഓരോരുത്തരും മറ്റ് അംഗങ്ങളുടെ മുമ്പില്‍ വെച്ച് ചൊല്ലേണ്ട സത്യവാചകമാണിത്. അക്കാലത്തെ മത സാമൂഹിക ചുറ്റുപാടുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇസ്‌ലാം മതം അനുസരിച്ചുള്ള ഐക്യസംഘത്തിന്റെ കല്‍പനകള്‍ എന്ന പ്രയോഗത്തിന് വളരെ പ്രസക്തിയുണ്ട്.
കേരള മുസ്‌ലിംകള്‍ക്കിടയില്‍ സമാനതകളില്ലാത്ത വിധം പ്രവര്‍ത്തന പഥത്തില്‍ ദൗത്യം പൂര്‍ത്തിയാക്കിയ കൂട്ടായ്മയാണ് ഐക്യസംഘം. 1922 -ല്‍ കൊടുങ്ങല്ലൂരില്‍ നിഷ്പക്ഷ സംഘം എന്ന പേരില്‍ രൂപം കൊള്ളുകയും പിന്നീട് കേരള മുസ്‌ലിം ഐക്യസംഘം എന്ന പേരില്‍ ഒരു പതിറ്റാണ്ട് കാലം പ്രവര്‍ത്തിക്കുകയും ചെയ്ത ഈ സംഘടന, ഒരു പക്ഷെ, കേരളത്തില്‍ ആദ്യമായി പിരിച്ചുവിടപ്പെട്ട മുസ്‌ലിം സംഘടനയായിരിക്കും. ഔദ്യോഗികമായി യോഗം ചേര്‍ന്ന് പിരിച്ചുവിട്ടിരുന്നോ എന്നതിന് ചരിത്രപരമായ അവലംബങ്ങള്‍ ആവശ്യമാണ്. എന്നിരുന്നാലും, രൂപീകരണ ദൗത്യം പൂര്‍ത്തിയാവുകയോ അജണ്ടകള്‍ ലക്ഷ്യസമുദായത്തിന് ബോധ്യപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കഴിയുക എന്നത് വളരെ പ്രധാനമാണ്. ഇക്കാലത്ത് ആലോചിച്ചുനോക്കുമ്പോള്‍, ഒരു സംഘടന തുടങ്ങാനല്ല, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സംഘടനക്ക് ദൗത്യം പൂര്‍ത്തീകരിച്ചു എന്ന് പ്രഖ്യാപിക്കാനാണ് കാരണങ്ങള്‍ ഇല്ലാത്തത്.
1934 - ല്‍ കേരള മുസ്‌ലിം ഐക്യസംഘം പ്രവര്‍ത്തനം അവസാനിപ്പിച്ചത് കൊണ്ടാണ് അത് ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ പില്‍ക്കാലത്ത് വിവിധ മുസ്‌ലിം മത-രാഷ്ട്രീയ-വിദ്യാഭ്യാസ സംഘടനകള്‍ക്ക് ഏറ്റെടുക്കാന്‍ സാധിച്ചത്. ഇല്ലായിരുന്നുവെങ്കില്‍, സംഘടനാ യുക്തിക്കുള്ളില്‍ കക്ഷിത്വ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സംഘമായി അത് രൂപാന്തരം പ്രാപിക്കുകയും ഈ സമുദായത്തിന്റെ കാര്യം പറയാന്‍ ഒരു സംഘടന മതി എന്ന വല്യേട്ടന്‍ മനോഭാവത്തിന്റെ പൂര്‍വ പ്രതാപത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേനെ. 1903-ല്‍ ഈഴവര്‍ക്കിടയില്‍ രൂപം കൊണ്ട ആദ്യസംഘടനയും ഇന്നും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ എസ്.എന്‍.ഡി.പിയുടെ സ്ഥാപിത ഉദ്ദേശ്യങ്ങളും ശ്രീനാരായണീയ ദര്‍ശനങ്ങളോടുള്ള അതിന്റെ സമകാലിക ആത്മാര്‍ഥതയും ചരിത്രപരമായ ഒരു റഫറന്‍സാണ്.
ഐക്യസംഘം ഉയര്‍ത്തിവിട്ട ആശയങ്ങളാലും മുദ്രാവാക്യങ്ങളാലും സ്വാധീനിക്കപ്പെടാത്ത മുസ്‌ലിം സംഘടനകള്‍ കേരളത്തില്‍ ഉണ്ടാവില്ല എന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. അത് ഐക്യസംഘത്തിന്റെ പ്രസക്തി കൊണ്ട് മാത്രമുണ്ടായതല്ല, ഐക്യസംഘത്തെ അതിന് പ്രേരിപ്പിച്ച ഇസ്‌ലാമിന്റെ അന്തര്‍ലീനമായ ജാഗരണ ദൗത്യം കേരള മുസ്‌ലിംകളെ ഓര്‍മിപ്പിക്കുന്നതില്‍ ഐക്യസംഘം നിര്‍ണായക പങ്ക് വഹിച്ചു എന്നതുകൊണ്ടാണ്. അതുകൊണ്ടാണ്, ഇസ്‌ലാം മതം അനുസരിച്ചുള്ള ഐക്യസംഘത്തിന്റെ കല്‍പനകള്‍ എന്ന സത്യവാചകം പ്രസക്തമാകുന്നത്.
മലബാര്‍ സമരത്തിന്റെ അലയൊലികള്‍
ഒരു നൂറ്റാണ്ട് പിന്നിടുന്ന 1921-ലെ മലബാര്‍ സമരം കേരള മുസ്‌ലിംകളിലുണ്ടാക്കിയ മത-രാഷ്ട്രീയ-സാമൂഹിക ചലനങ്ങള്‍ പ്രകടമായി തന്നെ കാണാന്‍ സാധിക്കും. ചരിത്രപരമായി, മലബാര്‍ സമരത്തിന്റെയും കൂടി ഉല്‍പ്പന്നമാണ് ഐക്യസംഘം. നിഷ്പക്ഷ സംഘം എന്ന പേരില്‍ കക്ഷിവഴക്കുകള്‍ തീര്‍പ്പാക്കുന്നതിന്റെ ഭാഗമായാണ് അത് രൂപപ്പെടുന്നതെങ്കിലും, മലബാര്‍ സമരാനന്തരമുള്ള സമുദായത്തിന്റെ ദൈന്യതയും പിന്നാക്കാവസ്ഥയും കൊടുങ്ങല്ലൂരിലെ പൗരപ്രമുഖരെ മാറിച്ചിന്തിപ്പിച്ചു. വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള സാമ്പത്തികവും സാമൂഹികവുമായ അടിച്ചമര്‍ത്തല്‍, വിശ്വാസജീര്‍ണത, പാരമ്പര്യമായി പുലര്‍ത്തിപ്പോരുന്ന അനാചാരങ്ങള്‍, ഇസ്‌ലാമിക ചരിത്രത്തിലോ പ്രമാണങ്ങളിലോ അവഗാഹമില്ലാത്ത അവസ്ഥ തുടങ്ങിയ നിരവധി ഘടകങ്ങളാണ് ഐക്യസംഘത്തിന്റെ നേതാക്കള്‍ വിലയിരുത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണങ്ങള്‍. മുതലയും പറങ്കിമാങ്ങയുമൊന്നും അല്ലാഹുവിന്റെ സൃഷ്ടികളല്ലെന്നും അവയെ സൃഷ്ടിച്ചത് മൂസാ നബിയാണെന്നുമുള്ള മൂഢവിശ്വാസം വെച്ചുപുലര്‍ത്തിയവര്‍ പോലും അക്കാലത്തുണ്ടായിരുന്നുവെന്നത് രസകരവും കൗതുകകരവുമായ ചരിത്ര യാഥാര്‍ത്ഥ്യമാണ്. ഐക്യസംഘവും കേരള മുസ്‌ലിംകളും എന്ന പുസ്തകത്തില്‍, ഐക്യസംഘത്തിന്റെ പ്രസക്തി വിവരിക്കുന്നേടത്ത് എന്‍.കെ അഹമ്മദ് മൗലവി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.
ഐക്യസംഘത്തിന്റെ ആശയങ്ങള്‍
ഐക്യസംഘം ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മേഖലകള്‍ വിപുലമാണ്. എന്നാല്‍ അവയുടെ ഊര്‍ജ സ്രോതസ്സ് ഇസ്‌ലാം മതമായിരുന്നു. 'അല്‍ ഇര്‍ശാദ്', 'അല്‍ ഇസ്‌ലാഹ്', 'മുസ്‌ലിം ഐക്യം' തുടങ്ങിയ ഐക്യസംഘത്തിന്റെ പ്രസിദ്ധീകരണങ്ങള്‍ അതിന് സാക്ഷിയാണ്. ഐക്യ സംഘത്തില്‍ ചേരാന്‍ പ്രതിജ്ഞ ഉണ്ടായിരുന്നു. അതേ സമയം, അംഗമായിരിക്കെ മതനിഷിദ്ധമെന്ന് സുസമ്മതമായ ഏതെങ്കിലും പ്രവൃത്തി ചെയ്താല്‍ മാലിക്കീ മദ്ഹബ് അനുസരിച്ചുള്ള പിഴയും വ്യവസ്ഥ ചെയ്തിരുന്നു. ഇത് രണ്ടും കൂട്ടിച്ചേര്‍ത്ത്, സത്യം ലംഘിച്ചാലുള്ള കഫ്ഫാറത്ത് ആയി പിഴ അടപ്പിക്കുന്നത് ഖുര്‍ആനില്‍ സ്പഷ്ടമായി പറഞ്ഞ പ്രായശ്ചിത്ത വിധിക്ക് എതിരാണെന്ന് സ്ഥാപിക്കാന്‍ ഐക്യസംഘത്തെ എതിര്‍ക്കുന്നവര്‍ രംഗത്ത് വന്നു. അതുവഴി ഐക്യസംഘം അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന് പുറത്താണെന്ന് വരുത്താന്‍ കോഴിക്കോട് ഹിമായത്തില്‍ വെച്ച് നടന്ന മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി യാഥാസ്ഥിതിക പണ്ഡിത നേതാക്കള്‍ ശ്രമിച്ചു. അതിന് മറുപടി പറഞ്ഞത് മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയാണ്. ചാലിയത്ത് അഹമ്മദ് കോയ മുസ്‌ല്യാരും അച്ചിപ്ര കുഞ്ഞഹ്മദ് മുസ്‌ല്യാരുമായിരുന്നു യാഥാസ്ഥിതിക പക്ഷത്തുണ്ടായിരുന്നത്. അന്ന് മണപ്പാട്ട് വിശദീകരിച്ചത്, പ്രതിജ്ഞയും പിഴയും കൂട്ടിച്ചേര്‍ത്ത് അവതരിപ്പിച്ചുകൊണ്ട് ഞങ്ങള്‍ പുതിയൊരു മതവിധി നിര്‍മിച്ചുണ്ടാക്കിയെന്ന കുറ്റം ചുമത്തുന്നത് ദുരുദ്ദേശ്യപരമാണ് എന്നായിരുന്നു. സത്യം ലംഘിച്ചതിനുള്ള കഫ്ഫാറത്ത് എന്ന നിലക്ക് ഞങ്ങള്‍ പിഴ കല്‍പിക്കാറില്ല എന്നും വ്യക്തമാക്കി. ഈ ചരിത്ര സന്ദര്‍ഭം ഇന്നും പ്രസക്തമാണ്. പ്രമാണങ്ങളെ തോന്നുംവിധം വ്യാഖ്യാനിക്കാന്‍ അവസരമുണ്ടാക്കിയത് ഐക്യസംഘമാണെന്നും അതാണ് ഇന്നത്തെ തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതെന്നുമുള്ള പുതിയ തിസീസ് ഇന്ന് ചിലര്‍ എഴുന്നള്ളിക്കുന്നുണ്ട്. പ്രമാണങ്ങളില്‍ നിന്നും ഇസ്‌ലാമിക വൈജ്ഞാനികതയില്‍ നിന്നും അകന്നുപോയ ഒരു സമൂഹത്തിന് ഊര്‍ജ്ജവും വെളിച്ചവും നല്‍കാനാണ് ഐക്യസംഘം ശ്രമിച്ചത്. സ്വന്തമായി ഒരു മദ്ഹബോ മതവിഭാഗമോ ഉണ്ടാക്കുകയായിരുന്നില്ല അതിന്റെ ലക്ഷ്യം.
ഐക്യസംഘം മുന്നോട്ട് വെച്ച ആശയങ്ങളൊന്നും തന്നെ ഇസ്‌ലാമിക വൃത്തത്തിന് പുറത്തുള്ളതായിരുന്നില്ല. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പുരോഗതി ലക്ഷ്യമാക്കി കൊണ്ടാണ് അത് പ്രവര്‍ത്തിച്ചത്. ഭൗതിക വിദ്യ അഭ്യസിക്കല്‍, മുസ്‌ലിം സ്ത്രീകള്‍ എഴുത്ത് പഠിക്കല്‍, ആധുനിക രീതിയിലുള്ള മദ്‌റസാ വിദ്യാഭ്യാസം തുടങ്ങിയവ ഐക്യസംഘത്തിന്റെ അജണ്ടകളില്‍ പെടുന്നതാണ്. ഇന്ന്, വ്യവസ്ഥാപിതമായി പ്രൈമറി തലം മുതല്‍ അറബി ഭാഷാ പഠനം സ്‌കൂളുകളില്‍ സാധ്യമായത്, ഐക്യസംഘത്തിന്റെ മാര്‍ഗദര്‍ശിയായിരുന്ന വക്കം മൗലവിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായിട്ടാണ്. മുസ്‌ലിം കുട്ടികളെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് അത് നടപ്പിലാക്കിയത്. സമുദായം അതിന്റെ ഗുണഫലം ഇന്നും അനുഭവിക്കുന്നു.
അലിഗഢ് മാതൃകയില്‍ ആലുവയില്‍ ഒരു കോളേജ് സ്ഥാപിക്കാന്‍ പ്രഥമ സമ്മേളനത്തില്‍ തീരുമാനിച്ചിരുന്നു. അത് നടപ്പിലായില്ലെങ്കിലും അതിന്റെ അനുരണനമെന്ന നിലയില്‍ നിരവധി കോളേജുകളും ഹൈസ്‌കൂളുകളും ഐക്യസംഘത്തിന്റെ പ്രവര്‍ത്തകര്‍ നാടുനീളെ സ്ഥാപിച്ചു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ മുസ്‌ലിം വിദ്യാഭ്യാസ സൊസൈറ്റിയായ എം.ഇ.എസ് ഐക്യസംഘത്തില്‍ നിന്ന് പ്രചോദനം നേടിയവരാണ്. കേരളത്തിലെ വിവിധ സംഘടനകള്‍ക്കും ട്രസ്റ്റുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിര്‍മിതിയിലും നടത്തിപ്പിലും തദ്ദേശീയമായ അനുഭവ ചരിത്രം പകര്‍ന്നു നല്‍കിയത് ഐക്യസംഘമാണ്. ഐക്യസംഘം പ്രവര്‍ത്തനം അവസാനിപ്പിക്കുമ്പോള്‍ അതിന്റെ മുഴുവന്‍ ഫണ്ടുകളും ആസ്തികളും കോഴിക്കോട് ഫാറൂഖ് കോളേജിന് കൈമാറുകയാണുണ്ടായത്.
ഐക്യസംഘത്തിന്റെ നിയമാവലി ഇന്ന് ലഭ്യമായ ചരിത്രരേഖയാണ്. അതില്‍ വിശദീകരിക്കുന്ന ഉദ്ദേശ്യലക്ഷ്യങ്ങള്‍ തന്നെയാണ് ഐക്യസംഘം വിവിധ വാര്‍ഷിക സമ്മേളനങ്ങളിലൂടെ മുസ്‌ലിം സമുദായത്തില്‍ പ്രാവര്‍ത്തികമാക്കിയത്. ഇസ്‌ലാം കഠിനമായി വിരോധിച്ചിട്ടുള്ള അനൈകമത്യവും ഛിദ്രതയും കക്ഷിത്വവും ഇല്ലാതാക്കുക; യഥാര്‍ഥമായ മതബോധം, സമുദായബോധം, പൊതുസമാധാനം, പരസ്പര സഹകരണം, മതനിഷ്ഠ എന്നിവക്ക് വേണ്ടി പ്രവര്‍ത്തിക്കുക; മതാചാരങ്ങളെന്നോണം കടന്നുകൂടിയിട്ടുള്ള മാമൂലുകളും ദുര്‍വ്യയങ്ങളും ദൂരീകരിക്കുക; സമുദായത്തിന്റെ ധനസംബന്ധമായ നില പരിഷ്‌കരിക്കുക; വിവിധ സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി നിലനിര്‍ത്തുക തുടങ്ങിയവയാണ് പ്രവര്‍ത്തനലക്ഷ്യങ്ങളായി സ്വീകരിച്ചിട്ടുള്ളത്. ഇസ്‌ലാമിക ബാങ്കിന്റെ ചര്‍ച്ചയും വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച കാര്‍ഷിക പ്രര്‍ദശനവും ഉണ്ടാവുന്നത് സമുദായത്തിന്റെ സാമ്പത്തിക നില പരിഷ്‌കരിക്കുക എന്ന ലക്ഷ്യത്തിലാണ്. മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള സാംസ്‌കാരിക ചെറുത്തുനില്‍പ്പെന്ന നിലയിലുള്ള മുസ്‌ലിം ഇശാഅത്ത് കമ്മിറ്റി രൂപീകരണവും സ്ത്രീ വിദ്യാഭ്യാസവും ആധുനിക വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ പ്രചാരണങ്ങളും സംഘത്തിന്റെ രാഷ്ട്രീയ സാമൂഹിക ലക്ഷ്യങ്ങള്‍ക്കനുസൃതമായ പ്രവര്‍ത്തനങ്ങളായിരുന്നു.
ഇന്നത്തെ കാലത്ത് നിന്ന് ആലോചിക്കുമ്പോള്‍, ഒട്ടും പുതുമയോ അതിശയമോ തോന്നാത്ത ആശയങ്ങളാണ് ഐക്യസംഘം മുന്നോട്ടുവെച്ചിരുന്നത് എന്ന് വിലയിരുത്തിയേക്കാം. ഇന്ന് ഇത്തരം ആശയങ്ങളുടെ നടത്തിപ്പുകാര്‍, ഐക്യസംഘം ഞങ്ങളുടെ റഫറന്‍സേ അല്ല എന്നും പറഞ്ഞേക്കാം. കാരണം, അത്രമേല്‍ സംഘടനായുക്തി ബാധിച്ച ഒരു കാലത്ത് നിന്ന്, പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ധൈര്യം കാണിച്ച ഒരു സംഘബോധത്തെ നീതിപൂര്‍വം വിലയിരുത്തുക ഏറക്കുറെ അസാധ്യമാണ്. അക്കാലത്തെ സാമൂഹിക സാഹചര്യവുമായി കൂട്ടിച്ചേര്‍ത്ത് വിലയിരുത്തുമ്പോഴാണ് ഐക്യസംഘം ഉയര്‍ത്തിയ ആശയങ്ങളുടെ കരുത്ത് നമുക്ക് മനസ്സിലാവുക.
ആരാണ് പിന്മുറക്കാര്‍?
കേരള മുസ്‌ലിംകള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കാന്‍ പന്ത്രണ്ട് വര്‍ഷം കൊണ്ട് ഐക്യസംഘത്തിന് സാധിച്ചു. എന്നാല്‍ അതിന് മുന്നോട്ട് പോകാന്‍ കഴിയാതിരുന്നതിന് പിന്നില്‍ നേതാക്കള്‍ തമ്മിലുള്ള രാഷ്ട്രീയ ചേരിതിരിവാണെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ, ഐക്യസംഘത്തിന്റെ പിന്മുറക്കാര്‍ ആരാണ് എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം നല്‍കാന്‍ സാധിക്കില്ല. ഐക്യസംഘത്തിന്റെ ആശയവും അജണ്ടകളും പല രൂപത്തില്‍ പല സംഘടനകളിലൂടെയാണ് പിന്നീട് മുന്നോട്ടുപോയത്. ഇപ്പോള്‍ ഐക്യസംഘത്തെ എതിര്‍ക്കുന്നവര്‍ പോലും അതിന്റെ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടവര്‍ കൂടിയാണ്. ഐക്യസംഘം 1934 - ല്‍ കേരള മജ്ലിസില്‍ ലയിക്കുക വഴി, പിന്നീട് സാമുദായിക രാഷ്ട്രീയ രംഗത്ത് അധികാര പങ്കാളിത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയായി മാറിയ മുസ്‌ലിം ലീഗ് ഐക്യസംഘത്തിന്റെ രാഷ്ട്രീയ പിന്മുറക്കാരാണ് എന്ന് വിലയിരുത്താനാവും. 1931-ല്‍ മുസ്ലിം മജ്ലിസ് രൂപീകരിക്കപ്പെട്ട തലശ്ശേരിയില്‍ തന്നെയാണ് മലബാറിലെ ആദ്യത്തെ മുസ്ലിം ലീഗ് ശാഖ രൂപം കൊള്ളുന്നത്. അന്ധവിശ്വാസ അനാചാരങ്ങളെ എതിര്‍ക്കുന്നതിലും ഏകദൈവ വിശ്വാസത്തിന്റെ പ്രബോധനത്തിലും ശ്രദ്ധയൂന്നിയ മുജാഹിദ് പ്രസ്ഥാനവും വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സമുദായബോധം, മൈത്രിയും സാഹോദര്യവും തുടങ്ങിയ വിവിധ ആശയങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച പല കൈവഴികളിലുള്ള മുസ്‌ലിം സംഘടനകളും താന്താങ്ങളുടെ മുന്‍ഗണന അനുസരിച്ച് ഐക്യസംഘത്തിന്റെ പാത പിന്തുടരുന്നവരാണ്. അക്ഷരാര്‍ഥത്തില്‍, കാര്‍ബണ്‍ കോപ്പി കണക്കെ ഐക്യസംഘത്തെ ആരെങ്കിലും മാതൃകയാക്കണമെന്ന് ഐക്യസംഘം പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല.
Comments