ഓക്കാനം
തിക്കുമുട്ടി
സ്വരചേര്‍ച്ച നഷ്ടപ്പെടുമ്പോള്‍
പ്രതികരിച്ചു തുടങ്ങുന്നത്
ഓക്കാനത്തിലൂടെയാണ്.
ഒത്തുതീര്‍പ്പ്
കാത്തിരിപ്പ്
മുന്നറിയിപ്പ്
ഇവ
അവന്റെ
രീതിശാസ്ത്രമല്ല.
ആരുടെയും
ശ്രദ്ധ പിടിക്കുന്ന
ശബ്ദമുണ്ടായിരിക്കും.
തല കുനിച്ചു
വഴങ്ങുകയല്ലാതെ
മറ്റു നിര്‍വൃത്തിയില്ല
അടിച്ചിറക്കിയ
വഴിയേ തന്നെ
തിരിച്ചു വരിക എന്ന
വിപ്ലവ രീതി
ഓക്കാനത്തോളം
മറ്റാര്‍ക്കാണ്
വശമുള്ളത്?!
വേണ്ടാത്തതൊന്നും
വെച്ചുപൊറുപ്പിക്കില്ല
എന്ന താക്കീതാണ്
ചില ഓക്കാനങ്ങള്‍
പുതുപരീക്ഷണങ്ങളില്‍
ഇടപെടും.
ഹനിക്കപ്പെടുന്ന
എന്തിനെതിരെയും
അവന്‍ നിരന്തരം പൊരുതുന്നു.
ഓക്കാനം
നിരാകരണമാണ്
അനുവാദമില്ലാതെ
കയറിച്ചെല്ലാനുള്ള
ഹുങ്കിനെതിരെയുള്ള
ചങ്കുറപ്പ്.
പ്രതിഷേധമാണ്
തങ്ങള്‍ക്ക് വേണ്ടാത്തത്
അടിച്ചേല്‍പിക്കുന്നവരുടെ
അസംസ്‌കൃത
വിഭവങ്ങളോടുള്ള പോരാട്ടം.
ഓക്കാനിക്കാന്‍ പഠിക്കുക,
ഉയര്‍ന്ന ശബ്ദത്തില്‍.
ആരെയും കാത്തുനില്‍ക്കാതെ.
ഓക്കാനത്തെ
നിശ്ശബ്ദമാക്കാനാകില്ല.
Comments